Wednesday, 28 March 2012

സരസമ്മ ചേച്ചി

അരീക്കര കല്‍പ്പണി പാരമ്പര്യം ആയി ചെയ്തു പേരെടുത്ത ആള്‍ കിട്ടപ്പണിക്കന്‍ ആണ് , അവര്‍ മൂന്നു സഹോദരങ്ങള്‍ , മൂത്ത രണ്ടു പേരും കല്‍പ്പണി മാത്രമല്ല മരപ്പണിയും നന്നായി ചെയ്യുമായിരുന്നു . അരീക്കരയില്‍ ആ ക്കാലത്ത് കാണുന്ന മിക്ക വീടുകളും പണിതത് ഇവര്‍ തന്നെ . കിട്ടപ്പണിക്കന്റെ അനുജന്‍ വാസുപണിക്കന്‍ അത്ര വിദഗ്ധന്‍ ഒന്നും അല്ലെന്നു മാത്രം അല്ല പണിയിലെ സൂക്ഷ്മക്കുറവു കാരണം പലരും പണിക്കു വിളിക്കാന്‍ മടിക്കും , കല്‍പ്പണി കുറയുമ്പോള്‍ കല്ല്‌ ചെത്തിയോ തെങ്ങിന്‍ തടം എടുക്കാനോ ഒക്കെ ചിലപ്പോള്‍ വാസു പണിക്കന്‍ പോവും . റോഡില്‍ നിന്നും ചെങ്കല്‍ പടികള്‍ ഇറങ്ങി ചെല്ലുന്ന ആ ചെറിയ അഴിയിട്ട വീട്ടിന്റെ മുറ്റത്ത്‌ ചെമ്പരത്തിയും നമ്പ്യാര്‍ വട്ടവും കോഴിക്കൂടും കുരിയാലയും ഒക്കെ കാണാം . വാസു പണിക്കന്റെ പണിക്കത്തി കോഴിയെ വളര്‍ത്തിയും ആടിനെ വളര്‍ത്തിയും കരിയില പിറക്കിയും ആടിന് പച്ച പ്ലാവില പെറുക്കിയും ദിവസം മുഴുവന്‍ കഷ്ടപ്പെടുന്നു . മിക്കപ്പോഴും വീട്ടില്‍ വന്നു " താഴെ പ്ലാവേന്നു ഒരു ചക്ക ഇട്ടോട്ടെ സാറേ " എന്ന് ചോദിച്ചു തോട്ടിയുമായി താഴേക്കു പോവുന്നത് കാണാം . കൂടെ ബുദ്ധി വികസിച്ചിട്ടില്ലാത്ത രാധയും , തലയില്‍ ചെമ്പരത്തി പൂവ് ചൂടി വല്ലവുമായി" കകക്ക" എന്ന് ഉറക്കെ ചിരിച്ചു കൊണ്ട് ഓടുന്ന രാധയെ പണിക്കത്തി എപ്പോഴും കൂടെ കൊണ്ട് നടക്കും. രാധ എന്റെ കൂടെ ഒന്നിലും രണ്ടിലും പഠിച്ചു , പിന്നെ തോറ്റു തോറ്റു പടിപ്പു നിര്‍ത്തി .പണിക്കത്തി കഴുത്തില്‍ ഒരു കറുത്ത ചരടില്‍ ഒരു മിന്നു കോര്ത്തിരിട്ടിരിക്കുന്നത് ഞാന്‍ നന്നായി ഓര്‍ക്കുന്നത് അതിലെ കടുക് മണി പോലെയുള്ള ഒരു ചുവന്ന കല്ല്‌ ആ മിന്നില്‍ ഉണ്ടായിരുന്നതിനാലാണ് . രാധക്ക് മുകളില്‍ അമ്മിണി ചേച്ചി എട്ടില്‍ , ഏറ്റവും മൂത്തത് സരസമ്മ ചേച്ചി , പത്തു കഴിഞ്ഞു ടൈപ്പ് ഒക്കെ പഠിച്ചു നില്ല്ക്കുന്നു .

