Sunday 10 November 2013

മാലാഖ




അരീക്കര  ചില  പ്രത്യേകതകള്‍  ഉള്ള  ഒരു ഗ്രാമം ആയിരുന്നു .  ഒരൊറ്റ  മുസ്ലീം  കുടുംബം  ഇല്ല ,  ക്രിസ്ത്യാനികള്‍  ആകെ  രണ്ടോ  മൂന്നോ  കുടുംബം മാത്രം .  ശുദ്ധ  ഗ്രാമീണ  ഭാഷയില്‍ ഞങ്ങള്‍  “മാപ്പിളമാരുടെ  വീട്”  എന്നാണ്  അവരെപ്പറ്റി പറയുക , വട്ടമോടി  സ്കൂളിലെ  മറിയാമ്മ സാറിന്‍റെ കുടുംബം   ആണ് ഞങ്ങള്‍  ഏറ്റവും അധികം അറിയുകയും  ആദരിക്കുകയും  ചെയ്യുന്ന  ക്രിസ്ത്യാനി കുടുംബം . എനിക്കു  ഓര്മ  ആയ കാലം മുതല്‍  സാറും  മക്കളും  ഒക്കെ ഞായറാഴ്ച്ച ദിവസം  തുകല്‍  കവറിട്ട  തടിച്ച ഒരു പുസ്തകവുമായി   അരീക്കരയുടെ അയാള്‍ ഗ്രാമമായ  കൊഴുവല്ലൂര്‍  പള്ളിയില്‍  പോവുന്നത്  കാണാറുണ്ട് .  മറിയാമ്മ  സാറിന്‍റെ  കൈയ്യില്‍ ഇരിക്കുന്ന  വശങ്ങളില്‍ ചുവന്ന നിറമുള്ള  ആ തടിയന്‍  പുസ്തകം  ബൈബിള്‍  ആണെന്ന്  മറിയാമ്മ സാര്‍ തന്നെയാണ് ഞങ്ങള്‍  കുട്ടികള്‍ക്ക്  പറഞ്ഞു തന്നത് .  അതിലെ  പല കഥകളും  മറിയാമ്മ സാര്‍  സ്കൂളില്‍   വെച്ചു  പറഞ്ഞു  തന്നതോടെ  ബൈബിള്‍   എനിക്കു ഇഷ്ടമാവാന്‍   തുടങ്ങി . അതിലെ സ്നാപക യോഹന്നാന്‍റെ കഥ  നാടകമായി  മുളക്കുഴ  സ്കൂളിലെ  യൂത്ത്  ഫെസ്റ്റിവലില്‍ അവതരിപ്പിച്ചത്  ഞങ്ങള്‍  രസം പിടിച്ചിരുന്നു  കണ്ടു . അതില്‍  മുളക്കുഴ സ്കൂളിനടുത്തുള്ള മണ്ണില്‍ എന്ന ധനിക  കുടുംബത്തിലെ  സുന്ദരിയായ  ആനീ  ജോര്‍ജ്ജ്  എന്നൊരു മുതിര്‍ന്ന  കുട്ടി  അവതരിപ്പിച്ച  മാലാഖ  എല്ലാവരുടെയും  കണ്ണും കരളും  കവര്‍ന്നു .  തൂവെള്ള  വസ്ത്രവും  തലയില്‍  ഒരു  കിരീടവും  വശങ്ങളില്‍  വലിയ   വെളുത്ത  ചിറകുകളും  കൈയിയില്‍  നക്ഷത്രം അഗ്രഭാഗത്ത്  പിടിപ്പിച്ച മാന്ത്രിക  വടിയും  ഒക്കെ  ആയി  വെളുത്ത  തുണി വിരിച്ച  ഒരു  സ്റ്റൂളില്‍ കയറി നിന്നു  ദൈവത്തിന്‍റെ സന്ദേശം  ഉറക്കെ  വായിച്ച  ആ മാലാഖ  എന്‍റെ മനസ്സില്‍  കയറിക്കൂടി . എന്‍റെ ഹിന്ദു മതത്തില്‍  ദേവസ്ത്രീകളും  ത്രിലോക  സുന്ദരികളും  ഒക്കെ  ഉണ്ടായിരുന്നു  എങ്കിലും  ഈ വലിയ  ചിറകുകളും മാന്ത്രിക  വടിയും  ഒക്കെയുള്ള  മാലാഖ  ഇല്ലായിരുന്നു  അതിനാല്‍ എന്നെങ്കിലും  ഒരു  ദിവസം  എന്‍റെ  ജീവിതത്തിലും  ഒരു  മാലാഖ  പുഞ്ചിരിച്ചു  കൊണ്ട്  പ്രത്യക്ഷപ്പെടുമെന്നും സര്‍വശകതനായ തമ്പുരാന്‍റെ ഒരു  നല്ല സന്ദേശവുമായി  വരുമെന്നും  കുട്ടിയായ  ഞാന്‍ സ്വപനം  കണ്ടു .
  പള്ളിയിലേക്ക്  പോകുന്ന  മറിയാമ്മ സാറിന്‍റെ  കൈയ്യില്‍ നിന്നു  ബൈബിള്‍ വാങ്ങി പേജുകള്‍  മറിച്ചു അതില്‍  മാലാഖയെപ്പറ്റി  എഴുതിയിരിക്കുന്ന  പേജുകള്‍  ഉണ്ടോ  എന്നു  ചോദിച്ചിട്ടുണ്ട് .

