Sunday, 12 August 2012

തിമ്മന്‍

 
 
അരീക്കരയിലെ കഷ്ടപാടുകള്‍ നിരത്തി അമ്മ ഇടയ്ക്കിടെ സ്വന്തം അച്ഛന് കത്തെഴുതും . കത്ത് കിട്ടിയാലുടന്‍ വല്യച്ചന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നോ നെടുമങ്ങാട്ട് നിന്നോ നീണ്ടകര നിന്നോ ഒക്കെ ചെറിയ കുട്ടികളെ സംഘടിപ്പിച്ചു അരീക്കര എത്തും . അന്ന് ഇന്നത്തെപ്പോലെ ബാലവേല നിരോധന നിയമം ഒന്നും ശക്തമായിരുന്നില്ല . അമ്മക്ക് കൈയ്യാളായി ആരെങ്കിലും വേണം. വല്ല്യച്ചനു ഇങ്ങനെ മാറി മാറി വേലക്കാരെ കൊണ്ടുവരാനും അമ്മ വരെ ഓരോ കാരണം പറഞ്ഞു പറഞ്ഞു വിടുന്നതും നിത്യ സംഭവം ആയിരുന്നു. ഏറിയാല്‍ ഒരു മാസം , ചിലര്‍ വരുമ്പോഴേ ആഴമുള്ള ഞങ്ങളുടെ കിണര്‍ കണ്ടോ പറമ്പില്‍ പാമ്പിനെ കണ്ടോ പേടിച്ചു സ്ഥലം വിട്ടിട്ടുണ്ട് . വൃത്തിയും വെടിപ്പും ഇല്ലന്നു പറഞ്ഞു വിട്ടവരുടെ എണ്ണവും വളരെ കൂടുതല്‍ ആണ് .

അന്ന് സ്കൂളില്‍ വിട്ടു വൈകിട്ട് വന്നപ്പോള്‍ വല്യച്ചന്‍ ആണ്ടെ മുറ്റത്ത് നില്‍ക്കുന്നു . പുതിയ ഏതോ പയ്യനെ കൊണ്ട് വന്നു എന്ന് എനിക്ക് ഉറപ്പായി . വല്യച്ഛന്റെ വിളി കേട്ട് അകത്തുനിന്നും ഓടി വന്ന പയ്യനെ കണ്ടു ഞാന്‍ അന്തിച്ചു പോയി . എലിക്കുഞ്ഞ് പോലെ ഒരു പയ്യന്‍ ! . എഴുനേറ്റു നടക്കാന്‍ ത്രാണിയില്ലാത്ത ഈ പയ്യന്‍ എന്തെടുക്കാനാണ്? . കരുനാഗപ്പള്ളിക്കാരന്‍ ആണ് . ഒരുപാട് കഷ്ടപ്പാടും ദാരിദ്രവും ഉള്ള ഒരു വീട്ടിലെ മൂത്ത പയ്യനാണ് . നാലാം ക്ലാസ്സില്‍ പടിപ്പു നിര്‍ത്തി , അമ്മയില്ല , അച്ഛന് ഒരു കൈയ്ക്ക് സ്വാധീനം ഇല്ല , തഴപ്പായ് കച്ചവടം . വീട്ടില്‍ മറ്റൊരു നിവര്‍ത്തിയും ഇല്ലാഞ്ഞിട്ടു അവന്റെ അച്ഛന്‍ സമ്മതിച്ചതാണ് . ഇളയ രണ്ടു കുട്ടികള്‍ കൂടിയുണ്ട് .


എലിക്കുഞ്ഞ് പോലെയാണെങ്കിലും ആ ഓട്ടവും ചുണയും അനുസരണയും കണ്ടു ഞാന്‍ നോക്കി നിന്ന് പോയി . നടക്കാന്‍ അറിയില്ല , ഓട്ടത്തോട്‌ ഓട്ടം. . അമ്മയെ " സാറമ്മ" എന്നുള്ള വിളി കേള്‍ക്കാന്‍ തന്നെ ഒരു രസം. അമ്മ വിളമ്പി കൊടുത്ത ചോറും മോരും നിലത്തു കൊരണ്ടി പുറത്ത് ഇരുന്നു ആര്‍ത്തിയോടെ ശബ്ദം വെച്ച് ഉരുളയാക്കി കഴിക്കുന്നത്‌ കണ്ടാല്‍ അറിയാം അവന്‍ അനുഭവിക്കുന്ന ദാരിദ്രവും വീട്ടിലെ കഷ്ടപ്പാടും .


