Saturday 15 February 2014

ശശി ചിറ്റപ്പൻ


 

രാജ സേനന്റെ "മേലെപ്പറമ്പിൽ ആണ്‍വീട് " പോലെ ഒരു വീടായിരുന്നു എന്റെ അരീക്കരയിലെ വീട് .

മഷിയിട്ടു നോക്കിയാൽ ഒരു പെണ്‍തരിയില്ല . അമ്മ അഞ്ചു ആണ്‍ മക്കളെ പ്രസവിച്ചു . അതിൽ രണ്ടു പേരെ വളരെ ചെറുപ്പത്തിലെ വിധി തട്ടിയെടുത്തു . ബാക്കി വന്ന മൂന്നു പേരാണ് ഞങ്ങൾ മൂന്നു ആണ്മക്കൾ . അമ്മയാണെങ്കിൽ അഞ്ചു സഹോദരക്ക് അരുമയായി വളർന്ന ഏക മകൾ, അമ്മക്ക് ഒരു അനിയത്തി കൂടി ഉണ്ടായിരുന്നു . അകാലത്തിൽ ബോണ്‍ ക്യാൻസറിന്റെ രൂപത്തിൽ വിധി വന്നു തട്ടിയെടുത്തു . അരീക്കര അമ്മക്ക് സമ്മാനിച്ച കഷ്ടപ്പാടുകളിൽ ഏറ്റവും ദുർഘടം പിടിച്ചതായിരുന്നു ഈ കുട്ടികളെ വളർത്തൽ. പൈപ്പും കരണ്ടും ഒന്നും ഇല്ലാത്ത , അമ്മയുടെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ
" ഒരു കുറ്റിക്കാട്ടിൽ എന്നെയും പറക്കമുറ്റാത്ത മൂന്നു കുട്ടികളെയും എറിഞ്ഞു കളഞ്ഞിട്ടു അച്ഛൻ പട്ടാളത്തിൽ സുഖ ജീവിതം നയിക്കുകയായിരുന്നു "

വീട്ടിൽ പെണ്‍കുട്ടികൾ ഇല്ലാത്തതിനാൽ വീട്ടിൽ വരുന്ന സ്ത്രീകളെ എല്ലാം അമ്മക്ക് ഇഷ്ടമായിരുന്നു എന്ന് കരുതരുത് . പട്ടണത്തിൽ വളർന്ന അമ്മക്ക് അരീക്കരയിലെ സ്ത്രീകളെ വളരെ സംശയം ആയിരുന്നു എന്നതാണ് സത്യം . നല്ല ജാതി ചിന്ത കൈവശം വെച്ചിരുന്ന ഒരു കാലം കൂടി ആയിരുന്നു അത് . അതിനാൽ വീട്ടിൽ വരുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും എപ്പോഴും ഒരു അകലം വെച്ച് മാത്രമേ അടുപ്പിക്കൂ . അച്ഛന്റെ ബന്ധുക്കളായ സ്ത്രീകളെ , അത് സഹോദരിയാലും അർദ്ധ സഹോദരിയായാലും എല്ലാം അമ്മയുടെ വിമർശനശരം എറ്റുവാങ്ങാത്തവരില്ലയിരുന്നു എന്നതാണ് സത്യം .

അച്ഛൻ എല്ലാ പ്രാരാബ്ധങ്ങൾക്കിടയിലും സഹോദരിയും അഞ്ചു അർദ്ധ സഹോദരങ്ങളെയും ആവും വിധം സഹായിച്ചു . അച്ഛന്റെ നേരെ ഇളയ അർദ്ധ സഹോദരനെ, ഞങ്ങളുടെ ശശി ചിറ്റപ്പനെ പത്താം തരം വരെ പഠിപ്പിച്ചു പട്ടാളത്തിൽ കൊണ്ടുപോയതും ജോലി വാങ്ങി കൊടുത്തതും ഒക്കെ അച്ഛനാണ് . അതിനാൽ തന്നെ ശശി ചിറ്റപ്പന് അച്ഛനെ വെറും ഒരു ചേട്ടനായല്ല, അച്ഛന്റെ സ്ഥാനത്താണ് കാണുന്നത് .

