Sunday 24 June 2012

ഇത് മാര്‍ഗരെട്റ്റ് , മാഗി എന്ന് വിളിക്കും

 
അരീക്കര മൂലപ്ലാവ് മുക്കില്‍ അന്ന് ആകെ രണ്ടോ മൂന്നോ കെട്ടിടങ്ങളെ ഉള്ളൂ , മൂപ്പീന്നിന്റെ റേഷന്‍ കട, മോടീക്കാരന്റെ ചായക്കട, പിന്നെ വായനശാല . വീട്ടിലെ നിന്നും രക്ഷപെടാന്‍ ഞാന്‍ കണ്ടു പിടിച്ച മാര്‍ഗ്ഗം ആയിരുന്നു വായനശാലയില്‍ പോക്ക് . ആദ്യമൊക്കെ അച്ഛന്‍ കൊണ്ട് വന്നു വായിക്കുന്ന പുസ്തകങ്ങള്‍ അറിയാതെ എടുത്തു വായിക്കുമായിരുന്നു . പിന്നെ അച്ഛന്‍ എടുത്ത പുസ്തകം തിരിച്ചു കൊടുക്കുന്ന സമയത്ത് ഞാനും ഒരു പുസ്തകം എടുക്കാന്‍ തുടങ്ങി . യാത്രാ വിവരണ ത്തിലാണ് തുടക്കം , അതും എസ് കെ പൊറ്റക്കാടിന്റെ പുസ്തകങ്ങള്‍ , അത് വായിച്ചാണ് യാത്രകള്‍ ജീവിതത്തിന്റെ സ്വപ്നവും ലക്ഷ്യവുമായി മാറിയത് . അന്ന് ആരെങ്കിലും ഒക്കെ ഗള്‍ഫില്‍ പോയി വന്നു അവിടുത്തെ കാഴ്ചകളും ഒക്കെ വിവരിക്കുമ്പോള്‍ വെറുതെ ദീവാസ്വപ്നങ്ങള്‍ കണ്ടുകൊണ്ടിരിക്കും . എന്നായിരിക്കും ഒരു വിദേശ രാജ്യം കാണാന്‍ കഴിയുക , എസ് കെ യുടെ പുസ്തകങ്ങളില്‍ വായിച്ചു ശീലിച്ച ഏതെങ്കിലും ഒരു രാജ്യം നേരില്‍ കാണാന്‍ സാധിക്കുമോ ? അരീക്കര പോലെ ഒരു കുഗ്രാമത്തില്‍ എസ് കെ പൊറ്റക്കാടിന്റെ പുസ്തകം വായിച്ചു എന്നതൊന്നും വിദേശ രാജ്യം കാണാനുള്ള യോഗ്യത നേടിതരില്ലല്ലോ .

എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു മുംബയില്‍ ജോലിക്ക് കയറിയ ഉടനെ പാസ്പോര്‍ട്ട്‌ കയ്യില്‍ ഉണ്ടോ എന്ന ബോസ്സിന്റെ ചോദ്യം തന്നെ എന്നെ മനപായസം കുടിപ്പിച്ചു . പാസ്പോര്‍ട്ട്‌ ഒക്കെ സംഘടിപ്പിച്ചു ഞങ്ങളുടേത് തോഷിബ കമ്പനി ആയതിനാല്‍ ജപ്പാന്‍ യാത്ര ആയിരിക്കും ആദ്യം തരപ്പെടും എന്നായിരുന്നു എന്റെ പ്രതീക്ഷ . എല്ലാം ശരിയായ പോലെ അമ്മക്ക് ഇത് പറഞ്ഞു കത്തെഴുതുക ,ജപ്പാനിലെ കാഴ്ചകള്‍ ഭാവനയില്‍ കണ്ടു പഴയ കൂട്ടുകാര്‍ക്ക് കത്തെഴുതുക ഒക്കെയായിരുന്നു എന്റെ വിദേശ യാത്രകളോട് ഉള്ള അത്യാഗ്രഹം നിറഞ്ഞ വിനോദങ്ങള്‍ . അങ്ങിനെയിരുന്നപ്പോഴാണ് ഞങ്ങള്‍ നേത്ര ശാസ്ത്രക്രിയക്കും ഉദര ശാസ്ത്രക്രിയക്കും ഉപയോഗിക്കുന്ന ലേസര്‍ സര്‍ജറി ഉപകരണം വിതരണം ചെയ്യാന്‍ തീരുമാനിച്ചത് . അതിനായി ഈ രംഗത്ത് അന്ന് ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത ഒരു ആസ്ട്രേലിയന്‍ കമ്പനി യുമായി ഉടമ്പടി ഒപ്പ് വെച്ചു.


