Saturday 30 March 2013

മണിക്കുട്ടി

 ആറാം  ക്ലാസിലെ  അവസാന  പീര്യെട്  കഴിഞ്ഞതും  ഒരോട്ടമാണ് , സ്കൂൾ  വിട്ടു വന്നാൽ അന്നൊക്കെ ചോറും  തൈരും  ഇടിച്ച  ചമ്മന്തിയും ആണ്  കഴിക്കുക . ചുരുക്കം  ദിവസങ്ങളിൽ മാത്രമേ ഉപ്പെരിയോ  മിക്ച്ചരോ  ഉണ്ണിയപ്പമോ  പോലെയുള്ള  പലഹാരങ്ങൾ കിട്ടുകയുള്ളൂ .  അന്ന്  പതിവില്ലാതെ  വഴന അപ്പം  ഉണ്ടാക്കുന്ന മണം  എങ്ങിനെയോ  കിട്ടി അടുക്കളയിലേക്ക്  പുസ്തക കെട്ടുമായി  ഓടി .  

" അനിയൻ  മോനല്ലേ , അപ്പചിയെ  അറിയുമോ ?"
 ചൂടോടെ  കയ്യിലേക്ക്  തന്ന വഴന അപ്പം  വാങ്ങി  ഞാൻ  അവരെ  സൂക്ഷിച്ചു നോക്കി ,  ഒരു പരിചയവുമില്ലാത്ത  ഈ പുതിയ  അപ്പച്ചി  എവിടെ നിന്ന്  വന്നു ?  പെട്ടന്നാണ്  അടുക്കളയുടെ  ചായ്പ്പിൽ  തുണി കൊണ്ട് ഒരു തോട്ടിൽ  കെട്ടിത്തൂക്കിയിരിക്കുന്നത്  കണ്ടത് .  ഞാൻ  അങ്ങോട്ട്‌  ഓടി , നല്ല  സുന്ദരിയായ ഒരു കുഞ്ഞു  അതിൽ ഉറങ്ങുന്നു ,  സ്വർണത്തിന്റെ  നിറം , ചുവന്ന  കവിളുകൾ , കരി മഷി  കൊണ്ട്  വരച്ച  പുരികവും  കണ്ണും  കറുത്ത  പൊട്ടും  കരി വളയും  വെളുത്ത കുഞ്ഞുടുപ്പും ഒക്കെ  ഇട്ട  ആ കുഞ്ഞിനെ  ഞാൻ കണ്ണ്  ചിമ്മാതെ  നോക്കി  നിന്നു,  ഹോ , എന്തൊരു   സുന്ദരി ! ,  കണ്ടിട്ടും കണ്ടിട്ടും മതി വരാതെ  ഞാൻ ആ തൊട്ടിലിൽ  പതിയെ ആട്ടിക്കൊടുത്തു ,  ലോകത്തെ  എല്ലാ കുഞ്ഞുങ്ങളും  ഈ പ്രായത്തിൽ  അതി  സുന്ദരനൊ  അതി സുന്ദരിയോ  അല്ലെ !. ഞാൻ  ആ  കരിവള അണിഞ്ഞ  കുഞ്ഞിക്കാലുകളും  കുഞ്ഞിക്കൈകളും  തടവി  നോക്കി .  

"  ഈ മോളുടെ  പേരെന്താ  ?"  ഞാൻ  അപ്പചീന്നു  വിളിക്കാതെ തന്നെ  ഉറക്കെ   ചോദിച്ചു .
" മണിക്കുട്ടി , അനിയൻ  മോന് ഇഷ്ടപ്പെട്ടോ ?"
അണ്ണനും  കൊച്ചനിയനും  കൂടി  എത്തിയപ്പോഴേക്കും  ഞങ്ങൾക്കു  ആ  കുഞ്ഞു  എങ്ങിനെയെങ്കിലും  ഒന്ന് ഉറക്കം  വിട്ടു ഉണർന്നാൽ  മതി എന്നായി .  ഞങ്ങൾ  മൂന്നു പേരും  തോട്ടിൽ  മണിക്കുട്ടി  ഉണരുന്നതും  നോക്കി നിൽപ്പാണ്. 
 അണ്ണൻ  അവരെ  ഇതിനിടെ  "വല്ല്യേച്ചീ " ന്നു വിളിക്കുന്നത്‌  കേട്ട് ഞാനും  അങ്ങിനെ വിളിച്ചു തുടങ്ങി .  അത് വരെ  കണ്ടിട്ടില്ലാത്ത  അവരെ അപ്പചീന്നു  വിളിക്കാൻ  ഒരു മടി . 
മണിക്കുട്ടി  ഉണര്നതും  വലിയ വായിൽ  കരച്ചിൽ തുടങ്ങി . 
" പൊയിൻ പിള്ളേരെ അപ്രത്ത് "  അമ്മയുടെ  ഉച്ചത്തിൽ  ഉള്ള ശകാരം  കേട്ട് ഞങ്ങൾ  തല്ക്കാലം  പിൻവലിഞ്ഞു.
"  കൊച്ചിന്  പാല് കൊടുക്ക്‌  പെണ്ണെ "
  ആദ്യം വിചാരിച്ചത് പോലെ  വീട്ടില് നിർത്താൻ കൊണ്ടുവന്ന  സ്ത്രീ അല്ല  എന്നും ,  ബന്ധം  പറഞ്ഞു വരുമ്പോൾ  അച്ഛന്റെ  അർദ്ധസഹോദരി  തന്നെയാണെന്നും  അമ്മയുടെ  സംഭാഷണത്തിൽ നിന്നും  മനസ്സിലായി .  അച്ഛന്റെ  ബന്ധുക്കളെ പറ്റി അമ്മ  സ്ഥിരം  പറയാറുള്ള  പുച്ചത്തോടെയുള്ള  പറച്ചിൽ  കേട്ട് കേട്ട് ഞങ്ങൾക്കു  ശീലവും ആയി . 

