Saturday, 15 February 2014

നളിനി നായർ


Somarajan Panicker's photo.
എന്റെ ജീവിതം മാറ്റി മറിച്ച മുംബൈ യാത്രയെപ്പറ്റിയും എഞ്ചിനീയറിംഗ് പഠനത്തെപ്പറ്റിയും അതെ സഹപാഠികളെ ഇരുപത്തഞ്ചു വർഷത്തിനു ശേഷം തിരഞ്ഞു പിടിച്ചു ഒരു സമാഗമം സംഘടിപ്പിച്ചതും ഒക്കെ കഴിഞ്ഞ ദിവസം ഞാൻ എഴുതിയിരുന്നല്ലോ . ഞങ്ങൾ 108 പേരിൽ അകാലത്തിൽ വിധി തട്ടിയെടുത്ത രണ്ടു കൂട്ടുകാരെപ്പറ്റിയും ഞാൻ ഒന്ന് സൂചിപ്പിച്ചിരുന്നു . ഞങ്ങളുടെ സമാഗമം തുടങ്ങിയത് തന്നെ മരണം തട്ടിക്കൊണ്ടു പോയ ആ നല്ല കൂട്ടുകാരെ ഒന്ന് ഓർക്കാൻ ഒരു നിമിഷം എഴുനേറ്റു നിന്ന് കണ്ണടച്ച് പ്രാർഥിച്ചു കൊണ്ടായിരുന്നു . അതിലൊരാളുടെ കഥ ഞാൻ ഇന്ന് പറയാം .
മുംബയിൽ കോളേജിൽ അപേക്ഷ അയക്കാൻ നേരത്താണ് അതുവരെ എന്റെ പേരിൽ പ്രത്യക്ഷപ്പെടാതിരുന്ന "പണിക്കർ", സർ നയിം വെച്ച് പേര് എഴുതി തുടങ്ങണം എന്ന നിബന്ധന കാരണം ഉപയോഗിച്ച് തുടങ്ങിയത് . കോളേജ് റിക്കാർഡ് കളിൽ അതുവരെ വെറും സോമരാജൻ ആയിരുന്ന ഞാൻ അങ്ങിനെ പണിക്കർ സോമരാജൻ ആയി . അതുകൊണ്ട് പലരും ആങ്ങിനെ വിളിക്കാനും അത് ചില മറാട്ടി സർ നെയിം കൾ ആയ പക്നിക്കർ, പട്നിക്കർ, പട്ക്കർ , പാൽക്കർ തുടങ്ങിയവയുമായി സാമ്യം ഉണ്ടായിരുന്നതിനാൽ മറാട്ടി ആണോ മലയാളി ആണോ എന്നൊക്കെ കേൾക്കുന്ന ചിലർ സംശയിക്കാനും തുടങ്ങി . ക്ലാസിലെ ഏക ശുദ്ധ മലയാളി ഞാൻ ആയിരുന്നു . കുമാർ മേനോൻ, ഉഷ മേനോൻ , നളിനി നായർ, ശശി പൊതുവാൾ എന്നിവരായിരുന്നു മുംബയിൽ ജനിച്ചു വളർന്നു കഷ്ടിച്ച് മലയാളി എന്ന് പറയാവുന്ന മറ്റു മുംബൈ മലയാളികൾ . ഞങ്ങൾ അഞ്ചു പേരും ആദ്യ ദിവസങ്ങളിൽ തന്നെ പരസ്പരം പരിചയപ്പെടുകയും സുഹൃത്തുക്കൾ ആവുകയും ചെയ്തു . മറ്റു നാലുപേരുമായി അവർ പറയുന്നതുപോലെ ഹിന്ദിയോ ഇംഗ്ലീഷ് ഓ സ്പുടമായോ ഭംഗിയായോ സംസാരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല എങ്കിലും അതൊന്നും ഞങ്ങളുടെ സൌഹൃദത്തിനു തടസ്സം ആയിരുന്നില്ല .