ഒരു ദിവസം എന്റെ ബോസ്സ് എന്നെ അദ്ദേഹത്തിന്റെ ക്യാബിനെക്ക് വിളിപ്പിച്ചു .

" സോം , നിങ്ങളെ ഞാന്‍ ആസ്ട്രെലിയിലെ അടലൈട് എന്ന പട്ടണത്തില്‍ ഒരു മാസത്തെ പരിശീലനത്തിന് അയക്കുകയാണ് . തയ്യാറായിക്കൊള്ളൂ . വിസയും ടിക്കറ്റ്‌ ഉം ഒക്കെ ശരിയാക്കണം "

ബോസ്സിന്റെ കാബിനില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ശൂന്യാകാശത്തില്‍ സഞ്ചരിക്കുന്നത് പോലെ ഒഴുകി നടക്കുന്നത് പോലെ . കാരണം ചെറുപ്പം മുതലുള്ള ഒരു വലിയ സ്വപ്നം , എസ് കെ പൊറ്റക്കാടിനെപ്പോലെ എനിക്കും ഒരിക്കല്‍ പോയ ഒരു രാജ്യത്തെ പറ്റി എന്തെങ്കിലും എഴുതണം . അമ്മയ്ക്കും മാമിക്കും പഴയ കൂട്ടുകാര്‍ക്കും ഒക്കെ കത്തെഴുതി , എല്ലാത്തിലും ഒരു പൊങ്ങച്ചം മാത്രം , ഞാന്‍ ആസ്ട്രേലിയ ക്ക് പോവുന്നു . സിംഗപ്പൂരും കാണും . അവര്‍ക്കറിയില്ലല്ലോ ഞാന്‍ എസ് കെ പൊറ്റ ക്കടിന്റെ പുസ്തകം വായിച്ചു കിടന്നപ്പോള്‍ കണ്ട സ്വപ്‌നങ്ങള്‍ ഒക്കെയും .

അങ്ങിനെ സ്വന്തം ബാഗിനേക്കാള്‍ ഭാരമുള്ള പൊങ്ങച്ച സഞ്ചിയും ഒക്കെ മുറുക്കി ഞാന്‍ സിംഗപ്പൂര് വഴി ദീര്‍ഘമായൊരു യാത്രയുടെ ഒടുവില്‍ ആസ്ട്രലിയ യിലെ അടലൈട് പട്ടണത്തില്‍ വിമാനം ഇറങ്ങി . ലേസരെക്സ് എന്ന പ്രസിദ്ധമായ കമ്പനിയുടെ പ്രതിനിധികള്‍ എന്നെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു . ലാന്‍ഡ്‌ ചെയ്യുന്നതിന് മുന്‍പ് ആകാശത്തില്‍ നിന്ന് നോക്കികണ്ട അടലൈട് പട്ടണം പച്ച പുതച്ച കുന്നുകളും മനോഹരമായ കടല്‍ത്തീരങ്ങളും ഒക്കെ ആയി അതി മനോഹരമായ ഒരു കാഴ്ച ആയിരുന്നു . ആലീസിന്റെ അത്ഭുതലോകം പോലെ ഞാന്‍ ആ മനോഹരമായ നഗരം ആസ്വദിച്ചു കണ്ടു . കമ്പനി പ്രതിനിധികള്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കാതെ ഞാന്‍ കാറില്‍ നിന്നും പുറത്തെ കാഴ്ചകള്‍ കണ്ടു രസിച്ചു .