" രാജാ " അമ്മയുടെ വിളി മുഴുവന്‍ കേള്‍ക്കേണ്ട , " എന്താ സാറമ്മേ " എന്ന് വിളി കേട്ട് കൊണ്ട് ശരം വിട്ടത് പോലെ ഓടുന്ന അവനെ എനിക്ക് ഇഷ്ടമായി . എന്റെ വീട്ടില്‍ ഞങ്ങളുടെ പേരുകള്‍ എല്ലാം അവസാനിക്കുന്നത് രാജനില്‍ ആണല്ലോ . ദാ, ഒരു രാജന്‍ കൂടി . അമ്മക്ക് വീട്ടില്‍ കൈയ്യാളായി നിര്‍ത്തുന്ന കുട്ടികളെക്കൊണ്ട് കഠിന ജോലികള്‍ ഒന്നും ചെയ്യിക്കില്ല . കടയില്‍ വിടുക , അടുക്കളയില്‍ ചെറിയ ചെറിയ ജോലികള്‍ ചെയ്യിക്കുക , പശുവിനെ അഴിച്ചു കെട്ടുക , അതിനു കാടി തിളപ്പിക്കുക , പറങ്കിയണ്ടി പറിക്കാന്‍ സഹായിക്കുക അങ്ങിനെ ചെറിയ ചെറിയ നിരവധി പണികള്‍ ഉണ്ട് . സത്യത്തില്‍ അതുവരെ ഞാന്‍ ചെയ്തിരുന്ന പണികള്‍ ആണ് രാജന് കൊടുത്തത് . അതിനാല്‍ ആദ്യമെല്ലാം എന്റെ കൂടെ നിന്ന് ഞാന്‍ ചെയ്യുന്ന പണികള്‍ കണ്ടു നില്‍ക്കും . ആഴമുള്ള കിണറില്‍ നിന്നും തോട്ടിയും കയറും ഉപയോഗിച്ച് വെള്ളം കോരുന്നതാണ് ഞാന്‍ നോക്കിയിട്ട് അവനു ചെയ്യാന്‍ പ്രയാസമുള്ള വലിയ ഒരു പണി .


" അനിയണ്ണാ" ആ നീട്ടി ഉച്ചത്തിലുള്ള വിളി എനിക്കും ഇഷ്ടമായി , അതുവരെ വീട്ടില്‍ എല്ലാവരും ചെറുക്കാ , ചെറുക്കാ എന്ന് കേട്ട് ശീലിച്ച എനിക്ക് അവന്റെ ആ നീട്ടി വിളി പ്രിയപ്പെട്ടതായി . എന്റെ സ്വന്തം അനിയന്‍ ജ്യോതി എന്നെ കോച്ചണ്ണാ എന്ന് വിളിക്കുമെങ്കിലും ആ വിളിക്ക് ഇത്രയും മധുരമോ സ്നേഹമോ ഇല്ല . രാജനും എന്റെ അനിയന്‍ ജ്യോതിക്കും ഒരേ പ്രായമാണ് .


അമ്മയില്ലാത്ത രാജനെ എന്റെ അമ്മയ്ക്കും വലിയ കാര്യം ആയി , അവനു എന്റെ പഴയ നിക്കര്‍ ഇടാന്‍ കൊടുത്തു . ഓരോ നിക്കറും കിട്ടുമ്പോള്‍ അവന്റെ ചെറിയ കണ്ണുകളിലെ തിളക്കവും മുഖത്തെ സന്തോഷവും ഒന്ന് കാണേണ്ടത് തന്നെ . അമ്മ അവന്റെ തലയില്‍ കൈയ്യോന്നി ചേര്‍ത്ത എണ്ണ ഒഴിച്ച് തിരുമി കൊടുത്തു , അവനു കുളിക്കാന്‍ ലൈഫ് ബോയ്‌ സോപ്പ് മുറിച്ചു കൊടുത്തു . ഒരു നാലാമത്തെ മകനെ പ്പോലെ അവന്റെ കാര്യങ്ങളില്‍ അമ്മ ശ്രദ്ധ വെക്കുന്നുണ്ടായിരുന്നു .


