Saturday, 15 February 2014

തെക്കേമല വല്ല്യമച്ചി

അച്ഛന് ഏഴു അപ്പച്ചിമാർ ഉണ്ടായിരുന്നു . കുട്ടിക്കാലത്ത് തന്നെ അച്ഛന് അമ്മയെ നഷ്ടപ്പെട്ടു പോയതിനാൽ ഈ അപ്പചിമാരും അച്ഛന്റെ മൂത്ത സഹോദരി നളിനി അപ്പച്ചിയും കൂടിയാണ് അച്ഛനെ വളർത്തി വലുതാക്കിയത് . അതിനാൽ ഈ പ്രായത്തിലും അച്ഛന്റെ ഏതെങ്കിലും ഒരു അപ്പചിയെ പറ്റി ചോദിച്ചാൽ അച്ഛന്റെ മുഖം വിടരുകയും അത് ഒടുവിൽ കണ്ണ് നിറയുന്നതിൽ അവസാനിക്കുകയും ചെയ്യും . അച്ഛന്റെ നാലാമത്തെ അപ്പച്ചിയാണ് തെക്കേമല എന്ന് വിളിക്കുന്ന അരീക്കര തന്നെയുള്ള വീട്ടിലെ വല്യമ്മച്ചി . കുറുമ്പ എന്ന് വിളിച്ചിരുന്ന ഈ അപ്പച്ചിയെ ഒരിക്കലെ ഞാൻ കണ്ടതായി ഓർക്കുന്നുള്ളൂ. തീരെ കുട്ടിയായിരിക്കുമ്പോൾ നളിനി അപ്പച്ചിയും മൂത്ത മകൾ പൊന്നമ്മ ചേച്ചിയും കൂടെ ആണ് തെക്കേ മലയിൽ പോയത് . പെരിങ്ങാട്ട മുക്കും കഴിഞ്ഞു തോട്ടിന്റെ കരയിലൂടെ നടന്നു പിന്നെ കുത്തനെ കിടക്കുന്ന ഒരു മല കയറി വേണം തെക്കേ മല എത്താൻ . അന്ന് കയറിപ്പോവാൻ ചെങ്കല്ലിൽ ചില കൊത്തുകൾ മാത്രമുള്ള ആ കയറ്റം കയറാനും ഇറങ്ങാനും അപ്പച്ചിയും ചേച്ചിയും നന്നേ പണിപ്പെട്ടു . മല കയറി ചെല്ലുമ്പോൾ കാണുന്ന ഒരു ചെറിയ ഓടിട്ട വീടാണ് തെക്കേമല . തെക്കുള്ള മലയുടെ മുകളിൽ ആയതു കൊണ്ടായിരിക്കും അതിനു തെക്കേമല എന്ന് പേര് വന്നത് . അന്ന് വലിയ നീളമുള്ള മുടിയും മറക്കാത്ത മാറും ഉള്ള ആ വല്യമ്മച്ചിയുടെ കാലിൽ പോകാൻ നേരം അപ്പച്ചിയും പൊന്നമ്മ ചേച്ചിയും തൊട്ടു തൊഴുതതു കണ്ട ഒരു ഓര്മ ഉണ്ട് . അപ്പോൾ വല്ല്യമ്മച്ചിക്കു എണ്പതു വയസ്സെങ്കിലും കാണും , എനിക്ക് എട്ടു വയസ്സും . പിന്നെ വല്ല്യമച്ചി മരിച്ചു കുറെ നാൾ കഴിഞ്ഞാണ് അച്ഛൻ പട്ടാളത്തിൽ നിന്നും അവധിക്കു വന്നപ്പോൾ പോയതും .
വല്ല്യമച്ചി താമസിച്ചിരുന്നത് , കരുണാകരൻ അച്ഛാച്ചൻ എന്ന് ഞങ്ങൾ കുട്ടികൾ വിളിക്കുന്ന മൂത്ത മകന്റെ കൂടെ ആയിരുന്നു . പഴയ കാല ചലച്ചിത്ര നടൻ ബാലൻ കെ നായരുടെ ഒരു മട്ടും ഭാവവും ഒക്കെ ആണ് . " ഡാ .." എന്ന എട്ടു ദിക്കും പൊട്ടുന്ന ആ വിളി കേട്ടാൽ കുട്ടികൾ അല്ല അവിടെ പണിയെടുക്കുന്ന കർഷക തൊഴിലാളികളും ഞെട്ടും . പുഞ്ചയും പാടവും തെങ്ങും തോപ്പും കര കൃഷിയും ഒക്കെ ഉണ്ടായിരുന്ന സമൃദ്ധമായ ആ കാലത്തെ ഒരു കര പ്രമാണി തന്നെ ആയിരുന്നു അച്ചാച്ചൻ . രാവിലെ കുളിച്ചു കുറിയിട്ട് ചെവിപ്പുറകിൽ തുളസി ഇല ചൂടി ഖാദർ ഉടുപ്പും കാവ് മുണ്ടും ഉടുത്തു ലെതെർ ചെരുപ്പും ഇട്ടു കാലൻ കുടയും പിടിച്ചു തോട്ടിന്റെ കരക്ക്‌ കൂടി വരുന്ന ആ വരവ് കണ്ടാൽ ആറാം തമ്പുരാൻ വരുന്നത് പോലെ ആണന്നെ പറയൂ . അത്ര ഗാംഭീര്യവും ഉയർന്ന ശബ്ദവും എല്ലാം കൂടി ചേർന്ന ആ വരവും പോക്കും ഞങ്ങൾ കുട്ടികൾ നോക്കി നിന്നിട്ടുണ്ട് . പെരിങ്ങാട്ട മൂപ്പീന്നിന്റെ കടയിൽ നിന്ന് സാധനം വാങ്ങാൻ വരുമ്പോൾ നാണുവിന്റെ മാടക്കടയുടെ മുൻപിൽ ഇട്ടിരിക്കുന്ന ബഞ്ചിൽ ഇരുന്നു മാതൃഭൂമി ഉറക്കെ വായിക്കുന്നത് കേൾക്കാം. അന്ന് അവിടെ തനിനിറവും വരുത്തുമെങ്കിലും അച്ചാച്ചൻ മാതൃഭൂമി മാത്രമേ വായിക്കൂ . ഇടയ്ക്കിടെ വഴിയെ പോകുന്നവരെ ശകാരിക്കുകയോ ഉപദേശിക്കുകയോ ഒക്കെ ചെയ്യും . ചിലപ്പോൾ അടുത്തുള്ള തെങ്ങിന്റെ തണലിൽ ഇരുന്നു ചീട്ടു കളിക്കുന്നതും കാണാം . ഒരിക്കൽ അങ്ങിനെ ചീട്ടു കളിച്ചു കൊണ്ടിരുന്നപ്പോൾ പോലീസ് ജീപ്പ് വരുന്നത് കണ്ടു കൂടെ കളിച്ചു കൊണ്ടിരുന്നവരെല്ലാം താഴെ പാടവരമ്പത്തേക്ക് ഓടി രക്ഷപെട്ടു , അച്ഛാച്ചൻ മാത്രം ചീട്ടും പിടിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നു . " നിങ്ങൾ എന്തിനാ അവരെ ഓടിച്ചു വിട്ടത് " എന്ന് ചോദിച്ചപ്പോൾ പോലീസ് കാരൻ ചിരിച്ചു കൊണ്ട് തിരിച്ചു പോയത്രേ .

