Wednesday, 28 March 2012

തേങ്ങാ മാപ്പിള

അരീക്കര ക്രിസ്ത്യാനികള്‍ വളരെ കുറവായിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ , ഒരു കുരിശോ പള്ളിയോ കാണണമെങ്കില്‍ അരീക്കര പെരിങ്ങാട്ട മുക്ക് കഴിഞ്ഞു കൊഴുവല്ല്ലൂര്‍ വരെ പോവണം , കൊഴുവല്ലൂരെക്ക് പോകുന്ന വഴി താമസിക്കുന്ന സഹോദരങ്ങളായ മൂന്നു ക്രിസ്ത്യാനി കച്ചവടക്കാരെ അരീക്കരക്കാര്ക്കു മുഴുവന്‍ അറിയാം , മൂത്തത് പാപ്പന്‍ , ഞങ്ങള്‍ കുട്ടികള്‍ പാപ്പച്ചന്‍ എന്ന് വിളിക്കും , ചമ്പന്‍ പാക്കാണ് പാപ്പച്ചന്റെ കച്ചവടം , അന്ന് ഒരു പാട് കവുങ്ങുകള്‍ തെങ്ങും തോപ്പില്‍ പാടത്തിന്റെ അരികിലായി ഉണ്ടായിരുന്നു . പാപ്പച്ചന്‍ കൃത്യമായ ഇടവേളകളില്‍ വന്നു അത് മുഴുവന്‍ കേറി പറിച്ചു വീട്ടില്‍ കൊണ്ട് വന്നു ഒരു ചെളാവില്‍ ഇട്ടു സ്പ്രിംഗ് ത്രാസ് വെച്ച് തൂക്കി വില തന്നു കൊണ്ട് പോവും , പാപ്പച്ചന്‍ ആദ്യകാലങ്ങളില്‍ തന്നെ ഒരു തളപ്പ് ഉണ്ടാക്കി ഉയരുമുള്ള കവുങ്ങുകളില്‍ കയറി അതില്‍ നിന്നും ആയം എടുത്തു അടുത്ത കവുങ്ങിലേക്ക് " പകര്‍ന്നാട്ടം " നടത്തുന്നത് ഞങ്ങള്‍ കുട്ടികള്‍ ശ്വാസം അടക്കി പിടിച്ചാണ് കാണുന്നത് . പാപ്പച്ചന്റെ അനിയന്‍ ജോര്‍ജ് മാപ്പിള , തേങ്ങാ കച്ചവടം , തേങ്ങാ ഇട്ടതിന്റെ അന്ന് തന്നെ വന്നു എണ്ണി തരം തിരിഞ്ഞു വില പറഞ്ഞു അച്ഛനും മക്കളും ആയി അന്ന് വൈകിട്ട് തന്നെ പാര കൊണ്ട് വന്നു മൊത്തം പോതിച്ചു കാളവണ്ടി യില്‍ കയറ്റി കൊണ്ട് പോവും . പാപ്പച്ചനെ പ്പോലെ രൊക്കം കാശ് തരില്ല , അത് ഉണക്കി കൊപ്രയാക്കി അത് പിന്നെ വെളിച്ചെണ്ണ ആക്കി ആലപ്പുഴ കൊണ്ട് പോയി കൊടുത്തിട്ടേ പണം കിട്ടൂ , ചിലപ്പോള്‍ കുറച്ചു പൈസ ആദ്യം തരും, പിന്നെ ഒരു മാസം കൊണ്ട് ഇടപാട് തീര്‍ക്കും . ജോര്‍ജ് മാപ്പിളക്കു എന്റെ പ്രായം ഉള്ള മകുണ്ടായിരുന്നു , ജോണ്‍ ! പഠിക്കാന്‍ മാത്രമല്ല തേങ്ങാ എണ്ണാനും തൊണ്ട് പിറക്കി കാളവണ്ടിയില്‍ ഇടാനും ഒക്കെ നല്ല കഴിവാണ് , ജോര്‍ജ് മാപ്പിളയുടെ രണ്ടു മക്കളെയും ഇങ്ങനെ വീട്ടില്‍ സ്ഥിരം വരുന്നതിനാല്‍ അറിയാം .

