Thursday, 26 April 2012

എന്റെ പ്രിയപ്പെട്ട അമ്മ !

 
 
ദാ മഹാനായ എന്റെ ബാല്യകാല കഥകള്‍ കേള്‍ക്കൂ ... എന്ന് പറയാനല്ല ഞാന്‍ അരീക്കര കഥകള്‍ എഴുതുന്നത്‌ . . പ്രത്യേകതകള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു കുഗ്രാമത്തിലെ കുറെ സാധാരണക്കാരുടെ കഥ പറയുന്നത് ഇന്ന് നമുക്ക് അന്യമായി ക്കൊണ്ടിരിക്കുന്ന ചില നന്മകള്‍ ഒരിക്കല്‍ കൂടി ഒര്മാപ്പെടുതാനാണ് . അതില്‍ ഞാനും അരീക്കരയും അവിടുത്തെ സ്ഥലവാസികളും ഒക്കെ ഒരു പ്രതീകം മാത്രം .

സ്വന്തം വീട്ടില്‍ അത്യന്തം ദുരിതപൂര്ണമായ ഒരു ബാല്യകാലം ആയിരുന്നു എന്റേത് . ദുരിതം എന്ന് പറഞ്ഞപ്പോള്‍ നിത്യ പട്ടിണിയോ ദാരിദ്ര്യമോ ഒന്നും അല്ല ഞാന്‍ ഉദ്ദേശിച്ചത് . ചെയ്തതിനും ചെയ്യാത്തതിനുമായ എല്ലാ വിധ വികൃതികള്‍ക്കും കുരുത്തക്കെടുകള്‍ക്കും കണക്കിലധികം ശിക്ഷ വാങ്ങാനായിരുന്നു എന്റെ വിധി . അധ്യാപികയായ സ്വന്തം അമ്മയ്ക്കും പട്ടാളക്കാരനായ അച്ഛനും ഒരുപോലെ കണ്ണിലെ കരടും വീട്ടിനു ചീത്തപ്പേരും ആവാന്‍ ആയിരുന്നു എന്റെ ദൌര്‍ഭാഗ്യം . എല്ലാത്തിനും അടി കൊടുത്തു മാത്രം നന്നാക്കി ശീലമുള്ള എന്റെ അമ്മയ്ക്കും അച്ഛനും അതിനുള്ള അവസരങ്ങള്‍ ഞാന് എല്ലാ ദിവസവും ഉണ്ടാക്കികൊണ്ടിരുന്നു . അതിനാല്‍ വീട്ടില്‍ നിന്നും പുറത്തു കടന്നാല്‍ മാത്രം എനിക്ക് സമാധാനവും സന്തോഷവും മറ്റുള്ളവരുടെ സ്നേഹവും കിട്ടുന്ന അവസ്ഥ പരിചയിച്ചു ഞാന്‍ വളര്‍ന്നു . .