അച്ചാച്ചന് പലതരം കൃഷികളും പാട്ടത്തിനു കൊടുക്കലും മാത്രമല്ല , നാട്ടു വൈദ്യവും തേനീച്ച കൃഷിയും ഒക്കെ ഉണ്ടായിരുന്നു . അച്ഛൻ പട്ടാളത്തിൽ നിന്ന് തിരിച്ചു വന്നു കൃഷി തുടങ്ങിയ കാലം പാക്ക് തേങ്ങയും വിത്ത് വിതക്കാൻ നെല്ലും പയറും മുതിരയും എള്ളും ഒക്കെ തെക്കെമലയിൽ നിന്ന് അയ്യപ്പനെ വിട്ടു വരുത്തിച്ചിട്ടുണ്ട്. അങ്ങിനെ എന്നെയും മുതിര വിത്തിനൊ തെങ്ങും തൈ വാങ്ങാനോ ഒക്കെ അയ്യപ്പൻറെ കൂടെ വിടും . പെരിങ്ങാട്ട മുക്കിനു നിന്ന് അച്ചാച്ചനെ കണ്ടു പിന്നെ എന്നെയും കൂട്ടി അച്ചാച്ചൻ തെക്കെമലയിലെക്കു പോകും . അയ്യപ്പൻ പെരിങ്ങാട്ട മുക്കിനു അടുത്ത് തന്നെ താമസിക്കുക ആയതിനാൽ അയ്യപ്പനെ വിളിക്കേണ്ടതും എന്റെ ജോലി ആണ് . ഞാൻ ഒരു കാലി ചാക്കോ കുട്ടയൊ എടുത്തു വീട്ടില് നിന്നും ഇറങ്ങിയാൽ മതി . അത്തരം യാത്രകൾ ഒക്കെ എനിക്ക് വലിയ ഇഷ്ടവും ആണ് . ചെല്ലുന്ന വീട്ടിലൊക്കെ എന്തെങ്കിലും കഴിക്കാനോ കളിക്കാനോ ഉണ്ടാവും . അവിടെ വളര്ത്തുന്ന തത്തയെയൊ മാടത്തെയോ കളിപ്പിക്കും , അതുമല്ലെങ്കിൽ ആട്ടിൻ കുഞ്ഞുമായൊ പശുക്കിടാവുമായോ കളിച്ചു രസിക്കാം . തിരികെ വീട്ടില് എത്തുമ്പോൾ ഇതിന്റെ എല്ലാം ചേർത്തു നല്ല തല്ലു വാങ്ങുകയും ആകാം .

