Saturday 15 February 2014

പ്രൊഫ ജീ ഡീ പട്ടേൽ





ആദ്യം നേടിയ ബിരുദം കണക്കിലും പിന്നെ പഠിച്ചത് എഞ്ചിനീയറിംഗ് ഉം ഒടുവിൽ മാനെജ്മെന്റ് ഉം ആണെങ്കിലും ചരിത്രം , രാഷ്ട്രീയം , പൗരധർമം ഇവയൊക്കെ താല്പ്പര്യപൂർവ്വം പഠിക്കാൻ കഴിഞ്ഞത് മുളക്കുഴ ഗവ ഹൈസ്കൂളിൽ എന്റെ ചരിത്ര അദ്ധ്യാപകരായ സുലൈമാൻ സാറും മുരളീധരൻ സാറും കാരണമാണ്. ഒരു പക്ഷവും പിടിക്കാതെ കുട്ടികളെ മനസ്സില് കയറിയിരുന്നു പഠിപ്പിക്കാനുള്ള അവരുടെ അസാമാന്യമായ കഴിവും അറിവും കുറച്ചൊന്നുമല്ല ഞങ്ങൾ കുട്ടികളെ സ്വാധീനിച്ചത്. അതുകൊണ്ടാണ് ജീവിതത്തിൽ അവരെപ്പോഴും മഹാരഥന്മാരായി തിളങ്ങി നില്ക്കുന്നത് .
ഗാന്ധിജിയെയും നെഹ്രുവിനെയും സരോജനി നായിടുവിനെയും പറ്റി ഒക്കെ മുരളീധരൻ സർ എത്രയോ തവണ ക്ലാസ്സിൽ പറഞ്ഞു തന്നിട്ടുണ്ട് , എങ്കിലും ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെട്ട സർദാർ വല്ലഭായി പട്ടേലിനെ ഇത്ര നന്നായി മുരളീധരൻ സാർ പഠിപ്പിച്ചു തന്നതിനാലാണ് ഇന്നും അദ്ദേഹത്തിന്റെ പല കഥകളും ഓർമയിൽ തങ്ങുന്നത് . ഉരുക്ക് മനുഷ്യൻ എന്ന് അദ്ദേഹത്തെ വിളിക്കാൻ കാരണം അദ്ദേഹം ഫയൽവാനോ ക്രൂരനോ ഒന്നും ആയിരുന്നത് കൊണ്ടല്ല , മറിച്ചു ഉറച്ച തീരുമാങ്ങൾ എടുക്കാനും ഏതു പ്രതിസന്ധി ഘട്ടത്തെയും ധൈര്യപൂർവ്വം നേരിടാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഉള്ളതുകൊണ്ടായിരുന്നു.

1875 ഒക്ടോബർ 31 നു ഗുജറാത്ത് ലെ നദിയാദ് എന്നൊരു ചെറിയ സ്ഥലത്ത് ജനിച്ച അദ്ദേഹം വളരെ ചെറിയ ജീവിത സാഹചര്യങ്ങളിൽ നിന്നും സ്വപരിശ്രമത്താൽ പഠിച്ചു ആദ്യം വക്കീൽ പരീക്ഷയും പിന്നീടു ഇംഗ്ലണ്ട് ഇൽ നിന്ന് ബാരിസ്റ്റർ പരീക്ഷയും പാസായി തിരക്കുള്ള ഒരു വക്കീൽ ആയി മാറി . അഹമ്മദബാദ് ഇല കഴിയവെ 1917 ഇൽ മഹാത്മാഗാന്ധിയുമായി നടത്തിയ കൂടി കാഴ്ചയിൽ ആണ് ദേശീയ പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നത് . പിന്നെയുള്ളത് എല്ലാം ചരിത്രം മാത്രം . ഗുജറാത്തിലെ കൈര ജില്ലയിലെ കൃഷിക്കാരെ സംഘടിപ്പിച്ചു നടത്തിയ സമരം വിജയിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം .

1920 ഇൽ തുടങ്ങിയ നിസ്സഹകരണ പ്രസ്ഥാനത്തിന് ഗാന്ധിജിക്ക് വലിയ പിന്തുണ സർദാർ പട്ടേലിന്റെ ഭാഗത്ത് നിന്നും ലഭിച്ചു . വലിയ നേതാക്കളായിരുന്ന നെഹ്രുവിനും രാജഗോപാൽ ആചാരിക്കും മൌലാന ആസാദിനും ഒക്കെ ഈ പ്രസ്ഥാനം വിജയിക്കുമോ എന്ന് വലിയ സംശയം ഉണ്ടായിരുന്നു .

