Saturday 15 February 2014

മുംബയും വാട്ടുമുലും

 

ബീ എസ്സ് സീ കണക്കു പ്രധാന വിഷയം ആയി എടുത്തു 71 ശതമാനം മാർക്ക് വാങ്ങിയതാണ് എന്നെക്കാളും അമ്മയെയും അച്ഛനെയും അത്ഭുതപ്പെടുത്തിയത്. എന്നാൽ ആ വിജയത്തിൽ അന്നത്തെക്കാലത്ത്‌ അത്ര സന്തോഷിക്കാൻ വലിയ വക ഒന്നും ഉണ്ടായിരുന്നുമില്ല . ആ മാർക്ക് വെച്ച് അന്ന് കേരളത്തിലെ ഒരു കോളേജിലും ഉപരിപഠനം സാധ്യമായിരുന്നില്ല എന്ന് മാത്രമല്ല, അധ്യാപക പരിശീലനമായ ബീ എഡ് നു പോലും പ്രവേശനം കിട്ടുമായിരുന്നില്ല . അതുവരെ അല്പസ്വല്പ്പം ശാന്തമായിരുന്ന വീട്ടിലെ കുറ്റപ്പെടുത്തലും ശകാരവും അതോടെ വീണ്ടും പതിവിൻ പടിയായി . ഒടുവിൽ കാലിക്കട്ട് യൂനിവേര്സിട്ടി യുടെ എം എസ് സീ ക്ക് പ്രൈവറ്റ് ആയി ചേര്ന്നു, കൊല്ലത്തെ ഒരു കോളേജിൽ ആയിരുന്നു പഠനം , ആദ്യവർഷം തന്നെ എഴുതിയ പേപ്പറുകൾ മിക്കതും തോറ്റതോടെ ആ പഠനം മതിയാക്കി എങ്ങിനെയും നാട് വിടണം എന്നൊരു ചിന്ത കടന്നു കൂടി . അമ്മയുടെ ശകാരവും അച്ഛന്റെ കുറ്റപ്പെടുത്തലുകളും ചേട്ടന്റെ ഉന്നത നിലവാരമുള്ള ജോലിയും എല്ലാം കൂടി എന്നെ വീട്ടിലെ സ്ഥിരം ശല്യക്കാരന്റെ പട്ടികയിൽ പെടുത്തി .

ബീ ഫാം റാങ്കോടെ പാസായ അണ്ണന് മുംബയിൽ ഭേദപ്പെട്ട ഒരു കമ്പനിയിൽ ജോലിയാണ് . അവിടെ നിന്നും ഗൾഫ്‌ ൽ കടക്കാനുള്ള ചില ഇന്റർവ്യൂകൾ ഒക്കെ കഴിഞ്ഞു ഇരിക്കുന്ന സമയം . അണ്ണൻ താമസിക്കുന്ന സ്ഥലത്ത് ഒരാളെക്കൂടി താമസിപ്പിക്കാൻ ആവുമോ എന്നും അന്ന് കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് എന്ന അത്ഭുത വിദ്യ പഠിക്കാൻ മുംബൈയിൽ വന്നാൽ തരപ്പെടുമോ എന്നും ചോദിച്ചു അണ്ണന് ആരുമറിയാതെ ഒരു കത്തെഴുതി . ഇത്രയും പ്രതിസന്ധികളുമായി നാട്ടിലെ കണക്കു പഠിത്തം പൂർത്തീകരിക്കുമെന്നു എനിക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു . ദിവസേന കൊല്ലത്തുപോവാൻ വണ്ടി ക്കൂലി ചോദിക്കുമ്പോൾ അതിന്റ്റെ കൂടെ വെറുതെ തരുന്ന അച്ഛന്റെ ശകാരവും അമ്മയുടെ താരതമ്യവും എല്ലാം ഞാൻ സഹിച്ചു മടുത്തിരുന്നു . എപ്പോഴും ഒരു മൂന്നാം ഊഴക്കരനായിരുന്നു ഞാൻ വീട്ടിൽ !

