Monday 1 October 2012

ഒരു പ്രവാസിയുടെ കടം !

 
 
സൌദിയിലെ എന്റെ പ്രവാസ ജീവിതത്തെ പറ്റി ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നവര്‍ വലിയ ലക്ഷപ്രഭുക്കള്‍ ആയവരോ നാട്ടില്‍ കൊട്ടരം പണിതവരോ പൊങ്ങച്ചം പറഞ്ഞവരോ ഒന്നും അല്ല . പലതരം കഷ്ടപ്പാടുകളുടെ നടുവിലും സത്യസന്ധതയും ആത്മാര്‍ഥതയും കൊണ്ട് എന്റെ മനസ്സ് കീഴടക്കിയവരാണ് . എന്റെ എട്ടുവര്‍ഷത്തെ സൗദി ജീവിതത്തില്‍ ഞാന്‍ പരിചയപെട്ട ചില ശുധാത്മാക്കളെ പറ്റി എപ്പോഴെങ്കിലും എഴുതുമെന്നു അത് ഇതുപോലെ അനേകം പേര്‍ വായിക്കാന്‍ ഇടയാകും എന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചുമില്ല .

സൌദിയിലെ ജോലിയുടെ ഭാഗമായി ധാരാളം യാത്രകള്‍ നടത്തിയിട്ടുണ്ട് . ദീര്‍ഘമായ ഡ്രൈവിംഗ് എനിക്ക് വലിയ ഇഷ്ടമായിരുന്നു . സൌദിയില്‍ ജോലിക്ക് സെലെക്ഷന്‍ കിട്ടിയതിനു ശേഷമാണ് ഞാന്‍ മുംബയില്‍ ഡ്രൈവിംഗ് പഠിച്ചു ലൈസന്‍സ് എടുത്തത് . റിയാദില്‍ എത്തി ലൈസന്‍സ് കിട്ടിയ ദിവസം തന്നെ ഫിലിപ്സ് കമ്പനി ഒരു പുതു പുത്തന്‍ കാമ്രി കാര്‍ എനിക്ക് തന്നു . ആ സന്തോഷവും പൊങ്ങച്ചവും എത്ര ശ്രമിച്ചിട്ടും എനിക്ക് മറച്ചു വെക്കാന്‍ സാധിച്ചില്ല . ഞാന്‍ നാട്ടിലേക്കും സഹപാറികള്‍ക്കും എല്ലാം പൊങ്ങച്ചം നിറഞ്ഞ കത്തുകളും കാറില്‍ ചാരി നില്‍ക്കുന്ന ഫോട്ടോകളും അയച്ചു കൊണ്ടിരുന്നു . നീണ്ട യാത്രകള്‍ ചെയ്യാന്‍ കിട്ടിയ അവസരങ്ങള്‍ ഒക്കെ കാറില്‍ തന്നെ പോകാന്‍ ശ്രമിച്ചിരുന്നു . അകത്തു യേശുദാസിന്റെ സംഗീത കച്ചേരിയോ കാവാലം ശ്രീകുമാറിന്റെ നാടന്‍ പാട്ടുകളോ ഒക്കെ കേട്ട് പെപ്സിയും നുണഞ്ഞു ഉള്ള ആ യാത്രകള്‍ എനിക്ക് ഒരു അഹങ്കാരം നിറഞ്ഞ ഹരം തന്നെ ആയിരുന്നു .

