Sunday, 11 May 2014

പ്രീയപ്പെട്ട ടെറർ

 

അച്ഛൻ പട്ടാളത്തിൽ നിന്നും മടങ്ങി എത്തിയതോടെ അതുവരെ കാട് പിടിച്ചു കിടന്നിരുന്ന പറമ്പുകൾ വെട്ടിത്തെളിച്ചും കയ്യാലകൾ കെട്ടി ഭൂമി തട്ടുകൾ ആയി തിരിച്ചും കൃഷി ചെയ്യാൻ തീരുമാനിച്ചു , അന്ന് വീട് നില്ക്കുന്ന കുറച്ചു സ്ഥലം ഒഴിച്ചാൽ ബാക്കി ഒക്കെ കുറ്റിക്കാടുകളും പറങ്കിമാവിൻ തോട്ടങ്ങളും ഒക്കെ ആയിരുന്നു . എങ്ങോട്ട് നോക്കിയാലും ഇഴയുന്ന പാമ്പുകളും .രാത്രി ആയാൽ വെളിച്ചമില്ലാതെ മുറ്റത്തേക്ക്‌ പോലും ഇറങ്ങാൻ ധൈര്യമില്ല , അമ്മ അരീക്കരയെ ഭയപ്പെട്ടിരുന്നതും വെറുത്തത്തിനും മുഖ്യ കാരണം ഈ പാമ്പുകൾ ആണെന്ന് പറയാം . അന്ന് ടോയ്ലെറ്റ് വീടിനുള്ളിൽ പണിയുന്ന സമ്പ്രദായം ഇല്ല . അത് എരുത്ത്തിലും ( തൊഴുത്ത് ) കഴിഞ്ഞു പടികൾ ഇറങ്ങി പോകണം . രാത്രിയിൽ മുറ്റത്തേക്ക്‌ ഇറങ്ങിയാലുടാൻ ശീൽക്കാരശബ്ദം കേട്ട് ഓടി വീട്ടിൽ കയറിയതും റാന്തൽ വിളക്ക് തെളിച്ചു കൊണ്ടുവന്നു നോക്കുമ്പോൾ വീടിന്റെ പടികൾ കടന്നു ഇഴഞ്ഞു നീങ്ങുന്ന ഉഗ്രവിഷമുള്ള മൂർഖൻ പാമ്പുകളെ എത്രയോ തവണ കണ്ടു അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞിട്ടുണ്ട് .

അച്ഛൻ വന്നതിനു ശേഷം പട്ടാളത്തിൽ നിന്നും കൊണ്ടുവന്ന ടോര്ച് അടിച്ചു മുറ്റത്തും പറമ്പിലേക്കും ഒക്കെ നോക്കുമ്പോൾ ഒക്കെ മൂർഖനൊ അണലിയൊ ഒക്കെ ഇഴയുന്നത്‌ കണ്ടിട്ടുണ്ട് . അന്നൊക്കെ വിഷമുള്ള പാമ്പിനെ കണ്ടാൽ ഉടൻ തല്ലി ക്കൊല്ലുക എന്നൊരു നാട്ടു നടപ്പെ നിലവിലുള്ളൂ . അച്ഛൻ ആണെകിൽ എത്ര വലിയ പാമ്പ്‌ ആണെങ്കിലും അത് പത്തി വിടർത്തി നിൽക്കുമ്പോൾ അനങ്ങാതെ നില്ക്കുകയും വീണ്ടും ഇഴഞ്ഞു നീങ്ങുമ്പോൾ തലക്ക് തന്നെ കൃത്യം അടിക്കുകയും ചെയ്യാൻ കഴിയുന്ന വൈദഗ്ധ്യം ഉള്ള ആളുമായിരുന്നു . അന്നൊക്കെ ഒരു മാസത്തിൽ ഒരു മൂർഖനെ എങ്കിലും ഇങ്ങനെ അച്ഛൻ അടിച്ചു കൊല്ലുക പതിവായിരുന്നു. അന്ന് അരീക്കര മുഴുവൻ കപ്പയും വാഴയും നെല്ലും പാടവും കോഴിയും ഒക്കെ ഉണ്ടായിരുന്നതിനാൽ തവളയും വലിയ പന്നി എലികളും കീരിയും കുളക്കൊഴിയും ചേരയും അണലിയും ശംഖു വരയനും മൂർഖനും ധാരാളമായി ഉണ്ടായിരുന്നു .

