Wednesday, 18 July 2012

മുഴുവന്‍കാള

 
" ഉയ്യോ , ഇത് പോലൊരു മണ്ട ഗണേശന്‍ ! ഏതു വലാ വന്നു ചോദിച്ചാലും ഉടുത്തിരിക്കുന്ന തുണി വരെ അഴിച്ചു കൊടുത്തിട്ടു ഇങ്ങു പോരും "
അമ്മ എത്ര തവണ എന്നെ പറ്റി ഇങ്ങനെ പറഞ്ഞിട്ടുണ്ട് , കാരണം കുട്ടിക്കാലത്തെ എന്റെ പ്രധാന സ്വഭാവ ദൂഷ്യവും അത് തന്നെ ആയിരുന്നു . കൂട്ടുകാര്‍ക്ക് വീട്ടിലെ സാധനങ്ങള്‍ എല്ലാം പെറുക്കി കൊടുക്കുക , സ്കൂളില്‍ കല്ലുപെന്‍സിലും സ്ലേറ്റും പെന്‍സിലും പുസ്തകവും കുടയും ഒക്കെ ആര്‍ക്കെങ്കിലും കൊടുത്തിട്ടു വരിക , അല്ലെങ്കില്‍ എവിടെയെങ്കിലും മറന്നിട്ടു വരിക , എന്നും സ്കൂളില്‍ നിന്ന് വരുമ്പോള്‍ ഏതെങ്കിലും ഒരു വസ്തു കാണില്ല , അവനു കൊടുത്തു , മറ്റവന് കൊടുത്തു എന്നുള്ള സ്ഥിരം മറുപടിയും , അമ്മ അത് കേട്ട് കേട്ട് മടുത്തു കാണും,. പാവം അമ്മ സഹികെട്ട് പറഞ്ഞതാണ് .

പക്ഷെ അങ്ങിനെ സത്യമായും ഒന്ന് സംഭവിച്ചു എന്ന് പറഞ്ഞാലോ , ഒരു കൂട്ടുകാരനെ വിശ്വസിച്ചു ഉടുത്തിരുന്ന തുണി അഴിച്ചു കൊടുത്തതിനു ഞാന്‍ പിടിച്ച പുലിവാല്‍ എത്ര കാലം കഴിഞ്ഞിട്ടും എനിക്ക് മറക്കാന്‍ കഴിയുന്നില്ല , ഇന്ന് ആ കഥ പറയാം .

അരീക്കര പനംതിട്ട കുളവും കാവും ഒരുകാലത്ത് വളരെ പേര് കേട്ടതായിരുന്നു , എന്റെ വീട്ടില്‍ നിന്നും പുറകു വശത്തെ മരച്ചീനി തോട്ടവും തെങ്ങും തോപ്പും ചാടി ക്കടന്നു താഴെ ഒരു ചെറിയ തോടും കടന്നാല്‍ പനംതിട്ട കുളം , അതിനോട് ചേര്‍ന്നുള്ള വലിയ കാവും . കുളത്തിന്റെ രണ്ടു വശങ്ങളില്‍ വലിയ പടവുകള്‍ , അരീക്കരയിലെ ഒട്ടു മിക്ക വീടുകളില്‍ നിന്നും ആളുകള്‍ കുളിക്കാനും തുണി കഴുകാനും ഇവിടെ എത്തും . അതിനാല്‍ വെളുപ്പിനു അഞ്ചു മണി മുതല്‍ രാത്രി എട്ടൊന്‍പതു മണി വരെ ഈ തിരക്ക് കാണും .

