Wednesday 28 March 2012

കൊച്ചുകളീക്കല്‍

 
ഞാന്‍ ബാല്യകാലം ചിലവഴിച്ച അരീക്കര എന്ന കുഗ്രാമത്തിലെ എന്റെ വീടിന്റെ പുതിയ പേര് അവിടുത്തെ പോസ്റ്റ്‌ മാന് മാത്രമേ അറിയൂ , ശരിക്കും അറിയപ്പെടുന്ന വീട്ടു പേര് " കൊച്ചുകളീക്കല്‍ തെക്കേതില്‍ " എന്നാണ്, ആ പേരിനു കാരണമായ "കൊച്ചുകളീക്കല്‍" എന്ന ഒരു പുരാതനമായ തറവാടിനെ പറ്റിയാണ് ഇന്നത്തെ എന്റെ കുറിപ്പ് . ആവീടിനോടും അവിടുത്തെ ഓരോ കുടുംബാംഗങ്ങളോടും ഞാനും എന്റെ കുടുംബവും എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് പറയാന്‍ കൂടിയാണ് ഇതെഴുതുന്നത് . അവിടെ ഇന്ന് കാണുന്ന ഇരുനില വീട് ഒരു നൂറ്റന്‍പതു വര്‍ഷമെങ്കിലും പഴക്കം കാണും , തടിയും വെട്ടുകല്ലും കൊണ്ട് നിര്‍മിച്ച അതിമനോഹരമായ ആ മണി മാളിക അന്നും ഇന്നും എനിക്കും എന്നെ പോലെ അവിടം കണ്ടിട്ടുള്ള എല്ലാവര്‍ക്കും ഒരു അത്ഭുതം തന്നെ യാണ് . തടിയും വെട്ടുകല്ലും കൊണ്ട് നിര്‍മ്മിച്ചത്‌ കൊണ്ട് മാത്രമല്ല ആയ വീട് അത്ര പ്രസിദ്ധമായത് , അവര്‍ തലമുറകള്‍ ആയി ചെയ്ത സല്‍പ്രവര്‍ത്തികളും ഔദാര്യങ്ങളും ആണ് ആ വീടിനെ അത്ര പ്രസിദ്ധമാക്കിയത് . ഞാന്‍ പറഞ്ഞു കേട്ട കഥകള്‍ മുഴുവന്‍ എന്റെ അച്ഛനില്‍ നിന്നും ആണ് . അച്ഛന്റെ കുട്ടിക്കാലത്ത് അവിടെ ആന ഉണ്ടായിരുന്നു അന്നും , ചെങ്ങന്നൂരിന്റെ ഹൃദയ ഭാഗങ്ങള്‍ അടക്കം നൂറു കണക്കിന് ഏക്കര്‍ ഭൂമി ഉണ്ടായിരുന്നു എന്നും പില്‍കാലത്ത് കൂട്ടുകുടുംബങ്ങള്‍ ഭാഗം പിരിഞ്ഞപ്പോള്‍ അവയൊക്കെ വിഭജിച്ചു പോയെന്നും പിന്നീട് കുടുംബത്തിന്റെ സാമ്പത്തികനില മോശമായി പലവിധ മാറ്റങ്ങള്‍ക്കും പാത്രീഭാവിക്കുകയും ചെയ്തു .സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ തുടങ്ങിയ കാലത്ത് പോലും അവര്‍ കൈവിടാതിരുന്ന ദാനശീലവും ദയയും തൊട്ടടുത്ത വീടായ എന്റെ വീടിനോട് കാണിച്ച ഹൃദയ വിശാലതയും ആണ് ഞാന്‍ പറയാന്‍ പോവുന്നത് .
അവിടുത്തെ പൂമുഖത്ത് ഭിത്തിയില്‍ വെച്ചിരിക്കുന്ന എണ്ണച്ചായാ ചിത്രങ്ങള്‍ പലതും നശിച്ചു തുടങ്ങിയിരിക്കുന്നു , അവയില്‍ പലതും നൂറു വര്‍ഷമെങ്കിലും പഴക്കം ഉള്ളവയാണ് . അവയില്‍ പ്രാതാപിയായിരുന്നത് പുരുഷോത്തമന്‍ വക്കീല്‍ എന്ന ശ്രീമൂലം പ്രജാസഭാ മെമ്പര്‍ ആണ് , മരുമക്കത്തായം അവസാനിപ്പിച്ചു മക്കത്തായം തുടങ്ങി വെക്കാന്‍ ഉള്ള ബില്ലുകള്‍ അവതരിപ്പിക്കാന്‍ മുന്‍ കൈയ് എടുത്തുവെന്നു പറയപ്പെടുന്നു . അദ്ദേഹത്തിന്റെ മരുമകള്‍ ആയ
