Wednesday 28 March 2012

കൃഷ്ണപിള്ള

 
 ഞാന്‍ 1991ല്‍ സൌദിയില്‍ ഫിലിപ്സ് എന്ന ഒരു ഡച്ചു കമ്പനിയില്‍ ജോലിക്കെത്തിയ ആദ്യ ദിവസം തന്നെ കമ്പനിയിലെ ഏക മലയാളിയായ ഓഫിസ് സെക്രട്ടറി കൃഷ്ണപിള്ളയെ പരിചയപ്പെട്ടു . എന്നെ സംബധിച്ചിടത്തോളം എന്റെ പ്രൊഫഷണല്‍ ജീവിതത്തിലെ വലിയ ഒരു മാറ്റം ആയിട്ടാണ് ഞാന്‍ എന്റെ ജോലിയെ കണ്ടത് . ഫിലിപ്സ് ആദ്യമായി ഡച്ചുകാരന്‍ അല്ലാത്ത രണ്ടു ഇന്ത്യക്കാരെ എഞ്ചിനീയര്‍ ആയി ജോലിക്കെടുത്തത്തില്‍ ഒരാള്‍ ആണ് ഞാന്‍ . ഞാന്‍ എം ആര്‍ ഐ യിലും എന്റെ കൂടെ മുംബയില്‍ നിന്നും വന്ന സുഹാസ്‌ എന്ന കാത്ത് ലാബ് എഞ്ചിനീയര്‍ ഉം . ഞങ്ങളുടെ റിയാദ് ഓഫീസില്‍ ഒരു സൗദി പോലും ഇല്ല , പത്തിരുപതു ഡച്ച് കാരും ഞങ്ങള്‍ രണ്ടു മലയാളികളും പിന്നെ ഡച്ചുകാരുടെ ഫാമിലി ഡ്രൈവര്‍ മാരായി നാല് യമനികളും. കണ്ട ഉടനെ കൃഷ്ണപിള്ളയുടെ " എന്റെ മാഷേ ഈ നശിച്ച സ്ഥലത്ത് എന്തിനാ വന്നെ ? " കേട്ടപ്പോഴേ എന്തോ ഒരു ഇഷ്ടക്കേട് കൃഷ്ണപിള്ള ക്ക് ഉണ്ടെന്നു തോന്നി . സത്യത്തില്‍ ആ ഓഫീസില്‍ കൃഷ്ണപിള്ളക്ക് വലിയ സാഹസപ്പെട്ട പണിയൊന്നും ഇല്ല . ഞങ്ങളുടെ എയര്‍ ടിക്കെറ്റുകള്‍ ബുക്ക് ചെയ്യുക , വിവിധ ഫാക്സ് കള്‍ വരുന്നത് അതാതു ആളുകളെ ഏല്പിക്കുക . കോഫി മെഷീനും ഫോട്ടോ കോപ്പി മെഷീനും ഒക്കെ നമ്മള്‍ തന്നെത്താന്‍ ഉപയോഗിക്കുകയും അവരവരുടെ കപ്പുകള്‍ കഴുകി വെക്കുകയും ഒക്കെയാണ് . അന്ന് ഈമെയില്‍ പരിപാടി തുടങ്ങിയിട്ടില്ല , ഇന്റര്‍നെറ്റും ഇല്ല . ഞാന്‍ മിക്കപ്പോഴും യാത്രയില്‍ ആയതിനാല്‍ ഓഫീസില്‍ വരുന്ന ദിവസങ്ങള്‍ ഒക്കെ കൃഷ്ണപിള്ളയുമായി ഒരു ചങ്ങാത്തം സ്ഥാപിക്കാന്‍ ശ്രമിക്കുമായിരുന്നു , " എങ്ങിനെയുണ്ട് ഇന്നത്തെ ദിവസം ? " എന്ന് ചോദിക്കേണ്ട താമസം " ഒന്നും പറയണ്ട എന്റെ മാഷേ ഇന്ന് ഇരുപത്തഞ്ചു ഫാക്സ് ആണ് വന്നത് " പുള്ളിക്കാരന്റെ പറച്ചില്‍ കേട്ടാല്‍ തോന്നും ഇരുപത്തഞ്ചു ചാക്ക് സിമന്റു ചുമ്മി അടുക്കി വെച്ചത് പോലെയാണ് എന്ന് , കുറച്ചു ദിവസങ്ങള്‍ക്കകം എനിക്ക് കൃഷ്ണപിള്ള വളരെ താല്പര്യമുള്ള ഒരു കഥാപാത്രം ആയി തോന്നി , എന്ത് ചെയ്താലും ഒരു വിമ്മിഷ്ടം പോലെ, എന്തിനും ഏതിനും പരാതി പറയുക , ലോകത്തെ മുഴുവന്‍ ചീത്ത വിളിക്കുക , നാട്ടിലുള്ള ഭാര്യയെ ഫോണില്‍ വിളിച്ചാലുടന്‍ ശകാര വര്‍ഷം ആണ് . ആകപ്പാടെ ഒരു നെഗറ്റീവ് വീക്ഷണം , ഞാന്‍ ഒരു ലോഹ്യം ചോദിച്ചാല്‍ ഉടന്‍ വരും " ഈ നാട്ടില്‍ നിന്നും എങ്ങിനെയെങ്കിലും വീട് പറ്റണം എന്റെ മാഷേ .. മടുത്തു " ഈ അസംതൃപ്തിയുടെ കാരണം അറിഞ്ഞു തുടങ്ങിയപ്പോള്‍ എനിക്ക് അയാളോട് ആദ്യം തോന്നിയ നീരസം ഒക്കെ മാറി ശരിക്കും താല്‍പ്പര്യം ആയി , കൃഷ്ണ പിള്ള ഗള്‍ഫില്‍ ഒരു പാട് രാജ്യങ്ങള്‍ ഒക്കെ ജോലി ചെയ്തു പതിനാലു വര്‍ഷമായി , അവസാനം ജുബൈല്‍ ആയിരുന്നു , കുറെ കഷ്ടപ്പെട്ട് അവിടെ നിന്നും റിലീസ് വാങ്ങിയാണ് ഫിലിപ്സ് ല്‍ വന്നു പെട്ടത് . വിവാഹം കഴിഞ്ഞു ഒരു മാസം കഴിഞ്ഞു ഗള്‍ഫില്‍ എത്തിയതാണ് , രണ്ടും മൂന്നും കൊല്ലം കൂടുമ്പോള്‍ ആണ് നാട്ടില്‍ പോവുക , ഫിലിപ്സ് ല്‍ എത്തിയതോടെയാണ് ആദ്യമായി എല്ലാക്കൊല്ലവും ലീവുള്ള പണി തരപ്പെടുന്നത് .