“ സത്യമായും  ഈ  പുസ്തകത്തില്‍  പറയുന്ന  മാലാഖ  സത്യമാണോ  സാറേ , ആര്‍ക്കെലും  കാണാന്‍ പറ്റുമോ ? “
“ അനിയാ,  വേദപുസ്തകത്തില്‍  പറഞ്ഞത്  എല്ലാം സത്യമാണ് , അതിനാല്‍  ആണ്  ഇതിനെ സത്യവേദപുസ്തകം എന്നു  പറയുന്നതു. മാലാഖയും സത്യമാണ്  കേട്ടോ , പിന്നെ  അങ്ങിനെ ഇങ്ങിനെ ഒന്നും  മാലാഖ  വരില്ല , അവരൊക്കെ  സ്വര്‍ഗത്തില്‍  അല്ലേ താമസം !  കര്‍ത്താവിന്  ഒരുപാട്  ഇഷ്ടപ്പെട്ട കാര്യം  ചെയ്താല്‍  ചിലപ്പോള്‍  മാലാഖ  വരും “

മറിയാമ്മ  സര്‍  പറഞ്ഞത്   എനിക്കു  അത്ര വിശ്വാസം  വന്നില്ല  എങ്കിലും  മാലാഖ   എന്‍റെ  മനസ്സില്‍  മായാതെ  നിന്നു .  അന്ന് വീട്ടില്‍ വരുന്ന  മാസികകള്‍  എല്ലാം ചേട്ടനായ  വിജയരാജന്‍റെ പേരില്‍ ആയിരുന്നു . ആ അസൂയ  എന്‍റെ പേരിലും  കുറെ മാസിക  വന്നിരുന്നു  എങ്കില്‍  എന്നു  എന്നെ ആഗ്രഹിക്കാന്‍ പഠിപ്പിച്ചു. ഒടുവില്‍  ഞാന്‍  അതിനു ഒരു എളുപ്പ  വഴി  കണ്ടു പിടിച്ചു.  “ സൌജന്യ  ബൈബിള്‍  പാഠ്യപദ്ധതി “  ക്കു  എഴുതുക  എന്ന പരസ്യം  കണ്ടു  അതിനെല്ലാം  അപേക്ഷിക്കാന്‍  തുടങ്ങി . അങ്ങിനെ  എന്‍റെ പേര്‍  അച്ചടിച്ച കവറില്‍  നിരവധി  ലഘു  ലേഖകളും  പുസ്തകങ്ങളും  വീട്ടില്‍ വരാന്‍  തുടങ്ങി .  അസത്ത്  ചെറുക്കന്‍റെ  പുറപ്പാടു  കണ്ടു  അമ്മ  ശകാര  വര്ഷം തുടങ്ങി . പക്ഷേ  വരുന്ന  പാഠങ്ങള്‍  എല്ലാം  ഞാന്‍  മാലാഖ  എന്ന വാക്ക്  തപ്പിയെടുത്ത്  അടിവരയിട്ടു  വെക്കാന്‍ തുടങ്ങി .  പത്താം  ക്ലാസിലെത്തിയപ്പോഴേക്കും  നിരവധി  ബൈബിള്‍  കോര്‍ഴ്സുകള്‍ പൂര്‍ത്തിയാക്കി  ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍  പ്രീഡിഗ്രീ ക്കു ചേര്‍ന്നു,  എന്നെപ്പോലെയുള്ള  ഹിന്ദുക്കള്‍  വെറും  വിരലില്‍  എണ്ണാവുന്ന അത്രമാത്രമേ  അന്ന്  ഞങ്ങളുടെ  ക്ലാസില്‍  ഉള്ളൂ .