മണിക്കുട്ടിക്ക്  അന്ന്  കഷ്ടിച്ച്  മൂന്നു മാസം  പ്രായം കാണും ,  പാല് കുടി , ഉറക്കം , പന്നെയും പാല് കുടി  ഇതല്ലാതെ  മണിക്കുട്ടിക്കു   മറ്റു  കാര്യ പരിപാടികൾ  ഒന്നും ഇല്ല .  വല്യേച്ചി  അടുക്കളയിൽ  ചില ജോലികള ഒക്കെ ചെയ്യും , ഇടയ്ക്കിടെ  മണിക്കുട്ടി  കരയുമ്പോൾ  ഓടിവന്നു  പാല് കൊടുക്കും ,  ഉച്ചയോടെ  കുളിപ്പിച്ച്  പൊട്ടൊക്കെ തോടീച്ചു സുന്ദരിയാക്കി  വീണ്ടും പാല് കൊടുത്തു ഉറക്കും .  ഞാൻ സ്കൂളിൽ നിന്നും  വന്നാൽ  പിന്നെ  മണിക്കുട്ടിയെ  കളിപ്പിക്കലും അവൾ  കൈയ്യനക്കുന്നതും  കാലിട്ടടിക്കുന്നതും നോക്കി ഇങ്ങനെ നില്ക്കും , എത്ര നേരം   വേണമെങ്കിലും  അങ്ങിനെ  നില്ക്കും .  മണിക്കുട്ടിയെ  എടുക്കാൻ  എന്റെ  അമ്മ  സമ്മതിക്കില്ല , എന്നാലും  വല്യേചിയൊദു  കെഞ്ചും .

"  അപ്രത്ത്  പോ അസത്തെ "  അമ്മയുടെ  പതിവ് ശകാരം  കേൾക്കുന്നത്‌ വരെ , അല്ലെങ്കിൽ  വിളക്ക് കത്തിച്ചു നാമം  ചൊല്ലാൻ  വിളിക്കുനത്‌ വരെ  അവിടെ തന്നെ  ചുറ്റിപറ്റി നില്ക്കും . 

 അപ്പുറത്തെ  യശോധര അമ്മയോട്  അമ്മ എന്തൊക്കയോ  അടക്കം പറയുന്നത്  കേട്ടാണ്  ആ  അപ്പച്ചി  ആരാണെന്നും   എങ്ങിനെയാണ്  ഇവിടെ എത്തിയതെന്നും ഒക്കെ  എനിക്ക്  കുറേശ്ശെ  മനസിലായി  വന്നത് . 

 വല്യേച്ചി  ശരിക്കും അച്ഛന്റെ  അർദ്ധ  സഹോദരി ആയിട്ട് തന്നെ വരും , ഏതോ  ചെറുപ്പക്കാരനുമായി  സ്നേഹത്തിലായി ,  ഗര്ഭിണി ആയപ്പോഴേക്കും  അയാള്  കൈയ്യൊഴിഞ്ഞു .  സ്വന്തം വീട്ടില് നിന്നും  അടിച്ചിരക്കപ്പെട്ട   പാവം  വല്യേച്ചി  ദൂരെ  ഏതോ ബന്ധു വീട്ടില്  കുറേക്കാലം  കഴിഞ്ഞു ,  കൈക്കുഞ്ഞുമായി  ഒരു ദിവസം  അവിടെ നിന്നും  പടിയിറങ്ങി   അമ്മയുടെ  കാലു പിടിച്ചു  കരഞ്ഞു , അലിവു തോന്നി  അമ്മ   വീട്ടില് നിന്നോളാൻ പറഞ്ഞു .  അരീക്കരയിൽ  ഇത്തരം  അനുഭവങ്ങൾ  വലിയ  വാര്ത്ത ഒന്നും  അല്ല , പക്ഷെ  അമ്മക്ക്  ഏറ്റവും  സഹിക്കാൻ പറ്റാത്ത  കാര്യങ്ങൾ ആണ്  സദാചാര  ഭ്രംശം  ! .  അത്തരം  വാർത്തകൾ ഒക്കെ അമ്മയുടെ  ചെവിയിൽ എത്തിയാൽ  ഉടൻ  "  ഈ നശിച്ച  നാട്ടിൽ കഴിയാൻ  വിധിക്കപ്പെട്ട  എന്റെ  വിധി " എന്നൊക്കെ പ്പറഞ്ഞു  അമ്മ  കണ്ണില കാണുന്നവരോടൊക്കെ  അതൊക്കെ  പറഞ്ഞു കൊണ്ടിരിക്കും . 