കാര്‍ത്തിയായിനി എന്ന ഒരു വല്യമ്മച്ചി മുതല്‍പേരെയെ ഞാന്‍ കണ്ടിട്ടുള്ളൂ , ഈ വല്യമ്മച്ചി കായംകുളത്തെ പ്രസിദ്ധമായ ആലുംമൂട്ടില്‍ തറവാട്ടില്‍ നിന്നും വന്നതാണ് .പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് അവര്‍ മരിച്ചു പോയി അവര്‍ക്ക് മൂന്നു ആണ്‍ മക്കള്‍ , വിജയന്‍, സുഗതന്‍ , വിനയന്‍ , അവരില്‍ വിജയന്‍ സാറും സുഗതന്‍ സാറും മരിച്ചു പോയി , സുഗതന്‍ സാറിന്റെ മക്കളാണ് എന്റെ തലമുറക്ക് സമപ്രായക്കാര്‍ , അതില്‍ അനില്‍ ആണ് ഇപ്പോഴത്തെ കുടുംബ നാഥന്‍ , കാര്‍ത്തിയായിനി വല്യമ്മച്ചിയും സുഗതന്‍ സാറും അദ്ദേഹത്തിന്റെ ഭാര്യ യശോധര അമ്മയും ആണ് എന്റെ കുടുംബത്തിനു മുഴുവന്‍ കടപ്പെട്ടിരിക്കുന്ന അംഗങ്ങള്‍ ,
എന്റെ അച്ഛന്‍ എന്റെ അമ്മയെ കല്യാണം കഴിച്ചു കൊണ്ട് വരുമ്പോള്‍ അരീക്കര ശരിക്കും അമ്മക്ക് ഒരു പട്ടിക്കാട് ആയി ആണ് തോന്നിയത് , പൈപ്പില്ല , കറണ്ടില്ല , അടുക്കള ജോലികള്‍ ഒന്നും വശമില്ല , അച്ഛന്‍ ആണെങ്കില്‍ ഇതെല്ലം എത്ര നിസ്സാരം എന്ന് കരുതുന്ന ഒരു പട്ടാളക്കാരനും , ഞങ്ങള്‍ മൂന്നു ആണ്‍ കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ആ ഹൈസ്കൂള്‍ അധ്യാപിക നന്നേ കഷ്ടപ്പെട്ടു, ആ കഷ്ടപ്പാടുകളില്‍ എല്ലാം തുണയായി നിന്നത് ഈ വീട്ടുകാര്‍ , അന്ന് ഒരുപാട് അയല്പക്കങ്ങളോ ജനങ്ങളോ ഒന്നും ആ കുഗ്രാമത്തില്‍ ഇല്ല . അമ്മക്ക് എല്ലാത്തിനും പറ സഹായം വേണം , സങ്കടങ്ങള്‍ പറയാന്‍ ഒരു അമ്മയും ഒരു കൂട്ടുകാരിയും , അതായിരുന്നു ആ വലിയ മനസ്സിന്റെ ഉടമയായ വല്യമ്മച്ചിയും മരുമകള്‍ യെശോധാര അമ്മയും . അവര്‍ സദാ സമയവും എന്തെങ്കിലും സഹായങ്ങളുമായി എന്റെ വീട്ടില്‍ കയറിയിറങ്ങും , കുട്ടികളെ കുളിപ്പിച്ചോ , സമയത്ത് ആഹാരം കഴിച്ചോ , സ്കൂളില്‍ പോവാന്‍ നേരമായോ എന്ന് അന്വേഷിച്ചു നടക്കുന്ന ആ അമ്മമാരെ കണ്ടാണ്‌ ഞാന്‍ വളര്‍ന്നത്‌ , ദൂരെ നിന്നും വരുന്ന എന്റെ ബന്ധുക്കള്‍ ഒക്കെ കൊച്ചുകളീക്കല്‍ ഒന്ന് കേറാതെ പോവില്ല എന്ന സ്ഥിതിയായി , അന്ന് ഞങ്ങളുടെ വീട്ടിലേക്കു വരാന്‍ ഒരു വലിയ കയറ്റം ഉണ്ടായിരുന്നതിനാല്‍ കാറില്‍ വരുന്ന അമ്മാവന്മാരൊക്കെ കാര്‍ കൊച്ചുകളീക്കല്‍ വീട്ടു മുറ്റത്ത് ഇട്ടിട്ടു തെക്കേതിലെ വീടായ ഞങ്ങളുടെ ചെറിയ വീട്ടിലേക്കു നടക്കുകയാണ് പതിവ് , പലപ്പോഴും അവര്‍ക്ക് കാപ്പിയോ ഉച്ചയൂണോ ഒക്കെ കൊച്ചുകളീക്കല്‍ തന്നെ ആയിരിക്കും , സല്കാരങ്ങള്‍ ഒന്നും വശമില്ലാത്ത എന്റെ അമ്മക്ക് എത്ര എത്ര തവണയാണ് അവിടെ നിന്നും എന്റെ ബന്ധുക്കള്‍ക്ക് സദ്യ കൊടുത്തിരിക്കുന്നത് , കൊച്ചുകളീക്കല്‍ വീട്ടിലെ അടുക്കള ആണ് എനിയ്ക്ക് ഒരിക്കലും മറക്കാന്‍ ആവാത്തത് , അവിടെ അക്ഷയ പാത്രങ്ങളെ ഉള്ളൂ , ഏതു സമയത്ത് ചെന്നാലും അവിടെ ഊണ് ഉണ്ട് , പത്തും മുപ്പതും കര്‍ഷക തൊഴിലാളികള്‍ക്ക് നിരത്തിയിരുത്തി പ്രാതലും പകലെത്തെതും വിളമ്പുന്നത് കണ്ടു ഞാന്‍ കൊതി പിടിച്ചു നിന്നിട്ടുണ്ട് . എന്റെ അമ്മയുടെ അച്ഛന്‍ , അതായത് വല്ല്യച്ച്ചന്‍ ആ വീട്ടില്‍ ചെന്നാല്‍ രാജകീയ സ്വീകരണം ആണ് , വല്ല്യച്ഛന്റെ ഇഷ്ടങ്ങള്‍ അറിഞ്ഞു കഞ്ഞിയും പയറും പപ്പടവും അച്ചാറുമൊക്കെ വിളമ്പി കൊടുക്കുന്നത് യശോധര അമ്മ സ്വന്തം അച്ഛന് വിളമ്പുന്നത് പോലെയാണ് , ആ വല്ല്യച്ച്ചന്‍ കൊല്ലത്ത് വെച്ച് മുപ്പതു വര്ഷം മുന്‍പ് മരിച്ചപ്പോള്‍ അരീക്കര മകളുടെ വീട്ടു വളപ്പില്‍ അടക്കണം എന്ന ആഗ്രഹ പ്രകാരം ഇവിടെ കൊണ്ട് വന്നപ്പോള്‍ പല നാടുകളില്‍ നിന്നായി നിരവധി ബന്ധുക്കള്‍ എത്തി , ആരും ആവശ്യപ്പെടാതെ ഉച്ചക്ക് ഏകദേശം 80 പേര്‍ക്ക് ഉച്ചക്ക് ഊണ് കൊടുത്തു , ദൂരെ ദേശങ്ങളില്‍ നിന്നും എത്തിയ അവര്‍ക്ക് അവിടെ ഒരു ചായക്കട പോലും ഇല്ലായിരുന്ന കാലമാണ് അതെന്നു ഓര്‍ക്കണം , ആരും അവിടുത്തെ അമ്മയോട് ഒന്നും പറഞ്ഞതല്ല , എല്ലാം കണ്ടറിഞ്ഞു ചെയ്തിരിക്കുന്നു . ഇന്ന് ആര്‍ക്കെങ്കിലും അങ്ങിനെ ചെയ്യാന്‍ മനസ്സോ സമയമോ ഉണ്ടാവുമോ ? അങ്ങിനെ എന്തെല്ലാം അനുഭവങ്ങള്‍ ?
പണത്തിനു ബുദ്ധിമുട്ട് ഉണ്ടായിരുന്ന സമയങ്ങളില്‍ എത്രയോ തവണയാണ് എനിക്ക് എവിടെയെങ്കിലും യാത്ര പോവുമ്പോള്‍ അമ്മയോ അച്ഛനോ കാണാതെ എന്റെ ഉള്ളം കൈയില്‍ പത്തു രൂപയോ ഇരുപതു രൂപയോ ഒക്കെ വെച്ച് തന്നിട്ടുള്ളത് , സ്വന്തം മകളെ നോക്കുന്നത് പോലെയാണ് ആ വല്യമ്മച്ചി എന്റെ അമ്മയെ നോക്കിയിരുന്നത് , യശോധര അമ്മക്ക് ഞാന്‍ മകനും , എന്നെ പറ്റി" തെക്കേതിലെ അനിയന്‍ " എന്ന് എത്രയോ ആണ് അവര്‍ അഭിമാനത്തോടെ പരിചയപ്പെടുത്തിയിരുന്നത് , ഞങ്ങളുടെ മിക്ക ബന്ധുക്കളും അവര്‍ക്കും അടുത്ത ബന്ധുക്കള്‍ തന്നെ .
അവരെ വേണമെങ്കില്‍ ജന്മി കുടുംബമെന്നോ ഭൂഉടമകള്‍ എന്നോ ഒക്കെ വിളിക്കാന്‍ ന്യായങ്ങള്‍ കണ്ടെത്താം , പക്ഷെ അവര്‍ ചെയ്തു വന്ന നല്ല പ്രവര്‍ത്തികളുടെ ഫലം അനുഭവിച്ചു വളര്‍ന്ന എത്രയെത്ര കുടുംബങ്ങളാണ് അരീക്കരയില്‍ ഉള്ളത് , എന്നെ പ്പോലെ അവരൊക്കെ അത് ഫേസ് ബുക്കില്‍ എഴുതുനില്ല എന്ന് മാത്രം , അവര്‍ അവരുടെ ഹൃദയത്തില്‍ അത് എഴുതുന്നുണ്ടായിരിക്കും .
കഴിഞ്ഞ ആഴ്ച യശോധര അമ്മയും മരിച്ചു , എന്നെ സ്നേഹിച്ചവരും ഞാന്‍ സ്നേഹിച്ചവരും ഒക്കെ ഓരോരുത്തരായി മറഞ്ഞു പോകുന്നത് നോക്കിനില്‍ക്കാനാണ് എന്റെ വിധി , എത്രയോ ആളുകളെ സ്നേഹിച്ച ഒരു തലമുറ കൂടെ അപ്രത്യക്ഷ്യമായി , ഞാന്‍ കുറേക്കൂടി അനാഥനായി !