ഞാന്‍ വട്ടമോടി സ്കൂള്‍ വിട്ടു അഞ്ചാം ക്ലാസ്സില്‍ മുളക്കുഴ സ്കൂളില്‍ എത്തിയതോടെ ഒരു കിലോമീറ്റര്‍ നടപ്പുണ്ട് , അതിനാല്‍ അതെ സ്കൂളില്‍ പഠിപ്പിക്കുന്ന അമ്മയോടൊപ്പം പോവണം , അമ്മ കണക്കും ഇംഗ്ലീഷ് ഉം ഒക്കെ ചോദിച്ചു വഴി നീളെ ശകാരിച്ചാണ് കൊണ്ട് പോവുന്നത് . അങ്ങിനെയിരുന്നപ്പോഴാണ് സരസമ്മ ചേച്ചി മുളക്കുഴ സ്കൂളിനടുത്ത് പുതിയതായി തുടങ്ങിയ ഒരു പ്രസ്സില്‍ സഹായത്തിനു ചേര്‍ന്നത്‌ , അങ്ങിനെ എന്നും സരസമ്മ ചേച്ചിയുടെ കൂടെ പോവാന്‍ തുടങ്ങി , അമ്മയുടെ ശകാരം കേട്ട് മടുത്ത എനിക്ക് ദൈവം കൊണ്ടുവന്ന കൂട്ട് പോലെയാണ് സരസമ്മ ചേച്ചിയെ കിട്ടിയത് . ഹാഫ് സാരിയും ഉടുത്തു ഒരു കൈയ്യില്‍ നിറയെ കുപ്പി വളകളും ഇട്ടു വലത്തേ കൈയ്യില്‍ ഒരു കറുത്ത സ്ട്രാപുള്ള സ്വര്‍ണ നിറമുള്ള വാച്ച് ഇട്ടു ഉച്ചക്കത്തെ പൊതിച്ചോറും ആയിപ്പോവുന്ന സരസമ്മ ചേച്ചിക്ക് എന്നെയും വലിയ ഇഷ്ടം ആയിരുന്നു . ചേച്ചിയുടെ കുടയില്‍ വെയിലായാലും മഴയായാലും എന്നെ കയറ്റി വീട്ടിലെയും നാട്ടിലെയും വിശേഷങ്ങള്‍ പങ്കു വെച്ച് ഞങ്ങള്‍ ദിവസവും നടക്കും ." ഇപ്പൊ സമയം എത്ര ആയി ചേച്ചി " എന്ന് ഞാന്‍ കൂടെ ക്കൂടെ ചോദിക്കുന്നത് ആ വാച്ച് ഒന്ന് നന്നായി കാണാന്‍ കൂടിയാണ് . വികൃതികളായ ചില കൂട്ടുകാര്‍ " സരസമ്മ ചേച്ചി അനിയനെ കൊണ്ട് നടക്കുന്നത് വലുതാവുമ്പോള്‍ രാധയെ കെട്ടിച്ചു കൊടുക്കാന്‍ ആണ് " എന്ന് പറയും . " നീ പോടാ മാക്രീ " എന്ന് പറഞ്ഞു ഞാന്‍ സരസമ്മ ചേച്ചിയുടെ കുടയില്‍ ഒരു കുഞ്ഞാങ്ങളയെപ്പോലെ ചേര്‍ന്ന് നടക്കും .

" അനിയന് പ്രസ്‌ കാണണോ , എന്നാ ഉച്ചക്ക് വിടുമ്പോള്‍ വാ " അങ്ങിനെ ഒരു ദിവസം സരസമ്മ ചേച്ചി എന്നെ പ്രസ്സും അക്ഷരങ്ങള്‍ നിരത്തുന്നതും അത് കൂട്ടിയിട്ടിരിക്കുന്ന കളംകളം കണ്ണികളും ഒക്കെ കാണിച്ചു തന്നു . നോട്ടീസുകള്‍ , ചിട്ടി അറിയിപ്പുകള്‍ , വിവാഹ ക്ഷണകത്തുകള്‍ അങ്ങിനെ എന്തെല്ലാം പുതിയ കാര്യങ്ങള്‍ ആണ് ഞാന്‍ കണ്ടത് .
" അനിയന്റെ പേര് പ്രിന്റു ചെയ്യട്ടെ ?, ഞാന്‍ വൈകിട്ട് കൊണ്ടുവരാം " അന്ന് എങ്ങിനെയെങ്കിലും സ്കൂള്‍ വിട്ടാല്‍ മതിയെന്ന തോന്നലായിരുന്നു . വൈകിട്ട് സരസമ്മ ചേച്ചി ആ മങ്ങിയ ചുവന്ന നിറമുള്ള കടലാസ് കഷണം എന്നെ കാണിച്ചു, തിളങ്ങുന്ന കറുത്ത മഷിയില്‍ " അനിയന്‍ " ഞാന്‍ അത് വാങ്ങുമ്പോള്‍ നോബല്‍ സമ്മാനം വാങ്ങുന്ന സന്തോഷം ആയിരുന്നു . കൂട്ടുകാരെയൊക്കെ കാണിച്ചു പൊങ്ങച്ചം പറയാന്‍ മറന്നതുമില്ല.