ദീപാവലി ദിവസങ്ങളിലെ അവധി ദിവസങ്ങളിൽ മറ്റു സുഹൃത്തുക്കളുടെ വീട്ടിൽ സന്ദര്ശനം നടത്താൻ കിട്ടിയ ക്ഷണങ്ങൾ ഒക്കെ ഞാൻ ഉപയോഗപ്പെടുത്തി, അങ്ങിനെ കുമാറിന്റെയും ഉഷയുടെയും ശശിയുടെയും വീട്ടിൽ പോകാനും അവരുടെ മാതാപിതാക്കളെ പരിചയപ്പെടുവാനും സാധിച്ചു എന്ന് മാത്രമല്ല ആ ബന്ധവും സൌഹൃദവും ഇപ്പോഴും തുടരാൻ സാധിച്ചു എന്ന ഭാഗ്യം കൂടി എനിക്കുണ്ടായിരുന്നു . മുംബയിൽ താമസിക്കുന്ന മിക്ക സഹപാഠികളുടെ കുടുംബം അങ്ങിനെ എന്നെയും അവരുടെ വീട്ടിലെ ഒരംഗമായി അംഗീകരിച്ചു എന്നതാണ് സത്യം . മലയാളി ആണെന്ന പരിഗണന എനിക്ക് അവർ തന്നു എന്നതായിരിക്കാം അതിനു പ്രധാന കാരണം .

എന്നാൽ നളിനി നായർ അത്തരം അടുത്ത സൗഹൃദം ഒന്നും കാണിച്ചിരുന്നില്ല . ക്ലാസിൽ ഇടവേളയിലോ ലാബിലോ അതുമല്ലെങ്കിൽ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് ചില കുശാല പ്രശ്നങ്ങൾ നടത്തുകയും എന്റെ വികലമായ ചില ഹിന്ദി ഉച്ചാരണങ്ങൾ കേട്ട് ഉച്ചത്തിൽ പൊട്ടിചിരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു . കുമാറിൻറെ വീട്ടിലോ ഉഷയുടെ വീട്ടിലോ ശശിയുടെ വീട്ടിലോ ഒക്കെ ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് പോയതും ഭക്ഷണം കഴിച്ചതും ഒക്കെ അടുത്ത ദിവസം കോളേജിൽ വന്നു വിവരിക്കുമ്പോൾ നളിനി മാത്രം ഒന്നും മിണ്ടാതെ കേട്ട് കൊണ്ടിരിക്കുകയോ അല്ലെങ്കിൽ മറ്റു ഏതെങ്കിലും വിഷയം പറഞ്ഞു ഉറക്കെ ചിരിക്കുകയോ ചെയ്യും .

ഒരു ദിവസം ഞങ്ങൾ നളിനി താമസിക്കുന്ന " ദൊംബിവിലി " യിൽ തന്നെ ഉള്ള മറ്റു ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചു ഹോസ്റ്റൽ നിന്നും ഞായറാഴ്ച പോകാൻ തീരുമാനിച്ചു . കൂട്ടത്തിൽ നളിനിയുടെ വീടും കൂടി കാണാം എന്ന് വിചാരിച്ചു അക്കാര്യം സൂചിപ്പിക്കുകയും ചെയ്തു .

" അയ്യോ , അന്ന് ഞങ്ങൾ എല്ലാവരും കൂടി നാസിക്ക് നു പോവുകയാണ് , ഇനി ഒരിക്കൽ ആവട്ടെ "

അത് കേട്ട് ഞങ്ങൾ ആ പ്രോഗ്രാം ഉപേക്ഷിക്കുകയും ചെയ്തു . മറ്റൊരിക്കൽ കൂടി ഇത് തന്നെ ആവര്ത്തിച്ചു . നളിനി എന്ത് കൊണ്ടോ ഞങ്ങളെ ആരും തന്നെ സ്വന്തം വീട്ടിലേക്കു ക്ഷണിക്കാൻ താല്പ്പര്യം ഇല്ല എന്ന് മനസ്സിലായി . ഒരു മലയാളി ആയിട്ടുകൂടി എനിക്ക് നളിനിയുടെ വീട്ടിലേക്കു ഒരിക്കലും ക്ഷണം ഉണ്ടാവാത്തത് എന്താണ് എന്ന് എനിക്ക് മനസ്സിലായതുമില്ല . ബാക്കിയുള്ള മുംബൈ മലയാളികൾ ആണെങ്കിൽ അപ്പോഴേക്കും വീട്ടുകാരുടെ സൗഹൃദം മൂലം മിക്ക വിശേഷ ദിവസങ്ങളിലും എന്നെ വീട്ടിൽ ക്ഷണിക്കുകയും ഇഷ്ടമുള്ള ഭക്ഷണം തരികയും ഒക്കെ ചെയ്യുക പതിവായി .

