മീശ അയ്യപ്പന്‍
അരീക്കര കുറെ പച്ചപ്പ് നിറഞ്ഞ കുന്നുകളും താഴെ പാടങ്ങളും നിറഞ്ഞ ഒരു സാധാരണ ഗ്രാമം ആണ് . അത് നിങ്ങളുടെ ഗ്രാമം പോലെ അത്ര വളരെ മനോഹരമോന്നും ആയിരിക്കില്ല , ആക്കാലത്ത് ഭൂരിപക്ഷം വരുന്ന ചെറുകിട കര്‍ഷകരും അവര്‍ക്ക് വേണ്ടി കൃഷിപ്പണി ചെയ്യുന്ന കുറെ തൊഴിലാളി കളും ഉള്ളതാണ് ഓരോ കുന്നും . മൂന്നു നാല് ജന്മി കുടുംബങ്ങളും കാണും . നെല്ലുകള്‍ വിളഞ്ഞു നില്‍ക്കുന്ന പുഞ്ചപ്പാടവും വാഴത്തോപ്പുകളും വെറ്റില കൃഷിയുമൊക്കെ ഇന്ന് അപൂര്‍വ കാഴ്ച മാത്രം . എന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ മുഴുവന്‍ ഞങ്ങളുടെ വീട്ടില്‍ പണിക്കു വരുന്ന തൊഴിലാളികളും എന്റെ സമ പ്രായക്കാരായ അവരുടെ കുട്ടികളുമായുള്ള ചങ്ങാത്തവും കൊണ്ട് നിറഞ്ഞതാണ് . ജാതി വ്യവസ്ഥകളുടെ ചില അവശിഷ്ടങ്ങള്‍ നിലനിന്നിരുന്ന ഒരു കാലമായിരുന്നു അത്. ജാതിയില്‍ മനുഷ്യര്‍ ഉണ്ടാക്കിയ വ്യത്യാസം മൂലം അത്തരം തൊഴിലാളികള്‍ വീടിന്റെ മുന്‍ഭാഗത്ത് കൂട് വരികയോ അവര്‍ക്ക് വീടിനുള്ളില്‍ കയറാന്‍ സ്വാതന്ത്ര്യമോ ഉണ്ടായിരുന്നില്ല . ഇലയിലോ വെളുത്ത ഇരുമ്പു പിഞ്ഞാണത്തിലോ മാത്രമേ ഭക്ഷണം കൊടുത്തിരുന്നുള്ളൂ . എനിക്ക് വീട്ടില്‍ നിന്നും അമ്മയുടെ അടി ഏറ്റവും കൂടുതല്‍ അടി കിട്ടിയിട്ടുള്ളതും ഇത്തരം വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് . കൂലി വേല ചെയ്യുന്ന അത്തരം മുതിര്‍ന്ന പണിക്കാരെ ബഹുമാനത്തോടെ ഞങ്ങള്‍ കുട്ടികള്‍ അവരുടെ ജാതിപേര് ചേര്‍ത്താണ് വിളിച്ചിരുന്നത് . പക്ഷെ പട്ടാളക്കാരനായ എന്റെ അച്ഛന് അമ്മയുടെ അത്ര ജാതി പ്രശ്നമൊന്നും ഇല്ലായിരുന്നു . എനിക്കാണെങ്കില്‍ മരം കയറാനും മാടത്തയെ പിടിക്കാനും കുളം കലക്കാനും ഒക്കെ നിറയെ കൂട്ടുകാര്‍ വേണം , കുട്ടികള്‍ക്കെന്തു ജാതി ?, അങ്ങിനെ എന്റെ മിക്ക കൂട്ടുകാരും ഇത്തരം പണിക്കാരുടെ മക്കള്‍ തന്നെ .
