Sunday, 11 May 2014

ഗണപതി ചിറ്റപ്പൻ


 

അമ്മക്ക് ദേഷ്യം വന്നാൽ കൈയ്യിൽ കിട്ടിയത് എന്താണോ അത് കൊണ്ടായിരിക്കും അടി ! അത് അടുക്കളയില വെച്ചാണെങ്കിൽ അവിടെ പാതകത്തിന്റെ കീഴിൽ കൂട്ടിയിട്ടിയിരിക്കുന്ന മടലോ കൊതുമ്പോ വിറകു കഷണമോ ഒക്കെ ആയിരിക്കും . മുറ്റത്ത് വെച്ചാണ് അടിക്കാൻ പിടിക്കുന്നതെങ്കിൽ അത് വട്ടക്കമ്പൊ തെങ്ങിന്റെ ക്ലാഞ്ഞിലൊ അതുപോലെ വല്ലതും കൊണ്ടായിരിക്കും .

" ഈ നശിച്ച ചെറുക്കൻ ! തല്ലുകൊള്ളി , താന്തോന്നി , തല തിരിഞ്ഞവൻ, അസത്ത് , അസുരവിത്ത്‌ , ... ആ അങ്ങേതിലെ ഗണപതിയെപ്പോലെ ..... അല്ല കള്ളമല്ല
അവനും ഇതുപോലെ തന്നെ ..."

അച്ഛന്റെ അർദ്ധ സഹോദരന്മാരിൽ രണ്ടാമത്തെ ആളാണ്‌ ഈ വില്ലനായ പാവം ഗണപതി ചിറ്റപ്പൻ ! എനിക്കുള്ള മൂന്നു ചിറ്റപ്പന്മാർക്കും ഞങ്ങൾ മൂന്നു കുട്ടികളെ പ്പോലെ സമാനസ്വഭാവക്കാരാണ് . സുന്ദരനായ ശശി ചിറ്റപ്പൻ അണ്ണനെപ്പൊലെ , വികൃതിയായ ഞാൻ ഗണപതി ചിറ്റപ്പനെ പ്പോലെ , അടുത്തയാൾ മോഹനൻ ചിറ്റപ്പൻ അരുമയായ കുഞ്ഞനിയൻ ജ്യോതിയെപ്പോലെ .

ഗണപതി ചിറ്റപ്പൻ ചെങ്ങന്നൂർ ഗവ ഐ ടി ഐ യിൽ പഠിക്കുന്ന ഒരു കാലം വളരെ ചെറുതായി ഞാൻ ഓർക്കുന്നുണ്ട്. ഒരു ലോഹക്കഷണം ഉരുട്ടി മിനുക്കി അതിനു പലതരം രൂപഭാവം വരുത്തി കൊണ്ടുവന്നത് വളരെ അത്ഭുതത്തോടെയാണ്‌ ഞങ്ങൾ നോക്കിക്കണ്ടത് .
" ചിറ്റപ്പാ , ഇതുപോലെ ഒരെണ്ണം എനിക്കും ഉണ്ടാക്കി തരുമോ ?"
എന്ന് പറഞ്ഞു ഞാൻ അടുത്ത് കൂടിയതും അതൊക്കെ വലിയ ചിലവുള്ള ഏർപ്പാട് ആണെന്ന് പറഞ്ഞു എന്നെ തിരിച്ചയച്ചതും ഒക്കെ അവ്യക്തമായി ഓർക്കുന്നു. പട്ടാളത്തിലായിരുന്ന അച്ഛന്റെ താങ്ങും തണലും കൊണ്ടാണ് ഈ ചിറ്റപ്പൻമാരൊക്കെ പഠിച്ചതും വളർന്നതും. അതിനാൽ അമ്മക്ക് നീരസം ഉണ്ടായിട്ടു കൂടി വീട്ടിലെ ഏതുകാര്യത്തിനും അച്ഛൻ വിളിച്ചാൽ ഓടിയെത്തും . ഇന്നും അങ്ങിനെ തന്നെ .

