Sunday, 11 May 2014

വല്ല്യച്ചന്‍
രീക്കരയിലെ  വീടിനെ  തൊട്ട് കിടക്കുന്ന  പറമ്പ്  മുഴുവന്‍  കൊച്ചു കളീക്കല്‍  തറവാട് വകയാണ്. അന്ന്  അവിടം മുഴുവന്‍  കപ്പ  വളര്‍ന്ന്  വിളഞ്ഞു  ഒരാള്‍ പൊക്കം  വെച്ചു  നില്‍ക്കുകുകയാണ് . അതിന്റെ  ഇടയിലൂടെ നോക്കിയാല്‍  കയറ്റം  കയറി വരുന്ന  ചെമ്മണ്ണ്  നിറഞ്ഞ  റോഡും   നടന്നു  വരുന്ന യാത്രക്കാരെയും  ഒക്കെ ദൂരെ നിന്നു തന്നെ  കാണാം .  അന്ന്  മുറ്റത്തു കളിച്ചു  കൊണ്ടിരുന്ന  ഞാനും  കൊച്ചനിയനും  ഒരുപോലെ യാണ്  വല്ല്യച്ചന്‍   ദൂരെനിന്നു  വലിയ കാലന്‍  കുടയും  പിടിച്ച്  നടന്നു  വരുന്നത്  കണ്ടത് .  പിന്നെ വല്ല്യച്ഛാ എന്നു  വിളിച്ച്  ഒരോട്ടമാണ്. ആരാണ്  ആദ്യം  വല്ല്യച്ചന്‍റെ കൈ പിടിച്ച്  നടത്തിക്കുന്നത്  എന്നത്  ഒരു  മല്‍സരം  തന്നെ  ആയിരിയ്ക്കും .  വല്യച്ഛനെ എത്ര ദൂരെ   നിന്നു  വേണമെങ്കിലും ഞങ്ങള്‍ക്ക് കണ്ടുപിടിക്കാന്‍  കഴിയും .

 മുളംകമ്പ്  കൊണ്ട്  നിര്‍മിച്ച  വളഞ്ഞ  പിടിയുള്ള  വലിയ  കാലന്‍  കുട ,   വീതിയുള്ള പച്ചക്കര യുള്ള,  കഞ്ഞി  മുക്കി  തേച്ച  വെളുത്ത  മുണ്ട് , മുട്ടോളം എത്തുന്ന  വെളുത്ത   ജൂബ്ബ ,  അതിനെ വശങ്ങളില്‍  വലിയ  പോക്കറ്റ് കള്‍, അവിടെ  ഒരു  സേഫ്റ്റി പിന്‍  എപ്പോഴും  കുത്തിയിരിക്കും ,  ജുബ്ബാ യുടെ  കുടുക്കുകള്‍ സ്വരണം  പൂശിയ ചെറിയ  മുട്ടുകള്‍ , ഒട്ടും  നീളമില്ലാത്ത കഴുത്ത്  കാണാതിരിക്കാന്‍ അവിടെ  ചുറ്റിയ  ഉത്തരീയം , അതും  പച്ച ക്കര  മാത്രം  ഉള്ളതായിരിക്കും,  നെറ്റിയില്‍  ഒത്ത  നടുക്ക്  ഒരു  വലിയ  തുള്ളിപോലത്തെ  ചന്ദനക്കുറി , ഇടത്തു  കൈയ്യില്‍  തള്ള വിരലിന്റെ  കൂടെ  ആറാമത്  ഒരു   ചെറുവിരല്‍, അത്  ഭാഗ്യവിരലാണ് എന്നാണ്  എല്ലാരും  പറയുന്നതു. കാലില്‍  റബര്‍  ചെരുപ്പ് , കൈയ്യില്‍   ഞങ്ങള്‍ക്ക്  തരാന്‍  കരുതുന്ന  മുറിക്കാത്ത വലിയ  ബ്രെഡ്, അല്ലെങ്കില്‍  ഒരു പൊതി  മുന്തിരിങ്ങ .
 വല്ല്യച്ചന്‍ പച്ചക്കരയുള്ള വെളുത്ത മുണ്ടും ജുബ്ബായും  ഉത്തരീയവും  അല്ലാതെ   മറ്റൊന്നും ധരിക്കില്ല .

എടാ  കൈയ്യേന്നു  വിടട, കൈയ്യേന്നു  വിടട,  ഞാന്‍  ഒന്നു  നടക്കട്ടെ 
 
എന്നൊക്കെ  എത്ര  വഴക്കു  പറഞ്ഞാലും  ഞങ്ങള്‍  ഇടവും  വലവും കൈ  പിടിച്ചെ  വീട്ടിലേക്ക്  കൊണ്ടുവരൂ .  ഞങ്ങള്‍ക്ക്  പറയാന്‍  ഒരു  കാര്യമേ  ഉണ്ടാകൂ 

  ഇപ്രാവശ്യം  വല്ല്യച്ചന്‍  ഒരു മാസം  ഇവിടെ നില്‍ക്കണം , കഴിഞ്ഞ  തവണത്തെ പ്പോലെ  പറ്റിക്കാന്‍ പാടില്ല , അല്ലാതെ    കയ്യീന്നു  വിടില്ല

