Saturday, 29 September 2012

എന്റെ തഴവാ മാമി

 
 
അരീക്കര നിന്ന് പതിവ് പോലെ അമ്മയോട് ഒരു കള്ളവും പറഞ്ഞു ഞാന്‍ മുളക്കുഴക്ക്‌ നടന്നു . അവിടെ നിന്നും ബസ്‌ കയറി ആലുംമൂട് മുക്കില്‍ നിന്നും കായംകുളത്തിനുള്ള പ്രൈവറ്റ് ബസ്‌ കേറി കായംകുളത്ത് എത്തി . പിന്നെ കൊല്ലത്തിനുള്ള ട്രാന്‍സ്പോര്‍ട്ട് ബസ്‌ കിട്ടി വവ്വാക്കാവ് ജന്കഷനില്‍ ഇറങ്ങി . അവിടെ നിന്നും മണപ്പള്ളിക്കുള്ള ബസ്‌ കിട്ടും . അതെ ബസ്‌ കാത്തു നില്‍ക്കുന്ന ഒരു മാധ്യവയസ്കനോട് ഒന്ന് കൂടി ചോദിച്ചു ബസ്‌ കിട്ടുമെന്ന് ഉറപ്പാക്കി .
" മണപ്പള്ളിക്ക് ഉള്ള ബസ്‌ ഉടനെ വരുമോ ?"
പറഞ്ഞു തീര്‍ന്നതും ബസ്‌ വന്നു നിന്നു, വഴി ചോദിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് തന്നെ ഇരുന്നു .
"മണപ്പള്ളിക്കാ ?"
"അതെ , മാമന്റെ വീട്ടില്‍ പോവാ, കൊട്ടുക്കൊയിക്കല്‍ എന്നാ വീട്ടുപേര് , അറിയുമോ "
" അത് കൊള്ളാം , അവിടെയാര "
" വിശ്വനാഥന്‍ "
" അല്ലെ, വിശ്വന്‍ സാറ് വേറെയാ താമസം , പിച്ചിനാട്ടു, എങ്ങനാ ബന്ധം എന്ന് പറഞ്ഞെ ?"
" എന്റെ മാമനാ , എന്റെ അമ്മയുടെ മൂത്ത സഹോദരനാ വിശ്വന്‍ മാമന്‍ "
" വിശ്വന്‍ സാറിനു ഇങ്ങനെ ഒരു സഹോദരി ഉള്ളത് എനിക്കറിയില്ലല്ലോ , സാറും പറഞ്ഞു കേട്ടിട്ടില്ല "