" ഈ ചെറുക്കന്‍ മാത്രം എന്താ ഇങ്ങനെ ? " എന്ന് എന്നെപ്പറ്റി അമ്മയോ അച്ഛനോ പറയാത്ത ഒരു ദിവസവും ഉണ്ടായിരുന്നില്ല . എല്ലാ അമ്പലങ്ങളുടെ മുന്‍പിലും നിന്ന് അമ്മക്ക് പ്രാര്‍ഥിക്കാന്‍ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളൂ " ഈശ്വരാ .. എന്റെയീ രണ്ടാമത്തെ അസത്ത് ചെറുക്കന് ഒരു നേര്‍വഴി കാണിച്ചു കൊടുക്കണേ ..." അമ്പലത്തില്‍ നിന്ന് എന്നേം കൊണ്ട് നടന്നു വരുമ്പോള്‍ വഴിനീളെ കാണുന്നവരോടെല്ലാം അമ്മക്ക് പറയാന്‍ ഒന്നേയുള്ളൂ " ഈ ചെറുക്കനെ നന്നാക്കിയെടുക്കാനാ ഈ അമ്പലമായ അമ്പലങ്ങളെല്ലാം ഞാനീ കയറി ഇറങ്ങുന്നത് " നിരീശീര വിശ്വാസിയായ അച്ഛന് " ഇവനെ നന്നാക്കാന്‍ ഒരു വഴിയെ ഉള്ളൂ .. അത് അടിച്ചു തുടയിലെ തൊലി ഉരിഞ്ഞെടുക്കുക .. അത്ര തന്നെ , അല്ലാതെ വഴിപാടു കഴിച്ചാലൊന്നും ഈ ചെറുക്കന്‍ നന്നാവില്ല ... " .പറഞ്ഞത് പോലെ തന്നെ അച്ഛന്‍ അടി തരുംപോഴെല്ലാം തൊലി ഉരിഞ്ഞില്ലെങ്കിലും ചോര പൊടിയുന്നത് വരെ തല്ലും, തോക്ക് പിടിച്ച ശീലിച്ച ആ കൈകള്‍ക്ക് ഒരു ചൂര വടി പിടിക്കാനാണോ പ്രയാസം ? . മുറ്റത്തെ പേര മരത്തില്‍ കെട്ടിയിട്ടു അടിക്കുക , കട്ടിലിന്റെ കാലില്‍ കെട്ടിയിട്ടു അടിക്കുക അങ്ങിനെ എത്ര എത്ര ശിക്ഷാ വിധികള്‍ ആണ് അച്ഛന്‍ നടപ്പാക്കിയിരിക്കുന്നത് . അന്ന് പിടിച്ചു മാറ്റാന്‍ വന്നവരും അടി കൊള്ളാതിരിക്കാന്‍ എന്നെ കെട്ടി പിടിച്ചവരും എന്നെ അടിക്കാതിരിക്കാന്‍ അച്ഛന്റെ കാല്‍ക്കല്‍ വീണവരും ആണ് എനിക്ക് അന്നും ഇന്നും പ്രിയപ്പെട്ടവര്‍ , അവരില്‍ മിക്കവാറും തൊഴിലാളികളും തൊട്ടു കൂടാത്തവരും ഒക്കെ ആയ വെറും പാവങ്ങള്‍ .

പത്താം ക്ലാസില്‍ എത്തിയതോടെ ഒരുവിധം പഠിച്ചെടുക്കാം എന്ന സ്ഥിതി ആയി , മുളക്കുഴ ഗവ ഹൈസ്കൂളിലെ ഒരു ഫസ്റ്റ് ക്ലാസ്സ് എന്റെതാകും എന്ന് ക്ലാസ്സ് ടീച്ചര്‍ മുരളീധരന്‍ സാര്‍ ഉറപ്പിച്ചു പറഞ്ഞു . " തങ്കമ്മ സാര്‍ ഒന്ന് കൊണ്ടും പേടിക്കണ്ട ,, സോമരാജന് ക്ലാസ്സ് ഉറപ്പാ .. ചിലപ്പോള് നാന്നൂറ് മാര്‍ക്കിനു മേളില് കിട്ടും . അമ്മയാണെങ്കില്‍ " എനിക്കല്ലേ അറിയൂ അവനെ , കിട്ടിയാല് മേലോട്ട് പഠിക്കാം .. അല്ലെങ്കില് അവന്റെ അച്ഛനെപ്പോലെ കൂന്താലി എടുത്തു കിളക്കാന്‍ പോവട്ടെ .. പറമ്പ് വെറുതെ കിടക്കുകയല്ലേ ?" കൃഷിപ്പണിയില് താല്പ്പര്യമുള്ള അച്ഛനെ അമ്മ ഒന്ന് കളിയാക്കിയതാണ് .