" പ്രീയപ്പെട്ട അച്ഛന് , എനിക്ക് ഇവിടെ വളരെ സുഖമാണ് , സാറമ്മ എന്നെ നല്ലത് പോലെ നോക്കും , ഇവിടുത്തെ വിജയന്‍ അണ്ണനും അനിയന്‍ അണ്ണനും കൊച്ചു മോനും എന്നെ വളരെ ഇഷ്ടമാണ് , എനിക്ക് ഇവിടുത്തെ ജോലി ഒന്നും പ്രയാസം ഇല്ല , അച്ഛന്‍ എന്നെ ഓര്‍ത്തു വിഷമിക്കരുത് , സാറമ്മ ഈ മാസം തന്നെ പൈസ അയച്ചു തരും , ...."


അവന്റെ അച്ഛന് ചെറിയ കാര്‍ഡില്‍ കത്തെഴുതുമ്പോള്‍ അവനു കരച്ചില്‍ അടക്കാന്‍ കഴിയാറില്ല , അമ്മ അവന്റെ കവിളില്‍ തലോടി " കരയാതെ , നിനക്ക് ഞാനില്ലേ , ഓണത്തിനു വീട്ടില്‍ വിടാം , അല്ലെങ്കില്‍ നിന്റെ അച്ഛനോട് ഇവിടെ വരെ വന്നു നിന്നെ കണ്ടിട്ട് പോവാന്‍ പറ .. പോയി മുഖം കഴുകി വാ " എന്ന് പറയുന്നത് സ്ഥിരമാണ് .


ഒന്ന് രണ്ടു മാസം കൊണ്ട് രാജന്‍ പഴയ പട്ടിണിക്കോലം ഒക്കെ മാറി ആകെ വീര്‍ത്തു ചീര്‍ത്തു , എന്ത് കിട്ടിയാലും ആര്‍ത്തിയോടെ വെട്ടി വിഴുങ്ങുന്ന അവനു ഞങ്ങള്‍ നല്ല ഒരു ഇരട്ടപ്പേരും ഇട്ടു " തിമ്മന്‍ " . എന്റെ കൊച്ചനിയന്‍ ആണ് അവനെ ആ പേര് വിളിക്കുന്നത്‌ സാധാരണം ആക്കിയത് . അവന്‍ ദേഷ്യം വരുമ്പോള്‍ എല്ലാം " എടാ തിമ്മാ , തിമ്മാ " എന്ന് വിളിക്കും , പാവം തിമ്മന്‍ അമ്മയോട് ഓടിപ്പോയി പരാതി പറയും , അമ്മയും അത് കേട്ട് പൊട്ടിച്ചിരിക്കും . " അത് നീ സാരമാക്കണ്ട , നീ തിമ്മന്‍ അല്ലന്നു എനിക്കറിയില്ലേ "


തിമ്മന്‍ കുറഞ്ഞ സമയം കൊണ്ട് ഞങ്ങളുടെ നാടും വീടും ജോലികളും എല്ലാം ശീലിച്ചു , കടയില്‍ പോവുക , നെല്ല് കുത്തിക്കാന്‍ പോവുക , പശുവിനെ കുളിപ്പിക്കുക , നെല്ല് പുഴുങ്ങുക , തുടങ്ങി എന്ത് ജോലിയും അവനു വഴങ്ങും എന്നായി . ദേഹം ഒക്കെ ഒരുണ്ട് കൊഴുത്തു നാട്ടുകാരും വീട്ടില്‍ വരുന്നവരും ഒക്കെ തിമ്മന്‍ എന്ന് തന്നെ വിളിക്കാന്‍ തുടങ്ങി .


ആദ്യമായി അവരെ കാണാന്‍ അവന്റെ അച്ഛന്‍ കുഞ്ഞു പണിക്കന്‍ ഞങ്ങളുടെ വീട്ടില്‍ എത്തിയപ്പോള്‍ തിമ്മന്‍ അച്ഛനെ കണ്ടു പൊട്ടിക്കരഞ്ഞു കൊണ്ട് കെട്ടിപ്പിടിച്ചതു ഇന്നും ഞാന്‍ ഓര്‍ക്കുന്നു . ഒരു കൊതുക് പോലെയിരുന്ന തന്റെ മകന്‍ ഉരുണ്ടു കൊഴുത്തു ഗണപതിയെ പ്പോലെ ഇരിക്കുന്നത് കണ്ടു ആ മനുഷ്യന് വിശ്വസിക്കാന്‍ ആയില്ല . ഒരു കൈക്ക് പോളിയോ വന്നു സ്വാധീനം നഷ്ടപ്പെട്ട ആ മനുഷ്യന്‍ മറ്റൊരു നിവൃത്തിയും ഇല്ലാഞ്ഞിട്ടാണ് മകനെ വീട്ടുവേലക്കു നിര്‍ത്താന്‍ സമ്മതിച്ചത് . ആ തഴപ്പായ് കച്ചവടക്കാരന്റെ ജീവിതം അത്രയ്ക്ക് ദാരിദ്രവും പ്രരാബ്ദവും നിറഞ്ഞത്‌ ആയിരുന്നു . മൂത്ത മകന്‍ അയച്ചു കൊടുക്കുന്ന മുപ്പതു രൂപയാണ് അയാള്‍ക്ക് അന്ന് വലിയ ആശ്വാസം .