എന്റെ വീട്ടില്‍ പണ്ട് മുതലേ പ്രത്യേകം കുളിമുറി ഉണ്ടായിരുന്നതിനാല്‍ വീട്ടില്‍ നിന്ന് ഞങ്ങള്‍ കുട്ടികള്‍ മാത്രമേ കുളത്തില്‍ കുളിക്കാന്‍ പോവൂ , ഞങ്ങള്‍ മിക്കവാറും പനംതിട്ട കുളത്തില്‍ പോവും , അല്ലെങ്കില്‍ അതിനടുത്തുള്ള കരങ്ങാട്ടിലെ ചെറിയ കുളത്തില്‍ കുളിക്കും , കരിങ്ങാട്ടിലെ ചെറിയ കുളത്തില്‍ കുളിക്കാന്‍ മൂപ്പീന്നിന്റെ അനുവാദം വേണം , അല്ലെങ്കില്‍ നീളന്‍ മുളവടി വീശി മൂപ്പീന്ന് വന്നു എല്ലാത്തിനേം ഓടിക്കും . കുളം കലക്കിയത്തിനു എനിക്കും കണക്കിന് കിട്ടിയിട്ടുണ്ട് . പനംതിട്ട കുളത്തിലും നാല് മൂലക്കും നിറയെ പായലും ചെറുചെടികളും വളര്‍ന്നു നില്‍ക്കും , അതില്‍ മുശിയും കാരിയും വരാലും പുളകനും ഒക്കെ ധാരാളം . പായല്‍ ഉള്ള വശങ്ങളില്‍ അത് കാരണം പോവാറില്ല , പടവുകള്‍ക്കടുത്ത് തന്നെ ഇറങ്ങി നിന്ന് കുളിച്ചിട്ടു പോരും , കുട്ടികള്‍ കുളം കലക്കിയാല്‍ വഴക്ക് പറയാനും ചിലപ്പോള്‍ അടി കൊടുക്കാനും മാത്തുണ്ണി ചേട്ടനും തടത്തിലെ വല്യച്ചനും ഒക്കെ തൊട്ടടുത്തുള്ള പാടത്ത് എവിടെയെങ്കിലും പമ്മി നടക്കും . അന്ന് അവിടം മുഴുവന്‍ പച്ച നിറഞ്ഞ കൃഷികള്‍ .
പനംതിട്ട കുളത്തിന്റെ വലിയ കര മുഴുവന്‍ വിശാലമായ പുല്‍പ്പരപ്പാണ്, അവിടെ കുട്ടിയും കോലും കളിക്കലോ ഏറു പന്ത് കളിക്കലോ ഒക്കെ ആയി ഞങ്ങള്‍ കുട്ടികള്‍ വീട്ടില്‍ കയറാതെ ഇരുട്ടുന്നതു വരെ കറങ്ങി നടക്കും . അച്ഛന്‍ ചിലപ്പോള്‍ പാത്ത് പാത്ത് വന്നു പുറം നെടുകിനു അടി തരുമ്പോള്‍ കരഞ്ഞു കൊണ്ട് വീട്ടിലേക്കോടും .

സ്കൂള്‍ ഇല്ലാത്ത ദിവസം കുളിക്കാന്‍ ആണെന്ന് പറഞ്ഞു രണ്ടു മണി കഴിഞ്ഞാല്‍ സോപ്പ് പെട്ടിയും തോര്‍ത്തും ആയി ഒരു പോക്കാണ് , പിന്നെ ആറു മണി കഴിഞ്ഞു നോക്കിയാല്‍ മതി , " അനിയോ അനിയോ " എന്ന് അമ്മയോ " ഇന്ന് നിന്റെ പുറം ഞാന്‍ പൊളിക്കും " എന്ന് പറഞ്ഞു അച്ഛനോ വിളിക്കുന്നത്‌ വരെ അടുക്കില്ല . കൂട്ടുകാരെല്ലാം കുളക്കടവില്‍ ഹാജരാകും , പിന്നെ തോര്‍ത്തിട്ടു മീന്‍ പിടിക്കുക , വാല്‍ മാക്രിയെ പിടിക്കുക , മുള്ളുള്ള ഒരു തരം ഇല വെച്ച് മുടി ചീകുക , അവസാനം കാവില്‍ വിളക്കു കത്തിക്കാന്‍ വരുന്നകരിങ്ങാട്ടിലെ ഭവാനി ചേച്ചിയുടെ കൂടെ കാവില്‍ പോയി ഒന്ന് തൊഴുതിട്ടു ഇരുട്ടുന്നതോടെ വീട്ടിലേക്കു ഓടും .

