Saturday 15 February 2014

സുലൈമാൻ സാർ






" സ്നേഹമുള്ള എന്റെ കുഞ്ഞുങ്ങളെ ..."

മൈക്കിൽ ക്കൂടി അങ്ങിനെ ഒരു വാചകം കേട്ടാൽ ഉടൻ സ്കൂളിന്റെ ഏതു ഭാഗത്ത്‌ കളിച്ചുകൊണ്ടോ ഐസ് വാങ്ങിത്തിന്നു കൊണ്ടിരിക്കുകയോ വട്ടു ( ഗോലി) കളിച്ചു കൊണ്ടിരിക്കുകയോ ചെയ്യുന്ന കുട്ടികൾ പോലും സ്റെജിന്റെ അരികെ പാഞ്ഞെത്തും , അവർക്കെല്ലാം അറിയാം അത് സുലൈമാൻ സാറിന്റെ ശബ്ദം ആണെന്ന് . അങ്ങിനെ പ്രസംഗം തുടങ്ങുന്ന ഒരു സാറേ അന്ന് മുളക്കുഴ ഗവ ഹൈ സ്കൂളിൽ ഉള്ളൂ . സാർ മറ്റുള്ളവർ വിളിക്കുന്നതുപോലെ കുട്ടികളെ , വിദ്യാർഥികളെ, എന്നൊന്നും പറയില്ല . "എന്റെ കുഞ്ഞേ", "എന്റെ മോനെ" എന്നൊക്കെ എപ്പോഴും വിളിക്കുക . അത് ക്ലാസിൽ ആയാലും പുറത്ത് ആയാലും അങ്ങിനെതന്നെ . എടാ എന്നോ നീ എന്നോ ഇന്ന് വരെ സാർ ആരെയും വിളിക്കുന്നത്‌ ഞാനെന്നല്ല ആരും കേട്ടിട്ടില്ല .

ഞാൻ അരീക്കര വട്ടമോടി സ്കൂൾ വിട്ടു അഞ്ചിൽ മുളക്കുഴ സ്കൂളിൽ എത്തുന്നതിനു മുൻപ് തന്നെ അമ്മ പറഞ്ഞും അണ്ണൻ പറഞ്ഞും ഒക്കെ സുലൈമാൻ സാറിനെ അറിയുമായിരുന്നു .സർ ഹൈസ്കൂളിൽ അമ്മയോടൊപ്പമാണ് , ഇംഗ്ലീഷ് ഉം സാമൂഹ്യപാഠം ഉം ആണ് സാറിന്റെ വിഷയങ്ങൾ . സാറിന്റെ ക്ലാസ്സിൽ ഇരിക്കാൻ എത്ര വികൃതിയും പഠിക്കാൻ താൽപ്പര്യമില്ലാത്ത കുട്ടികളും ആഗ്രഹിച്ചിരുന്നു . അത്രയ്ക്ക് കുട്ടികളെ സ്നേഹിച്ചു പഠിപ്പിക്കുന്ന ഒരു അധ്യാപകനാണ് സുലൈമാൻ സർ .

സ്കൂളിലെ മീറ്റിംഗ് നും യൂത്ത് ഫെസ്റ്റിവലിനും ഒക്കെ സാറിന്റെ ഒരു പ്രസംഗം ഉണ്ടായിരിക്കും . വെളുത്ത ഡബിൾ മുണ്ടും വെളുത്തതോ ഇളം സ്വര്ണ നിറമുള്ളതോ ആയ ടെർലിൻ ഷർട്ട്‌ ചെറുതായി മടക്കി വെച്ച കൈയും കഴുത്തിൽ കോളർ അഴുക്കാവാതെയിരിക്കാൻ മടക്കി വെച്ച വെളുത്ത തൂവാലയും പോക്കറ്റിൽ സ്വര്ണ നിറമുള്ള ഹീറോ പേനയും മെലിഞ്ഞു വെളുത്ത ദേഹവും നര കയറിയ പുറകോട്ടു ചീകി വെച്ച തലമുടിയും ആയി മൈക്കിനു അടുത്തേക്ക് വരുമ്പോഴേക്കും കുട്ടികൾ കൈയ്യടി തുടങ്ങിയിരിക്കും .