 ജീവിതത്തില്‍  ആദ്യമായി ഒരു   മിക്സ്ഡ്  ക്ലാസില്‍  ഇരിക്കുന്നതിന്‍റെ രസമല്ല , വല്ലാത്ത  ഒരു ഭയമാണ്  എനിക്കു  ഉണ്ടായിരുന്നത് . ക്ലാസില്‍  എഴുന്നേറ്റ്  നിന്നു ഉത്തരം  പറയുമ്പോള്‍  ആ ചമ്മല്‍  എന്‍റെ  പെരുമാറ്റത്തില്‍  വളരെ വ്യക്തമായിരുന്നു.  അങ്ങിനെ  അന്ന്  ഫസ്റ്റ്  ഗ്രൂപ്പില്‍  പൊതുവേ  എണ്ണത്തില്‍  കുറവായിരുന്ന  പെണ്കുട്ടികളെ പതുക്കെ  പതുക്കെ  പരിചയപ്പെട്ടു  തുടങ്ങി .  രജനി , ആനി , ഐവി,  മറിയാമ്മ, അങ്ങിനെ  ഏറെക്കുറെ  മുഴുവന്‍  ക്രിസ്ത്യാനി പെണ്കുട്ടികള്‍. ഏറ്റവും  ഒടുവിലാണ്  ഷീല  വര്‍ക്കിയെന്ന  എപ്പോഴും  ചിരിച്ചു  കൊണ്ട്  വര്‍ത്തമാനം  പറയുന്ന  ചുരുണ്ട മുടിക്കാരി ഷീല, ഇങ്ങോട്ട്  വന്നു  വര്‍ത്തമാനം  പറയുകയായിരുന്നു .  ചിരിച്ചു  കൊണ്ട് വരുമ്പോഴേ  എനിക്കു  പേടിയായിരുന്നു , എന്നെ  എന്തോ  പറഞ്ഞു  കളിയാക്കാന്‍  വരികയായിരുന്നു എന്നായിരുന്നു  എന്‍റെ  പേടി, ആ പേടി മാറി വന്നപ്പോഴേക്കും  ഷീല  എനിക്കു  മാത്രമല്ല  ക്ലാസിലെ  എല്ലാവരുടെയും  പ്രീയപ്പെട്ട  കുട്ടിയായി  മാറി .എപ്പോഴും  മുഖത്ത് കാണുന്ന  ആ പുഞ്ചിരിയും ജാടയില്ലാത്ത  പെരുമാറ്റവും പഠനത്തിലെ  മികവും ലാളിത്യവും  ഒക്കെ ഷീലയുടെ  എടുത്തു പറയത്തക്ക  പ്രത്യേകതകള്‍  ആയിരുന്നു . ഒരു  നല്ല  സുന്ദരിക്കുട്ടി  !

  രണ്ടു വര്‍ഷത്തെ  പ്രീ ഡിഗ്രീ  കഴിഞ്ഞു  വീണ്ടും അതേ കോളേജില്‍  ബീഎസ്സ്സീ  മാത്തമാറ്റിക്സ്നു  ചേര്‍ന്നപ്പോഴേക്കും  ഷീല ഉള്‍പ്പടെ എന്‍ജിനിയറിങ്  പ്രവേശനം  കിട്ടാതെ പോയ പഴയ  പ്രീ ഡിഗ്രീ  ക്കാരികള്‍  എല്ലാം  വീണ്ടും എന്‍റെ  ക്ലാസില്‍  എത്തി .  കൂടാതെ  മറ്റ്  കോളേജുകളില്‍  നിന്നും  ചില  പുതിയ  കൂട്ടുകാരും  കൂട്ടുകാരികളും  കൂടി  എത്തി . അതില്‍  ഏറ്റവും രസികനായ ചങ്ങാതി  ബ്രൂക് ബോണ്ട്  എന്നു കളിയാക്കി  വിളിക്കുന്ന ജോര്‍ജ്ജ് മാത്യു  ആയിരുന്നു . കാണുമ്പോള്‍  ഗൌരവക്കാരന്‍  ആണെന്ന് തോന്നുമെങ്കിലും  വലിയൊരു തമാശ്ശക്കാരന്‍ ആണ്  ഒരു ധനികകുടുംബത്തിലെ  അംഗമായ ജോര്‍ജ്ജ് മാത്യു..