" നമുക്കൊരു നല്ല പട്ടിയെ വാങ്ങണം "

അച്ഛൻ തന്നെ അത് പറഞ്ഞപ്പോൾ ഏറ്റവും സന്തോഷിച്ചത്‌ ഞങ്ങൾ കുട്ടികൾ ആണ് . പൂച്ചയെ എന്തുകൊണ്ടോ ഞങ്ങള്ക്ക് ആർക്കും അത്ര പിടുത്തമില്ലയിരുന്നു. അന്ന് ഞങ്ങള്ക്ക് ഓമനിക്കാൻ വീട്ടിലെ പശുക്കുട്ടിയും കരിങ്ങാട്ടിലെ ആട്ടിൻ കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ . അച്ഛൻ കൊണ്ടുവരുന്ന പട്ടിക്കുഞ്ഞിനെ സ്വപനം കണ്ടു ഞങ്ങൾ ദിവസങ്ങൾ തളളി നീക്കി. എന്നാൽ അമ്മയാകട്ടെ കുട്ടികളെ നോക്കാൻ തന്നെ പ്രയാസപ്പെടുന്ന ആ വീട്ടിലേക്കു ഒരു പട്ടിയെക്കൂടി കൊണ്ടുവരുനതിനു ഒട്ടും അനുകൂലം ആയിരുന്നില്ല .
" എന്നെക്കൊണ്ടൊന്നും വയ്യ ഇനി അതിനെ കുളിപ്പിക്കാനും ചോറ് വെക്കാനും , ആരാന്നു വെച്ചാ തന്നെ അങ്ങ് നോക്കിയെച്ചാൽ മതി , "

അച്ഛൻ തന്നെ പത്രം നോക്കി പ്രസവം അടുത്ത് നില്ക്കുന്ന ഒരു അൽസേഷ്യൻ ക്രോസ് പട്ടിയുടെ കുഞ്ഞുങ്ങളെ വില്ക്കാനുണ്ട് എന്ന പരസ്യം കണ്ടു ഒരു കാർഡിട്ടു . തിരുവല്ലായുള്ള ഒരു ക്രിസ്ത്യാനി കുടുംബം ആണ് പരസ്യം ചെയ്തിരിക്കുന്നത് . ഞങ്ങൾ മൂന്നു കുട്ടികളും കിട്ടാൻ പോകുന്ന പട്ടിക്കുട്ടിയെ സ്വപ്നം കണ്ടു ആ ദിവസങ്ങൾ തളളി നീക്കി .
എനിക്ക് ചുവന്ന കുഞ്ഞു മതി , എനിക്ക് വെളുത്ത പട്ടിക്കുട്ടി മതി , എനിക്ക് കറുത്തവൻ മതി എന്നീങ്ങനെ ഞങ്ങളുടെ തർക്കം നീളുന്നത്തിനിടയിൽ തിരുവല്ലായിൽ നിന്നും അച്ഛന് കാർഡു വന്നു

" ഉടനെ വന്നാൽ പട്ടിക്കുട്ടിയെ വാങ്ങാം , വില ഇരുപതു രൂപ "

അച്ഛൻ ആ വിലകേട്ട്പ്പോൾ ഒന്ന് എതിർത്തു നോക്കി . അന്ന് ഞങ്ങളുടെ വീട് പണി തുടങ്ങിയ കാലം . ഒരു ചാക്ക് സിമന്റിന് 9 രൂപ , ഒരു ലോറി മണലിനു 40 രൂപ , ഒരു തൊഴിലാളിയുടെ കൂലി 5 രൂപ . അപ്പോൾ ഒരു പട്ടിക്കുട്ടിക്ക് 20 രൂപ അച്ഛന്റെ ഭാഷയിൽ " ഒരു അക്രമം " തന്നെ ആയിരുന്നു . പക്ഷെ ഞങ്ങൾ ഒരുപാട് കരഞ്ഞു കാലിൽ വീണപ്പോൾ അച്ഛന്റെ മനസ്സലിഞ്ഞു .