അടലൈട് നഗരത്തില്‍ എന്റെ താമസം സണ്ണിസൌത്ത് മോട്ടെല്‍ എന്ന ഒരു പഞാബി നടത്തുന്ന ഒരു ചെറിയ ഹോട്ടലില്‍ ആയിരുന്നു . ഹോട്ടല്‍ ചെറുതായിരുന്നെങ്കിലും മുന്തിയ സൌകര്യങ്ങള്‍ ഉള്ള ആ മോട്ടെല്‍ എനിക്ക് നന്നേ പിടിച്ചു . രാവിലെത്തെയും വൈകിട്ടത്തെയും ഭക്ഷണം ആ മോട്ടെല്‍ ന് ചേര്‍ന്ന് താമസിക്കുന്ന മോടെല്‍ ഉടമ പഞാബില്‍ നിന്നും കുടിയേറിയ ഹരീന്ദര്‍ സിംഗ് ന്‍റെ വീട്ടില്‍ നിന്ന് തന്നെ ആയിരുന്നു . ഹരീന്ദര്‍ സിംഗ് ശരിക്കും ഒരു ഡോക്ടര്‍ , അതും ഒരു സര്‍ജന്‍ ആയിരുന്നു , അദ്ദേഹം ഈ രാജ്യത്തേക്ക് കുടിയേറി ഇവിടുത്തെ പരീക്ഷ പാസാവാന്‍ കഠിന പരിശ്രമം നടത്തിയിട്ടും കര കയറിയില്ല . ഒടുവില്‍ ആയുധം താഴെ വെച്ചു ഈ മോട്ടെല്‍ നടത്താന്‍ തീരുമാനിച്ചു .

ആദ്യത്തെ ആഴ്ച തന്നെ ഞാന്‍ ആ മനോഹരമായ പട്ടണത്തിലെ കാഴചകള്‍ ഒക്കെ കണ്ടു തീര്‍ത്തു, അന്തമില്ലാതെ പരന്നു കിടക്കുന്ന വൈന്‍ യാര്‍ഡുകള്‍, കംഗാരുക്കള്‍ മുറിച്ചു കടക്കുന്ന ഗ്രാമീണ റോഡുകള്‍ , അവിടുത്തെ മൃഗശാല , ഓപ്പല്‍ മൈനുകള്‍ , മനോഹരമായ കടല്‍ തീരങ്ങള്‍ , ചെറു വനങ്ങള്‍ അങ്ങിനെ അതൊരു സ്വപ്ന ലോകം തന്നെ ആയിരുന്നു .
ഹരീന്ദര്‍ സിങ്ങും കുടുംബവും എനിക്കും അതിവേഗം വളരെ പ്രിയപ്പെട്ടവരായി . അത്ര ഹൃദ്യമായിരുന്നു അവരുടെ പെരുമാറ്റവും ഭക്ഷണവും . ഞാന്‍ ലെസേരെക്സ് കമ്പനിയിലെ പരിശീലനം കഴിഞ്ഞു അഞ്ചു മണിയോടെ മോട്ടെളില്‍ എത്തും , നല്ല തണുപ്പ് ഉള്ളതിനാല്‍ കുളി രാവിലെ മാത്രം ആക്കി . പിന്നെ മുഴുവന്‍ സമയവും ഹരീന്ദര്‍ സിംഗുമായി നാട്ടിലെയും അവിടുത്തെയും വിശേഷങ്ങള്‍ പറഞ്ഞു ഉണ് കഴിച്ചു തിരിച്ചു റൂമില്‍ എത്തും .

കാണാനുള്ള കാഴ്ചകള്‍ ഒക്കെ ഏറെക്കുറെ രണ്ടു ആഴ്ചകൊണ്ട് കണ്ടു തീര്‍ത്തു എന്ന് തന്നെ പറയാം .
ആ ശനിയാഴ്ച എവിടെ പോകണം എന്ന് പ്ലാന്‍ ചെയ്യണം എന്ന് തീരുമാനിക്കാന്‍ ഞാന്‍ ഹരീന്ദര്‍ സിംഗ് ന്റെ മുറിയില്‍ ഇരിക്കുക ആണ് .