അടുത്തയാള്‍ കറിയാ മാപ്പിള , മൊട്ട കച്ചവടം , നാട് മുഴുവന്‍ " മോട്ടേയാപ് " "മോട്ടേയാപ്" എന്ന് പറഞ്ഞു ഒരു കൂടാ പോലത്തെ കോട്ട തലയില്‍ വെച്ച് നടക്കുന്ന കറിയാ മാപ്പിള എന്റെ വീട്ടില്‍ മുട്ട വാങ്ങാതതിനാല്‍ അധികം അടുപ്പം ഇല്ല . പക്ഷെ അയാള്‍ " മോട്ടേയാപ് " പറയുമ്പോള്‍ പുറകെ നടന്നു അത് പോലെ ഏറ്റു പറഞ്ഞതിന് ഒന്ന് രണ്ടു തവണ ചീത്ത വിളി കേട്ടിട്ടുണ്ട് . അയ്യാള്‍ ചേട്ടന്മാരെ പോലെ സൌമ്യനല്ലെന്നു മാത്രമല്ല മഹാക്രൂരന്‍ ആണെന്ന് മനസ്സിലാകിയ ഒരു സംഭവം എന്റെ മനസ്സില്‍ ഇന്നും ഇന്നും മാഞ്ഞു പോയിട്ടില്ല . മൂലപ്ലാവുംചുവടു മുക്കില്‍ ഒരിക്കല്‍ മണ്ണെണ്ണ വാങ്ങാന്‍ പോയ എനിക്ക് അവിടെ " പീ പീ " എന്ന് ചുരുക്ക പേരുള്ള പീ പീ വേലായുധന്‍ ചേട്ടന്റെ വീട്ടില്‍ കുറച്ചു ആളുകള്‍ അവിടുത്തെ പട്ടിയെ Y ആകൃതിയുള്ള മരകമ്പുകള്‍ ഉപയോഗിച്ചു നിലത്തു ബലമായി അമര്‍ത്തി പിടിച്ചിരിക്കുന്നത് കണ്ടാണ്‌ ഞാന്‍ ഓടി ചെന്നത് , മൂന്നു നാല് പേരുണ്ട് , മോട്ടക്കാരന്‍ കറിയാ മാപ്പിള അരയിലെ തുണി സഞ്ചിയില്‍ നിന്നും ബാര്‍ബര്‍മാര്‍ ഉപയോഗിക്കുന്ന ഒരു കത്തി എടുത്തു എന്തോ ഒന്ന് ചെയ്തതും അയാളുടെ മുഖത്തേക്കും കൈകളിലേക്കും എല്ലാം ചോര തെറിക്കുന്നതും ഞാന്‍ കണ്ടു നടുങ്ങിപ്പോയി , ആ പാവം മിണ്ടാപ്രാണിയുടെ വൃഷണങ്ങള്‍ അയാള്‍ നിഷ്കരുണം മുറിച്ചു അത് കൈകള്‍ കൊണ്ട് എടുത്തു ദൂരേക്ക്‌ എറിയുന്നത് കണ്ട എനിക്ക് അത് നാടന്‍ ഭാഷയില്‍ പറയുന്ന " വരിയെടുക്കല്‍ " ആണ് ഇത് എന്ന് പിന്നെയാണ് മനസ്സിലായത്‌ . ആ മുറിവില്‍ അയാള്‍ ഒരു ഇരുമ്പു തൊട്ടിയില്‍ നിന്നും നിറയെ ചാരം വാരി ഇട്ടതിനു ശേഷം കത്തി കഴുകാന്‍ എഴുനേറ്റു പോവുന്ന കാഴ്ച ഇന്നും ഒരു നടുക്കത്തോടെ മാത്രമേ എനിക്ക് ഓര്‍ക്കാന്‍ ആവൂ , ആ മിണ്ടാപ്രാണി വേദനയോടെ പിടഞ്ഞെഴുനേറ്റു അതിന്റെ യജമാനനെ ഉച്ചത്തില്‍ കരഞ്ഞു കൊണ്ട് വാലാട്ടി അടുത്ത് ചെല്ലുന്നത് കണ്ട എനിക്ക് ഈ കറിയാ മാപ്പിളയോട് എന്തെന്നില്ലാത്ത ഒരു അറപ്പും വെറുപ്പും തോന്നി , പറമ്പില്‍ എങ്ങാനം പതിയിരുന്നു അയാളുടെ ആ മൊട്ടത്തല നോക്കി ഒരു കല്ലെടുത്ത്‌ ഒരു ഏറു കൊടുത്താലോ എന്ന് പോലും ആലോച്ചിരുന്നു . അയാള്‍ നരകിച്ചു മരിക്കണേ എന്ന് മാത്രമായിരുന്നു അന്നത്തെ എന്റെ പ്രാര്‍ത്ഥന .