 വല്ല്യച്ചനെ  കാണുന്നതും  അമ്മ  ഒരു കരച്ചിലാണ് . 
   ഒന്നാം  കേറാ  മൂലയില്‍  നിന്നും  എന്നാ  അച്ഛാ  എന്നെ  ഒന്നു  രക്ഷപ്പെടുത്തുന്നത് ?  
 എന്നു  ചോദിച്ചു  കൊണ്ടുള്ള  ആ കരച്ചില്‍  ഞങ്ങള്‍  കുട്ടികള്‍  എല്ലാ മാസവും  ഒരിക്കല്‍  എങ്കിലും  കേള്‍ക്കുന്നതല്ലേ !
അന്നൊക്കെ  വല്ല്യച്ചന്‍ മാസത്തില്‍  ഒരു തവണ   എങ്കിലും  അരീക്കര  വരും .  ഒന്നോ  രണ്ടോ ദിവസം  താമസിക്കും .  തങ്കശ്ശേരിയില്‍  നിന്നും  സൈക്കിള്‍  റിക്ഷയില്‍  കൊല്ലം  റെയില്‍വേ  സ്റ്റേഷന്‍  വന്നു  അവിടെ നിന്നും  ട്രെയിനില്‍  ചെങ്ങന്നൂരില്‍  വന്നിറങ്ങും  . അവിടെ നിന്നും  നടന്നു  ബസ്  സ്റ്റേഷന്‍  വന്നു  പന്തളമോ  കൊട്ടാരക്കരയോ  ബസ്  പിടിച്ച്  മുളക്കുഴ  വില്ലേജ്  ഓഫീസ്  പടിക്കല്‍  ഇറങ്ങി  നടക്കും .  കൈയ്യില്‍  ഭാരമുള്ള  എന്തെങ്കിലും  ഉണ്ടെങ്കില്‍  ചിലപ്പോള്‍   ആരെയെങ്കിലും  കണ്ടുപിടിച്ച്  അവരെക്കൊണ്ടു  അത്  എടുപ്പിച്ചു  കൊണ്ടുവരും .  ഭാരമുള്ളത്  എന്നു പറഞ്ഞത്  മരുന്ന്  ഉണ്ടാക്കി  ഭരണിയില്‍  കൊണ്ടുവരുന്നതാണ് . അമ്മക്കുള്ള  ലേഹ്യമോ  മരുന്നോ  ആണ്  ഇങ്ങനെ  കൊണ്ടുവരുന്നത് .  അത് മാത്രമല്ല  വീട്ടിലേക്ക്  എന്നും  വേലക്കാരെ  കൊണ്ടുവരുന്ന  ജോലിയും  വല്ല്യച്ചന്റെതാണ്.  അമ്മക്ക്  ആരെയും  പിടിക്കില്ല . എത്ര  നല്ല  ജോലിക്കാരെ  കൊണ്ടുവന്നാലും  ഒരു മാസത്തിനകം  അമ്മ  എന്തെങ്കിലും  കുറ്റം കണ്ടുപിടിച്ച്  അവരെ  പറഞ്ഞു വീടും . അതോടെ വല്ല്യച്ചന്‍  വീണ്ടും  പുതിയ  ആരെയെങ്കിലും  കണ്ടുപിടിച്ച്   കൊണ്ടുവരും .  മിക്കപ്പോഴും പ്രായമുള്ള  സ്ത്രീകളെയോ  ചിലപ്പോള്‍     കുട്ടികളെയോ  ഒക്കെ    ആണ്   വീട്ടില്‍  നിര്‍ത്തുക ,  ചെറുപ്പക്കാരികളെയോ  ഒന്നും  വേണ്ടെന്ന്   അമ്മ  പ്രത്യേകം  പറഞ്ഞിട്ടുമുണ്ട് .  അമ്മയുടെ  ഇഷ്ടങ്ങളും  അനിഷ്ടങ്ങളും  സങ്കടങ്ങളും  വല്ല്യച്ഛന് മാത്രമേ  അറിയൂ .  മരുന്നിന്  മരുന്ന് ,  കാശിന്  കാശ്, വേലക്കാര്‍ക്ക്  വേലക്കാര്, അങ്ങിനെ  ആ മകള്‍ക്ക്  വേണ്ട  എന്തും   കൊടുക്കാനും  സങ്കടങ്ങള്‍  കേള്‍ക്കാനും  ആണ്    അച്ഛന്‍റെ  എല്ലാ മാസവും  ഉള്ള  വരവ് .  അമ്മക്ക്  വര്‍ഷത്തില്‍  ഒരിക്കല്‍   പൂജയും  ഹോമവും  ഒക്കെ  നടത്തണം  എന്നു പറയുമ്പോള്‍  വല്യച്ഛന്‍  അത്  തന്ത്രികളെ  അരീക്കര  കൊണ്ടുവന്നു  നടത്തിക്കുകയും  ചെയ്യും .  പിന്നെ  കുറെക്കാലം  ദോഷങ്ങള്‍  മാറി  എന്നു  വിശ്വസിച്ചു  അമ്മ  സന്തോഷമായി  കഴിയും .  ഞങ്ങള്‍ക്ക്   സന്ധ്യക്ക് ജപിക്കാനുള്ള  നാമങ്ങള്‍  എല്ലാം  വല്ല്യച്ചന്‍  പറഞ്ഞു പഠിപ്പിച്ചതാണ്. വല്ല്യച്ഛന്  സംസ്കൃതവും  മന്ത്രവും ഹോമവും  ഒക്കെ  അറിയാം . 