 അങ്ങനെ  മനോഹരമായ  ആ കലാലയ  കാലം  ഒരു പാടു നല്ല  കൂട്ടുകാരെയും  ഓര്‍മകളെയും  സമ്മാനിച്ചു  കടന്നു പോയി .  ഞങ്ങളുടെ  യാത്ര അയപ്പിന്  പല  പെണ്‍കുട്ടികളും  കണക്ക്  പഠിപ്പിച്ച   പ്രൊഫെസ്സരുടെ  പ്രസംഗം  കേട്ടു  കണ്ണീര്‍  തുടച്ചു

   പലരും  എം എസ്സ് സീ  ക്കു  ചേര്‍ന്നു ,  ചിലര്‍  മറ്റ്  സംസ്ഥാനങ്ങള്‍  തേടി പോയി . പതുക്കെ പതുക്കെ ആ ബന്ധങ്ങള്‍  മുറിഞ്ഞു പോയി .

 കാലചക്രം  തിരിഞ്ഞപ്പോള്‍  ജോര്‍ജ്ജ് മാത്യു  സൌത്ത്  ആഫ്രിക്കയിലെ ജോഹന്നാസ്  ബെര്‍ഗ്ഇല്‍ ആദ്യം ജോലി  തേടി  പിന്നെ  സ്വന്തം  ബിസിനെസ്  തുടങ്ങി  വലിയ   പേരെടുത്ത  വ്യവസായി  ആയി .  ഞാന്‍  ഗള്‍ഫ് ജീവിതം  ഒക്കെ കഴിഞ്ഞു  കൊച്ചിയില്‍  ജോലി  ചെയ്യുന്ന സമയം .  ഞങ്ങള്‍ പഴയ  സഹപാഠികള്‍ വീണ്ടും ഒത്തുകൂടി.  ‘ ക്ലാസ്മേറ്റ്സ്” സിനിമ ഇറങ്ങിയ  വര്ഷം  തന്നെ ഞങ്ങളുടെ  ഒരു  പുനസമാഗമം നടത്താന്‍  തീരുമാനിച്ചു.  പഴയ  സഹപാഠികളെ ഓരോരുത്തരായി  അന്വേഷിച്ചു  കണ്ടു പിടിക്കാന്‍  തീരുമാനിച്ചു . അങ്ങിനെ  ഷീലയെ അന്വേഷിച്ചു  ഞാന്‍  പല  പഴയ  സഹപാഠികള്‍ക്കും ഫോണ്‍ ചെയ്തു .

  ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്  വിട്ടു  ഷീല  എം എസ്സ്  സീ യും ബീ ഏഡും എടുത്തു ഏതോ സ്കൂളില്‍  ജോലിയായി . അധികം താമസിയാതെ  ചേര്‍ത്തല സെന്‍റ് മൈക്കിള്‍ കോളേജിലെ മുന്‍  ഫിസിക്സ് അദ്ധ്യാപകനും അപ്പോള്‍  സൌത്ത്  ആഫ്രിക്കയില്‍ സ്കൂള്‍ അദ്ധ്യാപകനായി  ജോലി  ചെയ്യുന്ന   വറുഗീസ്  പണിക്കര്‍  എന്ന ഷാജിയെ  വിവാഹം  ചെയ്തു . അങ്ങിനെ ഷീലയും സൌത്ത്  ആഫ്രിക്കയിലെ  അതിമനോഹരമായ ബിഷോ എന്ന  ചെറു നഗരത്തില്‍  എത്തി .  അവിടെവെച്ചു  അവര്‍ക്ക്  മേഘ  എന്ന ഒരു പെണ്‍  കുഞ്ഞ്  പിറന്നു . ഷീലയുടെ  ജീവിതത്തിലെ ഏറ്റവും സന്തോഷം  നിറഞ്ഞ കാലം എന്നു  വിളിക്കാവുന്ന  ഒരു  സ്വപനജീവിതം സമ്മാനിച്ചതിന്   കര്‍ത്താവിന്  നന്ദി പറഞ്ഞു ആ  ചെറിയ  കുടുംബം   അവിടെയും  ഞായര്‍  ദിവസങ്ങളില്‍  പള്ളിയില്‍  പോകുമായിരുന്നു .

1991  ആഗസ്റ്റ് മാസം 31,
ഷാജിയും  ഷീലയും   കൈക്കുഞ്ഞായിരുന്ന മേഘയും കൂടി  തങ്ങളുടെ  വീട്ടുടമക്ക്  വീട്ടു വാടക  നല്കി  തിരിച്ചു വരികയായിരുന്നു . സമയം   വൈകീട്ട് ആറോ ആറരയോ ആയിക്കാണും.  ശ്വേലിട്ഷ എന്നൊരു  ചെറുപട്ടണത്തിലൂടെയാണ്  തിരിച്ചു വരവ് , റോഡില്‍ വലിയ  തിരക്കെന്ന്  പറഞ്ഞു കൂടാ , നേരിയ  മൂടല്‍  മഞ്ഞു  ഉണ്ട്. കാര്‍  അല്പ്പം  വേഗമെടുത്തു. മുന്‍സീറ്റില്‍  ഇരുന്ന ഷീലക്കു എന്തോ  വലിയ  കറുത്ത  ഒന്നു  കാറിന്‍റെ പുറത്തേക്ക് വീഴുന്നത്  മാത്രം  ഓര്‍മയുണ്ട് . ഓര്‍മ  തിരിച്ചു  വരുമ്പോള്‍ ആശുപത്രി  കിടക്കയില്‍  ആണ് , ട്രിപ്  ഇട്ടു കിടക്കുകയാണ് , മേഘ  അടുത്തു തന്നെ  കിടക്കുന്നു , ദേഹത്ത്  കാര്യമായ  പരിക്കുകള്‍  ഒന്നുമില്ല , ചില  ചെറിയ  മുറിവുകള്‍  മാത്രം ,  ഷാജി  എവിടെ ?

  പിന്നെയാണ് ഷീലക്കു  സംഭവിച്ചത്  എന്താണ്  എന്നു  പറഞ്ഞു  കേട്ടത്. റോഡിന് കുറുകെ ചാടിയ  ഒരു വലിയ കുതിരയെ  കാര്‍  ഇടിക്കുകയും  ഇടിയുടെ  ആഘാതത്തില്‍  കുതിര  ഷാജി  ഇരുന്ന ഭാഗത്തേക്ക്  മറിഞ്ഞ്  വീഴുകയും  ചെയ്തു .  ഷാജിക്ക്  നട്ടെല്ലിന്  പരിക്കുണ്ട് ,  ഇതേ  മൌണ്ട്  കോക്ക്  ആശുപത്രിയില്‍ ഐ സീ  യൂ  വില്‍  ആണ് . ഇവിടെ  ന്യൂറോ  സര്‍ജറി ഇല്ലാത്തതിനാല്‍ മറ്റൊരു  ആശുപത്രി  ആയ സെസിലിയ യിലേക്ക്  മാറ്റേണ്ടി വരും . അവിടെ  പരിശോധിച്ചപ്പോള്‍  ആണ് വളരെ  സങ്കീര്‍ണമായ  ഒരു ശസ്ത്രക്രിയ  വേണമെന്നും  അതിനായി  മെച്ചപ്പെട്ട  സൌകര്യങ്ങള്‍ ഉള്ള  സെസിലിയ നഗരത്തിലെ  മഖിവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു    അതിനകം  അറിഞ്ഞു കേട്ടു ധാരാളം  മലയാളി  സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിക്കഴിഞ്ഞു . അതിനാല്‍  ഷീല അവിടെ  ഒറ്റപ്പെട്ടില്ല,  എന്തു  സഹായം വേണം  എന്നു ചോദിച്ചു മലയാളിഡോക്ടര്‍ മാരായ  ഡോ, ഇടിക്കുളയും  ഭാര്യ  ഡോ  അച്ചാമ്മ  ഇടിക്കുളയും  എപ്പോഴും  സഹായത്തിനു ഉണ്ടായിരുന്നു .  പിന്നെയോ  ഫിസിയോ  തെറാപ്പിസ്റ്റ്  തോമസ്  ചെറിയാന്‍  ( ലാല്‍ ) ,  ഡോ ലത , ഡോ .ജോണ്‍, അങ്ങിനെ  നിരവധി  ഉറ്റ  സുഹൃത്തുക്കള്‍ അവിടെയുണ്ടായിരുന്നു.,
 