സൗദി കുവൈറ്റ്‌ അതിര്‍ത്തിക്കടുത്ത് ഹാഫ്രാല്‍ ബാത്തെന്‍ എന്ന ഒരു ചെറു നഗരം ഉണ്ട് . അവിടെ ഒരു വലിയ മിലിട്ടറി ക്യാമ്പ് ആണ് പ്രധാന കേന്ദ്രം . ആ വലിയ മിലിട്ടറി സിറ്റി ക്ക് ഉള്ളില്‍ ഒരു മിലിട്ടറി ആശുപത്രി ഉണ്ട് . അവിടെ ഉള്ള മിക്ക സ്കാന്നിംഗ് ഉപകരണങ്ങളും ഫിലിപ്സ് ന്റെ ആണ്. അതില്‍ പ്രധാനം എം ആര്‍ ഐ തന്നെ . ഈ മിലിട്ടറി സിറ്റി ക്കുള്ളില്‍ കടന്നുകൂടാന്‍ പലതരം പാസുകളും ഒക്കെ ആവശ്യമാണ് . കാറ് ഉള്ളില്‍ കൊണ്ടുപോവണമെങ്കില്‍ അതിനും പ്രത്യേക പാസ് വേണം .
റിയാദില്‍ നിന്നും ഏകദേശം അഞ്ചു മണിക്കൂര്‍ ഡ്രൈവ് ചെയ്തു വേണം ഈ സ്ഥലത്തെത്താന്‍ , വരുന്ന വഴി അവിടവിടെ ചില പെട്രോള്‍ പമ്പുകളും ഒക്കെയുള്ള ചെറു നഗരങ്ങള്‍ ഒഴിച്ചാല്‍ ഏറെക്കുറെ മരുഭൂമി തന്നെയാണ് . നീണ്ടു പറന്നു റണ്‍വേ പോലെ കിടക്കുന്ന റോഡിനു ഇരുവശവും ചുവന്ന മണല്‍ കൂമ്പാരങ്ങളും കുറെ ഒട്ടകങ്ങളും മാത്രം . പക്ഷെ യാത്ര എന്നും ഒരു ഹരമായി ക്കരുതി ഈ യാത്രകള്‍ എല്ലാം ഞാന്‍ ഇഷ്ടപെട്ടിരുന്നു .

ഹഫ്രാല്‍ ബാതെന്‍ എത്തുന്നതിനു മുന്‍പ് ഒരു ചെറു ഗ്രാമം ഉണ്ട് . ഒരു പെട്രോള്‍ പമ്പ്‌ ഉം ഒന്ന് രണ്ടു കടകളും ഒരു ചറിയ ഹോട്ടല്‍ ഉം . അത്ര തന്നെ . ഞാന്‍ റിയാദില്‍ നിന്നും രാവിലെ തിരിക്കുന്നതിനാല്‍ മിക്കവാറും ഊണ് സമയം ആവുമ്പോള്‍ ഈ സ്ഥലത്ത് എത്തും . അങ്ങിനെ ' ഹോട്ടല്‍ " എന്ന് മലയാളത്തില്‍ ചോക്ക് കൊണ്ട് എഴുതി വെച്ചിരിക്കുന്ന ഈ ഹോട്ടല്‍ നു മുന്‍പില്‍ നിര്‍ത്തി അകത്തു കടന്നു " ഊണ് കിട്ടുമോ " എന്ന് മലയാളത്തില്‍ തന്നെ ചോദിച്ചു .
" ഉണ്ട് "
" മീന്‍ കറി ചോറ് കിട്ടുമോ "
" മീന്‍ ഇല്ല , ചോറ് , ചിക്കന്‍ , മട്ടന്‍ , കബ്സ "
അതൊരു ചെറിയ മുറി ആണ് , മൂന്നോ നാലോ പ്ലാസ്റിക് മേശകള്‍ , അതില്‍ താജ്മാഹളിന്റെയും കശ്മീര്‍ പൂന്തോട്ടത്തിന്റെയും ഒക്കെ ചിത്രമുള്ള ഷീറ്റുകള്‍ , കുടിക്കാന്‍ വെള്ളം നിറച്ച പ്ലാസ്റിക് ജഗ്ഗുകള്‍ ,
ഹോട്ടല്‍ നടത്തുന്ന മലയാളി തിരൂര്‍ കാരന്‍ ആണ് , അഹമ്മദ് കുട്ടി , അടുക്കളയില്‍ പിന്നെ രണ്ടു ജോലിക്കാര്‍ , കഴിക്കാന്‍ വരുന്നത് കൂടുതലും ട്രെക്ക് ഓടിക്കുന്ന ഇന്ത്യക്കാരും പാകിസ്താന്‍ കാറും ആണ് . മലയാളം ഭരണഭാഷ പോലെ അവിടെ എപ്പോഴും കേള്‍ക്കാം . ചെറുതായിട്ടും എനിക്ക് അഹമ്മദ് കുട്ടിയുടെ ഹോട്ടല്‍ നന്നേ പിടിച്ചു . എന്റെ ഇഷ്ട ഭക്ഷണമായ മീന്‍ കറി ചോറ് കിട്ടിയില്ല എന്ന് മാത്രം . പകരം വീ ഐ പീ പരിഗണന കിട്ടി .