അന്നും അതുപോലെ കുളിക്കാന്‍ പോയതാണ് , കുറെ നേരം കളിയും മീന്‍ പിടുത്തവും ഒക്കെ കഴിഞ്ഞു നിക്കര്‍ അഴിച്ചിട്ടു തോര്‍ത്തുടുത്ത്‌ കുളത്തിലേക്ക് ചാടി , കൂട്ടുകാരൊക്കെ സ്ഥലം വിട്ടു കഴിഞ്ഞിരുന്നു . മണി ഒരു നാലര ആയതേ ഉള്ളൂ , അതിനാല്‍ ബാക്കി വെള്ളത്തില്‍ ചാടി മറിയാം . ഭാഗ്യം കുളത്തില്‍ ആരും ഇല്ല ,

" എടാ അനിയന്‍ ചെറുക്കാ , ആ തോര്‍ത്ത് ഒന്ന് തന്നെ , അപ്പുറത്ത് തോട്ടില്‍ കുറെ കാരി ക്കുഞ്ഞുങ്ങള്‍ , തോര്‍ത്തിട്ടു പിടിക്കാം "
കിഴക്കെച്ചരുവിലെ സിങ്ങ് എന്ന് വിളിക്കുന്ന ചേട്ടനാണ് , ആള് ഒരു ചട്ടമ്പിയാ , അയാള്‍ക്ക്‌ സിങ്ങ് എന്ന് പേരിട്ടത് എന്തിനാണ് എന്നെനിക്കു അറിയില്ല , ശരിക്കും അതാണ്‌ സ്കൂളിലെ പേരും . ഒരു തല്ലു കൊള്ളി !
" യ്യോ , ചേട്ടാ , തോര്‍ത്ത് ഞാന്‍ ഉടുത്തിരിക്കുവാ "
" ഡാ പൊട്ടന്‍ ചെറുക്കാ , ഞാന്‍ ഇപ്പൊ അങ്ങ് തന്നേക്കാം , നീ വെള്ളത്തില്‍ നിക്കുവല്ലിയോ , ആരു കാണാനാടാ ?"
"യ്യോ , പെണ്ണുങ്ങള്‍ വല്ലോരും വന്നാലോ അണ്ണാ "
" പോ ചെറുക്കാ , നീ ആ പായലോള്ള നടുക്കോട്ടു കയറി നിക്ക് , എന്നിട്ട് ആ തോര്‍ത്ത് ഇങ്ങോട്ട് ഊരിത്താ, ഡാ, രണ്ടു മിനിട്ട് , കാരിക്കുഞ്ഞിനെ പിടിക്കാന്‍ തോര്‍ത്ത് വേണമെടാ "
ആറാം ക്ലാസ്സില്‍ നിക്കറു ഇടാതെ കുളിക്കുന്ന കുട്ടികളും കുളത്തിലേക്ക് ചാടുന്ന കുട്ടികളും ഒന്നും അരീക്കര വലിയ കാര്യമല്ല , അന്ന് മിക്ക വീടുകളിലും കൊച്ചു കുട്ടികള്‍ ഒന്നും ഇടാതെ നടക്കുന്നതും ഒന്നും വലിയ കാര്യവും അല്ല . നിക്കര്‍ ഇടാതെ നടക്കുന്ന കുട്ടികളെ വിളിക്കുന്ന " ഉടുക്കാകുണ്ടി " " മുഴുവന്‍കാള" തുടങ്ങിയ വാക്കുകളും ഇങ്ങനെ കുട്ടിക്കാലത്ത് പഠിച്ചതാണ് .

എന്തിനു പറയുന്നു , എന്റെ ശുദ്ധഗതിക്കു ഞാന്‍ കുളത്തിന്റെ നടുവിലേക്ക് നീങ്ങി നിന്ന് തോര്‍ത്ത് ഉരിഞ്ഞു സിംഗ് ചേട്ടന് എറിഞ്ഞു കൊടുത്തു . ആരെങ്കിലും കുളിക്കാന്‍ വരുന്നോ എന്ന് നോക്കി ഞാന്‍ കുളത്തില്‍ മുങ്ങിയും പൊങ്ങിയും നിന്നു.