 എന്തിനു  പറയുന്നു ,  ദിവസങ്ങൾക്കകം മണിക്കുട്ടി  ഞങ്ങളുടെ  അരുമയായി .  അവൾ  പാല് കുടിച്ചോ , ഉറങ്ങിയോ , കുളിപ്പിച്ചോ ,  കൊച്ചു ഉടുപ്പ്  മാറിയോ  തുടങ്ങി  നൂറു തരം  അന്വേഷങ്ങൾ  ഞങ്ങൾ  മാറി മാറി നടത്തും,   ഞങ്ങളുടെ വീട്  അവളുടെ   വളകിലുക്കവും  കുഞ്ഞി കരച്ചിലും കൊണ്ട്  ശബ്ദമുഖരിതമായി . അത് കേൾക്കാൻ ഞങ്ങൾക്കു  എന്ത്  സുഖം .   

പറയിര് കാലാ അമ്പലത്തിലെ  ഉത്സവത്തിനു  ഞാൻ  അമ്മയോട്  കാശ് വാങ്ങി  ഒരു "കിലുക്കം "  കൊണ്ട് വന്നതോടെ  മണിക്കുട്ടി  ഉഷാറായി , അതിന്റെ ശബ്ദം  കേട്ടാൽ മതി , അവൾ  എന്തെങ്കിലും  ഒക്കെ  ശബ്ദങ്ങൾ പുറപ്പെടുവിച്ചു  കണ്ണ്  അങ്ങോട്ട്   തിരിക്കും .  അവളുടെ ചിരിയും കളിയും  കാണാൻ  വീട്ടിലേക്കു ഓടാൻ , സ്കൂൾ  അവസാന പീര്യെട്  ബല്ല്  ആകാത്തതിന്റെ  അക്ഷമ  ഞാൻ എപ്പോഴും കാണിച്ചുകൊണ്ടിരിക്കും. അങ്ങിനെ  ക്ലാസ്സിൽ  ശ്രദ്ധിക്കാതെ  ഇരുന്നതിനു  കണക്കു  പഠിപ്പിക്കുന്ന  പിച്ച സാറിന്റെ  തല്ലും വാങ്ങിയിട്ടുണ്ട് . 

അമ്മക്ക്  മണിക്കുട്ടിയെ  ഇഷ്ടം ഒക്കെ ആയിരുന്നെങ്കിലും  സുന്ദരിയായ വല്യേച്ചിയുടെ  ഒരുക്കവും  സൌന്ദര്യവും  ഒന്നും  പിടിക്കില്ല . 
"  പെണ്ണേ, അടങ്ങി ഒതുങ്ങി  ഇതിനകത്ത്  ഇരുന്നോണം ,  ഇനി  ഒരു ചീത്ത പ്പേര്  കേൾപ്പിച്ചാൽ  ഞാൻ ആ നിമിഷം  ഇറക്കി വിടും "
"  അയ്യോ  ചേച്ചി , ഞാൻ  ചേച്ചിക്ക്   ഒരു പേര് ദോഷവും  വരുത്തുകേല , എനിക്ക്  വേറെ ആരും ഇല്ല  ചേച്ചി , എന്നെ  കൈവിടരുതേ " 

 ഒരു  ഞായറാഴ്ച , അച്ഛൻ  പേപ്പര്  വായിച്ചു കൊണ്ടിരിക്കുകയാണ് , ഒരു ചെറുപ്പകാരൻ   പടി കടന്നു നടന്നു  വന്നു . അമ്മ  മുറ്റത്ത് നില്ക്കുകയാണ് .

" സാറേ , രാജമ്മ   ഉണ്ടോ "
" ആരാ "
" സാർ  എന്നെ പഠിപ്പിച്ചതാ .. പള്ളിപടിക്കെന്നാ....."
"  നീ  രാജമ്മേടെ ആരാ ? "
" സാറേ , ഞാൻ  തള്ളേം  കൊച്ചിനേം  വിളിച്ചോണ്ട്  പോവാൻ  വന്നാ .."
" അപ്പം  നീയാ  കൊച്ചിന്റെ  തന്ത ?"
" സാറേ .. അങ്ങിനെ  പറ്റിപ്പോയതാ ..."
"  ഭ ....  നീയാണോ  തന്ത ....  മേലാൽ  ഈ വീട്ടില്  കയറി പ്പോവരുത് "
 " സാറേ ,  ഞാൻ  അവളെ  ഒന്ന് കണ്ടോട്ടെ , എന്റെ കൊച്ചിനെ ഒന്ന് കണ്ടോട്ടെ .?"

വല്യേച്ചി  മണിക്കുട്ടിയേയും  എടുത്തുകൊണ്ടു  മുറ്റത്ത്  വന്നെങ്കിലും  അമ്മയുടെ കോപം  കാരണം  അയാൾ അവിടെ നിന്നില്ല , 

 അച്ഛൻ  സമാധാനം  പറഞ്ഞു  ചെന്ന് നോക്കി , പക്ഷെ  നേരും നെറിയും ഇല്ലാത്ത  അവന്റെ  കൂടെ  ഇറങ്ങിപ്പോയാൽ  പിന്നെ  മേലിൽ  ഈ വീട്ടില്  കയറരുത്  എന്ന ഉഗ്രശാസന  കേട്ട്  വല്യേച്ചി  കരഞ്ഞു കൊണ്ട്  അകത്തേക്ക് കയറി പ്പോയി . 