ഞാനും കൃഷ്ണപിള്ളയും ഹാരയില്‍ ആണ് താമസം , ഞാന്‍ ഒരു ഫാമിലി സ്ഥലത്തും ആണ് എന്ന് മാത്രം , കൃഷ്ണ പിള്ള ഒരു ബാച്ചലര്‍ സ്ഥലത്തും . എന്റെ ഭാര്യ വരാന്‍ കുറച്ചു മാസങ്ങള്‍ കൂടിയെടുക്കും . അതിനാല്‍ ഞാന്‍ ഞങ്ങളുടെ അവധി ദിവസങ്ങള്‍ ആയ വ്യാഴവും വെള്ളിയുമൊക്കെ ടീ വീ കണ്ടും ബത്തയില്‍ കറങ്ങി നടന്നും ചില പാചകങ്ങള്‍ പരീക്ഷിച്ചും ഒക്കെ തള്ളി നീക്കുകയാണ് . " വെള്ളിയാഴ്ച ഞാന്‍ അങ്ങോട്ട്‌ വരാം " എന്ന് ഒന്ന് രണ്ടു തവണ പറഞ്ഞു നോക്കിയെങ്കിലും കൃഷ്ണപിള്ള ഓരോരോ കാരണങ്ങള്‍ പറഞ്ഞു എന്നെ ഒഴിവാക്കി , എന്നാല്‍ പിന്നെ ഒരു ദിവസം ഇങ്ങേരുടെ ഫ്ലാറ്റ് കണ്ടിട്ടേ അടങ്ങൂ എന്ന് തീരുമാനിച്ചു വീട്ടില്‍ എത്തിയപ്പോള്‍ എനിക്ക് അദ്ദേഹത്തെ കുറെക്കുടെ മനസ്സിലായി , അകത്തെ മറ്റു മുറികളില്‍ കഴിയുന്ന മറ്റു മലയാളികെ ഒന്നും അത്ര പിടിത്തമല്ല , കോമണ്‍ അടുക്കള ഓരോരുത്തരും സ്വന്തം ആയി ഉപയോഗിക്കുന്നു , " ഒന്നിനെ അടുപ്പിക്കാന്‍ പറ്റിയ ടൈപ്പല്ല മാഷേ , കമന്നു വീണാ കാപ്പണം ആണ് ഇവറ്റകള്‍ " അടുക്കള കൃഷ്ണ പിള്ള ചിലപ്പോ ചോറ് വെക്കും , പാവക്ക ഉപ്പും മഞ്ഞളും ചേര്‍ത്ത് വെക്കും , " അമ്മയ്ക്കും അച്ഛനും പ്രമേഹം ഉള്ളതിനാല്‍ ഒരു കരുതല്‍ ! എന്റെ അടിക്കടിയുള്ള സന്ദര്‍ശനങ്ങള്‍ കാരണം കൃഷ്ണപിള്ള കുറേശെ മനസ്സ് തുറക്കാന്‍ തുടങ്ങി . എന്തിനെങ്കിലും ഞാന്‍ അയാള്‍ക്ക്‌ വേണ്ടി പണം മുടക്കിയാല്‍ ഉടന്‍ പറയും " പണിക്കര്‍ക്ക് പണത്തിന്റെ വില അറിയാന്‍ വയ്യ , അതാ ഇങ്ങനെ , ഒന്ന് രണ്ടു പിള്ളര്‍ ആവ്വട്ടെ , താനേ പഠിച്ചോളും " ഒരു ദിവസം ഞാന്‍ പറഞ്ഞു " ഓണം വരുന്നല്ലോ , നമുക്ക് ഒരു ചെറിയ ഓണ സദ്യ ആയാലോ " " എന്റെ മാഷേ നിങ്ങള്ക്ക് വേറെ പണിയൊന്നും ഇല്ലേ , ഈ ഇനങ്ങള്‍ക്കാണോ സദ്യ? " അവസാനം കൃഷ്ണ പിള്ള സമ്മതിച്ചു , അങ്ങിനെ ഒരു ചെറിയ സദ്യ ഒരുക്കി മറ്റു മുറിയില്‍ താമസിക്കുന്നവരെ ക്കൂടി കൂട്ടി , എല്ലാവരും സഹകരിച്ചു . " അപ്പൊ നാട്ടില്‍ കുശിനി പ്പണി ആയിരുന്നു അല്ലെ ? " കൃഷ്ണ പിള്ള എന്റെ നേരെ നോക്കി ഒരു തമാശും പൊട്ടിച്ചു പായസം കുടിച്ചു തീര്‍ത്തു . അങ്ങിനെ കുറേശെ സ്വന്തം സമ്പാദ്യത്തെ പറ്റിയും പിന്നിട്ട വഴികളെ പറ്റിയും പഴയ കഫീലുകളെ പറ്റിയും ഒക്കെ പലവിധ കഥകളും പങ്കു വെച്ചു. " ബാങ്കില്‍ ഒരു ഏഴു രൂപയുണ്ട് , പത്തു ആയാല്‍ ആ ദിവസം ഞാന്‍ സ്ഥലം വിടും കേട്ടോ മാഷേ, പിന്നെ ഗള്‍ഫ്‌ ലേക്ക് എന്റെ പട്ടി വരും " കൃഷ്ണ പിള്ള എന്നോട് തുറന്നു പറഞ്ഞു .