ശശി ചിറ്റപ്പൻ അവധിക്കു വരുമ്പോൾ ഒക്കെ ഞങ്ങൾ കുട്ടികൾക്ക് ഉത്സവ കാലം ആണ് . പട്ടാളത്തിൽ നിന്നും രണ്ടു മാസം അവധിക്കു വരുമ്പോൾ മുട്ടായിയോ ബിസ്കെറ്റ് ഒക്കെ ചോറ്റുപാത്രം പോലയുള്ള ഒരു ലോഹ പ്പെട്ടിയിൽ കൊണ്ടുവന്നു തരും . അത് വീതം വെക്കാനും പിടിച്ചു പറിക്കാനും അടി വെക്കുന്ന ഞങ്ങളെ അവസാനം ശശി ചിറ്റപ്പൻ തന്നെ പിടിച്ചു മാറ്റി ഒത്തു തീർപ്പാക്കും.

അച്ഛൻ കട്ടിയുള്ള കണക്ക് ഒക്കെ ഇട്ടിട്ടു താഴക്ക്‌ പോവുമ്പോൾ ഞാൻ ശശി ചിറ്റപ്പനോടു ചോദിച്ചു അതിന്റെ ഉത്തരം എഴുതി മിടുക്കനായി ഇരിക്കും . അച്ഛൻ ഉത്തരം ശരിയാണ് എന്ന് പറയുമ്പോൾ ശശി ചിറ്റപ്പൻ " ഞാൻ അണ്ണനോട് പറയട്ടെ ? " എന്ന് പറഞ്ഞു ചിരിച്ചിട്ട് പോവും.

അച്ഛൻ പട്ടാളത്തിൽ നിന്ന് പിരിഞ്ഞു വന്നതിനു ശേഷമാണ് ശശി ചിറ്റപ്പന്റെ കല്യാണം . പ്രേമ വിവാഹം ആയിരുന്നു . മറ്റൊരു ബന്ധു വീടായ മുളനിൽക്കുന്നതിൽ നിന്ന് പഠിച്ച ഇന്ദിര കുഞ്ഞമ്മയെ പരിചയപ്പെട്ടു വിവാഹം കഴിക്കുകയായിരുന്നു . കല്യാണത്തിന്റെ തലേ ദിവസമാണ് അച്ഛനോട് വന്നു മടിച്ചു മടിച്ചു വിഷയം അവതരിപ്പിക്കുന്നത്‌

" അണ്ണാ, നാളെ എന്റെ കല്യാണമാ.... ആറന്മുള അമ്പലത്തിൽ വെച്ചാ .... ഒന്ന് മാലയിടും .. അത്രേ ഉള്ളൂ "

" എടാ .. നീ ഇങ്ങനെ വന്നു പറഞ്ഞാൽ എങ്ങിനെയാ ... ആരോടേലും ആലോചിച്ചോ ...ഏതാ പെണ്ണ് ? ..."
" ആയിരൂരാ ... ഇന്ദിര ... അണ്ണൻ അറിയും ...മുളനിൽക്കുന്നതിൽ നിന്ന് പഠിച്ചതാ "

ചുരുക്കത്തിൽ അച്ഛനെ വിളിച്ചെന്നും ആയി , എന്നാൽ ആരെയും വിളിക്കുന്നുമില്ല എന്ന സ്ഥിതിയാണ് . അച്ഛൻ ഒന്ന് അമർത്തി മൂളിയതല്ലാതെ പിന്നെയൊന്നും പറഞ്ഞില്ല . എന്നാൽ അമ്മ വിടുമോ

" ഇങ്ങനാണോ ഒരു കല്യാണം കഴിക്കുന്നെ .. ആരോടെങ്കിലും ആലോചിച്ചോടാ ശശി ? നീയായി നിന്റെ കല്യാണം ആയി .. പൊക്കൊ ... ഞങ്ങളെ ആരും നോക്കണ്ട .. "

അമ്മയുടെ ശകാരവും കേട്ട് തലയും താഴ്ത്തി ഇറങ്ങിപ്പോയ ശശി ചിറ്റപ്പനോടു കയ്യിൽ പിടിച്ചു ലോഹ്യം ചോദിയ്ക്കാൻ ഞങ്ങൾ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .

" ചിറ്റപ്പാ... കുഞ്ഞമ്മ സുന്ദരി ആണോ ? "

ശശി ചിറ്റപ്പൻ കാണാൻ ഒരു സുന്ദരൻ തന്നെ ആയിരുന്നു . ഇന്ദിര കുഞ്ഞമ്മ ഈ ചിറ്റപ്പനെ അടിച്ചു മാറ്റിയതിൽ ഒരു കുറ്റവും പറയാൻ ആവില്ല . നെറ്റിവരെ തിങ്ങി വളരുന്ന ആ മുടിയിൽ പട്ടാളത്തിൽ നിന്ന് കൊണ്ടുവന്ന ഹെയർ ഓയിൽ ന്റെ ആ പ്രത്യേക മണം ഞങ്ങള്ക്ക് വളരെ ഇഷ്ടമായിരുന്നു .