അണ്ണന്റെ അനുകൂല മറുപടി എത്തിയതോടെ എങ്ങിനെയും കട്ടയും പടവും മടക്കി മുംബയ്ക്ക് വണ്ടി കയറാൻ ഞാൻ തീരുമാനിച്ചു . അന്നു മാസങ്ങളുടെ കാത്തിരിപ്പ് വേണം ഒരു റിസർവ് ടിക്കറ്റ്‌ കിട്ടാൻ . ഒടുവിൽ മംഗലാപുരത്ത് ചെന്ന് മുംബയ്ക്ക് ബസ്‌ കിട്ടുമെന്ന് അറിഞ്ഞു ആ വഴിക്ക് ശ്രമിക്കാം എന്ന് തീരുമാനിച്ചു . ചെങ്ങന്നൂര് റെയിൽവേ സ്റെഷനിൽ നിന്നും രാത്രി വൈകി എത്തുന്ന മലബാർ എക്സ്പ്രെസ്സിൽ ഒരു രണ്ടാം ക്ലാസ് ടിക്കറ്റ്‌ ശരിയാക്കി . ആദ്യം അച്ഛൻ കുറെ വഴക്കും അതുവരെ ചിലവാക്കിയ പണത്തിന്റെ കണക്കും ഒക്കെ പറഞ്ഞു എങ്കിലും ഒടുവിൽ ഒരു ചെറിയ തുക തന്നു . " ഈ ചെറുക്കൻ നാട്ടിൽ നിന്നാൽ പിഴച്ചു പോകുകയേ ഉള്ളൂ , വിജയൻ വിചാരിച്ചാൽ മുംബയിൽ എന്തെങ്കിലും ഒരു പണി വാങ്ങി കൊടുക്കാൻ കഴിയുമായിരിക്കും " എന്ന് പറഞ്ഞു അമ്മയും ആശ്വസിച്ചു .

മലബാർ എക്സ്പ്രെസ്സിൽ പോവാനായി, അത് വരെ കണ്ടിട്ടില്ലാത്ത , അണ്ണന്റെ കത്തുകളിലൂടെയും വായിച്ച ചില പുസ്തകങ്ങളിലൂടെയും മാത്രം അറിഞ്ഞ മുംബൈ എന്ന മഹാ നഗരത്തിലേക്ക് യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഞാൻ കുറെക്കൂടെ ഒറ്റപ്പെട്ടു പോയത് പോലെ തോന്നി . അമ്മ അണ്ണന് നല്കാനായി ഉപ്പേരിയുടെ ഒരു ചെറിയ പൊതിയും അവിടെ ചെന്നാൽ എങ്ങിനെ പെരുമാറണം എന്ന് കുറെ ഉപദേശങ്ങളും തന്നയച്ചു . ഒറ്റയ്ക്ക് ചെങ്ങന്നൂര് എത്തി മലബാർ എക്സ്പ്രസ്സ്‌ സെക്കന്റ്‌ ക്ലാസ് കംപാർത്മെന്റിലെ എന്റെ ബെർത്തിൽ കയറി കിടന്നപ്പോൾ അമ്മ യാത്രപറഞ്ഞ സമയത്ത് നല്കിയ ഉപദേശം ഓര്ത്ത് എന്റെ കണ്ണ് നിറഞ്ഞു .

" എനിക്കൊന്നും സമ്പാദിച്ചു നീ കൊണ്ട് തരണ്ട , പഠിക്കാനോ നിനക്ക് കഴിഞ്ഞില്ല , മറ്റുള്ളവർക്കൊണ്ട് നല്ലത് പറയിപ്പിക്കാൻ മാത്രം ഇനി നോക്കിയാൽ മതി , രണ്ടാമത്തെ മകനും നല്ലവനാണ് എന്ന് കേട്ടിട്ട് വേണം എനിക്ക് കണ്ണടക്കാൻ "

രാവിലെ മംഗലാപുരത്ത് എത്തി മുംബയ്ക്ക് ഉള്ള കാനറാ പിന്റോ ബസ്‌ കിട്ടുന്ന സ്ഥലം കണ്ടു പിടിച്ചു ഉച്ചകഴിഞ്ഞ് മൂന്നു മണിക്കുള്ള വണ്ടിയുടെ ടിക്കെറ്റ് ശരിയാക്കി വീണ്ടും റെയിൽവേ സ്റെഷനിൽ വന്നിരുന്നു സമയം തള്ളിനീക്കി . അരീക്കരയും അമ്മയും അച്ഛനും കൊച്ചനിയനും ഒക്കെ ഇനി എന്നായിരിക്കും വീണ്ടും കാണുക എന്നോർത്തപ്പോൾ വല്ലാതെ സങ്കടം ഉണ്ടായി . എങ്കിലും രക്ഷപെടാൻ ഒരു കച്ചിത്തുരുമ്പ് പോലെ അണ്ണൻ മുംബയിൽ ഉണ്ടല്ലോ എന്നോർത്തപ്പോൾ ആശ്വാസവും തോന്നി . ആർക്കും വേണ്ടാതെ നാട്ടിൽ തോറ്റു കഴിയുന്നതിലും നല്ലത് ആരുമറിയാതെ മുംബയിൽ എന്തെങ്കിലും പണി ചെയ്തു ജീവിക്കുന്നതല്ലേ നല്ലത് എന്ന് മനസ്സ് നൂറു വട്ടം പറഞ്ഞു .