പാപ്പച്ചന്‍ കുറേശ്ശെ വലിയ ബിസിനസ്സുകാരന്‍ ആയി . ചമ്പന്‍ പറിക്കാന്‍ സഹായി ആയി , കുരുമുളുകിന്റെ കച്ചവടവും തുടങ്ങി, മക്കളില്‍ ഒരാള്‍ പെര്ഷ്യക്ക് പോയി , മറ്റൊരാള്‍ അമേരിക്കയില്‍ ജോലിയുള്ള നേഴ്സ് നെ കെട്ടി . എപ്പൊഴും ചമ്പന്‍ പാക്കിന്റെ മണം ഉണ്ടായിരുന്ന കൈലികല്‍ മാറി വെളുത്ത ഡബിള്‍ മുണ്ടും ടെര്‍ലിന്‍ ഷര്‍ട്ടും സ്വര്‍ണ മാലയും ഒക്കെ ആയി , പാപ്പച്ചന്‍ മുതലാളി ആയി , കാര്‍ വാങ്ങി , പതിയെ ഒക്കെ കച്ചവടം ഒക്കെ നിര്‍ത്തി , വല്ലപ്പോഴും ഒക്കെ വീട്ടില്‍ വരും അമേരിക്കന്‍ വിശേഷങ്ങള്‍ പങ്കു വെക്കും .
പക്ഷെ ദുരന്തങ്ങള്‍ വേട്ടയാടിയത് മുഴുവന്‍ ജോര്‍ജ് മാപ്പിളയെ ആണ് . മകന്‍ ജോണ്‍ ഐ ടി ഐ ഒക്കെ പാസ്സായി ബറോഡയില്‍ ജോലി ആയി , ഒരു ദിവസം ഉയരമുള്ള ടവറില്‍ നിന്നും വെല്ടിംഗ് ജോലി ചെയ്തു കൊണ്ടിരുന്നപ്പോള്‍ പിടി വിട്ടു താഴെ വീണു മരണം അടഞ്ഞ വാര്‍ത്ത ഞെട്ടലോടെയാണ് അരീക്കരക്കാര്‍ കേള്‍ക്കുന്നത് , ശവം പോലും നാട്ടില്‍ കൊണ്ട് വരാന്‍ കഴിഞ്ഞില്ല , പാവം ജോര്‍ജ് മാപ്പിള ആകെ കടം കയറി തകര്‍ന്നു പോയി , മക്കളില്‍ മിടുക്കന്‍ ജോണ്‍ ആയിരുന്നു . അവന്‍ പോയതോടെ അയാള്‍ കഷ്ടപ്പാടുകളുടെ നടുക്കടലില്‍ മുങ്ങിത്താഴുക ആയിരുന്നു .
കച്ചവടത്തില്‍ പലവിധ തകര്‍ച്ചകള്‍ , ഒരിക്കല്‍ കൊപ്ര ഷെട് മുഴുവന്‍ തീ കത്തി , മറ്റൊരിക്കല്‍ ആലപ്പുഴക്ക് ചരക്ക് കൊണ്ട് പോവുന്ന വഴി വള്ളം മുങ്ങി കൊപ്ര മുഴുവന്‍ നശിച്ചു . മക്കളില്‍ തമ്മില്‍ വേറെ പ്രശ്നങ്ങള്‍ , ജോര്‍ജ് മാപ്പിളയേയും ഭാര്യയും നോക്കാന്‍ ആരുമില്ലാത്ത അവസ്ഥ , ഒരു ദിവസം രണ്ടു പേരും കൂടി വിഷം കഴിച്ചു മരിച്ച കിടക്കുന്ന വാര്‍ത്ത കേട്ടാണ് അരീക്കര ഞെട്ടിയുന്നരുന്നത് . കാലം തീര്‍ത്ത കഴ്ടപ്പാടുകളില്‍ നിന്നും എന്നേക്കുമായി മോചനം !

No comments:

Post a Comment