Saturday 29 September 2012

ടേക്ക് യുവര്‍ ബെര്‍ത്ത്‌ സര്‍

 
 
യാത്ര ചെയ്യാനും സ്ഥലങ്ങള്‍ കാണാനും വലിയ ഇഷ്ടമായിരുന്നതിനാല്‍ കിട്ടിയ ജോലിയും ധാരാളം യാത്രകള്‍ ആവശ്യം ഉള്ളതായിരുന്നതിനാല്‍ അതൊരു ഭാഗ്യമായി ഞാന്‍ എന്നും കരുതിയിരുന്നു . ഇങ്ങനെ യാത്രകള്‍ ചെയ്യുന്നതോടൊപ്പം ഒരുപാട് അബദ്ധങ്ങളും പിണഞ്ഞിട്ടുണ്ട് . പറ്റുന്ന മറവിയും ഇങ്ങനെ പിണഞ്ഞ അബന്ധങ്ങളും ഒക്കെ പിന്നെ ഓര്‍ത്തു ചിരിക്കാനുള്ള വക ആയി മാറും . ഏതു തരം യാത്രകളും , അത് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ്സോ മേട്രോയോ ട്രെയിനോ ബോട്ട് ഓ പ്ലൈന്‍ ഓ ഒക്കെ ആയാലും അതില്‍ കൂടെ യാത്ര ചെയ്യുന്ന ആളുകളെ ശ്രദ്ധിക്കും , ചിലര്‍ കുറെ നാള്‍ കഴിഞ്ഞാലും ഓര്‍ത്തു ചിരിക്കാന്‍ പറ്റിയ കഥാപാത്രങ്ങള്‍ ആയിരിക്കും . മറ്റു ചിലപ്പോള്‍ എനിക്ക് തന്നെ പറ്റിയ ഓരോ അബദ്ധങ്ങള്‍ ഓര്‍ത്തു ചിരിക്കും .
വീട്ടില്‍ വരുമ്പോള്‍ ചിലപ്പോള്‍ ഭാര്യയോടു യാത്രാ വിശേഷങ്ങള്‍ പങ്കു വെക്കും
" ദേ, കേട്ടോ എനിക്ക് ഇന്നലെ ഒരബദ്ധം പറ്റി "
" അബദ്ധം അല്ലാതെ എന്തെങ്കിലും നിങ്ങള്ക്ക് പറ്റിയിട്ടുണ്ടോ മനുഷ്യാ "
എന്റെ ഈ കുഞ്ഞു കളികളൊന്നും മഹാ സീരിയസ്സ് ആയ ഈ പാതോളജി പ്രൊഫസര്‍ക്ക് തീരെ പിടിക്കില്ല .

ഒരിക്കല്‍ ചെന്നെ എഗ്മൂര്‍ സ്റെഷനില്‍ നിന്നും ഹൈദരാബാദ് നു പോവാന്‍ ഞാന്‍ തീവണ്ടി കാത്തു പെട്ടിയും പ്രമാണവും ഒക്കെ ആയി നില്‍ക്കുകയാണ് . ട്രെയിന്‍ മറ്റേതോ സ്റെഷനില്‍ നിന്ന് വരികയാണ് . ഇവിടെ പതിനഞ്ചു മിനിട്ട് ഒരു ക്രോസിംഗ് ഉള്ളതിനാല്‍ സമയം ഉണ്ട് . ട്രെയിന്‍ വന്നപാടെ ഞാന്‍ ടൂ ടയര്‍ എ സീ കപ്മാര്‍ത്മെന്റ്റ് നോക്കി ഓടി ഒരുവിധം അകത്തു കയറി പറ്റി . പാതിരാത്രി ആയതിനാല്‍ മിക്ക യാത്രക്കാരും കൂര്‍ക്കം വലിച്ചു ഉറക്കമാണ് . രണ്ടു സൈഡ് ലും കര്‍ട്ടന്‍ വലിച്ചു ഇട്ടിരിക്കുന്നതിനാല്‍ അന്ധന്മാര്‍ തപ്പി നടക്കുന്നത് പോലെ എന്റെ ബെര്‍ത്ത്‌ തപ്പി ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും കുറെ നടന്നു, ടീ ടീ ആര്‍ ഇവിടെ ദ്വാര പാലകന്‍ പോലെ വാതുല്‍ക്കല്‍ ഏതുസമയവും കാണേണ്ടതാണ് . ഇനി അയാള്‍ എവിടെയാണോ എന്തോ .