ഒരു ദിവസം മുഴുവൻ നീണ്ട ദുഷ്കരമായ ബസ്‌ യാത്രയുടെ ഒടുവിൽ മുംബയിലെ സയണിൽ ബസ്‌ നിന്നു. അണ്ണന് ഡ്യൂട്ടി സമയം ആയിരുന്നതിനാൽ താമസിക്കുന്ന കൊളിവാടയിലെ സർദാർ നഗർ കോളനിയിലെ ഭാസ്കരേട്ടന്റെ വീട് കണ്ടുപിടിച്ചു പെട്ടി അകത്തുവെച്ചു വീണ്ടും അണ്ണനെ കാത്തിരുന്നു .

കത്തിലും മറ്റും അണ്ണൻ എഴുതിയിരുന്ന മുംബൈ എന്ന മഹാൽഭുതമല്ല മറിച്ചു കുടുസ്സു മുറിയിൽ പത്തും പതിനഞ്ചും പേര് നിസ്സാര ജോലികളും ചെയ്തു അല്പ്പസ്വല്പ്പം മിച്ചം വെച്ച് നാട്ടിലേക്ക് അയക്കുന്ന കഷ്ടപ്പെടുന്ന കുറെ യുവാക്കളെയാണ് അണ്ണൻ എനിക്ക് പരിചയപ്പെടുത്തിയത് . അതിനകം അണ്ണന് സൗദി മിന്സ്ട്രി യില്ക്ക് സെലെക്ഷൻ കിട്ടിയുരുന്നതിനാൽ അണ്ണൻ റൂമിലെ വീ ഐ പീ തന്നെയായിരുന്നു . ആ റൂമിൽ ഏറ്റവും പഠിപ്പും നല്ല ജോലിയും അണ്ണന് തന്നെ ആയിരുന്നു താനും .

എനിക്ക് പറ്റിയ എന്തെങ്കിലും ഒരു ചെറിയ ജോലി നോക്കി പത്രത്താളുകൾ മറിച്ച എന്റെ കണ്ണിൽ ബീ എസ് സീ ബിരുദധാരികൾക്കായി മൂന്നു വര്ഷത്തെ ബീ എസ് സീ ( ടെക് ) എന്നൊരു എഞ്ചിനീയറിംഗ് ബിരുദം നല്കുന്ന വർളി എന്ന സ്ഥലത്തുള്ള വാട്ടുമുൽ എഞ്ചിനീയറിംഗ് കോളേജ് ന്റെ പരസ്യം കുറച്ചു സമയം ഉടക്കി നിന്നു . അണ്ണനെ കാണിച്ചപ്പോൾ " അതൊക്കെ വലിയ ചിലവുള്ള എര്പ്പാടല്ലേ , മാത്രമല്ല നിനക്ക് അഡ്മിഷൻ കിട്ടുമെന്ന് എന്താ ഉറപ്പു ? " അദ്ദ്യം അങ്ങിനെ പറഞ്ഞു എങ്കിലും പിറ്റേ ദിവസം തന്നെ അവിടെ പോയി നോക്കാം എന്ന് പറഞ്ഞു എന്നെയും കൊണ്ട് ബസ്‌ പിടിച്ചു വർളി സീ ഫേസ് തിരക്കി നടന്നു .