 സത്യത്തിൽ  ഹൃദയം  തകര്ന്നു പോയത്  എന്റെയായിരുന്നു . മണിക്കുട്ടി  എന്റെ വീട്ടിൽ ഇല്ലാതെ  ഒരു  ദിവസം  എനിക്ക്  സങ്കല്പ്പിക്കാൻ ആവില്ലായിരുന്നു .  വല്യേചിയെയും  മണിക്കുട്ടിയേയും  വിളിച്ചു  കൊണ്ട് പോവാൻ വന്ന  അയാളെ  ഞാൻ കഠിനമായി  വെറുത്തു . അയാളെ  ശാസിച്ചു  തിരിച്ചയച്ച അമ്മയെ  എനിക്ക്  ഇഷ്ടപ്പെടുകയും  ചെയ്തു . 

 മണിക്കുട്ടി  കൊണ്ട് വന്ന സന്തോഷം  അധിക ദിവസം  നീണ്ടു നിന്നില്ല .  അന്ന് അയാൾ തിരിച്ചു  പോയെങ്കിലും  പിന്നെ  വല്യേച്ചിയുടെ  പേരില്  ഒരു കാർഡ് അയച്ചു . കുഞ്ഞുമായി  പള്ളിപ്പടിക്കൽ വരണമെന്നും  അയാൾ  അന്വേഷിക്കാം  എന്നൊക്കെ  എഴുതിയിരുന്നു . ആദ്യം  അമ്മ കുറെ  വഴക്ക് ഒക്കെ  പറഞ്ഞെങ്കിലും  ഒടുവിൽ " തന്ത  ഇല്ലാതെ  വളരുന്നതിലും  ഭേദം  അതാ " എന്ന് പറഞ്ഞു   സമാധിനിപ്പിച്ചു .

പിറ്റേ ദിവസം  ഞാൻ സ്കൂൾ  വിട്ടു  വന്നതും  വല്യേചിയും  മണിക്കുട്ടിയും   പോയി  എന്ന  ഹൃദയ ഭേദകമായ  വാര്ത്തയാണ്  കേട്ടത് . ഞാൻ  മണിക്കുട്ടിയെ   കിടത്തിയ  തോട്ടിൽ  കെട്ടിയ  ചായ്പ്പിലേക്ക്  ഓടിച്ചെന്നു .  വല്യേച്ചിയുടെ  സാധനങ്ങളും  തോട്ടിലും  ചീപ്പും കണ്ണാടിയും  പൌഡർ  ടിന്നും കണ്മഷിയും  കിലുക്കവും  എല്ലാം  കൊണ്ടുപോയിരിക്കുന്നു .  കണ്ണ് പറ്റാതിരിക്കാൻ  കവിളത്ത്  കറുത്ത പൊട്ടു  തൊട്ട അവളുടെ പുഞ്ചിരിക്കുന്ന  മുഖം  എന്റെ മനസ്സിലേക്ക്  ഓടി വന്നു .

 ഈ അടുത്ത കാലത്ത്  ഞാൻ  അച്ഛനെ വിളിച്ചു  വല്യേച്ചിയുടെ  കാര്യം ചോദിച്ചു . പണ്ടെങ്ങോ  നാട് വിട്ടു പോയതല്ലേ ?  വല്യേചിക്കു  ഇപ്പൊ  ഒരു   അറുപത്തഞ്ചു   വയസെങ്കിലും  കാണണം , മണിക്കുട്ടിയോ,  മുപ്പത്തഞ്ചു  വയസെങ്കിലും  കാണില്ലേ ! അവൾ  എവിടെ ആയിരിക്കും  ?  അവളെ  അവളുടെ അച്ഛൻ  സ്വീകരിച്ചോ ? ആർക്കറിയാം? 

എവിടെ ആയിരുന്നാലും  മണിക്കുട്ടി  ഞങ്ങളുടെ  വീടിനെ  സുന്ദരമാക്കിയ  ആ ദിവസങ്ങൾ ഞാൻ എങ്ങിനെ മറക്കും ?  അവളെ കളിപ്പിക്കാൻ ഞാൻ  വാങ്ങിയ  കിലുക്കം    ഇപ്പോഴും  ഓർക്കുന്നു. 

ആ കിലുക്കം  അവളുടെ ജീവിതം  എന്നും സുന്ദരമാക്കട്ടെ !
 
കൊല്ലന്മാരുടെ വീട് !

