Sunday 1 July 2012

നാക്കള്ളം

 
 
 ഞാന്‍ പ്രീ ഡിഗ്രി ക്ക് പഠിക്കുമ്പോള്‍ ബസ്‌ കാത്തു കാലം തൊട്ടാണ് വേലപ്പന്‍ ചേട്ടനെ കാണാന്‍ തുടങ്ങിയത് , അച്ഛന്റെ ഒരു പരിചയക്കാരന്‍ ആയിരുന്നതിനാല്‍ അത്യാവശ്യം കുശലം ഒക്കെ നടത്തും. വേലപ്പന്‍ ചേട്ടന്‍ മുന്‍പ് പട്ടാളത്തില്‍ ആയിരുന്നു . രണ്ടു മക്കളും നേഴ്സ് ആയി അമേരിക്കയില്‍ , ഭാര്യ വളരെ മുന്‍പേ മരിച്ചു പോയി . വേലപ്പന്‍ . സ്വന്തം പെന്‍ഷനും മക്കള്‍ അയച്ചു കൊടുക്കുന്ന കാശും കുറെ തെങ്ങും റബ്ബര്‍ ഉം ഒക്കെ ആയി വേലപ്പന്‍ ചേട്ടന് സംഗതി കുശാലാണ് . മക്കള്‍ അമേരിക്കയില്‍ കൊണ്ടുപോകാം എന്നൊക്കെ പല തവണ പറഞ്ഞു നോക്കി , വേലപ്പന്‍ അമ്പിനും വില്ലിനും അടുക്കില്ല . കുളിച്ചു കുട്ടപ്പനായി വെളുത്ത മുണ്ടും ഷര്‍ട്ടും ഒക്കെ ഇട്ടു വേലപ്പന്‍ ചേട്ടന്‍ മിക്കദിവസവും ബസ്‌ കാത്തു നില്‍ക്കുന്നത് കാണാം . വേലപ്പന്‍ ചേട്ടന് ഒറ്റ പ്രശ്നമേ ഉള്ളൂ ,
" എവിടെ പ്പോവാ വേലപ്പന്‍ ചേട്ടാ " എന്നെങ്ങാനം ചോദിച്ചാല്‍ ആളുടെ മുഖം ഒന്ന് കറക്കും , പിന്നെ വായില്‍ വരുന്ന ഒരു സ്ഥലം പറയും . ചിലപ്പോള്‍ " ഓ ചുമ്മാ നിക്കുവാ " അല്ലെങ്കില്‍ " ദാ പോസ്റ്മാനെ നോക്കി നിക്കുവാ " എന്നൊക്കെ തട്ടി വിടും .
" കൊട്ടാരക്കര വരെ പോവാ , ഒരു പശുവിനെ വാങ്ങാന്‍ " ,
" അതിനു ബസ്‌ അപ്പറത്തെ സൈഡ് അല്ലെ ചേട്ടാ "
" ഓ , വെയിലാ , ബസ്‌ വരുമ്പോ ആങ്ങോട്ടു പോയാല്‍ മതിയല്ലോ "
സത്യത്തില്‍ വേലപ്പന്‍ ചേട്ടന്‍ എവിടെ പോവാണെന്ന് ഒരിക്കലും പറയില്ല . കോട്ടയത്ത് പോവാന്‍ നിക്കുകയാനെങ്കില്‍ കൊട്ടാരക്കരയും പന്തളത്ത് പോവാന്‍ നിക്കുകയാനെങ്കില്‍ ചങ്ങന്നാശ്ശേരിയും എന്നെ പറയൂ , ഞങ്ങള്‍ കോളേജില്‍ പോകാന്‍ നില്‍ക്കുന്ന കുട്ടികള്‍ എങ്ങിനെയോ ഒടുവില്‍ ആ രഹസ്യം മണത്തറിഞ്ഞു. വേലപ്പന്‍ ചേട്ടന്‍ ദൂരെ സ്ഥലങ്ങളില്‍ ഉള്ള പ്രസിദ്ധമായ കള്ളുഷാപ്പുകള്‍ തിരക്കി പോവുന്നതാണ് , കുമരകം , കരിമ്പിന്‍ കാല , കുരമ്പാല , കൊട്ടാരക്കര , അതാണ്‌ വേലപ്പന്‍ ചേട്ടന്റെ ഇഷ്ട വിനോദം . ലോകത്തില്‍ ഒരു മനുഷ്യര്‍ അറിയാതെ ഇങ്ങനെ പേരുകേട്ട കള്ളുഷാപ്പുകള്‍ അരിച്ചു പെറുക്കി കണ്ടു പിടിച്ചു യാത്രയാണ് . ഇഷ്ടം പോലെ കുടിച്ചും ഇഷ്ട വിഭവങ്ങള്‍ കഴിച്ചും ഒക്കെ വേലപ്പന്‍ ചേട്ടന്‍ ആരുമറിയാതെ സന്ധ്യയോടെ തിരിച്ചു ബസ്‌ ഇറങ്ങും . അങ്ങിനെ ഞങ്ങള്‍ കുട്ടികള്‍ വേലപ്പന്‍ ചേട്ടനെ " നാക്കെടുത്താല്‍ കള്ളം " എന്ന വാക്കിന്റെ ചുരുക്ക പേരായ " നാക്കള്ളം" എന്ന് കോട് ഭാഷ നല്‍കി വിളിക്കാന്‍ തുടങ്ങി . വേലപ്പന്‍ ചേട്ടനെ കാണുന്നതും " ഇന്നെങ്ങോട്ടാ ചേട്ടാ ?" എന്ന് ചോദിക്കേണ്ട താമസം " അറിഞ്ഞിട്ടു എന്തോ വേണം , ഞാന്‍ ഐ ജിയെ ക്കാണാന്‍ തിരുവന്തോരത്ത് പോവാ, എന്താ വരുന്നോ ? "
" അത് ശരി , അപ്പൊ ഐ ജീ യുടെ കൂടെയാ ഇന്ന് കള്ളുകുടി " അത് കേട്ടതും വേലപ്പന്‍ ചേട്ടന്‍ ഒരു ചമ്മലോടെ " പോയിനെടാ, പോയി കാളേജില്‍ പോയി രണ്ടക്ഷരം പഠിക്കാന്‍ നോക്ക് " എന്ന് പറഞ്ഞു ഞങ്ങളെ വിരട്ടി വിടും .