" ഏതായാലും ഒന്ന് പോയി നോക്കാം , കൊള്ളാമെങ്കിൽ 15 രൂപ പറഞ്ഞു നോക്കാം "

അന്ന് അച്ഛന്റെ സൈക്കിളിൽ പിൻ വശത്ത് പ്ലാസ്റ്റിക്കു കൊണ്ട് വരിഞ്ഞ ഒരു ചതുര പെട്ടി ഉണ്ടായിരുന്നു . അത് പത്രവും ചാക്കും ഒക്കെ വെച്ച് അതിന്റെ അടപ്പ് പൊക്കിവെക്കാൻ ഒരു മടൽ ചീകി ഇരുട്ടി ഒരു ഇഴക്കയരും കരുതി അച്ഛൻ തിരുവല്ലക്ക് പുറപ്പെട്ടു . പ്രസവിച്ച കുഞ്ഞിനെ ആശുപത്രിയിൽ നിന്നും കൊണ്ടുവരുന്നത് കാത്ത്തിരിക്കുന്നപോലെ ഞങ്ങൾ ആ അവധിദിവസം അച്ഛനെ നോക്കിയിരുന്നു .

ഊണ് നേരമായീട്ടും അച്ഛനെ കാണുന്നില്ല . വിശന്നു നോക്കിയിരുന്നു ഞങ്ങൾ മടുത്തു , അമ്മയാനെകിൽ വിശന്നു ജീവൻ പോകുന്നു എന്ന് പറഞ്ഞു കഴിച്ചു കിടന്നു . ഒടുവിൽ രണ്ടുമണിയോടെ അച്ഛൻ സൈക്കിളും കയറ്റത്തിൽ തള്ളിക്കൊണ്ട് വരുന്നത് കണ്ടു ഞങ്ങൾ റോഡിലേക്ക് ഓടി .

അച്ഛൻ സൈക്കിൾ മുറ്റത്ത് കൊണ്ടുവന്നു നിർത്തി സൈഡ് പെട്ടി യുടെ അടപ്പ് കയർ കൊണ്ട് കെട്ടി വെച്ചിരുന്നത് അഴിച്ചു തുറന്നപ്പോൾ കണ്ട കാഴ്ച ഞങ്ങളുടെ കണ്ണും കരളും കവർന്ന ഒന്നായിരുന്നു . അവനെ ആദ്യം കയ്യില എടുക്കാൻ ഞങ്ങൾ പരസ്പരം മത്സരിച്ചു . ഏറ്റവും ആദ്യം ജ്യോതിക്ക് ആണ് അവനെ എടുക്കാൻ ഭാഗ്യം കിട്ടിയത് . അവന്റെ കൈയ്യിൽ നിന്ന് എനിക്ക് കിട്ടാൻ കുറെ പണിപ്പെടേണ്ടിവന്നു.

അവൻ ഒരു ഓമന തന്നെയായിരുന്നു . മുഖത്തും വാലിലും കറുപ്പ് നിറമുള്ള ഒരു ചെമ്പൻ കുഞ്ഞു !

" ഹോ , ഒരു മയവും ഇല്ലാത്ത ആളുകളാ , ഒറ്റ പൈസാ കുറയില്ലന്നു പറഞ്ഞു , ഞാൻ രണ്ടു തവണ സൈക്കിൾ എടുത്തു തിരിച്ചു പോന്നതാ , എന്നാൽ എനിക്ക് ഇവനെയങ്ങു പിടിച്ചു , ഉള്ളതിൽ ഏറ്റവും ചുണയൻ ഇവനായിരുന്നു , എന്നാലും ഇതുപോലെ ഒരു അക്രമം ഉണ്ടോ , ഇരുപതു രൂപ ഒരു പട്ടിക്കു "

അച്ഛൻ കൊടുത്ത ഇരുപതു രൂപയുടെ വിലയൊന്നും ഞങ്ങള്ക്ക് അറിയില്ലായിരുന്നു . അവനെ ഒരു സെക്കന്റ്‌ താഴെവെക്കാൻ എനിക്ക് മനസ്സ് വന്നില്ല .അത്രയ്ക്ക് അഴകും ഓമനത്വവും ഉള്ള ഒരു സുന്ദരക്കുട്ടൻ ആയിരുന്നു അവൻ .