 അരീക്കര മൂലപ്ലാവ് ജങ്ങ്ഷനില്‍  നിന്ന് കുറച്ചു കൂടി  നടന്നാല്‍  പ്രസിദ്ധമായ  മുതിരക്കലായില്‍  വീട്  റോഡിനു  മുകളിലായി കാണാം , അവിടെ നിന്നും  പിന്നെയും  കുറച്ചു മുന്നോട്ടു  നടന്നാല്‍  ഒരു ചെറിയ ഇറക്കം , അവിടെ  റോഡിനു ഇടതുവശത്ത്  മുകളിലായിക്കാണുന്ന  വെട്ടു കല്ലും ചള്ളയും   ( ചുവന്ന  മണ്ണ്  കുഴച്ചത് )  കൊണ്ട്  ഉണ്ടാക്കിയ  ഒരു ചെറിയ വീടാണ്  കൊല്ലന്മാരുടെ  വീട്  ! . അതിനു  താഴെ  ഓലകൊണ്ടുള്ള  ചെറിയ ആല ( ഇരുമ്പു  ചുട്ടു പഴുപ്പിക്കാന്‍ ഉള്ള ചൂള ) . എനിക്ക്  ഓര്‍മ ഉള്ള കാലം മുതല്‍ മൂത്ത  കൊല്ലന്‍ ആ ആലയില്‍ ഇരുന്നു  വലിയ  ചുറ്റിക കൊണ്ട് ഇരുമ്പു   അടിച്ചു  പരത്തുന്ന കാഴ്ച കാണുന്നതാണ് . ആലയിലെ  ചൂള , കൊല്ലത്തി  ആ വലിയ  മുള കൊണ്ടുള്ള  നീളമുള്ള പിടിയില്‍ വലിച്ചു തീ  ഊതിക്കൊടുക്കും. ആ വലിയ ആലയുടെ  കാറ്റ് നിറച്ച  തുകല്‍  കൊണ്ടോ മറ്റോ  ഉണ്ടാക്കിയ ബലൂണ്‍  പോലയുള്ള  ആ വലിയ  സാധനം " കുടുക്കോ , കുടുക്കോ " എന്നാ ശബ്ദം  ഉണ്ടാക്കി  അവിടെ കത്തുന്ന  വലിയ കരിക്കട്ടകള്‍ക്കിടയില്‍ ചുവന്ന നിറമുള്ള ചുട്ടു   പഴുത്തു കിടക്കുന്ന  ഇരുമ്പു  ഞാനും  അങ്ങിനെ നോക്കി നിന്നുട്ടുണ്ട് . കൊല്ലനെ തിരക്കി  അയാളുടെ  വീട്ടിലേക്കു  അതിരാവിലെ  പറഞ്ഞു വിടുന്നത്  എപ്പോഴും എന്നെയാ .

മൂത്ത  കൊല്ലന്‍  ഞാന്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ഒരു  പത്തെഴുപത്‌  വയസ്സ് കാണും , അന്തരിച്ച  ചലച്ചിത്ര നടന്‍  കൃഷ്ണ നായരുടെ പോലെ  മെലിഞ്ഞ  ശരീര പ്രകൃതി ,  അദ്ദേഹം ഒരു താടി വെച്ച്  തിലകന്റെ  ശബ്ദം  കൂടി  കിട്ടിയാല്‍  എങ്ങിനെയിരിക്കും , അതാണ്‌  മൂത്ത കൊല്ലന്‍ ! . ഒരു അലുമിനിയം  ഫ്രെയിം ഉള്ള ഗാന്ധി  കണ്ണടയും  ഉണ്ട് . അത്  മൂക്കില്‍  താഴ്ത്തി  വെച്ച്  ഒരു നോട്ടമുണ്ട് .  പിന്നെ  വീടിനെ നോക്കി  ഒരു വിളിയുണ്ട് ,  ഒരു ഇരുമ്പു കൂടം കൊണ്ട് അടിക്കുന്നത് പോലെ തോന്നും ആ   വലിയ വിളി കേട്ടാല്‍ , തിലകന്റെ  ശബ്ദത്തില്‍ 

" പപ്പ ..നാവോ ...." 

അത് മൂത്ത മകന്‍  പത്മനാഭനെയാനു , അയാള്‍  വിളി കേട്ടില്ലെങ്കില്‍  പിന്നെ അടുത്ത വിളി  രണ്ടാമത്തെ  മകനെയാണ് 

" കൊച്ചു ....നാണുവേ...." 

അതുമല്ലെങ്കില്‍  കൊച്ചു  മകന്‍  മോഹനനെ , 

" മോഹ ... നോ " 

മൂത്ത കൊല്ലന്റെ  രണ്ടു മക്കളും  അവരുടെ  ഭാര്യമാരും  അവരുടെ മക്കളും എല്ലാം കൂടി  ആ കൊച്ചു  വീട്ടില്‍ തന്നെയായിരുന്നു  ഒത്തിരിക്കാലം  കൂട്ട് കുടുംബം  പോലെ  ഒരുമിച്ചു കഴിഞ്ഞിരുന്നത് .  ചട്ടിയും കലയും ആകുമ്പോള്‍  തട്ടിയും മുട്ടിയും  എന്ന് പറഞ്ഞത്‌ പോലെ  ചേട്ടന്റെയും  അനിയന്റെയും ഭാര്യമാര്‍  തമ്മില്‍  ഇടയ്ക്കിടെ  വഴക്കുണ്ടാകും , ചിലപ്പോള്‍  കൂട്ട  ചീത്ത  വിളി  കേട്ട് കൊണ്ടാണ്  ഞാന്‍  അവിടെ ഏതെങ്കിലും കൊല്ലനെ അന്വേഷിച്ചു  ചെല്ലുന്നത് .  കുറച്ചു നേരം  നിശബ്ദം ആകും , പിന്നെയും  പഴയ പടി . 