 ചങ്ങന്നാശ്ശേരിക്കടുത്ത്  തൃക്കടിത്താനത്ത്  കോണ്ടയില്‍  എന്നൊരു  തറവാട്  ആണ്  വല്ല്യച്ചന്‍റെ  മൂല കുടുംബം .  വല്ല്യച്ചന്‍റെ  അച്ഛന്‍  പ്രസിദ്ധനായ വിഷ വൈദ്യനായിരുന്നു  . അങ്ങിനെ  വല്യച്ഛനും  വൈദ്യവും  ആയുര്‍വേദവും  സംസ്കൃതവും  ഒക്കെ പഠിച്ചു .  സ്കൂള്‍  ഫൈനല്‍ പരീക്ഷ  പാസ്സായി  ചെയ്ന്‍  സര്‍വെ  പരീക്ഷയും  പാസ്സായി  രാജ ഭരണകാലത്ത്    പീ  ഡബ്ലിയൂ  ഡീ  വകുപ്പില്‍  വര്‍ക്ക്  സൂപ്പര്‍വൈസര്‍ (  മെസ്ത്രീ ) ആയി  ഉദ്യോഗത്തില്‍  പ്രവേശിച്ചു.  എം സീ  റോഡ്  ഉള്‍പ്പടെ  ഉള്ള  മധ്യ തിരുവിതാം കൂറിലെ  മിക്ക റോഡ് കളും പാലങ്ങളും  കലുങ്കുകളും പണിയാന്‍  വല്ല്യച്ചന്‍   ഉണ്ടായിരുന്നു  പോലും . ഒരിക്കല്‍  മഹാരാജാവ്  കാറില്‍  യാത്ര ചെയ്തപ്പോള്‍  കാര്‍  കുലുങ്ങി  എന്നു  പരാതിപ്പെട്ടതിനെ തുടര്‍ന്നു  ഒരു  മാസം  സസ്പെന്‍ഷന്‍  ലഭിച്ചു  പോലും .
  അന്ന്  12  രൂപ  ആയിരുന്നു ശമ്പളം,  വല്ല്യച്ചന്‍  ചക്രം  എന്നാണ്  പറയുക .പക്ഷേ     ചെറിയ തുകയും അല്‍പ്പ സ്വല്‍പ്പം  വിഷ ചികില്‍സയും  ഒക്കെ കൊണ്ട് രണ്ടു   പെണ്‍കുട്ടികളും  മൂന്നു  ആണ്‍കുട്ടികളും  ഉള്‍പ്പടെയുള്ള  മക്കളെ  നന്നായി  പഠിപ്പിച്ചു വലിയ  ഉദ്യോഗസ്ഥരാക്കി .  അതില്‍   ഗോപി  മാമനെയും  ഹരി മാമനെയും  എന്‍ജിനിയര്‍ മാരാക്കി. അമ്മയെ  ഹൈസ്കൂള്‍  അധ്യാപിക  ആക്കി .  അരീക്കരയുള്ള  സ്വന്തം  സഹോദരിയുടെ  മകനായ  എന്റെ  അച്ചനെക്കൊണ്ടു  വിവാഹം  കഴിപ്പിച്ചു .  പ്രൈമറി  സ്കൂള്‍  അധ്യാപിക ആയിരുന്ന ഭാര്യ  കല്യാണി വല്ല്യമച്ചിയും  ഇളയ  മകള്‍  രാജമ്മ  കുഞ്ഞമ്മയും  അകാലത്തില്‍  ക്യാന്‍സരിന്  കീഴടങ്ങി .  അമ്മ ഇല്ലാതെ  വളര്‍ന്ന അമ്മക്ക്  അതുകാരണം  വല്ല്യച്ചന്‍  ആണ്  എല്ലാം , തിരിച്ചും . 

കല്യാണി  വല്ല്യമച്ചിയുടെ  അനിയത്തി  ലക്ഷ്മ്മി  കുട്ടി വല്ല്യമച്ചി   അന്ന് തനിക്ക്  ഒരു കുഞ്ഞിനെ  സമ്മാനിച്ചു  ഉപേക്ഷിച്ചു  പോയ  ഭര്‍ത്താവിനെ  വെറുത്തു  മറ്റ്  ഒരാശ്രയവും  ഇല്ലാതെ  വന്നപ്പോള്‍    വല്ല്യച്ചന്‍റെ  അടുത്തു  സഹായം  അഭ്യര്‍ഥിച്ച്  ചങ്ങന്നാശേരി  വന്നതാണ് . അങ്ങിനെ   വല്ല്യച്ചന്‍റെ  മക്കളുടെ  വളര്‍ത്തമ്മയും  സഹചാരിയും സഹായിയും   ആയി ,   ആ കുഞ്ഞിനെ  വല്ല്യച്ചന്‍ പഠിപ്പിച്ചു  ഹൈസ്കൂള്‍  അദ്ധ്യാപകന്‍  ആക്കി , അതാണ്  വിശ്വന്‍ മാമന്‍ ,  എനിക്കു  പ്രീയപ്പെട്ട  തഴവാ മാമിയെ  സ്വന്തമാക്കിയ മാമന്‍

ഗോപി  മാമന്‍  വലിയ ഉദ്യോഗം  നേടി  വലിയ ഒരു ധനിക  കുടുംബത്തില്‍  നിന്നും  വിവാഹം  ചെയ്തു , അനിയന്‍  ഹരീമാമനും  അതേ  കുടുംബത്തില്‍  നിന്നു  വിവാഹം  ചെയ്തു .  ഇളയ ആളായ  നിര്‍മലന്‍  മാമന്‍  ആകട്ടെ  ഹിന്ദി  വിദ്വാന്‍  ഒക്കെ  പഠിച്ചു  അദ്ധ്യാപകന്‍  ആയെങ്കിലും  ഒരിടത്തും  ഉറച്ചു നിന്നില്ല . വല്ല്യച്ഛന്  ഏറ്റവും  അധികം  മന പ്രയാസവും  അതായിരുന്നു .  
  ഗോപി  മാമന്  സാമ്പത്തിക  നില  ഉയര്‍ന്നതോടെ  മക്കളെ  പഠിപ്പിക്കാന്‍  തങ്കശ്ശേരിയില്‍  വലിയ  വീട് വാങ്ങി .  അങ്ങിനെ  വല്ല്യച്ചന്‍  ചങ്ങനാശ്ശേരി  വിട്ടു  തങ്കശ്ശേരി  കൂട്  മാറി . വല്ല്യച്ചന്‍   താമസം  തങ്കശ്ശേരിയില്‍  ആണെകിലും  മനസ്സ്  മുഴുവന്‍  ഏക മകളായ  അമ്മയുടെ  നാടായ  അരീക്കര ആണ് . അന്ന്  എല്ലാ  ആഴ്ചയും മുടങ്ങാതെ  വരുന്ന   വല്ല്യച്ചന്‍റെ കത്തുകള്‍   കൊണ്ടുത്തരാനാണ്  പോസ്റ്റ് മാന്‍  വീട്ടില്‍  വരുന്നത് .  അന്ന്  അമ്മയുടെ  ഏറ്റവും വലിയ  ആശ്വാസം   വല്ല്യച്ചന്‍റെ  ഈ കത്തുകളും  ഗോപി മാമന്‍  ഇടക്കിടെ  കൊണ്ടുത്തരുന്ന  പണവും  ആയിരുന്നു . 

