Saturday 29 September 2012

എന്റെ തഴവാ മാമി

 
 
അരീക്കര നിന്ന് പതിവ് പോലെ അമ്മയോട് ഒരു കള്ളവും പറഞ്ഞു ഞാന്‍ മുളക്കുഴക്ക്‌ നടന്നു . അവിടെ നിന്നും ബസ്‌ കയറി ആലുംമൂട് മുക്കില്‍ നിന്നും കായംകുളത്തിനുള്ള പ്രൈവറ്റ് ബസ്‌ കേറി കായംകുളത്ത് എത്തി . പിന്നെ കൊല്ലത്തിനുള്ള ട്രാന്‍സ്പോര്‍ട്ട് ബസ്‌ കിട്ടി വവ്വാക്കാവ് ജന്കഷനില്‍ ഇറങ്ങി . അവിടെ നിന്നും മണപ്പള്ളിക്കുള്ള ബസ്‌ കിട്ടും . അതെ ബസ്‌ കാത്തു നില്‍ക്കുന്ന ഒരു മാധ്യവയസ്കനോട് ഒന്ന് കൂടി ചോദിച്ചു ബസ്‌ കിട്ടുമെന്ന് ഉറപ്പാക്കി .
" മണപ്പള്ളിക്ക് ഉള്ള ബസ്‌ ഉടനെ വരുമോ ?"
പറഞ്ഞു തീര്‍ന്നതും ബസ്‌ വന്നു നിന്നു, വഴി ചോദിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് തന്നെ ഇരുന്നു .
"മണപ്പള്ളിക്കാ ?"
"അതെ , മാമന്റെ വീട്ടില്‍ പോവാ, കൊട്ടുക്കൊയിക്കല്‍ എന്നാ വീട്ടുപേര് , അറിയുമോ "
" അത് കൊള്ളാം , അവിടെയാര "
" വിശ്വനാഥന്‍ "
" അല്ലെ, വിശ്വന്‍ സാറ് വേറെയാ താമസം , പിച്ചിനാട്ടു, എങ്ങനാ ബന്ധം എന്ന് പറഞ്ഞെ ?"
" എന്റെ മാമനാ , എന്റെ അമ്മയുടെ മൂത്ത സഹോദരനാ വിശ്വന്‍ മാമന്‍ "
" വിശ്വന്‍ സാറിനു ഇങ്ങനെ ഒരു സഹോദരി ഉള്ളത് എനിക്കറിയില്ലല്ലോ , സാറും പറഞ്ഞു കേട്ടിട്ടില്ല "

അദ്ദേഹം പറഞ്ഞു എത്ര ശരിയാണെന്ന് ഞാന്‍ ഓര്‍ത്തു , അമ്മ ഒരിക്കലും ഇങ്ങനെ ഒരു മാമന്‍ കൂടി ഉള്ളതായി ഞങ്ങളോട് പറഞ്ഞിട്ടില്ല . തലനാരിഴ കീറി പരിശോധിച്ചാല്‍ സഹോദരന്‍ അല്ല , അര്‍ദ്ധ സഹോദരന്‍ ആണ് വിശ്വമാമന്‍ എന്ന് വേണമെങ്കില്‍ പറയാം . അമ്മയുടെ സ്വന്തം അമ്മ വളരെ ചെറുപ്പത്തിലെ മരിച്ചു , പിന്നെ ആ അമ്മയുടെ അനിയത്തിയായ വിശ്വന്‍ മാമന്റെ അമ്മ സ്വന്തം ഭര്‍ത്താവുമായി പിരിഞ്ഞു കഴിഞ്ഞ കാലത്ത് അന്നത്തെ കാരണവന്മാര്‍ അമ്മയുള്‍പ്പടെ കുട്ടികളായ നാലുപേരെയും നോക്കാന്‍ കൂടി ആണ് വല്യച്ഛന്റെ വീട്ടില്‍ കൊണ്ടാക്കുക ആയിരുന്നു. അങ്ങിനെ കൈക്കുഞ്ഞായിരുന്ന വിശ്വന്‍ മാമനെയും കൊണ്ട് ആ അമ്മ ചങ്ങനാശ്ശേരിയിലെ തറവാട്ടില്‍ എത്തി . പിന്നെ വല്യച്ഛന്റെ മക്കളെ എല്ലാം വളര്‍ത്തി വലുതാക്കി , അതില്‍ ഗോപി മാമനും ഹരി മാമനും എങ്ങിനീയര്‍ മാരായി , നിര്‍മലന്‍ മാമന്‍ ബിസിനസ്സുക്കാരന്‍ ആയി , വിശ്വന്‍ മാമനും അമ്മയും ഹൈസ്കൂള്‍ അധ്യാപകരായി . കാലം ചെന്നപ്പോള്‍ വല്യച്ചനും വലിയമ്മച്ചിയും വഴി പിരിഞ്ഞു . അങ്ങിനെ കൂടെ പിറപ്പുകള്‍ കണ്ടാല്‍ മിണ്ടാതായി . വിശ്വന്‍ മാമന്‍ തഴവയിലെ കോട്ടുകൊയിക്കല്‍ തറവാട്ടില്‍ നിന്നും വിവാഹം കഴിച്ചു ഭാര്യ വീട്ടിനടുത്ത് തന്നെ വല്യമ്മച്ചിയുമായി വീട് വച്ചു താമസിക്കുന്നു .

" എന്നാ എഴുനേറ്റോ, ബസ്‌ പിച്ചിനാട്ടു പടിക്കല്‍ തന്നെ നിര്‍ത്തും "

യ്യോ , കഥ പറഞ്ഞു ബസ്‌ എത്തിയത് അറിഞ്ഞില്ല , ഞാന്‍ മാമനെയോ മാമിയെയോ കണ്ടാല്‍ അറിയില്ല . ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല . അമ്മ ഈ മാമന്റെ മാത്രം കഥ പറയാതെ മാറ്റി വച്ചു . ഒരുമിച്ചു ഒരേ വീട്ടില്‍ വളര്‍ന്ന സഹോദരനെ , വളര്‍ത്തിയ കുഞ്ഞമ്മച്ചിയെപ്പറ്റി ഒരക്ഷരം ഞങ്ങള്‍ മക്കളോട് പറഞ്ഞു തന്നിട്ടില്ല . തല തിരിഞ്ഞ പയ്യനായ ഞാന്‍ അടുത്ത കാലത്ത് ആണ് കഥകള്‍ ഒക്കെ നിര്‍മലന്‍ മാമന്റെ മാമി പറഞ്ഞു അറിഞ്ഞതാണ് . അന്ന് മുതല്‍ തീരുമാനിച്ചതാണ് ഈ കാണാത്ത മാമനെയും മാമന്റെ മാമിയേയും എങ്ങിനെയും ഒന്ന് കാണണമെന്ന് . ഷത് രാജ്യങ്ങള്‍ പോലും ചര്‍ച്ച ചെയ്തു പ്രശ്നങ്ങള്‍ പരിഹരിക്കുന്നു , പിന്നെ ഈ കൂടെപിറപ്പുകള്‍ ഒരുമിച്ചാല്‍ ഇതാ ആകാശം ഇടിഞ്ഞു വീഴുമോ ?.

ബസ്‌ ഇറങ്ങി ഞാന്‍ കൈതകള്‍ കൊണ്ട് മതിലുകള്‍ തീര്‍ത്ത ആ വീട് കണ്ടു . ഒരു ചെറിയ ഭംഗിയുള്ള കുമ്മായം തേച്ച വീട് . പൂഴി മണല്‍ നിറഞ്ഞ ആ വഴി ചെന്ന് അവസാനിക്കുനത് അടുക്കളക്കും നിറയെ മരങ്ങളും ചെടികളും നിറഞ്ഞ ഒരു മുറ്റത്തെക്കാണ് .

" ആരാ ?"
മുറ്റത്തേക്ക്‌ അതിസുന്ദരിയായ ഒരു സ്ത്രീ ഇറങ്ങി വന്നു , വലിയ സിന്ദൂരപ്പൊട്ടും നീളമുള്ള മുടിയും സ്വര്‍ണത്തിന്റെ നിറവും , എന്റെ ഭാവനയില്‍ കണ്ട മാമി തന്നെ അല്ലെ ഇത് , അതെ മാമി അല്ലാതെ ഇത്ര സുന്ദരി വേറെ ആരാ ?
" ഞാന്‍ അനിയന്‍ , അരീക്കര തങ്കമ്മ ....യുടെ രണ്ടാമത്തെ മകന്‍ "
" അയ്യോ , തങ്കമ്മ അക്കച്ചിയുടെ മകനോ ... ഈശ്വരാ .. ഞാന്‍ ഇതെന്താ ഈ കേള്‍ക്കുന്നേ .."
മാമി എന്നെ ഓടിവന്നു കെട്ടിപ്പിടിച്ചു ,
" അനിയന്‍ മോനെ .. എന്റെ മോന് എങ്ങിനെ ഈ വീട് കണ്ടു പിടിച്ചു , തങ്കമ്മ അക്കച്ചി അറിഞ്ഞാണോ ഇങ്ങോട്ട് വന്നത് "
മാമി എന്റെ കൈ വിടാതെ പിടിച്ചും തലമുടിയില്‍ തടവിയും ഒരു നൂറു ചോദ്യം ചോദിച്ചു കാണും . കണ്ണ് നിറഞ്ഞിരിക്കുന്നു .
" സാറേ , ഒന്നിങ്ങോട്ടു ഇറങ്ങി വന്നെ .. ആരാ ഈ വന്നതെന്ന് നോക്കിക്കേ .. നിങ്ങടെ മരുമകന്‍ , തങ്കമ്മ അക്കച്ചിയുടെ മകന്‍ "

അകത്തു നിന്നും ഇറങ്ങി വന്ന താടിയും കണ്ണാടിയും ഒക്കെയുള്ള മെലിഞ്ഞ ആളെ കണ്ടു ഞാന്‍ ഇമ വെട്ടാതെ നോക്കി നിന്നു . വിശ്വന്‍ മാമന്‍ ! എന്റെ സ്വന്തം അമ്മയുടെ മൂത്താങ്ങള!
" ഡേയ് , താന്‍ എങ്ങിനെ കണ്ടു പിടിച്ചടെ ഇവിടെ ? , താനാണോ അനിയന്‍ , എന്ത് ചെയ്യുന്നടെ ?"
" ഞാന്‍ Bsc ഒന്നാം വര്‍ഷം"
മാമന്‍ ഒന്നോ രണ്ടോ വാക്കുകള്‍ പറഞ്ഞു അകത്തേക്ക് പോയി , എപ്പൊഴും ഒരു വായനയും ഗൌരവവും .

മാമി ആദ്യം കണ്ട നിമിഷം മുതല്‍ എന്റെ കണ്ണും കരളും കവര്‍ന്നു കളഞ്ഞു . എപ്പൊഴും ശകാരം മാത്രം കേട്ട് ശീലിച്ച എനിക്ക് മാമിയുടെ പ്രിയമുള്ള വാക്കുകള്‍ തേന്‍ ഒഴുകുന്നത്‌ പോലെ തോന്നി . എന്തൊരു സ്നേഹം?, എന്തൊരു വാത്സല്യം? .
മാമിക്ക് രണ്ടു മക്കള്‍ , എന്റെ പ്രായമുള്ള മകന്‍ ജ്യോതിയും അനിയത്തി മീരയും . അന്ന് രണ്ടു പേരും വീട്ടില്‍ ഇല്ലായിരുന്നു . അതിനാല്‍ ഒരു നിരാശ തോന്നി . അവര്‍ എങ്ങിനെയിരിക്കും , എന്റെ പണക്കാരായ മറ്റു കസിന്‍സിനെപ്പോലെ കണ്ടാല്‍ മിണ്ടാത്തവരായിരിക്കുമോ അതോ കൂട്ടുകൂടുന്നവരാണോ ? ആര്‍ക്കറിയാം .

