Sunday, 8 April 2012

കരിങ്ങാട്ടിലെ വീട്

 
 
എന്റെ വീടിനു തൊട്ടു താഴെ ഉള്ള കരിങ്ങാട്ടിലെ വീട് വളരെ പേരുകേട്ടതാണ് , അതിനാല്‍ ഞങ്ങളുടെ വീടിനു കരിങ്ങാട്ടില്‍ തെക്കേതില്‍ എന്നും പേരുണ്ട് . കരിങ്ങാട്ടിലെ മൂപ്പീന്ന് എന്ന് അരീക്കരക്കാര്‍ മുഴുവന്‍ വിളിക്കുന്ന ഉഗ്ര പ്രതാപിയായ അവിടുത്തെ വല്ല്യച്ചനെ ഞങ്ങള്‍ കുട്ടികള്‍ ഒരേസമയം ബഹുമാനത്തോടെയും ഭയത്തോടെയും ആണ് കണ്ടിരുന്നത്‌ . ചന്ദനത്തിന്റെ നിറമുള്ള ശരീരവും തൂവെള്ള മുണ്ടും മേല്‍മുണ്ടും വെളുത്ത തലയില്‍ കെട്ടും സ്വര്‍ണ ഫ്രെയിം ഉള്ള കണ്ണാടിയും പിച്ചള ചുറ്റിട്ട ആ വലിയ മുളവടിയും മെതിയടിയും ഒക്കെ എന്റെ മനസ്സില്‍ മായാതെ ഇന്നും നില്‍ക്കുന്നു . ഒരുപാട് പാടവും തെങ്ങും തോപ്പും പറങ്കിമാവിന്‍ തോട്ടവും റബറും പുളിയും ഒക്കെ സ്വന്തമായുള്ള കരിങ്ങാട്ടിലെ മൂപ്പീന്ന് അരീക്കരയിലെ ഒരു ചെറു ജന്മി തന്നെയായിരുന്നു . എല്ലാ ദിവസവും പത്തും പന്ത്രണ്ടും പണിക്കാര്‍ വീതം പറമ്പിലും പാടത്തുമായി കാണും . ഞങ്ങള്‍ കുട്ടികള്‍ ആരും കേള്‍ക്കാതെ മാത്രമേ "മൂപ്പീന്ന് " എന്ന് പറയുകയുള്ളൂ , അദ്ദേഹത്തിനു ആണും പെണ്ണുമായി ഒറ്റ മകള്‍ , വത്സമ്മ അപ്പച്ചി അന്നത്തെ കാലത്ത് മറുനാട്ടില്‍ പോയി പഠിച്ചു കൊല്ലത്ത് കോളേജില്‍ ലക്ചറര്‍ ആയി, ഭര്‍ത്താവ് ആര്‍ എസ പീ നേതാവ് കിളങ്ങര രാജേന്ദ്രന്‍ .
കരിങ്ങാട്ടിലെ (വല്യച്ചന്‍ ) മൂപ്പീന്ന് ഉഗ്രപ്രതാപിയും ക്ഷിപ്ര കോപിയും ഒക്കെ ആണെങ്കിലും അവിടുത്തെ വല്യമ്മച്ചി സ്നേഹത്തിന്റെ ഒരു മൂര്‍ത്തിമല്‍ ഭാവം ആണ് . തെക്കേതിലെ കുട്ടികള്‍ ഞങ്ങളെ മൂന്നു പേരെയും വലിയ കാര്യം. ഞാന്‍ വട്ടമോടി സ്കൂളില്‍ പഠിക്കുമ്പോള്‍ ഉച്ചക്ക് സ്കൂള്‍ വിട്ടു വന്നാല്‍ അമ്മ കൊടുത്തയക്കുന്ന ചോറ്റുപാത്രത്തില്‍ പച്ച ചോറ് മാത്രമേ കാണൂ , ബാക്കി കറികള്‍ ഒക്കെ കരിങ്ങാട്ടില്‍ നിന്നാണ് . അമ്മക്ക് മുളക്കുഴ സ്കൂളില്‍ പോവുന്ന തിരക്കില്‍ ഞങ്ങള്‍ക്ക് അത് മാത്രമേ ചെയ്തു തരാന്‍ ആവൂ , കരിങ്ങാട്ടില്‍ വല്യച്ചനും വല്യമ്മച്ചിയും കൂടാതെ രണ്ടു പേര്‍കൂടി ഉണ്ട് . "പവാനി " എന്ന് എല്ലാവരും വിളിക്കുന്ന ഭവാനി ചേച്ചിയും മകന്‍ രാജന്‍ ചേട്ടനും . അമ്മ അവരെ ഭവാനി ചേച്ചി എന്ന് വിളിച്ചു ഞങ്ങളും അങ്ങിനെ വിളിച്ചു ശീലിച്ചു . കരിങ്ങാട്ടിലെ ജോലികള്‍ മുഴുവന്‍ ചെയ്യുന്നത് ഭവാനി ചേച്ചിയാണ് . അഞ്ചു മണിക്ക് തുടങ്ങുന്ന ജോലിയാണ് , പശുവിനെ കറക്കണം , മുറ്റം തൂക്കണം ,വെള്ളം കോരണം, തുണി അലക്കണം, പറമ്പിലോ പാടത്തോ പണിയെടുക്കുന്ന ജോലിക്കാര്‍ക്ക് ഭക്ഷണം ഉണ്ടാക്കണം , പശുക്കളെ കുളിപ്പിക്കണം . അമ്മ പറഞ്ഞ അറിവാണ് , ഭവാനി ചേച്ചി കരിങ്ങാട്ടില്‍ വരുമ്പോള്‍ രാജന്‍ ചേട്ടന്‍ കൈക്കുഞ്ഞായിരുന്നു , ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി , കരിങ്ങാട്ടില്‍ ഇത്രയെല്ലാം ജോലികള്‍ ചെയ്യുമെങ്കിലും വല്യമ്മച്ചി ഭവാനി ചേച്ചിയെ അവിടുത്തെ വേലക്കാരിയായി ഒരിക്കലും കണ്ടിട്ടില്ല , ഒരിക്കലും അവരെ വഴക്ക് പറയുന്നതും ഞാന്‍ കണ്ടിട്ടില്ല . ഭവാനി ചേച്ചി ഈ ജോലികളെല്ലാം ആരെങ്കിലും പറഞ്ഞു ചെയ്യുന്നതും അല്ല , തന്നെ എല്ലാം സ്വന്തം ആവശ്യം എന്ന മട്ടിലാണ് അവര്‍ ചെയ്യുന്നത് , രാജന്‍ ചേട്ടനും ഭവാനി ചേച്ചിയുടെ കൂടെ ജോലികളില്‍ സഹായിക്കും , .