ഞങ്ങളില്‍ നലാമാനെപ്പോലെ തിമ്മന്‍ അരീക്കര വളര്‍ന്നു . അച്ഛനും അമ്മയും അവനു പുതിയ ഉടുപ്പും നിക്കറും ഒക്കെ ഞങ്ങള്‍ക്ക് വാങ്ങമ്പോഴോക്കെ വാങ്ങും . കൂടാതെ എന്റെ പഴയ വസ്ത്രങ്ങള്‍ ഒക്കെ അവനാണ് . കൊച്ചനിയനുമായി ചിലപ്പോള്‍ ചെറിയ കശ പിശ ഒക്കെ ഉണ്ടാകുമെങ്കിലും തിമ്മന്‍ ഞങ്ങളുടെ വീട്ടിലെ ഒരംഗത്തെ പ്പോലെ വളര്‍ന്നു വന്നു . അമ്മക്ക് അവനെ ഉത്സവത്തിനും സര്‍ക്കസിനും സിനിമക്കും ഒക്കെ ഞങ്ങളെ അയക്കുന്നതുപോലെ ഒരുക്കി തലമുടി ചീകി കൊടുത്തു അയക്കും . അമ്മക്ക് പെട്ടന്ന് ദേഷ്യം വരുന്ന ആളായതിനാല്‍ ചിലപ്പോള്‍ ഒക്കെ ഒരു ഞെരുട് കൊടുക്കും . പക്ഷെ ഞങ്ങളെ അടിക്കുന്നതുപോലെയോ വഴക്ക് പറയുന്നതുപോലെയോ ഒരിക്കലും തിമ്മനോട് പെരുമാറിയിട്ടില്ല . " അമ്മയില്ലാതെ വളര്‍ന്ന പയ്യനല്ലേ .. പാവം " എന്നെ പറയുകയുള്ളൂ .


തിമ്മന്‍ പറഞ്ഞു പറഞ്ഞു വലിയ ഒരു പയ്യന്‍ ആയി , എല്ലാവര്‍ഷവും അവന്റെ അച്ഛന്‍ അവനെ തിരികെ കൊണ്ടുപോവണമെന്നും ഒക്കെ പറഞ്ഞു വരും . അമ്മ അത് കേട്ട് ശമ്പളം ഒന്ന് കൂട്ടും . അങ്ങിനെ വര്‍ഷം ആറായി. ഒറ്റയ്ക്ക് വീട്ടില്‍ പോവാനും വരാനും ഒക്കെ തിമ്മന്‍ പഠിച്ചു . അവന്റെ അച്ഛന്റെ സ്ഥിതിയും ഒക്കെ മെച്ചപ്പെട്ടു , അവസാനം അവനെ വീട്ടില്‍ കൊണ്ടുപോവണം എന്ന് കട്ടായം പറഞ്ഞു വന്നു . മനസ്സില്ലാ മനസ്സോടെ അമ്മ ഒടുവില്‍ സമ്മതിച്ചു . അവന്‍ വലിയ ഒരാള്‍ ആയില്ലേ , ഇനി എങ്ങിനെയാ അവനെ ഇവിടെ പിടിച്ചു നിര്‍ത്തുന്നത് , അവന്റെ അച്ഛന്‍ പറഞ്ഞാല്‍ വിടാതിരിക്കാന്‍ ആവുമോ , അങ്ങിനെ അമ്മ അവനു പണവും ഒരു പെട്ടി നിറയെ വസ്‌ത്രങ്ങളും ചെറിയ ചെറിയ സാധങ്ങളും ഒക്കെ യാത്രയാക്കി . ഞങ്ങള്‍ എല്ലാം കരഞ്ഞ ദിവസം ആയിരുന്നു അത് . ആറു വര്‍ഷം അവന്‍ ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ അവന്‍ വെറും തിമ്മന്‍ ആയിരുന്നു . അവന്‍ ഇല്ലാതിരുന്നപ്പോള്‍ അവന്റെ വില എന്താണന്നു എനിക്ക് മനസ്സിലായി .