മന്ത്രിമാര് വരുന്ന മീറ്റിംഗ് ആണെങ്കിൽ പോലും " സ്നേഹമുള്ള എന്റെ കുഞ്ഞുങ്ങളെ " എന്ന് പലതവണ ആ പ്രസംഗത്തിൽ കാണാതിരിക്കില്ല . വളരെ ആവേശമോ ഉച്ചത്തിൽ ഒച്ചയെടുക്കാലോ ഒന്നും ആ പ്രസംഗത്തിൽ കാണില്ല , നന്മയുടെയും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ഏതെങ്കിലും ഒരു ഉദാഹരണം ആ പ്രസംഗത്തിൽ കാണാതെയുമിരിക്കില്ല.. അന്നൊക്കെ ഏറ്റവും മനോഹരമായി പ്രസംഗിക്കുന്നത് മുരളീധരൻ സാർ ആണെങ്കിലും ഈ " സ്നേഹമുള്ള കുഞ്ഞുങ്ങളെ " വിളി കാരണം കുട്ടികൾക്കിഷ്ടം സുലൈമാൻ സാറിന്റെ പ്രസംഗവും ക്ലാസുകളും ആയിരുന്നു .

ഞാൻ അഞ്ചിൽ എത്തിയപ്പോൾ അമ്മയുടെ കാരുണ്യം കൊണ്ട് സ്കൂളിൽ നിന്നും ഒരു കന്യാകുമാരി വിനോദയാത്രക്ക് എന്നെയും പോകാൻ അനുവദിച്ചു . അമ്മ ഇത്തരം യാത്രകൾക്കൊന്നും സാധാരണ അനുവദിക്കുന്നതല്ല , അതിനാൽ എന്നെ നോക്കാൻ സുലൈമാൻ സാറിനെ പ്രത്യേകം പറഞ്ഞു ഏർപ്പെടുത്തിയാണ് വിട്ടത് . എനിക്ക് ഉള്ള പോക്കറ്റ്‌ മണി സാറിനെ എല്പ്പിക്കുകയും ചെയ്തു . അങ്ങിനെ സാറിന്റെ ക്ലാസിൽ ഇരിക്കുന്നതിനു മുൻപ് തന്നെ സാറിനോടൊപ്പം ഒരു വിനോദ യാത്ര , ജീവിതത്തിൽ ആദ്യമായി തിരുവനന്തപുരവും കന്യാകുമാരിയും ഒക്കെ കാണാൻ പുറപ്പെട്ടു . കൂടുതലും മുതിർന്ന കുട്ടികൾ ആയിരുന്നതിനാൽ സാറന്മാർ എല്ലാം ഉള്ളതിൽ ചെറുതായ എന്നെ നോക്കാൻ ശ്രദ്ധിച്ചു .

ഒരു ക്ലാസ് മുറി പോലെയായിരുന്നു ബസിന്റെ അകം . സുലൈമാൻ സാർ ഓരോ സ്ഥലത്തെപ്പറ്റിയും വിവരിക്കും . ബസ്‌ നിർത്തി കുട്ടികൾ വരി വരി ആയി ഓരോ കാഴ്ചകൾ കാണാൻ ഇറങ്ങും . ഏതോ അൽഭുതലൊകത്തു എത്തിയതുപോലെ യാണ് കുട്ടികൾ ഈ സ്ഥലങ്ങളും കെട്ടിടങ്ങളും ഒക്കെ കാണുന്നത് . സുലൈമാൻ സാറിന്റെ വിവരങ്ങളും ഇടക്കിടെയുള്ള കുഞ്ഞുങ്ങളെ വിളിയും കൈരളി സാറിന്റെ പട്ടാള ചിട്ടയിൽ ഉള്ള അച്ചടക്ക പരിപാലനവും ഒക്കെ വിനോദയാത്രക്ക് നിറം പകർന്നു.