അങ്ങിനെ മിക്ക ഹാഫ്രാല്‍ ബാതെന്‍ യാത്രകളിലും ഞാന്‍ അഹമ്മാട് കുട്ടിയുടെ ഹോട്ടലില്‍ ഉച്ച ഭക്ഷണം പതിവാക്കി . മിക്കവാറും എല്ലാ മാസവും ഒരു യാത്ര വീതം ഉണ്ടായിരുന്നതിനാല്‍ ഓരോ തവണയും അഹമ്മദ് കുട്ടി എന്റെ ഉച്ചഭക്ഷണം കേമം ആക്കാന്‍ ശ്രമിച്ചു , താമസിയാതെ ഞാന്‍ വരുന്ന ദിവസങ്ങള്‍ അടുത്തുള്ള പെട്രോള്‍ പമ്പില്‍ വിളിച്ചു പറയാന്‍ തുടങ്ങി . അങ്ങിനെ ഓര്‍ഡര്‍ കൊടുത്തു മീന്‍ കറിയും ചോറും എനിക്ക് വേണ്ടി അഹമ്മദ് കുട്ടി തയ്യാറാക്കാന്‍ തുടങ്ങി . ഒന്ന് കഴിഞ്ഞു ഞാന്‍ ചില ടിപ് ഒക്കെ കൊടുത്തു അയാള്‍ എന്റെ കാര്‍ വരെ വന്നു വര്‍ത്തമാനം ഒക്കെ പറഞ്ഞു പോകുന്ന അത്ര അടുപ്പം ആയി . അയാള്‍ പല നാടുകളിലും ആയി ഇരുപതു കൊല്ലത്തോളം ആയി ഗള്‍ഫില്‍ ആണ് . മാജ്ര ( കൃഷി ത്തോട്ടം ) മുതല്‍ സൂപ്പര്‍ മാര്‍ക്കെറ്റ് വരെ പലതരം പണികള്‍ ചെയ്തു അവസാനം ഒരു കഫീലിന്റെ ദയ യില്‍ ഈ ഹോട്ടല്‍ നടത്തുക ആണ് . മൂന്നു പെണ്മക്കള്‍ , വിവാഹ പ്രായം ആയിരിക്കുന്നു . അതാണ്‌ അഹമ്മദ് കുട്ടി യുടെ പ്രധാന ആധിയും. എങ്ങിനെയെങ്കിലും അവരെ കെട്ടിച്ചയക്കാന്‍ ഉള്ള വക ഉണ്ടാക്കി നാട്ടില്‍ പറ്റണം. ഓരോ തവണയും എന്നോട് നാട്ടിലെ പ്രശ്നങ്ങള്‍ ഒക്കെ പറയും , മേശക്കടുത്ത് വന്നു " സര്‍ ഇനി ചോറ് വേണോ , കറി കുറച്ചൂടെ തരട്ടെ , ഇന്ന് ഒട്ടും കഴിച്ചില്ലല്ലോ , " ഇങ്ങനെ പല വിധ വിശേഷങ്ങള്‍ പറയും . എന്നെ അയാളുടെ നാട്ടിലെ സങ്കടങ്ങള്‍ പറയാനുള്ള ഒരു നല്ല ചങ്ങാതി ആയി കാണുന്നു എന്ന് എനിക്ക് തോന്നി . അയാളുടെ കഥകള്‍ എനിക്ക് കേള്‍ക്കാന്‍ വലിയ താല്‍പ്പര്യവും ആയിരുന്നു .