  വല്ല്യച്ചന്‍  അരീക്കര  വരുമ്പോള്‍  ഒക്കെ  അടുത്തുള്ള  ബന്ധുക്കളും  അയല്‍ക്കാരും  കാണാന്‍  വരും .  ചിലര്‍   വല്ല്യച്ഛന്  ഇഷ്ടപ്പെട്ട  കപ്പയോ ചക്കയോ  ചേനയോ   ചേമ്പോ    പുഴുങ്ങി  കൊണ്ട് വരും . ആളുകളുടെ  സങ്കടവും  സന്തോഷവും   കേട്ടു  വല്ല്യച്ചന്‍റെ  ഉപദേശം  വാങ്ങി  പോവുന്ന  എത്ര എത്ര  ആളുകള്‍  ആണ്  അന്നൊക്കെ  വീട്ടില്‍ വരിക .

  എനിക്കു  ഒരുമാതിരി  തിരിച്ചറിവു  ഉണ്ടായപ്പോള്‍  ആണ്  ലക്ഷികുട്ടി  അമ്മയും  വിശ്വന്‍ മാമനും  തങ്കശ്ശേരി  വീട്ടില്‍  നിന്നും  പിണങ്ങി പ്പോയി  എന്നൊക്കെ  അറിയുന്നതു . അമ്മ   അത്തരം  വിവരങ്ങള്‍  ഞങ്ങള്‍  കുട്ടികള്‍    അറിയാതെയിരിക്കാന്‍  ശ്രദ്ധിക്കുമായിരുന്നു .  അതിനാല്‍  വിശ്വന്‍  മാമനെ  കണ്ട  ഒരു ഓര്‍മ പോലും  ഇല്ലാതെയാണ്  ഞങ്ങള്‍ മുതിര്‍ന്നു  കുട്ടികള്‍  ആയത് .  ലക്ഷ്മിക്കുട്ടി  വല്ല്യമച്ചിയും  വിശ്വന്‍ മാമനും  മാമന്‍റെ ഭാര്യ  വീടായ  തഴവക്കു  താമസം  മാറ്റി  എന്നു  പിന്നേയും  എത്രയോ  വര്‍ഷങ്ങള്‍  കഴിഞ്ഞാണ്  ഞങ്ങള്‍  അറിയുന്നതു .

 ഞങ്ങള്‍   മൂന്നു  പേരെയും  വല്ല്യച്ചനും  തിരിച്ചും  വലിയ ഇഷ്ടമായിരുന്നു . വലിയ  കുഴപ്പക്കാരന്‍  എന്നു  അമ്മയും അച്ഛനും  എപ്പോഴും  വിശേഷിപ്പിക്കുന്ന  എന്നെ  വല്ല്യച്ഛന്  പ്രത്യേകിച്ചു  ഒരു  ഇഷ്ടക്കൂടുതല്‍  ഉണ്ടായിരുന്നു  എന്നതാണു  സത്യം . അതിനാല്‍  വല്ല്യച്ചന്‍റെ  ഹോമം , മരുന്ന്  ഉണ്ടാക്കല്‍  തുടങ്ങിയ  കാര്യങ്ങളില്‍  ഞാന്‍  ആയിരുന്നു  സഹായിയും . ഹോമം  നടത്തുമ്പോള്‍  കിട്ടുന്ന  കദളിപ്പഴവും  കല്‍ക്കണ്ടവും  ഒക്കെ  ആരുമറിയാതെ  അകത്താക്കാന്‍  എനിക്കു ഒരു  പ്രത്യേക   വൈദഗ്ദ്ധ്യവും  ഉണ്ടായിരുന്നു .

ഈ ഒരു  ചെറുക്കന്‍  മാത്രമാണു  എന്റെ  പ്രശ്നം എന്നു  അമ്മ  പരാതി  പറയുമ്പോള്‍  എല്ലാം  വല്ല്യച്ചന്‍  ആണ്  അമ്മയെയും  എന്നെയും  ഒരുപോലെ  ആശ്വസിപ്പിക്കുന്നത്
തങ്കമ്മേ , അവന്‍  വളരുമ്പോള്‍,  മിടുക്കനാവുമ്പോള്‍  നിന്റെ    കരച്ചില്‍  ഒക്കെ  മാറും
ഡാ  അനിയാ,  നിന്റെ  അമ്മ  അവളുടെ  മക്കള്‍  നന്നാവാന്‍  അല്ലെടാ ഈ   വഴക്ക് ഒക്കെ  പറയുന്നതു ? . നിന്നെ  ഒരുപാട്  വഴക്കു  പറയുന്നതു  നീ  ഏറ്റവും  നന്നാവാന്‍  അല്ലെടാ ..
 വല്ല്യച്ചന്‍  അറിവുകളുടെയും  നന്‍മകളുടെയും  കരുണയുടെയും വിലനിലമായിരുന്ന  ഒരു  മഹാത്മാവ്  തന്നെയായിരുന്നു .  കഷ്ടപ്പെടുന്ന  ബന്ധുക്കളെ  തിരഞ്ഞു  പിടിച്ച്  സഹായിക്കുക , ഇടക്കിടെ  ദൂരെ  ബന്ധു  വീടുകള്‍  സന്ദര്‍ശിക്കുക ,  മരുന്ന്  വേണ്ടവര്‍ക്ക്  മരുന്നും  പണം   വേണ്ടവര്‍ക്ക്  പണവും  ആശ്വാസം   വേണ്ടവര്‍ക്ക്  ആശ്വാസവും  നല്കുക  ഇതൊക്കെ  വല്ല്യച്ചന്‍റെ  രീതികള്‍  ആയിരുന്നു .  80 നു മേല്‍  വയസ്സുള്ളപ്പോഴും  എവിടേയും  നടന്നും  പിടിച്ചും  യാത്ര  ചെയ്യാന്‍  ഒരു മടിയും  ഉണ്ടായിരുന്നില്ല .
1931  ഇല്‍  വല്ല്യച്ചന്‍  കോണ്ടയില്‍  തറവാടിന്റെ  ഒരു  കുടുംബ  വൃക്ഷം  പല  വഴിക്കായി  കിട്ടിയ  വിവരങ്ങള്‍  കൊണ്ട്  വരച്ചെടുത്തു .  അത്  ശാഖ ശാഖ പിരിച്ചു  എഴുതിയും  വരച്ചും ഉണ്ടാക്കിയ   കുടുംബ വൃക്ഷം  രേഖ ആക്കിയത്   എപ്പോഴും  പോക്കറ്റ്  ഇല്‍ കൊണ്ട് നടക്കുമായിരുന്നു .  കോണ്ടയില്‍  കുടുബത്തിന്റെ  ഏറ്റവും വലിയ  ആധികാരിക രേഖ  ആയിരുന്നു  അത് . 400  കൊല്ലം മുന്‍പ്  തുടങ്ങിയ  ആ കുടുംബം    ഒരു അഭിമാനം  ആയി    കുടുംബ  വൃക്ഷത്തിന്റെ  ചിത്രം  എടുത്തു  വല്ല്യച്ചന്‍  എടുത്തു കാണിച്ചു  സംസാരിക്കുമായിരുന്നു .