കോളേജു കണ്ടപ്പോൾ തന്നെ എന്റെ പ്രതീക്ഷകൾ ചിറകു വിരിച്ചു . കടലിനെ അഭിമുഖീകരിച്ചു നില്ക്കുന്ന ആ കെട്ടിടം അതിമനോഹരമായ ഒരു കാഴ്ച ആയിരുന്നു . വിസ്മയകരമായ പുതിയ ഒരു ലോകം ആയിരുന്നു അത് . അപേക്ഷ ഫാറം വാങ്ങുമ്പോൾ ആണ് മഹാരാഷ്ട്രയിൽ സ്ഥിര താമസം ആക്കിയവര്ക്ക് ഉള്ള ഡൊമിസൈൽ സര്ടിഫിക്കറ്റ് ഉള്ളവര്ക്ക് ആണ് 90 ശതമാനം സീറ്റുകൾ എന്നും പത്തു സീറ്റ് അന്യ സംസ്ഥാനക്കാർക്ക് ബീ എസ് സീ യുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് അനുസരിച്ച് പ്രവേശനം കൊടുക്കും എന്നും അറിഞ്ഞു . അവിടുത്തെ ഫീസ്‌ ഭാരിച്ചതായിരുന്നു എങ്കിലും ഗൾഫ്‌ ലേക്ക് പോവുന്ന അണ്ണൻ അത് അടക്കാം ഏറ്റതോടെ പ്രതീക്ഷയുടെ ചെറിയ ഒരു നാമ്പ് വിടർന്നു.

രണ്ടാഴ്ച കഴിഞ്ഞു കാണും , അണ്ണൻ ഇതിനകം സൌദിക്ക് പറന്നിരുന്നു. അന്യസംസ്ഥാനക്കാർക്കുള്ള പ്രവേശനത്തിന്റെ പത്തു സീറ്റു നോക്കിയ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല . റാങ്ക് ലിസ്റ്റ് ഇൽ ഒൻപതാമത്തെ പേര് എന്റേതാണ്. നാട്ടിൽ ഒരു ബീ എഡ് നു പോലും അഡ്മിഷൻ കിട്ടാതിരുന്ന എനിക്ക് ഒരു എഞ്ചിനീയറിംഗ് ബിരുദം സ്വപനം കാണാൻ പോലും സാധിച്ചിരുന്നില്ല . വൈകി വന്ന വസന്തം പോലെ ആയിരുന്നു അത് .

108 കുട്ടികൾ ആയിരുന്നു ഈ വിചിത്ര എഞ്ചിനീയറിംഗ് ഡിഗ്രി ക്ക് പഠിക്കാൻ ഉണ്ടായിരുന്നത് . കമ്പ്യൂട്ടർ ടെക്നോളജി , പവർ എലെക്ട്രോനിക്സ് , ബയോമെഡിക്കൽ എന്നീ മൂന്നു ബ്രാഞ്ച് കൾ . ഇന്ത്യയിലെ ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കുട്ടികൾ , ബാന്ദ്രയിൽ ആയിരുന്നു ഞങ്ങളുടെ കോളജ് ഹോസ്റ്റൽ .

അരീക്കര പോലെ ഒരു കുഗ്രാമത്തിൽ നിന്നും എത്രയോ ചെറിയ ചുറ്റുപാടുകളിൽ നിന്നും വന്ന എനിക്ക് ഈ പുതിയ ലോകം ഒരു വിസ്മയം ആയിരുന്നു . എത്ര എത്ര ഭാഷകൾ, സംസ്കാരങ്ങൾ , മതങ്ങൾ, വേഷങ്ങൾ , സംസ്ഥാനങ്ങൾ ചുരുക്കത്തിൽ ഒരു കൊച്ചു ഭാരതം ആയിരുന്നു ഞങ്ങളുടെ കോളേജും ഹൊസ്റ്റെലും .

എനിക്ക് ലഭിച്ച പുതിയ പാഠ പുസ്തകങ്ങൾ മാത്രമല്ല അറിവ് തന്നത് , 107 സഹപാഠികളും 107 പാഠ പുസ്തകം ആയിരുന്നു . നന്മയും സൌഹൃദവും സംസ്കാരവും എന്നെ പഠിപ്പിച്ച വിലയേറിയ പാഠ പുസ്തകങ്ങൾ !

ദൈവം എനിക്ക് നല്കിയ വരദാനമായിരുന്നു മുംബയും വാട്ടുമുലും ബിരുദവും സുഹൃത്തുക്കളും , അത് എന്റെ ജീവിതം എങ്ങിനെ മാറ്റി മറിച്ചു എന്നതാണ് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ കാണുന്ന അത്ഭുതം . എനിക്ക് ലഭിച്ച സഹപാഠികൾ മാത്രമല്ല അത്ഭുതം , സർദാർ വല്ലഭായി പട്ടേൽ ന്റെ കൊച്ചു കൊച്ചു മകനായ പ്രൊഫ ഡീ. ജീ. പട്ടേൽ ഉം മുൻ റെയിൽ വെ മന്ത്രി മധു ദാണ്ടവാതെയുടെ ഇളയ സഹോദരൻ പ്രൊഫ ദാണ്ടവാതെ യും ഞങ്ങളുടെ അധ്യാപകരായിരുന്നു . അവരെല്ലാം ചേർന്നു മാറ്റിയെടുത്ത ഞങ്ങളുടെ ഭാവിക്ക് എങ്ങിനെയെല്ലാം ആരോടെല്ലാം കടപ്പെട്ടിരിക്കുന്നു .