ഊണ് തുടങ്ങിയപ്പോളാണ് മാമിയുടെ കൈപ്പുണ്യം എന്താണന്നു ഞാന്‍ മനസ്സിലാക്കിയത് . അരീക്കരയില്‍ ഒന്നോ രണ്ടോ കറി തന്നെ ഭാഗ്യമായി കരുതുന്ന എനിക്ക് ചോറിനു ചുറ്റും വിളമ്പി വെച്ചിരിക്കുന്ന കറികള്‍ , തീയല്‍, മാമ്പഴ പുളിശ്ശേരി , കൊഞ്ച് കറി , മീന്‍ വറുത്തത് , അവിയല്‍ , വാഴക്കാ തോരന്‍ .. എന്റീശ്വര ഈ മാമിയുടെ മകനായി ജനിച്ചാല്‍ മതിയായിരുന്നു .
തിരികെ ബസ്‌ കയറ്റി വിടാന്‍ മാമി കൂടെ വന്നു , അമ്മ അറിയാതെ ആണ് ഞാന്‍ വന്നതെന്ന് മാമിയോടു ഞാന്‍ ആദ്യമേ പറഞ്ഞതിനാല്‍ മാമി വല്ലാതെ പരിഭ്രമിച്ചിരുന്നു .
" മോനെ ചെന്നാ ഉടനെ എഴുത്ത് അയക്കണേ "
മാമി എന്റെ തലമുടി ഒതുക്കി വച്ചു , ഞാന്‍ മാമിയുടെ സ്വര്‍ണ നിറമുള്ള കൈയ്യില്‍ പിടിച്ചു യാത്ര പറഞ്ഞു .
അന്ന് തുടങ്ങിയ ബന്ധം പിന്നെ ഒരിക്കലും മുറിഞ്ഞിട്ടില്ല, അകന്നു പോയ കൂടെപിറപ്പുകള്‍ വീണ്ടും മുഖാമുഖം കണ്ടു . മാമിയും മാമനും വീട്ടില്‍ വന്നു . പരസ്പരം മിണ്ടാന്‍ കൂട്ടാക്കാതെ ഈ ലോകം വിട്ടുപോയ വല്യച്ചനും വല്ല്യമച്ചിയും മറ്റൊരു ലോകത്തില്‍ ഇപ്പൊ ഒന്നിച്ചു കാണും .

മാമി എത്ര വേഗമാണ് എനിക്ക് സ്വന്തം അമ്മയെപ്പോലെ പ്രിയപ്പെട്ടതും പിരിയാന്‍ അവാത്തതും ആയി മാറിയത് . അടിക്കടി മാമിയെ ക്കാണാന്‍ തഴവക്ക് പോവുക , മാമിക്ക് തുടരെ കത്തുകള്‍ എഴുതുക , ചിലപ്പോള്‍ മറുപടി അയക്കുന്നത് മീര ആയിരിക്കും . എനിക്ക് വരുന്ന കത്തുകള്‍ പൊട്ടിച്ചു വായിച്ചു അമ്മ എത്ര തവണയാണ് എന്നെ ശകാരിചിട്ടുള്ളത് . ഈ അമ്മക്ക് ആ മാമിയെപ്പോലെ എന്നെ ഒന്ന് സ്നേഹിച്ചാല്‍ എന്താ കുഴപ്പം ?

ജീവിതത്തില്‍ എത്ര വിഷമം തോന്നിയാലും മാമിയെ ഒന്ന് കണ്ടാല്‍ മതി , അല്ലെങ്കില്‍ ഒരു കത്തെഴുതിയാല്‍ മതി . എ മറുപടി ഒന്ന് വായിച്ചാല്‍ മതി , എല്ലാ വിഷമങ്ങള്‍ക്കും മാമിക്ക് ഒരു മറുപടിയെ ഉള്ളൂ .
" സാരമില്ല അനിയാ , മോന്‍ പഠിച്ചു മിടുക്കനാവും , വലിയ ആളാവുമ്പോള്‍ മാമിയെ മറന്നു പോവരുത് "
ദൂരെ എവിടെ പ്പോയാലും ഞാന്‍ മാമിക്ക് എഴുതും, പുതിയ സ്ഥലത്തെ പറ്റി, കണ്ട കാഴ്ചകളെപ്പറ്റി , പരിചയപ്പെട്ട ആളുകളെ പറ്റി , മാമിയുടെ മറുപടി വായിച്ചു പുതിയ ചോദ്യങ്ങള്‍ക്ക് മറുപടി വീണ്ടും എഴുതും , സ്വന്തം അമ്മക്ക് ഇത്രയും കത്ത് എഴുതിയിട്ടില്ല . അതില്‍ ശകാരങ്ങളും പരാതികളും വായിച്ചു ശീലമായി .

മുംബയ്ക്ക് പോയപ്പോള്‍ , ജോലി കിട്ടിയപ്പോള്‍ ,ആസ്ട്രേലിയ ക്ക് പോയപോള്‍ , സൌദിക്ക് പോയപ്പോള്‍ , യൂറോപ്പില്‍ പോയപ്പോള്‍ , ജപ്പാനില്‍ പോയപ്പോള്‍ , ചൈനക്ക് പോയപ്പോള്‍ , ജീവിതത്തിലെ സന്തോഷവും അഭിമാനവും ഉണ്ടായ എല്ലാ സമയങ്ങളിലും മാമിയുടെ പ്രിയപ്പെട്ട ഒരു വാക്ക് കേള്‍ക്കാതെ ഉറങ്ങിയിട്ടില്ല . ഒരു പുതിയ സ്ഥലത്ത് പോവുമ്പോഴും അവിടെ കിട്ടുന്ന പിക്ചര്‍ കാര്‍ഡ് വാങ്ങി തഴവക്ക് മാമിയുടെ പേര്‍ക്ക് അയക്കും . പിന്നെ നാട്ടില്‍ വരുമ്പോള്‍ മാമിയുടെ വീട്ടില്‍ എത്തുമ്പോള്‍ അത് കണ്ണാടി അലമാരിയില്‍ നിരത്തി വെച്ചിരിക്കും . മാമിയുടെ കൈപ്പുണ്യമുള്ള ചോറും കറിയും ഒക്കെ ആര്‍ത്തിയോടെ വാങ്ങി കഴിക്കും , പോകാന്‍ നേരത്തു എന്നി നോക്കാതെ മാമിയുടെ കൈയ്യില്‍ പണം വച്ചു ആ കൈ ബലമായി എന്റെ നിറുകയില്‍ വെപ്പിക്കും . ചിലപ്പോള്‍ മീരയുടെ കുട്ടികള്‍ക്ക് സമ്മാനപ്പൊതികള്‍ .

അഞ്ചു കൊല്ലം മുന്‍പ് ഒരു ദിവസം മീരയുടെ ഫോണ്‍
" അനിയന്‍ ചേട്ടാ , അമ്മക്ക് സംസാരിക്കുമ്പോള്‍ ഒരു അവ്യക്തത , ഒരു എം ആര്‍ ഐ വേണം "
" എവിടെ വേണം , ശ്രീ ചിത്രയില്‍ എനിക്ക് പരിചയമുള്ള ഒരു ടെക് ഉണ്ട് , ഞാന്‍ പറയാം"
എം ആര്‍ ഐ എടുത്തു , പരിശോധിച്ച ഡോക്ടര്‍ മീരയെ മാറ്റി നിര്‍ത്തി അല്‍പ്പം സീരിയസ് ആയി പറഞ്ഞു
" ഇത് സ്യൂഡോ ബല്‍ബാര്‍ പാള്‍സി ആണ് , ഇതിനു പ്രത്യേക ചികിത്സ ഒന്നും നിലവില്‍ ഇല്ല "
വിവരം അറിഞ്ഞു ഞാന്‍ എനിക്ക് പരിചയം ഉള്ള ചില ന്യൂരോലജിസ്റ്റ് കളോടെ വിവരം ഒന്ന് കൂടി തിരക്കി .
സത്യം കൂടുതല്‍ വേദനാജനകം ആയിരുന്നു , ഈ രോഗം അപൂര്‍വ്വം ആണ് , സംസാര ശക്തിയും ഭക്ഷണം ചവച്ചു ഇറക്കാനുക്കുള്ള ശക്തിയും പിന്നാലെ ശരീരത്തിലെ സകല വിധ മസിലുകള്‍ പ്രവര്ത്തിക്കാതെ ആവുകയും ചെയ്യും .

വിവരം അറിഞ്ഞു നാട്ടിലെത്തിയ ഞാന്‍ മാമിയുടെ മുഖത്ത് ആദ്യമായി ദൈന്യത കണ്ടു വേദനിച്ചു . പല വാക്കുകളും തിരിയുന്നില്ല , ഉമിനീര് ഇറക്കാന്‍ വല്ലാത്ത പ്രയാസം .ചികിത്സ ഇല്ലാത്ത ആ അപൂര്‍വ രോഗം എന്റെ പ്രിയപ്പെട്ട മാമിയെ അപഹരിക്കും എന്ന് എനിക്ക് ഏറെക്കുറെ ഉറപ്പായി .

മാമിയുടെ തളര്‍ച്ചയും രോഗത്തിന്റെ തീവ്രതയും വളെരെ വേഗമായിരുന്നു . മൂന്നു വര്‍ഷം കൊണ്ട് മാമി പരസഹായം കൂടാതെ ഒന്നും വയ്യ എന്നാ അവസ്ഥയില്‍ ആയി . ഇനിയും കഷ്ടപ്പെടുത്താതെ അമ്മയെ മരിക്കാന്‍ വിടുന്നതാണ് നല്ലതെന്ന് മക്കളും മാമനും തോന്നിത്തുടങ്ങി .

രണ്ടു കൊല്ലം മുന്‍പത്തെ ഒരു സെപ്റ്റംബര്‍ 12 !
മീരയുടെ ഫോണ്‍
" അനിയന്‍ ചേട്ടാ ,അമ്മ പോയി "
ഞാന്‍ കരഞ്ഞില്ല , നാട്ടില്‍ എത്താന്‍ ടിക്കറ്റ്‌ കിട്ടുമോ എന്നാ പരക്കം പാച്ചില്‍ ആയിരുന്നു . അതി രാവിലെ കിട്ടിയ വിമാനം കാരണം ഉച്ചയോടെ തഴവ എത്തി , പിചിനാട്ടെ വീട്ടുമുറ്റം മുഴുവന്‍ ജന സമുദ്രം !
എന്റെ സ്വന്തം അല്ലാത്ത അമ്മ , എന്റെ പ്രിയപ്പെട്ട മാമി ഐസ് കട്ടകള്‍ക്ക് മുകളില്‍ ഉറങ്ങുന്നു .
വയ്യ , എനിക്കിങ്ങനെ നോക്കി നില്ക്കാന്‍ വയ്യ !
ഞാന്‍ ആദ്യം മാമിയെ കണ്ടപ്പോള്‍ ഉള്ള ആ വലിയ സിന്ദൂര പൊട്ടു മാമിക്ക് അന്ത്യ യാത്രയില്‍ വീണ്ടും ഇട്ടു കൊടുക്കാന്‍ മീര മറന്നില്ല . വിശ്വന്‍ മാമന്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു , മാമന്‍ ഇത്ര ദുര്‍ബലന്‍ ആണെന്ന് അന്നാണ് എനിക്ക് മനസ്സിലായത്‌ .

