Wednesday 28 March 2012

റജീടമ്മ

 
അരീക്കരയിലെ പറമ്പുകളില്‍ മാത്രമല്ല അഴാന്ത എന്ന മരം ഉള്ളത് , സത്യത്തില്‍ വാഴയ്ക്ക് ഊന്നു കൊടുക്കുകയോ വേലി കെട്ടുകയോ ഒക്കെ മാത്രം ഉപയോഗിക്കുന്ന ഒരു പാഴ്മരമാണ് ആഴാന്ത , ഇലക്കും തടിക്കും ഒക്കെ ഒരു തരം ദുര്‍ഗന്ധമാണ് . പക്ഷെ ഈ മരം എന്റെ ബാല്യകാലത്ത്‌ പ്രിയപ്പെട്ടതാവനുള്ള കാരണം അതില്‍ മരം കൊത്തി പക്ഷി ഉണ്ടാക്കുന്ന പൂര്‍ണ വൃത്താകൃതിയിലുള്ള വാതിലുള്ള പോടുകള്‍ ആണ് , അത് പിന്നീട് തത്തയോ മാടത്തയോ അവരുടെ സ്വന്തം കൂടുകള്‍ ആക്കുന്നു . അവയില്‍ ചെറു നാരുകള്‍ കൊണ്ട് വന്നു കൂട് പണിതു മുട്ടയിട്ടു അതില്‍ ചെറു കിളിക്കുഞ്ഞുകള്‍ തലയും നീട്ടി നില്‍ക്കുന്ന കാഴ്ച എന്റെ ബാല്യകാലത്തെ സുന്ദരമാക്കിയ ഒന്നാണ് . മാത്രമല്ല ഈ അഴാന്തയുടെ ദുര്‍ഗന്ധമുള്ള വാളിന്‍റെ രൂപം പോലെയുള്ള കായുകള്‍ പൊട്ടുമ്പോള്‍ വെള്ളിരൂപ പോലെ കാറ്റില്‍ പാറിപ്പറക്കുന്ന വിത്തുകള്‍ കാണാന്‍ അതി മനോഹരമാണ് . ഞങ്ങളുടെ പറമ്പില്‍ ഉള്ള നിരവധി ആഴാന്തകളില്‍ ഉണ്ടായിരുന്ന പക്ഷിക്കൂടുകള്‍ പരിശോധിക്കാന്‍ അവയില്‍ വലിഞ്ഞു കയറിയതും ചിലതില്‍ നിന്ന് നിരങ്ങിയിറങ്ങി കാലിന്റെ തൊലി പോയതും ഒക്കെ മറക്കാന്‍ ആവുന്നില്ല . എനിക്ക് ശിഖരങ്ങള്‍ ഉള്ള മാവോ പരങ്കാവോ പ്ലാവോ ഒക്കെ തത്തിപ്പിടിച്ചു കയറാന്‍ കഴിയുമെങ്കിലും ആഴാന്ത പോലെയോ കവുങ്ങ് പോലെയോ ഉള്ള ഒറ്റ തടി മരങ്ങള്‍ കയറാന്‍ ഒട്ടും കഴിവില്ലായിരുന്നു . അങ്ങിനെയാണ് റജിയെ കണ്ടു കിട്ടുന്നത് , ഒറ്റത്തടി മരങ്ങളില്‍ അണ്ണാനെ പോലെ വലിഞ്ഞു കയറുന്നത് കണ്ടാണ്‌ ഞാന്‍ റജിയുടെ ഫാന്‍ ആയതു . രാജി ഒരു വയസ്സിനു മൂത്താതാനെങ്കിലും തോറ്റു എന്റെ ക്ലാസ്സില്‍ തന്നെ , ഡിവിഷന്‍ വേറെയാണെന്നു മാത്രം .