" അയ്യേ , അതിനെയൊക്കെ എടുത്തോണ്ട് പുരക്കകത്തെക്ക് എങ്ങും വന്നെക്കല്ല് , ചെള്ളും രോമവും ഒക്കെ വീട്ടിലാകും "

അമ്മ അങ്ങിനെയൊക്കെ പറഞ്ഞെങ്കിലും അമ്മയ്ക്കും അവനെ പിടിച്ചു എന്ന് ആ മുഖം കണ്ടാലറിയാമായിരുന്നു . അവനു പാല് കൊടുക്കാൻ ചെറിയ ഒരു സ്റ്റീൽ കിണ്ണം അടുക്കളയിൽ നിന്ന് തപ്പിയെടുത്ത്തതും അമ്മ തന്നെയായിരുന്നു . അവൻ ചുണയോടെ പാല് കുടിക്കുന്നത് അമ്മ നോക്കി നിന്നു.

ആദ്യദിവസം അവനു ഉറങ്ങാൻ ഒരു കാർഡു ബോർഡു പെട്ടി കണ്ടുപിടിച്ചു അതിൽ ചാക്കും തുണിയും ഒക്കെ വിരിച്ചു വരാന്തയുടെ മൂലയ്ക്ക് സ്ഥാപിച്ചു . അവൻ ഉറങ്ങിയിട്ടും ആ ഉറക്കം നോക്കി നിന്നു ഉറക്കം കളയാൻ ഞങ്ങൾക്ക് മടിയിലായിരുന്നു .

" ഇന്നലെ ഞാൻ ഒരുപോള കണ്ണടച്ചില്ല, ഈ പട്ടിയുടെ മാക്ക് മാക്ക് കാരണം ... എന്തോ കരച്ചിലായിരുന്നു , ചില കൊച്ചു പിള്ളേരെപ്പോലെ ?"
അമ്മയുടെ പറച്ചിൽ കേട്ടാണ് ഞാൻ ഉണർന്നത്. അമ്മ അടുക്കളയിൽ എണ്ണയിൽ കുരുമുളകും വെളുത്തുള്ളിയും ഒക്കെ ചതച്ചിട്ട് അത് ചൂടാക്കുന്നത് കണ്ടു അച്ഛന് ദേഷ്യം വന്നു

" എന്തോ പ്രാന്തോക്കെയാ ഈ കാണിക്കുന്നേ , എണ്ണ പുരട്ടി കുളിപ്പിക്കാൻ ഇതെന്താ പൊടിക്കുഞ്ഞാണോ ?"

സത്യത്തിൽ അമ്മയുടെ എണ്ണപ്രയൊഗവും അത് കഴിഞ്ഞു ചൂടുവെള്ളത്തിൽ ഉള്ള കുളിയും കഴിഞ്ഞതോടെ അവനെ ശല്യപ്പെടുത്തിയിരുന്ന ക്ഷുദ്ര ജീവികളുടെ ഉപദ്രവം നിലച്ചു .അവൻ കൂടുതൽ ചുണയോടെ പാല് കുടിക്കാനും ഞങ്ങളുടെ കൂടെ ഓടിക്കളിക്കാനും തുടങ്ങി . അന്ന് രാത്രി പാല് കുടിച്ചു അവൻ സുഖമായി ഉറങ്ങി . അമ്മയും .
അരീക്കരയിലെ വീട്ടിൽ അവന്റെ ഓട്ടവും ചാട്ടവും കരച്ചിലും കുരച്ചിലും കളിയും കൊണ്ട് ഞങ്ങൾ കുട്ടികളുടെ ജിവിതം മാറി . അവൻ അരീക്കര വീട്ടിലെ ഏറ്റവും വിലപിടിപ്പുള്ള അംഗമായി . ഞങ്ങളുടെ അരുമയായി . അമ്മയുടെ കുസൃതിയായി . അച്ഛന്റെ നിഴലായി .