ഞങ്ങൾ കുട്ടികൾ ആയിരുന്നപ്പോൾ ഒരിക്കൽ " കറുത്ത കൈ " സിനിമ കാണിക്കാൻ ഗണപതി ചിറ്റപ്പനോടു അച്ഛൻ പറഞ്ഞപ്പോൾ കോട്ട ശ്രീദേവി സിനിമ കൊട്ടക കണ്ടതും സിനിമ കഴിഞ്ഞു അടുത്തുള്ള ചായക്കടയിൽ നിന്നും നെയ്യപ്പം വാങ്ങിത്തന്നതും ഒക്കെ ഗണപതി ചിറ്റപ്പൻ ആണ് .

ഐ ടി ഐ പഠനം ആദ്യം ഒന്ന് തോറ്റു എങ്കിലും പിന്നീട് പാസ്സായി നാട്ടിൽ പിന്നെയും കുറേക്കാലം അലഞ്ഞു തിരിഞ്ഞു നടന്നു . ആക്കാലത്താണ് അമ്മയുടെ കണ്ണിൽ താന്തോന്നിയും തല്ലുകൊള്ളിയും നിഷേധിയും ഒക്കെ ആയി അറിയപ്പെട്ടത് . നാട്ടിൽ കാണിച്ചു കൂട്ടുന്ന കൊള്ളരുതായ്മകൾ അമ്മ പട്ടാളത്തിൽ ഉള്ള അച്ഛന് എരിവും പുളിയും ചേർത്ത് ഇന്ലന്റ്റ് കൾ നിറച്ചു കൊണ്ടിരുന്നു .

ഒടുവിൽ അച്ഛൻ ഒരവധിക്ക് നാട്ടിൽ എത്തിയപ്പോൾ മദ്രാസിൽ ആർക്കോ ശുപാർശകത്തും പണവും കൊടുത്തു അയച്ചു . അവിടെ ധനികനായ ഒരു അകന്ന ബന്ധുവിന്റെ ഹോട്ടൽഇൽ കുറച്ചു കാലം അല്ലറ ചില്ലറ പണികൾ ചെയ്തു . ഒടുവിൽ അതും വിട്ടു വീണ്ടും നാട്ടിൽ വന്നു നിന്നു. പിന്നെയും നാട്ടിൽ പരാതികൾ കൂടിയപ്പോൾ അച്ഛൻ തന്നെ പണം നല്കി തിരുച്ചിറപ്പള്ളിക്ക് അയച്ചു . അവിടെ ഭെൽ എന്നൊരു വലിയ കമ്പനിയിൽ താല്ക്കാലിക ജോലിക്ക് കയറിപ്പറ്റി . ജോലി കിട്ടിയെന്നു അയച്ച കത്ത് വായിച്ചു അമ്മ ആരോടെന്നില്ലാതെ പറഞ്ഞു
" എവിടേലും പോയി നന്നാവട്ടെ , ഇവിടെ നിന്നു ഈ ചെറുക്കനെക്കൂടി പിഴപ്പിക്കും "

അത് എന്നെ , എന്നെമാത്രം ഉദ്ദേശിച്ചു പറഞ്ഞതാണ് എന്ന് എനിക്കറിയാം , എന്നാലും എനിക്ക് ഗണപതി ചിറ്റപ്പൻ ഒരു ഹീറോ തന്നെയായിരുന്നു . ആദ്യമായി തിരുച്ചിറപ്പള്ളിയിൽ നിന്നും വന്നപ്പോൾ ഒരു പാക്കറ്റ് നിറയെ പലതരം നിറമുള്ള കടലാസ്സുകളിൽ പൊതിഞ്ഞ മിട്ടായികൾ എന്നും ഒര്മയുണ്ട് . അവിടെ വലിയ ഫാക്ടറി യും വെള്ളം തിളയ്ക്കുന്ന ബോയിലരും ഒക്കെ ഞങ്ങൾക്ക് വിവരിച്ചു തന്നു .