ഞാന്‍ സ്കൂള്‍ വിട്ടു വന്നാല്‍ പിന്നെ ഭവാനി ചേച്ചിയുടെ കൂടെ നടക്കും , പശുവിനെ കുളിപ്പിക്കാനും തൊഴുത്ത് വൃത്തിയാക്കുന്നതും പശുവിനു കാടി കൊടുക്കുമ്പോള്‍ അതിന്റെ അടിയില്‍ നിന്നും പിണ്ണാക്ക് വാരി പശുവിനു തിന്നാന്‍ കൊടുക്കുന്നതും ഒക്കെ എനിക്ക് കാണിച്ചു തരുമായിരുന്നു, ഭവാനി ചേച്ചിയെ കണ്ടാല്‍ മതി , പശുക്കള്‍ക്കറിയാം, അവര്‍ക്ക് ഇപ്പൊ കാടി കിട്ടുമെന്ന് . അഞ്ചു മണിക്ക് എന്റെ അമ്മ ഉറക്കെ വിളിക്കുന്നത്‌ വരെ ഞാന്‍ ഭവാനി ചേച്ചിയുടെ കൂടെ പണികള്‍ കണ്ടും കഥകള്‍ കെട്ടും നടക്കും . ഉച്ചക്ക് ഉണ്ണാന്‍ എന്റെ ചോറ്റുപാത്രം തുറന്നാല്‍ എന്റെ അടുത്തിരുന്നു മോരും ചക്കക്കുരു തോരനും ഒക്കെ ഇടയ്ക്കിടെ പാത്രത്തിലേക്ക് ഇട്ടു കൊണ്ടിരിക്കും . അനിയന് ആ കറി കൊടുത്തോ , ഈ കറി കൊടുത്തോ എന്നൊക്കെ വല്യമ്മച്ചി ഭവാനി ചേച്ചിയോട് മുറക്ക് ചോദിച്ചു കൊണ്ടിരിക്കും .
ഭവാനി ചേച്ചി അടുപ്പില്‍ പാചകം ചെയ്യുമ്പോഴോ പായസം വെക്കുംപോഴോ എണ്ണ കാച്ചുംപോഴോ ഒക്കെ കൂടെ അത് കണ്ടു കൊണ്ട് നില്‍ക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം . ഒരിക്കല്‍ അടുപ്പില്‍ ഇന്നും ഇറക്കി വെച്ചിരുന്ന ഒരു ചൂടുള്ള ഒരു ഉരുളിയില്‍ എന്റെ കാല്‍ മുട്ടി പൊള്ളി കുടുന്നു പോയി . അന്ന് ഭവാനി ചേച്ചി കരഞ്ഞു കൊണ്ട് എന്നെ എടുത്തു കൊണ്ട് കിണറ്റു കരയിലേക്ക് ഓടി തണുത്ത വെള്ളം തൊട്ടിയില്‍ നിന്നും ഒഴിച്ച് ധാര കോരിയത്‌ എനിക്കിന്നും ഓര്‍മയുണ്ട് .
ഒരു ദിവസം അരീക്കരയെ മുഴുവന്‍ ഞെട്ടിച്ച ഒരു സംഭവം ഉണ്ടായി , കരിങ്ങാട്ടിലെ മൂപ്പീന്ന് സ്ഥലത്ത് ഇല്ലായിരുന്നു . ഭവാനി ചേച്ചി പുറത്തു കടയില്‍ എവിടെയോ പോയിരിക്കുകയായിരുന്നു . ഒരു ഉച്ച കഴിഞ്ഞ സമയം . വല്യമച്ചി മുന്‍വശത്ത് വരാന്തയില്‍ മയങ്ങുന്നു . അവിടെ നെല്ല് തിളപ്പിച്ച അടുപ്പില്‍ നിന്നും ചൂട് ചാരം ഒരു വേലക്കാരി വീടിന്റെ പുറകില്‍ ഉള്ള ഒരു ചായ്പ്പില്‍ കൊണ്ടിട്ടു , അതില്‍ ഉണ്ടായിരുന്ന ചെറു തീയില്‍ നിന്നും സമീപത്തു സൂക്ഷിച്ചിരുന്ന കച്ചിത്തിരികള്‍ക്ക് തീപിടിച്ചു അത് അരയും പുരയും അടങ്ങുന്ന ആ വലിയ വീടിന്റെ പിന്‍ ഭാഗത്തെ കഴുക്കൊലുകളിലേക്ക് പടരുകയും ചെയ്തു . ഉച്ച സമയം ആയതിനാല്‍ വീടിന്റെ പിന്‍ ഭാഗത്ത്‌ പടര്‍ന്നു കയറിയ തീ ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല , തീയും പുകയും പടരുന്നത്‌ കണ്ടു ആളുകള്‍ ഓടിക്കൂടി വന്നപ്പോഴേക്കും വീടിന്റെ വലിയൊരു ഭാഗവും അഗ്നി ഗോളങ്ങള്‍ വിഴുങ്ങി കഴിഞ്ഞിരുന്നു . ആളുകള്‍ വരിവരിയായി നിന്നും ഓടിയും ഒക്കെ കുടങ്ങളിലും കലങ്ങളിലും ഒക്കെയായി വെള്ളം ഒഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചപ്പോഴേക്കും അടുക്കാന്‍ വയ്യാത്ത ചൂടും കാറ്റും കാരണം കരിങ്ങാട്ടിലെ ആ വലിയ അറയും പുരയും ഒക്കെ ഉള്ള വീട് കത്തിയമരുന്നത് നിസ്സഹായരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു . അരീക്കര മുഴുവന്‍ വേദനിച്ച ഒരു ദുര്‍ദിനമായിരുന്നു അത് . ദൂരെ യാത്ര കഴിഞ്ഞു വന്ന കരിങ്ങാട്ടിലെ വല്യച്ചന്‍ കരി കൊണ്ടുള്ള ഒരു അസ്ഥിപഞ്ജരം പോലെ തോന്നിപ്പിച്ച തന്റെ വീട് കണ്ടു ആ പടികളില്‍ തളര്‍ന്നു വീണ കാഴ്ച എനിക്ക് ഇന്നും മറക്കാന്‍ ആവില്ല . ഭവാനി ചേച്ചിയുടെ കരച്ചില്‍ ഇന്നും എന്റെ കാതില്‍ ഉണ്ട്