പത്മനാഭനും കൊച്ചു നാണുവും  അന്ന് ചെറുപ്പമാണ് ,  അരീക്കരയിലെ  ഒട്ടു മിക്ക വീടുകളിലും  പൂട്ടും താക്കോലും  കൂന്താലിയും തൂമ്പയും  വെട്ടു കത്തിയും  പിച്ചാത്തിയും  എന്ന് വേണ്ട ഇരുമ്പിന്റെ  പണി ഇല്ലാത്ത  ഒരു വീടും ഇല്ലായിരുന്നു . ഇവര്‍ രണ്ടു പേരും  വീടുകളില്‍ പോയി  പണി ചെയ്തും പണി പിടിച്ചും മൂത്ത കൊല്ലന്‍  വീട്ടില്‍ ഇരുന്നും  പണി ചെയ്തു  ഉപജീവനം  കഴിക്കുന്നു .  എന്റെ വീട്ടില്‍  പത്തു പതിനഞ്ചും  കൂന്താലിയും തൂമ്പയും ഒക്കെ കാച്ചിക്കാനും വായ്ത്തല  വെക്കാനും  കുഴ  വെക്കാനും  പിടി ഇടീക്കാനും ഒക്കെ  എല്ലാക്കൊല്ലവും  ഉണ്ടാവും . ഏതെങ്കിലും പണിയും  ആയി  പത്മനാഭനൊ കൊച്ചു നാണുവോ മിക്കപ്പോഴും  വീട്ടില്‍ വരും. കൊല്ലന്മാരുടെ  വീട്ടില്‍ പോവാന്‍  എനിക്ക് വലിയൊരു  കാരണം കൂടി  ഉണ്ടായിരുന്നു . പത്മനാഭന്‍  കൊല്ലന്റെ  മൂത്ത മകന്‍  മോഹനന്‍  എന്റെ കൂടെ  വട്ടമോടിയില്‍ ഒരുമിച്ചു  ഒരേ ക്ലാസില്‍  പഠിക്കുന്ന കൂട്ടുകാരന്‍ കൂടി ആയിരുന്നു . മോഹനന്‍  ഒരിക്കല്‍  ഒരു  ചെറിയ ഇരുമ്പു കഷണം അടിച്ചു പരത്തി  അതി മനോഹരമായ  ഒരു കൊച്ചു പിച്ചാത്തി , ഒരു ചെറിയ കറികത്തി പോലെ തന്നെ , ഉണ്ടാക്കി  സ്കൂളില്‍  കൊണ്ട് വന്നു .സ്കൂളില്‍  ഉള്ള ചെറിയ മാവില്‍  നിന്നും എറിഞ്ഞു  വീഴ്ത്തിയിടുന്ന   കണ്ണി മാങ്ങ     ഈ  കത്തി  കൊണ്ട്  ചെറു  കഷണങ്ങള്‍ ആക്കി  ഉപ്പും  മുളകുപൊടിയും  ഒക്കെ ചേര്‍ത്ത്  കഴിക്കുമായിരുന്നു .  വീട്ടില്‍ അറിയാതെ  ഉള്ള  ഈ മാങ്ങാ  തീറ്റി  അന്ന്  വട്ടമോടി സ്കൂളിലെ മിക്ക കുട്ടികളുടെയും  കലാപരിപാടി ആയിരുന്നു . 
  കൂന്താലിയും  തൂമ്പയും  ഒക്കെ കൊണ്ട് പോയാല്‍  പിന്നെ  അത് എന്തായി എന്ന് തിരക്കാന്‍  അച്ഛനെ  എന്നെയാണ്  എപ്പോഴും  കൊല്ലന്മാരുടെ  വീട്ടിലേക്കു  വിടുക . അത്  മോഹനനുമായി  കൂട്ട്  കൂടാന്‍ പറ്റുന്നതിനാല്‍ എനിക്ക്  അതിയായ  സന്തോഷവും ആയിരുന്നു .  ഞാന്‍ ആലയില്‍ ചെല്ലുമ്പോള്‍  വീട്ടിലെ കൂന്താലിയോ  തൂമ്പയോ  ഒക്കെ തല്ലി പഴുപ്പിച്ചു കൊണ്ടിരിക്കുകയായിരിക്കും . മൂത്ത കൊല്ലന്‍  ചിലപ്പോള്‍  ചുമ്മാ നോക്കിയിരിക്കും , മക്കള്‍  പത്മനാഭനൊ കൊച്ചു നാണുവോ  പണി ചെയ്തിരിക്കുമ്പോള്‍  എന്തെങ്കിലും  കുറ്റം കണ്ടാല്‍ ചെവിക്കുറ്റിക്കോ  തലക്കോ നല്ല അടിയും  കൊടുക്കും . ഇത്രയും  പ്രായം ആയ  മക്കളെ  ഇങ്ങനെ  തല്ലുന്നത് കാണുമ്പോള്‍  എനിക്ക് വീട്ടി നിന്നും സ്ഥിരം കിട്ടുന്ന  തല്ലു  ഭേദം തന്നെ  എന്ന് തോന്നും .

കാലം ചെന്നപ്പോള്‍  കൊച്ചു നാണു താഴേക്കു  മറ്റൊരു വീട് കെട്ടി , ആലയും  പണിതു  താമസം  മാറ്റി . മൂത്ത കൊല്ലന്റെ  കാലം  കഴിഞ്ഞപ്പോഴേക്കും  മക്കള്‍  തമ്മില്‍  കണ്ടാല്‍ മിണ്ടാതായി. അതോടെ  വീട്ടിലെ പണികള്‍ ഒക്കെ  പത്മനാഭന്‍ ആയി , അത് കാരണം കൊച്ചു നാണു  കണ്ടാല്‍ മിണ്ടാതായി . പലപ്പോഴും  എനിക്ക്  പത്മനാഭന്റെ  വീട്ടിലേക്കു  പോവുമ്പോള്‍  കൊച്ചു നാണു  ഉടനെ വീട്ടിലേക്കു  കയരിപ്പോവുന്നത് കാണേണ്ടി വരും . 