തെക്കെമലയിൽ പോകുന്ന കാര്യം പറയുമ്പോഴേ എന്റെ വായിൽ വെള്ളമൂറും . കാരണം അച്ഛാച്ചൻ അവിടെ ചെന്നാൽ
" എടീ , തങ്കപ്പന്റെ രണ്ടാമത്തെ മോൻ വന്നിട്ടുണ്ട് , മഹാ ചട്ടമ്പിയാ .. നീ അവനു വല്ലതും കൊടുക്ക്‌ , ഞാൻ തങ്കപ്പന് കുറെ വാഴവിത്ത് പിരിച്ചു കൊടുക്കട്ടെ "

അമ്മാമ എന്റെ കൈയും പിടിച്ചു അടുക്കളയിലേക്ക് കൊണ്ട് പോവും . കിണറ്റുകരയിൽ നിന്ന് എന്റെ കൈയും കഴുകിചു അടുക്കളയിൽ ഒരു കൊരണ്ടി പലക നീക്കിയിട്ട്‌ കപ്പയോ ചക്കയോ വിളമ്പും . അന്ന് വലിയ വീടുകളിൽ പോലും രാവിലത്തെ ഭക്ഷണം കഞ്ഞിയോ പഴംകഞ്ഞിയൊ ചക്ക വേവിച്ചതോ ഒക്കെ ആയിരിക്കും . അത് കഴിഞ്ഞു അമ്മാമ്മ തന്നെ വലിയ ഭരണിയിൽ നിറച്ചു വെച്ചിരിക്കുന്ന തേൻ ഒരു ചെറിയ തുടം കൊണ്ട് കയ്യിൽ ഒഴിച്ച് കുടിക്കാൻ തരും . ആ മധുരം ഇന്നും നാവിലുണ്ട് .

" അനിയൻ മോൻ വല്ല്യ കുരുക്കൻ ആണെന്നാ തങ്കപ്പൻ പറേന്നെ .. ഉള്ളതാണോ മോനെ ?"