ഒരിക്കൽ ലാബിൽ എന്തോ പരീക്ഷണം ചെയ്യാൻ ഞാനും നളിനിയും ഒരു ബാച് ആയി .

" സോം , എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട് , താൻ ആരോടും പറയില്ല എങ്കിൽ മാത്രം പറയാം "

സ്പീഡിൽ ഇംഗ്ലീഷ് സംസാരിക്കുന്ന നളിനിയുമായി ഭാഷ വെച്ച് പിടിച്ചു നില്ക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല . കൂടാതെ ഒരു വാക്ക് തെറ്റിയാൽ അതിൽ പിടിച്ചു ഒരു തമാശു പൊട്ടിക്കാനും ഉറക്കെ പൊട്ടിച്ചിരിക്കാനും ഈ കുട്ടിക്ക് വലിയ വിരുതും ആയിരുന്നു . അതിനാൽ എപ്പോഴും നളിനിയോട് സംസാരിക്കാൻ എനിക്ക് അല്പ്പം ഭയവും ജാള്യതയും ഉണ്ടായിരുന്നു .

എന്നാലും ഈ മറുനാടൻമലയാളി കൊച്ചിന് എന്നോട് എന്ത് രഹസ്യമായിരിക്കും പറയാൻ ഉണ്ടാവുക !

" തന്നെയും ഹോസ്റ്റൽ ലെ കൂട്ടുകാരെയും ഒക്കെ എന്റെ വീട്ടിലേക്കു ക്ഷണിക്കണം എന്ന് എനിക്ക് വലിയ ആഗ്രഹമാടോ, പക്ഷെ എന്റെ അച്ഛനും അമ്മയും വളരെ വലിയ കർശനക്കരാടോ, ആണ്‍കുട്ടികൾ ഒന്നും വീട്ടിൽ വരുന്നതോ അവരുമായി ചങ്ങാത്തം കൂടുന്നതോ ഒന്നും ഇഷ്ടമല്ല , താൻ ഒന്നും വിചാരിക്കരുത് , അതാ ഞാൻ ഓരോ കാരണം പറഞ്ഞു നിങ്ങളെയെല്ലാം ഒഴിവാക്കുന്നത് , താൻ ഇതാരോടും പറയരുത് , പ്രോമിസ് ! "

" പ്രോമിസ് "

ഞാൻ സത്യത്തിൽ അതിശയിച്ചു പോയി . കോളേജിലെ മിക്ക പെണ്‍കുട്ടികൾക്കും ആണ്‍ സുഹൃത്തുക്കളും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ബൈക്ക് യാത്രക്കാരനോട് ലിഫ്റ്റ്‌ ചോദിച്ചു വരുന്ന പെണ്‍കുട്ടി കളെയും ഒക്കെ ഞാൻ ഈ മുംബൈ കോളേജിൽ എത്തിയ നാൾ മുതൽ കാണാൻ തുടങ്ങിയതാണ്‌ . വാക്കിലും നോക്കിലും തമാശുകളും ഒക്കെ ആയുള്ള മുംബയിലെ ആണ്‍ പെണ്‍ കൂട്ടുകെട്ട് ആദ്യമൊക്കെ എനിക്ക് വലിയ അത്ഭുതം തന്നെയായിരുന്നു . വസ്ത്ര ധാരണവും അടിയും പിടിയും ആലിംഗനവും ഒക്കെ ആണ്‍ പെണ്‍ ഭേദമില്ലാതെ എന്റെ കോളേജിൽ തന്നെ നിത്യ കാഴ്ചയാണ് . അത്തരക്കാരുടെ ഇടയിൽ നളിനി എന്ന മുംബയിൽ ജനിച്ചു വളര്ന്ന കുട്ടിയുടെ പെരുമാറ്റം എനിക്ക് വ്യത്യസ്തവും ആയിരുന്നില്ല . എങ്കിലും വീട്ടിൽ ഇത്ര കർശന നിയന്ത്രണങ്ങൾ ഉണ്ടല്ലോ എന്ന് ആലോചിച്ചുപോയി . സ്വന്തം മകൾ സുരക്ഷിത ആകണമെന്ന് ഏതു മാതാ പിതാക്കൾ ആണ് ആഗ്രഹിക്കാത്തത് !