എന്റെ ബെര്‍ത്ത്‌ തപ്പി ചെന്നപ്പോള്‍ നാല് സീറ്റിലും ആളുകള്‍ കിടന്നുറങ്ങുന്നു . എന്റെ ബെര്‍ത്ത്‌ നമ്പര്‍ ഞാന്‍ ഒന്ന് കൂടി ഉറപ്പിച്ചു . ലോവര്‍ ബെര്‍ത്ത്‌ ആണ് , അപ്പൊ ദാ അതില്‍ ആരോ പുതപ്പു മൂടി ഉഗ്രന്‍ ഉറക്കം . ശ്ശോ, ഇതെന്തു മാറിമായാമാ , എന്റെ ബെര്‍ത്ത്‌ മറ്റൊരാള്‍ക്ക് എങ്ങിനെ കിട്ടി .

ഉറങ്ങുന്നയാളെ തട്ടി വിളിക്കാന്‍ എന്റെ കൈ നീട്ടിയപ്പോഴേക്കും , ആകാശത്ത് നിന്നും അശരീരി പോലെ ഒരു പുരുഷ ശബ്ദം .
'അതൊരു മാഡം ആണ് , നിങ്ങളുടെ ബെര്‍ത്ത്‌ ഏതാ? "

എന്റീശ്വരാ , അവരെയെങ്ങാനം തോണ്ടി വിളിച്ചു അവര്‍ എഴുനേറ്റു എന്റെ കരണത്ത് ഒന്ന് പുകച്ചിരുന്നെങ്കില്‍ സ്ഥിതി എന്താവുമായിരുന്നു ? അതും വേണ്ട അവരുടെ ദേഹത്ത് തൊട്ടു എന്നെങ്ങാനം അവര്‍ വിളിച്ചു കൂവിയാല്‍ കണ്ടു നില്‍ക്കുന്നവര്‍ എല്ലാം എന്റെ മേല്‍ കൈവെച്ചാല്‍ ഇതായിരിക്കും സ്ഥിതി . ചില പോക്കറ്റടിക്കാരനെയും പിടിച്ചു പറിക്കാരനെയും ഒക്കെ ഇങ്ങനെ പോലിസ് കൈയ്യാമം വെച്ച് നടത്തി കൊണ്ടുപോവുന്നത് ഞാനും കണ്ടിട്ടുണ്ട് .
ഹൃദയം ഒക്കെ സ്കാന്‍ ചെയ്യുന്ന ഉപകരണത്തില്‍ വര്‍ക്ക്‌ ചെയ്യുന്ന ലോല ഹൃദയനായ ഒരു മനുഷ്യനാണെന്നു അവര്‍ക്ക് വല്ല പിടിയും ഉണ്ടോ ? . കൊണ്ടാല്‍ കൊണ്ടത്‌ തന്നെ . എന്റെ ഹൃദയത്തില്‍ ഒരു കൊള്ളിയാന്‍ മിന്നി .

എന്റെ കളരി പരമ്പര ദൈവങ്ങളെ , വലിയ ഒരു അപകടത്തില്‍ നിന്ന് രക്ഷപെട്ടതുപോലെ ഞാന്‍ സംയമനം പാലിച്ചു
" എക്സ്ക്യൂസ് മീ മാഡം " എന്ന് ഭവ്യതയോടെ വിളിച്ചു .
കിം ഫലം ! അവര്‍ അനങ്ങാപ്പാറ പോലെ ഒറ്റ കിടപ്പാണ് . ഇത്തരം ഇക്കിളികളെ ഞാന്‍ എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ .

ഞാന്‍ ആവുന്ന വിദ്യകളൊക്കെ ശബ്ദം കൊണ്ട് പ്രയോഗിച്ചു നോക്കി , അടുത്ത ബെര്‍ത്ത്‌ ലെ ആളുകള്‍ ഉണര്‍ന്നു തല പൊക്കി നോക്കിയതല്ലാതെ ഈ മാഡം ആവി എന്ജിന്‍ പോലെ ശക്തിയോടെ കൂര്‍ക്കം വലിച്ചു ഉറക്കമാണ് .

അവസാനം എന്റെ കൈയ്യില്‍ ഇരുന്ന ഒരു താക്കോല്‍ കൊണ്ട് ആ ബെര്‍ത്ത്‌ ന്റെ ലോഹ നിര്‍മിത ഭാഗത്ത് ഒന്ന് രണ്ടു അടി അടിച്ചു . അത് ഫലിച്ചു എന്ന് തോന്നുന്നു . അവര്‍ കണ്ണ് തിരുമി പുതപ്പു നീക്കി.
മധുര ചുട്ടെരിക്കാന്‍ ഒരുമ്പെട്ടു നില്‍ക്കുന്ന കണ്ണകിയെപ്പോലെ അവര്‍ ജ്വലിച്ചു എന്നെ ഒരു നോട്ടം !