 എന്റെ  ഗുരുത്വക്കേടുകള്‍   അതിന്റെ  പാരമ്യത്തില്‍ എത്തിയത്  പ്രീ  ഡിഗ്രീ  ഒന്നാം വര്ഷം   ഫിസിക്സ്  പഠിപ്പിച്ച  ഉമ്മന്‍  സാറിന്  ഒരു ഊമ  ഭീഷണി  കത്ത്  എഴുതി, പക്ഷേ  അത്    തൊണ്ടി  സഹിതം  പിടികൂടി കോളേജ്  ഇല്‍  നിന്നും  ടീ  സീ   കൊടുക്കുന്ന  ഘട്ടം  വരെ  എത്തിയപ്പൊള്‍  വല്ല്യച്ചന്‍  ഒരു  ദൈവദൂതന്നെപ്പോലെ  എത്തി  കോളേജ് പ്രിന്‍സിപ്പല്‍ നേ കണ്ടു .

അവന്‍  കുറച്ചു  കുഴപ്പങ്ങള്‍  കാണിച്ചു , മാനസികം  ആണ് , ഞാന്‍  ചികില്‍സിച്ചു  കൊണ്ടിരിക്കുകയാണ് , ഒരു  ദയവു  കാണിക്കണം

 അത് കേട്ട   അദ്ധ്യാപകര്‍ക്കും  പ്രിന്‍സിപ്പല്‍  നും അലിവ് തോന്നി , അങ്ങിനെ  എന്റെ  വിദ്യാഭ്യാസം  പൂര്‍ത്തീകരിച്ചു .  എന്റെ  പരാതികളും  സങ്കടങ്ങളും  ഒക്കെ  ദൈവ  സന്നിധിയില്‍  പറയുന്നത്  പോലെ  ഞാന്‍  വല്ല്യച്ഛനോട്  പറയും , എല്ലാം   കേട്ടു  വല്ല്യച്ചന്‍  ഒടുവില്‍   പോകാന്‍ നേരത്ത് എന്റെ  കൈ പിടിച്ച്  പറയും 

നീ  ആണ്  എന്റെ  പ്രതീക്ഷ ,   തങ്കമ്മയുടെ   മൂന്നു  മക്കളും  പ്രത്യേകിച്ചു  നീ  നന്നായി  കണ്ടിട്ടു  വേണം  എനിക്കു  സമാധാനമായി  മരിക്കാന്‍ , ഞാന്‍  എവിടെ കിടന്നു   മരിച്ചാലും  അരീക്കര  കൊണ്ട് വന്നു  ദഹിപ്പിക്കണം , തങ്കമ്മേടെ മൂന്നു  മക്കള്‍  വേണം  എന്റെ ചിതയ്ക്ക്  തീ കൊളുത്താന്‍

 ഗോപി മാമന്‍റെ മക്കളുടെ  പഠിത്തം  തീര്‍ന്നതോടെ  തങ്കശ്ശേരി  വീട്  വില്‍ക്കാന്‍  തീരുമാനിച്ചു .  എറണാകുളത്തു  മാമന്‍  വലിയ   വീട്ടിലേക്ക്  താമസം  മാറാന്‍  വല്ല്യച്ഛന്  തീരെ  ഇഷ്ടം  ഇല്ലായിരുന്നു . അരീക്കര  വരാനാണ്  ഇഷ്ടമെന്നു  അമ്മയോടെ  പല തവണ  കത്തെഴുതി  സൂചിപ്പിക്കുകയും  ചെയ്തു . പക്ഷേ  അമ്മ  അരീക്കരയിലെ  കഷ്ടപ്പാട്  അച്ഛന്  പറ്റിയത്  അല്ലെന്നും   എറണാകുളം  തന്നെ  മതിയെന്നും  ഒക്കെ  പറഞ്ഞു  നിരന്തരം  വല്ല്യച്ചനെ  നിരുല്‍സാഹപ്പെടുത്തി ക്കൊണ്ടിരുന്നു .  വല്ല്യച്ചന്‍  എറണാകുളത്തെക്കു  താമസം  മാറി  എങ്കിലും  അവിടെ  അരീക്കര  ലഭിക്കുന്ന  ശാന്തിയോ  സമാധാനമോ  പരിചരണമോ  ലഭിക്കുന്നില്ല  എന്നു കത്തുകള്‍  വായിക്കുമ്പോള്‍  ഞങ്ങള്‍ക്ക്  മനസ്സിലാകുമായിരുന്നു .  പണം  മാത്രമല്ല  സമാധാനം  തരുന്നത്  എന്നു  ആ കത്തുകള്‍  വ്യക്തമായി  പറയുന്നുണ്ടായിരുന്നു .