അമ്മ കൈയ്യിലിരുന്ന ചീപ്പ് കൊണ്ട് അവനെ ചുരുളന്‍ മുടി ഒന്ന് ക്കൂടി ചീകി " എണ്ണ പുരട്ടിയോടാ ?" പറഞ്ഞു യാത്രയാക്കി . അമ്മയുടെ കണ്ണ് നിരഞ്ഞില്ലേ ?

" സാറമ്മേ .. ഞാന്‍ ഇടയ്ക്കിടെ വരാം .. അനിയണ്ണാ പോട്ടെ .. കൊച്ചു മോനെ പോട്ടെ .. വിജയണ്ണന്‍ വരുമ്പോ പറയണേ അമ്മെ " എന്ന് പറഞ്ഞു പെട്ടിയും തൂക്കി പടിയിറങ്ങിയ തിമ്മനെ ഞാന്‍ നോക്കി നിന്നു.


കാലം പിന്നെയും മുന്നോട്ട് പോയി , ആദ്യമൊക്കെ തിമ്മന്‍ കത്തുകള്‍ ആരെക്കൊണ്ടെങ്കിലും എഴുതിച്ചു അയക്കുമായിരുന്നു . പിന്നെ അത് ക്രമേണ ഇല്ലാതായി . അമ്മയും മിക്കപ്പോഴും തിമ്മന്റെ കാര്യം പറയുമായിരുന്നു .


നാലച്ചു കൊല്ലങ്ങള്‍ക്ക് മുന്‍പ് ഞാന്‍ തിരുവന്തപുരത്തേക്ക്‌ കാറില്‍ പോവുകയാണ് . കരുനാഗപ്പള്ളിക്ക് മുന്‍പ് വവ്വക്കാവില്‍ മാമിയുടെ വീട്ടി കയറിയിട്ടെ പോകൂ . വെറുതെ മാമിയോടു തിമ്മന്റെ വീട്ടു പേര് ചോദിച്ചു . മാമിക്ക് വലിയ പിടി ഒന്നും ഇല്ല


" അനിയാ , ആ സ്കൂള്‍ ന്റെ അടുത്ത് ചെന്ന് ചോദിച്ചാ ചിലപ്പോ അറിയാന്‍ പറ്റും ? "

എനിക്കെന്തോ , തിമ്മനെ ഒന്ന് കണ്ടുപിടിക്കണം എന്ന് തോന്നി , മാമി പറഞ്ഞത് പോലെ ആ എല്‍ പീ സ്കൂള്‍ ന്റെ അടുത്ത് ചെന്ന്
" ഒരു തഴപ്പായ് കച്ചവടക്കാരന്‍ കുഞ്ഞു പണിക്കന്റെ വീട് അറിയുമോ ?"
" ഒരു കൈയ് വയ്യാത്ത ഒരാളല്ലേ ?, അയാള് മരിച്ചിട്ട് കൊല്ലം പത്തിരുപതു ആയല്ലോ '
" അയാളുടെ ഒരു മോനില്ലേ , രാജന്‍ അയാളുടെ വീട് അറിയുമോ "
" ആ പേര്‍ഷ്യക്കാരന്‍ രാജനല്ലേ , അയാള്‍ ദാ സ്കൂളിന്റെ വടക്കേ അറ്റത്തു റോഡു ഇടത്തോട്ടു തിരിയും , ആ വളവില്‍ ക്കാണുന്ന ഒരു തേക്കാത്ത വീടുണ്ട് , അതാ അയാളുടെ വീട് "

ഞാന്‍ പറഞ്ഞ വഴിയൊക്കെ തപ്പി പിടിച്ചു ആ തേക്കാത്ത വീടിന്റെ മുന്നില്‍ , കഷ്ടിച്ച് കാര്‍ മുറ്റത്ത് കേറ്റിയിട്ടു. മുറ്റത്ത് ഒരു സ്ത്രീ നില്‍ക്കുന്നു .


" ഈ രാജന്‍ ന്റെ വീട് ഇതല്ലേ ?"