അമ്മയുടെ ചോദ്യത്തിനു ഉത്തരം കൊടുക്കാതെ ഞാൻ ഓടും .

അച്ഛനെയും അധികാര സ്വരത്തിൽ അച്ഛാച്ചൻ " എടാ " എന്ന് തന്നെയാണ് വിളിച്ചിരുന്നത്‌ . സ്നേഹം അധികാരം ആവുന്ന ആറാം തമ്പുരാന്റെ സ്വരം ഞാൻ എത്രയോ തവണ കേള്ക്കുകയും കാണുകയും ചെയ്തിരിക്കുന്നു . അച്ഛൻ അപ്പച്ചി മരിച്ചതിനു ശേഷം വളരെ ചുരുക്കമായേ തെക്കെമലയിൽ പോയിട്ടുള്ളൂ .
"തങ്കപ്പൻ വല്യ അഭിമാനി അല്ല്യോ... ഇവിടെങ്ങും കേറില്ല "
എന്ന് പലതവണ അച്ഛാച്ചൻ കളിയായും കാര്യമായും പറയുന്നത് കേട്ടിട്ടുണ്ട് .

അച്ഛന് ഇടക്കാലത്ത് അതി കഠിനമായ പുറം വേദന പിടിപെടുകയും പല തരം ചികിത്സകൾ നടത്തി കാര്യമായ പ്രയോജനം കിട്ടാതെ കഷ്ടപ്പെടുകയും ചെയ്തു . ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഡിസ്ക് നു തേയ്മാനം . രണ്ടു തവണ നാട് വെട്ടി കിടപ്പിൽ ആകുകയും ചെയ്തു . അങ്ങിനെ അച്ചാച്ചൻ വിവരമറിഞ്ഞ് വീട്ടിലെത്തി .
" എടാ അഭിമാനം കൊണ്ടിരുന്നാൽ നടു വേദന മാറുമോ , എന്റെ കൈയ്യിൽ അതിനു പണിയുണ്ട് , കരിംകൊഴി തൈലം ! , നീ അതൊന്നു പരീക്ഷിച്ചു നോക്ക് , രണ്ടു കറുത്ത കോഴിയെ നീ വാങ്ങണം , ബാക്കി പച്ച മരുന്ന് ഒക്കെ വീട്ടില് ഉണ്ട് .. എന്താ ? "

വേദന കൊണ്ട് പുളയുന്ന അച്ഛന് കരിംകൊഴിയല്ല കരിംകുരങ്ങിനെ വേണമെങ്കിലും പരീക്ഷിക്കാൻ തയ്യാറായിപ്പോവുമായിരുന്നു. ഏതായാലും പറഞ്ഞതുപോലെ അച്ഛാച്ചൻ പച്ചമരുന്നും ശിങ്കിടികളും ഒക്കെ ആയി വന്നു, അയ്യപ്പൻ കരിംകോഴിയെയും സംഘടിപ്പിച്ചു , ഒരു ദിവസം മുഴുവൻ ഉരുളിയും എണ്ണയും മരുന്നരക്കലും തീ കൂട്ടലും " ഡാ വിളികളും " ഒക്കെ ആയി കരിംകൊഴി തൈലം റെഡി ആയി . ദിവസം രണ്ടു പുരട്ടി ചൂട് വെക്കലാണ് ചികിത്സാ രീതി . എന്തിനു പറയുന്നു അച്ഛന് അത്ഭുതകരമായ മാറ്റം ഉണ്ടായി . പുറം വേദന ഏറക്കുറെ മാറുകയും ചെയ്തു . ആ നാളുകൾ ആണ്, പുറമേ എത്രയോ പരുക്കനും നാട്ടു പ്രമാണിയും ആറാം തമ്പുരാനും ഒക്കെ ആയി ഞാൻ വിചാരിച്ച അച്ചാച്ചൻ എത്രയോ വലിയ സ്നേഹവും വാത്സല്യവും കുടുംബ സ്നേഹവും ഉള്ള ഒരു വലിയ മനുഷ്യൻ ആണ് എന്ന് എനിക്ക് മനസ്സിലായത്‌ .