ഇത്തരം പണിക്കാരെ രാവിലെ തന്നെ വീട്ടില്‍ ചെന്ന് വിളിച്ചു കൊണ്ട് വരണം , അല്ലാതെ ഇന്നത്തെ പോലെ മൊബൈലില്‍ വിളിക്കുക അല്ലല്ലോ , എനിക്ക് ആണ് അച്ഛന്‍ ആ പണി ഏല്‍പ്പിച്ചിരുന്നത് . ഞാന്‍ വെട്ടം വീഴുന്ന സമയം അവരെതിരക്കി ഇറങ്ങും, അങ്ങിനെ സ്ഥിരം പണിക്കു വന്നിരുന്ന മീശ അയ്യപ്പന്‍ എന്നൊരു തൊഴിലാളിയുണ്ടായിരുന്നു . അദ്ദേഹത്തിനു എന്റെ സമപ്രായം ഉള്ള ഒരു മകനും . ചന്ദ്രന്‍ എന്ന് പേരുണ്ടായിരുന്നു എങ്കിലും ചെറിയ ചുരുണ്ട മുടി ഉണ്ടായിരുന്നതിനാല്‍ കാപ്പിരി എന്നായിരുന്നു ഞങ്ങള്‍ വിളിച്ചിരുന്നത് . മീശ അയ്യപ്പനെ അങ്ങനെ വിളിക്കാന്‍ കാരണം അദ്ദേഹത്തിനു ഒന്നാന്തരം ഒരു കപ്പടാ മീശ ഉണ്ടായിരുന്നു . നമ്മുടെ ഫീല്‍ഡ് മാര്‍ഷല്‍ മനേക്ഷയെപ്പോലെ ! അല്‍പ്പം പൊക്കം കുറവായിരുന്നെങ്കിലും ഉറച്ച ഷര്‍ട്ട് ഇടാത്ത ശരീരവും ഘനഗാംഭീരം ഉള്ള ആ മുഖവും ഇരു കൈകളും മുന്നോട്ടും പിന്നോട്ടും വീശിയുള്ള ആ നടപ്പ് കണ്ടാല്‍ പരേഡ് ചെയ്യുന്ന പട്ടാളക്കാരനാണ് എന്നാണു ഞങ്ങള്‍ കുട്ടികളുടെ സങ്കല്പം . കുരുത്തക്കേട് കാരണം ഞാന്‍ മീശ അയ്യപ്പന്‍ നടക്കുന്നത് കണ്ടാലുടന്‍ പിറകില്‍ ചെന്ന് " ലെഫ്റ്റ് , റൈറ്റ് , ലെഫ്റ്റ് , റൈറ്റ് " എന്ന് ഉച്ചത്തില്‍ പറഞ്ഞു കൊണ്ട് കൈ വീശി പുറകെ കൂടുമായിരുന്നു .കൂടെ വികൃതികളായ കൂട്ടുകാരും . കണ്ടാല്‍ മുഖത്ത് ഇത്ര ഗൌരവവും ക്രൂരഭാവവും ഒക്കെ തോന്നുമെങ്കിലും മീശ അയ്യപ്പന്‍ പരമ സാധുവായ ഒരു അദ്ധ്വാനി ആയിരുന്നു . പ്രത്യേകതയുള്ള പല ഉച്ച്ചാരണങ്ങളും മീശ അയ്യപ്പന്‍റെ വകയുണ്ടായിരുന്നു , കീപ്പട്ട് ( കാഴ്പ്പോട്ടു ) , മേപ്പട്ടു ( മേല്‍പ്പോട്ടു ), ഇമ്മിണി ( ചെറിയ ) , എന്റെ താറെ ( എന്റെ സാറേ ), ചടേന്നു ( പെട്ടന്ന് ) ഇവയില്‍ ചിലത് മാത്രം . പാട വരമ്പത്ത് കൂടി മീശ അയ്യപ്പന്‍റെ പിന്നില്‍ പരേട് നടത്തി പണിക്കു വിളിച്ചു കൊണ്ട് വരുന്ന എന്നെ ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നത് ജംഗിള്‍ ബുക്കിലെ ആനകളുടെ പരേഡ് ആണ് . മീശ അയ്യപ്പന് എന്റെ പരേട് അസഹനീയം ആവുംപോഴൊക്കെ " എന്റെ അനിയന്‍ മോനെ , ഞാന്‍ താറിനെ കൊണ്ട് ഇന്ന് അടി വാങ്ങിപ്പിച്ചു തരും " എന്നൊക്കെ പറയുമെങ്കിലും വീട്ടില്‍ എത്തിയാല്‍ അച്ഛനോട് പറയുന്നത് " മോന്‍ വരുന്നതിനു മുന്‍പേ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി " എന്നായിരിക്കും . കയ്യാല കെട്ടുക , നിലം ഒരുക്കുക , തെങ്ങിന് തടം എടുക്കുക അങ്ങിനെ പല പണികളും വീട്ടില്‍ക്കാണും. അക്കാലത്തെ എന്റെ കയ്യില്‍ ഇരിപ്പ് മഹാ മോശം ആയിരുന്നതിനാല്‍ മിക്ക ദിവസവും അച്ഛന്റെ കൈയ്യില്‍ നിന്നും അടി കിട്ടുക നിത്യവും പതിവായിരുന്നു . തെങ്ങിന്റെ " ക്ലാഞ്ഞില്‍ " എന്നൊരു സാധനം കൊണ്ടുള്ള ആ അടി മിക്കപ്പോഴും തൊലി വല്ലാതെ തിനിര്‍ക്കുകയോ പൊട്ടി ചോര വരികയോ ഒക്കെ ചെയ്യുമായിരുന്നു . പുരപ്പുറത്തു കയറി ഓടു പൊട്ടിക്കുക , കുളം കലക്കുക , പറങ്കിമാവിന്റെ പൂവ് എറിഞ്ഞു നശിപ്പിക്കുക, കിടാവിനെ വിട്ടു പാല് കുടിപ്പിക്കുക , അങ്ങിനെ അടി വരുന്ന വഴികള്‍ ഒന്നും ഒരു നിശ്ചയവും ഇല്ലായിരുന്നു .