ഗണപതി ചിറ്റപ്പൻ ഒരു സ്റ്റൈൽ കാരൻ മാത്രം അല്ല അച്ഛൻ പറയുന്നതുപോലെ ഒരു ചിലവുകാരനും ആയിരുന്നു . വില കൂടിയ വസ്ത്രങ്ങളും വാച്ചും കൂളിംഗ് ഗ്ളാസ്സും അച്ഛൻ കാണാതെ ഇടയ്ക്കിടെ വലിക്കുന്ന ചാർമിനാരും എല്ലാം അദ്ദേഹത്തെ രജനീകാന്ത് നെപ്പോലെ ഞങ്ങൾ ഇഷ്ടപ്പെട്ടു . അരീക്കര അന്ന് പാന്റു ഇട്ടു നടക്കുന്ന ആളുകൾ വളരെ ചുരുക്കം . അച്ഛൻ പട്ടാളത്തിൽ മാത്രമാണ് പാന്റ് ധരിക്കുന്നത് . അന്നു അവധിക്കു നാട്ടിൽ വന്നാൽ ഉടൻ കൈലിയോ മുണ്ടോ ആയി വേഷം മാറും .

ഞാൻ മുളക്കുഴ പത്തിൽ എത്തിയപ്പോഴേക്കും ഗണപതി ചിറ്റപ്പൻ അവിടെ സ്ഥിര നിയമനം ആയെന്നും ഇനി എവിടെയെങ്കിലും ഒരു കല്യാണം ഒക്കെ ആലോചിക്കണം എന്നൊക്കെ അച്ഛൻ ശശിചിറ്റപ്പനോടു പറയുന്നത് കേട്ടു.
അത്തവണ നാട്ടിൽ വന്നപ്പോൾ ഗണപതി ചിറ്റപ്പൻ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീയുടെ പേര് കേട്ടു ഞെട്ടി അച്ഛൻ കുറെ ഉപദേശങ്ങൾ ഒക്കെ കൊടുത്തൂ . അരീക്കര തന്നെയുള്ള ഒരു സ്ത്രീയെ ഗണപതി ചിറ്റപ്പന് ഇഷ്ടമാണ് പോലും . അവർക്കാണെങ്കിൽ അച്ഛൻ ഇല്ലാത്ത രണ്ടു കുട്ടികളും ഉണ്ട് . അരീക്കര അതൊന്നും ഒരു വലിയ പ്രശ്നം ആയിരുന്നുമില്ല .

" നീ ഇത് എന്തിനുള്ള പുറപ്പാടാ ഗണപതി ? അവർക്ക് രണ്ട് കുട്ടികൾ ഇല്ലേ ? ആളുകൾ എന്ത് പറയും ? , നീ അവരെ ഒരിഷ്ടത്തിന് കല്യാണം കഴിച്ചു പിന്നെ നാളെ വേണ്ടാന്നു പറഞ്ഞാലോ , നീ ആയി , നിന്റെ പാടായി, നീ ഒന്ന് കൂടി ആലോചിച്ചു ചെയ്യു "

അമ്മക്ക് ആണെകിൽ ഇത്തരം അവിവാഹിതരായ അമ്മമ്മാരുടെ കഥ കേട്ടാൽ കലിയിളകും .
അമ്മയുടെ വഴക്ക് കേട്ടാൽ തോന്നും അച്ഛനാണ് ഈ കല്യാണം കഴിക്കാൻ പോകുന്നതെന്ന് .

എന്തോ , ഗണപതി ചിറ്റപ്പൻ അവസാന നിമിഷം പിന്മാറി , ആരും എതിര്ത്തിട്ടോന്നും അല്ല .