ഹരിശ്ചന്ദ്രന്റെയും ഗാന്ധിജിയുടെയും കഥകള്‍ വായിച്ചു പുളകം കൊള്ളുമെങ്കിലും നമ്മള്‍ ഒരു ദിവസം ചെറുതും വലുതും ആയ എത്ര കള്ളങ്ങള്‍ ആണ് പറയുന്നത് . ഒരു ദിവസമെങ്കിലും ഒരു കള്ളം എങ്കിലും പറയാത്ത ആരെങ്കിലും ഉണ്ടാവുമോ , എനിക്കറിയില്ല . വല്ല യോഗികളും കാണുമായിരിക്കും .

" കൊച്ചെ , ആര് വിളിച്ചാലും ഞാന്‍ ഇവിടില്ലന്നു പറഞ്ഞേക്കണം " എന്ന് മകളോട് പറയുന്ന അച്ഛനും , " നാളെ കല്യാണത്തിന്‍ പോവാന്‍ ഉള്ളതിനാല്‍ " നാളെ പനി ആണെന്ന് സ്കൂളില്‍ പറഞ്ഞാല്‍ മതി " എന്ന് മകനോട്‌ പറയുന്ന അമ്മയും എല്ലാം പലതരം കള്ളങ്ങള്‍ പറയാനും സത്യങ്ങള്‍ പറയാതിരിക്കാനും കുട്ടികളെ പരിശീലിപ്പിക്കുക തന്നെ ആണ് .