" അതെ , ചേട്ടന്‍ മുക്കിനോട്ടു പോയി , ഞാന്‍ മൊബൈലില്‍ വിളിക്കാം "


ഞാന്‍ അവിടെ മുറ്റത്ത് തന്നെ നിന്നു . ഇനി തിമ്മന്റെ വീട് തന്നെ ആണോ ഇത് ?


അഞ്ചു മിനിട്ട് കഴിഞ്ഞു കാണും , ഒരു കണ്ണാടി ക്കാരന്‍ സ്കൂട്ടറില്‍ വീട്ടിലെത്തി , ആകെ കഷണ്ടി , ബാക്കി മുടി മുഴുവന്‍ നര ! കണ്ടിട്ട് തിമ്മന്റെ ഒരു ലക്ഷണവും ഇല്ല .


" ആരാ , എവിടുന്നാ.. കാര്‍ ആന്ധ്രാ നമ്പര്‍ ആണല്ലോ "


ഞാന്‍ അയാളെ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി , അതെ അയാളുടെ ചെവിയുടെ അടുത്ത് കവിളില്‍ ഒരു വലിയ തടിച്ച മറുക് , ഇത് തിമ്മന്‍ തന്നെ .


" ഡാ.. തിമ്മാ നീ എന്നെ അറിയുമോ ?"


അയാള്‍ എന്നെ കെട്ടിപ്പിടിച്ചു വലിയ വായില്‍ ഒരു കരച്ചില്‍ . ആ വലിയ കരച്ചില്‍ കേട്ട് അകത്തു നിന്നും മുതിര്‍ന്ന രണ്ടു പെണ്‍കുട്ടികള്‍ പുറത്തേക്ക് വന്നു . എല്ലാവരും പകച്ചു നില്‍ക്കുകയാണ് .


" അനിയണ്ണാ ..... എനിക്കിപ്പോ എന്റെ സാറമ്മയെ കാണണം, നമുക്ക് ഇപ്പൊ ഇറങ്ങാം "


" ഡാ തിമ്മാ , മിണ്ടരുത് , നിനക്ക് ആറുകൊല്ലം വെച്ച് വിളമ്പി തന്ന ആ അമ്മയെ നീ ഒന്ന് തിരിഞ്ഞു നോക്കിയോ , നീ എന്നെങ്കിലും അരീക്കര വന്നു ഒന്ന് അന്വേഷിച്ചോ ? നീ വല്ല്യൊരു പെര്‍ഷ്യാക്കാരന്‍"


" അടി അണ്ണാ , അടി , എന്റെ രണ്ടു കരനത്തും അടി "


തിമ്മന്‍ എന്റെ കൈ പിടിച്ചു അയാളുടെ കവിള ത്തേക്ക് ഓങ്ങി , ഏങ്ങലടിച്ചു കരഞ്ഞു .


" സാരമില്ല തിമ്മാ , ഞാനും നിന്നെ ഇതുവരെ തിരക്കിയില്ലല്ലോ , ഞാന്‍ നിന്നെ കണ്ടു പിടിച്ചല്ലോ , നിന്റെ പോണ്ണന്‍ തടി ഒക്കെ എവിടെപ്പോയടാ "


വിശേഷവും കാപ്പിയും ഊണും എല്ലാം കഴിഞ്ഞു ഞാന്‍ യാത്ര പറഞ്ഞു ഇറങ്ങിയപ്പോള്‍ നേരം സന്ധ്യ ആയിക്കഴിഞ്ഞിരുന്നു . കരച്ചിലും കെട്ടി പിടിച്ച്ചിലും ഒക്കെ ഇടയ്ക്കിടെ തുടര്‍ന്നു.


ഹൈദരാബാദില്‍ തിരിച്ചു വന്നു പിറ്റേദിവസം അരീക്കര നിന്നും അച്ഛന്‍ വിളിച്ചു


" ഡാ , നമ്മുടെ പഴയ രാജന്‍ വന്നു , അമ്മയുടെ കാല്‍ കെട്ടിപ്പിടിച്ചു ഒരേ കരച്ചില്‍, നിര്‍ത്തുന്നില്ല , അമ്മയ്ക്കും ആകെ വിഷമം , "


"ഡാ തിമ്മാ . നിനക്ക് എന്നെ കരയിപ്പിച്ചു മതിയായില്ലേ , എന്റെ അമ്മയെക്കൂടി കരയിപ്പിക്കാന്‍ വന്നിരിക്കുവാ അല്ലെ "

No comments:

Post a Comment