മുംബൈയിലെ സാങ്കേതിക വിദ്യാഭ്യാസം ലഭിച്ചില്ലായിരുന്നു എങ്കിൽ ഞാൻ എവിടെ എത്തുമായിരുന്നു എന്ന് എനിക്ക് ഒരു രൂപവും ഇല്ല . പുസ്തകം വായിച്ചു ആഗ്രഹിച്ച രാജ്യങ്ങളോ ലോക നഗരങ്ങലോ ഒരിക്കലും കാണുമായിരുന്നില്ല .

ഞങ്ങൾ 108 പേരിൽ രണ്ടു പേരെ വിധി അകാലത്തിൽ തട്ടിയെടുത്തു , 35 പേര് അമേരിക്കയിൽ പഠനവും ജോലിയും ആയി കുടിയേറി . 25 വർഷത്തിനു ശേഷവും ഇന്നും ഞങ്ങൾ മുഴുവൻ പേരും നിരന്തര സമ്പർക്കത്തിൽ കഴിയുന്നു . കഴിഞ്ഞ ആഴ്ച ഭാരതത്തിൽ ഉള്ളവരുടെയും വിദേശത്ത് നിന്നു ഇതിനായി മാത്രം എത്തിച്ചേർന്നവരുടെയും കൂടി ഒരു വലിയ സമാഗമം നടത്തി . പകുതിയോളം സഹപാഠികൾ ചേർന്നു മൂന്നു ദിവസം നീണ്ടു നിന്ന പരിപാടികൾ നടത്തി . കഴിഞ്ഞ ഒരു വര്ഷമായി എൻറെ സഹപാഠികളെ സംഘടിപ്പിക്കുന്ന ജോലിയുടെ ഭാഗം ആവാൻ എനിക്കും ഭാഗ്യം ഉണ്ടായി . അന്നത്തെ അദ്ധ്യാപകരേയും അനഅദ്ധ്യാപകരേയും ഒക്കെ തേടിപ്പിടിച്ചു കൊണ്ട് വന്നു . പൂനയിൽ ഒരു പിക്നിക് നടത്തി .

ദൈവം ഒരാളെ നന്നാക്കാൻ തീരുമാനിച്ചാൽ അയാൾക്ക്‌ നന്നാവാതിരിക്കാൻ ആവില്ല , അത്രയ്ക്ക് നല്ല 107 സുഹൃത്തുക്കളെ ആണ് ഈശ്വരൻ എൻറെ മുൻപിൽ കൊണ്ട് വന്നു നിർത്തിയത്. 25 വർഷത്തിനു ശേഷം അവരെ തേടിപ്പിടിച്ചു ഹസ്ത ദാനം ചെയ്യാനും ആലിംഗനം ചെയ്യാനും എനിക്ക് ഭാഗ്യം അതെ ഈശ്വരൻ വീണ്ടും സഹായിച്ചു .

എൻറെ സഹപാഠികൾ എനിക്ക് സമ്മാനിച്ച ഒരു ചെറിയ പ്രശംസാ ഫലകത്തിന്റെ ചിത്രം ഇവിടെ ചേര്ക്കുന്നു . ഹാസ്യരസം തുളുമ്പുന്ന എൻറെ ഒരു ചിത്രത്തോടെ എഴുതിയ വാക്കുകൾ വായിക്കുമ്പോൾ ഞാൻ ഒന്ന് നന്നായിക്കാണാൻ ഒരുപാട് കണ്ണീരു ഒഴുക്കിയ എൻറെ പാവം അമ്മയുടെ മുഖം ആണ് മനസ്സില് വരുന്നത് .
അമ്മ പറഞ്ഞത് പോലെ ഒരുപാട് പണം ഒന്നും ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചില്ല , പക്ഷെ മറ്റുള്ളവരെക്കൊണ്ട് നല്ലവനെന്ന് പറയിപ്പിക്കാൻ വളരെ നന്നായി പരിശ്രമിച്ചു . അതാണ്‌, അത് മാത്രമാണ് എനിക്ക് അമ്മക്ക് കൊടുക്കാനുള്ള ഏറ്റവും വലിയ സമ്മാനം !

No comments:

Post a Comment