ശശി ചിറ്റപ്പൻ പറഞ്ഞത് പോലെ ആരെയും വിളിക്കാതെ , ആരെയും അറിയിക്കാതെ നടത്തിയ ആ പ്രേമ വിവാഹം ബന്ധുക്കൾക്ക് അത്ര പിടിച്ചിട്ടൊന്നും ഇല്ലായിരുന്നു . ആകെ പത്തോ പന്ത്രണ്ടോ പേര് മാത്രം വന്ന ഒരു മാലയിടൽ .. അത് കഴിഞ്ഞു വീട്ടിൽ കാറിൽ വന്നിറങ്ങുമ്പോൾ കാണാൻ വന്നവരുടെ കുശു കുശുപ്പു മാത്രം നന്നായി കേള്ക്കാമായിരുന്നു .

ഞങ്ങൾ കുട്ടികൾക്ക് , പ്രത്യേകിച്ച് എനിക്ക് ഇന്ദിര കുഞ്ഞമ്മ അങ്ങേതിലെ വീട്ടിൽ പുതിയൊരു ആശയും ആശ്വാസവും ആയിരുന്നു . അമ്മയുടെ കണ്ണ് വെട്ടിച്ചു അവിടെ കയറി ഇറങ്ങി കപ്പ വേവിച്ചതോ മീൻ ചുട്ടതോ ചേമ്പ് പുഴുങ്ങിയതോ ഒക്കെ കഴിച്ചു ആരുമറിയാതെ വീട്ടിൽ എത്തുന്നത് ദിനചര്യയുടെ ഭാഗം ആക്കി മാറ്റിയിരുന്നു .

ശശി ചിറ്റപ്പന് ആദ്യത്തെ കുട്ടി ജനിച്ചപ്പോൾ വല്ലാതെ സന്തോഷിച്ചത്‌ ഞങ്ങൾ കുട്ടികളായിരുന്നു . കാരണം അതൊരു പെണ്‍കുട്ടി ആയിരുന്നു . ലേഖ മോൾ ! ആരും നോക്കി നിന്നുപോകുന്ന അഴകുള്ള ഒരു തങ്കക്കുടം !
അവളെ കളിപ്പിക്കുകയും പൊട്ടു തൊടീക്കുകയും കണ്നെഴുതിക്കുന്നതും ഒക്കെ ഞങ്ങൾ വളരെ ആസ്വദിച്ച് കണ്ടു നില്ക്കും . മിക്കപ്പോഴും വീട്ടിൽ എടുത്തുകൊണ്ടു വരും . അമ്മക്ക് ആദ്യം ഉണ്ടായിരുന്ന അകൽച്ച ഒക്കെ മാറി , അമ്മയും പാലോ ഒട്സോ ഒക്കെ കാച്ചി കുഞ്ഞിനു കൊടുക്കും . കുഞ്ഞുടുപ്പുകൾ വാങ്ങിക്കൊടുക്കും .

അടുത്ത കുഞ്ഞും ഒരു പെണ്‍കുട്ടിയായിരുന്നു , ശശി ചിറ്റപ്പന് വീട്ടിൽ വന്നു പറഞ്ഞപ്പോൾ ആദ്യം പറഞ്ഞ അത്ര ഉത്സാഹം ഇല്ല എന്ന് തോന്നി . എന്നാൽ ഞങ്ങളുടെ സന്തോഷം ഇരട്ടി ആയി എന്ന് പറയണം . അത്ര അഴകുള്ള കുട്ടിയായിരുന്നു അത് . ഞങ്ങൾ മാറി മാറി താലോലിച്ചു രസിച്ചു .

" രണ്ടു പെണ്‍കുട്ടികൾ മതി , ഇന്നത്തെക്കാലത്ത് കൂടുതൽ കുട്ടികൾ ഒരു ബുദ്ധി മുട്ട് തന്നെയാ "

അച്ഛൻ പറയുന്നത് കേട്ട് ശശി ചിറ്റപ്പൻ തല കുലുക്കി എങ്കിലും എന്തോ ഒരു പോരായ്മ ആ തലകുലുക്കിൽ ഉണ്ടെന്നു തോന്നി .