" സോം , ഞാന്‍ തന്നെ ഒരു സ്ഥലം ഇന്ന് കാണിച്ചു തരാം , നടന്നു പോവാനുള്ള ദൂരമേ ഉള്ളൂ "
എനിക്ക് എവിടെപ്പോകാനും ആവേശം ആയിരുന്നു . പറയാത്ത താമസം ഞാന്‍ റെഡിയായി
അങ്ങിനെ ഞങ്ങള്‍ വൈകിട്ട് ഒരു ചെറിയ നടപ്പ് നടന്നു ഒരു റിസോര്‍ട്ട് പോലെ തോന്നുന്ന ഒരു സ്ഥലത്ത് എത്തി . എനിക്ക് അത് ഒറ്റ നോട്ടത്തില്‍ ഇഷ്ടപ്പെട്ടു . വലിയ പുല്‍ത്തകിടിയും പൂന്തോപ്പും അരയന്നങ്ങള്‍ നീന്തിതുടിക്കുന്ന ചെറു തടാകവും ജലധാരയും ഒക്കെ ക്കൂടി ആകെ മനോഹരമായ ഒരു സ്ഥലം . നിരവധി വൃദ്ധജനങ്ങള്‍ അവിടെ വീല്‍ ചെയര്‍ലും ഊന്നു വടികളും ഒക്കെ ആയി ആ പുല്‍ത്തകിടിയില്‍ ഇരിക്കുകയും നടക്കുകയും ചെയ്യുന്നു .

' ഇത് പെന്‍ഷന്‍ പറ്റിയവര്‍ക്കും പ്രായം ചെന്നവര്‍ക്കും സര്‍ക്കാര്‍ ഒരുക്കിയ താമസ സ്ഥലം ആണ് . ഏജ് കെയര്‍ ഹോം എന്ന് വിളിക്കും . വാ നമുക്ക് അകത്തൊക്കെ ഒന്ന് ചുറ്റിക്കാണാം"

ഞങ്ങള്‍ ആ വലിയ കെട്ടിടത്തിന്റെ ലോബി യിലേക്ക് കടന്നു . അവിടെയും വളരെ നല്ല സംവിധാനങ്ങള്‍ , ഒരു സര്‍ക്കാര്‍ വൃദ്ധ ജനങ്ങള്‍ക്ക്‌ വേണ്ടി ചെയ്യുന്ന സൌകര്യങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി . അത്രയും വലിയ ആ കെട്ടിടത്തില്‍ അമ്പതു പേര് കാണും ,

ഹരീന്ദര്‍ സിംഗ് നെ കണ്ടതും " ഹലോ ഹരീന്ദര്‍ " എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് വീല്‍ ചെയറില്‍ നിന്നും എഴുനേല്‍ക്കാന്‍ ശ്രമിക്കുന്ന ഒരു മദാമ്മയെ എനിക്ക് പരിചയപ്പെടുത്തി തന്നു .

" സോം , ഇത് മാര്‍ഗരെട്റ്റ് , മാഗി എന്ന് വിളിക്കും , ഇവിടുത്തെ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് മാഗി . "
മാഗി എന്റെ കൈ പിടിച്ചു വീണ്ടും വീണ്ടു കുലുക്കി , എത്രയോ നാളത്തെ പരിചയം ഉണ്ടെന്നപോലെ ആന്നു മാഗിയുടെ പെരുമാറ്റം . അവിടുത്തെ സംസ്കാരം അനുസരിച്ച് എത്ര പ്രായം ഉള്ളവരെയും നമ്മുടെ അവരുടെ പേര് വിളിക്കാം , അച്ഛനെയും അമ്മയെയും പേര് തന്നെയാണ് വിളിക്കുക .

