Wednesday 28 March 2012

ഡോ.രാജന്‍ , കാര്‍ഡിയോജിസ്റ്റ് PHD

 
    
മടക്കി  കുത്തിയ വീതിയുള്ള കരയുള്ള വെളുത്ത മുണ്ട്, തൂവെള്ള ഷര്‍ട്ട്‌ , അതിന്റെ കൈ ചുരുള് പോലെ ചെറുതായി തെറുത്ത് തെറുത്തു വെച്ചിരിക്കുന്നു , കോളര്‍ ചീത്തയാകാതിരിക്കാന്‍ ഒരു തൂവാല മടക്കി കഴുത്തിന്റെ പിന്നില്‍ വെച്ചിരിക്കുന്നു , നരച്ചു തുടങ്ങിയ ലേഡീസ് കുട ,അത് നിവര്‍ത്തി പിടിച്ചു വീശി വീശി ഒരു നടത്തം , കക്ഷത്തില്‍ ഓറഞ്ച് കളറുള്ള ഒരു ബാഗ് , ഭംഗിയായി വകഞ്ഞു വെച്ചിരിക്കുന്ന കറുത്ത ചുരുണ്ട മുടി , ക്ലീന്‍ ഷേവ് ചെയ്തിര്‍ക്കുന്ന മീശയില്ലാത്ത ആ മുഖത്ത് ഒരു സ്ത്രൈണ ഭാവം , എന്ന് വച്ച് ചാന്തു പൊട്ടൊന്നും അല്ല കേട്ടോ , അതാണ്‌ ഡോ.രാജന്‍ , കാര്‍ഡിയോജിസ്റ്റ് ! ഇങ്ങേരു പറഞ്ഞു കൊണ്ട് വരുന്ന പൊട്ട കഥയില്‍ എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റെക് ഇല്ലേ എന്ന് നിങ്ങള്‍ സംശയിച്ചത് സത്യമാണ് കേട്ടോ , അരീക്കര പോലുള്ള ഒരു കുഗ്രാമാത്തിലെവിടെ കാര്‍ഡിയോജിസ്റ്റ് ! ഞാന്‍ സ്കൂളില്‍ പോവുന്ന കാലം മുതല്‍ കാണാന്‍ തുടങ്ങിയതാണ്‌ ഡോ.രാജനെ , വീട്ടില്‍ പണ്ട് അമ്മക്കോ ഞങ്ങള്‍ക്കോ ഒക്കെ പനിയോ ചുമയോ ഒക്കെ വരുമ്പോള്‍ ആദ്യം കാണുന്നത് ഡോ.രാജനെ, അവിടം കൊണ്ട് നിന്നില്ലെങ്കില്‍ പിന്നെ മുളക്കുഴ വരെ പോയി ഡോ . ഹരിദാസിനെ കാണും . ഒരു മാതിരി അസുഖങ്ങളൊക്കെ ഇവര്‍ രണ്ടു പേരും കൈകാര്യം ചെയ്യും, രണ്ടു പേരും സത്യത്തില്‍ ഡോക്ടര്മാര്‍ അല്ല, അലോപ്പതി ചികിത്സയാനെന്നു മാത്രം . ഡോക്ടര്‍ ഹരിദാസ് മിലിട്ടറി കമ്പൌണ്ടര്‍ ആയിരുന്നു . ആ പരിചയം വെച്ച് ചെറുതായി തുടങ്ങിയ ചികിത്സകള്‍ ഒക്കെ വളര്‍ന്നു വളര്‍ന്നു ഒരിക്കല്‍ വലിയ ഒരാശുപത്രി വരെ ആയി . അദ്ദേഹത്തിനു MBBS മെഡിക്കല്‍ യോഗ്യത ഒന്നും ഇല്ലെങ്കിലും ഉള്ള വലിയ ഒരു യോഗ്യത ഉണ്ട് , കൈപ്പുണ്യം , അദ്ദേഹത്തിന്റെ ചികിത്സയും മരുന്നും കുത്തിക്കെട്ടും ഒക്കെ ഒരിക്കലും ആര്‍ക്കും ഒരു അപകടവും വരുത്തിയിട്ടില്ല , മാത്രമല്ല , തനിക്കു പറ്റാത്ത കേസുകള്‍ ഉടന്‍ തിരുവല്ല സായിപ്പിന്റെ ആശുപതിക്ക് അയക്കുകയും ചെയ്യും . ഡോ.രാജന്‍ അദ്ദേഹം എവിടെ വരെ പഠിച്ചു എന്ന് പോലും ആര്‍ക്കും അറിയില്ല , പക്ഷെ ചികിത്സ അല്ലോപ്പതി ആണ് . ആ ഓറഞ്ച് ബാഗില്‍ ഒരു സിറിഞ്ച് , സൂചി , പഞ്ഞി , വെളുത്ത തുണി ഒക്കെ കാണും , വീട്ടില്‍ വന്നാണ് ചികിത്സ , രോഗിയെ നെറ്റിക്കും നാടി യും ഒക്കെ പരിശോധിച്ച് കഴിഞ്ഞാല്‍ പിന്നെ കുറച്ചു വെളുത്ത ഗുളികകളും പുരട്ടാന്‍ ചില ക്രീമുകളും ഒക്കെ നല്‍കും , ഭക്ഷണ ക്രമം ഒക്കെ വിശദീകരിക്കും , അറ്റ കൈ പ്രയോഗം പോലെയാണ് " വെള്ളം തിളപ്പിക്കാന്‍" പറയുന്നത് , സൂചിയും സിറിഞ്ചും ഒക്കെ തിളപ്പിച്ച്‌ ബാഗില്‍ നിന്നും ഒരു തവിട്ടു നിറമുള്ള ചെറിയ കുപ്പിയില്‍ നിന്നും മരുന്ന് വലിച്ചു മുകളിലേക്ക് നോക്കി സൂചിയില്‍ നിന്നും എയര്‍ കളഞ്ഞു പിന്നെ കൈയ്യിലെക്കോ പിന്‍ഭാഗത്തേക്കോ ഒരു ഇന്‍ജക്ഷന്‍ ആണ് , നക്ഷത്രം എണ്ണിപ്പോവും . പക്ഷെ ഡോ ഹരിദാസിനെ പ്പോലെ കുത്തിക്കെട്ടും സര്‍ജറിയും ഒന്നും ഇല്ല . അരീക്കര വീടുകളില്‍ എത്തി ഈ ചെറിയ തരം അലോപ്പതി ചികിത്സ മാത്രമല്ല ഡോ. രാജന്റെ ജോലി , സ്ഥലത്തെ ഉത്സവ കമ്മിറ്റിയിലെ സ്ഥിര അംഗം ആണ് , അവിവാഹിതനായ ഡോ രാജന്‍ ഉത്സവപ്പിരിവിനും ഉത്സവ ദിവസം അമ്പല പരിസരത്ത് സ്ടാളുകള്‍ വിതരണം ചെയ്യാനും അച്ചടക്കം നടപ്പാക്കാനും ചീട്ടുകളിക്കാരെ പിടിക്കാനും ഒക്കെ മുന്നില്‍ ഉണ്ടാവും . ആരോടും തര്‍ക്കിക്കുന്ന സ്വഭാവം ഉള്ളതിനാല്‍ ഉത്സവ കമ്മിറ്റി അവസാനം പിരിച്ചു വിടേണ്ടി വന്നാലും ഡോ . രാജന്‍ പിടി വിടില്ല . ഉത്സവ കണക്കുകള്‍ ശരിയാക്കാന്‍ ചിലപ്പോള്‍ വീട്ടില്‍ വന്നിരുന്നു അച്ഛനോടൊപ്പം ഇരിക്കുമ്പോള്‍ ഞങ്ങള്‍ കുട്ടികളോട് " നാലും മൂന്നും ഏഴു എന്ന് ഒക്കണ്ടേ , ഇപ്പൊ ആറു എന്നാ ഒത്ത്തിരിക്കുന്നെ " എന്ന് പറഞ്ഞു ഹ ഹ എന്നൊരു വലിയ ചിരിയും പാസ്സാക്കും .