അദ്ദേഹം പറഞ്ഞു എത്ര ശരിയാണെന്ന് ഞാന്‍ ഓര്‍ത്തു , അമ്മ ഒരിക്കലും ഇങ്ങനെ ഒരു മാമന്‍ കൂടി ഉള്ളതായി ഞങ്ങളോട് പറഞ്ഞിട്ടില്ല . തലനാരിഴ കീറി പരിശോധിച്ചാല്‍ സഹോദരന്‍ അല്ല , അര്‍ദ്ധ സഹോദരന്‍ ആണ് വിശ്വമാമന്‍ എന്ന് വേണമെങ്കില്‍ പറയാം . അമ്മയുടെ സ്വന്തം അമ്മ വളരെ ചെറുപ്പത്തിലെ മരിച്ചു , പിന്നെ ആ അമ്മയുടെ അനിയത്തിയായ വിശ്വന്‍ മാമന്റെ അമ്മ സ്വന്തം ഭര്‍ത്താവുമായി പിരിഞ്ഞു കഴിഞ്ഞ കാലത്ത് അന്നത്തെ കാരണവന്മാര്‍ അമ്മയുള്‍പ്പടെ കുട്ടികളായ നാലുപേരെയും നോക്കാന്‍ കൂടി ആണ് വല്യച്ഛന്റെ വീട്ടില്‍ കൊണ്ടാക്കുക ആയിരുന്നു. അങ്ങിനെ കൈക്കുഞ്ഞായിരുന്ന വിശ്വന്‍ മാമനെയും കൊണ്ട് ആ അമ്മ ചങ്ങനാശ്ശേരിയിലെ തറവാട്ടില്‍ എത്തി . പിന്നെ വല്യച്ഛന്റെ മക്കളെ എല്ലാം വളര്‍ത്തി വലുതാക്കി , അതില്‍ ഗോപി മാമനും ഹരി മാമനും എങ്ങിനീയര്‍ മാരായി , നിര്‍മലന്‍ മാമന്‍ ബിസിനസ്സുക്കാരന്‍ ആയി , വിശ്വന്‍ മാമനും അമ്മയും ഹൈസ്കൂള്‍ അധ്യാപകരായി . കാലം ചെന്നപ്പോള്‍ വല്യച്ചനും വലിയമ്മച്ചിയും വഴി പിരിഞ്ഞു . അങ്ങിനെ കൂടെ പിറപ്പുകള്‍ കണ്ടാല്‍ മിണ്ടാതായി . വിശ്വന്‍ മാമന്‍ തഴവയിലെ കോട്ടുകൊയിക്കല്‍ തറവാട്ടില്‍ നിന്നും വിവാഹം കഴിച്ചു ഭാര്യ വീട്ടിനടുത്ത് തന്നെ വല്യമ്മച്ചിയുമായി വീട് വച്ചു താമസിക്കുന്നു .

" എന്നാ എഴുനേറ്റോ, ബസ്‌ പിച്ചിനാട്ടു പടിക്കല്‍ തന്നെ നിര്‍ത്തും "

യ്യോ , കഥ പറഞ്ഞു ബസ്‌ എത്തിയത് അറിഞ്ഞില്ല , ഞാന്‍ മാമനെയോ മാമിയെയോ കണ്ടാല്‍ അറിയില്ല . ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല . അമ്മ ഈ മാമന്റെ മാത്രം കഥ പറയാതെ മാറ്റി വച്ചു . ഒരുമിച്ചു ഒരേ വീട്ടില്‍ വളര്‍ന്ന സഹോദരനെ , വളര്‍ത്തിയ കുഞ്ഞമ്മച്ചിയെപ്പറ്റി ഒരക്ഷരം ഞങ്ങള്‍ മക്കളോട് പറഞ്ഞു തന്നിട്ടില്ല . തല തിരിഞ്ഞ പയ്യനായ ഞാന്‍ അടുത്ത കാലത്ത് ആണ് കഥകള്‍ ഒക്കെ നിര്‍മലന്‍ മാമന്റെ മാമി പറഞ്ഞു അറിഞ്ഞതാണ് . അന്ന് മുതല്‍ തീരുമാനിച്ചതാണ് ഈ കാണാത്ത മാമനെയും മാമന്റെ മാമിയേയും എങ്ങിനെയും ഒന്ന് കാണണമെന്ന് . ഷത് രാജ്യങ്ങള്‍ പോലും ചര്‍ച്ച ചെയ്തു പ്രശ്നങ്ങള്‍ പരിഹരിക്കുന്നു , പിന്നെ ഈ കൂടെപിറപ്പുകള്‍ ഒരുമിച്ചാല്‍ ഇതാ ആകാശം ഇടിഞ്ഞു വീഴുമോ ?.

ബസ്‌ ഇറങ്ങി ഞാന്‍ കൈതകള്‍ കൊണ്ട് മതിലുകള്‍ തീര്‍ത്ത ആ വീട് കണ്ടു . ഒരു ചെറിയ ഭംഗിയുള്ള കുമ്മായം തേച്ച വീട് . പൂഴി മണല്‍ നിറഞ്ഞ ആ വഴി ചെന്ന് അവസാനിക്കുനത് അടുക്കളക്കും നിറയെ മരങ്ങളും ചെടികളും നിറഞ്ഞ ഒരു മുറ്റത്തെക്കാണ് .

" ആരാ ?"
മുറ്റത്തേക്ക്‌ അതിസുന്ദരിയായ ഒരു സ്ത്രീ ഇറങ്ങി വന്നു , വലിയ സിന്ദൂരപ്പൊട്ടും നീളമുള്ള മുടിയും സ്വര്‍ണത്തിന്റെ നിറവും , എന്റെ ഭാവനയില്‍ കണ്ട മാമി തന്നെ അല്ലെ ഇത് , അതെ മാമി അല്ലാതെ ഇത്ര സുന്ദരി വേറെ ആരാ ?
" ഞാന്‍ അനിയന്‍ , അരീക്കര തങ്കമ്മ ....യുടെ രണ്ടാമത്തെ മകന്‍ "
" അയ്യോ , തങ്കമ്മ അക്കച്ചിയുടെ മകനോ ... ഈശ്വരാ .. ഞാന്‍ ഇതെന്താ ഈ കേള്‍ക്കുന്നേ .."
മാമി എന്നെ ഓടിവന്നു കെട്ടിപ്പിടിച്ചു ,
" അനിയന്‍ മോനെ .. എന്റെ മോന് എങ്ങിനെ ഈ വീട് കണ്ടു പിടിച്ചു , തങ്കമ്മ അക്കച്ചി അറിഞ്ഞാണോ ഇങ്ങോട്ട് വന്നത് "
മാമി എന്റെ കൈ വിടാതെ പിടിച്ചും തലമുടിയില്‍ തടവിയും ഒരു നൂറു ചോദ്യം ചോദിച്ചു കാണും . കണ്ണ് നിറഞ്ഞിരിക്കുന്നു .
" സാറേ , ഒന്നിങ്ങോട്ടു ഇറങ്ങി വന്നെ .. ആരാ ഈ വന്നതെന്ന് നോക്കിക്കേ .. നിങ്ങടെ മരുമകന്‍ , തങ്കമ്മ അക്കച്ചിയുടെ മകന്‍ "

അകത്തു നിന്നും ഇറങ്ങി വന്ന താടിയും കണ്ണാടിയും ഒക്കെയുള്ള മെലിഞ്ഞ ആളെ കണ്ടു ഞാന്‍ ഇമ വെട്ടാതെ നോക്കി നിന്നു . വിശ്വന്‍ മാമന്‍ ! എന്റെ സ്വന്തം അമ്മയുടെ മൂത്താങ്ങള!
" ഡേയ് , താന്‍ എങ്ങിനെ കണ്ടു പിടിച്ചടെ ഇവിടെ ? , താനാണോ അനിയന്‍ , എന്ത് ചെയ്യുന്നടെ ?"
" ഞാന്‍ Bsc ഒന്നാം വര്‍ഷം"
മാമന്‍ ഒന്നോ രണ്ടോ വാക്കുകള്‍ പറഞ്ഞു അകത്തേക്ക് പോയി , എപ്പൊഴും ഒരു വായനയും ഗൌരവവും .

മാമി ആദ്യം കണ്ട നിമിഷം മുതല്‍ എന്റെ കണ്ണും കരളും കവര്‍ന്നു കളഞ്ഞു . എപ്പൊഴും ശകാരം മാത്രം കേട്ട് ശീലിച്ച എനിക്ക് മാമിയുടെ പ്രിയമുള്ള വാക്കുകള്‍ തേന്‍ ഒഴുകുന്നത്‌ പോലെ തോന്നി . എന്തൊരു സ്നേഹം?, എന്തൊരു വാത്സല്യം? .
മാമിക്ക് രണ്ടു മക്കള്‍ , എന്റെ പ്രായമുള്ള മകന്‍ ജ്യോതിയും അനിയത്തി മീരയും . അന്ന് രണ്ടു പേരും വീട്ടില്‍ ഇല്ലായിരുന്നു . അതിനാല്‍ ഒരു നിരാശ തോന്നി . അവര്‍ എങ്ങിനെയിരിക്കും , എന്റെ പണക്കാരായ മറ്റു കസിന്‍സിനെപ്പോലെ കണ്ടാല്‍ മിണ്ടാത്തവരായിരിക്കുമോ അതോ കൂട്ടുകൂടുന്നവരാണോ ? ആര്‍ക്കറിയാം .

ഊണ് തുടങ്ങിയപ്പോളാണ് മാമിയുടെ കൈപ്പുണ്യം എന്താണന്നു ഞാന്‍ മനസ്സിലാക്കിയത് . അരീക്കരയില്‍ ഒന്നോ രണ്ടോ കറി തന്നെ ഭാഗ്യമായി കരുതുന്ന എനിക്ക് ചോറിനു ചുറ്റും വിളമ്പി വെച്ചിരിക്കുന്ന കറികള്‍ , തീയല്‍, മാമ്പഴ പുളിശ്ശേരി , കൊഞ്ച് കറി , മീന്‍ വറുത്തത് , അവിയല്‍ , വാഴക്കാ തോരന്‍ .. എന്റീശ്വര ഈ മാമിയുടെ മകനായി ജനിച്ചാല്‍ മതിയായിരുന്നു .
തിരികെ ബസ്‌ കയറ്റി വിടാന്‍ മാമി കൂടെ വന്നു , അമ്മ അറിയാതെ ആണ് ഞാന്‍ വന്നതെന്ന് മാമിയോടു ഞാന്‍ ആദ്യമേ പറഞ്ഞതിനാല്‍ മാമി വല്ലാതെ പരിഭ്രമിച്ചിരുന്നു .
" മോനെ ചെന്നാ ഉടനെ എഴുത്ത് അയക്കണേ "
മാമി എന്റെ തലമുടി ഒതുക്കി വച്ചു , ഞാന്‍ മാമിയുടെ സ്വര്‍ണ നിറമുള്ള കൈയ്യില്‍ പിടിച്ചു യാത്ര പറഞ്ഞു .
അന്ന് തുടങ്ങിയ ബന്ധം പിന്നെ ഒരിക്കലും മുറിഞ്ഞിട്ടില്ല, അകന്നു പോയ കൂടെപിറപ്പുകള്‍ വീണ്ടും മുഖാമുഖം കണ്ടു . മാമിയും മാമനും വീട്ടില്‍ വന്നു . പരസ്പരം മിണ്ടാന്‍ കൂട്ടാക്കാതെ ഈ ലോകം വിട്ടുപോയ വല്യച്ചനും വല്ല്യമച്ചിയും മറ്റൊരു ലോകത്തില്‍ ഇപ്പൊ ഒന്നിച്ചു കാണും .

മാമി എത്ര വേഗമാണ് എനിക്ക് സ്വന്തം അമ്മയെപ്പോലെ പ്രിയപ്പെട്ടതും പിരിയാന്‍ അവാത്തതും ആയി മാറിയത് . അടിക്കടി മാമിയെ ക്കാണാന്‍ തഴവക്ക് പോവുക , മാമിക്ക് തുടരെ കത്തുകള്‍ എഴുതുക , ചിലപ്പോള്‍ മറുപടി അയക്കുന്നത് മീര ആയിരിക്കും . എനിക്ക് വരുന്ന കത്തുകള്‍ പൊട്ടിച്ചു വായിച്ചു അമ്മ എത്ര തവണയാണ് എന്നെ ശകാരിചിട്ടുള്ളത് . ഈ അമ്മക്ക് ആ മാമിയെപ്പോലെ എന്നെ ഒന്ന് സ്നേഹിച്ചാല്‍ എന്താ കുഴപ്പം ?

ജീവിതത്തില്‍ എത്ര വിഷമം തോന്നിയാലും മാമിയെ ഒന്ന് കണ്ടാല്‍ മതി , അല്ലെങ്കില്‍ ഒരു കത്തെഴുതിയാല്‍ മതി . എ മറുപടി ഒന്ന് വായിച്ചാല്‍ മതി , എല്ലാ വിഷമങ്ങള്‍ക്കും മാമിക്ക് ഒരു മറുപടിയെ ഉള്ളൂ .
" സാരമില്ല അനിയാ , മോന്‍ പഠിച്ചു മിടുക്കനാവും , വലിയ ആളാവുമ്പോള്‍ മാമിയെ മറന്നു പോവരുത് "
ദൂരെ എവിടെ പ്പോയാലും ഞാന്‍ മാമിക്ക് എഴുതും, പുതിയ സ്ഥലത്തെ പറ്റി, കണ്ട കാഴ്ചകളെപ്പറ്റി , പരിചയപ്പെട്ട ആളുകളെ പറ്റി , മാമിയുടെ മറുപടി വായിച്ചു പുതിയ ചോദ്യങ്ങള്‍ക്ക് മറുപടി വീണ്ടും എഴുതും , സ്വന്തം അമ്മക്ക് ഇത്രയും കത്ത് എഴുതിയിട്ടില്ല . അതില്‍ ശകാരങ്ങളും പരാതികളും വായിച്ചു ശീലമായി .

മുംബയ്ക്ക് പോയപ്പോള്‍ , ജോലി കിട്ടിയപ്പോള്‍ ,ആസ്ട്രേലിയ ക്ക് പോയപോള്‍ , സൌദിക്ക് പോയപ്പോള്‍ , യൂറോപ്പില്‍ പോയപ്പോള്‍ , ജപ്പാനില്‍ പോയപ്പോള്‍ , ചൈനക്ക് പോയപ്പോള്‍ , ജീവിതത്തിലെ സന്തോഷവും അഭിമാനവും ഉണ്ടായ എല്ലാ സമയങ്ങളിലും മാമിയുടെ പ്രിയപ്പെട്ട ഒരു വാക്ക് കേള്‍ക്കാതെ ഉറങ്ങിയിട്ടില്ല . ഒരു പുതിയ സ്ഥലത്ത് പോവുമ്പോഴും അവിടെ കിട്ടുന്ന പിക്ചര്‍ കാര്‍ഡ് വാങ്ങി തഴവക്ക് മാമിയുടെ പേര്‍ക്ക് അയക്കും . പിന്നെ നാട്ടില്‍ വരുമ്പോള്‍ മാമിയുടെ വീട്ടില്‍ എത്തുമ്പോള്‍ അത് കണ്ണാടി അലമാരിയില്‍ നിരത്തി വെച്ചിരിക്കും . മാമിയുടെ കൈപ്പുണ്യമുള്ള ചോറും കറിയും ഒക്കെ ആര്‍ത്തിയോടെ വാങ്ങി കഴിക്കും , പോകാന്‍ നേരത്തു എന്നി നോക്കാതെ മാമിയുടെ കൈയ്യില്‍ പണം വച്ചു ആ കൈ ബലമായി എന്റെ നിറുകയില്‍ വെപ്പിക്കും . ചിലപ്പോള്‍ മീരയുടെ കുട്ടികള്‍ക്ക് സമ്മാനപ്പൊതികള്‍ .

അഞ്ചു കൊല്ലം മുന്‍പ് ഒരു ദിവസം മീരയുടെ ഫോണ്‍
" അനിയന്‍ ചേട്ടാ , അമ്മക്ക് സംസാരിക്കുമ്പോള്‍ ഒരു അവ്യക്തത , ഒരു എം ആര്‍ ഐ വേണം "
" എവിടെ വേണം , ശ്രീ ചിത്രയില്‍ എനിക്ക് പരിചയമുള്ള ഒരു ടെക് ഉണ്ട് , ഞാന്‍ പറയാം"
എം ആര്‍ ഐ എടുത്തു , പരിശോധിച്ച ഡോക്ടര്‍ മീരയെ മാറ്റി നിര്‍ത്തി അല്‍പ്പം സീരിയസ് ആയി പറഞ്ഞു
" ഇത് സ്യൂഡോ ബല്‍ബാര്‍ പാള്‍സി ആണ് , ഇതിനു പ്രത്യേക ചികിത്സ ഒന്നും നിലവില്‍ ഇല്ല "
വിവരം അറിഞ്ഞു ഞാന്‍ എനിക്ക് പരിചയം ഉള്ള ചില ന്യൂരോലജിസ്റ്റ് കളോടെ വിവരം ഒന്ന് കൂടി തിരക്കി .
സത്യം കൂടുതല്‍ വേദനാജനകം ആയിരുന്നു , ഈ രോഗം അപൂര്‍വ്വം ആണ് , സംസാര ശക്തിയും ഭക്ഷണം ചവച്ചു ഇറക്കാനുക്കുള്ള ശക്തിയും പിന്നാലെ ശരീരത്തിലെ സകല വിധ മസിലുകള്‍ പ്രവര്ത്തിക്കാതെ ആവുകയും ചെയ്യും .

വിവരം അറിഞ്ഞു നാട്ടിലെത്തിയ ഞാന്‍ മാമിയുടെ മുഖത്ത് ആദ്യമായി ദൈന്യത കണ്ടു വേദനിച്ചു . പല വാക്കുകളും തിരിയുന്നില്ല , ഉമിനീര് ഇറക്കാന്‍ വല്ലാത്ത പ്രയാസം .ചികിത്സ ഇല്ലാത്ത ആ അപൂര്‍വ രോഗം എന്റെ പ്രിയപ്പെട്ട മാമിയെ അപഹരിക്കും എന്ന് എനിക്ക് ഏറെക്കുറെ ഉറപ്പായി .

മാമിയുടെ തളര്‍ച്ചയും രോഗത്തിന്റെ തീവ്രതയും വളെരെ വേഗമായിരുന്നു . മൂന്നു വര്‍ഷം കൊണ്ട് മാമി പരസഹായം കൂടാതെ ഒന്നും വയ്യ എന്നാ അവസ്ഥയില്‍ ആയി . ഇനിയും കഷ്ടപ്പെടുത്താതെ അമ്മയെ മരിക്കാന്‍ വിടുന്നതാണ് നല്ലതെന്ന് മക്കളും മാമനും തോന്നിത്തുടങ്ങി .

രണ്ടു കൊല്ലം മുന്‍പത്തെ ഒരു സെപ്റ്റംബര്‍ 12 !
മീരയുടെ ഫോണ്‍
" അനിയന്‍ ചേട്ടാ ,അമ്മ പോയി "
ഞാന്‍ കരഞ്ഞില്ല , നാട്ടില്‍ എത്താന്‍ ടിക്കറ്റ്‌ കിട്ടുമോ എന്നാ പരക്കം പാച്ചില്‍ ആയിരുന്നു . അതി രാവിലെ കിട്ടിയ വിമാനം കാരണം ഉച്ചയോടെ തഴവ എത്തി , പിചിനാട്ടെ വീട്ടുമുറ്റം മുഴുവന്‍ ജന സമുദ്രം !
എന്റെ സ്വന്തം അല്ലാത്ത അമ്മ , എന്റെ പ്രിയപ്പെട്ട മാമി ഐസ് കട്ടകള്‍ക്ക് മുകളില്‍ ഉറങ്ങുന്നു .
വയ്യ , എനിക്കിങ്ങനെ നോക്കി നില്ക്കാന്‍ വയ്യ !
ഞാന്‍ ആദ്യം മാമിയെ കണ്ടപ്പോള്‍ ഉള്ള ആ വലിയ സിന്ദൂര പൊട്ടു മാമിക്ക് അന്ത്യ യാത്രയില്‍ വീണ്ടും ഇട്ടു കൊടുക്കാന്‍ മീര മറന്നില്ല . വിശ്വന്‍ മാമന്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു , മാമന്‍ ഇത്ര ദുര്‍ബലന്‍ ആണെന്ന് അന്നാണ് എനിക്ക് മനസ്സിലായത്‌ .

മാമിയുടെ ചിരി മാഞ്ഞിട്ടു ഇന്ന് രണ്ടു വര്‍ഷം , എനിക്ക് കത്തെഴുതാനും കൈപിടിച്ച് നെറുകയില്‍ വെക്കാനും മാമി തഴവയില്‍ ഇല്ല . എല്ലാ വിഷുവിനും ഓണത്തിനും ഫോണ്‍ വിളിക്കുമ്പോള്‍ " അത് എന്റെ അനിയന്‍മോന്‍ അല്ലാതെ വേറെ ആരാ " എന്ന് പറഞ്ഞു ഓടി വന്നു എടുക്കാന്‍ മാമി ഇല്ല .

ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പിച്ചിനാട്ടു വീട്ടില്‍ വീണ്ടും എത്തി , മാമിയെ ദഹിപ്പിച്ച സ്ഥലം മുഴുവന്‍ വാടമുല്ലകള്‍ പൂത്തു നിറഞ്ഞു നില്ല്ക്കുന്നു . മാമിയുടെ ചിരി പോലെ !
ഞാന്‍ ആ വാടാമുല്ലകള്‍ കൈകൊണ്ടു ഒന്ന് തലോടി നോക്കി , എന്റെ കണ്ണീര്‍ അതില്‍ വീഴാതിരിക്കാന്‍ കൈ കൊണ്ട് കണ്ണ് രണ്ടും പൊത്തി നിന്നു . എന്റെ കണ്ണീര്‍ അവിടെയങ്ങാനം വീണാല്‍ മാമി ചിരിക്കുന്നത് നിര്‍ത്തി എന്നെ വഴക്ക് പറഞ്ഞാലോ ! 
 
 അതെനിക്ക് സഹിക്കാന്‍ ആവില്ല !

5 comments:

  1. വളരെ നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌ ..അവസാനം കുറച്ചു വേദനിപ്പിച്ചു എങ്കിലും ..കളിയും ചിരിയും വേദനയും എല്ലാം നിരഞ്ഞതാനല്ലോ ജീവിതം അതെന്നെ?

    ReplyDelete
  2. സംഭവം മുഴുവന്‍ facebookil പറഞ്ഞ ശേഷം ബ്ലോഗില്‍ പറഞ്ഞാല്‍ സംഗതി ഇതു തന്നെ
    ബ്ലോഗില്‍ ഇട്ടു ഫസിബൂകില്‍ പറയുക വായനക്കാര്‍ വരും അവിടെയും ഇവിടെയും വായിച്ചു
    വളരെ നന്നായി അവതരിപ്പിച്ചു ബ്ലോഗില്‍ ചേര്‍ന്ന് വീണ്ടും കാണാം

    PS Please remove the word verification

    ReplyDelete
    Replies
    1. Thanks PVA, I have modified settings so that anybody can add comments now .

      Delete
    2. OK Thats fine SOM,
      Keep going
      Keep inform
      Best

      Delete
  3. മറ്റുള്ളര്‍ക്ക് കുടി ജീവിക്കാന്‍ കഴിയുക സമയം കണ്ടെത്തുക ..അവരുടെ അനന്ദത്തില്‍ സംതൃപ്തി കണ്ടെത്തുന്നവര്‍ ആണ് യഥാര്‍ഥത്തില്‍ ഹ്രദയമുള്ളവര്‍ ...ജീവിത സായാന്ന്തില്‍ അയവിറക്കാന്‍ മധുര മനോജങ്ങള്‍ സംബാദിക്കുന്നവര്‍...

    ReplyDelete