മാഗി ഒരു റേഡിയോ ബ്രോഡ്‌ കാസ്റെര്‍ ആയിരുന്നു . വാര്‍ത്ത വായിക്കുകയോ ചെറിയ നാടകത്തിനു ശബ്ദം കൊടുക്കുകയോ സ്ക്രിപ്റ്റ് എഴുതുകയോ ഒക്കെ ചെയ്യുക ആയിരുന്നു ജോലി .
മാഗി തുരുതുരാ എന്നോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു . ഇന്ത്യയെപ്പറ്റിയും കേരളത്തെപ്പറ്റിയും ഒക്കെ ഞാന്‍ പറഞ്ഞു . അന്ന് യാത്ര പറഞ്ഞപ്പോള്‍ ഇനിയും വരണം എന്ന് അവര്‍ വീണ്ടും വീണ്ടും പറഞ്ഞപ്പോള്‍ തീര്‍ച്ചയായും എന്ന് പറഞ്ഞു ഞാന്‍ ആ വെളുത്ത മെലിഞ്ഞ കൈകള്‍ പിടിച്ചു കുലുക്കി .

അന്ന് ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ ഞാന്‍ അവിടുത്തെ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഹരീന്ദര്‍ സിംഗ് നോട് വാ തോരാതെ സംസാരിച്ചിരുന്നു . പറഞ്ഞു പറഞ്ഞു മാഗിയെപ്പറ്റി സംഭാഷണം ചെന്ന് നിന്നു. എത്ര മനോഹരമായി സംസാരിക്കുന്നു ആ മദാമ്മ . എനിക്ക് വളരെ ഇഷ്ടമായി ആ പഴയ റേഡിയോ താരത്തെ .

" സോം , സോമിന് ഒരു കാര്യം അറിയാമോ , ഇതുപോലെ ഈ പട്ടണത്തില്‍ നിരവധി ഏജ് കെയര്‍ ഹോം മുകള്‍ ഉണ്ട് . അവിടെ താമസിക്കുന്ന മിക്കവാറും എല്ലാവര്ക്കും മക്കള്‍ ഉണ്ട് . അവര്‍ ഈ പട്ടണത്തില്‍ തന്നെ ഉണ്ട് , സ്വന്തം അച്ഛനെയും അമ്മയെയും വര്‍ഷത്തില്‍ ഫാദര്‍സ് ഡേയ്ക്കും മദര്‍സ് ഡേക്കും ഒരു റോസാപ്പൂവും ആയി വന്നു കാണുന്ന മക്കള്‍ ആണ് ഇവര്‍ക്കെല്ലാം "

ഞാന്‍ ചവച്ചു കൊണ്ടിരുന്ന ചപ്പാത്തി ഇറങ്ങുന്നില്ല എന്ന് എനിക്ക് തോന്നി , എനിക്ക് വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു . തൊണ്ട വറ്റുന്നത് പോലെ . ഞാന്‍ കേട്ടത് വിശ്വസിക്കാന്‍ കഴിയുന്നില്ല .

" സോം , മാഗി യുടെ മകന്‍ ഈ പട്ടണത്തില്‍ നിരവധി ചെറിയ വ്യവസായങ്ങള്‍ നടത്തുന്ന ഒരു ധനികന്‍ ആണ് . വര്‍ഷത്തില്‍ ഒരിക്കലോ മറ്റോ വന്നാല്‍ ആയി , മാഗിക്ക് നമ്മള്‍ ചെല്ലുന്നതും സംസാരിക്കുന്നതും വലിയ സന്തോഷം ആണ് , ഞാന്‍ ഇടയ്ക്കിടെ പോവും , കുറെ കാര്യങ്ങള്‍ പറയും, തിരിച്ചു വരും "

ഞാന്‍ റൂമില്‍ തിരിച്ചു വന്നു , ഉറങ്ങുന്നതിനു മുന്‍പ് അമ്മ എനിക്കയച്ച കത്ത് ഒന്ന് കൂടി വായിച്ചു

