Monday, 7 May 2012

തൂവല്‍ സ്പര്‍ശം

 
"അമ്മേ, നാളെ പഠിത്തം ഇല്ലല്ലോ , ഞാന്‍ പൊടിയമ്മ അപ്പച്ചിയുടെ കൂടെ വട്ടയത്തില്‍ പൊയ്ക്കോട്ടെ? നാളെ കഴിഞ്ഞു ഇങ്ങു വരാം "
"പോ ചെറുക്കാ അപ്പുറത്ത് .. കണ്ടടം തോറും തെണ്ടി നടക്കാന്‍ ഒരു അസത്ത് ചെറുക്കന്‍ ..."
പൊടിയമ്മ അപ്പച്ചിയുടെ മുഖം വാടി, അമ്മക്ക് അച്ഛന്റെ സ്വന്തം സഹോദരിയായ നളിനി അപ്പച്ചിയെയോ അര്‍ദ്ധ സഹോദരിയായ പൊടിയമ്മ അപ്പച്ചിയോ ഒന്നും അത്ര പിടുത്തമല്ല , കാരണം അമ്മ അറിയാതെ അച്ചന്റെയടുത്തു സഹായങ്ങള്‍ ചോദിക്കാന്‍ ഈ അപ്പച്ചിമാര് വീട്ടില്‍ വരുന്നതും അവര്‍ക്ക് അച്ഛന്‍ സഹായങ്ങള്‍ ഒക്കെ ചെയ്യുന്നതും ഒന്നും അമ്മക്ക് പിടിക്കില്ല . പക്ഷെ ഞാന്‍ അച്ഛന്റെ ഭാഗത്താ, അന്ന് പട്ടാളക്കാരനായ അച്ഛനോടല്ലാതെ ആരോട് എന്റെ അപ്പച്ചിമാര്‍ സഹായം ചോദിക്കും ?.
പൊടിയമ്മ അപ്പച്ചിയെ കല്യാണം കഴിച്ചു അയച്ചിരിക്കുന്നത് ഒരു കാലത്ത് വിഷ ചികിത്സക്ക് പേരുകേട്ട വട്ടയത്തില്‍ എന്നൊരു പ്രസിദ്ധ തറവാട്ടിലാണ് . പക്ഷെ തറവാട് പഴയ പ്രതാപം ഒക്കെ മങ്ങി കൃഷിയും ചില്ലറ വിഷ ചികിത്സയും ഒക്കെ ആയി തട്ടി മുട്ടി മുന്നോട്ടു പോവുന്നു . പൊടിയമ്മ അപ്പച്ചിയുടെ ഭര്‍ത്താവ് ജനാര്‍ദന്‍ അമ്മാവന്‍ കണ്ടാല്‍ പേടിച്ചു പോവുന്ന ഒരു കൊമ്പന്‍ മീശയും വെച്ച് ചില്ലറ കള്ളുകുടിയും ചട്ടമ്പിത്തരവും ഉത്സവം കലക്കലും ഒക്കെ ആയി നാട്ടില്‍ വിലസും . എന്നാലും എന്നെ വലിയ കാര്യം ആണ് . പാറപ്പാട്ടെ ഉത്സവത്തിന്‌ തലയില്‍ കെട്ടും കെട്ടി മുണ്ടും മടക്കി കുത്തി ചീത്തയും വിളിച്ചു നില്‍ക്കുന്ന ജനാര്‍ദന മാമന്‍ എന്നെ എപ്പോ കണ്ടാലും കപ്പലണ്ടിയോ ഗ്യാസ് മുട്ടായിയോ ഒക്കെ വാങ്ങി തന്നിട്ട് " അനിയന്‍ മോനെ ഞാന്‍ പിശകി നില്‍ക്കുവാന്നു അപ്പച്ചിയോടു പറയണ്ടാ , കേട്ടോ "