അങ്ങിനെ പല വര്‍ഷങ്ങള്‍ കഴിഞ്ഞു , ഇതനകം അഹമ്മാട് കുട്ടി എന്റെ ഹാഫ്രാല്‍ ബാതെന്‍ യാത്രയിലെ ഏറ്റവും ഹൃദ്യമായ ചങ്ങാതി ആയിക്കഴിഞ്ഞു . അയാളുടെ വീട്ടിലെ അംഗങ്ങള്‍ എല്ലാം എനിക്ക് അത്രയ്ക്ക് പരിചയം ആയിക്കഴിഞ്ഞിരുന്നു . ഞാന്‍ ഊണ് കഴിക്കാന്‍ വരുന്ന ദിവസം അയാള്‍ നേരത്തെ അറിയുന്നതിനാല്‍ എന്തെങ്കിലും ഒക്കെ സ്പെഷ്യല്‍ ആയി കറിയോ മീന്‍ വരുത്തതോ ഒക്കെ കാണും . അത്രയും സമയവും എന്റെ മേശക്കരികെ നിന്ന് വര്‍ത്തമാനം പറയുകയും ചെയ്യും . ഊണ് കഴിഞ്ഞാല്‍ എന്റെ കാര്‍ വരെ വന്നു ഞാന്‍ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്താലും പിന്നെയും ഡോര്‍ ല്‍ പിടിച്ചു പിന്നെയും എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കും .

" സര്‍ , എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട് , സാറിനു പ്രയാസം ഉണ്ടെകില്‍ വേണ്ട "
" പറഞ്ഞോ അഹമ്മദ് കുട്ടി "
" സര്‍ , എനിക്ക് കുറച്ചു കാശ് കടം തരുമോ , എനിക്ക് നാട്ടില്‍ പോകണം എന്നുണ്ട് , മൂത്തവളുടെ കല്യാണം നടത്തണം എന്നുണ്ട് , സര്‍ സഹായിച്ചാല്‍ പോകാം , ആറു മാസത്തെ അവധി വേണം , ഞാന്‍ തിരികെ വന്നു ഉടന്‍ വീട്ടിക്കോളാം. സര്‍ ഒന്ന് മനസ്സ് വെച്ചാല്‍ "
ഞാന്‍ പറ്റുമെന്നോ പറ്റില്ലന്നോ പറയാന്‍ വയ്യാത്ത ഒരു അവസ്ഥയില്‍ ആയി . കാരണം അയാള്‍ ചോദിച്ചത് സാമാന്യം വലിയ ഒരു തുക ആണ് . അന്നത്തെ ഇന്ത്യന്‍ രൂപ വെച്ച് നോക്കിയാല്‍ നല്ല ഒരു തുക വരും .
അഹമ്മദ് കുട്ടിയെ മാസത്തില്‍ ഒരു തവണ വീതം രണ്ടു മൂന്നു വര്‍ഷം ആയി കാണുന്നു എന്നല്ലാതെ അയാളെ പറ്റി കൂടുതല്‍ ഒന്നും എനിക്കറിയില്ല , ഞാന്‍ വല്ലാത്ത ഒരു ധര്‍മ സങ്കടത്തില്‍ ആയി .
" അഹമ്മട് കുട്ടി , ഇങ്ങനെ പെട്ടന്ന് ചോദിച്ചാല്‍ ..."
" പെട്ടന്ന് വേണ്ട സര്‍ , അടുത്ത മാസം സര്‍ വരുമ്പോള്‍ തന്നാല്‍ മതി , സര്‍ എന്ത് പേപ്പര്‍ വേണമെങ്കിലും ഞാന്‍ എഴുതി തരാം , സര്‍ പറ്റില്ല എന്ന് മാത്രം പറയരുത് , എന്റെ മകളുടെ ഒരു കാര്യമാണ് "
എന്തോകൊണ്ടോ എനിക്ക് അയാളോട് " ശരി , ഞാന്‍ നോക്കാം " എന്ന് പറയാനേ കഴിഞ്ഞുള്ളു .
" സര്‍ അടുത്ത തവണ വരുന്നതിനു മുന്‍പ് ഈക്കാര്യം ശരിയായി എന്ന് ക്കൂടി ഒന്ന് പറയണം, അത് കേട്ടിട്ട് വേണം എനിക്ക് കഫീലിനെ കാണാന്‍ , വിസ അടിക്കണം , ആറു മാസത്തെ റീ എന്‍ട്രി അടിക്കണം , വീട്ടില്‍ അറിയികണം "