അങ്ങിനെ ഞങ്ങളുടെ പറമ്പിലെ അഴാന്ത മരങ്ങള്‍ റജിയെ കിട്ടിയതോടെ ഒന്നൊന്നായി സ്കാന്‍ ചെയ്യാന്‍ തുടങ്ങി . അങ്ങിനെ പലവിധം മരപ്പോത്തുകളും മാടത്തകള്‍ക്കും തത്തകള്‍ക്കും മുട്ടയിടാന്‍ തയാറാക്കിയ മരപ്പോടുകളും ഒക്കെ കണ്‍ കുളിര്‍ക്കെ കാണാന്‍ തുടങ്ങി . മരംകയറ്റത്തിന്റെ ബാലപാഠങ്ങള്‍ റജി എനിക്ക് ഭംഗിയായി പറഞ്ഞു തന്നു . അങ്ങിനെ പല തവണ കണ്ടു കിട്ടിയ തത്തക്കുഞ്ഞുങ്ങളും മാടത്ത കുഞ്ഞുങ്ങളും അവയെ കരുണയില്ലാതെ കൊന്നു നിന്ന പാമ്പുകളെയും ഒക്കെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. റജി ഒരു നല്ല കൂട്ടുകാരനായി മാറിയതോടെ അമ്മ അവനെ ഒരു നോട്ടപുള്ളിയായി മാറ്റുകയും ചെയ്തു . അവന്‍ താഴെ പറമ്പിലൂടെ അമ്മ കാണാതെയാണ് എന്നെ കാണാന്‍ വരുന്നത് , തെങ്ങും തോപ്പില്‍ എത്തിയാല്‍ കിളി ചിലക്കുന്നത്‌ പോലെ ചില ശബ്ദങ്ങള്‍ ഉണ്ടാക്കും , സിഗ്നല്‍ കിട്ടിയാലുടന്‍ ഞാന്‍ വീട്ടില്‍ നിന്നും കടക്കും . പിന്നെ അമ്മ ഉച്ചത്തില്‍ " എടാ അനിയാ നീ ഇന്നിങ്ങ്‌ വന്നേര്, നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് " എന്ന് പറയുന്നത് വരെ പറമ്പിലെ മരങ്ങളില്‍ കയറിയും പക്ഷിക്കൂടുകള്‍ പരിശോധിച്ചും നടക്കും .

അന്ന് വന്നപാടെ അമ്മ ഒരു തുഞ്ചാണി എടുത്തു ഒന്ന് രണ്ടു അടി തന്നു " മേലില്‍ ആ പന്ന ചെറുക്കനുമായി കൂട്ട് കൂടിയെക്കരുത് , അവന്റെ തള്ള മഹാ ചീത്ത സ്ത്രീയാ" എനിക്ക് ഒന്നും മനസ്സിലായില്ല , അടി കിട്ടിയതോടെ എനിക്ക് വാശി ഇരട്ടിയായി . ഞാന്‍ പഴയതിനെക്കാളും ചങ്ങാത്തം കാണിക്കാന്‍ തുടങ്ങി , കൂടുതലും അമ്മ അടിച്ചതിന്റെ വാശി , അങ്ങിനെ ഒരു ദിവസം ഞാന്‍ അവന്റെ വീട്ടില്‍ അവനെ തിരക്കി പോയി , ചാണകം മെഴുകിയ തറയുള്ള ഒരു ഓല കെട്ടിയ വീട് , അരഭിത്തിയില്‍ കുമ്മായം , പിന്നെ ഓല കൊണ്ടുള്ള ചെറ്റയും, പടിക്കല്‍ ഇന്ന് ഉറക്കെ വിളിക്കുന്നത്‌ കേട്ട് റജിയുടെ അമ്മ പുറത്തേക്കു വന്നു , ഇവരാണോ അമ്മ പറയുന്ന " മഹാ ചീത്ത സ്ത്രീ " ? . മോന്‍ സാറിന്റെ മോനല്ലേ ? അനിയനല്ലേ ? അവരുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും ഒരു ചീത്തത്തരം എനിക്ക് കാണാന്‍ കഴിഞ്ഞില്ല . അങ്ങിനെ രജീടമ്മ എനിക്ക് പ്രിയപ്പെട്ടതായി മാറി , എപ്പോ റജിയെ വിളിക്കാന്‍ ചെന്നാലും രജീടമ്മ എന്തെങ്കിലും ഔ കുശലം ചോദിക്കും , റജിയുടെ മുടി ചീകി കൊടുക്കുമ്പോള്‍ ചിലപ്പോള്‍ എന്നെയും " അനിയന്‍ മോനെ , മുടി ഉഴപ്പിക്കിടക്കുന്നു, വാ ചീകിത്തരാം " അനുസരണയോടെ അവരുടെ മുന്‍പില്‍ ഞാന്‍ നിന്ന് കൊടുക്കും "