കോളേജിലെ പഠനം കഴിയാറായപ്പോഴേക്കും നളിനി ഞങ്ങളുടെയെല്ലാം പ്രിയ സുഹൃത്ത് ആയി മാറിയിരുന്നു . ക്യാമ്പസ് തിരഞ്ഞെടുപ്പിലൂടെ നളിനിക്ക് നാസിക്കിലെ " സീമൻസ്" കമ്പനിയിൽ ജോലി കിട്ടിയതിനു ഞങ്ങള്ക്ക് എല്ലാവര്ക്കും ഐസ് ക്രീം വാങ്ങി തന്ന ദിവസം ആണ് ഞാൻ അവളെ അവസാനമായി കണ്ടത് .

എന്റെ രണ്ടു കൈയും കൂട്ടിപ്പിടിച്ചു എന്നോട് യാത്ര പറഞ്ഞത് ഞാൻ ഇന്നും മറന്നിട്ടില്ല

" സോം , എനിക്ക് ജോലി കിട്ടുമ്പോൾ തന്നെ എന്റെ വീട്ടിൽ ഞാൻ കൊണ്ടുപോയി എന്റെ അച്ഛനെയും അമ്മയെയും പരിചയപ്പെടുത്തിത്തരാം കേട്ടോ, എനിക്ക് ഇത്ര നല്ല കുട്ടികൾ ചങ്ങാതിമാരായി ഉണ്ട് എന്ന് അവർ കൂടി അറിയട്ടെടോ ! "

ആ പരിചയപ്പെടുത്തൽ ഒരിക്കലും ഉണ്ടായില്ല . ഞാൻ മറൈൻ ലൈൻസു ലെ ഒരു കമ്പനിയിൽ ട്രെയിനീ ആയി തിരഞ്ഞെടുക്കപ്പെട്ടു . നളിനി നാസിക്കിലും ജോലിയിൽ കയറി . ഇന്നത്തെപ്പോലെ മൊബൈൽ ഉം ഇമെയിൽ ഉം ഒന്നും ഉണ്ടായിരുന്നില്ല . ബന്ധങ്ങൾ മുറിഞ്ഞു . ജീവിതത്തിൽ തിരക്കുകളും പുതിയ പ്രതീക്ഷകളും നിറഞ്ഞു . നളിനി നാസിക്കിൽ വെച്ച് തന്നെ വിവാഹിത ആയെന്നും ഒക്കെ പിന്നീട് കേട്ടറിഞ്ഞു .

ഞാനും ഇതിനിടെ സൗദിയും അതുകഴിഞ്ഞ് ഹൈദരാബാദ് ഉം പിന്നീടു കൊച്ചിയും ഒക്കെ ആയി അലഞ്ഞും ജോലി മാറിയും വീട് മാറിയും കാലചക്രം പിന്നെയും തിരിഞ്ഞു .
ഇമെയിൽ വ്യാപകമായതോടെ പല സുഹൃത്തുക്കളും അങ്ങിനെ വീണ്ടും ബന്ധം സ്ഥാപിച്ചു . ആ സംഘത്തിൽ ഒടുവിൽ ഏറെക്കുറെ എല്ലാവരും ചേർന്നു, നളിനി ഒഴികെ !

നളിനിയുടെ കൂടെ ജോലി ചെയ്തിരുന്ന മറ്റൊരു സഹപാഠിയാണ് നളിനി നാസിക്കിലെ ഭർത്തുവീട്ടിൽ വെച്ച് തണുപ്പിൽ നിന്നും രക്ഷ നേടാൻ സ്ഥാപിച്ച അടുപ്പിൽ നിന്നും പൊള്ളൽ ഏറ്റു മരണം അടഞ്ഞ സങ്കടകരമായ വാർത്ത ഇമെയിൽ മുഖാന്തിരം അറിയിച്ചത് . ഞാൻ ഈ സംഭവം നടന്നു വർഷങ്ങൾ കഴിഞ്ഞാണ് അറിയുന്നത് തന്നെ . മറ്റു യാതൊരു വിവരവും ആര്ക്കും അറിയില്ല .