ഷാജിക്ക്  സൂഷുംമ്നാ നാടിക്ക്  കാര്യമായ തകരാര്‍  സംഭവിച്ചു  എന്നായിരുന്നു  ഡോക്ട്മാരുടെ  കണ്ടെത്തല്‍ . അതിനാല്‍   പൊസ്റ്റീരിയര്‍ ഫ്യൂഷന്‍  എന്നൊരു ശസ്ത്രക്രിയ  നടത്തി, അതിന്‍റെ ഫലം  എന്താണ്  എന്നു അറിയാന്‍  മാസങ്ങളുടെ  കാത്തിരിപ്പും മുറ തെറ്റാത്ത  ഫിസിയോ  തെറാപ്പിയും.  ഇതിനിടെ സ്പൈനല്‍ ഇഞ്ജ്റി ക്കുള്ള ചികില്‍സക്ക് പേരുകേട്ട  കേപ്  ടൌണ്‍ലെ  കോന്‍രാടി ആശുപത്രിയിലേക്ക്  കൊണ്ടുപോയി . മറ്റൊരു  സുഹൃത്തിനെ  സന്ദര്‍ശിക്കാന്‍  എത്തിയ ജോര്‍ജ്ജ്  മാത്യു  വളരെ യാദൃശ്ചികമായി  വിവരം അറിഞ്ഞു ഷാജിയെ  കാണാന്‍ എത്തി , മുറിയില്‍  എത്തിയ  ശേഷമാണ്  അത് തന്‍റെ പ്രീയപ്പെട്ട  സഹപാഠി  ഷീലയുടെ ഭര്‍ത്താവ് ആണെന്ന്  അറിയുന്നതു .  അവര്‍  ആശുപത്രിയില്‍  ചിലവഴിച്ച  ബാക്കി നാളുകള്‍  അത്രയും  ജോര്‍ജ്ജ്  മാത്യു  സ്വന്തം  വീട്ടില്‍ നിന്നു ഭക്ഷണം  കൊണ്ട് വരികയും ഷീലക്കു കലവറയില്ലാത്ത സഹായങ്ങള്‍  നല്കുകയും  ചെയ്തു .
ഷാജിയുടെ  ചികില്‍സാ പുരോഗതി  വളരെ  നിരാശാജനകമായിരുന്നു .  കഴുത്തിന്  താഴേക്കുള്ള  ചലനശേഷി പൂര്‍ണമായും  നഷ്ടപ്പെട്ടു  എന്ന യാഥാര്‍ഥ്യം ഷീലക്കു  വേദനയോടെ അംഗീകരിക്കേണ്ടി  വന്നു . സൌത്ത്  ആഫ്രിക്കയിലെ  ഏറ്റവും മികച്ച  ആശുപത്രികളില്‍ രണ്ടു വര്‍ഷത്തോളം  നീണ്ട  ചികില്‍സക്ക്  ഷാജിയുടെ  രോഗാവസ്ഥക്ക്  മാറ്റം  വരുത്താന്‍  കഴിഞ്ഞില്ല ,  പക്ഷേ  അതുകൊണ്ടൊന്നും  പരാജയം  സമ്മതിക്കാനോ നിരാശ  കൈവിടാണോ  ഷീല  ഒരുക്കമായിരുന്നില്ല . നാട്ടിലേക്കു  മടങ്ങി  ആയുര്‍വേദം  പരീക്ഷിക്കാന്‍  ഷീല തീരുമാനിച്ചു .  അങ്ങിനെ  സുഹൃത്തുക്കളുടെയും  ജോര്‍ജ്ജ്  മാത്യുവിന്‍റേയും സഹായത്തോടെ  ഷാജിയെ  നാട്ടില്‍  എത്തിച്ചൂ .  തുടര്‍ന്നു  തിരുവനന്തപുരത്തെ  പഞ്ച കര്‍മ  ആയുര്‍വേദ  ആശുപത്രിയില്‍  ഒരു വര്‍ഷത്തെ  ചികില്‍സ .   ഷീല മകളുടെ  സ്കൂളും ആശുപത്രിയും  ഷാജിയുടെ  പരിചരണവും  പ്രാര്‍ഥനയും  ആയി  ജീവിതത്തെ  നേരിട്ടു .ഷാജിയുടെ കട്ടിലിന്‍റെ  അരികില്‍  മറ്റൊരു  കട്ടിലില്‍  ആയി ഷീലയുടെയും  മേഘയുടേയും താമസവും ജീവിതവും . പരീക്ഷണങ്ങളെ  പുഞ്ചിരിയും  പ്രാര്‍ഥനയും  കൊണ്ട്  നേരിടാന്‍ ഇതിനകം  ഷീല ശീലിച്ചു  കഴിഞ്ഞിരുന്നു .  ഒടുവില്‍  രണ്ടു വര്‍ഷത്തെ ആ  ചികില്‍സയുടെ  ഫലവും  നിരാശാജനകമായിരുന്നു .  അങ്ങിനെ  കുണ്ടറയില്‍ ഭര്‍തുഗൃഹത്തിന്നു  സമീപം  ഒരു വീട് വാങ്ങി  ഷീലയും  മേഘയും  താമസം  തുടങ്ങി .
ഞാന്‍  ഷീലയുടെ  കഥ കേട്ടു ഒരക്ഷരം  മിണ്ടാനാവാതെ  കുറെ നേരം  ഇരുന്നു . സദാ സമയം പുഞ്ചിരി  കളിയാടിയിരുന്ന  എന്‍റെ സഹപാഠി  ഷീല ! കഴുത്തിന്  താഴെ  ചലന ശേഷി  നഷ്ടപ്പെട്ട  ഷാജി ,  ഒരു  മനുഷ്യനു  നിര്‍വഹിക്കേണ്ട  എല്ലാക്കാര്യങ്ങളും  ഒരു  കട്ടിലില്‍ ,കുളി,  പല്ല്തേപ്പു, ഷേവിംഗ് ,  തലമുടി  വെട്ടുക ,മുടി ചീകുക ,  ഉടുപ്പു  ഇടുക ,  വസ്ത്രം  മാറുക , ദ്രവ രൂപത്തിലുള്ള  ഭക്ഷണം നല്കുക ,  അത് കഴിഞ്ഞു  വാ കഴുകുക ...... എനിക്കു  സങ്കല്‍പ്പിക്കാന്‍  കഴിയില്ല  അങ്ങിനെ ഒരു ജീവിതത്തെ  താങ്ങി നിര്‍ത്താന്‍  മറ്റൊരു  ജീവിതം   !  അങ്ങിനെ കിടക്കയില്‍ പതിനാറു  വര്‍ഷങ്ങള്‍  !