ഞാന്‍ ചിലപ്പോള്‍  ആലയില്‍  ഇരുന്നു മോഹനന്‍  അച്ഛന്‍  പത്മനാഭനെ  പണിയില്‍ സഹായിക്കുന്നത്  നോക്കിയിരിക്കും . കൊല്ലത്തി  ചിലപ്പോള്‍  കട്ടന്‍ കാപ്പിയോ  ഒക്കെ  ആയി വരുമ്പോള്‍ 

" അനിയന്‍  കുഞ്ഞിനു  ഒരു  കട്ടന്‍ കാപ്പി  എടുക്കട്ടെ, കരിപ്പെട്ടിയാ  , പഞ്ചാരയല്ല  "
സത്യത്തില്‍   എനിക്ക്  കൊതി  കാരണം  അത് വാങ്ങി     കുടിച്ചാല്‍   കൊള്ളം   എന്നൊക്കെ ആഗ്രഹമുണ്ട് , പക്ഷെ  അമ്മയെങ്ങാനും  അറിഞ്ഞാല്‍ എന്റെ കഥ  കഴിഞ്ഞത് തന്നെ . അതോര്‍ത്ത്  വളരെ മാന്യനായി  വേണ്ട  എന്ന് പറയും . ഒരു കൊല്ലത്തി  തന്ന  കാപ്പി    കുടിച്ചാല്‍  എന്താ  ആകാശം ഇടിഞ്ഞു വീഴുമോ ?

വട്ടമോടി സ്കൂളില്‍  ഒരിക്കല്‍  മോഹനന്‍  വീട്ടില്‍ നിന്നും  വട്ടയിലയില്‍  ഒരു പൊതി കൊണ്ട് വന്നു ,വല്ല്യ കൊല്ലത്തി  ഉണ്ടാക്കി കൊടുത്തു വിട്ടതാണ് , വട്ടയിലയില്‍  കുറച്ചു  ഉണക്ക കപ്പ  വേവിച്ചു  പച്ച തേങ്ങ ചീകി  ഇട്ടതു , അത്രയും രുചി ആയി കപ്പ അന്ന് വരെ ഞാന്‍ കഴിച്ചിട്ടില്ല , ബാക്കി വന്ന  പൊതി  നിക്കറിന്റെ പോക്കറ്റില്‍ ആക്കി   ഞാന്‍ സ്കൂള്‍ വിട്ടു . 

പിറ്റേ ദിവസം  എഴുനേറ്റതു  അമ്മയുടെ  വട്ട കമ്പ് കൊണ്ടുള്ള  ഭീകരമായ  അടി കൊണ്ടാണ് 
" ഇത് പോലെ  ഒരു ദരിദ്രവാസി  ചെറുക്കന്‍ ... എന്റീശ്വരാ" 
 കരച്ചിലും ശകാരവും ശാപവും ആയി  അമ്മയുടെ  പതിവ്  പല്ലവി . ഒടുവില്‍ ആണ് അമ്മ  എന്റെ പോക്കറ്റില്‍ നിന്നും  ബാക്കി വന്ന പൊതി  കണ്ടു പിടിച്ചു  എന്ന്  മനസ്സിലായത്‌ , അടി മുഴുവനും കൊണ്ടിട്ടും അത്  കൊല്ലത്തി  കൊടുത്ത്തയച്ച്താനെന്നു  മാത്രം പറഞ്ഞില്ല .

കാലം  കുറെ കഴിഞ്ഞു , ഒരു ദിവസം  അമ്മ  അടുക്കള  മുറ്റത്തു നില്‍ക്കുകയാണ് , ദൂരെ നിന്നും താടിയും  മുടിയും കണ്ണാടിയും  ഒക്കെ ആയി  ഒരു  മധ്യ വയസ്കന്‍   താഴേന്നു കയറ്റം കയറി  വരുന്നു . 

" ആരാ "
" ഇത് ഞാനാ  സാറേ .. കൊല്ലന്‍ പപ്പനാവന്‍ "

"എവിടാരുന്നു  പപ്പനാവാ .. നാട് വിട്ടു  എവിടെയോ  പോയി  എന്നൊക്കെ കേട്ടല്ലോ ?"

അമ്മ  മാത്രമല്ല  ,  അപ്പോഴേക്കും  പ്രീ ഡിഗ്രി ആയ ഞാനും അയാളെ തിരിച്ചറിഞ്ഞില്ല , അത്രയ്ക്ക്  കോലം തിരിഞ്ഞു പോയി  അയാള്‍ , പെട്ടന്ന് ഒരു  പാട് വൃദ്ധന്‍ ആയതു പോലെ 