ഇക്കഴിഞ്ഞ ഡിസംബർ 20 നു ഞങ്ങൾ പ്ലാൻ ചെയ്ത ഞങ്ങളുടെ സിൽവർ ജൂബിലീ സമാഗമം സംബന്ധിച്ച് കിട്ടാവുന്നത്ര വിവരങ്ങൾ സമാഹരിക്കുന്ന ചുമതല എനിക്ക് വന്നു ചേർന്നു . 106 പേരിൽ 90 ഓളം പേരെ ലിങ്ക്ഡിന് ഉം ഗൂഗിൾ സെർച്ച്‌ ഉം ഒക്കെ ഒരു വര്ഷം നീണ്ടു നിന്ന പരിശ്രമത്താൽ കണ്ടു പിടിച്ചു . പക്ഷെ എത്രയൊക്കെ ശ്രമിച്ചിട്ടും നളിനിയുടെ മാതാപിതാക്കളെയോ ദൊംബിവിലി യിലെ വീടോ ഒരു ടെലിഫോണ്‍ നമ്പരോ പോലും കിട്ടിയില്ല .

പക്ഷെ നളിനിയുടെ അന്നത്തെ ചില അയൽവാസികളിൽ നിന്നും വീണു കിട്ടിയ ചില വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു . അത് കഥയാണോ ഊഹം ആണോ അത് എല്ല് മരവിപ്പിക്കുന്ന സത്യമാണോ എന്ന് എനിക്ക് അറിഞ്ഞു കൂടാ .

നളിനി പൊള്ളൽ ഏറ്റു മരിക്കുകയായിരുന്നില്ല , മറിച്ചു ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയാണ് ഉണ്ടായത് എന്ന് പറയപ്പെടുന്നു . സംഭവം അന്വേഷിച്ച പോലീസ് അത് സ്വാഭാവിക മരണം ആയി കണക്കാക്കുകയാണ് ഉണ്ടായത് പോലും . മരിക്കുമ്പോൾ നളിനിക്ക് ഏതാനും മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞു ഉണ്ടായിരുന്നു . കുഞ്ഞു ഇന്നും നളിനിയുടെ മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുന്നു . അവർ എവിടെ ആണ് എന്ന് മാത്രം അറിയില്ല . കേരളത്തിലേക്ക് പോയി എന്ന് കരുതുന്നു .

ഈ പുതിയ വർഷം ഞങ്ങൾ ഒരു പ്രതിജ്ഞ എടുത്തു . നളിനിയുടെ കുഞ്ഞിനെ കണ്ടുപിടിക്കണം . സ്വന്തം അമ്മയും അച്ഛനും ഇല്ലാതെ വളരുന്ന, ഇപ്പോൾ ഒരുപക്ഷെ ഇരുപതു വയസ്സുള്ള ആ കുഞ്ഞിനെ ചേര്ത്ത് നിർത്തി ഞാൻ പറയും

" മോള് എന്നെ അറിയുമോ , ഞാൻ സോം , മോളുടെ അമ്മയുടെ സഹപാഠി ആയിരുന്നു ഞാൻ , കൂടെ പഠിച്ച ഒരു നല്ല കുട്ടിയെ സ്വന്തം അച്ഛനെയും അമ്മയെയും കൊണ്ട് വന്നു കാണിക്കാൻ ഒരിക്കൽ ഒരുപാട് ആഗ്രഹിച്ച ഒരമ്മയുടെ മകൾ ആണ് നീ ".

അല്പ്പം പോലും അടുപ്പം കാണിക്കാത്ത അവളോട്‌ എനിക്ക് പറയാൻ ഒന്നേ ഉണ്ടാവൂ ,

"നീ എങ്ങിനെ എനിക്ക് ഒരു മകൾ അല്ലാതെയാവും ? " 
 
* * * * *
ഇരുപത്തഞ്ചു വര്ഷങ്ങള്ക്ക് മുൻപ് ഞാൻ എടുത്ത ഞങ്ങളുടെ ക്ലാസിന്റെ ഒരു ചിത്രം ഇവിടെ ചേര്ക്കുന്നു . ഇതിൽ നളിനിയെ ഒരു ചുവന്ന വൃത്തം കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു .

No comments:

Post a Comment