അങ്ങിനെ ഗണപതി ചിറ്റപ്പൻ തന്തോന്നിയും നിഷേധിയും ഒക്കെ ആണ് എന്ന് വീട്ടുകാരും നാട്ടുകാരും ഒക്കെ പറയുന്നത് എന്തുകൊണ്ടാണ് എനിക്ക് കുറേശ്ശെ മനസ്സിലായി .

ഞാൻ പ്രീ ഡിഗ്രി എത്തിക്കാണും, ഗണപതി ചിറ്റപ്പന് അടൂരിന് അടുത്ത് നിന്നും ഒരു നല്ല ആലോചന വന്നു . ഒരു തഹസീൽദാർന്റെ അനുജത്തി ആയ പെണ്‍കുട്ടിയെ എല്ലാവര്ക്കും ഇഷ്ടപ്പെട്ടു . അങ്ങിനെ എല്ലാവരും ചേർന്ന് ആ വിവാഹം ഒരുവിധം നന്നായി നടത്തി . അങ്ങിനെ നാട്ടിലെ മധുവിധുവിന് ശേഷം ജോലി സ്ഥലമായ തിരുച്ചിറപ്പള്ളിക്ക് പുറപ്പെട്ടു .

ഇതിനിടെ ഗണപതി ചിറ്റപ്പന് ജോലിക്കയറ്റവും കമ്പനി വക വാസസ്ഥലവും ഒക്കെ കിട്ടി . അച്ഛന് സത്യത്തിൽ ഗണപതി ചിറ്റപ്പന്റെ കാര്യത്തിൽ ഉണ്ടായിരുന്ന ആശങ്ക ഒക്കെ മാറി . ആള് നന്നായിപ്പോയി എന്നൊക്കെ പറയുകയും ചെയ്തു .

ഇതിനിടെ ഗണപതി ചിറ്റപ്പന്റെ വിവാഹ ജീവിതത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് ശശി ചിറ്റപ്പൻ പറഞ്ഞു അച്ഛൻ അറിഞ്ഞു . നാട്ടിൽ വന്നപ്പോൾ എന്തൊക്കെയോ വിളിച്ചു ഉപദേശിക്കുകയും ചെയ്തു .

ഗണപതി ചിറ്റപ്പൻ ഇത്ര അസ്വസ്ഥനായി നടക്കുന്നത് അതിനു മുൻപ് ഞങ്ങൾ ആരും കണ്ടിട്ടില്ലായിരുന്നു .
" അനിയനോട് പറയാൻ പറ്റുന്ന വിഷയം അല്ല ' എന്നൊക്കെ പല തവണ പറഞ്ഞെങ്കിലും ഒടുവിൽ ഞങ്ങൾക്ക് അത് ഭാര്യയെ സംശയിക്കുന്നതാണ് പ്രശ്നം എന്ന് വളരെ വൈകി ആണ് മനസില്ലായത്‌ .

ഗർഭിണി ആയ ഭാര്യയെ വീട്ടിൽ കൊണ്ടാക്കി പിന്നീട് അങ്ങോട്ട്‌ പോയില്ല , അത് ഒടുവിൽ വലിയ പ്രശ്നം ആയി . ഭാര്യ വീട്ടുകാർ തഹസീൽദാരുടെ നേതൃത്വത്തിൽ അരീക്കര എത്തി . അച്ഛനെ കണ്ടു , പഞ്ചായത്ത് കൂടി , ആകെ പ്രശ്നം . ഗണപതി ചിറ്റപ്പൻ നീണ്ട അവധിയെടുത്ത് എവിടെയോ അപ്രത്യക്ഷനായി . തഹസീൽദാരും സംഘവും പലയിടത്തും ഗണപതി ചിറ്റപ്പനെ തേടി അലഞ്ഞു .