മാമിയുടെ ചിരി മാഞ്ഞിട്ടു ഇന്ന് രണ്ടു വര്‍ഷം , എനിക്ക് കത്തെഴുതാനും കൈപിടിച്ച് നെറുകയില്‍ വെക്കാനും മാമി തഴവയില്‍ ഇല്ല . എല്ലാ വിഷുവിനും ഓണത്തിനും ഫോണ്‍ വിളിക്കുമ്പോള്‍ " അത് എന്റെ അനിയന്‍മോന്‍ അല്ലാതെ വേറെ ആരാ " എന്ന് പറഞ്ഞു ഓടി വന്നു എടുക്കാന്‍ മാമി ഇല്ല .

ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പിച്ചിനാട്ടു വീട്ടില്‍ വീണ്ടും എത്തി , മാമിയെ ദഹിപ്പിച്ച സ്ഥലം മുഴുവന്‍ വാടമുല്ലകള്‍ പൂത്തു നിറഞ്ഞു നില്ല്ക്കുന്നു . മാമിയുടെ ചിരി പോലെ !
ഞാന്‍ ആ വാടാമുല്ലകള്‍ കൈകൊണ്ടു ഒന്ന് തലോടി നോക്കി , എന്റെ കണ്ണീര്‍ അതില്‍ വീഴാതിരിക്കാന്‍ കൈ കൊണ്ട് കണ്ണ് രണ്ടും പൊത്തി നിന്നു . എന്റെ കണ്ണീര്‍ അവിടെയങ്ങാനം വീണാല്‍ മാമി ചിരിക്കുന്നത് നിര്‍ത്തി എന്നെ വഴക്ക് പറഞ്ഞാലോ ! 
 
 അതെനിക്ക് സഹിക്കാന്‍ ആവില്ല !

മുംബൈ ! മറക്കാനാവാത്ത ഒരു ഓര്‍മ !

എന്റെ അരീക്കര കഥകളില്‍ എന്നെ പോലെ ഒരു മകനെ വളര്‍ത്താന്‍ പാടുപെട്ടു ശരീരം വിറ്റു ജീവിതം നയിച്ച ഒരു പാവം സ്തീയെപ്പറ്റി എഴുതിയത് ചിലരെങ്കിലും വായിച്ചു കാണുമല്ലോ . രജീടമ്മയുടെ രൂപം എന്റെ മനസ്സില്‍ എന്നും ഒരു വേദനയായി തങ്ങി നിന്നതിനാല്‍ അത്തരം ജീവിതം നയിക്കേണ്ടി വന്ന സ്ത്രീകളെ ഒരിക്കല്‍പ്പോലും കുറ്റപ്പെടുത്താനോ അക്ഷേപിക്കാണോ എനിക്ക് കഴിഞ്ഞിട്ടില്ല .

എന്റെ എഞ്ചിനീയറിംഗ് പഠനത്തിനായി ഞാന്‍ മുംബയില്‍ ബാന്ദ്രയില്‍ ലിങ്കിംഗ് റോഡിലുള്ള നാഷണല്‍ കോളേജു കാമ്പസ്സില്‍ ഉള്ള ഹോസ്റ്റല്‍ ആയിരുന്നു നാല് കൊല്ലം താമസിച്ചത് . കോളേജു ദൂരെ വര്‍ളി എന്ന സ്ഥലത്തും . എങ്കിലും അതെ സ്ഥാപനങ്ങളുടെ കീഴില്‍ ഉള്ള ഒരേ ഒരു ഹോസ്റ്റല്‍ ആണ് ബാന്ദ്രയില്‍ ഞങ്ങളുടേത് . അമീര്‍ഖാന്റെ " ത്രീ ഇടിയട്ട്സ് " നെ കടത്തി വെട്ടുന്ന ഒരു ഹോസ്റ്റല്‍ ജീവിതം ആയിരുന്നു ഞങ്ങളുടേത് . ഞങ്ങളുടെ ബാച്ചില്‍ നിന്നും ആകെ മുപ്പത്തഞ്ചോളം സഹപാഠികള്‍ . എന്റെ ജീവിതത്തിലെ ഈറ്റവും അവിസ്മരണീയമായ കാലം എന്ന് സിസ്സംശയം പറയാവുന്ന കാലം. ആ ഹോസ്റ്റല്‍ ജീവിതം എനിക്ക് ജീവിതത്തിലെ വിലപ്പെട്ട അനുഭവങ്ങള്‍ മാത്രം അല്ല , എക്കലെത്തെയും മികച്ച അനവധി സുഹൃത്തുക്കളെയും തന്നു . കേരളത്തിലെ ഒരു കുഗ്രാമത്തില്‍ നിന്നും പലതരം അപഹര്‍ഷതാബോധവുമായി എത്തിയ ഹോസ്റ്റല്‍ ലെ ഏക " മദ്രാസി " ആയിരുന്നു ഞാന്‍ . പക്ഷെ നാല് കൊല്ലത്തെ ഹോസ്റ്റല്‍ ജീവിതവും അവിടെ കിട്ടിയ സുഹൃത്തുക്കളും എന്റെ ജിവിതം മാറ്റി എഴുതി എന്ന് തന്നെ പറയാം.

എനിക്ക് ഒരിക്കലും മറക്കാന്‍ ആവാത്ത ഒരു സുഹൃത്തിനെ പറ്റി ഇന്നെഴുതാം .

അദ്ദ്യ ദിവസം തന്നെ പരിചയപ്പെട്ട സഹപാറി ആണ് ധീരെന്‍ കല്ഘട്ടി എന്ന് മുഴുവന്‍ പേരുള്ള ധീരെന്‍ . അയാളുടെ വേരുകള്‍ ചികഞ്ഞാല്‍ കര്‍ണാടകത്തിലെ ബല്‍ഗാം എന്ന സ്ഥലത്താണ് . അച്ഛന്‍ മഹാരഷ്ട്രയ്ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ . വളരെക്കാലമായി താനേ ജില്ലയില്‍ താമസം. കോളേജില്‍ അവിടെനിന്നും വരാന്‍ പ്രയാസം ആയതിനാല്‍ ഹോസ്റ്റലില്‍ വന്നതാണ് . അന്ന് വര്‍ളി കോളജില്‍ നിന്നും എത്തിയാല്‍ ഉടന്‍ നാഷണല്‍ കോളെജിനു മുന്‍പില്‍ ഉള്ള ഒരു യൂപ്പിക്കാരന്‍ ഭയ്യായുടെ " കട്ടിംഗ് " എന്ന് വിളിക്കുന്ന ഒരു തരം മസാല ചായക്കട ഉണ്ട് . അത് കുടിക്കാന്‍ ഞങ്ങള്‍ വൈകിട്ട് അവിടെ കൂടും . ഒരു ചെറിയ കല്‍ഭിത്തിയില്‍ കയറി ഇരുന്നു വായി നോട്ടവും വെടി പറച്ചിലും ഈ ചായ കുടിയും കഴിഞ്ഞിട്ടേ ഹോസ്റ്റലില്‍ പോവൂ . രണ്ടു റോഡുകള്‍ സന്ധിക്കുന്ന ഒരു സ്ഥലമായതിനാല്‍ ഈ ചായ കുടിക്കാനും അടുത്തുള്ള പാന്‍കാരന്റെ അടുത്തും നാഷണല്‍ കോളേജിലെ ബിരുദ വിദ്യാര്‍ഥികള്‍ വരുന്ന സാന്‍ഡ്വിച്ചു കാരന്റെ അടുത്തും ഒക്കെ ഇതു സമയവും നല്ല തിരക്കായിരിക്കും . എപ്പോഴും നിറമുള്ള കാഴ്ചയാണ് ഇവിടെ.

വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ എപ്പോഴും ഒരു ഗ്രൂപ്പായി വരുന്നതിനാല്‍ ഭയ്യക്ക് ബള്‍ക്ക് ഓര്‍ഡര്‍ കിട്ടുമെന്ന് ഉറപ്പായതിനാല്‍ അയാള്‍ ഞങ്ങളെ കാണേണ്ട താമസം , പുതിയ മസാല ചായക്ക്‌ വെള്ളം വെക്കും . ഇഞ്ചി , ഏലക്ക , അങ്ങിനെ ചില മസാലകള്‍ ചേര്‍ത്ത് നല്ലവണ്ണം തിളപ്പിച്ച്‌ അരിച്ചെടുക്കുന്ന ഈ കട്ടിംഗ് മുംബൈ മിക്ക സ്ഥലങ്ങളിലും പ്രസിദ്ധമാണ് . ഞങള്‍ കോളേജു പിള്ളേര്‍ മാത്രമാല്ല ഈ കട്ടിംഗ് കുടിക്കാന്‍ വരുന്നത്, വഴിപോക്കരും ട്രാഫിക്‌ പോലീസുകാരും വഴി വാണിഭക്കാരും ഓട്ടോ ടാക്സി ഡ്രൈവര്‍ മാരും തിരക്കില്‍ അറിയീതെ പോവുന്ന പോക്കടിക്കാരും ഗുണ്ടകളും ഒക്കെ ഇവിടെക്കാണും . ഞങ്ങളുടെ സ്ഥിരമായ വരവും അതും പത്തിരുപതു പേരുടെ ഈ സംഘം താമസിയാതെ ഇവിടുത്തെ സ്ഥിരം കാഴ്ചകളില്‍ ഒന്നായി മാറി . പരസ്പരം കളിയാക്കുക , ചീത്ത വിളിക്കുക , പിടിച്ചു തള്ളുക, കടം വാങ്ങുക തുടങ്ങി കുട്ടികളുടെ എല്ലാ വികൃതികളും എന്നും പതിവായിരിക്കും. സ്ഥിരം ആസമയത്ത് വന്നു ചായ കുടിക്കുന്ന പലരും ഞങ്ങളുടെ ഗ്രൂപ്പിനോട് കുശലം പറയുകയോ വഴി ചോദിക്കുകയോ ഒക്കെ പതിവാണ് . , .

ധീരെന്റെ ഒരു പ്രത്യകത നമ്മള്‍ക്ക് ആര്‍ക്കും ഇല്ലാത്ത ഒന്നായി എനിക്ക് ആദ്യ ദിവസങ്ങളില്‍ തന്നെ മനസ്സിലായി . ഭയ്യ ആണെങ്കിലും പാന്‍ കാരന്‍ ആണെങ്കിലും സാന്‍ഡ് വിച്ചു കാരന്‍ ആണെങ്കിലും അയാള്‍ പെട്ടന്ന് അടുത്ത സുഹൃത്തായി മാറും. ഒരാളെ അടുത്ത സുഹൃത്താക്കാന്‍ നിമിഷ നേരം മതി . അവരുടെ വീട്ടു വിശേഷം ചോദിക്കല്‍ , അവരോടു കടം പറയല്‍ , അവര്‍ക്ക് കടം കൊടുക്കല്‍ , അതെല്ലാം ധീരെനില്‍ ഞാന്‍ കണ്ട പ്രത്യേക സ്വഭാവ വിശേഷങ്ങള്‍ ആണ് . അതിനാല്‍ തന്നെ ധീരെന്റെ സുഹൃത്ത്‌ വലയം പെട്ടന്നാണ് വലുതായത് . അയാളുടെ സൗഹൃദം ഇഷ്ടപ്പെടാത്തെ ഒരാളും ഞങ്ങളുടെ ഹോസ്റ്റലില്‍ ഇല്ലായിരുന്നു .