  ഞാന്‍  ഒന്നാം  വര്‍ഷ  ബീ  എസ്  സീ  എത്തി , ചേട്ടന്‍  തിരുവനന്തപുരം  മെഡിക്കല്‍  കോളേജില്‍  എത്തി , വല്ല്യച്ചന്‍  ഞങ്ങള്‍ക്ക്  പ്രത്യേകം  പ്രത്യേകം  കത്തുകള്‍  എഴുതാന്‍  തുടങ്ങി . എല്ലാ കത്തിലും  അരീക്കര  വന്നു  താമസിക്കണം ,  , കൊച്ചനിയനെ  ആയുര്‍വേദം  പഠിപ്പിക്കണം ,അവിടെ   വെച്ചു  മരിക്കണം ,  അതാണ്  എന്റെ ആഗ്രഹം  എന്നൊക്കെ   എഴുതും .  

ഒടുവില്‍   വല്ല്യച്ചന്‍  അരീക്കരക്കു  താമസം  മാറ്റുക  തന്നെ ചെയ്തു .   ഞങ്ങള്‍  ഏറ്റവും അധികം  സന്തോഷിച്ച  കാലം  ആയിരുന്നു  അത് .  വല്ല്യച്ചന്‍  വന്നതോടെ  എനിക്കു  അമ്മയും  അച്ഛനും  നിരന്തരം നല്‍കുന്ന  ശകാരത്തിന്റെ  അളവ്  വളരെ  കുറഞ്ഞു .  വല്ല്യച്ചന്‍  എന്നെ  എപ്പോഴും  ആശ്വസിപ്പിക്കുകയും  എല്ലാം  ശരിയാകുമെടാ..   എന്നു  പറഞ്ഞു  തോളത്തു  തട്ടുകയും  ചെയ്യുമായിരുന്നു .  അത്  എനിക്കു  നല്കിയ  ആശ്വാസം  ചെറുതോന്നുമല്ല . 

1979  ലെ  ഒരു   ഡിസംബര്‍  മാസം ,  എന്തൊക്കെയോ  ശാരീരിക  അസ്വസ്ഥതകള്‍  കാരണം  വല്ല്യച്ചന്‍   ഒരു  ഡോക്ടര്‍നേ കാണണം ,  അത്   കൊല്ലത്ത്  ശങ്കേര്‍സ്  ആശുപത്രിയിലെ  ഡോ ശിവരാജനെ  തന്നെ  കാണണം  എന്നു   നിര്‍ബന്ധം   പിടിച്ചു.  യാത്ര  ആവേണ്ട  ദിവസവും  തീരുമാനിച്ചു . 

 അന്ന്  വല്ല്യച്ഛന്   വീട്ടിലെ നടുക്കത്തെ  മുറി  ആയ  എന്റെ  മുറി  ആണ്  നല്കിയിരിക്കുന്നത് .  പോകാന്‍ നേരം  എന്തൊക്കെ  തപ്പുന്നത്  കണ്ടു .  അമ്മയും  അച്ഛനും  തിരച്ചിലില്‍  പങ്ക്  ചേര്‍ന്നു.  ഒടുവില്‍  ആണ് എന്നോടു  പറയുന്നതു 

  ഡാ  അനിയാ , അച്ഛന്‍റെ  ജൂബ്ബയുടെ  പോക്കറ്റ്  ഇല്‍  ഉണ്ടായിരുന്ന  100  രൂപ  കാണുന്നില്ല , നീ  എങ്ങാനും   ഇനി    എടുത്തോടാ ?

അച്ഛന്‍റെ  മയമില്ലാത്ത  ചോദ്യം  കേട്ടു  എനിക്കു ദേഷ്യവും സങ്കടവും  ഒരുമിച്ച്  വന്നു . 

  ഈ വീട്ടില്‍  എന്തു  കാണാതെ  പോയാലും  ഞാന്‍    മാത്രമാണു  കള്ളന്‍  !
 അച്ഛന്‍റെ  സംശയം  ശരി  ആയിരുന്നു  എങ്കിലും  ഞാന്‍ വീട്ടില്‍  നിന്നും  മോഷണം  നിര്‍ത്തിയിട്ടു  വര്‍ഷങ്ങള്‍  കഴിഞ്ഞിരുന്നു . അതൊക്കെ  വലിയ   തെറ്റാണ്  എന്നു  തിരിച്ചറിഞ്ഞു  തുടങ്ങി   കുറെ കാലം  കഴിഞ്ഞാണ്    പുതിയ ആരോപണം ,  ഞാന്‍  നിയന്ത്രണം  വിട്ടു  പൊട്ടിക്കരഞ്ഞു  വല്ല്യച്ചന്‍റെ കാല് പിടിച്ചു  കരഞ്ഞു .

വല്ല്യച്ഛാ  സത്യമായും  ഞാന്‍  എടുത്തില്ല ,  ഞാന്‍  അച്ഛന്‍റെ  കാശ്   എടുത്താലും   വല്ല്യച്ചന്‍റെ  കാശ്  ഞാന്‍  എടുക്കയുമില്ല

  ഡാ  അനിയാ , നീ  നിലവിളി  നിര്‍ത്തൂ ,  നീ  എടുത്തു  എന്നു   ഞാന്‍  പറഞ്ഞോ ,  നീ  എടുക്കില്ല  എന്നു എനിക്കു  അറിയില്ലേ ,  അത്  തിരിച്ചു  കിട്ടും , നീ   ഇങ്ങനെ  കരഞ്ഞാണോ  എന്നെ  യാത്ര  ആക്കുന്നത്  ?
 
 വല്ല്യച്ചനെ  ബസ്  കയറ്റാന്‍  കൂടെ  നടക്കുമ്പോഴും  എന്റെ  കണ്ണു  നിറഞ്ഞിരുന്നു .  നന്നായി  നന്നായി  എന്നു  വിചാരിച്ചു  ജീവിക്കാന്‍  തുടങ്ങിയതായിരുന്നു , അപ്പോഴാണ്   ഇങ്ങനെ  ഒരു പ്രഹരം , ഞാന്‍ തകര്‍ന്നു  പോയി . 

