Wednesday, 28 March 2012

പെരിങ്ങാട്ട മൂപ്പീന്ന്

 
ആ കാലത്ത് അരീക്കര ഒരു പലച്ചരക്ക് കടയെ ഉണ്ടായിരുന്നുള്ളൂ , പെരിങ്ങാട്ടാ മൂപ്പീന്നിന്റെ ! അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വളരെ ചുരുക്കം ആളുകള്‍ക്ക് അറിയാമായിരിക്കും . എനിക്ക് ആണ് ആ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ എന്റെ വീട്ടില്‍ ഏറ്റവും കൂടുതല്‍ അവസരം ലഭിച്ചിട്ടുള്ളത് , എനിക്ക് അതൊരു രക്ഷപെടലും ആണ് . അന്ന് ബിഗ്‌ ഷോപ്പര്‍ ബാഗും ഒന്ന് ഇല്ല കേട്ടോ , ചാണകം മെഴുകിയതോ മെഴുകാത്തതോ ആയ വള്ളിക്കുട്ടയും എടുത്തു അമ്മ തരുന്ന കുറിപ്പടിയും കാശുമായി താഴേക്കു ഒരോട്ടമാണ് . ആ ചരിവുള്ള പറമ്പ് കടന്നു പാടത്തിന്റെ വരമ്പത് കൂടി നടന്നു പടിഞ്ഞാറേ ചരുവില്‍ വീടിനു മുന്‍പിലൂടെ പോകുന്ന ടാറിടാത്ത റോഡിലേക്ക് കടന്നാല്‍ പിന്നെ പെരിങ്ങാട്ട മുക്കിലേക്ക്‌ വെറും അഞ്ചു മിനിറ്റ് നടപ്പെ ഉള്ളൂ , ആ ഓട്ടത്തിനിടെ പാട വരമ്പത്തു നിന്നും എടുത്തു ചാടുന്ന പച്ച തവളകളും ചിലപ്പോഴൊക്കെ പുളവന്‍ , ചേര തുടങ്ങിയ പാമ്പുകളും ഒക്കെ ഒരു കാഴ്ചയാണ് . പെരിങ്ങാട്ട മുക്കില്‍ ആകെ മൂന്നു കടകളെ അന്നുള്ളൂ . പ്രധാനം മൂപ്പീന്നിന്റെ കട തന്നെ . പിന്നെ ഒരു ചായക്കട , ഒരു മാടക്കട . മാടക്കടയുടെ പുറകില്‍ മിക്കപ്പോഴും ചെവിയില്‍ വെള്ളക്കയും തൂക്കിയിട്ടു ചീട്ടു കളിക്കുന്ന സ്ഥിരം സെറ്റുകളെ കാണാം . ഉച്ചത്തിലുള്ള അവരുടെ പൊട്ടിച്ചിരിയും മഠത്തില്‍ ഇരുന്ന ബീഡി തെരുക്കുന്ന കരുണാകരന്‍ ചേട്ടനെയും ഒക്കെ ഞാന്‍ നല്ലവണ്ണം ഓര്‍ക്കുന്നു .
പെരിങ്ങാട്ട മൂപ്പീന്നിന്റെ കട അരീക്കര മാത്രമല്ല കൊഴുവല്ലൂര്‍ , പെരിങ്ങാല ,ഉടയം മുറ്റം കാരക്കാട് ഭാഗത്ത് നിന്ന് വരെ ആളുകള്‍ വരാറുണ്ട് . കാരണം അങ്ങിനെയൊരു കട അവരുടെ ഭാഗത്തൊന്നും ഇലാഞ്ഞിട്ടല്ല , മൂപ്പിന്നിന്റെ കച്ചവട രീതി അത്രയ്ക്ക് അവര്‍ക്ക് പ്രിയപ്പെട്ടതാണ് . അതില്‍ കൂലി വേലക്കാര്‍ മുതല്‍ ജന്മി കുടുംബങ്ങള്‍ വരെയുണ്ട് . രൊക്കം പണം കൊടുത്തു വാങ്ങുന്നവരെക്കാള്‍ പറ്റു വരവ് വെക്കുന്നവരാണ് കൂടുതലും . ഞാന്‍ ആദ്യം കാണുന്ന നാള്‍ മുതല്‍ അവസാനം കണ്ട കാലം വരെ മൂപ്പിന്നിനു ഒരേ വേഷവും രൂപവും ആയിരുന്നു . ഒരു മാതിരി ചുവന്ന നിറം , ഒരു കാവി മുണ്ട് , അത് ആ വലിയ കുടവയറിനു മുകളില്‍ വടക്കന്‍ പാട്ടിലെ സ്ത്രീകളുടെ പുടവ പോലെ മുകളില്‍ കയറ്റി ഉടുത്തിരിക്കും . ഷര്‍ട്ട്‌ ഇട്ടു കണ്ടിട്ടേ ഇല്ല , ആ കടക്കുള്ളില്‍ കയറാന്‍ സാധിക്കില്ല , അതുപോലെ ചാക്കുകളും പാട്ടകളും നിരത്തി വെച്ചിരിക്കും , പിന്നെ അകത്തൊരു മേശ , അതിനു മുകളില്‍ മുഴുവന്‍ പലവിധ സാധനങ്ങള്‍ , ചന്ദന തിരി , തീപ്പെട്ടി , കര്‍പ്പൂരം , പപ്പടം, കായം എന്ന് വേണ്ട എല്ലാം ആ മേശപ്പുരത്താണ്. മൂപ്പീന്നിനു മാത്രമേ ഇതിനിടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ കഴിയൂ , ആ കടയില്‍ മുതലാളിയും തൊഴിലാളിയും ആയി ഒരേ ഒരു ആളെ ഉള്ളൂ , അത് മൂപ്പീന്നാണ് , ഇതു സമയവും തിരക്കാണ് , അന്ന് ക്യൂ സമ്പ്രദായം ഒന്നും ഇല്ല , വലിയ ത്രാസിന്റെ പിന്നില്‍ നില്‍ക്കുന്ന മൂപ്പീന്നിന്റെ കണ്ണില്‍ പെടണം അത്ര തന്നെ , അത് പലപ്പോഴും ദയനീയ മായി " എന്നെ അനങ്ങു വിടണേ മൂപ്പീന്നെ " എന്ന് കെഞ്ചുന്ന വല്ല്യമ്മമാര്‍ക്കയിരിക്കും ആദ്യ ഊഴം , ഞാന്‍ ചിലപ്പോള്‍ ഒരു മണിക്കൂര്‍ ഒക്കെ നിന്നിട്ടുണ്ട് ,
ഏതു സമയവും പേപ്പര്‍ എടുത്തു കുമ്പിള്‍ കുത്തി ഒരു മൂളിപ്പാട്ടും പാടി ത്രാസിന്റെ മുകളിലേക്ക് നോക്കി സാധനങ്ങള്‍ കുട്ടയില്‍ പെറുക്കി വെച്ച് കാശ് വാങ്ങി മേശ വിളപ്പില്‍ ഇടുന്ന മൂപ്പീന്ന് ശരിക്കും എത്ര കാരുണ്യവാന്‍ ആണെന്ന് മനസ്സിലാക്കുവാന്‍ അവിടെ കുറച്ചു സമയം നിന്നാല്‍ മതി . " ഒരു പോയ്‌ല താ എന്റെ മൂപ്പീന്നെ .." എന്ന് പറഞ്ഞു വരുന്ന വല്ല്യമ്മമാരെ ആദ്യം കണക്കിന് ഒന്ന് പരിഹസിക്കും " ഇന്നാള് വാങ്ങിയതിന്റെ കാശ് ആദ്യം വെക്ക്... " " ഇതും കൂടി അനങ്ങു തരാമേ മൂപ്പീന്നെ , ഞാന്‍ എവിടെ പോകാനാ .. " അത് കേള്‍ക്കാത്ത താമസം മൂപ്പീന്ന് ഉടനെ ചെറിയ ഒരു കഷണം മുറിച്ചു പേപ്പര്‍ ല്‍ പൊതിഞ്ഞു കൊടുക്കും , " ഇനി പോയ്‌ല തിന്നാതെ വല്യമ്മ പട്ടിണി ആവണ്ട " എന്നൊരു പറച്ചിലും . പോയ്‌ല മാത്രമല്ല , 501 ബാര്‍ സോപ്പ് മുറിച്ചു കൊടുക്കല്‍ , മഞ്ഞള്‍ , ഉപ്പു, അങ്ങിനെ പണം വാങ്ങിക്കാതെ എന്തെല്ലാം സാധനങ്ങള്‍ ആണ് മൂപ്പീന്ന് പാവങ്ങള്‍ക്ക് കൊടുക്കുന്നത് . അത് മാത്രമല്ല ആ മൂപ്പീന്നിനെ ഇത്ര പ്രിയപ്പെട്ടവനാക്കിയത് , അളവില്‍ അല്ലെങ്കില്‍ തൂക്കത്തില്‍ കൂടുതല്‍ അല്ലാതെ ഇന്ന് വരെ കുറച്ച ചരിത്രം മൂപ്പീന്നിനു ഇല്ല . പൂത്തതോ പുഴുത്തതോ ആയ ഒരു സാധനവും മൂപ്പീന്ന് വില്‍ക്കില്ല, ഏതു സാധനം ചീത്ത ആണെന്ന് പറഞ്ഞു തിരികെ കൊണ്ടുവന്നാലും മാറ്റി കൊടുക്കും . ഉപ്പു ഒരു തടിപ്പെട്ടിയില്‍ പുറത്ത് വെച്ചിരിക്കും , ഉപ്പു വാങ്ങാന്‍ വരുന്നവരോട് പൈസ വാങ്ങിയാലുടന്‍ " ദാ അവിടുന്ന് വാരിക്കോ " എന്ന് പറഞ്ഞു വിടും . പലതരം തകര പാട്ടകള്‍ അടപ്പ് കളഞ്ഞു ഉണ്ടാക്കി അരിയിലും , പയരിലും , പുളിയരിപ്പൊടി ചാക്കിലും ഒക്കെ ഇട്ടിരിക്കും , അത് കൊണ്ടുള്ള അളവുകള്‍ ത്രാസുകളുടെ തട്ടികളെ ക്കാള്‍ കൃത്യമായിരിക്കും . ആ പേപ്പര്‍ കുമ്പിള്‍ കുത്തുമ്പോള്‍ ചിലപ്പോള്‍ ചില വീട്ടു വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്യും " ഇന്നലെ എന്തിനാ അനിയാ അടി കിട്ടിയത് .." എന്നോടുള്ള പതിവ് ചോദ്യമാ .
പെരിങ്ങാട്ട മൂപ്പീന്ന് ഒറ്റത്തടിയാണ് , അടുത്ത ചായക്കടയില്‍ നിന്നാണ് മൂന്നു നേരവും ഭക്ഷണവും ചായയും , വൈകിട്ട് അവിടെ തന്നെ ഒരു ബഞ്ചില്‍ കിടക്കും .
മൂപ്പീന്നിന്റെ കട ഞായര്‍ ഒഴികെ എല്ലാ ദിവസവും ഉണ്ട് , രണ്ടു ആഴ്ചയില്‍ ഒരിക്കല്‍ സാധനം എടുക്കാന്‍ ചെങ്ങന്നൂരോ ചങ്ങനാശ്ശേരിയിലോ പോവും . അന്നും കട കാണില്ല , അല്ലാതെ കട അടഞ്ഞാല്‍ പ്രയാസം തന്നെ , ചില ബന്ദുകള്‍ വരുമ്പോള്‍ മൂപ്പീന് കടയില്‍ നിന്നും ഇറങ്ങി നിന്ന് " നിങ്ങള് തന്നെ അങ്ങ് അടച്ചെരു, ഞാന്‍ ചായക്കടയില്‍ കാണും " പാര്‍ട്ടിക്കാര്‍ ചിരിച്ചു കൊണ്ട് പോവും . കുറെ ക്കഴിഞ്ഞു പാര്‍ട്ടിക്കാര്‍ തന്നെ വന്നു സാധനം വാങ്ങും .
ആദ്യം ഒക്കെ വീട്ടില്‍ രൊക്കം കാശ് കൊടുത്തു വാങ്ങിയിരുന്നു , പിന്നെ ബുക്കില്‍ എഴുതുന്ന പതിവായി , ഒരിക്കല്‍ ബുക്ക്‌ എവിടെയോ കളഞ്ഞു , അവസാനം മൂപ്പീന് തന്നെ ചുമ്മാ ഒരു കണക്കു പറഞ്ഞു , അച്ഛന്‍ വീട്ടുചിലവുകള്‍ എഴുതിയിടുന്ന പതിവുണ്ടായിരുന്നു , പഴയ പല മാസ ചിലവിന്റെയും പകുതിയേ മൂപ്പീന് പറഞ്ഞുള്ളൂ , അച്ഛന്‍ എന്തൊക്കെ പറഞ്ഞിട്ടും മൂപ്പീന്ന് പഴയ സംഖ്യയില്‍ ഉറച്ചു നിന്ന് , അങ്ങിനെ അരീക്കരയില്‍ എത്ര പേര്‍ക്ക് എന്തെല്ലാം മൂപ്പീന്നിനെ പറ്റി പറയാന്‍ കാണും , പാവങ്ങള്‍ക്ക് പ്രത്യേകിച്ചും .

മൂപ്പീന്ന് മരിച്ചിട്ട് ഇപ്പൊ പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ ആയിക്കാണും . നാട്ടിലും വിദേശത്തുമായി എത്രയോ ഷോപ്പിംഗ്‌ മാളുകള്‍ ഞാന്‍ ചുറ്റി നടക്കുകയും ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്തിരിക്കുന്നു . പേപ്പര്‍ കുമ്പിള്‍ കുത്തി ത്രാസിന്റെ തട്ടിലേക്ക് നോക്കി മൂളിപ്പാട്ട് പാടുന്ന പെരിങ്ങാട്ട മൂപ്പീന്നിനെ ഓര്‍ക്കാന്‍ എനിക്ക് ഒരു ക്യാമറയും വേണ്ട !

1 comment:

  1. ഗൃഹാതുരത്വം നിറഞ്ഞ എഴുത്ത്..ഈ സ്ഥലം ഞാനും കേട്ടിട്ടുണ്ട്..അതുകൊണ്ട് ഒരു കൌതുകവും...വിശദമായി പിന്നെ വായിക്കാന്‍ വരാം, തല്ക്കാലം ജോയിന്‍ ചെയ്യട്ടെ...ആശംസകള്‍.

    ReplyDelete