അന്നും പതിവ് പോലെ ഞങ്ങള്‍ " ഘട്ട " എന്ന് അറിയപ്പെടുന്ന ആ അരമതിലില്‍ ചായയും കുടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു . ഭായ്യയുടെ ചായക്ക്‌ ഓര്‍ഡര്‍ ചെയ്തു ഒരു സ്ത്രീ ഞങ്ങളുടെ ഉറക്കെയുള്ള പൊട്ടിച്ചിരി കേട്ട് അസഹ്യഭാവത്തില്‍ നോക്കി. അവര്‍ ഇടയ്ക്കിടെ ഭയ്യയോടും പാന്‍ വാലയോടും എതെക്കെയോ പറയുന്നുണ്ട് .
പ്രത്യേകതരം മേക്ക് അപ്പും കടും ചുവന്ന ലിപ് സ്ടിക് ഉം ഒക്കെ ഉള്ള അവര്‍ പോയ ഉടനെ പാന്‍വാല ധീരെനോട് പറഞ്ഞു
" നിങ്ങടെ നാട്ടുകാരിയാ , കന്നടയാ , മറ്റേതാ പണി "
അയാള്‍ പറഞ്ഞത് എന്താണെന്ന് ഊഹിക്കാന്‍ ഞങ്ങള്‍ക്ക് യാതൊരു പ്രയാസവും ഇല്ലായിരുന്നു . കാരണം മുംബയില്‍ ഏതു ബസ്‌ സ്റൊപ്പിലും ഇങ്ങനെയുള്ള സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് ഞങ്ങളില്‍ മിക്കവരും കണ്ടിട്ടുണ്ട് . കാറില്‍ പോകുന്ന പുരുഷന്മാരെ കൈകാണിച്ചു വില പറഞ്ഞു അവരുടെ ഒപ്പം കയറിപ്പോവുന്ന അനേകം പേരെ ഞങ്ങള്‍ ഇതിനകം കണ്ടിരിക്കുന്നു . മുംബയില്‍ ശരീരം വില്‍ക്കുന്നത് സ്ത്രീകള്‍ മാത്രം ആണ് എന്ന് കരുതരുത് . സ്വവര്‍ഗ പ്രേമികളായ പുരുഷന്മാരും ഹിജടകളും ഒക്കെ മിക്ക സ്ഥലങ്ങളിലും ഉപജീവനമാര്‍ഗം തേടി കാത്തു നില്‍ക്കുന്നത് ഞങ്ങള്‍ സ്ഥിരമായി കാണുന്ന കാഴ്ചയാണ് . ചിലസ്ഥലങ്ങളില്‍ ചെറുപ്പക്കാരെ തേടി ഇറങ്ങുന്ന പര്ഷ്ക്കാരിപെണ്ണുങ്ങള്‍ ഉണ്ടെന്നുപോലും ഞങ്ങള്‍ ഇതിനകം കേട്ടിരിക്കുന്നു .

അടുത്ത ദിവസവും ഈ സ്ത്രീ വന്നു , ഞങ്ങളുടെ ഗ്രൂപ്പ് അവിടെ പതിവ് രാഷ്ട്രീയവും വെടി പറച്ചിലും കളിയാക്കലും ആയി സമയം നീക്കുക ആണ് .

ധീരെന്‍ ഈ സ്ത്രീ വന്നതും കന്നടയില്‍ എന്തോ ചോദിച്ചു ,
" നീ ബെല്‍ഗാം കാരിയാണോ ? " എന്നാണു അവരുടെ തലയാട്ടലില്‍ നിന്നും എനിക്കും മനസ്സിലായി .
, അവര്‍ ധീരെനോട് ചറപറാ എന്തെക്കെയോ പറഞ്ഞു . ചായയും കുടിച്ചു കയ്യിലെ വലിയ പേഴ്സ് മായി അവര്‍ മറയുകയും ചെയ്തു .

അന്ന് ഹോസ്റ്റലില്‍ ഞങ്ങള്‍ മുംബയിലെ ചുവന്ന തെരുവകളെ പറ്റിയും ശരീരം വിറ്റു ജീവിക്കുന്ന ലക്ഷക്കണക്കിന്‌ സ്ത്രീകളെയും സ്വര്‍ഗ്ഗ പ്രേമികളെയും പറ്റി ഒക്കെ ആയിരുന്നു ചര്‍ച്ച . മുംബൈ നഗരത്തില്‍ മാത്രം അഞ്ചു ലക്ഷം ലൈംഗിക തൊഴിലാളികള്‍ ഉണ്ടെന്നു പറയുമ്പോള്‍ മുംബയിലെ ചുവന്ന തെരുവുകളും അനുബന്ധ വ്യാപാരങ്ങളുടെയും അവസ്ഥ മനസ്സിലാക്കാം .

എന്തിനു പറയുന്നു , ഈ സ്ത്രീ എന്നും ചായ കുടിക്കാന്‍ വരികയും ധീരേനെ ധീരന്‍ ഭയ്യ എന്ന് വിളിച്ചു സംസാരിക്കുകയും ചെയ്യാന്‍ തുടങ്ങി . അവരെ കാണുമ്പോള്‍ ഞങ്ങളില്‍ പലര്‍ക്കും ഉണ്ടായിരുന്ന അടക്കം പറച്ചിലും പരിഹാസവും ഒക്കെ മാറി . ധീരെന്‍ ഓരോ ദിവസം ചെല്ലുതോറും ശരിക്കും അവരുടെ ഭയ്യ (സഹോദരന്‍ )ആയി വരുന്നു എന്ന് തോന്നി .

അന്ന് ധീരെന്‍ അവരുടെ കഥ പറഞ്ഞു. റീന എന്ന് മുംബയില്‍ എത്തിയിട്ട് ഇട്ട പേരാണ് . അവര്‍ ബെല്‍ഗാമില്‍ ഒരു പാവപ്പെട്ട വീട്ടില്‍ പട്ടിണിയും ദാരിദ്രവുമായി കഴിഞ്ഞു വരികയായിരുന്നു . അച്ഛന്‍ ഇല്ല , ഇളയ രണ്ടു പെണ്‍കുട്ടികള്‍ . അമ്മ വീടുകളില്‍ പാത്രം കഴുകിയും വെള്ളം കോരിയും മൂന്നു പെണ്മക്കളെ വളര്‍ത്തിക്കൊണ്ട് വരികയായിരുന്നു . മുംബയില്‍ ജോലിയുള്ള നാട്ടുകാരനായ ഒരാള്‍ റീനയെ കല്യാണം കഴിക്കാന്‍ സമ്മതിച്ചു , അങ്ങിനെ അയാളുടെ കൂടെ മുംബയില്‍ എത്തി , ധാരാവിയിലെ ഒരു ചേരിയില്‍ എത്തി . ചുവന്ന തെരുവില്‍ വില്‍ക്കാന്‍ കൊണ്ടുവന്ന അനേകം സ്ത്രീകളില്‍ ഒരാള്‍ മാത്രം ആണന്നു അവര്‍ക്ക് അപ്പോളാണ് മനസ്സിലായത്‌ . പലര്‍ കൈമറിഞ്ഞ് അവര്‍ നാടും വീടും ഒക്കെ മറന്നു അവസാനം മുംബയിലെ ചുവന്ന്‍ തെരുവിലെ ലക്ഷങ്ങളില്‍ ഒരാള്‍ ആയി മാറി . അത്യാവശ്യം പണം ഒക്കെ കിട്ടിത്തുടങ്ങി , പിന്നെ ബാന്ദ്രയിലേക്ക് കൂട് മാറി . റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന ഒരു കുടിലില്‍ താമസിക്കുന്നു . അനിയത്തിമാരുടെ കല്യാണം നടത്തണം , പിന്നെ മുംബൈ വിടും . അത് മാത്രമാണ് അവരുടെ മനസ്സില്‍ . .

പിന്നീടുള്ള ദിവസങ്ങളില്‍ പലപ്പോഴും റീന ചായ കുടിക്കാന്‍ വരുമ്പോള്‍ ഞങ്ങളോടും എന്തെങ്കിലും ഒക്കെ പറയാന്‍ തുടങ്ങി . ജീവിതം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന , കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത പുരുഷന്മ്മാരുടെ വാഹനത്തിനു കൈകാണിച്ചു വില പേശി മുന്‍സീറ്റില്‍ കയറി പ്പോവുന്ന ആ സ്ത്രീക്കും ഞങ്ങളെപ്പോലെ ഒരു നല്ല നാളയെ സ്വപ്നം കാണുന്നില്ലേ . ധീരെനോട് അവര്‍ ഓരോ ദിവസം നേരിട്ട നല്ലതും ചീത്തയും അനുഭവങ്ങള്‍ പറയുന്നത് ഞങ്ങളും ശ്രദ്ധിക്കാന്‍ തുടങ്ങി . സ്ഥിരം ഗോസിപ്പുകള്‍ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന ഞങ്ങള്‍ അവര്‍ വരുമ്പോള്‍ നിശബ്ദം ആകാന്‍ തുടങ്ങി .

" നിനക്ക് ഇ വൃത്തികെട്ട പണി നിര്‍ത്തി നാട്ടില്‍ പോയിക്കൂടെ "
" ഭയ്യ , ഞാന്‍ അയക്കുന്ന കാശ് കൊണ്ടാണ് എന്റെ അമ്മയും അനിയത്തിമാരും കഴിയുന്നത്‌ , എനിക്ക് ഇവിടെ നല്ല ജോലിയാണ് എന്നാണു ഞാന്‍ പറഞ്ഞിരിക്കുന്നത് , അവരുടെ കല്യാണം നടത്തണം , പിന്നെ നാട്ടില്‍ പോവണം "
" നിനക്ക് ഒരു കല്യാണം കഴിച്ചു കൂടെ "
" വേണ്ട, ഒരു ഭര്‍ത്താവ് ഇനി എനിക്ക് വേണ്ട "
" നിനക്ക് കുട്ടികള്‍ വേണ്ടേ "
" ഞാന്‍ ഒരു കുട്ടിയെ ദത്തെടുക്കും "

ചിലപ്പോഴൊക്കെ അവര്‍ ഞങ്ങള്‍ കുടിച്ച ചായയുടെ കൂടി പണം യൂപ്പിക്കാരന്‍ ഭയ്യക്ക് കൊടുക്കും . രാഖിയുടെ ദിവസം മുംബയില്‍ വലിയ ആഘോഷമാണ് . അന്ന് ആങ്ങളമാരുടെ കൈയ്യില്‍ വര്‍ണ്ണ നിറവും സ്വര്‍ണ നൂലും ഒക്കെ വാച്ച് പോലെ പെങ്ങള്മാര്‍ കെട്ടികെടുക്കും. ചിലരുടെ കൈകളില്‍ ഇങ്ങനെ നിരവധി രാഖികള്‍ ഉണ്ടാവും . ധീരെനോട് നേരത്തെ പറഞ്ഞതാതിനാല്‍ അന്ന് റീന വന്നത് ഞങളുടെ കൈയ്യില്‍ മുഴുവന്‍ കെട്ടാനുള്ള രാഖികളുമായാണ്. വരി വരിയായി ഞങ്ങള്‍ ഇരുപതു പേര്‍ക്കാണ് കൈയ്യില്‍ അവര്‍ രാഖി കെട്ടി തന്നത് .