സമയം കുറെ കഴിഞ്ഞു , സിങ്ങ് ചേട്ടന്റെ അനക്കം ഒന്നും ഇല്ല , ഞാന്‍ ഉറക്കെ വിളിച്ചു നോക്കി , കിം ഫലം !
യ്യോ , ഈ ചേട്ടന്‍ എന്റെ തോര്‍ത്തും കൊണ്ട് എങ്ങോട്ട് പോയി ? , ഞാന്‍ പിന്നെയും സോപ്പ് തേച്ചും പായല്‍ കലക്കിയും വെള്ളത്തില്‍ തന്നെ കുറച്ചു നേരം കൂടി ചിലവഴിച്ചു .

" ഡാ അനിയാ .. ഡാ അനിയാ .." അച്ഛന്റെ വിളി , വീട് ഉയരത്തില്‍ ആയതിനാല്‍ അവിടെ നിന്നു വിളിച്ചാലും എനിക്ക് വൃത്തിയായി കേള്‍ക്കാം , അതും അച്ഛന്റെ ഘന ഗംഭീര ശബ്ദം .
വീട്ടില്‍ ആരോ വന്നു എന്ന് തോന്നുന്നു . ഒരു കാര്‍ വന്ന ശബ്ദം കേട്ടത് പോലെ , അമ്മയുടെ സഹോദരന്മാരായ ഗോപി മാമനോ ഹരിമാമനോ ആയിരിക്കും . അവര്‍ മാത്രമേ കാറില്‍ വരൂ , വല്ലപ്പോഴും അരീക്കര വരുന്ന കാറുകളും അവരുടെ മാത്രമാണ്.

" ഡാ ചെറുക്കാ ,, നീ ആ കുളത്തില്‍ എന്തോടുക്കുവാ .. ഞാന്‍ അങ്ങോട്ട്‌ വന്നാലുണ്ടല്ലോ .. പുറം നെടുകിനു ഒന്ന് തരും "

" ഡാ .. ഹരീടെ പിള്ളാര് അങ്ങോട്ട്‌ വരുന്നു , അവര്‍ക്ക് കുളവും കാവും ഒക്കെ ഒന്ന് കാണണം എന്ന് , നീ ഇങ്ങോട്ട് ഓടി വാ , അവരെ താഴോട്ടുള്ള വഴി ഒന്ന് കാണിച്ചു കൊടുക്ക്‌ "

പട്ടണത്തില്‍ നിന്നും എന്റെ മാമന്റെ പത്രാസുകാരികളായ മൂന്നു പെണ്മക്കള്‍, മിനി , മീന , മഞ്ജു, അതില്‍ മൂത്ത കുട്ടി മീനയ്ക്ക് എന്നെക്കാള്‍ ഒരു വയസ്സ് ഇളപ്പം . അമ്മയോടൊപ്പം മാമന്റെ ആറ്റിങ്ങലെ വീട്ടില്‍ പോയിട്ടുണ്ട് , പക്ഷെ ഈ പത്രാസുക്കാരികള്‍ ഒന്നും കണ്ടാല്‍ മിണ്ടുക കൂടി ഇല്ല , ഞങ്ങള്‍ ഒക്കെ എന്തോ സഹായം ചോദിച്ചു വരുന്നു എന്ന മട്ടിലാണ് പെരുമാറ്റം . അമ്മക്ക് സാമ്പത്തികമായി ഒപ്പം നില്‍ക്കാന്‍ പറ്റാത്ത കാലം . ഞങ്ങളൊക്കെ വെറും ഗ്രാമ വാസികള്‍ . അതിന്റെ ഒരു പത്രാസു അവര്‍ക്കുണ്ട് എന്ന് മാത്രം .

ഞാന്‍ നടുങ്ങി പ്പോയത് അവര്‍ വരുന്നു എന്ന് പറഞ്ഞത് കൊണ്ടല്ല , ഞാന്‍ ഊരി കുളത്തിന്റെ കരയില്‍ വെച്ചിരുന്ന നിക്കര്‍ കാണാനില്ല , എന്റീശ്വര, ആ തല്ലുകൊള്ളി സിങ്ങ് ചെറുക്കന്‍ പോന്ന വഴി എന്റെ നിക്കറും തോര്‍ത്തും അടിച്ചു മാറ്റി സ്ഥലം വിട്ടിരിക്കുന്നു , എന്നെ നാണം കെടുത്താന്‍ .