1946 ലെ കൊണ്ഗ്രെസ്സ് പ്രസിഡണ്ട്‌ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സർദാർ പട്ടേൽ പ്രസിഡണ്ട്‌ ആവണം എന്ന് തീരുമാനിച്ചപ്പോൾ പ്രസിഡണ്ട്‌ സ്വാഭാവികമായും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആവുമായിരുന്ന സന്ദർഭത്തിൽ ഗാന്ധിജി അദ്ദേഹത്തെ മത്സരത്തിൽ നിന്ന് പിൻവാങ്ങാൻ അഭ്യർത്തിക്കുകയും അദ്ദേഹം വിനയപൂർവ്വം അത് സ്വീകരിക്കുകയും ആണ് ഉണ്ടായത് . അല്ലായിരുന്നു എങ്കിൽ നെഹ്‌റു കൊണ്ഗ്രെസ്സ് പ്രസിഡണ്ട്‌ ഉം പിന്നീട് ആദ്യത്തെ പ്രധാനമന്ത്രി ആവുകയില്ലായിരുന്നു എന്ന് ഓര്ക്കണം .

1947 ഇൽ ഭാരതം സ്വാതന്ത്ര്യം പ്രാപിച്ചതോടെ 625 ഇൽ പരം നാട്ടു രാജ്യങ്ങളെ ചേർത്ത് ഒരു റിപ്പബ്ലിക് ആക്കുന്ന ഭാരിച്ച ഉത്തരവാദിത്വം ആണ് സർദാർ പട്ടേൽ ഏറ്റെടുത്തത് . ചിലയിടത്ത് അനുനയനം, ചിലയിടത്ത് സംയമനം , മറ്റു ചിലയിടത്ത് ഭീഷണി , സൈനിക നടപടി ഒക്കെയായി ആണ് മിക്ക നാട്ടു രാജ്യങ്ങളെയും ഒരു കോടിക്കീഴിൽ കൊണ്ടുവന്നത് . അത് കൊണ്ടാണ് അദ്ദേഹത്തെ അഖണ്ട ഭാരത ശില്പ്പി എന്ന് വിളിക്കുന്നത്‌ . അതിൽ അദ്ദേഹത്തിന്റെ വലം കൈ ആയിരുന്ന മലയാളി ആയ വീ പീ മേനോൻ വഹിച്ച പങ്കും നാം ഓർക്കുന്നു.

അദ്ദേഹത്തിന്റെ ഭാര്യ വളരെ നേരത്തെ മരിച്ചു എങ്കിലും അദ്ദേഹം വീണ്ടും വിവാഹം കഴിച്ചില്ല . മണി ബെൻ എന്ന ഒരു പുത്രിയും ദഹ്യാഭായി എന്ന ഒരു പുത്രനും  മാത്രമാണ് അദ്ദേഹത്തിനു ഉണ്ടായിരുന്നത് . അവർ രണ്ടു പേരും പിന്നീട് എം പീ മാര് ആയിരുന്നു എങ്കിലും വളരെ ലളിതമായ ജീവിതം നയിച്ചവരായിരുന്നു. മണി ബെൻ ആവട്ടെ അദ്ദേഹത്തിന്റെ സെക്രട്ടറിയും നേഴ്സ് ഉം ഒക്കെ ആയി ജീവിച്ചു . അവർ അവിവാഹിതയായി അച്ഛനെ സംരക്ഷിച്ചു ജീവിച്ചു . ദഹ്യാഭായി പട്ടേലിന് മനു എന്നും ഗൗതം എന്നും രണ്ടു മക്കൾ , അതിൽ ഇന്ന് ഗൗതം പട്ടേലും കുടുംബവും മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്ന ഏക അനന്തര അവകാശികൾ . ഉജ്ജലമായ ഒരു രാഷ്ട്രീയ ജീവിതം നയിച്ച ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭായി പട്ടേൽ 1950 ഡിസംബർ 15 നു കാല യവനികക്കുള്ളിൽ മറഞ്ഞു .

ഞാൻ അവിചാരിതമായാണ് മുംബയിൽ എഞ്ചിനീയറിംഗ് പഠിക്കാൻ എത്തപ്പെട്ടത് എന്ന് പറഞ്ഞല്ലോ . വർളി യിലെ കടൽത്തീരത്തെ ഈ മനോഹരമായ കലാലയത്തിൽ അന്ന് കമ്പൂട്ടർ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസർ ആയി അമേരിക്കയിൽ നാസയിൽ പ്രവര്ത്തിച്ചിരുന്ന ഒരു പ്രൊഫ പട്ടേൽ ആയിരുന്നു . അദ്ദേഹത്തിന്റെ അതി ലളിതമായ ഉടുപ്പും നടപ്പും വിനയവും ഒക്കെ ഞങ്ങളെ കുറച്ചൊന്നു അത്ഭുതപ്പെടുത്താതിരുന്നില്ല . അദ്ദേഹം പഠിപ്പിക്കുന്ന വിഷയം അന്ന് എനിക്ക് തലയിൽ എളുപ്പം കയറുന്ന ഒരു വിഷയവും ആയിരുന്നില്ല . പക്ഷെ അദ്ദേഹം പഠിപ്പിച്ച കമ്പൂട്ടർ പാഠഭാഗങ്ങൾ അല്ല എന്നെ അദ്ദേഹത്തെ എന്നും ഓര്ത്ത് വെക്കാൻ കാരണം . അറിവ് കൂടും തോറും വിനയം വേണം , അറിവില്ലാത്തവരോട് സംസാരിക്കുമ്പോൾ ക്ഷമ വേണം , അങ്ങോട്ട്‌ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ ഇങ്ങോട്ട് പറയുന്നത് ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങൾ ആണ് ഞാൻ പഠിച്ചത് . അതാണ്‌ പ്രൊഫ പട്ടേലിനെ ആ കോളേജിലെ ഏറ്റവും ശ്രദ്ധേയനായ അദ്ധ്യാപകൻ ആക്കിയതും .