അവനു ഇടാൻ പല പേരുകളും ഞങ്ങൾ കൊണ്ടുവന്നു , ജിമ്മി , ടോമി , ജിക്കി , വിക്കി , റ്റൈഗെർ , പക്ഷെ ഒന്നും അച്ഛന് ഇഷ്ടപ്പെട്ടില്ല . ഒടുവിൽ അച്ഛൻ തന്നെയാണ് ഹിന്ദു പേപ്പർ വായിച്ചു ഞങ്ങൾ ആരും അതുവരെ കേട്ടിട്ടില്ലാത്ത ഒരു പേര് കണ്ടുപിടിച്ചത്

"ടെറർ"

അച്ഛൻ തന്നെ അതിന്റെ അർത്ഥവും വിവരിച്ചു തന്നു . ആരുകേട്ടാലും ഒന്ന് പേടിക്കണം പക്ഷെ ആ പേര് പോലെ ഭീകരം ഒന്നും അവൻ ആയിരുന്നില്ല , പ്രത്യേകിച്ചും ഓമനിച്ചു മതിയാകാത്ത ആ പ്രായത്തിൽ .
ഞങ്ങൾ സ്കൂളിൽ നിന്നു വരാൻ ടെറർ നോക്കി നില്ല്കും , ഞങ്ങളുടെ കൂടെ ഓടി കളിക്കും . അമ്മയെ പേടിച്ചു ചില മുറികളിൽ കയറാൻ മടിച്ചു നില്ക്കും . അച്ഛനെ കാണുമ്പോൾ ഞങ്ങളെ മറന്നു ഒരു ഓട്ടം , അടുത്ത് ചെന്ന് സ്നേഹവും ബഹുമാനവും എല്ലാം ഒറ്റക്കുരയിൽ , അല്ലെങ്കിൽ ഒരു ദേഹത്ത് ചാടിക്കയറി ഒരു പ്രകടനം . ടെറർ വളരുകയായിരുന്നു .

അവനു കഴുത്തിൽ ബെല്ടും തുടലും വാങ്ങിയ ദിവസം ,അപകടം മണത്തറിഞ്ഞു ഓടി മറഞ്ഞെകിലും അച്ഛൻ വിളിച്ചപ്പോൾ അനുസരണയോടെ നിന്നു കൊടുത്തു . തുടലും ബെല്ടും ഒക്കെ ആയപ്പോൾ ആകെ ഒരു ഗൌരവക്കാരൻ ആയി . മുറ്റത്തെ പേര് മരത്തിന്റെ ചുവടു അവന്റെ താവളം ആയി അച്ഛൻ പ്രഖ്യാപിച്ചു . അതോടെ അവൻ ആ വീട്ടിലെ സെക്യൂരിറ്റി യുടെ ചുമതലക്കാരൻ ആയെന്ന ഒരു ഭാവവും നോട്ടവും കുരച്ചിലും ഒക്കെ ആയി . അവന്റെ ഉച്ചത്തിലുള്ള കുര അരീക്കരയിലെ വീടിനെ സദ്ദസമയവും ശബ്ദായന്മാക്കി . അവനെ അഴിച്ചു വിടുന്ന സമയം അവനു ഏകദേശം കൃത്യമായി മനസ്സിലായിത്തുടങ്ങി . കുട്ടികളോട് കളിയും ചിലപ്പോൾ ഒരു മുറുമുറുപ്പും അച്ഛനോട് സദാസമയം ബഹുമാനവും അവൻ ശീലിചെടുത്തു. കുളിപ്പിക്കാൻ ഞങ്ങൾ അഴിക്കാൻ ചെല്ലുമ്പോൾ ഒരു പ്രതിഷേധ കുരയും അച്ഛൻ ചെല്ലുമ്പോൾ വിനയവും ആ സൂത്രശാലി പഠിച്ചു വെച്ചിരുന്നു .