അച്ഛന് ഇതിനിടെ ഗണപതി ചിറ്റപ്പൻ ഒരു കത്തയച്ചു . ഭാര്യയിൽ വിശ്വാസം ഇല്ലന്നും കുട്ടി എന്റേതല്ലന്നും തഹസീൽദാർ തന്നെ കൊല്ലാൻ നടക്കുകയാണ് എന്നായിരുന്നു കത്ത്തിലെ ഉള്ളടക്കം . അച്ഛൻ ശരിക്കും വിഷമിച്ചു .
" ഇവന് ഇനി വട്ടാണോ ?, മനുഷ്യർ ആരെങ്കിലും ചെയ്യുന്ന പണി ആണോ ഇത് ?"
സത്യത്തിൽ അച്ഛൻ ചോദിച്ചത് സത്യമായിരുന്നു . വടക്ക് നോക്കി യന്ത്രത്തിലെ ശ്രീനിവാസനെപ്പോലെ ഭാര്യയെ സംശയിക്കുന്ന മാനസിക രോഗം ആണ് എന്ന് മനസിലാക്കാൻ വർഷങ്ങൾ എടുത്തു എന്ന് മാത്രം . ആ കാലം കൊണ്ട് ഗണപതി ചിറ്റപ്പന്റെ ജീവിതം ആകെ മാറി മറയുകയും ചെയ്തു .

നാട്ടിൽ വരാതെ ആയി , ജോലി കാർവാരിലെക്കു മാറ്റം വാങ്ങി . നാട്ടിൽ വന്നാലും രാത്രിയിലെ വീട്ടിൽ വരൂ . തഹസീൽദാർ കൊല്ലാൻ ഏര്പ്പെടുത്തിയ ആളുകൾ സദാ പിന്തുടരുകയാണ് എന്നാണ് സ്ഥിരം പല്ലവി . ആര്ക്കും ഇത് ഒരു മാനസിക രോഗം ആണെന്ന് മനസിലായില്ല എന്നതാണ് സത്യം . അത് മനസിലാക്കാൻ മാത്രം പിടി തന്നതുമില്ല . ഞാൻ ഇതിനിടെ മുംബയ്ക്ക് കൂട് മാറി . പിന്നീടു ഗൾഫ്‌ ലും .

അടൂരെ ഭാര്യ വീട്ടുകാരുടെ പ്രതീക്ഷ നശിച്ചു . സ്വന്തം കുട്ടിയെ സംശയത്തിന്റെ പേരിൽ സ്വീകരിക്കാൻ കൂട്ടാക്കാത്ത ആളെ അവരും എഴുതി തള്ളി . ഒടുവിൽ അവരെ വേറെ ആരോ കല്യാണം കഴിച്ചു എന്ന് കേട്ടു .

ഗണപതി ചിറ്റപ്പൻ കിട്ടുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിച്ചും തഹസീൽദാരെ ഭയപ്പെട്ടും ഒടുവിൽ ജോലിക്ക് പോകാതെ വീട്ടിൽ കതകടച്ചു ഇരിപ്പായി . അടുത്ത ചില സഹപ്രവർത്തകർ വിവരം അറിയിച്ചു ഒടുവിൽ അരീക്കര നിന്നും കുറേപ്പേർ കാര്വാറിൽ പോയി ബലമായി കൂട്ടി ക്കൊണ്ട് വന്നു . ചെങ്ങന്നൂരിൽ ആശുപത്രിയിൽ ആക്കി . മാനസിക അസ്വാസ്ഥ്യം ആണ് എന്ന് അപ്പോഴാണ്‌ ഡോക്ടർ കണ്ടുപിടിക്കുന്നത് . കയ്യിൽ ഉള്ള പണം തീർന്നപ്പോൾ കൂടുകാരും ഏറെക്കുറെ അപ്രത്യക്ഷരായി . വളരെ ക്കാലത്തെ ചികിത്സ വേണം , പക്ഷെ മുടങ്ങാതെ മരുന്ന് കഴിക്കാതെ ആ ചികിത്സ പലതവണ മുടങ്ങി . ഒടുവിൽ അസുഖം ഭേദപ്പെട്ടു എന്ന് തോന്നിയ ഒരു കാലത്ത് അടുത്ത സുഹൃത്തുക്കൾ നടത്തിയ രണ്ടാം വിവാഹം മാസങ്ങൾ മാത്രം നീണ്ടു നിന്നു . ഗണപതി ചിറ്റപ്പന് ജീവിതം കൈവിട്ടു പോവുന്നത് മനസ്സിലായതുമില്ല .