ചിലപ്പോള്‍ കള്ളങ്ങള്‍ പറയുന്നത് ചെറിയ കാര്യങ്ങളില്‍ ആയിരിക്കും , താല്‍ക്കാലികമായി ഒന്ന് പിടിച്ചു നില്‍ക്കാനോ മുഖം രക്ഷിക്കാനോ അഭിമാനം രക്ഷിക്കാനോ ട്രെയിനില്‍ സീറ്റ് കിട്ടാനോ ബസിന്റെ ക്യൂ തെറ്റിച്ചു പെട്ടന്ന് അകത്തു കയറാനോ ഒക്കെ ആയിരിക്കും . അതൊന്നും തെറ്റാണ് അന്ന് നമുക്ക് തോന്നാറും ഇല്ല .


എന്റെ കുട്ടിക്കാലത്ത് ചെറിയ ചെറിയ മോഷണങ്ങള്‍ നടത്തി ചെറിയ ചെറിയ വരുമാനം സംഘടിപ്പിക്കരുണ്ടാ യിരുന്നു . പിടിക്കപ്പെടുമ്പോഴെല്ലാം അതി കഠിനമായ ശിക്ഷയും കിട്ടുമായിരുന്നു . അന്ന് ആഗ്രഹങ്ങള്‍ ചെറുതായിരുന്നു , " ഒരു ചന്ദ്രക്കല മിട്ടായി , ഒരു കപ്പലണ്ടി മിട്ടായി , ഒരു ഗ്യാസ് മുട്ടായി , ഒരു ഉണ്ണിയപ്പം, ഒരു ബോണ്ടാ " ഇത്തരം ആവശ്യങ്ങള്‍ക്ക് ബെഡ് ജെറ്റ് കണ്ടു പിടിക്കുക എന്ന പണിയാണ് പലപ്പോഴും ചെറു മോഷണങ്ങളില്‍ ചെന്ന് അവസാനിക്കുന്നത് . സത്യം പറഞ്ഞാല്‍ അടി, കള്ളം പറഞ്ഞാല്‍ ഇരട്ടി അടി , അതായിരുന്നു വീട്ടിലെ സ്ഥിതി .


ഒരിക്കല്‍ മണ്ണെണ്ണ വാങ്ങി വരുമ്പോള്‍ ബാക്കി വന്ന ഒരു പത്ത് പൈസ ഒരു കയ്യാല പൊത്തില്‍ ഒളിപ്പിച്ചു വീട്ടില്‍ പരുങ്ങി പരുങ്ങി വന്നു കയറി . ബാക്കി ചോദിച്ചതും " രണ്ടു രൂപയ്ക്കു മണ്ണെണ്ണ വാങ്ങി " എന്ന് പറഞ്ഞു . അച്ഛന്‍ പട്ടാളം ആയതിനാല്‍ മറുപടി കേട്ടപ്പോഴേ ഒരു കള്ളം മണത്തു.. വന്ന പോലെ എന്നെ കൊണ്ട് റേഷന്‍ കടയിലേക്ക് നടന്നു, റേഷന്‍ കടയില്‍ നല്ല ആളുള്ള നേരം , ഞാന്‍ പരുങ്ങി നില്‍ക്കുക ആണ് . അച്ഛന്‍ അകത്തേക്ക് പോയി " ഇവന്‍ ഇപ്പൊ എത്ര രൂപയ്ക്കു മണ്ണെണ്ണ വാങ്ങിയത് ? "

" എന്താ സാറെ , ഒരു രൂപ തൊണ്ണൂറു പൈസ , ബാക്കി പത്ത് പൈസ അനിയന് കൊടുത്തല്ലോ "
അച്ഛന്റെ കൈയ്യിലെ ചൂരവടി അപ്പോഴാണ്‌ ഞാന്‍ കാണുന്നത് , ആളുകള്‍ മുഴുവന്‍ നോക്കി നില്‍ക്കെ തുടങ്ങിയ അടി വീട്ടിലെത്തുവോളം , കയ്യാല പോത്ത് കാണിച്ചു കൊടുക്കാന്‍ അവിടുന്ന് അടി , ചോര വരുന്നത് വരെ , അങ്ങിനെ എത്ര എത്ര അടികള്‍ , എത്ര എത്ര ചോരപ്പാടുകള്‍ .