ഒരു ദിവസം മീശ അയ്യപ്പനെ പരേട് നടത്തി വീട്ടിലേക്കു കൊണ്ട് വരികയായിരുന്നു . പതിവ് പോലെ വീട്ടില്‍ എത്തിയാല്‍ ഉടന്‍ "അടി താറിനെ കൊണ്ട് തരീപ്പിക്കും" എന്നൊക്കെ പറഞ്ഞു മീശ അയ്യപ്പന്‍ പേടിപ്പിച്ചു നോക്കി , പക്ഷെ വാഴത്തോട്ടത്തില്‍ മറഞ്ഞിരുന്ന അച്ഛന്‍ എന്നെ കൈയ്യോടെ പിടി കൂടി "ക്ലാഞ്ഞില്‍ " കൊണ്ട് രണ്ടു മൂന്നു അടി , അയ്യപ്പന്‍ എന്നെ ചേര്‍ത്ത് നിര്‍ത്തി " എന്നെ അടിച്ചോ താറെ , എന്റെ കുഞ്ഞിനെ ഇനി തല്ലല്ലേ " എന്ന് കേണു പറഞ്ഞിട്ടും അച്ഛന്റെ ദേഷ്യം മാറിയില്ല, " നീ മാറിക്കോ , അല്ലെങ്കില്‍ അടുത്തത് നിനക്കാ " മീശ അയ്യപ്പന്‍ കമ്മ്യൂണിസ്റ്റു പച്ചയുടെ ചാര്‍ പിഴിഞ്ഞ് എന്റെ തുടയിലെ മുറിവുകളില്‍ ഒഴിച്ചത് " ടിമ്ച്ചര്‍ അയഡിന്‍ " ഒഴിച്ചത് പോലെ അത്ര വേദനയായിരുന്നു എങ്കിലും അയ്യപ്പന്‍റെ സ്വാന്തനം മറക്കാന്‍ പറ്റില്ല . അങ്ങിനെ എത്ര എത്ര തവണയാ അച്ഛന്റെ അടി കിട്ടുമ്പോള്‍ മീശ അയ്യപ്പന്‍ എന്നെ ചേര്‍ത്ത് പിടിച്ചു സ്വയം അടി വാങ്ങിയിട്ടുള്ളത് . ആ കപ്പടാ മീശ മാത്രമേ ഉള്ളൂ , ആ മനസ്സ് മുഴുവന്‍ എന്നോടുള്ള വാത്സല്യമാണ് . അടിയന്തരാവസ്ഥ കാലത്ത് കപ്പടാ മീശക്കാരെ പോലീസ് പിടിക്കും എന്ന് ഭയന്ന് ആ പാവം മീശ എടുത്തു , രണ്ടു കൈ കൊണ്ടും മുഖം പൊത്തി നാണത്തോടെ വീട്ടില്‍ വന്ന മീശയില്ലാത്ത മീശ അയ്യപ്പനെ എനിക്ക് നല്ല ഓര്‍മയുണ്ട് .
വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഗള്‍ഫില്‍ നിന്നും വന്ന ഒരവധിക്കാലത്ത് മീശയില്ലാത്ത മീശഅയ്യപ്പന്‍ എന്റെ വീട്ടില്‍ വന്നു , മുന്‍ വശത്ത് കൂടി തന്നെ, പ്രായത്തിന്റെ അവശതകളും പ്രാരബ്ധങ്ങളുടെയും ഭാരം കൊണ്ട് ആളറിയാന്‍ വിഷമം ആയിരിക്കുന്നു . കൈ നിറയെ സമ്മാനങ്ങളും ചോക്ലേറ്റും എണ്ണിനോക്കാതെ കുറച്ചു പണവും ഇരുകൈയും നീട്ടി വാങ്ങിയ ആ സാധു മനുഷ്യന് എന്ത് കൊടുത്താലും പോരെന്ന തോന്നലായിരുന്നു എനിക്ക് . ചാര് കസേരയില്‍ ഇരുന്ന എന്റെ അച്ഛനെ നോക്കി " എന്റെ താറെ, ഈ മോനേ എന്തുമാത്രമാ തല്ലിയത്" , ധീരനായ പട്ടാളക്കാരന്‍ കരയാന്‍ പാടില്ലല്ലോ , അച്ഛന്‍ പെട്ടന്ന് അകത്തേക്ക് പോയി , വേച്ചു വേച്ചു നടന്നു മറയുന്ന മീശയില്ലാത്ത അയ്യപ്പനെ ഞാന്‍ വെറുതെ നോക്കി നിന്നു. പുറകെ പോയി " ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് " എന്ന പഴയ പരേട് ഒന്ന് കൂടി ചെയ്താലോ എന്ന് ആശിച്ചു പോയി .
No comments:
Post a Comment