അത്രയും സന്തോഷം നിറഞ്ഞ അയാളുടെ മുഖം ഞാന്‍ അന്ന് വരെ കാണാത്തതായിരുന്നു. ദൈവമേ ഇയാള്‍ ഇനി പണം വാങ്ങി തിരിച്ചു വന്നില്ലെങ്കിലോ , ഏതായാലും ഞാന്‍ ഈക്കാര്യം ആരോടും പറഞ്ഞതും ഇല്ല .

അടുത്ത ഹഫ്രാല്‍ ബാതെന്‍ യാത്ടക്ക് മുന്‍പ് ഞാന്‍ പമ്പില്‍ വിളിച്ചു .
" നിസ്സാര്‍ , ആക്കാര്യം ശരി ആയി എന്ന് അഹമ്മദ് കുട്ടിയോട് ഒന്ന് പറഞ്ഞേര് , ഞാന്‍ നാളെ വരും , ശരി "

അഹമ്മദ് കുട്ടിക്ക് പണം കൈമാറുമ്പോള്‍ എനിക്ക് അത് തിരിച്ചു കിട്ടുമോ എന്ന് ഒരു പേടി ഒരിക്കല്‍ ക്കൂടി ഉണ്ടായിരുന്നു എന്നതാണ് സത്യം . എന്നിട്ടും അയാളോട് " എനിക്ക് പേപ്പര്‍ ഒന്നും വേണ്ട , നിങ്ങളെ എനിക്ക് വിശ്വാസം ആണ് , തിരിച്ചു വരുമ്പോള്‍ ഇങ്ങു തന്നാല്‍ മതി " അയാളുടെ കഷ്ടപ്പാടും വീട്ടിലെ പ്രശ്നങ്ങളും ഒക്കെ കേട്ട് എനിക്ക് അയാളോട് ഒരു കണ്ടീഷനും വെക്കാന്‍ മനസ് വന്നില്ല . തിരിച്ചു കിട്ടാന്‍ വിധി ഉണ്ടെങ്കില്‍ തിരിച്ചു കിട്ടട്ടെ , അല്ലെങ്കില്‍ അത് അയാളുടെ കഷ്ടപ്പാട് തീര്‍ക്കാന്‍ ഉപയോഗിച്ചു എന്ന് സമാധാനിക്കാം .

അയാള്‍ പോയി , മാസങ്ങള്‍ കടന്നു പോയി . ഇതിനിടെ ഞാന്‍ അല്‍ക്കൊബാര്‍ ലേക്ക് മാറി , ഹഫ്രാല്‍ ബാതെന്‍ യാത്രകള്‍ നിലച്ചു . അയാള്‍ക്ക് എന്റെ റിയാദിലെ ഓഫിസ് നമ്പര്‍ അറിയാം എന്നതിനാല്‍ അയാള്‍ വിളിക്കും എന്ന് കരുതി . അയാള്‍ നാട്ടില്‍ എവിടെയാണെന്നോ അവിടുത്തെ ഏതെങ്കിലും നമ്പരോ എന്റെ കൈയ്യില്‍ ഇല്ല . അതൊക്കെ അയാള്‍ തരാന്‍ തയ്യാറായിരുന്നു , ഞാന്‍ തന്നെയാണ് ഒന്നും വേണ്ട എന്ന് തോളില്‍ തട്ടി പറഞ്ഞത് .