കന്യാകുമാരിയിലെ പ്രസിദ്ധമായ ദേവി കന്യാകുമാരി ക്ഷേത്രം കാണാൻ കുട്ടികൾ വരി വരിയായി നിൽക്കുകയാണ്. സാർ കൂടി അകത്തേക്ക് വരാൻ പല കുട്ടികളും ഞാനും അടക്കം നിർബന്ധം പിടിച്ചപ്പോൾ
" കുഞ്ഞുങ്ങളെ ഈ ക്ഷേത്ര നിയമവും എന്റെ മതവിശ്വാസവും എന്നെ അതനുവദിക്കില്ല "
എന്ന് പറയുമ്പോൾ ആണ് സാറിന്റെ മതം വ്യത്യസ്തമാണല്ലോ എന്നി ഞങ്ങളിൽ പലർക്കും മനസ്സിലാവുന്നത്‌. ഒരുപക്ഷെ മതത്തിന്റെ വേർതിരിവുകൾ ആദ്യമായി ജീവിതത്തിൽ മനസ്സിലാവുന്ന സന്ദർഭം. ചില കുട്ടികൾ ക്ഷേത്തത്തിൽ നിന്നും കിട്ടിയ പ്രസാദം സാറിനെ നെറ്റിയിൽ തൊടുവിക്കാൻ ശ്രമിച്ചപ്പോഴും
" കുഞ്ഞുങ്ങളുടെ സന്തോഷത്തിനായി അല്പം ഇട്ടോളൂ , പക്ഷെ എന്റെ മതം അനുവദിക്കാത്തതിനാൽ അത് കുറച്ചു നേരം കഴിഞ്ഞു തുടച്ചു കളയണം " എന്ന് പറഞ്ഞു കുട്ടികളെ സന്തോഷിപ്പിച്ചു .

വിവേകാനന്ദ പാറ , ശുചീന്ദ്രം അമ്പലം , പത്മനാഭ സ്വാമി ക്ഷേത്രം , മ്യൂസിയം , റേഡിയോ സ്റ്റേഷൻ , ഒക്കെ സാർ വിവരിച്ചു തന്ന അറിവ് ഇന്നും എന്റെ മനസ്സില് ഉണ്ട് . അത്രയ്ക്ക് അറിവും പറഞ്ഞു തരാനുള്ള ക്ഷമയും കഴിവും സാറിനുണ്ടായിരുന്നു.

ആ യാത്രയോടെ സുലൈമാൻ സർ എനിക്ക് മാത്രമല്ല ആ വിനോദയാത്രക്ക് പോയ എല്ലാവരുടെയും ആരാധനാപാത്രമായി . എങ്ങിനെയും എട്ടാം ക്ലാസ് ഇൽ സാറിന്റെ ചരിത്ര ക്ലാസിൽ എത്താൻ ധൃതിയായി .

അങ്ങിനെ എട്ടിലെത്തിയതോടെ സാറിന്റെ സാമൂഹ്യപാഠം ക്ലാസുകൾ ഏറ്റവും പ്രീയപ്പെട്ട വിഷയങ്ങളിൽ ഒന്നായി . പിന്നെ മൂന്ന് വർഷങ്ങൾ ആ ചരിത്ര പഠനം തുടർന്നു, ഫാഹിയാനും ഹൂയാൻ സാങ്ങും വിക്രമാദിത്യനും നളന്ദയും തക്ഷശിലയും ഗയും ശ്രീബുദ്ധനും മഹാവീരനും അശോകനും ചന്ദ്രഗുപ്തമൗര്യനും വിക്രമാദിത്യനും കാളിദാസനും ബാബറും ജഹാംഗീറും ഔറംഗസീബും ശിവജിയും എല്ലാം സുലൈമാൻ സാർ പഠിപ്പിച്ചു . കേരള ചരിത്രവും ഭാരത ചരിത്രവും ലോക ചരിത്രവും മതങ്ങളും സംസ്കാരവും എല്ലാം സുലൈമാൻ സാർ പറഞ്ഞ പാഠങ്ങൾ എത്ര എത്ര .