അതിനിടെ ഞാന്‍ തബൂക്ക് എന്ന സ്ഥലത്ത് ഏകദേശം മൂന്നു മാസത്തേക്ക് ഒരു പ്രൊജക്റ്റ്‌ സംബധിച്ച് പോയി . ഒരു ദിവസം പുതിയ ബോസ്സിനോട് എന്തോ ഒന്നും രണ്ടും പറഞ്ഞു കൃഷ്ണ പിള്ള തെറ്റി . നിന്ന നില്‍പ്പില്‍ രാജിക്കത്ത് കൊടുത്തു സ്ഥലം വിട്ടു . നാട്ടില്‍ എത്തിയിട്ടാണ് എന്നെ വിളിക്കുന്നത്‌ , " മതി മാഷേ ഇനി അങ്ങോട്ടില്ല " ഞാന്‍ ഒരു തരത്തില്‍ അത് നാന്നായി എന്ന് വിചാരിച്ചു , പതിനാലു കൊല്ലമായി കുടുംബം ഉപേക്ഷിച്ചു ഈ മരുഭൂമിയില്‍ കഴിഞ്ഞതല്ലേ , ഇനി നാട്ടില്‍ ജീവിക്കട്ടെ , കുറെ മാസങ്ങള്‍ കഴിഞ്ഞു കാണും കൃഷ്ണപിള്ള വിളിച്ചു , "നാട്ടില്‍ ഒരു കടയിട്ടു , സാമാന്യം നന്നായി കച്ചവടം ഉണ്ട്" , എന്തിലും ആവട്ടെ പാവം ഇനി നന്നായിക്കോളും എന്ന് ഞാനും വിചാരിച്ചു .
പിന്നെ ഒന്ന് രണ്ടു തവണ നാട്ടില്‍ വന്നെങ്കിലും കൃഷ്ണ പിള്ളയുടെ നമ്പര്‍ എവിടെയോ മറന്നു പോയതിനാല്‍ വിളിക്കാനോ വിവരങ്ങള്‍ അറിയാനോ സാധിച്ചില്ല . അങ്ങിനെ ഒരിക്കല്‍ എന്തോ തിരഞ്ഞപ്പോള്‍ ദാ കൃഷ്ണ പിള്ളയുടെ നമ്പര്‍ , വെറുതെ ഒന്ന് വിളിച്ചേക്കാം എന്ന് വിചാരിച്ചു , എടുത്തത്‌ അയാളുടെ ഭാര്യ , " ചേട്ടന്‍ ഇപ്പൊ കുവൈറ്റില്‍ ആണ് , ഒരു വര്‍ഷം ആയി " " അപ്പൊ കട? " "ഓ അതൊക്കെ കടം കയറി , അവസാനം നിര്‍ത്തി വീട്ടില്‍ ഇരുപ്പായി , പിന്നെ ഇപ്പോഴാ ചെറിയൊരു പണി ശരിയായത് "

ഫോണ്‍ താഴെ വെച്ചപ്പോള്‍ വരവേല്‍പ്പിലെ മോഹന്‍ ലാലിനെ ഞാന്‍ ഒന്ന് കൂടി ഓര്‍ത്തു !

4 comments:

  1. ഗുഡ്, നല്ല എഴുത്ത്....കൃഷ്ണപിള്ളചേട്ടനെ പോലെയുള്ളവരെ ഈ പ്രവാസത്തിനിടയില്‍ ഞാനും കണ്ടുമുട്ടിയിട്ടുണ്ട്...
    തന്കലുദ് തുടര്‍ന്നുള്ള എഴുത്തിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  2. ഇപ്പോളാണ് കണ്ടത്‌..... നല്ല സുഖമുള്ള വായന...ഭാഷയുടെ ഒഴുക്ക്, ശുദ്ധി!! എല്ലാം ഇഷ്ട്ടമായി!
    ആശംസകള്‍!

    ReplyDelete
  3. bhavanayil ninnu ezuthunnathinekaalum manasil ninnu ezuthunnathinu mizivu koodum....randamtethu aanu sir inte ezutthu... aashamsakal

    ReplyDelete