വട്ടയത്തില്‍ എപ്പോ ചെന്നാലും നൂറു തരം പണികളുമായി ഓടി നടക്കുന്ന പൊടിയമ്മ അപ്പച്ചീയേ മാത്രമേ കാണാന്‍ ആവൂ , നെല്ല് പുഴുക്കും ചീനി അരിയലും പശുവിനെ കറക്കലും മരുന്നു അരക്കലും എന്ന് വേണ്ട അപ്പച്ചിയുടെ കൈയ്യും നോട്ടവും ചെല്ലാത്ത ഒരു പണിയും ഇല്ല . എന്നെ കൂടെ കൊണ്ട് നടക്കും , പൊടിയരി കഞ്ഞി പാലൊഴിച്ചു പ്ലാവില കുമ്പിള്‍ കുത്തി എനിക്ക് കുടിക്കാന്‍ തരും . ആ കഞ്ഞി കുടിക്കാന്‍ മാത്രം എത്ര തവണ ആണ് അമ്മ അറിയാതെ ഞാന്‍ വട്ടയത്തില്‍ പോയിരിക്കുന്നത് . തിരികെ വീട്ടില്‍ എത്തുമ്പോള്‍ അടി ഉറപ്പാണെന്ന് മാത്രം .അടി കിട്ടിയാലെന്താ പാല്‍ക്കഞ്ഞി കുടിച്ചില്ലേ ?
വട്ടയത്തില്‍ അപ്പച്ചി വന്നതിനു ശേഷം മുടങ്ങിപ്പോയ വിഷ ചികിസ വീണ്ടും പൊടി തട്ടി എടുത്തു . പാമ്പ് കടിച്ചോ എലി കടിച്ചോ തേള്‍ കടിച്ചോ ചിലന്തി കടിച്ചോ എത്തുന്ന രോഗികള്‍ അവിടെ താമസിച്ചു മരുന്നും ഭക്ഷണവും ഒക്കെ കഴിച്ചു സുഖമായിട്ടു പോവും . ഉഗ്ര വിഷമുള്ള പാമ്പുകള്‍ കടിച്ച രോഗികള്‍ വീട്ടു പടിക്കല്‍ വെച്ച് തന്നെ മരിച്ചു വീണിട്ടുണ്ട് . ചിലപ്പോള്‍ അത്യാവശ്യം മരുന്ന് കൊടുത്തു തിരുവല്ല സായിപ്പിന്റെ ആശുപത്രിയിലേക്ക് പറഞ്ഞു വിടും . വിഷ ചികിത്സക്ക് വേണ്ട പച്ച മരുന്നുകള്‍ എല്ലാം വട്ടയത്തിലെ പറമ്പില്‍ തന്നെ വളരുന്നുണ്ട്‌ . ഇതെല്ലാം അപ്പച്ചി കണ്ടും കെട്ടും പഠിച്ചു എടുത്തതാണ് . അങ്ങിനെ അപ്പച്ചി വന്നതിനു ശേഷം ആ തറവാട്ടില്‍ വീണ്ടും മുട്ടില്ലാതെ കഴിയാനുള്ള വഴി തെളിഞ്ഞു .
നാലാം ക്ലാസ്സ് കഴിഞ്ഞ ഒരു അവധിക്കാലം , രാവിലെ എഴുനേറ്റപ്പോള്‍ എന്റെ തോളില്‍ ഒരു ചെറിയ വട്ടത്തില്‍ കുരുക്കള്‍ പൊങ്ങിയത് പോലെ , കൊച്ചു ചെറുക്കന്‍ സ്വാമിയാണ് എട്ടു കാലി വിഷം ആണോ എന്ന് സംശയം പറഞ്ഞത് . അമ്മ ഉടനെ തന്നെ വട്ടയത്തിലേക്ക് കൊണ്ട് പോവാന്‍ കൊച്ചു ചെറുക്കന്‍ സ്വാമിയോടെ പറഞ്ഞതോടെ എന്റെ സന്തോഷം അടക്കാന്‍ വയ്യാതായി . എത്ര നാളത്തെ ആഗ്രഹമാണ് വട്ടയത്തില്‍ ഒന്ന് താമസിക്കാന്‍ , വട്ടയത്തില്‍ എത്തിയ പാടെ അപ്പച്ചി " എടാ അനിയന്‍ മോനെ ഇനി ഞാന്‍ ഒരു മാസത്തേക്ക് നിന്നെ വിടില്ല , ഇനി എന്റെ മോനെ ഞാന്‍ ഒന്ന് വളര്‍ത്തി നോക്കട്ടെ , ഇത് എട്ടുകാലിയാ " അപ്പച്ചി എന്നേം കൊണ്ട് പറമ്പില്‍ ആകെ ചുറ്റി നടന്നു പലതരം ഇലകള്‍ പറിച്ചു ഒരു ചെറിയ കല്ലില്‍ കാടിവെള്ളത്തില്‍ അരച്ച് നീളമുള്ള ഒരു കോഴി തൂവല്‍ കൊണ്ട് എന്റെ തോളിലെ കുരുക്കള്‍ നിറഞ്ഞ ആ വൃത്തം ആകെ മെല്ലെ ആ മരുന്ന് പുരട്ടി തന്നു . അങ്ങിനെ ദിവസം മൂന്നു നേരം . ആഹാരത്തില്‍ ചില പത്യവും . അപ്പച്ചിക്ക് അടുക്കള പണിയും ചികിത്സയും മരുന്ന് അരക്കലും എല്ലാം എന്നെ നോക്കുന്നതിനിടെ നടത്തും . ഒരാഴ്ച കഴിഞ്ഞപ്പോഴേ കുരുക്കളും പാടുകളും ഒക്കെ മാറി , പക്ഷെ അപ്പച്ചി എന്നെ വളര്‍ത്താന്‍ കിട്ടിയ അവസരം എങ്ങിനെ നീട്ടിയെടുക്കാം എന്ന മട്ടില്‍ , എനിക്കാണെങ്കില്‍ ഇത്രയും സന്തോഷം നിറഞ്ഞ ഒരു കാലം ഉണ്ടായിട്ടില്ല . അപ്പച്ചിയുടെ സ്വന്തം മക്കളെ നോക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ആണ് എന്റെ കാര്യത്തില്‍ . ഇതിനിടെ കൊച്ചു ചെറുക്കന്‍ സ്വാമി രണ്ടു തവണ വന്നു വെറും കൈയ്യോടെ മടങ്ങി .അങ്ങിനെ പത്തിരുപതു ദിവസത്തെ ചികിത്സയും സുഖവാസവും കഴിഞ്ഞു മടങ്ങാന്‍ നേരത്ത് അപ്പച്ചി എനിക്ക് കഴിക്കാന്‍ ഉണ്ണി അപ്പവും ഉപ്പേരിയും ഒക്കെ പൊതിഞ്ഞു തന്നു . ഒരിക്കലും മറക്കാന്‍ ആവാത്ത ആ ദിവസങ്ങള്‍ , വീട്ടില്‍ എത്തിയ ഉടന്‍ അമ്മയുടെ ശകാരം കാരണം ഉണ്ണിയപ്പത്തിന്റെ മധുരം കുറഞ്ഞോ എന്നൊരു സംശയം .