എന്റെ കൈയ്യില്‍ റീന കെട്ടിത്തന്ന രാഖി നോക്കി , ദൈവമേ , നാട്ടില്‍ സ്വാതികയായ എന്റെ അമ്മയോട് എനിക്ക് ഇങ്ങനെ ഒരു സഹോദരിയെ കിട്ടി എന്നെങ്ങാനം പറഞ്ഞാന്‍ , അല്ല അമ്മ ഇതെങ്ങാനം അറിഞ്ഞാല്‍ ! . സ്വന്തം വീട്ടില്‍ രീനയെപറ്റി അച്ഛനോടും അമ്മയോട് പറഞ്ഞു എന്ന് ധീരെന്‍ പറഞ്ഞത് എനിക്ക് അവിശ്വസനീയമായി തോന്നി . മക്കളെ ഇത്രയ്ക്കു വിശ്വാസമുള്ള ആ അമ്മയെയും അച്ഛനെയും ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു .

ഞങ്ങള്‍ ഫൈനല്‍ ഇയര്‍ ആയി , ഇതിനകം ധീരെന്‍ പലപ്പോഴും പാന്‍ വാലയെ ഡോക്ടറിനെ കാണിക്കാനോ രീനക്ക് മരുന്ന് മേടിക്കാണോ ഒക്കെ കറങ്ങി നടക്കും . അയാളുടെ പാവങ്ങളോടുള്ള കരുണയും സൌഹൃദവും ഞങ്ങള്‍ക്ക് ഒരു പുതിയ പാഠം തന്നെ ആയിരുന്നു .

ഒരു ദിവസം ധീരെന്‍ തിരക്കിട്ട് ഞങ്ങളുടെ മുറിയിലേക്ക് വന്നു , നേരെ അയയില്‍ കിടന്ന എന്റെ ഷര്‍ട്ട്‌ ന്റെ പോക്കെറ്റില്‍ കൈയിട്ടു .. അതാണ്‌ ഈ ഹോസ്റെല്‍ ലെ പതിവ് . കാശ് എടുത്തിട്ടേ പറയൂ .

" സോം , ശിവാ , ഫാറൂക്ക് , ഇത് പോരാ , ഒരു നൂറു രൂപ വീതം വേണം "
" നോക്കട്ടെ , നൂറു കാണുമോ എന്ന് സംശയമാ , എന്തിന്നാ "
" റീന ആശുപത്രിയിലാ , കുറച്ചു കാശ് വേണം "
ബാക്കി എന്തെങ്കിലും പറയുനതിനു മുന്‍പ് തന്നെ ധീരെന്‍ ഹോസ്റ്റല്‍ കുട്ടികള്‍ നിന്നും കിട്ടിയ പണവുമായി ഓടിക്കഴിഞ്ഞിരുന്നു . പിന്നെ രണ്ടു ദിവസത്തേക്ക് കണ്ടില്ല . അന്ന് മൊബൈല്‍ ഒന്നും ഇല്ലല്ലോ .

മൂന്നാം ദിവസം ധീരെന്‍ വന്നു, സംഗതി സീരിയസ് ആണ് . മഞ്ഞപ്പിത്തം ആണെന്ന് പറയുന്നു , കുറെ ദിവസം കിടക്കണം . ജെ ജെ ആശുപത്രിയില്‍ ആണ് .

ഞങ്ങള്‍ ഹോസ്റ്റലില്‍ നിന്നും അന്ന് തന്നെ കോളേജില്‍ പോവാതെ നേരെ ജെ ജെ ആശുപത്രി യില്‍ പോയി . മുംബയിലെ സാധാരണക്കാര്‍ക്ക് പോകാന്‍ പറ്റുന്ന വലിയ ഒരു മുന്‍സിപ്പല്‍ ആശുപത്രിയാണ് ഇത് . ചെന്നപ്പോള്‍ ധീരെന്‍ മാത്രം ഉണ്ട് . രീനക്ക് ട്രിപ്പ് ഉണ്ട് , രോഗം അല്‍പ്പം സീരിയസ് ആണെന്ന് കണ്ടാല്‍ തന്നെ അറിയാം. അവര്‍ക്ക് മുംബൈയില്‍ വേറെ ആരാണ് ബന്ധുക്കള്‍ . പകല്‍ കൂട്ട് ഇരിക്കാന്‍ ധീരെന്‍ ചിലരെ ഒക്കെ ചുമതലപ്പെടുത്തിയിട്ടുണ്ട് . മുംബയില്‍ ആശുപത്രിക്കൂട്ടിനു ആര്‍ക്കാണ് നേരം ? . ഉറ്റ ബന്ധുക്കള്‍ അല്ലാതെ ആര് കാണില്ല .
ഞങ്ങള്‍ ആവശ്യമുള്ള പണം പിരിക്കാന്‍ തുടങ്ങി . ഹോസ്റ്റലില്‍ നിന്നും കോളേജില്‍ നിന്നും ഒക്കെ ആയി പത്തു രണ്ടായിരം രൂപ പിരിച്ചെടുത്ത് ധീരേനെ ഏല്‍പ്പിച്ചു . ഞങ്ങളില്‍ പലരും മാറി മാറി കൂട്ട് ഇരിക്കാം എന്ന് പറഞ്ഞു എങ്കിലും ധീരെന്‍ ചിലരെ ഒക്കെ സംഘടിപ്പിച്ചു അത് വേണ്ടെന്നു പറഞ്ഞു ..

അന്ന് വൈകിട്ട് ഞങ്ങളുടെ കൂടുകാരന്‍ സഞ്ജയ്‌ യുടെ വീട്ടില്‍ വന്ന ഫോണ്‍ മൂലം ആണ് ധീരെന്‍ ആ ന്യൂസ് ഞങ്ങള്‍ക്ക് തന്നത് . റീന മരിച്ചു . ഹോസ്റ്റല്‍ മുഴുവന്‍ നടുങ്ങിപ്പോയ ഒരു നിമിഷം ആയിരുന്നു അത് .

പ്രശ്നങ്ങള്‍ തീരുകയല്ല , തുടങ്ങുകയായിരുന്നു . ഇവരുടെ ഒരു ബന്ധു ഇല്ല , ബാല്ഗാമില്‍ എവിടെയാണെന്ന് അറിയില്ല . എവിടെ സംസ്കരിക്കണം എന്ന് അറിയില്ല . ആശുപത്രിയില്‍ നിന്ന് ഡെത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങണം , ആംബുലന്‍സ് വേണം . ധീരെന്‍ എത്ര വലിയ മനുഷ്യ സ്നേഹി ആണെന്ന് അന്ന് ഞങ്ങള്‍ക്ക് മനസ്സിലായി . ഒരു ദിവസം മുഴുവന്‍ ഓട്ടമായിരുന്നു . പണം പലരില്‍ നിന്നും കടം വാങ്ങി . ഞങള്‍ ഹോസ്റെല്‍ ലെ മുപ്പതു കുട്ടികളും അന്ന് ധീരെന്റെ ഒപ്പം ഉണ്ടായിരുന്നു .

ശ്മാശാനതെക്ക് ഉള്ള ആ അവസാന യാത്ര എനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ ആവില്ല . ഒരു യഥാര്‍ത്ഥ സഹോദരനെപ്പോലെ ഞങ്ങളുടെ ധീരെന്‍ മുന്‍പില്‍ ചിത കത്തിക്കാനുള്ള കനലുകള്‍ നിറച്ച ആ മങ്കുടവും തൂക്കി മുന്നില്‍ , നിറയെ പൂക്കളാല്‍ മൂടി വെള്ളത്തുണി പുതപ്പിച്ച ആ ശവമഞ്ചം പേറി ഒരു എഞ്ചിനീയറിംഗ് കോളേജിലെ മുപ്പതോളം വിദ്യാര്‍ഥികള്‍ , കൂടെ പാന്‍ വാലയും ഭയ്യയും കുറെ ധീരെന്റെ സുഹൃത്തുക്കളും .

" രാം നാം സത്യ ഹേ"
ഞങ്ങള്‍ ഏറ്റു പറഞ്ഞു ധീരെന്റെ പിന്നാലെ നടന്നു .
മതപരമായ ചടങ്ങുകള്‍ നടത്തി റീനയുടെ സ്വന്തം സഹോദരനെപ്പോലെ തല മുണ്ഡനം ചെയ്ത ധീരെന്‍ അന്നും ഇന്നും എനിക്ക് ഒരു അത്ഭുതമാണ് .

തന്റെ മകള്‍ മുംബയില്‍ ജോലി ചെയ്തു അയച്ചു കിട്ടുന്ന പണം പ്രതീക്ഷിച്ചു ബെല്‍ഗാമില്‍ എവിടെയോ കാത്തിരിക്കുന്ന ഒരമ്മയെ ഞാന്‍ ഓര്‍ത്തു . തങ്ങളുടെ വിവാഹം സ്വപ്നം കണ്ട രണ്ടു അനിയത്തിമാരെ ഓര്‍ത്തു .


ധീരെന്‍ ഇന്ന് സ്വന്തമായി ഒരു ടെലി കമ്മൂനിക്കെഷന്‍ കമ്പനി നടത്തുന്നു . മുപ്പതോളം ജീവനക്കാരും ,
അന്നത്തെപ്പോലെ ഇന്നും ഒരുപാടു സൌഹൃദങ്ങള്‍ ., കൂടാതെ എയിഡ്സ് രോഗികള്‍ക്ക് വേണ്ടിയുള്ള ചില ജീവക്കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു .

ധീരെനെപ്പോലെ ഉള്ള ഒരു വലിയ മനുഷ്യന്റെ സഹപാറി ആവാന്‍ കഴിഞ്ഞതാണ് എന്റെ ഭാഗ്യം .
റീനയുടെ കുടുംബത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാതെ പോയത് എന്റെ ദൌഭാഗ്യവും !

അറിഗതോ ഗോസൈമസ്ത ( വളരെ നന്ദി )

1999 ആദ്യമായി ജപ്പാനില്‍ ഹിടാച്ചി യുടെ എം ആര്‍ ഐ പരിശീലനത്തിന് പോയപ്പോള്‍ തന്നെ അണുബോംബ് വീണു ഭാസ്മമാകിയ ഹിരോഷിമ നഗരം കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു . ടോക്യോവില്‍ നിന്നും 950 ക മി ദൂരം അന്ന് ലോകത്തെ ഏറ്റവും വേഗതയേറിയ തീവണ്ടി " ശിങ്കാസെന്‍" മണിക്കൂറില്‍ 300 കി മി വേഗത്തില്‍ സഞ്ചരിച്ചു വേണം ഈ നഗരത്തില്‍ എത്താന്‍ . നല്ല പണച്ചിലവുള്ള ഒരു യാത്ര ആയിട്ടും എനിക്ക് ഈ സ്ഥലം ഒന്ന് കാണണം എന്ന് ഒരു മോഹം . അത് ഭീതി കലര്‍ന്ന ഒരു മോഹമായിരുന്നു . കാരണം ഇത്രയധികം വേഗതയുള്ള ഒരു തീവണ്ടി , ഈശ്വരാ , എന്തെങ്കിലും ഒരു അപകടം സംഭവിച്ചാല്‍ , പിന്നെ പൊടി പോലും കാണില്ല . പത്താം ക്ലാസ്സില്‍ സാമൂഹ്യപാഠം പഠിപ്പിച്ച മുരളീധരന്‍ സാര്‍ ആയിരുന്നു മനസ്സില്‍ മുഴുവന്‍. ലോക മഹായുദ്ധത്തിന്റെ കെടുതികളെ ഇത്ര നാടകീയമായും നേരില്‍ കാണുന്നതുപോലെയും വിവരിച്ചു തന്ന മറ്റൊരധ്യാപകനെ എനിക്ക് ഓര്‍മയില്ല . ഹിരോഷിമ നഗരത്തിന്റെ അവസ്ഥ അദ്ദേഹം വിവരിച്ചു കഴിഞ്ഞപ്പോള്‍ ക്ലാസ് ഏറെക്കുറെ നിശബ്ദമായിരുന്നു . " ചാരം , സര്‍വത്ര ചാരം , ഉരുകിയൊലിക്കുന്ന മനുഷ്യ ശരീരങ്ങള്‍ , ഉരുകിപ്പോയ ലോഹ ക്കഷണങ്ങള്‍ , വളഞ്ഞു പുളഞ്ഞു പോയ റെയില്‍ പാലങ്ങളും പാലങ്ങളുടെ കൈവരികളും ..." മനുഷ്യനെ നശിപ്പിക്കാന്‍ മനുഷ്യന്‍ തന്നെ നിര്‍മിച്ച മാരകമായ ഒരു പുതിയ ശക്തി . ആനുബോംബ്‌ ! അതെന്റെ മനസ്സില്‍ വിതച്ച ഭീതി കുറച്ചൊന്നുമല്ല . ഇന്നും !

ഇത്രയും ഭീതി ജനകമായ ഓര്മ മനസ്സില്‍ വെച്ചുകൊണ്ടാന്നു ടോക്യോവില്‍ നിന്നും ഹിരോഷിമാക്കുള്ള ശിങ്കാസെന്‍ ഇല്‍ കയറി ക്കൂടിയത് . ഒരു ജമ്പോ ജെറ്റ് വിമാനത്തില്‍ കയറുന്ന അതെ പ്രതീതി . സ്പേസ് ഷട്ടില്‍ പോലെ തോന്നിക്കുന്ന മുന്‍വശം . അതിലെ ക്യാബിനില്‍ ഇരിക്കുന്ന പൈലറ്റ് ഒരു ജെറ്റ് വിമാനം ഓടിക്കുന്ന പൈലറ്റ് പോലെ തന്നെ . ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പെട്ടന്ന് മുന്‍വശത്തെ സ്ക്രീന്‍ താഴ്ത്തി മറഞ്ഞിരുന്നു , ട്രെയിനില്‍ ഇരുവശവും വലിയ ഗ്ലാസ് ഉള്ളതിനാല്‍ ഇരിവശവും നന്നായി കാണാം . ട്രെയിന്‍ കൃത്യം രാവിലെ 7 മണിക്ക് പുറപ്പെട്ടു , പുറപ്പെടുന്നതിനു മുന്‍പ് ജാപ്പനീസ് ഭാഷയില്‍ എന്തെക്കെയോ അനൌന്‍സ്മെന്റ് ഉണ്ടായിരുന്നു . ഒരക്ഷരം മനസ്സിലായില്ല . കൂടെ ഹിടാചിയില്‍ ഒരു സീനിയര്‍ എഞ്ചിനീയര്‍ മി. നാഗായോ , അദ്ദേഹം എന്റെ കൂടെ വരാന്‍ തയ്യാറായത് എനിക്ക് വലിയ ആശ്വാസം ആയി , അയാള്‍ക്ക്‌ ആ നഗരത്തില്‍ ഒരു ജോലി ഉണ്ട് , എന്നെ ഹിരോഷിമ അറ്റോമിക് മേമ്മോരിയാല്‍ കാണിച്ചു തന്നിട്ട് അദ്ദേഹം സ്ഥലം വിടും . എന്നാലും ജാപനീസ് ഒരക്ഷരം അറിയാത്ത എനിക്ക് അത് ഒരു ഗൈഡ് പോലെ ഉപകരിച്ചു . ട്രെയിന്‍ വിട്ടതും സ്പീഡ് എഴുതിക്കാണിക്കുന്ന ടീ വീ സ്ക്രീനില്‍ ഞാന്‍ നോക്കിയിരുന്നു . " 100 , 150 , 200 , 250 ... ഈശ്വരാ ..." അകത്തു യാതൊരു കുലക്കവും ഇല്ല , പ്ലൈനില്‍ ഇരിക്കുന്നത് പോലെ ! ഇടയ്ക്കിടെ ലഘു ഭക്ഷണവും പേപ്പറും ഒക്കെ എയര്‍ ഹോസ്റാസ് കൊണ്ടുതരുന്നതുപോലെ കൊണ്ട് വരും . ഈ ജപ്പാന്‍കാര്‍ക്ക് കുനിയാനും ചിരിക്കാനും മാത്രമേ അറിയൂ എന്ന് എനിക്ക് തോന്നുന്നു . എന്തൊരു വിനയം ! ഒരു ദേഷ്യപ്പെടുന്ന ജപ്പാന്‍ കാരനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല . ഇവര്‍ തന്നെ യാണോ ഇത്രയ്ക്കു യുദ്ധ ക്രൂരതകള്‍ ചെയ്തു കൂട്ടിയത് എന്ന് ഞാന്‍ അതിശയിച്ചു പോയിട്ടുണ്ട് .


ടോക്യോ വിട്ടു അതികം താമസിയാതെ തന്നെ ജപ്പാനിലെ ജീവിക്കുന്ന മനോഹരമായ അഗ്നിപര്‍വതം " മൌന്റ്റ്‌ ഫ്യൂജി " കാണാന്‍ കഴിയും . മഞ്ഞു മൂടിക്കിടക്കുന്ന അഗ്രഭാഗം ഉള്ള ആ പര്‍വതം മനോഹരമായ ഒരു കാഴ്ചയാണ് . പിന്നെ ഒരിക്കല്‍ ഞാന്‍ ഈ പര്‍വതത്തിന്റെ താഴ്വാരം വരെ പോയി , അത് ഇനി ഒരിക്കല്‍ പറയാം .


ട്രെയിനിന്റെ സ്പീഡ് 300 കവിഞ്ഞപ്പോള്‍ പ്രത്യേക ഒരു അന്നൌന്‍സ് മെന്റ് ഉണ്ടായിരുന്നു . അകത്തിരിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് യാതൊന്നും തോന്നില്ല . പക്ഷെ അടുത്ത ട്രാക്കില്‍ കൂടി മറ്റൊരു ട്രെയിന്‍ എതിര്‍ ദിശയില്‍ വരുമ്പോള്‍ ഒരു പ്രത്യേക കുലുക്കവും ചെറിയ ഒരു ഇരുട്ടും ഉണ്ടാവുമ്പോള്‍ അല്പം ഒന്ന് പേടിച്ചു ഏന് തന്നെ പറയാം .


ട്രെയിന്‍ കൃത്യം 3 മണിക്കൂര്‍ കൊണ്ട് , 950 കി മി പിന്നിട്ടു ഹിരോഷിമ യില്‍ എത്തി. ടോക്യോ പോലെ അത്ര വലുത് അല്ലെങ്കിലും മനോഹരമായ ഒരു സ്റ്റേഷന്‍ ആണ് ഹിരോഷിമ . പുറത്തിറങ്ങിയ എനിക്ക് രണ്ടു ഭീതി പ്രധാനമായും ഉണ്ടായിരുന്നു , ഒന്ന് അന്നത്തെ രേടിയെഷന്‍ ഇപ്പോഴും ഉണ്ടാകുമോ , അത് കാണാന്‍ സാധിക്കില്ലല്ലോ , രണ്ടു, ഒരു പുല്ലു പോലും ഇതുവരെ മുളച്ചിട്ടില്ലാത്ത ആ സ്ഥലം എവിടെ ആയിരിക്കും ? അത്തരം ഭീതികള്‍ ആര്‍ക്കും ഉണ്ടാവുക സാധാരണം ആയിരിക്കുമല്ലോ .


നഗായോ എന്റെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ചു . "നിങ്ങള്‍ നേരില്‍ കാണൂ , അപ്പൊ എല്ലാം മനസ്സിലാകും" . ട്രെയിന്‍ സ്റ്റേഷന്‍ നു പുറത്ത് തന്നെ ഹിരോഷിമ അറ്റോമിക് മേമ്മോരിയാല്‍ ലേക്ക് പോകുന്ന ബസ്‌ പിടിച്ചു . കഷ്ടിച്ച് പതിനന്ഞ്ചു മിനിട്ട് കാണും . ആ നഗരകാഴ്ചകള്‍ എന്നെ അക്ഷരാര്ത്തത്ത്തില്‍ അല്ഭുതപെടുത്തി . മുഴുവന്‍ ഗ്ലാസ്സുകള്‍ പൊതിഞ്ഞ അംബരച്ചുംബികള്‍ , പച്ചപ്പ്‌ നിറഞ്ഞ പാര്‍ക്കുകള്‍ , അരയന്നങ്ങള്‍ നീന്തിതുടിക്കുന്ന തടാകങ്ങള്‍ , മനോഹരമായ ചെറി പുഷ്പങ്ങള്‍ നിറഞ്ഞ മരങ്ങള്‍ , ഈശ്വരാ ഈ സ്വപ്ന നഗരമാണോ 1945 ഓഗസ്റ്റ്‌ 6 നു അമേരിക്ക ഇട്ട ആദ്യത്തെ ആനു ബോംബ്‌ ചാരം ആക്കിയത് . ബസ്‌ വലിയൊരു പാര്‍ക്കിനു മുന്‍പില്‍ നിന്നതും ലോക മനസാക്ഷിയെ നടുക്കിയ ആ കാഴ്ച ഞാന്‍ കണ്ടു . പാതി തകര്‍ന്ന ഉരുക്ക് മേല്ക്കെരയുള്ള ആ നഗരസഭാ മന്ദിരം . എത്രയോ തവണയാണ് ഞാന്‍ ഈ ചിത്രം കണ്ടു നടുങ്ങിയത്‌ . ആ കെട്ടിടത്തിനകത്തെക്ക് നടന്നപ്പോള്‍ എനിക്ക് ഭീതിയും ഉരുകിയ മനുഷ്യ ശരീരങ്ങളും മാത്രമാണ് മനസ്സില്‍ ഉണ്ടായിരുന്നത് . ജാപ്പനീസ് കുട്ടികള്‍ കെട്ടിടത്തിന്റെ നാല് വശത്തും ഓടിക്കളിക്കുന്നു . ടൂറിസ്റ്റുകള്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നു . ഏതോ രാജ്യത്ത് നിന്നും വന്ന ടീ വീ ക്രൂ വും ഉണ്ട് . ആ കെട്ടിടം ഞാന്‍ കുറെ നേരം നോക്കി നിന്നു. മനുഷ്യ മനസാക്ഷി മരവിച്ചു പോയ ആ ദിവസം ഞാന്‍ ഒന്ന് ഓര്‍ത്തെടുത്തു .


ഞാന്‍ നിറയെ പൂന്തോപ്പുകള്‍ നിറഞ്ഞ ആ നദിക്കരെ നിന്നു, 1945 ഓഗസ്റ്റ്‌ ആറിനു ശവങ്ങള്‍ കുന്നു കൂടി ക്കിടന്നതും നൂറുക്കണക്കിനു ശവങ്ങള്‍ ഒഴുകി നടന്നുതുമായ നദി ! ആ ചെറിയ പാലം മുഴുവന്‍ ഒരുകി പ്പോയിരുന്നു . നദിക്കിരുവശവും ചാരവും കെട്ടിടങ്ങളുടെ ഉരുകിയ അവശിഷ്ടവും കരിഞ്ഞ ശരീരങ്ങളും മാത്രം .


ഞാന്‍ ആ വലിയ മ്യൂസിയതിനകത്തെക്ക് നടന്നു , അവിടെ ആനു ബോംബ്‌ വീഴുന്നതിനു മുന്‍പും അതിനു ശേഷവും ഉള്ള എല്ലാ കാഴ്ചകളും ചാരമായ നഗരത്തില്‍ നിന്നും ശേഖരിച്ച ഒരുപാട് വസ്തുക്കളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . ഉരുകിയ ലഞ്ച് ബോക്സ്‌ കല്‍, നിന്നു പോയ വാച്ചുകള്‍ , കരിഞ്ഞും ഉരുകിയതുമായ ശരീര ഭാഗങ്ങളുടെ മെഴുകില്‍ തീര്‍ത്ത മോഡലുകള്‍ , ആരുടേയും ഹൃദയം പിളര്‍ക്കുന്ന കാഴചകള്‍ ആണ് . ഏറ്റവും ശ്രദ്ധിക്കപെടെണ്ട ഒരു മോഡല്‍ ആണവ ബോംബ്‌ വീഴുന്നതിനു മുന്‍പുള്ള നഗരവും ബോംബ്‌ വീണതിനു ശേഷം ഉള്ള നഗരത്തിന്റെയും മോഡലുകള്‍ ആണ് . ഒരു പഴയ നഗരവും , പിന്നെ ഒരു ചാര ക്കൂമ്പാരവും !


അന്നത്തെ ബോംബ്‌ വീണ കാലത്ത് അവിടെ താമസിചിരുന്നവരും പരിക്കുകളോടെ രക്ഷപെട്ടവരുടെയും വിവരങ്ങള്‍ ഇവിടെയുണ്ട് . അതില്‍ ചിലരുടെ കുടുംബാംഗങ്ങള്‍ ഇവിടെ ജോലി ചെയ്യുന്നും ഉണ്ട് .


രണ്ടു മൂന്നു മണിക്കൂര്‍ ഞാന്‍ അവിടെയെല്ലാം ചുറ്റി നടന്നു കണ്ടു . നഗായോ ഇപ്പോഴും ചിരിച്ചു കൊണ്ടേ മറുപടി പറയൂ . അയാളുടെ ഒടുക്കത്തെ ചിരി കാരണം ഞാന്‍ ചോദിക്കാന്‍ വെച്ചിരുന്ന പല ചോദ്യങ്ങളും മറന്നു പോയി .


ഹിരോഷിമ നഗരം ഒരു പകല്‍ മുഴുവന്‍ ഞാന്‍ ചുറ്റി നടന്നു . ചാര കൂമ്പാരത്തില്‍ നിന്നും എത്ര മനോഹരമായ രു നഗരം ആണ് അവര്‍ പുനര്‍ സ്രിഷ്ടിചെടുത്തിരികുന്നത് ? ജപ്പാന്‍ക്കാരന്റെ കടിനാധ്വനത്ത്തിനും ദൃഡനിശ്ചയത്തിനും മുന്‍പില്‍ അമേര്‍ക്കയുടെ ഒരു ആണ്‌ ബോംബ്‌ തോറ്റുകൊടുത്ത കാഴ്ച ഞാന്‍ നേരില്‍ കണ്ടു .


നഗരങ്ങളില്‍ ഇപ്പോഴും രേടിയെഷന്‍ ലെവല്‍ കാണിക്കുന മീറ്ററുകള്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട് . അവയില്‍ യാതൊന്നും രേഖപ്പെടുത്തുന്നില്ല എന്ന് നഗായോ പലവട്ടം പറഞ്ഞതിനാല്‍ ആ ഭീതി മാറിക്കിട്ടി .


ഞാന്‍ ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ നാഗായോ യോട് ഒരു ചോദ്യം ചോദിച്ചു ,


"നിങ്ങള്ക്ക് ഭൂമി കുലുക്കതെയും അഗ്നി പര്‍വതങ്ങളെയും ഭയമില്ലേ ?"


നഗായോ പതിവ് ശൈലിയില്‍ പൊട്ടി ചിരിച്ചു .


"ഭയമോ ? അതെന്തു സാധനാമാണ് ? ഭീതി ഒരു രോഗമാണ് , ഭീതി പരത്തുന്നത് മഹാ രോഗവും ,

ടോക്യോ നഗരത്തിനു പുറത്തോ കടലിനടിയിലോ ഒരു ദിവസം അതിഭയങ്കരമായ ഒരു അഗ്നി പര്‍വതം പൊട്ടി തെറിച്ചോ ജപ്പാന്‍ ആയിരം കഷങ്ങള്‍ ആയി ചിതരിപ്പോയാലും ഞങ്ങള്‍ ജപ്പാന്‍കാര്‍ അതെല്ലാം കൂട്ടി യോജിപ്പിച്ച് പാളങ്ങള്‍ ഉണ്ടാക്കി വീണ്ടും ഒരു പുതിയ ജപ്പാന്‍ ഉണ്ടാക്കും . "

ഹിരിഷിമയുടെ ഇന്നത്തെ അവസ്ഥ കണ്ടപ്പോള്‍ അയാള്‍ പറഞ്ഞത് നൂറു ശതമാനം സത്യം ആണെന്ന് എനിക്ക് മനസ്സിലായി .


അടുത്തിടെ ഫക്കുഷിമ അപകടം ഉണ്ടായപോള്‍ ഞാന്‍ നഗയോക്ക് ഒരു മെയില്‍ അയച്ചു .


"ലോകത്ത് ജപ്പാനെ പ്പോലെ ആണവക്കെടുതികള്‍ അനുഭവിച്ച ഒരു രാജ്യം ഉണ്ടാകില്ല . എന്നിട്ടും നിങ്ങള്‍ എന്തിനാണ് പത്തു നാല്‍പ്പതു ആണവ നിലയങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് . അതും ഇത്രയും വിനാശങ്ങള്‍ ഉണ്ടാകിയിട്ടും നിങ്ങള്‍ എന്തിനാണ് ഇവയുടെ പിറകെ പോയത് ?" .


" നോക്കൂ , ജപ്പാന്‍ മുഴുവന്‍ അഗ്നി പര്‍വതങ്ങളും ഓരോ ഇരുപതു സെക്കന്റ്‌ ഇലും ഓരോ ചെറിയ ഭൂമി കുലക്കവും ഉണ്ടാവുന്ന ഒരു രാജ്യമാണ് . പക്ഷെ അത് കൊണ്ടൊന്നും ജപ്പാന്‍ തളരില്ല യുദ്ധം കഴിഞ്ഞപ്പോള്‍ ജപ്പാന്‍ പലതും പഠിച്ചു . ഇനി ഒരു വന്‍ ശക്തി ആകണമെങ്കില്‍ അത് വ്യാവസായിക പുരോഗതിയിലൂടെ മാത്രമേ ആകാന്‍ കഴിയൂ എന്ന് ഞങ്ങള്‍ മനസ്സിലാക്കി . അതിനു പണം മാത്രം പോര , കഠിനാധ്വാനം വേണം . വൈദ്യതി വേണം ,. ജപ്പാനില്‍ അണക്കെട്ടോ കല്‍കരിയോ ഇല്ല , ആണവ ഇന്ധനവും ഇല്ല . അതിനാല്‍ കുറഞ്ഞ അളവില്‍ ഇന്ധനം ആവശ്യം ഉള്ള ആണവ നിലയങ്ങള്‍ ആണ് സ്ഥാപിച്ചത് . അന്ന് അതാണ്‌ ഏറ്റവും പറ്റിയ മാര്‍ഗവും . ഇനി അതിലും പുതിയതും ചെലവ് കുറഞ്ഞത്‌ വന്നാല്‍ ജപ്പാന്‍ അതും നോക്കും , ഞങ്ങള്‍ക്ക് ഭയമില്ല , വേണമെങ്കില്‍ ഞങ്ങളുടെ പുരോഗതിയെ നിങ്ങള്‍ ഭയന്നോള്ളൂ , "


അറിഗതോ ഗോസൈമസ്ത ( വളരെ നന്ദി )


http://en.wikipedia.org/wiki/Atomic_bombings_of_Hiroshima_and_Nagasaki

ടേക്ക് യുവര്‍ ബെര്‍ത്ത്‌ സര്‍

 
 
യാത്ര ചെയ്യാനും സ്ഥലങ്ങള്‍ കാണാനും വലിയ ഇഷ്ടമായിരുന്നതിനാല്‍ കിട്ടിയ ജോലിയും ധാരാളം യാത്രകള്‍ ആവശ്യം ഉള്ളതായിരുന്നതിനാല്‍ അതൊരു ഭാഗ്യമായി ഞാന്‍ എന്നും കരുതിയിരുന്നു . ഇങ്ങനെ യാത്രകള്‍ ചെയ്യുന്നതോടൊപ്പം ഒരുപാട് അബദ്ധങ്ങളും പിണഞ്ഞിട്ടുണ്ട് . പറ്റുന്ന മറവിയും ഇങ്ങനെ പിണഞ്ഞ അബന്ധങ്ങളും ഒക്കെ പിന്നെ ഓര്‍ത്തു ചിരിക്കാനുള്ള വക ആയി മാറും . ഏതു തരം യാത്രകളും , അത് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ്സോ മേട്രോയോ ട്രെയിനോ ബോട്ട് ഓ പ്ലൈന്‍ ഓ ഒക്കെ ആയാലും അതില്‍ കൂടെ യാത്ര ചെയ്യുന്ന ആളുകളെ ശ്രദ്ധിക്കും , ചിലര്‍ കുറെ നാള്‍ കഴിഞ്ഞാലും ഓര്‍ത്തു ചിരിക്കാന്‍ പറ്റിയ കഥാപാത്രങ്ങള്‍ ആയിരിക്കും . മറ്റു ചിലപ്പോള്‍ എനിക്ക് തന്നെ പറ്റിയ ഓരോ അബദ്ധങ്ങള്‍ ഓര്‍ത്തു ചിരിക്കും .
വീട്ടില്‍ വരുമ്പോള്‍ ചിലപ്പോള്‍ ഭാര്യയോടു യാത്രാ വിശേഷങ്ങള്‍ പങ്കു വെക്കും
" ദേ, കേട്ടോ എനിക്ക് ഇന്നലെ ഒരബദ്ധം പറ്റി "
" അബദ്ധം അല്ലാതെ എന്തെങ്കിലും നിങ്ങള്ക്ക് പറ്റിയിട്ടുണ്ടോ മനുഷ്യാ "
എന്റെ ഈ കുഞ്ഞു കളികളൊന്നും മഹാ സീരിയസ്സ് ആയ ഈ പാതോളജി പ്രൊഫസര്‍ക്ക് തീരെ പിടിക്കില്ല .