എന്തിനു പറയുന്നു , മാസങ്ങള്‍ ആറു കഴിഞ്ഞിട്ടും അഹമ്മാട് കുട്ടിയുടെ യാതൊരു വിവരവും ഇല്ല . അങ്ങിനെ പമ്പില്‍ ഒരു ദിവസം വിളിച്ചു നിസാറിനെ തിരക്കി .
" അയാള്‍ നാട്ടില്‍ തന്നെയാണ് , സാറിനോട് നാട്ടിലെ അഡ്രെസ്സ് ചോദിച്ചു വെക്കാന്‍ പറഞ്ഞു , സാറിന്റെ കാര്യം ശരിയാകാന്‍ കുറച്ചു താമസം ഉണ്ട് , ആകെ കടമാണ് സര്‍ , നാട്ടിലെ നമ്പര്‍ സാറിനു തരാന്‍ പറഞ്ഞു , തരട്ടെ സര്‍ "
ഞാന്‍ നാട്ടിലെ നമ്പര്‍ വാങ്ങി , എങ്കിലും വിളിച്ചില്ല , അത്രയേറെ കടങ്ങള്‍ കേറിയ ആ മനുഷ്യനോടു എന്റെ പൈസ എന്ന് തരും എന്ന് എനിക്ക് ചോദിക്കാന്‍ മനസ്സ് വന്നില്ല . നമ്പര്‍ എപ്പോഴെങ്കിലും വിളിക്കാം എന്ന് കരുതി ഞാന്‍ കുറിച്ച് വെച്ചു.

കാലം പിന്നെയും കടന്നു പോയി . ഞാന്‍ സൗദി വിടുന്നതിനു തൊട്ടു മുന്‍പ് ഫിലിപ്സ് ഓഫീസില്‍ എന്റെ പേര്‍ക്ക് അഹമ്മദ് അയച്ച ഒരു കത്ത് കിട്ടി .

" സര്‍ , എന്നെ ഒരു ചതിയനായി മാത്രം കാണരുത് , സര്‍ അന്ന് ആ പണം തന്നത് കൊണ്ടാണ് എന്റെ മകളുടെ വിവാഹം നടത്തിയത് . പക്ഷെ തിരിച്ചു വരാന്‍ സമയം ആയപ്പോഴേക്കും സാറിന്റെ കടം വീട്ടാന്‍ ഒരു മാര്‍ഗവും ഇല്ലായിരുന്നു . ഹോട്ടല്‍ നടത്താന്‍ ഏല്‍പ്പിച്ച ആള്‍ കാലു മാറി , ഞാന്‍ തിരിച്ചു വന്നാല്‍ പണിയും ഇല്ല , അതിനാല്‍ നാട്ടില്‍ തന്നെ നില്‍ക്കാം എന്ന് വിചാരിച്ചു . സാറിന്റെ കടം വീട്ടണം എന്ന ഒരു കാര്യമേ എന്റെ മനസ്സില്‍ ഉള്ളൂ , കാശ് ഇപ്പൊ റെഡി ആണ് സര്‍ , സാറിന്റെ അഡ്രസ്‌ വേണം , വീട്ടില്‍ കൊണ്ട് ചെന്ന് ഏല്‍പ്പിക്കാം......"
അയാളുടെ കത്ത് വായിച്ചു ഞാന്‍ അയാളുടെ സത്യസന്ധതയെ സംശയിച്ചു തുടങ്ങിയ സമയം ആയിരുന്നു . ഞാന്‍ ആ പാവം മനുഷ്യനെ വെറുതെ സംശയിച്ചു എന്ന് ഓര്‍ത്തു , ഏതായാലും നാട്ടില്‍ എത്തുമ്പോള്‍ തിരക്കാം ,