എന്നെ നോക്കി നിന്ന അച്ഛന്റെ ക്ഷമ കുറഞ്ഞും ദേഷ്യം കൂടിയും വരുന്നു ,
" നീ എവിടാട ... കുളത്തില്‍ നിന്നു കയറിയോ.. ഞാന്‍ അങ്ങോട്ട്‌ വന്നാലുണ്ടല്ലോ ? " എന്നൊക്കെ വിളിച്ചു ചോദിക്കുന്നുണ്ട് , ഞാന്‍ വെള്ളത്തില്‍ പായല്‍ കലക്കി വിഷണ്ണന്‍ ആയി നില്‍ക്കുകയാണ് , ഈശ്വര , ഇതൊന്തൊരു പരീക്ഷണമാണ്? .

അരീക്കരയിലെ ഏതെങ്കിലും ഒരു ആണോ പെണ്ണോ ആയിരുന്നെങ്കില്‍ ഞാന്‍ എങ്ങിനെയും രക്ഷപെടുമായിരുന്നു . ഈ പട്ടണത്തിലെ മൂന്നു പത്രാസുകാരികള്‍ക്ക് കുളം കാണാന്‍ കണ്ട സമയം . അവരിയുന്നോ പായല്‍ കലക്കി വെള്ളത്തില്‍ നില്‍ക്കുന്ന എന്റെ ധര്‍മ സങ്കടം . എടാ സിങ്ങെ, നിന്നോട് ഞാന്‍ എന്ത് തെറ്റ് ചെയ്തടാ കുലദ്രോഹി ? എനിക്ക് സങ്കടവും ദേഷ്യവും ഒരുപോലെ വന്നു . ഈ കുട്ടികള്‍ വീട്ടില്‍ ഇല്ലായിരുന്നെങ്കില്‍ , ഇരുട്ടാവുമ്പോള്‍ ഒറ്റ ഓട്ടത്തിനു വീട് പറ്റാമായിരുന്നു.

" ഡാ അനിയാ .. ഡാ എന്തിര് ചെറുക്കാ ...നീ എവിടാ .. ഞാന്‍ അങ്ങോട്ട്‌ വരുവാ .. ഈ പിള്ളാരെ കുളവും കാവും ഒക്കെ
ഒന്ന് കാണിച്ചു ഇരുട്ടിനു മുന്‍പ് അവര്‍ക്ക് തിരിച്ചു പോവാനുള്ളതാ "

ഞാന്‍ നടുങ്ങിപ്പോയി , അച്ഛനും മൂന്നു പത്രാസുകാരികളും കൂടി ഇറക്കം ഇറങ്ങി മരച്ചീനി തോട്ടത്തിനു നടുവില്‍ ക്കൂടി നടന്നു വരുന്നത് ഞാന്‍ കണ്ടു . ഇങ്ങോട്ട് വരണ്ട എന്ന് ഞാന്‍ എങ്ങിനെ പറയും . ഒരു തോര്‍ത്ത് കടം തരാന്‍ ഒരു മനുഷ്യ ജീവിയെ കാണുന്നില്ല . എന്റെ സമയദോഷം !

കുളത്തിന്റെ കരയില്‍ നില്‍ക്കുന്ന ഒരു വലിയ പ്ലാവ് ഞാന്‍ രക്ഷ ആയി കണ്ടു , എന്തെങ്കിലും ചെയ്തേ പറ്റൂ , അല്ലെങ്കില്‍ ... എനിക്ക് അത് സങ്കല്‍പ്പിക്കാന്‍ വയ്യ ! ഞാന്‍ കരക്ക്‌ കയറി ഒറ്റ ഓട്ടത്തിനു പ്ലാവിന്റെ ചുവട്ടില്‍ എത്തി , മരം കയറ്റം ഒന്നും അത്ര വലിയ പിടിയില്ല , അത്യാവശ്യം ചെറിയ മരങ്ങളില്‍ ഒക്കെ കയറും , അല്ലാതെ ഇത്രയും വലിയ മരത്തില്‍ ഒന്നും കയറി ശീലമില്ല . പോരെങ്കില്‍ ദേഹം മുഴുവന്‍ നനഞ്ഞിരിക്കുന്നു . ആരു ധൈര്യം തന്നു എന്നൊന്നും ചോദിക്കരുത് , അള്ളി പ്പിടിച്ചു കയറി , നിറയെ ഇലകള്‍ നിറഞ്ഞ ഒരു ശിഖരത്തില്‍ കയറി പറ്റി , താഴെ നിന്നു നോക്കിയാല്‍ അത്യാവശ്യം സേഫ് ! താഴേക്കു നോക്കിയപ്പോള്‍ ആണ് ഇത്രയും ഉയരത്തില്‍ എങ്ങിനെ കയറി പറ്റി എന്ന് ഞാന്‍ അത്ഭുതപ്പെട്ടത് . മാനം രക്ഷിക്കാന്‍ മനുഷ്യന്‍ എന്തും ചെയ്യും .