അമ്മക്ക് എന്റെ ഈ ചീത്ത കൂട്ടുകെട്ട് സഹിക്കാന്‍ ആവുന്നില്ലയിരുന്നു , പലതവണ അടി കിട്ടി ,'ആ ചെറുക്കാന് അവന്റെ തന്ത ആരെന്നു അറിയില്ല, ആ സ്ത്രീയുടെ വീട്ടില്‍ പോയെന്നു അറിഞ്ഞാല്‍ നിന്റെ കാലു ഞാന്‍ തല്ലിയൊടിക്കും " അമ്മയുടെ ഭീഷണി പതിയെ പതിയെ കരച്ചില്‍ ആയി , " അവര്‍ ഒരു പിഴച്ച സ്ത്രീയാ , കാളവണ്ടിക്കാര്‍ അവര്‍ക്ക് ചിലവിനു കൊടുക്കുന്നത് " അമ്മ പറയുന്ന കാര്യം എനിക്ക് മനസ്സിലാവുന്ന പ്രായം ഒന്നും അല്ല , തല്ലു കിട്ടിയതിന്റെ വാശി കാരണം ഞാന്‍ പഴയതിനേക്കാള്‍ കൂടുതല്‍ റജിയുടെ വീട്ടില്‍ പോവാന്‍ തുടങ്ങി . ഒരു ദിവസം ഞാന്‍ ചെല്ലുമ്പോള്‍ റജി തിണ്ണയില്‍ നിലത്തിരുന്നു ചോറ് ഉണ്ണുന്നു , " അനിയന്‍ മോന് ഇച്ചിരി ചോറ് തരട്ടെ" വേണ്ടെന്നു പറയുന്നതിനു മുന്‍പ് തന്നെ അവര്‍ എനിക്ക് ഒരു നീല കരയുള്ള വെളുത്ത ഇരുമ്പു പിഞ്ഞാണത്തില്‍ ചോറും കാച്ചിയ മോരും തീപ്പെട്ടിക്കൊള്ളി പോലെ അറിഞ്ഞ ചക്കക്കുരു തോരനും വിളമ്പി , അവര്‍ എന്റെ അടുത്തിരുന്നു " കഴിക്കു മോനെ" എന്ന് പറഞ്ഞു ഞങ്ങള്‍ രണ്ടു പേര്‍ക്കും മതിയാവോളം വിളമ്പി തന്നു . പിന്നെ അങ്ങനെ പല തവണ , അമ്മ തരുന്ന ചോറിന്റെ രുചി !

ഒരു ദിവസം രാവിലെ ഞാന്‍ അവരുടെ വീട്ടിലേക്കു നടക്കുമ്പോള്‍ അവരുടെ വീട്ടില്‍ നിന്നും കാള വണ്ടിക്കാരന്‍ ഇറങ്ങി വരുന്നത് കണ്ടു , അമ്മ പറഞ്ഞ കാര്യം എന്റെ മനസ്സില്‍ ആദ്യമായി അന്ന് തങ്ങി നിന്നു, ശരിയായിരിക്കും , ഈ വണ്ടിക്കാരന്‍ ആയിരിക്കും അമ്മ പറയുന്ന ആള്‍ ,

അമ്മ ഞാന്‍ അവരുടെ വീട്ടില്‍ കയറി ചോറുണ്ടു എന്ന് എങ്ങിനെയോ അറിഞ്ഞു , അന്ന് ഒരുപാട് തല്ലി, അമ്മക്ക് സഹിക്കാന്‍ വയ്യാതെ അന്ന് ഒരുപാട് കരഞ്ഞു , " അവര്‍ ഒരു പിഴച്ച സ്ത്രീയാണ് , പല ആണുങ്ങള്‍ വന്നു പോവുന്ന വീടാണ് അത് " എന്നൊക്കെ പറഞ്ഞിട്ടും എനിക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല , എനിക്ക് അവര്‍ രജീടമ്മ മാത്രം . മറ്റൊന്നും എനിക്ക് മനസ്സിലായില്ല .

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു , റജി എങ്ങോ നാട് വിട്ടു പോയി , മലബാര് ആണെന്ന് പറയുന്നു , രജീടമ്മ ഇന്ന് ജീവിചിരുപ്പുണ്ടോ എന്ന് തന്നെ അറിയില്ല .

എത്രയോ സ്ത്രീകള്‍ ശരീരം വിറ്റും മാനം വിറ്റും ഈ ലോകത്ത് ജീവിക്കുന്നു .മുംബയിലും പാരീസിലും ആമ്സ്ടര്‍ഡാമിലും ബാങ്കോക്കിലും ചിക്കാഗോവിലും ഒക്കെ അത്തരം ചില തെരുവുകള്‍ ഒരു സഞ്ചാരിയുടെ കൌതുകത്തോടെ ഞാന്‍ ചുറ്റി നടന്നു കണ്ടിട്ടുണ്ട് . ഒരു സ്ത്രീ സ്വന്തം ശരീരം വില്‍ക്കുന്നത് പാപം ആയിരിക്കാം , പക്ഷെ അത്തരം സ്ത്രീകളെ ആക്ഷേപിക്കാനോ അപമാനിക്കാണോ എനിക്കാവില്ല , കാരണം എന്റെ മനസ്സില്‍ ഒരമ്മയുടെ മുഖം ഉണ്ട് , രജീടമ്മയുടെ ! സ്വന്തം മകനോടൊപ്പം ഇരുത്തി ചോറ് വിളമ്പി തരികയും ഒതുങ്ങാത്ത എന്റെ മുടി ചീകിത്തരികയും ചെയ്ത അവരെ ഞാന്‍ അമ്മയല്ലെന്നല്ലാതെ ഞാന്‍ എന്ത് വിളിക്കണം ?

2 comments:

  1. റജീടമ്മ ...അമ്മയാകുന്ന മായാജാലം....
    മനോഹരം.

    ReplyDelete