അവൻ വളര്ന്നതോടെ വലിയ ശൌര്യക്കാരനും തന്റെടിയും പരാക്രമിയും ആണെന്ന് ഞങ്ങൾക്ക് മനസ്സിലായിത്തുടങ്ങി . ഭക്ഷണം ഇറച്ചിയും മീനും മുട്ടയും ഒക്കെ ആയതോടെ ആൾ വളർന്നു, അവന്റെ മുഖത്തെ കറുപ്പ് കൂടുതൽ പ്രകടമായി , വീട്ടിൽ വരുന്നവരൊക്കെ പടിക്കൽ നിന്നു അവനെ പൂട്ടിയോ എന്ന് ചോദിച്ചിട്ട് മാത്രം മുറ്റത്തേക്ക്‌ വരാൻ തുടങ്ങി . അതിക്രമിച്ചു കടക്കുന്ന ആരെയും അത് പൂച്ചയോ മറ്റൊരു പട്ടിയൊ കക്കയോ കീരിയോ ആയാലും അവൻ ശരിക്കും വിരട്ടി ഓടിക്കാൻ തുടങ്ങി . പറമ്പിൽ അവന്റെ കുര കൊണ്ട് മാത്രം അനവധി പാമ്പുകളെ അച്ഛൻ കാണാനും കൊല്ലാനും കാരണമായി .

പകൽ സമയങ്ങളിൽ അവന്റെ ഉച്ചത്തിലുള്ള കുര അരീക്കരയിലെ വീടിന്റെ പ്രതാപത്തിന്റെ ചിഹ്നം ആയി മാറി . രാത്രി ഉച്ചത്തിലുള്ള കുര കേട്ടാൽ ആ കുരയുടെ സ്വഭാവം കൊണ്ട് അത് പാമ്പാണോ മനുഷ്യരാണോ അതോ പന്നിയെലി ആണോ എന്ന് തിരിച്ചറിയാൻ സാധിക്കുന്ന അവസ്ഥ എത്തി .

ഒരിക്കൽ ഓണക്കാലത്ത് ദേഹമാസകലം ഉണക്കപ്പുല്ല് വെച്ച് കെട്ടി കടുവയും വെടിവെപ്പുകാരനും കൊട്ടും പാട്ടുമായി വീട്ടിലേക്കു നടന്നടുക്കുകയാണ് . പേരയുടെ ചുവട്ടിൽ ഉഗ്രൻ കുരയുമായി ചാടി കയര്ത്ത് നിന്നിരുന്ന ടെറർ എങ്ങിനെയോ തുടൽ പൊട്ടിച്ചു കടുവയുടെ നേരെ ഒരു ചാട്ടം , കടുവും വേട്ടക്കാരനും ജീവനും കൊണ്ട് താഴേക്കു ഓടി നിരവധി കയ്യാലകൾ ചാടിക്കടന്നു ഒടുവിൽ താഴെ കുളത്തിൽ ചാടി . ടെറർ കുറച്ചു കൊണ്ട് കരക്കും.

പ്രായം കൂടുംതോറും അവൻ പാമ്പുകളെ എങ്ങിനെയോ തന്റെ വർഗ ശത്രുക്കളായി പ്രഖ്യാപിച്ചു . പലപ്പോഴും ചേരയും ചെറിയ പാമ്പുകളെയും ഒക്കെ ചാടിപ്പിടിച്ചു കടിച്ചു കുടയുന്ന ഒരു വേട്ടയാടൽ അവൻ പഠിച്ചു . ഏറ്റവും അപകടകരമായ ഒരു തീക്കളി ആയിരുന്നു അത് . ഒരിക്കൽ ഉഗ്ര വിഷമുള്ള ഒരു അണലിയുടെ കടിയേറ്റു മരണത്തിൽ നിന്നു കഷ്ടിച്ച് രക്ഷപെട്ടു . ഒന്നും കഴിക്കാതെയും കുടിക്കാതെയും ഉപവാസ വ്രതം അനുഷ്ടിച്ചു അവൻ അത്ഭുതകരമായി രക്ഷേപെട്ടു . അത് കഴിഞ്ഞും എത്രയോ പാമ്പുകളെ അവൻ അച്ഛന് കാണിച്ചു കൊടുക്കുകയും അപകടങ്ങളിൽ നിന്നു രക്ഷപെടുത്തുകയും ചെയ്തു .