ചിലപ്പോള്‍ സത്യം പറഞ്ഞാലും വിശ്വസിക്കാത്തവരുണ്ട് , അങ്ങിനെ അവര്‍ക്ക് യോജിച്ച കള്ളങ്ങള്‍ പറഞ്ഞു ശീലിക്കുന്നവരുണ്ട്. എനിക്കറിയാവുന്ന ഒരു ബാങ്ക് മാനേജര്‍ വൈകി വീട്ടില്‍ എത്തിയാല്‍ ഉടന്‍ ഭാര്യ ചോദ്യം ചെയ്യല്‍ കാരണം അവസാനം വൈകുമ്പോള്‍ ഒക്കെ മറ്റെന്തെങ്കിലും കാരണം പറഞ്ഞു വഴക്ക് ഒഴിവാക്കുന്നത് അറിയാം . സത്യത്തില്‍ വന്ന വഴി പഴയ സുഹൃത്തിനെയോ സഹാപാറിയെയോ ആയിരിക്കും അയാള്‍ കണ്ടത് , പക്ഷെ ഭാര്യക്ക് സംശയം ആകേണ്ട എന്ന് കരുതി മാനേജര്‍ ഹെഡ് ഓഫീസിലേക്ക് വിളിപ്പിച്ചു , ഇന്ന് മറ്റൊരു ബാങ്കില്‍ പരിശോധനക്ക് പോയി എന്ന് തുടങ്ങിയ കള്ളങ്ങള്‍ പറയുന്നത് വീട്ടില്‍ സമാധാനം കിട്ടും എന്ന നിലയായി . ഇതേ അവസ്ഥ തിരിച്ചുമാകാം , വൈകി വീട്ടിലെത്തിയാല്‍ ഭര്‍ത്താവ് ചോദ്യം ചെയ്യുന്ന രീതി ഒഴിവാക്കാന്‍ കള്ളങ്ങള്‍ പറഞ്ഞു തുടങ്ങാം ,


കാലം മാറിയതോടെ കള്ളങ്ങള്‍ പറയുന്നതില്‍ തെറ്റില്ലന്നു മാത്രമല്ല , പ്രായോഗിക ജീവിതത്തില്‍ ആവശ്യവും ആണെന്ന നില വന്നു . ബിസിനസ്‌ കാര്യങ്ങളില്‍ , മാര്‍ക്കറ്റ്‌ ങ്ങില്‍, ആശുപത്രിയില്‍ , കോടതിയില്‍ , ഒക്കെ കള്ളങ്ങള്‍ പലവിധം സന്ദര്‍ഭങ്ങള്‍ അനുസരിച്ച് പറയാന്‍ ഇന്ന് നാം ശീലിച്ചു കഴിഞ്ഞു .


ഞാന്‍ ആദ്യം മുംബയില്‍ ജോലി ചെയ്തതത് ഒരു പഞ്ചാബി കമ്പനിയില്‍ ആയിരുന്നു , എന്റെ കമ്പനി ഉടമസ്ഥന്‍ ഫോണില്‍ പറയുന്ന കള്ളങ്ങള്‍ കേട്ട് ഞാന്‍ ആദ്യത്തെ കുറെ ദിവസം അന്തം വിട്ടു നിന്നിട്ടുണ്ട് .