ലോകത്തെ വിവിധ മതങ്ങളെ പറ്റി പഠിപ്പിക്കുമ്പോൾ സാർ എല്ലാ മതഗ്രന്ഥങ്ങളും ക്ലാസിൽ കൊണ്ടുവന്നു മേശപ്പുറത്തു വെച്ചു, ആദ്യമായി ബൈബിളും ഖുറാനും കാണുന്നത് അങ്ങിനെയാണ് . എല്ലാ മത ഗ്രന്ഥങ്ങളും എല്ലാ കുട്ടികളും തൊട്ടു തൊഴുതു . ആരെയും ഒന്നും നിർബന്ധിച്ചു ചെയ്യിച്ചുമില്ല.

വെള്ളിയാഴ്ചകളിൽ ഉച്ചക്ക് പള്ളിപ്പടിയിൽ ഉള്ള മുസ്ളീ പള്ളിയിലേക്ക് നടക്കുമ്പോൾ ആണ് സർ മുണ്ട് ഇടത്തോട്ടു ഉടുത്തു പോവുന്നത് എന്ന് കാണുന്നത് . അതുമാത്രമാണ് സാർ ഒരു മത വിശ്വാസി ആണെന്ന് ഞങ്ങൾ മനസ്സിലാകിയ അടയാളം . സർ ക്ലാസിൽ ശിവജിയുടെ കഥ പറഞ്ഞപ്പഴോ ശ്രീ കൃഷ്ണന്റെ കഥ പറഞ്ഞപ്പോഴോ ഒരിക്കലും ഏതെങ്കിലും മതത്തെ മോശമായോ കളിയാക്കിയോ സംസാരിച്ചിട്ടുമില്ല . രാജാക്കന്മാരും മതങ്ങളും തമ്മിലുള്ള കലാപങ്ങളും യുദ്ധവും ഒക്കെ ഒരു പക്ഷവും ചേരാതെ പഠിപ്പിച്ചു .

വൈകിട്ട് സ്കൂൾ വിട്ടു പോവുമ്പോൾ ചിലരെ ജാതിപ്പേരൊ ഇരട്ടപ്പേരോ മതപരമായ ചില പേരുകളോ ഒക്കെ വിളിച്ചിട്ട് ഓടുന്ന വിരുതന്മാർ അന്നും ധാരാളം ഉണ്ടായിരുന്നു . അങ്ങിനെ ഒരു ദിവസം അത് അതാതു വീട്ടുകാർ , വിഭിന്ന മതക്കാർ തമ്മിലുള്ള പ്രശ്നം ആക്കി അത് വഷളായി വിഷയം സ്കൂളിൽ എത്തി . ഒടുവിൽ അത് സുലൈമാൻ സാർ ഇടപെട്ടു രണ്ടു പേരോടും "എന്റെ കുഞ്ഞുങ്ങളുടെ തെറ്റിന് ഞാൻ ക്ഷമ ചോദിക്കുന്നു " എന്ന് പറഞ്ഞതോടെ തീര്ന്നു, സമാധാനത്തോടെ പിരിഞ്ഞു .

സാറിന്റെ വീട് സ്കൂൾ നു അധികം ദൂരെയോന്നുമല്ല , തേക്കാത്ത വെട്ടുകല്ല് കൊണ്ട് നിർമിച്ച ഒരു ചെറിയ വീട് . സാറിന്റെ ശമ്പളം കൊണ്ട് കഷ്ടിച്ച് ഭാര്യയും മൂന്ന് പിഞ്ചു കുഞ്ഞുങ്ങളും അടങ്ങിയ ആ കുടുംബം ജീവിതം തട്ടിമുട്ടി മുന്നോട്ടു പോവുന്നു .