സൗദി വിട്ടു പിന്നെ ഞാന്‍ ജോലി ചെയ്തത് ഹൈദരാബാദില്‍ ആയിരുന്നു , അയാളുടെ നാട്ടിലെ നമ്പര്‍ എവിടെയോ കുറിച്ചിട്ടു , സാരമില്ല പണം ആവശ്യം വരുമ്പോള്‍ അന്വേഷിക്കാം എന്ന് വിചാരിച്ചു . ഞാന്‍ വിളിച്ചതും ഇല്ല , അയാള്‍ക്ക്‌ ഞാന്‍ നാട്ടില്‍ എത്തി എന്ന് അറിയാനും സാധ്യത ഇല്ല .

പിന്നെയും മൂന്നു കൊല്ലം കഴിഞ്ഞപ്പോള്‍ ഞാന്‍ കൊച്ചിക്ക്‌ താമസം മാറ്റി . ഹിറ്റാച്ചി കമ്പനിയുടെ സീ ടീ സ്കാനര്‍ ഇതിനിടെ മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്ന പണി നടക്കുകയാണ് . ആശുപത്രിയില്‍ എത്തിയ ഞാന്‍ അയാളുടെ നമ്പര്‍ ഒന്ന് വിളിച്ചു .
" സാറോ, സാറിനെ ഞാന്‍ എവിടെയെല്ലാം അന്വേഷിച്ചു സര്‍ , ഫിലിപ്സ് നു ഞാന്‍ ഒരു പത്ത് എഴുത്ത് എങ്കിലും അയച്ചു കാണും , ഞാന്‍ ഇപ്പൊ വരുന്നു സര്‍ , കൊരമ്പയില്‍ ആശുപത്രി എനിക്ക് അറിയാം "
ഞാന്‍ അവിടെ ഹോസ്പിടല്‍ ഉടമസ്ഥന്‍ ഡോ. മുഹമ്മദ്‌ അലി യുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ അഹമ്മദ് കുട്ടി എത്തി .
" സാറിനെ എന്റെ വീട്ടില്‍ കൊണ്ട് പോവാന്‍ ആണ് ഞാന്‍ വന്നത് , സര്‍ വന്നെ പറ്റൂ , ഊണ് എന്റെ വീട്ടില്‍ ആണ് "
ഞാന്‍ ജോലികള്‍ ഒതുക്കി അഹമ്മദ് കുട്ടിയുടെ വീട് കാണാന്‍ പോയി , ഉച്ചക്ക് ഊണിനു മീന്‍ കറിയും ചോറും ,
മൂന്നു കുട്ടികളുടെയും വിവാഹം നടത്തി , മരുമക്കള്‍ ഒക്കെ ചെറിയ ജോലികള്‍ ആയി ഗള്‍ഫില്‍ . പഴയ കാര്യങ്ങള്‍ ഒക്കെ സംസാരിച്ചിരുന്നു അഹമ്മദ് കുട്ടി പെട്ടന്ന് അകത്തോട്ടു പോയി

" സര്‍ , എനിക്ക് അന്ന് റിയാല്‍ ആണ് തന്നത് , അന്ന് സര്‍ അത് തന്നില്ലായിരുന്നെങ്കില്‍ എന്റെ നാട്ടില്‍ പോക്കോ മൂത്ത കുട്ടിയുടെ കല്യാണമോ ഒന്നും നടക്കുമോ എന്ന് എനിക്കറിഞ്ഞു കൂടാ , സര്‍ ആ റിയാലിന്റെ ഇന്നത്തെ രൂപ ഈ പോതിക്കകത്ത് ഉണ്ട് , ഇത്രയും കാലം ഞാന്‍ സാറിനെ തിരക്കി നടക്കുകയായിരുന്നു , സര്‍ ചെയ്ത ഉപകാരം മരണം വരെ ഞാന്‍ മറക്കുകയില്ല "