: ഞാന്‍ ഇന്നലെ ജപ്പാനില്‍ ആയിരുന്നു " " ഞാന്‍ നാളെ അമേരിക്കക്ക് പോവുന്നു " എന്ന് തുടങ്ങി നിരവധി ഹൈ ടെക്ക് കള്ളങ്ങള്‍ പറയുന്നത് ഞാന്‍ കേട്ടു. നല്ല മാനേജര്‍ എന്നാല്‍ നല്ല കള്ളം, കള്ളം അല്ല എന്ന് തോന്നാത്ത വിധം പറയണം എന്ന് ആദ്യം കേട്ടു തുടങ്ങിയത് അവിടെയാണ് . ഞങ്ങളുടെ എം ആര്‍ ഐ വാങ്ങാന്‍ വരുന്ന വലിയ ആശുപത്രികളുടെ ഉടമസ്ഥരായ വിദഗ്ധഡോക്ടര്‍ മാര്‍ പറയുന്ന വിദഗ്ധമായ കള്ളങ്ങള്‍ കേട്ടാല്‍ ബോധം കെടുത്താന്‍ മയക്കു മരുന്ന് ഒന്നും വേറെ ആവശ്യമില്ല . അതെല്ലാം ബിസിനസ്‌ അല്ലെങ്കില്‍ ജീവിതത്തിന്റെ ഭാഗം ആയി മാറി . സത്യമായ നല്ല കള്ളം പറയുന്നവന്‍ വിജയിക്കുന്ന ലോക നീതി നാം ശീലിച്ചു കഴിഞ്ഞു .

നമുക്ക് ഏറ്റവും അടുപ്പമുള്ള ആള്‍, അത് ഭാര്യ , ഭര്‍ത്താവു , കാമുകി, കാമുകന്‍ , മകന്‍ , മകള്‍ , സഹോദരി , സുഹൃത്ത്‌ നമ്മളോട് കള്ളം പറഞ്ഞു എന്ന് നമുക്ക് ബോധ്യം വരികയോ സംശയം വരികയോ ചെയ്‌താല്‍ അത് ചിലപ്പോള്‍ നമ്മളെ തളര്ത്തുകയോ തകര്‍ക്കുകയോ തന്നെ ചെയ്തേക്കാം . എത്ര കള്ളം പറഞ്ഞു ശീലിച്ച ആളും സ്വയം ആ സ്ഥാനത്ത് വരുമ്പോള്‍ അത് സഹിക്കാന്‍ പറ്റി എന്ന് വരികയില്ല ., പിന്നെ എന്തിനു കള്ളം പറഞ്ഞു , കള്ളമാണോ പറഞ്ഞത് , കള്ളമാണെങ്കില്‍ പിന്നെ സത്യം എന്താണ് എന്ന് വേണ്ട നമ്മള്‍ പിന്നെ രഹസ്യപ്പോലിസിന്റെ പണി വരെ ഏറ്റെടുക്കും . ചിലര്‍ കള്ളം തെളിയിക്കാന്‍ എന്ത് സാഹസവും ചെയ്യും !


പണ്ട് ഒരു കള്ളം തെളിയിക്കാന്‍ എന്റെ അച്ഛന്‍ എന്നെ അടിച്ചു കള്ളം തെളിയിച്ചത് പോലെ മര്‍ദ്ദനവും , സാക്ഷികളും സാഹചര്യ തെളിവുകളും ഒക്കെ വേണമായിരുന്നു . ഇന്ന് കള്ളം തെളിയിക്കാന്‍ ആധുനിക മാര്‍ഗങ്ങള്‍ നിരവധിയാണ് . ഒളി ക്യാമറ , ലൈ ഡിറ്റ്‌ക്ടര്‍ ടെസ്റ്റ്‌ , നാര്‍കോ ടെസ്റ്റ്‌ എന്ന് വേണ്ട എന്തെല്ലാം മാര്‍ഗങ്ങള്‍ ആണ് . കള്ളം തെളിയിക്കാന്‍ സംശയിക്കുന്ന ആളിന്റെ അടുത്ത് പോലും പോവണ്ട എന്ന സ്ഥിതി ആണ് .