ഞാന്‍ ചെങ്ങന്നൂര്‍ കോളേജില്‍ എത്തിയ കാലം ആണ് ഡോ ,രാജനെ കൂടുതല്‍ അടുത്ത് അറിയാനും അദ്ദേഹത്തിന്റെ ഹൃദ്രോഗ ഗവേഷണം പോകുന്ന വഴിയും ഒക്കെ മനസ്സിലാക്കുന്നത് . അന്ന് അദ്ദേഹം മിക്ക ദിവസവും മുളക്കുഴ എം സീ റോഡ്‌ വരെ എന്റെ കൂടെ നടക്കാന്‍ ഉണ്ടാവും . അങ്ങിനെയാണ് അദ്ദേഹം താന്‍ ഹൃദ്രോഗത്തെ പറ്റി ഗവേഷണം നടത്തുകയാണെന്നും ഒക്കെയുള്ള രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത് . വെറുതെ ഒരു കൌതുകത്തിനു ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കും . അദ്ദേഹത്തിന്റെ തിയറി അനുസരിച്ച് ഹൃദ്രോഗവും കറുത്ത വാവും വെളുത്ത വാവും തമ്മില്‍ ചില ബന്ധം ഉണ്ടെന്നും അത് തെളിയിക്കാന്‍ ഗവേഷണ പ്രബന്ധം തയ്യാറാക്കി തിരുവന്തപുരത്തെ ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ലേക്ക് അയച്ചിരിക്കുകയാനെന്നും അവര്‍ അത് പഠിച്ചു പരിക്ഷണങ്ങള്‍ നടത്തുകയാണെന്നും ഒക്കെ പല ദിവസങ്ങളായി എന്നോട് ആ രഹസ്യങ്ങള്‍ അദ്ദേഹം പങ്കു വെച്ചു. പാവം , ആശ കൈവിടാതെ നിരന്തരം കത്തുകളും ഒക്കെ എഴുതി തിരുവന്തപുരത്തിന് വിടും, ഒന്ന് രണ്ടു തവണ തിരുവന്തപുരത്ത് പോകുകയും ചെയ്തു . അവര്‍ എന്തെങ്കിലും ഒക്കെ പറഞ്ഞു തിരികെ വിടും .അദ്ദേഹത്തിന്റെ തലയുടെ ഒരു സ്ക്രൂ ഇളകിയെന്നും വട്ടായെന്നും ഒക്കെ ഇതിനകം അരീക്കര മുഴുവന്‍ അടക്കം പറഞ്ഞു തുടങ്ങിയിരുന്നു .അതിനാല്‍ പഴയതുപോലെ പരീക്ഷണത്തിനോന്നും അരീക്കരക്കാര്‍ തയ്യാറല്ലായിരുന്നു .