സരസമ്മ ചേച്ചി പല ദിവസവും സ്വന്തം വാച്ച് അഴിച്ചു എന്റെ കൈയ്യില്‍ കെട്ടി തരുമായിരുന്നു . ഞാന്‍ മുളക്കുഴ സ്കൂള്‍ എത്തുന്നത് വരെ കെട്ടി പലതവണ അതില്‍ നോക്കി സംത്രുപ്തിയടയും .

കുറെ മാസങ്ങള്‍ കഴിഞ്ഞു കാണും , ഒരു വേനല്‍ അവധി ക്കാലം , സരസമ്മ ചേച്ചിയെ ചെങ്ങന്നൂര്‍ ആശുപതിയില്‍ കൊണ്ടുപോയി എന്ന് അറിഞ്ഞു , വാസു പണിക്കന്‍ വീട്ടില്‍ വന്നു അച്ഛനോട് രൂപ കടം ചോദിക്കുമ്പോള്‍ ആണ് അറിയുന്നത് . ദൈവമേ , ചേച്ചിക്ക് എന്ത് പറ്റി, അമ്മയും ഒന്നും പറയുന്നില്ല , വയറിളക്കം ആണെന്ന് അച്ഛന്‍ പറഞ്ഞു . എന്തായാലും വേണ്ടില്ല , പെട്ടന്ന് ഒന്ന് വന്നാല്‍ മതിയായിരുന്നു . രണ്ടു ദിവസം കഴിഞ്ഞു ഇടിത്തീ പോലെ ആ വാര്‍ത്ത അറിഞ്ഞത് , സരസമ്മ ചേച്ചി മരിച്ചു , അമ്മയും വീട്ടില്‍ വരുന്ന മറ്റു പെണ്ണുങ്ങളും ഒക്കെ ഏതൊക്കെയോ അടക്കം പറയുന്നുണ്ട് , " അപ്രത്ത് പോടാ, പെണ്ണുങ്ങള്‍ സംസാരിക്കുന്നടത്ത് നിനക്കെന്തു കാര്യം " എന്ന് പറഞ്ഞു അമ്മ പലതവണ എന്നെ ഓടിച്ചു .

പക്ഷെ സരസമ്മ ചേച്ചിയുടെ ശവം രണ്ടു ദിവസം കഴിഞ്ഞിട്ടും കൊണ്ട് വരുന്നില്ല , വാസു പണിക്കന്‍ ഇതിനിടെ ഒരിക്കല്‍ വന്നു വീണ്ടു കുറച്ചു പണം കൂടി വാങ്ങി കൊണ്ട് പോയി , അച്ഛനോട് എന്തെക്കൊയോ രഹസ്യങ്ങള്‍ പറയുന്നുണ്ട് , അവസാനം അക്കരെയുള്ള വലക്കടവും പാട്ട് പുഞ്ചയുടെ കരയില്‍ ഉള്ള പുറമ്പോക്ക് സ്ഥലത്ത് അടക്കാന്‍ കൊണ്ട് വരും എന്ന് അറിയാന്‍ കഴിഞ്ഞു . പിറ്റേ ദിവസം ആണ് ഞാനും മറ്റനേകം നാട്ടുകാരും ആ ഹൃദയ ഭേദകമായ കാഴ്ച കണ്ടത് , വാസു പണിക്കന്‍ സരസമ്മ ചേച്ചിയുടെ ചീഞ്ഞു നാറിയ ശവം ഒരു തഴപ്പയയില്‍ കെട്ടിയത് ഒരു ഉന്തു വണ്ടിയില്‍ അക്കരെ റോഡിലൂടെ വലിച്ചു കൊണ്ട് പോവുന്നു , ചെങ്ങന്നൂര്‍ ഗവ ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌ മാര്ടം നടത്തിയതാണ് ശവം കിട്ടാന്‍ ഇത്ര വൈകിയത് . അസഹനീയമായ ദുര്‍ഗന്ധം സഹിച്ചു ആറു കിലോമീറ്റര്‍ ദൂരം വലിച്ചു കൊണ്ട് വന്ന വാസു പണിക്കനെ ദൂരെ നിന്ന് കാണാനേ ഞങ്ങള്‍ കുട്ടികളെ അനുവദിച്ചുള്ളൂ . എനിക്ക് സരസമ്മ ചേച്ചി ഇനി സ്കൂളില്‍ പോവാന്‍ കൂടെ ഉണ്ടാവില്ലല്ലോ എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല .

ഒന്ന് രണ്ടു ആഴ്ച കഴിഞ്ഞാണ് എനിക്ക് സരസമ്മ ചേച്ചിക്ക് എന്താണ് പറ്റിയതെന്നു മനസ്സിലായത്‌ , സരസമ്മ ചേച്ചി ഗര്‍ഭിണി ആയിരുന്നു , പ്രസ്സിലെ വേറൊരു ജീവനക്കാരന്‍ ആണ് കാരണക്കാരന്‍ എന്ന് പറയുന്നു . വാസുപണിക്കന്‍ കണ്ടു പിടിച്ച ഏതോ ഒരു സ്ത്രീ വീട്ടിലെ വെച്ച് നടത്തിയ പ്രാകൃത ഗര്‍ഭചിദ്രം മൂലം അമിതമായ രക്തസ്രാവം ഉണ്ടായി ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു . പിന്നെ കേസ്സായി , പോസ്റ്റ്‌ മര്ടം ആയി , അവസാനം ശവം വിട്ടു കിട്ടിയപ്പോഴേക്കും ചീഞ്ഞു അഴുകിത്തുടുങ്ങിയിരുന്നു .

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു , വാസു പണിക്കനും പണിക്കത്തിയും മണ്മറഞ്ഞു പോയി . വാസു പണിക്കന്റെ വീട്ടില്‍ ഇന്ന് രാധയും കല്പണിക്കാരനായ ഭര്‍ത്താവും മാത്രം . അമ്മിണി ചേച്ചി രാജസ്ഥാനില്‍ എവിടെയോ നേഴ്സ് ആയിപ്പോയി

ഓരോ തവണയും എന്റെ പേര് അച്ചടിച്ച്‌ വരുന്ന പത്രങ്ങളോ മാസികകളോ കാണുമ്പോള്‍ ഞാന്‍ സരസമ്മ ചേച്ചിയെ ഓര്‍ക്കും, ഒരു ഉന്തു വണ്ടിയില്‍ പൊതിഞ്ഞു കെട്ടിയ സ്വന്തം മകളുടെ ചീഞ്ഞു നാറിയ ശവം വലിച്ചു കൊണ്ട് പോയ വാസു പണിക്കനേയും !

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ ഒരു ഉള്‍വിളി പോലെ സരസമ്മ ചേച്ചിയെ അടക്കിയ ആ പുറമ്പോക്ക് ഭൂമി കാണാന്‍ പോയി , കൂടെ എന്റെ ഇളയ മകളും , തരിശു കിടക്കുന്ന ആ സ്ഥലം ആകെ കരിയിലകള്‍ ചിതറി ക്കിടക്കുന്നു . അവയെല്ലാം മങ്ങിയ ചുവന്ന നിറമുള്ള കടലാസ്സു കഷണങ്ങള്‍ ആണെന്നും അവയിലെല്ലാം ഉണങ്ങാത്ത കറുത്ത മഷിയില്‍ " അനിയന്‍ " എന്ന് അച്ചടിച്ചിരിക്കുന്നു എന്നും എനിക്ക് തോന്നിയത് വെറും തോന്നല്‍ മാത്രം ആയിരുന്നു .

No comments:

Post a Comment