അമ്മയാണ് തെക്കേലെ ഇന്ദിരക്കുഞ്ഞമ്മ വീണ്ടും ഗർഭിണി ആണ് എന്ന് പറഞ്ഞു ഞങ്ങൾ കേട്ടത് .
" ഓ ഈ കഷ്ടപ്പാടിനിടക്ക് ഒരു കൊച്ചു കൂടി വന്നാൽ .... അവനു കിട്ടുന്ന ശമ്പളം കൊണ്ട് വല്ലതും ആവുമോ ? ..."

അത്തവണ ശശി ചിറ്റപ്പൻ വീട്ടിലേക്കു വന്നതേയില്ല . അമ്മയുടെയും അച്ഛന്റെയും വഴക്ക് കേള്ക്കുമോ എന്ന് ഭയന്നായിരിക്കും . പക്ഷെ ഞങ്ങൾ കുഞ്ഞിനെ ആശുപത്രിയിൽ നിന്നും കൊണ്ടുവന്ന ഉടനെ അങ്ങേലേക്ക് ഓടി .

അത് ഒരു പെണ്‍കുഞ്ഞു ആയിരുന്നു ... അത്രയും സുന്ദരി ആയ ഒരു കുട്ടിയെ ഞങ്ങൾ അതിനു മുൻപ് കണ്ടിട്ടില്ല .. അവളെ ഞങ്ങൾ മാത്രമല്ല എല്ലാവരും "ചക്കര" എന്ന് വിളിച്ചു .

ഇതിനിടെ ശശി ചിറ്റപ്പൻ വേറൊരു ചെറിയ വീട് വെച്ചു താമസം മാറി . അങ്ങിനെ ഞങ്ങള്ക്ക് കയറി ഇറങ്ങാൻ ഒരു അങ്ങേതിൽ കൂടി ആയി . മൂത്ത കുട്ടി ലേഖയും ഇളയ കുട്ടി കലയും സ്കൂൾ ഇൽ ആയി . മിക്കപ്പോഴും അവർ വീട്ടിൽ വരും , ഞങ്ങൾ മുതിർന്ന ക്ലാസുകളിൽ എത്തിയെങ്കിലും അനിയത്തിമാരുടെ കാര്യത്തിൽ എപ്പോഴും ഒരു ശ്രദ്ധ ഉണ്ടായിരുന്നു .

ഇന്ദിര കുഞ്ഞമ്മ വീണ്ടും ഒരു പ്രസവത്തിനു തയ്യാറെടുക്കുന്നു എന്നറിഞ്ഞു അത്തവണ അച്ഛനും അമ്മയും ശശി ചിറ്റപ്പനെ കണക്കിന് ശകാരിക്കുക തന്നെ ചെയ്തു . എല്ലാം കേട്ട് തലയും താഴ്ത്തി നിന്ന ശശി ചിറ്റപ്പനെ കണ്ടപ്പോൾ എനിക്ക് സഹതാപം തോന്നി . പാവം എന്തെല്ലാം കഷ്ടപ്പാടുകൾ , ആകെ കിട്ടുന്ന തുച്ചമായ ശമ്പളം , മൂന്നു പെണ്‍കുട്ടികൾ , ജീവിതം അത്ര നിസ്സാരമാണോ ?

" അണ്ണാ ... ഒരു ആണ്‍ കൊച്ചു കൂടി വേണമെന്ന് ....ആഗ്രഹിച്ചു പോയി "

"പൊയ്ക്കോ എന്റെ മുൻപിൽ നിന്ന് ...മനുഷ്യനായാൽ കുറച്ചൊക്കെ വിവരം വേണം "


നാലാമത്തെ പെണ്‍കുട്ടി പിറന്നപ്പോൾ ശശി ചിറ്റപ്പൻ വീടിനു പുറത്ത് ഇരങ്ങിയതെ ഇല്ല . കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ചു പരിഹസിക്കുമോ എന്ന് ചിറ്റപ്പൻ ശരിക്കും ഭയപ്പെട്ടിരുന്നു .

ഒടുവിൽ പിറന്ന കുട്ടി, ഐശ്യര്യ ഞങ്ങൾക്ക് മറ്റു മൂന്നു പെണ്‍കുട്ടികളെയും പോലെ പ്രിയങ്കരിയായി വളർന്നു . അവളുടെ ചിരിയും കളിയും കണ്ടാണ്‌ ഞങ്ങൾ വളർന്നു മുതിർന്ന കുട്ടികൾ ആയത്.