ഒരിക്കല്‍ ചെന്നെ എഗ്മൂര്‍ സ്റെഷനില്‍ നിന്നും ഹൈദരാബാദ് നു പോവാന്‍ ഞാന്‍ തീവണ്ടി കാത്തു പെട്ടിയും പ്രമാണവും ഒക്കെ ആയി നില്‍ക്കുകയാണ് . ട്രെയിന്‍ മറ്റേതോ സ്റെഷനില്‍ നിന്ന് വരികയാണ് . ഇവിടെ പതിനഞ്ചു മിനിട്ട് ഒരു ക്രോസിംഗ് ഉള്ളതിനാല്‍ സമയം ഉണ്ട് . ട്രെയിന്‍ വന്നപാടെ ഞാന്‍ ടൂ ടയര്‍ എ സീ കപ്മാര്‍ത്മെന്റ്റ് നോക്കി ഓടി ഒരുവിധം അകത്തു കയറി പറ്റി . പാതിരാത്രി ആയതിനാല്‍ മിക്ക യാത്രക്കാരും കൂര്‍ക്കം വലിച്ചു ഉറക്കമാണ് . രണ്ടു സൈഡ് ലും കര്‍ട്ടന്‍ വലിച്ചു ഇട്ടിരിക്കുന്നതിനാല്‍ അന്ധന്മാര്‍ തപ്പി നടക്കുന്നത് പോലെ എന്റെ ബെര്‍ത്ത്‌ തപ്പി ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും കുറെ നടന്നു, ടീ ടീ ആര്‍ ഇവിടെ ദ്വാര പാലകന്‍ പോലെ വാതുല്‍ക്കല്‍ ഏതുസമയവും കാണേണ്ടതാണ് . ഇനി അയാള്‍ എവിടെയാണോ എന്തോ .

എന്റെ ബെര്‍ത്ത്‌ തപ്പി ചെന്നപ്പോള്‍ നാല് സീറ്റിലും ആളുകള്‍ കിടന്നുറങ്ങുന്നു . എന്റെ ബെര്‍ത്ത്‌ നമ്പര്‍ ഞാന്‍ ഒന്ന് കൂടി ഉറപ്പിച്ചു . ലോവര്‍ ബെര്‍ത്ത്‌ ആണ് , അപ്പൊ ദാ അതില്‍ ആരോ പുതപ്പു മൂടി ഉഗ്രന്‍ ഉറക്കം . ശ്ശോ, ഇതെന്തു മാറിമായാമാ , എന്റെ ബെര്‍ത്ത്‌ മറ്റൊരാള്‍ക്ക് എങ്ങിനെ കിട്ടി .

ഉറങ്ങുന്നയാളെ തട്ടി വിളിക്കാന്‍ എന്റെ കൈ നീട്ടിയപ്പോഴേക്കും , ആകാശത്ത് നിന്നും അശരീരി പോലെ ഒരു പുരുഷ ശബ്ദം .
'അതൊരു മാഡം ആണ് , നിങ്ങളുടെ ബെര്‍ത്ത്‌ ഏതാ? "

എന്റീശ്വരാ , അവരെയെങ്ങാനം തോണ്ടി വിളിച്ചു അവര്‍ എഴുനേറ്റു എന്റെ കരണത്ത് ഒന്ന് പുകച്ചിരുന്നെങ്കില്‍ സ്ഥിതി എന്താവുമായിരുന്നു ? അതും വേണ്ട അവരുടെ ദേഹത്ത് തൊട്ടു എന്നെങ്ങാനം അവര്‍ വിളിച്ചു കൂവിയാല്‍ കണ്ടു നില്‍ക്കുന്നവര്‍ എല്ലാം എന്റെ മേല്‍ കൈവെച്ചാല്‍ ഇതായിരിക്കും സ്ഥിതി . ചില പോക്കറ്റടിക്കാരനെയും പിടിച്ചു പറിക്കാരനെയും ഒക്കെ ഇങ്ങനെ പോലിസ് കൈയ്യാമം വെച്ച് നടത്തി കൊണ്ടുപോവുന്നത് ഞാനും കണ്ടിട്ടുണ്ട് .
ഹൃദയം ഒക്കെ സ്കാന്‍ ചെയ്യുന്ന ഉപകരണത്തില്‍ വര്‍ക്ക്‌ ചെയ്യുന്ന ലോല ഹൃദയനായ ഒരു മനുഷ്യനാണെന്നു അവര്‍ക്ക് വല്ല പിടിയും ഉണ്ടോ ? . കൊണ്ടാല്‍ കൊണ്ടത്‌ തന്നെ . എന്റെ ഹൃദയത്തില്‍ ഒരു കൊള്ളിയാന്‍ മിന്നി .

എന്റെ കളരി പരമ്പര ദൈവങ്ങളെ , വലിയ ഒരു അപകടത്തില്‍ നിന്ന് രക്ഷപെട്ടതുപോലെ ഞാന്‍ സംയമനം പാലിച്ചു
" എക്സ്ക്യൂസ് മീ മാഡം " എന്ന് ഭവ്യതയോടെ വിളിച്ചു .
കിം ഫലം ! അവര്‍ അനങ്ങാപ്പാറ പോലെ ഒറ്റ കിടപ്പാണ് . ഇത്തരം ഇക്കിളികളെ ഞാന്‍ എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ .

ഞാന്‍ ആവുന്ന വിദ്യകളൊക്കെ ശബ്ദം കൊണ്ട് പ്രയോഗിച്ചു നോക്കി , അടുത്ത ബെര്‍ത്ത്‌ ലെ ആളുകള്‍ ഉണര്‍ന്നു തല പൊക്കി നോക്കിയതല്ലാതെ ഈ മാഡം ആവി എന്ജിന്‍ പോലെ ശക്തിയോടെ കൂര്‍ക്കം വലിച്ചു ഉറക്കമാണ് .

അവസാനം എന്റെ കൈയ്യില്‍ ഇരുന്ന ഒരു താക്കോല്‍ കൊണ്ട് ആ ബെര്‍ത്ത്‌ ന്റെ ലോഹ നിര്‍മിത ഭാഗത്ത് ഒന്ന് രണ്ടു അടി അടിച്ചു . അത് ഫലിച്ചു എന്ന് തോന്നുന്നു . അവര്‍ കണ്ണ് തിരുമി പുതപ്പു നീക്കി.
മധുര ചുട്ടെരിക്കാന്‍ ഒരുമ്പെട്ടു നില്‍ക്കുന്ന കണ്ണകിയെപ്പോലെ അവര്‍ ജ്വലിച്ചു എന്നെ ഒരു നോട്ടം !

" ഹേ മിസ്ടര്‍ , സ്ത്രീകള്‍ ഉറങ്ങാനും സമ്മതിക്കില്ലേ ? "
ഞാന്‍ ടോം ആന്‍ഡ്‌ ജെറിയിലെ ജെറിയെപോലെ ഭവ്യതയോടെ ചുരുങ്ങി പ്പോയി .
" മാഡം, ഇതെന്റെ ബെര്‍ത്ത്‌ ആണ് , എന്റെ ബെര്‍ത്ത്‌ ല്‍ ആണ് മാഡം കിടക്കുന്നത് , ആ ബെര്‍ത്ത്‌ നമ്പര്‍ ഒന്ന് ചെക്ക് ചെയ്‌താല്‍ കൊള്ളാമായിരുന്നു "
" ഹേ, മിസ്ടര്‍ , ഇതെന്റെ ബെര്‍ത്ത്‌ ആണ് , ഇത് റിസര്‍വ് സീറ്റാണ് . നിങ്ങള്‍ ടീ ടീ ആറിനെ കാണൂ "
എന്ന് പറഞ്ഞു ചക്ക വെട്ടിയിട്ടത് പോലെ പിന്നെയും മൂടിപ്പോതിഞ്ഞു ഒരുറക്കം .

ഞാന്‍ തലയില്‍ കൈവെച്ചു ഇരുപ്പാണ് . കണ്ണാടി വെച്ചും കണ്ണാടി വെക്കാതെയും ടിക്കറ്റ്‌ ഇതിനകം ഒരു പത്ത് തവണ വായിച്ചു കാണും . ട്രെയിന്‍ ക്രോസിംഗ് നു കിടക്കുകയാണ് . ബെര്‍ത്തില്‍ ലൈറ്റ് അണക്കാന്‍ ചില യാത്രക്കാര്‍ ചൂടായി ഇതിനിടെ പറയുന്നും ഉണ്ട് . ഞാന്‍ ടിക്കറ്റ്‌ ഇല്ലാതെ വലിഞ്ഞു കയറി വന്ന ഏതോ ആളാണ്‌ എന്ന മട്ടിലാണ് മിക്ക മാന്യന്മാരും എന്നെ നോക്കുന്നത് .

ഈ ടീ ടീ ആര്‍ എവിടെപ്പോയിക്കിടക്കുകയാ എന്റെ ദൈവമേ , അയ്യാള്‍ക്ക് മാത്രമേ ഇനി ഈ മാഡത്തിന്റെ ടിക്കറ്റ്‌ നോക്കാന്‍ പറ്റൂ , ഇവരെ വിളിച്ചുനര്ത്തി ജയിലില്‍ പോകാന്‍ എനിക്ക് വയ്യ .

അങ്ങിനെ തണുത്തു വിറച്ചു നില്‍ക്കുമ്പോള്‍ ഉണ്ട് നമ്മുടെ ടീ ടീ ആര്‍ ചലച്ചിത്ര താരം പൂജപ്പുര രവി പോലെ തലയും ആട്ടി ഫയലും വീശി ഒരു മൂളിപ്പാട്ടും ഒക്കെ പാടി വരുന്നു .

വന്ന പാടെ എന്റെ സീറ്റിലേക്ക് നോക്കി

" അയ്യോ , കടവുകളെ ഈ മാഡം ഇവിടെ ഇറങ്ങിയില്ലേ " എന്ന് പറഞ്ഞു അമിട്ട് പൊട്ടുന്ന ശബ്ദത്തില്‍ നമ്മുടെ മാടത്തോട്

" ഹേ മാഡം, മാഡം എഗ്മൂര്‍ ആയി , പെട്ടന്ന് ഇറങ്ങൂ , ഇപ്പൊ വണ്ടി വിടും "

കൂര്‍ക്കം വലിച്ചു കിടന്ന മാഡം പെട്ടന്ന് ചാടി എഴുനേറ്റു

" എഗ്മൂര്‍ , എഗ്മ്മൂരാ , ഇന്ത ഇടം എഗ്മൂരാ ? ഓ മൈ ഗോഡ് ! "

അവര്‍ ഒരു നിമിഷം കൊണ്ട് പായും തലയിണയും പുതപ്പും ബാഗും എല്ലാം ചുരുട്ടിക്കെട്ടി തമിഴില്‍ ഉച്ചത്തില്‍ എതെക്കെയോ പറഞ്ഞു കൊണ്ട് 400 മീറ്റര്‍ ഹര്‍ഡില്‍സ് ഓടിയത് പോലെ വാതില്‍ക്കലേക്ക് ഒരോട്ടം .

നമ്മുടെ ടീ ടീ ആര്‍ പൂജപ്പുര രവി ആ ഓട്ടം കണ്ടു കണ്ണ് മിഴിച്ചു നിന്നിട്ട് ഹി ഹി എന്നൊരു ചിരിയും ചിരിച്ചു
എന്നോടായി ,
" ടേക്ക് യുവര്‍ ബെര്‍ത്ത്‌ സര്‍ "