വർഷങ്ങൾ കടന്നുപോയപ്പോൾ ഒരിക്കൽ സ്റ്റൈൽ മന്നൻ രജനീകാന്തിനെപ്പോലെ ഹീറോ ആയി ഞങ്ങൾ കണ്ടിരുന്ന ഗണപതി ചിറ്റപ്പൻ പലതരം രോഗങ്ങള്ക്ക് അടിമയായി . മദ്യപാനവും സിഗരറ്റും ആ സുന്ദരജീവിതം ആകെ മാറ്റി മറിച്ചു. ജോലിയിൽ നിന്നും പിരിഞ്ഞു . മൈസൂർ നു അടുത്ത് ഏതോ ഒരു സ്ഥലത്ത് ഒരു വാടക വീട്ടിൽ കഴിയുന്നു ആരോ പറഞ്ഞു . വല്ലപ്പൊഴും വീട്ടിൽ വരും , അച്ഛനെ ഒന്ന് മുഖം കാണിക്കും , ഉടൻ സ്ഥലം വിടും , ചിലപ്പോൾ വട്ടയത്ത്തിലെ അപ്പച്ചിയുടെ അടുത്തോ തലവടി അപ്പച്ചിയുടെ അടുത്തോ പോയി ഒരു ദിവസം താമസിച്ചാൽ ആയി . ജോലിയിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ ഒരു സമ്പാദ്യം ഉണ്ടെന്നും ഇല്ലെന്നും പറയുന്നു . ഞാൻ കാണുമ്പോൾ എല്ലാം എന്നെ ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്ന ഗണപതി ചിറ്റപ്പന്റെ കണ്ണിലെ ആ പഴയ തിളക്കം മാത്രം ബാക്കിയായിരുന്നു .

മൂന്ന് വർഷങ്ങൾക്കു മുൻപ് ശശി ചിറ്റപ്പന് ഒരു രാത്രി മൈസൂരിൽ നിന്നും ഒരു ഫോണ്‍ വന്നു . ഗണപതി ചിറ്റപ്പൻ ഒറ്റയ്ക്ക് താമസിച്ച വീട്ടിൽ മരിച്ചു കിടക്കുന്നു , ഉടൻ എത്തിച്ചേരണം എന്നായിരുന്നു സന്ദേശം . ഒടുവിൽ സ്ഥലത്ത് എത്തിയപ്പോഴേക്കും പോലീസ് ഉം സ്ഥലവാസികളും ചേർന്ന് ദിവസങ്ങൾ പഴക്കം ചെന്ന മൃതദേഹം സംസ്കരിച്ചു കഴിഞ്ഞിരുന്നു . ആർക്കും ഒരു പരാതി ഇല്ലാത്ത അജ്ഞാത മൃതദേഹം ആയിരുന്നു അത് . ആരോടും പരാതി പറയാതെ ഗണപതി ചിറ്റപ്പൻ യാത്ര പറഞ്ഞു .

" ഈ നശിച്ച ചെറുക്കൻ ! തല്ലുകൊള്ളി , താന്തോന്നി , തല തിരിഞ്ഞവൻ, അസത്ത് , അസുരവിത്ത്‌ , ... ആ അങ്ങേതിലെ ഗണപതിയെപ്പോലെ ..... അല്ല കള്ളമല്ല
അവനും ഇതുപോലെ തന്നെ ..."

1 comment:

  1. കഷ്ടം. ഒടുവില്‍ ശുഭപര്യവസായി ആകും എന്നോര്‍ത്താണ് വായിച്ചു വന്നത്.
    എഴുത്ത് നന്നായി

    ReplyDelete