ഞാന്‍  അന്ന് ഭക്ഷണം  കഴിച്ചില്ല ,  ആരോടും  മിണ്ടിയില്ല , അന്ന് രാത്രി  എനിക്കു  ഉറങ്ങാനെ കഴിഞ്ഞില്ല , ഭ്രാന്തമായ  പല  ചിന്തകളും  മനസ്സിനെ  ആക്രമിച്ചു .  അതിലൊന്ന് ആത്മഹത്യ  ചെയ്യണം  എന്നായിരുന്നു .  എന്നെ വിശ്വസിക്കാത്തവരെ  ഒരു പാഠം പഠിപ്പിക്കണം  എന്നു  തോന്നി . അതിനായി  ഒരു കയറും  ഒരു പ്ലാവും  മനസ്സില്‍  കണ്ടു വെക്കുകയും ചെയ്തു .
 നേരം  വെളുത്തപ്പോള്‍  അമ്മ  കട്ടിലില്‍  എന്റെ   അരികെ  ഇരുന്നു ,  എന്റെ  നെറ്റിയില്‍  തടവി 

 മോനേ , അമ്മ  നിന്റെ  മുറിയിലെ  അലമാരയുടെ  അടിയില്‍  തൂത്തപ്പോള്‍  അച്ഛന്‍റെ  നൂറു  രൂപ  കിട്ടി , ജൂബ്ബയില്‍  നിന്നും  വീണു പോയതാരിക്കും ,  അത്  ഒരു വലിയ   തുകയല്ലേ  മോനേ ,  അമ്മയുടെ  വിഷമം  കൊണ്ട്  പറഞ്ഞു പോയതാ, ഇന്നലെ  അമ്മയും  ഉറങ്ങിയില്ല

 അമ്മയുടെ  കൈ തട്ടിമാറ്റി  ഞാന്‍   വരാന്തയില്‍   വാതിലിന്  മുകളില്‍  വെച്ചിരിക്കുന്ന  വല്ല്യച്ചന്‍റെ  വലിയ  ഛായാചിത്രം  നോക്കി ഉറക്കെ  പൊട്ടിക്കരഞ്ഞു  .
അന്ന്  അരീക്കര  ഫോണ്‍  ഇല്ല ,  എന്തെങ്കിലും  അത്യാവശ്യങ്ങള്‍  ഗോപി  മാമന്‍  പാറപ്പാട്ട് വീട്ടില്‍  വിളിച്ച്  പറയുകയും അത്  ആരോടെങ്കിലും  പറഞ്ഞു  വീട്ടില്‍  അറിയിക്കുകയും  ആണ്  പതിവ് .  ഉച്ചയോടെ  വല്ല്യച്ഛന്   കൊല്ലം ,ശങ്കേര്‍സ്  ആശുപത്രിയില്‍  ഒരു  ഓപ്പറേഷന്‍    നടന്നു  എന്നും  ഉടനെ    എല്ലാവരും  എത്തണം  എന്നും  ആയിരുന്നു  ആ സന്ദേശം .  അങ്ങിനെ  ഞങ്ങള്‍  എല്ലാവരും  കൊല്ലത്തേക്ക് തിരിച്ചു .  രാത്രിയോടെ  എത്തിയപ്പോള്‍   വല്ല്യച്ചന്‍റെ  നില  വളരെ  ഗുരുതരം  ആണെന്നും  അറിഞ്ഞു . വീട്ടില്‍  നിന്നും  പൂര്‍ണ  ആരോഗ്യവാനായി  പോയ  വല്ല്യച്ചന്‍റെ  അവസ്ഥ  അറിഞ്ഞു  അമ്മ  നിയന്ത്രണം  വിട്ടു  കരയാന്‍ തുടങ്ങി .  വല്ല്യച്ഛന്  മൂത്ര തടസ്സം ഉണ്ടായതിനാല്‍  നടത്തിയ  ഒരു ശസ്ത്രക്രിയ  ചെയ്തപ്പോള്‍  ആണ്  അത്  പ്രോസ്ട്രേറ്റ് ക്യാന്‍സര്‍  ആണെന്നും  വളരെ കൂടിയ  നിലയാണ്  എന്നും  മനസ്സിലായത് .  87  വയസ്സിന്  താങ്ങാന്‍ ആ  ശസ്ത്രക്രിയ  ചെറുതും അല്ലായിരുന്നു .

 സന്തോഷത്തോടെ  വല്യച്ഛനെ  കാണാന്‍  എത്തിയ  എനിക്കു വല്ല്യച്ചന്‍റെ കാണാതെപോയ   പണം   തിരിച്ചു  കിട്ടി  എന്നു  മാത്രം  ഒന്നു പറഞ്ഞാല്‍  മതിയായിരുന്നു . എന്നാല്‍  ഓക്സിജന്‍  കൊടുത്തു  കിടത്തിയ  ആ ശരീരം  നിറഞ്ഞ കണ്ണുകളോടെ നോക്കി   നില്‍ക്കാനെ എനിക്കു  കഴിഞ്ഞുള്ളൂ .  അന്ന്  അര്‍ദ്ധരാത്രിയോടെ  ഞങ്ങളുടെ   എക്കാലത്തെയും  മാര്‍ഗദീപം   പൊലിഞ്ഞു. 

വല്ല്യച്ചന്‍  ആഗ്രഹിച്ചത്  പോലെ  വല്ല്യച്ചന്‍റെ  ഭൌതിക  ശരീരം  അരീക്കര  കൊണ്ടുവന്നു .പിണങ്ങിപ്പിരിഞ്ഞു  പോയ  ലക്ഷ്മിക്കുട്ടി വല്ല്യമച്ചിയും  മകന്‍  വിശ്വന്‍  മാമനും   മക്കള്‍  ജ്യോതിയും  മീരയും  ഒക്കെ  അരീക്കര  എത്തി .  അന്ന് വരെ ഞാന്‍   കാണാതിരുന്ന  അവരെല്ലാം  വീണ്ടും  എന്റെ  അടുത്ത  ബന്ധുക്കളായി . 
വല്ല്യച്ചന്‍റെ  ചിതയ്ക്ക്  തീ കൊളുത്താന്‍  ഈറനുടുത്ത് ഞങ്ങള്‍  മൂന്നു  പേരക്കിടാങ്ങള്‍  വലം  വെച്ചപ്പോള്‍  ജീവിതത്തില്‍  ഇനി ഒരിയ്ക്കലും  ആത്മഹത്യയെ പ്പറ്റി  ചിന്തിക്കില്ലെന്ന് ഞാന്‍  പ്രതിജ്ഞ്ഞ  എടുത്തു . 