പിന്നെ എത്രയോ തവണ വട്ടയത്തില്‍ പോയിരിക്കുന്നു , മുംബയില്‍ പഠിക്കാന്‍ പോയപ്പോഴും ഗള്‍ഫില്‍ പോയപ്പോഴും ഒക്കെ അപ്പച്ചി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞിട്ടുണ്ട് . അവധിക്കു നാട്ടില്‍ വരുമ്പോഴെല്ലാം വട്ടയത്തില്‍ പോകാതെ എനിക്ക് സമാധാനം ഇല്ല , അപ്പച്ചിക്ക് എന്തെങ്കിലും ഒരു പൊതി കയ്യില്‍ വെച്ച് കൊടുത്തില്ലെങ്കില്‍ എനിക്ക് ശാന്തി കിട്ടില്ല .

അഞ്ചു കൊല്ലം മുന്‍പാണെന്ന് തോന്നുന്നു , ഞാന്‍ അന്ന് ഹൈദരാബാദില്‍ ആണ് . നല്ല ജോലി തിരക്ക് ഉള്ള സമയം . അച്ഛന്റെ ഫോണ്‍ വന്നു " എടാ പൊടിയമ്മക്ക് നട്ടെല്ലിനു കണ്ണി അകന്നു പോവുന്ന അസുഖം ആണെന്ന് പറയന്നു , അമൃതയില്‍ കൊണ്ട് പോയി , ഇപ്പൊ വട്ടയത്തില്‍ തിരികെ വന്നു , കിടപ്പാ , നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു "
എന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി , സത്യത്തില്‍ കണ്ടിട്ട് ഇപ്പൊ രണ്ടു മൂന്നു കൊല്ലം കഴിഞ്ഞിരിക്കുന്നു , അരീക്കര പോയപ്പോഴൊന്നും ഓരോ തിരക്ക് കാരണം പോയില്ല, എനിക്കാണെങ്കില്‍ അലൊക്കൊഴിഞ്ഞിട്ടു പതിയാന് കല്യാണം ഇല്ല എന്ന മട്ടിലുള്ള ജോലിയും .