കാലം പിന്നെയും കടന്നു, അരീക്കരയിൽ കൃഷികൾ ഒക്കെ നിലച്ചു , ഞങ്ങൾ പഠിത്തവും ജോലിയും ഒക്കെ ആയി നാട് വിട്ടു . അച്ഛനും അച്ചാച്ചനും തമ്മിൽ കാണാതെ ആയി . ഞാൻ തെക്കേമല പോയിട്ട് തൊട്ടടുത്ത വീടുകൾ പോലും കാണാൻ സമയം ഉണ്ടാകാത്ത കാലം ആയി . ഗൾഫ്‌ ഇൽ ആയിരുന്ന സമയത്ത് ആണ് അച്ഛാച്ചൻ മരിച്ചു എന്നറിയുന്നത് . ഒരു വര്ഷത്തോളം തളർന്നു കിടപ്പായിപ്പോയി . അധികം താമസിയാതെ അമ്മാമയും മരിച്ചു . ഏക മകളെ ദൂരെ എവിടെയോ വിവാഹം ചെയ്തു അയച്ചിരിക്കുന്നു . വീടും പറമ്പും ഒക്കെ അനാഥമായി കിടക്കുന്നു .

" നിന്റെ അച്ഛൻ ഒരു വല്ലാത്ത മനുഷ്യനാ ,, ആ മനുഷ്യൻ ഇവിടെ വന്നു നിന്റെ അച്ഛനെ എത്ര അന്വേഷിച്ചു , എന്നിട്ട് അയാള് അവിടെ തളർന്നു കിടന്നിട്ടു ഒന്ന് നോക്കിയോ , മരിച്ചു കഴിഞ്ഞു അല്ലെ അങ്ങോട്ട്‌ ഒന്ന് പോയത് ? "

പണ്ട് തെക്കേ മലയിൽ പോയി അവിടെ നിന്നും ഭക്ഷണം കഴിച്ചു എന്ന് പറഞ്ഞതിന് തലങ്ങും വിലങ്ങും തല്ലിയിരുന്ന എന്റെ അമ്മ തന്നെയാണല്ലോ ഇപ്പോൾ ഇങ്ങിനെ പറയുന്നത് എന്നോർത്തപ്പോൾ വല്ലാത്ത കുറ്റബോധം തോന്നി . അച്ഛൻ മാത്രമാണോ , എനിക്ക് ഒന്ന് തിരക്കാൻ തോന്നിയോ ? ആ തേനിന്റെ മധുരം ഞാൻ മറന്നു പോയത് എങ്ങിനെയാണ് ?

" നീ ചോദിക്കാനൊന്നും നിക്കണ്ട , വല്യ അഭിമാനി അല്ല്യോ .."

കുറച്ചു നാൾ മുൻപ് ഞാൻ അരീക്കര വന്നപ്പോൾ അച്ഛനോട് ഒരു ദിവസം പഴയ കാര്യങ്ങൾ പറഞ്ഞപ്പോൾ വെറുതെ ചോദിച്ചു
" അച്ഛാ നമുക്ക് തെക്കേ മല ഒന്ന് പോയാലോ ?"
" എന്തൊയിനു പോവാനാ ... അവിടെ കൊച്ചാട്ടനും പോയി , തള്ളേം പോയി , വീടും പറമ്പും കാട് പിടിച്ചു കിടക്ക്വാ... അവിടെ പ്പോയി എന്തോ കാണാന ? "

അപ്പോൾ അച്ഛൻ അങ്ങിനെ പറഞ്ഞു എങ്കിലും കുറച്ചു കഴിഞ്ഞു അച്ഛൻ തന്നെ പറഞ്ഞു

" എന്നാ വെയില് താന്ന് കഴിഞ്ഞു പോകാം ... നിന്റെ ഒരു ആഗ്രഹമല്ല്യൊ ... ഒരു നടപ്പും ആവും "

അച്ഛനും ഞാനും ഇപ്പോൾ ടാര് ഇട്ട , നിറയെ ഇരുനില കെട്ടിടങ്ങൾ കൊണ്ട് നിറഞ്ഞ പെരിങ്ങാട്ട റോഡ്‌ വഴി തെക്കെമലയിലെക്കു നടന്നു . വഴി നീളെ അച്ഛന്റെ പരിചയക്കാർ .