സുലൈമാൻ സാറിനെ എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തത് ഈ ചരിത്രം പഠിപ്പിക്കൽ കൊണ്ട് മാത്രമല്ല . സ്കൂളിലെ താഴ്ന്ന ക്ലാസിൽ ഒരു മോഷണ ക്കേസിൽ ഞാൻ തോണ്ടി സഹിതം പിടിക്കപ്പെട്ടതിനെതുടർന്നു അമ്മ സങ്കടവും നാണക്കേടും സഹിക്കാൻ ആവാതെ ദീര്ഘമായ അവധി എടുത്തു വീട്ടിൽ ഇരിക്കുന്ന സമയം , അമ്മയെ മനസ്സു മാറ്റി വീണ്ടും സ്കൂളിൽ വരുത്താൻ ചുമതലപ്പെടുത്തിയ കുറച്ചു സഹ അധ്യാപരുടെ കൂട്ടത്തിൽ അംഗമായി സുലൈമാൻ സർ വീട്ടിലെത്തി . പലരും പലതും പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കി , അമ്മ വഴങ്ങുന്നില്ല . ഒന്നുകിൽ ജോലി രാജിവെക്കും , അല്ലെങ്കിൽ സ്ഥലം മാറ്റം വേണം എന്ന് ഒരേ വാശിയിൽ . അവസാനം സുലെമാൻ സാർ എന്നെ ചേർത്ത് നിർത്തി അമ്മയോട് പറഞ്ഞു
" ഇത് സുലൈമാൻ സാറാ പറയുന്നത് ,, തങ്കമ്മ സാർ വിഷമിക്കണ്ട , അവനെ ഞാൻ സൽകീര്ത്തിമാൻ ആക്കും "
ഒടുവിൽ സാർ എന്നെ എങ്ങിനെയും നന്നാക്കിയെടുക്കും എന്ന ഒറ്റ ഉറപ്പിൽ അമ്മ സ്കൂളിൽ വരാൻ സമ്മതിച്ചു

കേരളം വിട്ടു മുംബയിൽ എത്തിയപ്പോഴും മറ്റു അനേകം നാടുകളും സംസ്കാരവും മതങ്ങളും ഭാഷകളും ഒക്കെ കാണാൻ ഇടയായപ്പോൾ ഒക്കെയും സുലെമാൻ സാർ പഠിപ്പിച്ച ആ ചരിത്രവും സംസ്കാരവും മത സൌഹാർദവും തന്നെയാണ് എന്നെ സ്വാധീനിച്ചത്. വെറുപ്പോ വിദ്വേഷമോ ഒരിക്കലും അദ്ദേഹം പഠിപ്പിക്കുകയോ ഉപദേശിക്കുകയോ ചെയ്തില്ല . കുട്ടികളെ സ്വന്തം കുഞ്ഞുങ്ങൾ ആയിക്കരുതിയ ഒരു മഹാ ഗുരു !

കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ഞാൻ സുലൈമാൻ സാറിനെ ചെന്ന് കണ്ടു . മക്കൾ ഒക്കെ നല്ല നിലയിൽ . പ്രായത്തിന്റെ അവശതകൾ ഒന്നും വലുതായി തളർത്തിയിട്ടില്ല. . പേര് പറഞ്ഞതും ആ കണ്ണിലെ തിളക്കവും മുഖത്തെ പ്രസാദവും ഒരുമിച്ചത് ഞാൻ കണ്‍ നിറയെ കണ്ടു . .
എല്ലാവരെയും പറ്റി സർ ചോദിച്ചറിഞ്ഞു . എന്റെ തലയിൽ കൈവെച്ചനുഗ്രഹിച്ചു.

" എന്റെ കുഞ്ഞേ എന്തൊരു സന്തോഷം , മോൻ വലിയ സൽകീർത്തിമാൻ ആയല്ലോ , എനിക്ക് ഇതിൽ കൂടുതൽ വലിയ കീർത്തി എങ്ങിനെ കിട്ടും ?"

എന്നെ ചരിത്രവും സംസ്കാരവും മതങ്ങളും നന്മയും പഠിപ്പിച്ച ആ വലിയ ഗുരുനാഥന്റെ കാൽക്കൽ ഞാൻ അതുവരെ നേടിയ എല്ലാ സൽകീർത്തിയും കാഴ്ച വെച്ചു നമസ്കരിച്ചു.

No comments:

Post a Comment