മുംബയിലെ എന്റെ സഹപാറിയും എഞ്ചിനീയറിംഗ് ഒന്നാം റാങ്ക് ക്കാരനുമായ മനോജ്‌ കരം നടത്തുന്ന ഒരു റിസര്‍ച്ച് ലാബു ഞാന്‍ ഈയിടെ സന്ദര്‍ശിച്ചു . അദ്ദേഹം ഡെവലപ്പ് ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ പ്രധിരോധ സേനക്കും പോലീസിനും ഒക്കെ വേണ്ടി യുള്ള ചില വര്‍ക്ക്‌ കള്‍ ആണ് . അതില്‍ പ്രധാനം മൊബൈല്‍ ട്രാക്കിംഗ് എന്നൊരു സംവിധാനം ഞാന്‍ കണ്ടു അന്തം വിട്ടു നിന്ന്, നമ്മുടെ മൊബൈല്‍ ഏതു സ്ഥലത്ത് എപ്പോള്‍ ഉണ്ടായിരുന്നു എന്ന് ഗൂഗിള്‍ മാപ്പിലോ സാറ്റലൈറ്റ് മാപ്പിലോ കണ്ടു പിടിക്കാന്‍ സഹായിക്കുന്ന ഒന്നാണിത് . ഒരു കുറ്റകൃത്യം നടന്ന സ്ഥലം അവിടെ ലഭ്യമായിരുന്നതോ അറിവുള്ളതോ ആയ മൊബൈല്‍ ഫോണ്‍ സെറ്റുകള്‍ മൊബൈല്‍ ടവര്‍ സിഗ്നല്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്യുക വഴി ആരൊക്കെ എവിടൊക്കെ സഞ്ചരിച്ചു എന്ന് കണ്ടുപിടിക്കാം എന്നത് എത്ര എത്ര കുറ്റങ്ങള്‍ ആണ് തെളിയിക്കാന്‍ സഹായിക്കുന്നത് . " ഞാന്‍ സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല " എന്ന വാദം പല കുറ്റവാളികളും ഉപയോഗിക്കുന്നത് ഈ മൊബൈല്‍ ട്രാക്കിംഗ് ല്ലൂടെ ആ സമയം ആ നമ്പര്‍ എവിടെ ആയിരുന്നു എന്ന് ട്രാക്ക് ചെയ്യുന്നതോടെ പൊളിയും . ഏകദേശം ഒരു മീറ്റര്‍ കൃത്യതയോടെ, ഏതു കെട്ടിടത്തില്‍ ഉണ്ടായിരുന്നു എന്ന് വരെ ഒരു മൊബൈല്‍ ട്രാക്ക് ചെയ്യാം എന്നാണു പറയപ്പെടുന്നത്‌ . ഇതൊന്നും പൊതുജനത്തിനു തല്ക്കാലം ഉപയോഗിക്കാന്‍ അനുവദനീയമാകും എന്ന് തോന്നുന്നില്ല , കാരണം ഇതില്‍ ഒരു വ്യക്തിയുടെ സ്വകാര്യതയുടെ മേലുള്ള കടന്നു കയറ്റം തുടങ്ങിയ പല സങ്കീര്‍ണ വിഷയങ്ങളും ഇത്തരം ട്രാക്കിംഗ് ല്‍ ഉണ്ട് . അല്ലെങ്കില്‍ മീറ്റിങ്ങിനു അന്നെന്നു പറഞ്ഞു പോയ ഭര്‍ത്താവ് ഷോപ്പിംഗ്‌ മാളിലോ ബിയര്‍ ബാറിലോ ഇരിക്കുന്നത് ഭാര്യ കണ്ടു പിടിച്ചാലോ ട്യൂഷന്‍ നു പോവാ എന്ന് പറഞ്ഞു പോവുന്ന മകന്‍ സിനിമാ ഹാളില്‍ ഇരിക്കുകുന്നത് അച്ഛന്‍ കണ്ടുപിടിച്ചാലോ ഉള്ള അവസ്ഥ എന്തായിരിക്കും . ഗൂഗിള്‍ ലാറ്റിട്ട്യൂഡ് പോലുള്ള ചില സൈറ്റ് കള്‍ മൊബൈല്‍ ഇരിക്കുന്ന സ്ഥലം കണ്ടപിടിക്കാന്‍ സഹായിക്കും എങ്കിലും അതിനെല്ലാം പല പരിമിതികള്‍ ഉണ്ട് .