ഈ കഴിഞ്ഞ ഡിസംബറിൽ ഞങ്ങളുടെ സിൽവർ ജൂബിലി പുനർ സമാഗമം നടത്താൻ ഒട്ടു മിക്ക അദ്ധ്യാപകരേയും കണ്ടു പിടിക്കാൻ കഴിഞ്ഞു . പക്ഷെ പ്രൊഫ ജീ ഡീ പട്ടേലിനെ മാത്രം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല . അദ്ദേഹം അമേരിക്കയിലുള്ള മകന്റെ കൂടെ ആണ് എന്ന് മാത്രം അറിയാൻ കഴിഞ്ഞു . അതിനാൽ ആ സമാഗമം അദ്ദേഹം അറിഞ്ഞുമില്ല .

അദ്ദേഹത്തെ എങ്ങിനെയും കണ്ടുപിടിക്കണം എന്ന ആഗ്രഹം കൊണ്ട് ഞാൻ പല തരം ശ്രമങ്ങളും നടത്തി , ഒടുവിൽ അദ്ദേഹത്തിന്റെ ശാസ്ത്രജ്ഞൻ ആയ മകൻ കേദാർ പട്ടേലിനെ ലിങ്ക് ട് ഇൻ മുഖാന്തിരം കണ്ടുപിടിച്ചു . ഒടുവിൽ കഴിഞ്ഞ ആഴ്ച ഞാൻ അദ്ദേഹം മുംബയിൽ എത്തിയപ്പോൾ വട്ടുമുൽ നടത്തിയ ഒരു സെമിനാർ ലേക്ക് ക്ഷണിച്ചു . അങ്ങിനെ അദ്ദേഹത്തെ ഇരുപത്തഞ്ചു വര്ഷങ്ങള്ക്ക് ശേഷം കണ്ടു മുട്ടി .

ആരാണ് ഈ പ്രൊഫ ജീ ഡീ പട്ടേൽ എന്ന് അറിയുമ്പോൾ ആണ് ഈ കഥ വിസ്മയം ആകുന്നത്. ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭായി പട്ടേലിന്റെ മകൻ ദഹ്യാഭായി പട്ടേൽ ന്റെ മകനാണ് ഞങ്ങളെ കമ്പ്യൂട്ടർ പഠിപ്പിച്ച പ്രൊഫ ജീ ഡീ പട്ടേൽ ! പേരോ പ്രസിദ്ധിയോ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത , ഭാരതത്തിന്റെ ഉപപ്രധാനമന്ത്രിയുടെ പേരക്കുട്ടി എന്ന മേൽവിലാസം സ്വീകരിക്കാൻ മടിച്ച ആൾ , അങ്ങേയറ്റത്തെ അറിവും അവസരവും ഉണ്ടായിട്ടും വിനയവും ലാളിത്യവും ഞങ്ങളെ പഠിപ്പിച്ച മഹാ ഗുരു !

അരീക്കരയിലെ പറയിരുകാല ഭഗവതിയുടെ മുൻപിൽ നിന്ന് തനിക്കു നാണക്കേട്‌ മാത്രം സമ്മാനിച്ച അറിവ് ഇല്ലാത്ത മകന് ഒരു നേർവഴി കാണിച്ചു കൊടുക്കണേ എന്ന് നിറ കണ്ണോടെ പ്രാർഥിച്ച ഒരമ്മക്ക് ദേവി മറുപടി കൊടുത്തത് ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻറെ രക്തം സിരകളിൽ ഓടുന്ന പ്രൊഫ ജീ ഡീ പട്ടേൽ നെ ആ മകന് അദ്ധ്യാപകൻ ആക്കികൊടുത്തുകൊണ്ടാണ് .

ഇവിടെ കാണുന്ന സർദ്ദാർ വല്ലഭായി പട്ടേലിന്റെ കുടുംബ ചിത്രത്തിൽ താഴെ ഇരിക്കുന്ന ആ കൊച്ചു കുട്ടിയാണ് പിന്നീടു പ്രൊഫ ജീ ഡീ പട്ടേൽ ആയി എന്റെ മുന്നിലെത്തിയത് എന്ന് ഓർക്കുമ്പോൾ എത്ര അഭിമാനം തോന്നുന്നു ! , അതിലേറെ അദ്ദേഹം പഠിപ്പിച്ച വിനയവും !

മഹാ ഗുരുവിനു ഒരു പ്രണാമം !

No comments:

Post a Comment