" രണ്ടാമത്തെ മകനാ ഇല്ല്യോ.... ചെറുപ്പത്തിൽ കണ്ടതല്യോ.. ഇപ്പോൾ ആള് അങ്ങ് മാറി , സാറിന്റെ കൂടെ അല്ലെങ്കിൽ അറിയത്തില്ലാരുന്നു... ആട്ടെ എങ്ങോട്ടാ ? "

" ഓ ആണ്ടാ തെക്കേ മല വരെ "

" അയ്യോ അതിനു അവിടാരിരിക്കുന്നു , എല്ലാം മണ്ണടിഞ്ഞു പോയിട്ട് കാലം എത്രായി "

" ഓ ഇവന്റെയൊരൊ നിർബന്ധം"

തെക്കേ മലയിലേക്കുള്ള വഴി ഒരു കാർ കയറിപ്പോവുന്നത് അത്ര നന്നാക്കിയിരിക്കുന്നു. പണ്ട് തെന്നി വീഴാതിരിക്കാൻ ഇരുന്നു ഇറങ്ങിയ ചെങ്കൽ ചരിവുകൾ ഒക്കെ എന്നെ മറഞ്ഞു . ഇരുവശവും എത്രയോ പുതിയ വീടുകൾ . ആർക്കും ഒരു പരിചയ ഭാവം പോലും ഇല്ല . ഞാനും ഇപ്പോൾ സ്വന്തം നാട്ടിൽ വിദേശി ആയിരിക്കുന്നു .

കയറ്റം കയറി ചെന്ന് ഇടത്തോട്ടു തിരിഞ്ഞപ്പോൾ കാട് കയറി നശിച്ചു കിടക്കുന്ന പറമ്പും അടച്ചിട്ട പഴയ വീടും കാണാം . നിറയെ പശുക്കൾ നിന്നിരുന്ന തൊഴുത്ത് എന്നെ പൊളിച്ചു മാറ്റിയിരിക്കുന്നു . എത്രയോ തവണ പാളയും കയറും ഇട്ടു വെള്ളം കോരിക്കുടിച്ച കിണർ വലിയ കുറ്റിച്ചെടികൾ കൊണ്ട് മറഞ്ഞിരിക്കുന്നു .

" അച്ചാച്ചനെ അടക്കുകയാരുന്നോ ദഹിപ്പിക്കുക ആരുന്നോ "
" ദഹിപ്പിക്കുവാരുന്നു ... ദോ ആ തെങ്ങ് കണ്ടോ അവിടാരുന്നു "

ഞാൻ വെറുതെ ആ തെങ്ങിന്റെ ചുറ്റിനും ഒന്ന് നടന്നു തിരികെപ്പൊവാൻ താഴേക്കു നടന്നു .

" വളരെ കഷ്ടപ്പെട്ടാണ് അച്ഛാച്ചൻ മരിച്ചത് അല്ലെ അച്ഛാ ?"

" തളർന്നു കിടന്നാ മരിച്ചത് , ഓരോ ദിവസവും ഒന്ന് ചെന്ന് കാണണം കാണണം എന്ന് വിചാരിച്ചതാ ...നടന്നില്ല "

" ബാ പോവാം "

ചരിവുള്ള സ്ഥലം വന്നപ്പോൾ വീഴാതിരിക്കാൻ അച്ഛന്റെ കയ്യ് പിടിക്കാൻ തിരിഞ്ഞു നോക്കിയപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു !

1 comment:

  1. അതെ കണ്ണ് നിറയുന്നു

    ReplyDelete