ഒരു ദിവസം സന്ധ്യാ നേരത്ത് വീടിന്റെ മുൻവശത്ത് പ്രസിദ്ധമായ " പാമ്പ് കുര " കേട്ട് അച്ഛൻ വടിയൊക്കെ തയ്യാർ ചെയ്തു ടോര്ച് ഉമായി മുറ്റത്ത് വന്നു നോക്കിയപ്പോൾ , ചെടിച്ചട്ടികൾ നിരത്തി വെച്ചിരിക്കുന്ന സിമന്റു പാരപ്പെട്റ്റ് നടിയിൽ പത്തി വിടർത്തി നില്ക്കുന്ന ഉഗ്രമൂര്ത്തിയായി വലിയ ഒരു മൂര്ഖാൻ ! ഒരടി പോലും പിന്നോട്ട് വെക്കാൻ മനസ്സിലാതെ ടെറർ !. അച്ഛന് ഈ പാമ്പ് അവിടെനിന്നും പുറത്ത് കടക്കാതെ അതിനെ അടിക്കാൻ സാധിക്കില്ല . എന്നാൽ കണ്ണ് ചിമ്മിയ വേഗത്തിൽ ടെറർ അതീന്റെ കഴുത്തിൽ കടിച്ചു കുടഞ്ഞു നിലത്തടിച്ചു . അതാണ്‌ അവന്റെ പാമ്പിനെ കൊല്ലുന്ന രീതി . തിരിച്ചു കടിക്കാൻ സാധിക്കാത്ത വിധം കടിച്ചു നിലത്ത്തടിക്കുന്ന ആ രീതി വളരെ പ്രത്യേകത ഉള്ളതാണ് . പക്ഷെ മൂർഖൻ പോലുള്ള പാമ്പുകളെ അച്ഛന് കാണിച്ചു കൊടുത്തു അവൻ പിൻവാങ്ങുകയാണ് പതിവ് . വളരെ പണിപ്പെട്ടാണ് അച്ഛൻ ഇത്തവണ ആ മൂർഖനെ കൊല്ലാൻ സാധിച്ചത് . മൂര്ഖന്റെ കഥ കഴിഞ്ഞു എന്ന് മനസ്സിലായ ഉടൻ ടെറർ എങ്ങോട്ടോ ഓടിമറയുകയും ചെയ്തു .

മൂർഖൻ പട്ടിയെ കടിച്ചോ എന്നൊരു സംശയം അപ്പോഴേ അച്ഛന് ഉണ്ടായിരുന്നു . പലതവണ നീട്ടി വിളിച്ചിട്ടും അവൻ യജമാനനെ തേടി എത്തിയില്ല .

നേരം പുലർന്നപ്പോൾ നടക്കാൻ ഇറങ്ങിയ ആരോ ആണ് പടിക്കൽ റോഡിൽ ഒരു പട്ടി കിടക്കുനത് കണ്ടു എന്ന് പറയുന്നത് . അനങ്ങുന്നില്ല എന്ന് പറഞ്ഞപ്പോൾ എല്ലാം മനസ്സിലായിരുന്നു .

അത് ഞങ്ങളുടെ പ്രീയപ്പെട്ട ടെറർ ആയിരുന്നു !

പത്തുവര്ഷം അരീക്കര വീട്ടിലെ ഒരംഗത്തെ പോലെ ജീവിച്ചു വീരചരമം അടഞ്ഞ ടെറർ !
അവനെ മാറ്റി നിർത്തി അരീക്കര വീടിന്റെ ഒരു ഓർമയും എനിക്ക് എഴുതാൻ ആവില്ല .

1 comment:

  1. പറയാന്‍ വാക്കുകള്‍ ഇല്ല. അത്രയ്ക്ക് ഹൃദയ സ്പര്‍ശി.

    ReplyDelete