അങ്ങിനെ താമസയോഗ്യം അല്ലാത്ത ആ വീട്ടില്‍ നിന്നും വല്യച്ചനും വല്യമ്മച്ചിയും കൊല്ലത്തേക്ക് മാറി , ഭവാനി ചേച്ചിക്ക് കരിങ്ങാട്ടില്‍ നിന്നും കുറച്ചു ഭൂമിയും വീട് വെക്കാന്‍ പണവും ഒക്കെ കൊടുത്തു , രാജന്‍ ചേട്ടന്‍ ഇതിനിടെ ഗള്‍ഫില്‍ പോയി , ഭവാനി ചേച്ചി ചെറിയ ഒരു വീട് വെച്ച് താമസം മാറി . രാജന്‍ ചേട്ടന്‍ കല്യാണം ഒക്കെ കഴിഞ്ഞു രണ്ടു ആണ്‍ കുട്ടികള്‍ ആയി , കാലം മുന്നോട്ടു പോയി .

ഞാന്‍ പഠനത്തിനും ജോലിക്കും ഒക്കെ നാട് വിട്ടപ്പോഴും ഭവാനി ചേച്ചി ഇടയ്ക്കിടെ വീട്ടില്‍ വന്നു " എന്നാ ഇനി എന്റെ അനിയന്‍ മോനെ ഒന്ന് കാണുന്നത് " എന്ന് അമ്മയോട് പറയുമായിരുന്നു . ഗള്‍ഫില്‍ എത്തിയതിനു ശേഷം ആദ്യമായി ഞാന്‍ നാട്ടിലെത്തിയപ്പോള്‍ ഞാന്‍ ഭവാനി ചേച്ചിയെ കാണാന്‍ ചെറുതെങ്കിലും ഭംഗിയുള്ള ആ വീട്ടില്‍ പോയി , കൈയ്യില്‍ ഒരു ചെറിയ സമ്മാനപ്പോതിയുമായി , ഭവാനി ചേച്ചി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് തന്നെ കുറെ നേരം വാതില്‍ക്കല്‍ തന്നെ നിന്നു. പിന്നെ രാജന്‍ ചേട്ടന്റെ കൊച്ചു കുട്ടികളോട് " ഇതാ മക്കളെ അമ്മൂമ്മ എപ്പോഴും പറയുന്ന എന്റെ അനിയന്‍ മോന്‍, ഞാന്‍ വളര്‍ത്തിയ എന്റെ മോന്‍ "

ഒരിക്കല്‍ വത്സമ്മ അപ്പച്ചി എന്നോട് ഭവാനി ചേച്ചി യെപ്പറ്റി അവിശ്വസനീയമായ ഒരു രഹസ്യം പറഞ്ഞു . പത്തു നാല്‍പ്പതു വയസ്സുള്ളപ്പോള്‍ വിട്ടു മാറാത്ത അസുഖങ്ങള്‍ കാരണം ഭവാനി ചേച്ചിയെ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ തിരുനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചില ടെസ്റ്റ്‌ കള്‍ നടത്താന്‍ പറഞ്ഞു. അങ്ങിനെ അവിടെ പരിശോധിച്ചപ്പോള്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ ആണെന്നും ഏറിയാല്‍ ഇനി ആറു മാസം ജീവിച്ചെക്കാം എന്നും പറഞ്ഞു. വല്യച്ചനും വല്യമ്മച്ചിയും ഇത് ആരോടും പറയാതെ തിരികെ കൊണ്ട് പോന്നു , പാവം സമാധാനമായി മരിച്ചോട്ടെ എന്ന് കരുതി . ഭവാനി ചേച്ചിയോട് ഒരിക്കലും ഇത് പറഞ്ഞതും ഇല്ല , ആ ഭവാനി ചേച്ചി ഒന്നുമറിയാതെ കരിങ്ങാട്ടിലെ ജോലികള്‍ എല്ലാം ചെയ്തു പിന്നെയും പത്തിരുപതു വര്‍ഷം കഴിഞ്ഞു .

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭവാനി ചേച്ച് മരിച്ചു , ജീവിതം മുഴുവന്‍ കരിങ്ങാട്ടിലെ വീട്ടു ജോലികള്‍ ചെയ്ത ഭവാനി ചേച്ചി ഇപ്പൊ ഉയരങ്ങളില്‍ എവിടെയോ ഇരുന്നു രാജന്‍ ചേട്ടന്റെ മക്കള്‍ എം ബീ എ ക്കാരും ഒക്കെ ആയതു കാണുന്നുണ്ടായിരിക്കും , ചിലപ്പോള്‍ അനിയന്‍ മോന്‍ എഴുതിയ ഈ ഓര്‍മക്കുറിപ്പും,

No comments:

Post a Comment