 ഞങ്ങളുടെ  രജത ജൂബിലി  വര്‍ഷമായ  2007  കോളേജില്‍  വെച്ചു  നടത്താന്‍  നിശ്ചയിച്ച  സമാഗമത്തിന്  ജോര്‍ജ്ജ്  മാത്യു  വരുമെന്നു  അറിയിച്ചു . ഏതായാലും  ജോര്‍ജ്ജ്  മാത്യു  വരുന്ന ഉടനെ  ഷീലയെയും  ഷാജിയെയും  കുണ്ടറയില്‍  പോയി കാണാന്‍  തീരുമാനിച്ചു .  അതിനകം  മേഘക്ക്  എന്‍ജിനിയറിങ്  പ്രവേശനം  കിട്ടി  എന്നറിഞ്ഞു . ഞങ്ങളുടെ  ഹൃദയത്തോട് ചേര്‍ത്തു  നിര്‍ത്തി  അവള്‍ക്കൊരു  നല്ല സമ്മാനം  നല്കാന്‍  ഷീലയുടെ  സമ്മതം  വാങ്ങാന്‍  ഒരുപാട് പണിപ്പെട്ടു .  അങ്ങിനെ  ഞങ്ങളുടെ കോളേജിലെ  സമാഗമത്തിന്  ഒരു ദിവസം  മുന്‍പ്  ജോര്‍ജ്ജ്  മാത്യു  വിനെയും കൂട്ടി ഞങ്ങള്‍  അഞ്ചുപേര്‍  കുണ്ടറക്ക്  പുറപ്പെട്ടു.
 ആര്‍ക്കും  ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല , ഷീലയെ , ഷാജിയെ  എങ്ങിനെ  അഭിമുഖീകരിക്കും  എന്നതായിരുന്നു  ഞങ്ങളുടെ  മനസ്സില്‍ . ഫോണ്‍  വിളിച്ച്  സംസാരിച്ചപ്പോലും  ഷീലയുടെ  കഥകള്‍  പറഞ്ഞു കേട്ടപ്പോഴും  ഒന്നും  ഇത്തരം  ഒരു അവസ്ഥ  ഉണ്ടായിരുന്നില്ല . എന്തു പറഞ്ഞാണ്   ഷീലയെ  അഭിവാദ്യം  ചെയ്യുക

“ ഷീലെ ,  സുഖമാണോ  ? “  എന്നു എങ്ങിനെ ചോദിക്കും ?.
“ ഷാജി , എന്തു  പറയുന്നു  ?”  എന്നു എങ്ങിനെ ചോദിക്കും ?

 കുണ്ടറ  ജങ്ഷനില്‍  നിന്നും അധികം  ദൂരെയൊന്നും അല്ല  ആ വീട് , സാമാന്യം   നല്ല  ഒരു കൊമ്പൌണ്ട് ഓട് കൂടിയ ഒരു  വീട് , ഗെയ്റ്റ്  നിന്  ഉള്ളിലേക്ക്  കടന്ന  കാറിന്  അടുത്തേക്ക്  ഷീല ഓടി വന്നു
അതേ  പുഞ്ചിരി , അതേ മുഖം , ഇരുപത്തിയഞ്ച്  കൊല്ലം   ഇന്നലെ  കഴിഞ്ഞത് പോലെ , ഷീലക്കു  ഒരു മാറ്റവും  ഇല്ല , ജോര്‍ജ്ജ്  മാത്യു  കാറില്‍ നിന്നു  ഇറങ്ങി
 ഷീലയുടെ  അതേ  പ്രതിരൂപം പോലെ ഒരു  മകള്‍, മേഘ !