ചുരുക്കത്തില്‍ " ഞാന്‍ അവിടാ , ഇവിടാ" , തുടങ്ങിയ കള്ളങ്ങള്‍ പറയുന്നത് മൊബൈല്‍ കയ്യില്‍ വെച്ച് കൊണ്ട് ആണെങ്കില്‍ ചിലപ്പോള്‍ ആരെങ്കിലും ഇത്തരം ട്രാക്കിംഗ് ലൂടെ നിങ്ങള്‍ ശരിക്കും ഉണ്ടായിരുന്ന സ്ഥലം കണ്ടു പിടിച്ചാല്‍ ശരിക്കും പണി കിട്ടിയത് തന്നെ എന്ന് ഇനി ഓര്‍ക്കേണ്ടി വരും .

വേലപ്പന്‍ നായര്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയി , പറഞ്ഞ കള്ളങ്ങള്‍ എല്ലാം അതോടെ മന്‍മറയുകയും ചെയ്തു . ഇപ്പോള്‍ മൊബൈല്‍ ട്രാക്കിംഗ് ഉള്ള ഒരു കാലം ആയിരുന്നു വേലപ്പന്‍ നായര്‍ ഉണ്ടായിരുന്നു എങ്കിലോ ,

" അനിയാ ഞാന്‍ ഇന്നലെ കോഴിക്കോട്ടു വരെ ഒന്ന് പോയി , ,
" വേലപ്പന്‍ ചേട്ടാ .. ആ മൊബൈല്‍ നമ്പര്‍ ഒന്ന് തന്നെ "

"വേലപ്പന്‍ ചേട്ടാ , വേല കയ്യില്‍ ഇരിക്കട്ടെ , എന്റെ മേശപ്പുറത്തു വെച്ചിരിക്കുന്ന കുന്ത്രാണ്ടം ഒന്ന് നോക്കിയേ

ചേട്ടന്‍ രാവിലെ ഏഴു മണിക്ക് ബസില്‍ കയറി ചെങ്ങന്നൂര് ഇറങ്ങി , അവിടെ നിന്ന് എഴരക്ക്‌ ഓട്ടോ പിടിച്ചു റെയില്‍വേ സ്റ്റേഷന്‍ എത്തി , അവിടെനിന്നു ഏറ്റു മണിക്ക് വേണാടിനു കോട്ടയത്ത് പോയി , അവിടെ നിന്ന് ഓട്ടോ പിടിച്ചു പ്രൈവറ്റ് സ്റ്റാന്‍ഡില്‍ എത്തി , അവിടെ നിന്നും 9 30 നു കമരകത്ത് എത്തി, ബോട്ട് ജെട്ടി ഒന്ന് കറങ്ങി , പിന്നെ ... ശരിക്ക് കാണുന്നില്ല .. ആ കള്ള് ഷാപ്പില്‍ കയറി , 11 മണിക്ക് തോട്ടപ്പള്ളി ബസില്‍ എത്തി , 12 മണി വരെ കല്‍പ്പക വാടി, അവിടെ നിന്ന് രണ്ടു മണിക്ക് ആലപ്പുഴ , പിന്നെ 3 മണിക്ക് ചെങ്ങന്നൂര്‍ ഫാസ്റ്റ് , അഞ്ചു മണിക്ക് മുളക്കുഴ ഓട്ടോ പിടിച്ചു ഇറങ്ങി , അഞ്ചരക്ക് നാല് കാലില്‍ വീട്ടിലെത്തി . "

പധോം ... അത് വേലപ്പന്‍ നായര്‍ ബോധം കെട്ടു വീഴുന്ന ശബ്ദം ആയിരുന്നു .


ദാ കിടക്കുന്നു പാവം " നാക്കള്ളം "

1 comment:

  1. കള്ളത്തരം കണ്ടുപിടിക്കുന്ന മെഷീന്‍ ഉണ്ടാക്കിയാല്‍ ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് അതായിരിക്കും...

    ReplyDelete