4 comments:

  1. ജീവിതത്തിന്റെ തിരക്കുകള്‍ എന്നെ എന്നിലേക്ക്‌ നോക്കാന്‍ മാത്രം പഠിപ്പിച്ചു. പലപ്പോഴും ഒറ്റയ്കിരിക്കുന്ന നിമിഷങ്ങള്‍ എന്നെ ജീവിതത്തിന്റെ അര്‍ത്ഥങ്ങളും അതിന്റെ ലക്ഷ്യങ്ങളും എന്തെന്ന് ചിന്തിപ്പിച്ചു..ഓരോ സമയത്തും ആ ചിന്തകള്‍ക്ക് എനിക്ക് വെത്യസ്തമായ ഉത്തരം ആണ് എന്റെ മനസ്സില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്നത്.. ഒടുവില്‍ അസ്വസ്തകളില്‍ നിന്ന് മാറിനില്‍ക്കാന്‍ ഞാന്‍ ഫേസ് ബൂകിനെയും ഇന്റെര്നെടിനെയും ആശ്രയം പ്രാപിച്ചു.. ചിന്തകളില്ലാതെ അയഥാര്‍ത്ഥ ലോകത്ത് ആത്മാര്തമില്ലാത്ത സൌഹൃദങ്ങള്‍ ആയി യത്രയിലയിഒരുന്നു ഞാന്‍.. പക്ഷെ.. ഓരോ വ്യക്തിയും ഓരോ അനുഭവങ്ങലനെന്നും ...അവര്‍ എന്നും മായാത്ത ഒരു സുഖം തരുന്ന ജീവിതങ്ങലനെന്നും ഒര്മിപിക്കുന്നതാണ് താങ്കളുടെ വേറിട്ട എഴുത്തുകള്‍.. ,,ആനക്കട്ടു പ്രന്തിയും .ലോട്ടറി അടിച്ച കുട്ടപ്പനും ...അരീക്കര ഗ്രാമവും ... എത്ര മനോഹര ചിത്രങ്ങളാണെന്ന് താങ്കള്‍ തെളിയിച്ചിരിക്കുന്നു...എന്റെ ഫ്ലാഷ് ബാക്കുകളില്‍ ഇവരെല്ലവരെയും എനിക്ക് ഇപ്പോള്‍ കാണാനാവും.. എന്റെ ചിന്തകള്‍ ഒഴുകുന്ന വഴിയെ തന്നെ മാറ്റിയ അങ്ങയുടെ ശൈലി എത്ര അഭിനണ്ട്ല്‍ക്കപ്പെട്ട്ടലും അധികമാവില്ല... നന്ദി... സോമരാജന്‍ സര്‍ .

    ReplyDelete
  2. എത്ര മനോഹരം ഈ വാക്കുകള്‍ ! വളരെ നന്ദി !

    ReplyDelete
  3. സത്യം പറഞ്ഞാല്‍ താങ്ങള്‍ എന്നെ ഒരു അരീക്കരക്കാരന്‍ ആക്കി..അരീക്കര ഗ്രാമവും ഗ്രാമവാസികളും ഇന്നെനിക്കും പ്രിയപ്പെട്ടത്...

    ReplyDelete