ഷാജിയുടെ  കട്ടിലിന്  അരികെ   ഞങ്ങള്‍  കസേരയിട്ടു  ഇരുന്നു .  ചിരിയും  തമാശുമായി  ആ മുന്‍  കോളേജ് അദ്ധ്യാപകന്‍ ഞങ്ങളുടെ  ഹൃദയം  കവര്‍ന്നു .  കഴുത്തിന്  താഴെ  ഒരു ചലനവും  ഇല്ലെന്നു ഞങ്ങള്‍ക്ക്  വിശ്വസിക്കാന്‍  ആയില്ല .
ഷാജിയുടെ  അമ്മ   ഞങ്ങളെ  മാറ്റി  നിര്‍ത്തി   പല കാര്യങ്ങളും  പറഞ്ഞു .

“ അവന്‍  ഇങ്ങനെയിരിക്കുന്നത്  ഷീല  ഒരുത്തി  കാരണം ആണ് ,ഒന്നും രണ്ടും ഒന്നും  അല്ല ,പതിനഞ്ചു  വര്‍ഷമാണ്  അവള്‍ അവനെ  അന്വേഷിച്ചു  ഒന്നും  സംഭവിക്കാത്തതുപോലെ  ജീവിക്കുന്നത് . ഒരു മണിക്കൂര്‍  പോലും  അവള്‍  ആ മുറിയില്‍  നിന്നും  മാറിയിട്ടില്ല, ഞാന്‍  എന്തെങ്കിലും മറുത്തു പറഞ്ഞാല്‍ അവള്‍ വന്നു  എന്‍റെ  വാ പൊത്തിപ്പിടിക്കും,  അവള്‍  ഇങ്ങനെ നോക്കിയത് കൊണ്ട്  അവന്‍ .....”

ഞങ്ങള്‍  മേഘക്ക്  കൊണ്ടുവന്ന  ചെറിയ സമ്മാനപ്പോതി  അവളെ ഏല്‍പ്പിച്ചു  തലയില്‍  കൈ  വെച്ചു  അനുഗ്രഹിച്ചു ഷീലയോടും  ഷാജിയോടും  യാത്ര പറഞ്ഞു  കാറില്‍  കയറി .

അടുത്ത ദിവസം  ഞങ്ങളുടെ  സമാഗമം  കോളേജില്‍ നടന്നു , എനിക്കു  പ്രസംഗിക്കാന്‍  കിട്ടിയ  ചുരുങ്ങിയ  സമയം  ഷീലയെ പറ്റി ഞാന്‍  ഒറ്റ വാചകമേ  പറഞ്ഞുള്ളൂ ,
“എന്‍റെ ഭാഗ്യം  ഷീലയുടെ  സഹപാഠി ആവാന്‍ കഴിഞ്ഞതാണ്” .

2011  ഫെബ്രുവരി  22
സുഹൃത്ത്  വര്‍ക്കി  തോമസ്  എന്നെ വിളിച്ച്  ഷാജിയുടെ  മരണ വാര്ത്ത  അറിയിച്ചു .  ഉടനെ  വിളിക്കേണ്ട  എന്നു ഞാന്‍ തീരുമാനിച്ചിരുന്നു .  ഒരു മാസം കഴിഞ്ഞു  ഞാന്‍ ഷീലയെ വിളിച്ചു.

 “ ഷീലെ ,  ഇത്രയും പഠിച്ച ഷീല  ഒരു ജോലി  കണ്ടുപിടിക്കണം , എന്തുകൊണ്ട്  സ്കൂള്‍  ജോലി  ഒന്നു കൂടി  ആലോചിച്ചു കൂടാ ,  ഒന്നും  അവസാനിച്ചിട്ടില്ല ഷീല ”

 ഫോണ്‍  താഴെ വെച്ചപ്പോള്‍  ഞാന്‍  മറിയാമ്മ  സര്‍ പറഞ്ഞത്  ഓര്‍ത്തു .  സാര്‍  എന്തിനാണ്  മാലാഖമാര്‍  സ്വര്‍ഗത്തിലാണ്  ജീവിക്കുന്നതു  എന്നു പറഞ്ഞത് ? 
എന്‍റെ കൂടെ  ഭൂമിയില്‍  അഞ്ചു കൊല്ലം  പഠിച്ചല്ലോ, ദാ, ഇപ്പോ  എന്നോടു  സംസാരിച്ചല്ലോ. !