ബാങ്കില്‍ ഇട്ട പണം പലിശയടക്കം തിരികെ വാങ്ങുന്നത് പോലെയോ ഒരു പോളിസി മച്വാര്‍ ആയി തുക കിട്ടുന്നത് പോലെയോ ഒക്കെ ആണ് എനിക്ക് തോന്നിയത് . ആ മനുഷ്യന്റെ വലിയ മനസ്സ് ഞാന്‍ കണ്ടില്ലല്ലോ , അയാള്‍ എന്നെ അന്വേഷിച്ചു എവിടെയെല്ലാം തിരക്കി , എത്ര സത്യസന്ധതയോടെയാണ് ആ കടം വാങ്ങിയ പണം അയാള്‍ എന്നെ തിരിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് .

പ്ലാസ്റിക് ക്യാരി ബാഗില്‍ കൊണ്ട് വന്ന ആ പൊതി കണ്ടു ഞാന്‍ സത്യമായും അമ്പരന്നു , ഞാന്‍ എന്നെ മറന്നു പോയ പണം . ഒരിക്കലും തിരിച്ചു കിട്ടുകയില്ല എന്ന് വിചാരിച്ച പണം . എന്റെ അച്ഛനോ അമ്മയോ ഭാര്യയോ അറിയാതെ പോയ ഒരു പണമിടപാട് .

ഞാന്‍ ആ പൊതി വാങ്ങി , അയാള്‍ എന്റെ കയ്യും കൂട്ടിപ്പിടിച്ചു യാത്ര പറയാന്‍ നില്ല്കുകയാണ് . അയാളുടെ ഭാര്യയും മൂത്ത മകളും മകളുടെ മകള്‍ രസിയയും എന്നെ യാത്ര അയക്കാന്‍ ഉമ്മറപ്പടി വരെ വന്നു .

ഞാന്‍ ഒരിക്കല്‍ കൂടി ഹഫ്രാല്‍ ബാതെനിലെ ഹോട്ടല്‍ മീന്‍ കറിയും ചോറും ഒക്കെ ഓര്‍ത്തു . ഞാന്‍ സഹായിക്കും എന്ന് അയാള്‍ക്ക്‌ ഉറപ്പു ഉണ്ടായത് കൊണ്ടല്ലേ അയാള്‍ ആ തുക ചോദിച്ചത് . പാവം !

" അഹമ്മദ് കുട്ടി , നിങ്ങള്‍ നിങ്ങളുടെ മൂന്നു മക്കളുടെ കല്യാണം നടത്തി , എന്നെ ക്ഷണിച്ചില്ല "
" സര്‍ , അത് പിന്നെ "
"സാരമില്ല , അഹമ്മദ് കുട്ടി , ഞാന്‍ രസിയക്ക്‌ ഒരു സമ്മാനം കൊടുക്കുകാ , നിങ്ങള്‍ അവളെക്കൊണ്ട് അത് വാങ്ങിപ്പിക്കണം "
ഞാന്‍ ആ പ്ലാസ്റിക് ക്യാരി ബാഗ് റസിയയുടെ കൈയ്യില്‍ വെച്ചു കൊടുത്തു .
അവള്‍ അത് ചോക്ലേറ്റോ മറ്റോ ആണെന്ന് കരുതി അകത്തേക്ക് ഓടി .

അഹമ്മദ് കുട്ടി , നിങ്ങള്‍ എനിക്ക് തരാനുള്ള കടം ഞാന്‍ എന്നെ മറന്നു
എനിക്ക് നിങ്ങള്ക്ക് തരാനുള്ള ഒരു കടം ദാ ഇപ്പൊ ഞാനും വീട്ടി .

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഈ അനുഭവ കഥ സൌദിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് വാരാന്ത്യ പതിപ്പില്‍ " സ്നേഹത്തിന്റെ കിട്ടാക്കടങ്ങള്‍ " എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

    ReplyDelete
  3. EEyde Aayi Areekkara viseshangal onnum kittunnilla

    ReplyDelete