വല്ല്യച്ചനെ  ദഹിപ്പിച്ച   സ്ഥലത്തു   ആ ഓര്‍മക്ക്  ഒരു തെങ്ങും  തൈ  നട്ടു.  ഇന്ന്  അത് വലിയ  ഒരു  തെങ്ങായി  അരീക്കര വീടിന്  തണലായി ഉയര്‍ന്നു  നില്ക്കുന്നു .

കുറെ  വര്‍ഷങ്ങള്‍ക്ക്  മുന്‍പ്  ഒരു ഉള്‍വിളി പോലെ  വല്ല്യച്ചന്‍  ഉണ്ടാക്കിയ  ആ കുടുംബ  വൃക്ഷത്തിന്റെ  ചിത്രം  അടങ്ങിയ   കടലാസ്സ്  എവിടെ  അപ്രത്യക്ഷ്യ്മായി  എന്നു  കണ്ടു പിടിക്കണം  എന്നു തോന്നി .  എല്ലാ മാമന്‍ മാരോടും  അന്വേഷിച്ചു , ഒടുവില്‍  കോണ്ടയില്‍  കുടുംബത്തു  തന്നെ  പോയി  അന്വേഷിച്ചു . 

  കുറെ നാള്‍  മുന്‍പ്  അറ ഒന്നു  തൂത്തപ്പൊള്‍  ഒരു  പഴയ  പേപ്പര്‍  കിട്ടി . ഷാജി  അത്   നല്ല  രേഖ  ആണെന്ന് പറഞ്ഞു  തിരുവല്ല  ഒരു  സ്റ്റുഡിയോ  വില്‍ കൊടുത്തു , പിന്നെ  ഒരു വിവരവും ഇല്ല
 
 സ്വരണ ഖനി  കിട്ടിയതു  പോലെ  ഒരു വാര്ത്ത  ആയിരുന്നു   അത് . ഞാന്‍ നേരെ  തിരുവല്ലക്കു  പുറപ്പെട്ടു, ഷാജിയെ  തപ്പി  പിടിച്ചു , ഒടുവില്‍ സ്റ്റുഡിയോ  യും  കണ്ടു പിടിച്ചു .  അടഞ്ഞു  കിടന്ന  സ്റ്റുഡിയോ   തുറപ്പിച്ചു    പഴയ  പേപ്പറുകള്‍  മുഴുവന്‍  അരിച്ച്  പെറുക്കി  ഒടുവില്‍  വര്‍ഷങ്ങള്‍ക്ക്  മുന്‍പ്  കോപ്പി എടുക്കാന്‍  ഏല്‍പ്പിച്ച ആ അമൂല്യ  രേഖ  കണ്ടുകിട്ടി .  എനിക്കു  സന്തോഷം കൊണ്ട്  ഭ്രാന്ത്  പിടിച്ച  ഒരു നിമിഷം ആയിരുന്നു  അത് . വല്ല്യച്ചന്‍റെ   ജുബ്ബയുടെ  പോക്കറ്റ്  ഇല്‍ എത്രയോ  തവണ  തിരുകി  വെക്കുന്ന    കടലാസ്സിന്  ഇത്ര വിലയുണ്ട്  എന്നു  അന്നെനിക്ക്  മനസ്സിലായില്ലായിരുന്നു.
 ഞാന്‍  അത് ഏരണാകുളത്ത്  കൊണ്ടുവന്നു പലതരം  ഡിജിറ്റല്‍  കോപ്പി കല്‍ എടുത്തു . അത് മുഴുവന്‍  കോറെല്‍ ഡ്രോ  ഉപയോഗിച്ച്  മനോഹരമായ  ഒരു  കുടുംബവൃക്ഷം  ഉണ്ടാക്കി , എന്റെ  കുടുംബ വിവരങള്‍  ഉള്‍പ്പടെ  പല വിവരങ്ങള്‍  ചേര്‍ത്തു .

“   ഈ  ചെറുക്കന്  ഇത്   എന്തിന്‍റെ സൂക്കേടാ   ? “  എന്നു  എത്രയോ  തവണ   അച്ഛൻ  എന്റെ  പരാക്രമങ്ങള്‍  കണ്ടു  അതിശയിച്ചിരിക്കുന്നു .


 കുറച്ചു  വര്‍ഷങ്ങള്‍ക്ക്  മുന്‍പ്  ഞാന്‍  അരീക്കര  കുടുംബ സമേതം  പോയപ്പോള്‍   വല്ല്യച്ചനെ  ദഹിപ്പിച്ച  സ്ഥലത്തു  നട്ട  തെങ്ങിന്ഠെ    ചുവട്ടില്‍     കുറെ നേരം  വെറുതെ നോക്കി നിന്നു . ഒടുവില്‍  ഒരു  തരി മണ്ണെടുത്ത്  തലയില്‍  ആരുമറിയാതെ  വിതറി .

“  നിനക്ക്   എന്താ   ചെറുക്കാ   വട്ടുണ്ടോ ?  ആ   തെങ്ങിന്റെ  ചുവട്ടില്‍  നിന്നും മണ്ണ് വാരി  തലയില്‍  ഇടാന്‍ ?”
അമ്മ  ! ഞാന്‍  ഒന്നും  മിണ്ടിയില്ല ,   ഒരു   നല്ല  മനുഷ്യനായി  മാറാന്‍  വല്ല്യച്ചനെപ്പോലെ  ഒരു മാര്‍ഗ ദീപം മനസ്സിലും  അരീക്കര  വീടിന്റെ  വരാന്തയിലെ  ചുമരിലും  പ്രതിഷ്ഠിച്ച   എനിക്കു തലയില്‍  വാരിയിട്ടത്  വെറും  മണ്ണല്ല, വല്ല്യച്ചന്‍റെ അനുഗ്രഹം  ആണ്  എന്നു  പറയണം  എന്നുണ്ടായിരുന്നു .