താമസിയാതെ മുളക്കുഴ എം സീ റോഡ്‌ സൈഡില്‍ ഒരു പീടിക മുറി അദ്ദേഹം വാടകയ്ക്ക് എടുത്തു . രാവിലെ കൃത്യം ഒന്‍പതു മണിക്ക് ഉച്ചക്കുള്ള പൊതിച്ചോരുമായി ക്ലിനിക്ക് തുറന്നു റോഡിലേക്ക് നോക്കിയിരിക്കും ." ഡോ.രാജന്‍ , കാര്‍ഡിയോജിസ്റ്റ് PHD (doing ) " ആ ബോര്‍ഡ് വായിച്ചു ആളുകള്‍ ഒരു ചെറു ചിരി പാസാക്കി കടന്നു പോവും എന്നല്ലാതെ ആരും അദ്ദേഹത്തെ ശല്യപ്പെടുത്തില്ല . കാരണം അദ്ദേഹവും ആരെയും ശല്യപ്പെടുത്തില്ല .ഒറ്റ രോഗി അവിടെ കയറിയതായി എനിക്ക് അറിയില്ല , വാടക സ്വന്തം പോക്കറ്റില്‍ നിന്നും കൊടുക്കുമായിരിക്കും . പേപ്പര്‍ വായിച്ചും ടേബിള്‍ ഫാന്‍ പൊടി തുടച്ചും കഴുത്തിലെ തൂവല മടക്കിയും ഒക്കെ അദ്ദേഹം വൈകിട്ട് നാല് മണി വരെ പ്രാക്ടീസ് നടത്തി കട അടച്ചു വീട്ടിലേക്കു നടക്കും . ആ നടപ്പ് കാണാന്‍ ഒരു രസം തന്നെ ആണ് , ഇടയ്ക്കു എന്നെപ്പോലെയുള്ള ഇരകളെ കിട്ടിയാല്‍ ഗവേഷണ പ്രബന്ധം തിരുവന്തപുരത്ത് ഫൈനല്‍ കമ്മിറ്റി പരിശോധിച്ചുകൊണ്ടിരിക്കുക ആണെന്നും ഉടനെ PHD കിട്ടും എന്നുമൊക്കെ അപ്ഡേറ്റ് ചെയ്യും . അടിയന്തരാവസ്ഥ കാലമാണെന്ന് തോന്നുന്നു , പോലീസില്‍ ആരെ ഒരു പരാതി കൊടുത്തതിനെ തുടര്‍ന്ന് " ഡോ.രാജന്‍ , കാര്‍ഡിയോജിസ്റ്റ് , PHD (doing ) " എന്ന ബോര്‍ഡു സഹിതം പോലീസ് പാവത്തിനെ സ്റ്റേഷനില്‍ കൊണ്ടുപോയി, മേലില്‍ ഇനി എം സീ റോഡില്‍ കണ്ടുപോവരുത് എന്നൊരു താക്കീതും നല്‍കി വിട്ടയച്ചു .

ഞാന്‍ മുംബൈയില്‍ പഠിക്കാന്‍ പോയി ഇടക്കൊരു അവധിക്കു വന്നപ്പോള്‍ എന്നെ വഴിയില്‍ വെച്ചു കണ്ടതും വളരെ സന്തോഷത്തോടെ " അനിയാ , PHD ശ്രീചിത്ര ശുപാര്‍ശ ചെയ്തു കേന്ദ്ര ഗവര്‍മെന്റിന് അയച്ചു, ഉടനെ കിട്ടും " എന്ന് പറഞ്ഞു . പാവം , അദ്ദേഹത്തെ ഞാനായി നിരാശപ്പെടുത്താന്‍ എനിക്ക് മനസ്സ് വന്നില്ല . " അപ്പൊ ഇനി ശരിക്കും ബോര്‍ഡ്‌ വെക്കാമല്ലോ "
"ഡോ.രാജന്‍ , കാര്‍ഡിയോജിസ്റ്റ് PHD "

No comments:

Post a Comment