" നീ എവിടെപ്പോയാലും നന്നായി പെരുമാറണം , അഹങ്കാരം കുറക്കണം , ഗുരു സ്മരണ വേണം , കുളിച്ചാല്‍ നന്നായി തോര്‍ത്തണം, രാസ്നാദി പൊടി തിരുമണം... "

എന്തുമാത്രം വഴക്കും ഉപദേശങ്ങളും , എന്നിട്ടും എനിക്ക് അമ്മയെ ഒരു നിമിഷം പോലും മറക്കാന്‍ സാധിക്കുന്നില്ല , പാവം മാഗി , അതെ നഗരത്തില്‍ ഉള്ള സ്വന്തം മകന്‍ വന്നു കാണുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ , അതും ഒരു മണിക്കൂര്‍ , അമ്മക്ക് എഴുതാന്‍ വെച്ചിരുന്ന പേപ്പര്‍ എന്റെ കണ്ണീര്‍ വീണു നനഞ്ഞു .

പിന്നെയുള്ള എല്ലാ ദിവസങ്ങളും ഞാനും ഹരീന്ടരും മാഗിയെക്കാണാന്‍ പോവുക പതിവായി . ആദ്യം കണ്ട പൂന്തോപ്പും പുല്‍ത്തകിടിയും ജലധാരക്കും ഒക്കെ കണ്ണീരിന്റെ ഒരു നനവ് ഉണ്ടെന്നു എനിക്ക് മനസിലായി തുടങ്ങി .

ഹരീദര്‍ ഇല്ലെങ്കിലും ഞാന്‍ വൈകുന്നേരങ്ങളില്‍ മാഗിയെ കാണാന്‍ പോയിത്തുടങ്ങി . ഞാന്‍ വരുന്നതും മാഗി വീല്‍ ചെയര്‍ ഉരുട്ടി വരുന്നത് എനിക്ക് നിത്യ കാഴ്ച ആയി . മാഗിക്ക് ആയിരം കാര്യങ്ങള്‍ അറിയണം . തുരു തുരാ സംസാരിച്ചു കൊണ്ടിരിക്കും . ഞാന്‍ എന്റെ അമ്മയെപ്പറ്റി പറഞ്ഞു . ഞാന്‍ വളര്‍ന്ന കുഗ്രാമമായ അരീക്കരെയെപ്പറ്റി പറഞ്ഞു .

" Som , Do you miss your Mom ?"
" of course , maggie "
" Som , Do you love your Mom ?"
" Of course , maggie "

മാഗിയുടെ കണ്ണുകളിലെ നനവും ആ മുഖത്തെ ദൈന്യതയും എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി . എത്ര ആവേശത്തോടെ ആണ് ഞാന്‍ ഈ വിദേശ രാജ്യം കാണാന്‍ എത്തിയത് . ആദ്യം കാലു കുത്തുന്ന വിദേശ രാജ്യം .

അടലൈട് ലെ താമസം തീരുന്ന ആഴ്ച ഞാന്‍ വീണ്ടും മാഗിയെ ക്കാണാന്‍ പോയി . പോകാന്‍ നേരത്ത് എനിക്ക് മാഗി മനോഹരമായ ഒരു " ബൂമരാന്ഗ്" സമ്മാനിച്ചു . യാത്ര പറയാന്‍ നേരത്ത് " Som , my son give me a hug " എന്ന് പറഞ്ഞു കെട്ടിപ്പിടിച്ചു . മാഗിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .

ഇന്ന് നമ്മുടെ നാട്ടിലും വൃദ്ധ സദനങ്ങളും അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു പോവാനുള്ള ശരനാലയങ്ങളും ഒക്കെ ധാരാളം . പത്തിരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് അടലൈട് ഇല്‍മാത്രം കാണാന്‍ കഴിഞ്ഞ അത്തരം സംവിധാനം നമ്മുടെ നാട്ടില്‍ ഇത്ര വേഗം എത്തുമെന്ന് അന്ന് ഞാന്‍ വിചാരിച്ചില്ല .