അടുക്കളയുടെ ചായ്പ്പില്‍  അയാള്‍  കൊരണ്ടിയിലിരുന്നു  അമ്മ കൊടുത്ത  കഞ്ഞി ആര്‍ത്തിയോടെ മോത്തികുടിച്ചു  കഥകള്‍  ഓരോന്നായി  പറഞ്ഞു 
 അയാളെ  നക്സല്‍  കേസുകള്‍  അന്വേഷിച്ച  പോലീസ്  കള്ളതോക്ക്  ഉണ്ടാക്കി  കൊടുത്തു  എന്ന് ആരോപിച്ചു  പിടിച്ചു കൊണ്ട് പോയി . കണ്ടമാനം  ഉപദ്രവിച്ചു .  പിന്നെ കേസായി , ജയിലായി , അവസാനം  താടിയെല്ലിനു  ക്യാന്‍സര്‍ ആണെന്ന്  മനസ്സിലായി  ശിക്ഷ  ഇളവു ചെയ്തു  വിട്ടയച്ചു . തിരുവനതപുരത്ത്  ക്യാന്‍സര്‍ ആശുപത്രിയില്‍  പണ്ട്  പരിചയം ഉള്ള  ഒരു ക്രിസ്ത്യാനി  കുടുംബത്തിലെ  ഡോക്ടര്‍  ടെ  കരുണ കൊണ്ട് മുഴുവന്‍ ചികിത്സയും  താമസവും ഒക്കെ  സൌജന്യമായി  നല്‍കി .അങ്ങിനെ  ഒരുവിധം  ജീവിതം വീണ്ടു പച്ച പിടിച്ചു  അരീക്കര  തിരികെ വന്നു . കഥകേട്ടു  അമ്മയുടെ  കണ്ണ് നിറഞ്ഞു  ഒഴുകുന്നത്‌  കണ്ടു  എന്റെയും  കണ്ണ് നിറഞ്ഞു . കുറെ രൂപയും തുണികളും  ചക്കയും തേങ്ങയും ഒക്കെ  കൊടുത്തു  യാത്രയാക്കി .

 "സാറേ , ഇനിയുള്ള പണിയൊക്കെ  എനിക്ക് തരണം ,  കൊച്ചു നാണു  എന്റെ അനിയനാ , പക്ഷെ  അവനു പണി കൊടുത്താല്‍  എന്റെ  കുടുംബം  പട്ടിണിയാകും "

 തലയില്‍ ചാക്കും  വെച്ച് തിരികെ നടക്കുന്ന  അയാളെ  നടന്നു  മറയുന്നത് വരെ  ഞാന്‍ നോക്കി നിന്നു . 

അപ്പോളെക്കു  വീട്ടില്‍ കൃഷി  പണികള്‍ ഒക്കെ  നിന്നു, നെല്‍കൃഷി പൂര്‍ണമായും  നിര്‍ത്തി , വല്ല  വെട്ടിരുമ്പോ  പിച്ചാത്തിയോ തേക്കുന്ന  പണി അല്ലാതെ  കൊല്ലനു മറ്റു പണി ഒന്നും ഇല്ലാതായി .  അയാളുടെ മകന്‍  മോഹനന്‍  പത്താം തരം  പഠിച്ചു , പിന്നെ  കുറെ നാള്‍ താല്‍ക്കാലിക  പോസ്റ്റ്‌ മാന്‍ ആയി ,  പിന്നെ ഏതോ വര്‍ക്ക്‌ ഷോപ്പില്‍  പോയി , പിന്നെ ഗള്‍ഫില്‍  പോയി  എന്ന് കേട്ടു.

കഴിഞ്ഞ ക്രിസ്തമസ് അവധിക്കാലത്ത്‌  ഞാന്‍ അച്ഛന്റെ കൂടെ  പഴയ കുടുംബ വീടായ  കിഴക്കേക്കര  പോയി മടങ്ങി വരുമ്പോള്‍  ഉണ്ട്  മോഹനന്‍  എതിരെ  വരുന്നു . ഒരുപാട്  നാള്‍ കഴിഞ്ഞു  കാണുന്ന  ഒരു സ്നേഹ  സംഗമം . പഴയ  കഥകള്‍  പറഞ്ഞു  ഞങ്ങള്‍  കുറെ നേരം  റോഡില്‍  തന്നെ നിന്നു .

" മോഹനാ,  വല്ല്യ പണിക്കത്തി ....?"
"  അനിയാ , വല്യമ്മ   മരിച്ചിട്ട്  കൊല്ലം എത്രയായി ?"

 ഒരു വട്ടയിലയില്‍  പൊതിഞ്ഞ പച്ച തേങ്ങ ചീകിയിട്ട  ഉണക്ക കപ്പയും  അമ്മയുടെ  ഭീകരമായ  അടിയും  ഒക്കെ എന്റെ മനസ്സിലേക്ക്  ഓടിയെത്തി ,  നടന്നു നീങ്ങുന്ന  മോഹനനെ  ഞാന്‍  നോക്കി  നിന്നു 

" മോഹന്‍", 

ഏയ്‌ , അത്  എന്ത്    വിളിയാ   ,  അങ്ങിനെയല്ല , തിലകന്റെ  ശബ്ദം വേണം , കൂടം കൊണ്ട് അടിക്കുന്നത് പോലെ തോന്നണം ! ഞാന്‍  പഴയ  മിമിക്രി അല്ലെ , ഒന്ന്  ശ്രമിച്ചാലോ .

 ഞാന്‍  നീട്ടി വിളിച്ചു 

" മോഹ ... നോ"

മോഹനന്‍ വെടി കൊണ്ടത്‌ പോലെ   നിന്നു ,
" എന്താ അനിയാ  വിളിച്ചത് ? 
 ഞാന്‍  നടന്നു അടുത്ത് ചെന്നു, 
"ഒന്നുമില്ല മോഹനാ , നിന്നെ ഒന്ന്  കെട്ടിപ്പിടിക്കണം "
' എന്റനിയാ, ഇത്രേം  പഠിപ്പും  വിവരവും ഒക്കെ ആയിട്ടും പിള്ളാര്‌  കളി മാറിയില്ലേ ?"
 
പഴയ  കൂട്ടുകാരനെ വീണ്ടും  കെട്ടിപ്പിടിക്കുമ്പോള്‍  എന്റെ കണ്ണ്  നിറഞ്ഞു , അവന്റെയും !