അച്ഛന്‍ എന്റെ കുറ്റങ്ങള്‍ ഒക്കെ പത്രാസുകാരികള്‍ കസിന്‍സിന് പറഞ്ഞു കൊടുത്തു കൊണ്ട് കുളത്തിന്റെ കരയിലേക്ക് നടന്നടുത്തു . ഇടയ്ക്കിടെ " ഈ ചെറുക്കന്‍ എവിടെപ്പോയി കിടക്കുവാ " എന്ന് ഉറക്കെ പറയുന്നും ഉണ്ട് . ഞാന്‍ ശ്വാസം അടക്കി മരമുകളില്‍ ഇലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുക ആണ് . ഈശ്വരാ .. രക്ഷിക്കണേ ..

അച്ഛന്‍ കുളത്തിന്റെ കരയില്‍ എത്തിയതും , എന്നെ കാണാത്ത ദേഷ്യം കൊണ്ട് വിറക്കുന്നതു പോലെ എനിക്ക് തോന്നി . അടുത്ത് നിന്ന ഒരു പുല്ലാഞ്ഞി ഓടിച്ചു വടിയാക്കി , ശബ്ദത്തിനു കനം കൂട്ടി ഉറക്കെ വിളിച്ചു

" അനിയാ .. ഡാ അനിയാ .. "

മരപ്പട്ടി കരയുന്നത് പോലെ എന്റെ ഒരു ഞരങ്ങിയ ശബ്ദം ഉയരത്തിലെ മരചില്ലകളില്‍ക്കിടയില്‍ നിന്നും കേട്ടു.

" ഹെന്തോ "

പത്രാസുകാരികള്‍ മൂന്നു പേരും കൂടി മുകളിലേക്ക് ഒന്നേ നോക്കിയുള്ളൂ , പിന്നെ മുഖം പൊത്തി ചിരിച്ചു കൊണ്ട് തിരിച്ചു വീട്ടിലേക്കു ഓടുന്ന മൂന്നു പാവാടക്കാരികളെ കണ്ടത് മാത്രമേ ഞാന്‍ ഓര്‍ക്കുന്നുള്ളൂ .

കുറെ കാലങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പഴയ കഥകള്‍ എന്റെ ചെറിയ മകള്‍ അല്‍ക്കയോട് പറഞ്ഞു , അവള്‍ രസം പിടിച്ചിരുന്നു കേള്‍ക്കുകയാണ് .

" ഡാഡീ , അപ്പൊ ഈ കസിന്‍സ് കാണുമ്പോള്‍ ഡാഡീ ഫുള്‍ നേക്കഡ് ആയിരുന്നോ "
" മനപ്പൂര്‍വം അല്ലടാ , അങ്ങിനെ പറ്റിപ്പോയതല്ലേ?"
" you mean to say they saw everything "
" നീ പോടാ, ഞാന്‍ ആ ടൈപ്പ് ഒന്നും അല്ല

ഈശ്വര , സത്യമായിട്ടും ആ പ്ലാവിലകള്‍ എന്നെ ചതിച്ചോ? , അതാണോ ഈ പത്രാസുകാരികള്‍ ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും എന്നെ കണ്ടാലുടന്‍ ' കകക്കാ " എന്ന് പറഞ്ഞു മുഖം പൊത്തി ചിരിച്ചു കൊണ്ട് ഇപ്പോഴും ഓടുന്നത് ?

ആ .. ആര്‍ക്കറിയാം .

1 comment:

  1. hahaha.. nice story... ente kuttikkalathum ithe anubhavam undayittullatha ;)

    ReplyDelete