അതിനു ശേഷം എത്രയോ വിദേശ രാജ്യങ്ങളും ലോകാത്ഭുതങ്ങളും ഒരു സഞ്ചാരിയുടെ കൌതുകത്തോടെ നോക്കി നിന്നിരിക്കുന്നു , മാഗിയുടെ മുഖം അപ്പോഴെല്ലാം ഞാന്‍ ഓര്‍ക്കും

" Som , Do you miss your Mom ?"
" Of course , maggie "

" Som , Do you love your Mom ?"
" Of course , maggie "

7 comments:

  1. അച്ഛനമ്മമാരെ വൃദ്ധസദനങളില്‍ ആക്കുന്ന മക്കളുടെ എണ്ണം കേരളത്തിലും കൂടി വരുന്നു.നമുക്കും വാര്‍ദ്ധക്യം ഉണ്ടെന്നുള്ളത് പലപ്പോഴും ആരും ഓര്‍ക്കാറില്ല...
    എല്ലാ മാതാപിതാക്കള്‍ക്കും വേണ്ടി 'ഹാപ്പി മദേര്‍ഴ്സ് ഡേ'

    ReplyDelete
  2. ഹൊ, ഈ മനുഷ്യൻ ഇനി എന്തൊക്കെ കാണിക്കും, പോറ്റി വളർത്തിയിട്ട് എന്ത് കാര്യം

    ReplyDelete
  3. 'ഹാപ്പി മദേര്‍ഴ്സ് ഡേ'

    ReplyDelete
  4. കണ്ണ് നനയാതെ വായിക്കാന്‍ കഴിയില്ല ..എന്നെ ജീവനെ ക്കാള്‍ സ്നേഹിച്ച എന്റെ അമ്മയുടെ മരണം ഞാന്‍ അറിയുന്നത് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ...അന്ന് മോബൈല്‍ ഒന്നും സാധാരണമല്ല ..അല്‍ ഖര്‍ജിലെ (സൗദി അറേബ്യ ) ഒരു മരുഭൂമിയില്‍ വച്ചാണ് ..ഒരു തിങ്കളാഴ്ച ഞാനെന്റെ അമ്മയുടെ മരണ വാര്‍ത്ത അറിയുന്നത് . അന്നേക്ക് നാല് ദിവസം കഴിഞ്ഞിരുന്നു ...അമ്മ മരിക്കുന്ന സമയത്ത് ഞാന്‍ ചീട്ടു കളിക്കുക ആയിരുന്നു ...മെയ്‌ 22---1998. ആ നീറുന്ന ഓര്‍മ്മകള്‍ എന്റെ ഹൃദയത്തെ കീറിമുറിക്കാന്‍ തുടങ്ങിയിട്ട് പതിനഞ്ചു വര്‍ഷങ്ങള്‍ ആകുന്നു ...ഇത്തവണ ആ ഓര്മ ദിനത്തില് ഞാന്‍ നാട്ടിലുണ്ടാവും ..

    ReplyDelete
  5. മാഗിയെ ഓര്ത്ത് കണ്ണീർ ഒഴുക്കുന്നതിനു മുന്പായി മാഗിയുടെ മകനോടും ചോദിക്കാമായിരുന്നു നിങ്ങളെ അമ്മ എങ്ങിനെ ആണ് നോക്കിയത് എന്ന്. സുഹ്രെതെ അവിടെ എല്ലാവര്ക്കും അവരുടെ സ്വന്തം ജീവിതമാണ്‌ വലുത്. മക്കളെ ഓർത്തു ജീവിതം കളയാൻ മാതാപിതാക്കൾക്കോ , മാതാപിതാക്കെള ഓർത്തു ജീവിതം കളയാൻ മക്കള്ക്കോ സമയം ഇല്ല.

    ReplyDelete
  6. മക്കളെ നോക്കാത്ത മാതാപ്പിതാക്കൾക്കും , മാതാപ്പിതാക്കളെ നോക്കാത്ത മക്കള്ക്കും ആവശ്യത്തിൽ അധികം സമയം കിട്ടും , മാഗിയുടെ പ്രായമാകുമ്പോൾ. ... അന്ന് .... അന്ന്.....:(

    ReplyDelete