നാട്ടില്‍ എത്തി നേരെ വട്ടയത്തിലെക്ക് പോയി , ആരെയും കാണുന്നില്ല , വാതില്‍ എല്ലാം മലര്‍ക്കെ തുറന്നിട്ടിരുന്നു , അപ്പച്ചി എവിടെ , അടുക്കളയില്‍ ഇല്ല , അകത്തെ മുറികളില്‍ ഒന്നും ഇല്ല , വെറുതെ പുറത്തിറങ്ങി പറമ്പിലേക്ക് നോക്കിയപ്പോള്‍ ദാ അപ്പച്ചി നിന്ന് കരിയില തൂക്കുന്നു , അറയില്‍ ഒരു ബെല്‍റ്റും ഉണ്ട് . " എന്റെ അനിയന്‍ മോനെ .. എത്ര നാളായാടാ ഇങ്ങോട്ട് കേറിയിട്ടൂ.. " അപ്പച്ചി പരാതി കെട്ടുകള്‍ തുറന്നപ്പോഴും എനിക്ക് ഉള്ളില്‍ ആധി ആയിരുന്നു , ഞാന്‍ അപ്പച്ചിയുടെ സ്കാന്‍ ഒക്കെ വാങ്ങി നോക്കി , സത്യമാണ് , അപ്പച്ചിയുടെ നട്ടെല്ലുകള്‍ കാലപഴക്കം ബാധിച്ചപോലെ ദ്രവിച്ചു തുടങ്ങിയിരിക്കുന്നു . എങ്ങിനെയാണ് അപ്പച്ചിക്ക് നേരെ നില്‍ക്കാന്‍ സാധിക്കുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെടുകയായിരുന്നു .

" എന്റെ മോനെ അപ്പച്ചി ഒരു ധൈര്യത്തിന് അങ്ങ് നടക്കുവാ , കട്ടിലില്‍ നിന്ന് എഴുന്നെല്കാന്‍ വയ്യായിരുന്നു ., ഏതായാലും നീ അപ്പച്ചിയെ കാണാന്‍ വന്നല്ലോ , ഇനി ചത്താലും ഒന്നുമില്ല "
" അപ്പച്ചി എന്തൊക്കെയാ ഈ പറയുന്നേ , അപ്പച്ചി നോക്കിക്കോ , എന്നെ വീണ്ടും ഒരു ചിലന്തി കടിക്കും , പിന്നെയും ഞാന്‍ അപ്പച്ചിയുടെ കൂടെ വന്നു ഇവിടെ ഒരു മാസം താമസിക്കും , അപ്പച്ചി ആ കോഴി തൂവല് വെച്ച് എനിക്ക് ആ മരുന്ന് പിന്നെയും പുരട്ടി തരും , പിന്നെ എന്റെ കൈയീല് ഇരിക്കുന്ന ഈ കുന്ത്രാണ്ടം ഇല്ലേ , മൊബൈല്‍ അത് ഞാന്‍ ആ പറമ്പിലോട്ടു ഒരു ഏറു കൊടുക്കും "

" നീ പോടാ , നീ എന്നാ അപ്പച്ചിയോടു ഇങ്ങനെ കള്ളം പറയാന്‍ പഠിച്ചത് ? നിനക്ക് ഇവിടെ വന്നു താമസിക്കാന്‍ ചിലന്തി കടിക്കണോ , ഇത് നിന്റെ വീടല്ലേ , നീ എത്രയാ ഇവിടെ ഓടിക്കളിച്ചത് ?"

പോവാന്‍ നേരത്ത് അപ്പച്ചിയുടെ കാലില്‍ തൊട്ടു നിറുകയില്‍ വെച്ച് ഞാന്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ അപ്പച്ചിയുടെ നിറഞ്ഞ കണ്ണിലേക്കു നോക്കി ,
" എന്റെ മോനെ അപ്പച്ചിക്ക് ഇപ്പൊ ഒന്നും വേണ്ട , എന്റെ മക്കള്‍ രണ്ടു പേരും എന്നെ നന്നായി നോക്കുന്നുണ്ട് , എന്നാലും എനിക്ക് എന്റെ അനിയന്‍ മോനെ കാണണം എന്ന് പറയുമ്പോള്‍ നീ ഇതുവഴി ഒന്ന് വരണം , അപ്പച്ചിക്ക് അത് മതി "

" അപ്പച്ചി ഇനിയും ഒരു ഇരുപത്തഞ്ചു വര്ഷം ഇതുപോലെ ഇരിക്കും , ഞാന്‍ പോട്ടെ അപ്പച്ചി "

കാറില്‍ കയറി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അപ്പച്ചി എന്നെ തന്നെ നോക്കി വാതില്‍പടിയില്‍ നില്ല്കുന്നു .
പൊടിയമ്മ അപ്പച്ചിയുടെ ഈ സ്നേഹം വിവരിക്കുവാന്‍ ഈ ഭൂമി മലയാളത്തില്‍ ഒരു വാക്കേ എനിക്കറിയൂ

തൂവല്‍ സ്പര്‍ശം !

1 comment: