Saturday, 29 September 2012

അറിഗതോ ഗോസൈമസ്ത ( വളരെ നന്ദി )

1999 ആദ്യമായി ജപ്പാനില്‍ ഹിടാച്ചി യുടെ എം ആര്‍ ഐ പരിശീലനത്തിന് പോയപ്പോള്‍ തന്നെ അണുബോംബ് വീണു ഭാസ്മമാകിയ ഹിരോഷിമ നഗരം കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു . ടോക്യോവില്‍ നിന്നും 950 ക മി ദൂരം അന്ന് ലോകത്തെ ഏറ്റവും വേഗതയേറിയ തീവണ്ടി " ശിങ്കാസെന്‍" മണിക്കൂറില്‍ 300 കി മി വേഗത്തില്‍ സഞ്ചരിച്ചു വേണം ഈ നഗരത്തില്‍ എത്താന്‍ . നല്ല പണച്ചിലവുള്ള ഒരു യാത്ര ആയിട്ടും എനിക്ക് ഈ സ്ഥലം ഒന്ന് കാണണം എന്ന് ഒരു മോഹം . അത് ഭീതി കലര്‍ന്ന ഒരു മോഹമായിരുന്നു . കാരണം ഇത്രയധികം വേഗതയുള്ള ഒരു തീവണ്ടി , ഈശ്വരാ , എന്തെങ്കിലും ഒരു അപകടം സംഭവിച്ചാല്‍ , പിന്നെ പൊടി പോലും കാണില്ല . പത്താം ക്ലാസ്സില്‍ സാമൂഹ്യപാഠം പഠിപ്പിച്ച മുരളീധരന്‍ സാര്‍ ആയിരുന്നു മനസ്സില്‍ മുഴുവന്‍. ലോക മഹായുദ്ധത്തിന്റെ കെടുതികളെ ഇത്ര നാടകീയമായും നേരില്‍ കാണുന്നതുപോലെയും വിവരിച്ചു തന്ന മറ്റൊരധ്യാപകനെ എനിക്ക് ഓര്‍മയില്ല . ഹിരോഷിമ നഗരത്തിന്റെ അവസ്ഥ അദ്ദേഹം വിവരിച്ചു കഴിഞ്ഞപ്പോള്‍ ക്ലാസ് ഏറെക്കുറെ നിശബ്ദമായിരുന്നു . " ചാരം , സര്‍വത്ര ചാരം , ഉരുകിയൊലിക്കുന്ന മനുഷ്യ ശരീരങ്ങള്‍ , ഉരുകിപ്പോയ ലോഹ ക്കഷണങ്ങള്‍ , വളഞ്ഞു പുളഞ്ഞു പോയ റെയില്‍ പാലങ്ങളും പാലങ്ങളുടെ കൈവരികളും ..." മനുഷ്യനെ നശിപ്പിക്കാന്‍ മനുഷ്യന്‍ തന്നെ നിര്‍മിച്ച മാരകമായ ഒരു പുതിയ ശക്തി . ആനുബോംബ്‌ ! അതെന്റെ മനസ്സില്‍ വിതച്ച ഭീതി കുറച്ചൊന്നുമല്ല . ഇന്നും !

ഇത്രയും ഭീതി ജനകമായ ഓര്മ മനസ്സില്‍ വെച്ചുകൊണ്ടാന്നു ടോക്യോവില്‍ നിന്നും ഹിരോഷിമാക്കുള്ള ശിങ്കാസെന്‍ ഇല്‍ കയറി ക്കൂടിയത് . ഒരു ജമ്പോ ജെറ്റ് വിമാനത്തില്‍ കയറുന്ന അതെ പ്രതീതി . സ്പേസ് ഷട്ടില്‍ പോലെ തോന്നിക്കുന്ന മുന്‍വശം . അതിലെ ക്യാബിനില്‍ ഇരിക്കുന്ന പൈലറ്റ് ഒരു ജെറ്റ് വിമാനം ഓടിക്കുന്ന പൈലറ്റ് പോലെ തന്നെ . ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പെട്ടന്ന് മുന്‍വശത്തെ സ്ക്രീന്‍ താഴ്ത്തി മറഞ്ഞിരുന്നു , ട്രെയിനില്‍ ഇരുവശവും വലിയ ഗ്ലാസ് ഉള്ളതിനാല്‍ ഇരിവശവും നന്നായി കാണാം . ട്രെയിന്‍ കൃത്യം രാവിലെ 7 മണിക്ക് പുറപ്പെട്ടു , പുറപ്പെടുന്നതിനു മുന്‍പ് ജാപ്പനീസ് ഭാഷയില്‍ എന്തെക്കെയോ അനൌന്‍സ്മെന്റ് ഉണ്ടായിരുന്നു . ഒരക്ഷരം മനസ്സിലായില്ല . കൂടെ ഹിടാചിയില്‍ ഒരു സീനിയര്‍ എഞ്ചിനീയര്‍ മി. നാഗായോ , അദ്ദേഹം എന്റെ കൂടെ വരാന്‍ തയ്യാറായത് എനിക്ക് വലിയ ആശ്വാസം ആയി , അയാള്‍ക്ക്‌ ആ നഗരത്തില്‍ ഒരു ജോലി ഉണ്ട് , എന്നെ ഹിരോഷിമ അറ്റോമിക് മേമ്മോരിയാല്‍ കാണിച്ചു തന്നിട്ട് അദ്ദേഹം സ്ഥലം വിടും . എന്നാലും ജാപനീസ് ഒരക്ഷരം അറിയാത്ത എനിക്ക് അത് ഒരു ഗൈഡ് പോലെ ഉപകരിച്ചു . ട്രെയിന്‍ വിട്ടതും സ്പീഡ് എഴുതിക്കാണിക്കുന്ന ടീ വീ സ്ക്രീനില്‍ ഞാന്‍ നോക്കിയിരുന്നു . " 100 , 150 , 200 , 250 ... ഈശ്വരാ ..." അകത്തു യാതൊരു കുലക്കവും ഇല്ല , പ്ലൈനില്‍ ഇരിക്കുന്നത് പോലെ ! ഇടയ്ക്കിടെ ലഘു ഭക്ഷണവും പേപ്പറും ഒക്കെ എയര്‍ ഹോസ്റാസ് കൊണ്ടുതരുന്നതുപോലെ കൊണ്ട് വരും . ഈ ജപ്പാന്‍കാര്‍ക്ക് കുനിയാനും ചിരിക്കാനും മാത്രമേ അറിയൂ എന്ന് എനിക്ക് തോന്നുന്നു . എന്തൊരു വിനയം ! ഒരു ദേഷ്യപ്പെടുന്ന ജപ്പാന്‍ കാരനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല . ഇവര്‍ തന്നെ യാണോ ഇത്രയ്ക്കു യുദ്ധ ക്രൂരതകള്‍ ചെയ്തു കൂട്ടിയത് എന്ന് ഞാന്‍ അതിശയിച്ചു പോയിട്ടുണ്ട് .


ടോക്യോ വിട്ടു അതികം താമസിയാതെ തന്നെ ജപ്പാനിലെ ജീവിക്കുന്ന മനോഹരമായ അഗ്നിപര്‍വതം " മൌന്റ്റ്‌ ഫ്യൂജി " കാണാന്‍ കഴിയും . മഞ്ഞു മൂടിക്കിടക്കുന്ന അഗ്രഭാഗം ഉള്ള ആ പര്‍വതം മനോഹരമായ ഒരു കാഴ്ചയാണ് . പിന്നെ ഒരിക്കല്‍ ഞാന്‍ ഈ പര്‍വതത്തിന്റെ താഴ്വാരം വരെ പോയി , അത് ഇനി ഒരിക്കല്‍ പറയാം .


ട്രെയിനിന്റെ സ്പീഡ് 300 കവിഞ്ഞപ്പോള്‍ പ്രത്യേക ഒരു അന്നൌന്‍സ് മെന്റ് ഉണ്ടായിരുന്നു . അകത്തിരിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് യാതൊന്നും തോന്നില്ല . പക്ഷെ അടുത്ത ട്രാക്കില്‍ കൂടി മറ്റൊരു ട്രെയിന്‍ എതിര്‍ ദിശയില്‍ വരുമ്പോള്‍ ഒരു പ്രത്യേക കുലുക്കവും ചെറിയ ഒരു ഇരുട്ടും ഉണ്ടാവുമ്പോള്‍ അല്പം ഒന്ന് പേടിച്ചു ഏന് തന്നെ പറയാം .


ട്രെയിന്‍ കൃത്യം 3 മണിക്കൂര്‍ കൊണ്ട് , 950 കി മി പിന്നിട്ടു ഹിരോഷിമ യില്‍ എത്തി. ടോക്യോ പോലെ അത്ര വലുത് അല്ലെങ്കിലും മനോഹരമായ ഒരു സ്റ്റേഷന്‍ ആണ് ഹിരോഷിമ . പുറത്തിറങ്ങിയ എനിക്ക് രണ്ടു ഭീതി പ്രധാനമായും ഉണ്ടായിരുന്നു , ഒന്ന് അന്നത്തെ രേടിയെഷന്‍ ഇപ്പോഴും ഉണ്ടാകുമോ , അത് കാണാന്‍ സാധിക്കില്ലല്ലോ , രണ്ടു, ഒരു പുല്ലു പോലും ഇതുവരെ മുളച്ചിട്ടില്ലാത്ത ആ സ്ഥലം എവിടെ ആയിരിക്കും ? അത്തരം ഭീതികള്‍ ആര്‍ക്കും ഉണ്ടാവുക സാധാരണം ആയിരിക്കുമല്ലോ .


നഗായോ എന്റെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ചു . "നിങ്ങള്‍ നേരില്‍ കാണൂ , അപ്പൊ എല്ലാം മനസ്സിലാകും" . ട്രെയിന്‍ സ്റ്റേഷന്‍ നു പുറത്ത് തന്നെ ഹിരോഷിമ അറ്റോമിക് മേമ്മോരിയാല്‍ ലേക്ക് പോകുന്ന ബസ്‌ പിടിച്ചു . കഷ്ടിച്ച് പതിനന്ഞ്ചു മിനിട്ട് കാണും . ആ നഗരകാഴ്ചകള്‍ എന്നെ അക്ഷരാര്ത്തത്ത്തില്‍ അല്ഭുതപെടുത്തി . മുഴുവന്‍ ഗ്ലാസ്സുകള്‍ പൊതിഞ്ഞ അംബരച്ചുംബികള്‍ , പച്ചപ്പ്‌ നിറഞ്ഞ പാര്‍ക്കുകള്‍ , അരയന്നങ്ങള്‍ നീന്തിതുടിക്കുന്ന തടാകങ്ങള്‍ , മനോഹരമായ ചെറി പുഷ്പങ്ങള്‍ നിറഞ്ഞ മരങ്ങള്‍ , ഈശ്വരാ ഈ സ്വപ്ന നഗരമാണോ 1945 ഓഗസ്റ്റ്‌ 6 നു അമേരിക്ക ഇട്ട ആദ്യത്തെ ആനു ബോംബ്‌ ചാരം ആക്കിയത് . ബസ്‌ വലിയൊരു പാര്‍ക്കിനു മുന്‍പില്‍ നിന്നതും ലോക മനസാക്ഷിയെ നടുക്കിയ ആ കാഴ്ച ഞാന്‍ കണ്ടു . പാതി തകര്‍ന്ന ഉരുക്ക് മേല്ക്കെരയുള്ള ആ നഗരസഭാ മന്ദിരം . എത്രയോ തവണയാണ് ഞാന്‍ ഈ ചിത്രം കണ്ടു നടുങ്ങിയത്‌ . ആ കെട്ടിടത്തിനകത്തെക്ക് നടന്നപ്പോള്‍ എനിക്ക് ഭീതിയും ഉരുകിയ മനുഷ്യ ശരീരങ്ങളും മാത്രമാണ് മനസ്സില്‍ ഉണ്ടായിരുന്നത് . ജാപ്പനീസ് കുട്ടികള്‍ കെട്ടിടത്തിന്റെ നാല് വശത്തും ഓടിക്കളിക്കുന്നു . ടൂറിസ്റ്റുകള്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നു . ഏതോ രാജ്യത്ത് നിന്നും വന്ന ടീ വീ ക്രൂ വും ഉണ്ട് . ആ കെട്ടിടം ഞാന്‍ കുറെ നേരം നോക്കി നിന്നു. മനുഷ്യ മനസാക്ഷി മരവിച്ചു പോയ ആ ദിവസം ഞാന്‍ ഒന്ന് ഓര്‍ത്തെടുത്തു .


ഞാന്‍ നിറയെ പൂന്തോപ്പുകള്‍ നിറഞ്ഞ ആ നദിക്കരെ നിന്നു, 1945 ഓഗസ്റ്റ്‌ ആറിനു ശവങ്ങള്‍ കുന്നു കൂടി ക്കിടന്നതും നൂറുക്കണക്കിനു ശവങ്ങള്‍ ഒഴുകി നടന്നുതുമായ നദി ! ആ ചെറിയ പാലം മുഴുവന്‍ ഒരുകി പ്പോയിരുന്നു . നദിക്കിരുവശവും ചാരവും കെട്ടിടങ്ങളുടെ ഉരുകിയ അവശിഷ്ടവും കരിഞ്ഞ ശരീരങ്ങളും മാത്രം .


ഞാന്‍ ആ വലിയ മ്യൂസിയതിനകത്തെക്ക് നടന്നു , അവിടെ ആനു ബോംബ്‌ വീഴുന്നതിനു മുന്‍പും അതിനു ശേഷവും ഉള്ള എല്ലാ കാഴ്ചകളും ചാരമായ നഗരത്തില്‍ നിന്നും ശേഖരിച്ച ഒരുപാട് വസ്തുക്കളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . ഉരുകിയ ലഞ്ച് ബോക്സ്‌ കല്‍, നിന്നു പോയ വാച്ചുകള്‍ , കരിഞ്ഞും ഉരുകിയതുമായ ശരീര ഭാഗങ്ങളുടെ മെഴുകില്‍ തീര്‍ത്ത മോഡലുകള്‍ , ആരുടേയും ഹൃദയം പിളര്‍ക്കുന്ന കാഴചകള്‍ ആണ് . ഏറ്റവും ശ്രദ്ധിക്കപെടെണ്ട ഒരു മോഡല്‍ ആണവ ബോംബ്‌ വീഴുന്നതിനു മുന്‍പുള്ള നഗരവും ബോംബ്‌ വീണതിനു ശേഷം ഉള്ള നഗരത്തിന്റെയും മോഡലുകള്‍ ആണ് . ഒരു പഴയ നഗരവും , പിന്നെ ഒരു ചാര ക്കൂമ്പാരവും !


അന്നത്തെ ബോംബ്‌ വീണ കാലത്ത് അവിടെ താമസിചിരുന്നവരും പരിക്കുകളോടെ രക്ഷപെട്ടവരുടെയും വിവരങ്ങള്‍ ഇവിടെയുണ്ട് . അതില്‍ ചിലരുടെ കുടുംബാംഗങ്ങള്‍ ഇവിടെ ജോലി ചെയ്യുന്നും ഉണ്ട് .


രണ്ടു മൂന്നു മണിക്കൂര്‍ ഞാന്‍ അവിടെയെല്ലാം ചുറ്റി നടന്നു കണ്ടു . നഗായോ ഇപ്പോഴും ചിരിച്ചു കൊണ്ടേ മറുപടി പറയൂ . അയാളുടെ ഒടുക്കത്തെ ചിരി കാരണം ഞാന്‍ ചോദിക്കാന്‍ വെച്ചിരുന്ന പല ചോദ്യങ്ങളും മറന്നു പോയി .


ഹിരോഷിമ നഗരം ഒരു പകല്‍ മുഴുവന്‍ ഞാന്‍ ചുറ്റി നടന്നു . ചാര കൂമ്പാരത്തില്‍ നിന്നും എത്ര മനോഹരമായ രു നഗരം ആണ് അവര്‍ പുനര്‍ സ്രിഷ്ടിചെടുത്തിരികുന്നത് ? ജപ്പാന്‍ക്കാരന്റെ കടിനാധ്വനത്ത്തിനും ദൃഡനിശ്ചയത്തിനും മുന്‍പില്‍ അമേര്‍ക്കയുടെ ഒരു ആണ്‌ ബോംബ്‌ തോറ്റുകൊടുത്ത കാഴ്ച ഞാന്‍ നേരില്‍ കണ്ടു .


നഗരങ്ങളില്‍ ഇപ്പോഴും രേടിയെഷന്‍ ലെവല്‍ കാണിക്കുന മീറ്ററുകള്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട് . അവയില്‍ യാതൊന്നും രേഖപ്പെടുത്തുന്നില്ല എന്ന് നഗായോ പലവട്ടം പറഞ്ഞതിനാല്‍ ആ ഭീതി മാറിക്കിട്ടി .


ഞാന്‍ ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ നാഗായോ യോട് ഒരു ചോദ്യം ചോദിച്ചു ,


"നിങ്ങള്ക്ക് ഭൂമി കുലുക്കതെയും അഗ്നി പര്‍വതങ്ങളെയും ഭയമില്ലേ ?"


നഗായോ പതിവ് ശൈലിയില്‍ പൊട്ടി ചിരിച്ചു .


"ഭയമോ ? അതെന്തു സാധനാമാണ് ? ഭീതി ഒരു രോഗമാണ് , ഭീതി പരത്തുന്നത് മഹാ രോഗവും ,

ടോക്യോ നഗരത്തിനു പുറത്തോ കടലിനടിയിലോ ഒരു ദിവസം അതിഭയങ്കരമായ ഒരു അഗ്നി പര്‍വതം പൊട്ടി തെറിച്ചോ ജപ്പാന്‍ ആയിരം കഷങ്ങള്‍ ആയി ചിതരിപ്പോയാലും ഞങ്ങള്‍ ജപ്പാന്‍കാര്‍ അതെല്ലാം കൂട്ടി യോജിപ്പിച്ച് പാളങ്ങള്‍ ഉണ്ടാക്കി വീണ്ടും ഒരു പുതിയ ജപ്പാന്‍ ഉണ്ടാക്കും . "

ഹിരിഷിമയുടെ ഇന്നത്തെ അവസ്ഥ കണ്ടപ്പോള്‍ അയാള്‍ പറഞ്ഞത് നൂറു ശതമാനം സത്യം ആണെന്ന് എനിക്ക് മനസ്സിലായി .


അടുത്തിടെ ഫക്കുഷിമ അപകടം ഉണ്ടായപോള്‍ ഞാന്‍ നഗയോക്ക് ഒരു മെയില്‍ അയച്ചു .


"ലോകത്ത് ജപ്പാനെ പ്പോലെ ആണവക്കെടുതികള്‍ അനുഭവിച്ച ഒരു രാജ്യം ഉണ്ടാകില്ല . എന്നിട്ടും നിങ്ങള്‍ എന്തിനാണ് പത്തു നാല്‍പ്പതു ആണവ നിലയങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് . അതും ഇത്രയും വിനാശങ്ങള്‍ ഉണ്ടാകിയിട്ടും നിങ്ങള്‍ എന്തിനാണ് ഇവയുടെ പിറകെ പോയത് ?" .


" നോക്കൂ , ജപ്പാന്‍ മുഴുവന്‍ അഗ്നി പര്‍വതങ്ങളും ഓരോ ഇരുപതു സെക്കന്റ്‌ ഇലും ഓരോ ചെറിയ ഭൂമി കുലക്കവും ഉണ്ടാവുന്ന ഒരു രാജ്യമാണ് . പക്ഷെ അത് കൊണ്ടൊന്നും ജപ്പാന്‍ തളരില്ല യുദ്ധം കഴിഞ്ഞപ്പോള്‍ ജപ്പാന്‍ പലതും പഠിച്ചു . ഇനി ഒരു വന്‍ ശക്തി ആകണമെങ്കില്‍ അത് വ്യാവസായിക പുരോഗതിയിലൂടെ മാത്രമേ ആകാന്‍ കഴിയൂ എന്ന് ഞങ്ങള്‍ മനസ്സിലാക്കി . അതിനു പണം മാത്രം പോര , കഠിനാധ്വാനം വേണം . വൈദ്യതി വേണം ,. ജപ്പാനില്‍ അണക്കെട്ടോ കല്‍കരിയോ ഇല്ല , ആണവ ഇന്ധനവും ഇല്ല . അതിനാല്‍ കുറഞ്ഞ അളവില്‍ ഇന്ധനം ആവശ്യം ഉള്ള ആണവ നിലയങ്ങള്‍ ആണ് സ്ഥാപിച്ചത് . അന്ന് അതാണ്‌ ഏറ്റവും പറ്റിയ മാര്‍ഗവും . ഇനി അതിലും പുതിയതും ചെലവ് കുറഞ്ഞത്‌ വന്നാല്‍ ജപ്പാന്‍ അതും നോക്കും , ഞങ്ങള്‍ക്ക് ഭയമില്ല , വേണമെങ്കില്‍ ഞങ്ങളുടെ പുരോഗതിയെ നിങ്ങള്‍ ഭയന്നോള്ളൂ , "


അറിഗതോ ഗോസൈമസ്ത ( വളരെ നന്ദി )


http://en.wikipedia.org/wiki/Atomic_bombings_of_Hiroshima_and_Nagasaki

2 comments:

  1. നല്ല പണച്ചിലവുള്ള ഒരു യാത്ര ആയിട്ടും എനിക്ക് ഈ സ്ഥലം ഒന്ന് കാണണം എന്ന് ഒരു മോഹം .

    മോഹിക്കാന്‍ പോലും കഴിയാതെ ഞങ്ങളെപോലെയുള്ളവര്‍. വായിച്ചുള്ള അറിവും നല്ലത് തന്നെ....

    ReplyDelete
  2. നഗായോ ഇപ്പോഴും ചിരിച്ചു കൊണ്ടേ മറുപടി പറയൂ . അയാളുടെ ഒടുക്കത്തെ ചിരി കാരണം ഞാന്‍ ചോദിക്കാന്‍ വെച്ചിരുന്ന പല ചോദ്യങ്ങളും മറന്നു പോയി .
    ha ha ha

    ReplyDelete