" ഹേ മിസ്ടര്‍ , സ്ത്രീകള്‍ ഉറങ്ങാനും സമ്മതിക്കില്ലേ ? "
ഞാന്‍ ടോം ആന്‍ഡ്‌ ജെറിയിലെ ജെറിയെപോലെ ഭവ്യതയോടെ ചുരുങ്ങി പ്പോയി .
" മാഡം, ഇതെന്റെ ബെര്‍ത്ത്‌ ആണ് , എന്റെ ബെര്‍ത്ത്‌ ല്‍ ആണ് മാഡം കിടക്കുന്നത് , ആ ബെര്‍ത്ത്‌ നമ്പര്‍ ഒന്ന് ചെക്ക് ചെയ്‌താല്‍ കൊള്ളാമായിരുന്നു "
" ഹേ, മിസ്ടര്‍ , ഇതെന്റെ ബെര്‍ത്ത്‌ ആണ് , ഇത് റിസര്‍വ് സീറ്റാണ് . നിങ്ങള്‍ ടീ ടീ ആറിനെ കാണൂ "
എന്ന് പറഞ്ഞു ചക്ക വെട്ടിയിട്ടത് പോലെ പിന്നെയും മൂടിപ്പോതിഞ്ഞു ഒരുറക്കം .

ഞാന്‍ തലയില്‍ കൈവെച്ചു ഇരുപ്പാണ് . കണ്ണാടി വെച്ചും കണ്ണാടി വെക്കാതെയും ടിക്കറ്റ്‌ ഇതിനകം ഒരു പത്ത് തവണ വായിച്ചു കാണും . ട്രെയിന്‍ ക്രോസിംഗ് നു കിടക്കുകയാണ് . ബെര്‍ത്തില്‍ ലൈറ്റ് അണക്കാന്‍ ചില യാത്രക്കാര്‍ ചൂടായി ഇതിനിടെ പറയുന്നും ഉണ്ട് . ഞാന്‍ ടിക്കറ്റ്‌ ഇല്ലാതെ വലിഞ്ഞു കയറി വന്ന ഏതോ ആളാണ്‌ എന്ന മട്ടിലാണ് മിക്ക മാന്യന്മാരും എന്നെ നോക്കുന്നത് .

ഈ ടീ ടീ ആര്‍ എവിടെപ്പോയിക്കിടക്കുകയാ എന്റെ ദൈവമേ , അയ്യാള്‍ക്ക് മാത്രമേ ഇനി ഈ മാഡത്തിന്റെ ടിക്കറ്റ്‌ നോക്കാന്‍ പറ്റൂ , ഇവരെ വിളിച്ചുനര്ത്തി ജയിലില്‍ പോകാന്‍ എനിക്ക് വയ്യ .

അങ്ങിനെ തണുത്തു വിറച്ചു നില്‍ക്കുമ്പോള്‍ ഉണ്ട് നമ്മുടെ ടീ ടീ ആര്‍ ചലച്ചിത്ര താരം പൂജപ്പുര രവി പോലെ തലയും ആട്ടി ഫയലും വീശി ഒരു മൂളിപ്പാട്ടും ഒക്കെ പാടി വരുന്നു .

വന്ന പാടെ എന്റെ സീറ്റിലേക്ക് നോക്കി

" അയ്യോ , കടവുകളെ ഈ മാഡം ഇവിടെ ഇറങ്ങിയില്ലേ " എന്ന് പറഞ്ഞു അമിട്ട് പൊട്ടുന്ന ശബ്ദത്തില്‍ നമ്മുടെ മാടത്തോട്

" ഹേ മാഡം, മാഡം എഗ്മൂര്‍ ആയി , പെട്ടന്ന് ഇറങ്ങൂ , ഇപ്പൊ വണ്ടി വിടും "

കൂര്‍ക്കം വലിച്ചു കിടന്ന മാഡം പെട്ടന്ന് ചാടി എഴുനേറ്റു

" എഗ്മൂര്‍ , എഗ്മ്മൂരാ , ഇന്ത ഇടം എഗ്മൂരാ ? ഓ മൈ ഗോഡ് ! "

അവര്‍ ഒരു നിമിഷം കൊണ്ട് പായും തലയിണയും പുതപ്പും ബാഗും എല്ലാം ചുരുട്ടിക്കെട്ടി തമിഴില്‍ ഉച്ചത്തില്‍ എതെക്കെയോ പറഞ്ഞു കൊണ്ട് 400 മീറ്റര്‍ ഹര്‍ഡില്‍സ് ഓടിയത് പോലെ വാതില്‍ക്കലേക്ക് ഒരോട്ടം .

നമ്മുടെ ടീ ടീ ആര്‍ പൂജപ്പുര രവി ആ ഓട്ടം കണ്ടു കണ്ണ് മിഴിച്ചു നിന്നിട്ട് ഹി ഹി എന്നൊരു ചിരിയും ചിരിച്ചു
എന്നോടായി ,
" ടേക്ക് യുവര്‍ ബെര്‍ത്ത്‌ സര്‍ "

No comments:

Post a Comment