നാലു പെണ്‍കുട്ടികൾ ഏതു വീടിനാണ് ആക്കാലത്ത് ഒരു ഭാരം ആവാത്തത് ?
രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ശശി ചിറ്റപ്പൻ നടത്തിയ പെടാപ്പാടുകൾ ഞങ്ങൾ വേണ്ടുവോളം കണ്ടാണ്‌ വളർന്നത്‌ .
എന്നാൽ കാല ചക്രം തിരിഞ്ഞപ്പോൾ ദൈവം നാലു പെണ്‍കുട്ടികളെ ഒരു വീടിന്റെ ഐശ്വര്യമായി മാറ്റിയ കഥ ആണ് എനിക്ക് പറയാൻ ബാക്കി വെക്കുന്നത് . കടം വാങ്ങിയും ചിട്ടി പിടിച്ചും തേങ്ങ വിറ്റും പാല് വിറ്റും ശശി ചിറ്റപ്പൻ നാലുപേരെയും പഠിപ്പിച്ചു .

ദൈവം തിരഞ്ഞെടുത്തു അയച്ചതുപോലെ നാല് മരുമക്കളെ ശശി ചിറ്റപ്പന്റെ മുൻപിൽ കൊണ്ട് വന്നു നിർത്തി. ഒരാൾ പോലും ഒരു പൈസ പോലും സ്ത്രീ ധനം വാങ്ങിയില്ല , കൊടുത്തതുമില്ല . അപ്പോഴേക്കും ഗൾഫിൽ എത്തിയ എനിക്ക് ചെറിയ ചില സഹായങ്ങൾ ഒക്കെ ചെയ്യാൻ അവസരം കിട്ടി .

ഇന്ന് നാലുപേരും വളരെ നല്ല നിലയിൽ, ഒരു മരുമകൻ പണിതു കൊടുത്ത വലിയ ഒരു ഇരുനില മാളികയിൽ ശശി ചിറ്റപ്പനും ഇന്ദിര കുഞ്ഞമ്മയും സന്തോഷത്തോടെ അഭിമാനത്തോടെ കഴിയുന്നു . മക്കളും മരുമക്കളും ചേർന്ന് മത്സരിച്ചു അന്വേഷിക്കുന്ന അവരുടെ ജീവിതം കണ്ടു എത്ര തവണ എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട്

" എനിക്കും ഇതുപോലെ ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ ! "

എനിക്ക് ആദ്യത്തെ മകൾ അശ്വതി ഉണ്ടായപ്പോൾ അത് ഒരു തലമുറയ്ക്ക് ശേഷം എന്റെ വീട്ടിൽ പിറന്ന പെണ്‍ തരി ആയിരുന്നു . എന്റെ മാതാപിതാക്കളുടെ സന്തോഷം ഞാൻ കണ്ടറിഞ്ഞതാണ് . അടുത്ത മകൾ അൽക്ക കൊണ്ടുവന്ന സന്തോഷവും പ്രകാശവും എനിക്ക് വിവരിക്കാനാവില്ല .
അങ്ങിനെ ഒരിക്കൽ "മേലെപ്പറമ്പിൽ ആണ്‍വീട്"ആയിരുന്ന എന്റെ അരീക്കരയിലെ വീട് കൊച്ചു മക്കളായ പെണ്‍കുട്ടികളുടെ ചിരിയും കളിയും കൊണ്ട് ഒരു നല്ല വീടായി


എന്റെ ഈ നാല് കുഞ്ഞനുജത്തിമാരെ ഹൃദയത്തോട് ചേർത്തു നിർത്തി അഭിമാനത്തോടെ ഞാൻ എന്നും പറയും ,
ഒരു പെണ്‍കുഞ്ഞും ഈ ലോകത്തിനു ഒരു അമിതഭാരമോ അപകടമോ അപമാനമോ അപശകുനമോ അല്ല മറിച്ചു
ഓരോ പെണ്‍കുഞ്ഞും ഈ ലോകത്തിന്റെ ആശയും ആവശ്യവും അഭിമാനവും ഐശ്വര്യവും ആണ്

ഹൃദയത്തിൽ കൈവെച്ചു രണ്ടു പെണ്‍കുട്ടികളുടെ അച്ഛനാണ് പറയുന്നത് ,
അമ്മയാണെ സത്യം !

No comments:

Post a Comment