എന്തിനു പറയുന്നു , അത്തവണ റിസള്‍ട്ട് വന്നപ്പോള്‍ മുളക്കുഴ ഒരേ ഒരു ഫസ്റ്റ് ക്ലാസ് , അത് എന്നും ഒരു പോലെ മാര്‍ക്ക് വാങ്ങിയിരുന്ന ഇരട്ടക്കുട്ടികളായ ഗീത-ഗിരിജ കളിലെ ഗീതയ്ക്കു ! എനിക്ക് വെറും 322 മാര്‍ക്ക് ! അപമാനഭാരവും വീട്ടിലെ അധിക്ഷേപങ്ങളും കൊണ്ട് വീട് വിട്ടു പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥ . " ഞാന്‍ അന്നേ പറഞ്ഞില്ലേ .. ഈ ചെറുക്കന് പിഴായാണന്നു .." അമ്മയും അച്ഛനും ഒരുപോലെ ശകാര വര്ഷം

അരീക്കര ക്ലാര്‍ക്ക് രാമചന്ദ്രന്‍ എന്ന് എല്ലാവരും വിളിക്കുന്ന ഒരു താലൂക്ക് ഓഫീസു ക്ലാര്‍ക്ക് ഉണ്ട് , എന്നും വൈകുന്നേരം ഓഫീസു കഴിഞ്ഞു ചെങ്ങന്നൂര് ബാറില് ഒക്കെ കയറി ഒന്ന് മിനിങ്ങി അദ്ദേഹം ഒരു ചുവന്ന ബാഗും കക്ഷത്തില് വെച്ച് പടിക്കലൂടെ പോവും , എന്നെ അറിയാമന്നല്ല്ലാതെ കണ്ടാല്‍ ഒരക്ഷരം മിണ്ടില്ല . അമ്മയെയോ അച്ഛനെയോ കണ്ടാല്‍ ഒരു ചെറു ബഹുമാനത്തോടെ മുണ്ട് ഒന്ന് താഴ്ത്തി " സാറേ .. പോട്ടെ .. വല്ലാതിരുട്ടി സാറേ " എന്ന് പറഞ്ഞു സ്പീഡില് ഒരു നടപ്പാണ് .

SSLC റിസള്‍ട്ട് വന്നു രണ്ടു ആഴ്ച കഴിഞ്ഞിട്ടും വീട്ടിലെ ശകാരങ്ങള് ശമിച്ചിട്ടില്ല . അന്ന് റോഡില് അമ്മ ആരോടോ സംസാരിച്ചു കൊണ്ട് നില്ല്ക്കുകയാണ് . വിഷയം രണ്ടാമത്തെ അസത്ത് ചെറുക്കന്‍ തന്നെ . ഞാന്‍ മുറ്റത്തു പട്ടിയെ കളിപ്പിച്ചു നില്ക്കുകയാണ് . നമ്മുടെ ക്ലാര്‍ക്ക് രാമചന്ദ്രന്‍ ദാ വരുന്നു ആടിയാടി ബാഗും കക്ഷത്തില് വെച്ച് . അമ്മ ആരോടെന്നില്ല്ലാതെ എന്റെ കുറ്റങ്ങള് അക്കമിട്ടു പത്തില് ക്ലാസ്സ് കിട്ടാതെ പോയതിന്റെ കഥകള് ഒരു സ്ത്രീയോട് വിവരിക്കുകയാണ് . " ഈ ചെറുക്കനെ കോളേജില് അല്ല , ദുര്‍ഗുണ പരിഹാര പാഠശാലയില് ആണ് അയക്കണ്ടത് , അവിടെ ചിലപ്പോള് അവര് വിചാരിച്ചാല് നന്നാക്കിയെടുക്കും .." എന്നൊക്കെ തലയില് കൈവെച്ചു എന്നെ നോക്കി പറയുകയാണ് .

ക്ലാര്‍ക്ക് രാമചന്ദ്രന് പെട്ടന്ന് ഒന്ന് നിന്നു " ഞാന്‍ ഇന്ന് രണ്ടു വാക്ക് സാറിനോട് സംസാരിച്ചിട്ടേ പോകൂ .. സാറിനെന്തിനാ ... സാറേ കാശ് .. സാറിനെന്തിനാ സാറേ ഈ വലിയ വീട് ... സാറിനെന്തിനാ സാറേ ഉദ്യോഗം ... സാറിനു മൂന്നു മക്കള്‍ അല്ലെ , അതില്‍ രണ്ടാമത്തവനെ സാറിനു വളര്‍ത്താന്‍ വയ്യന്നല്ലേ സാര്‍ ഇപ്പൊ പറഞ്ഞെ ... എന്നാ കേട്ടോ .. സാറിന്റെ മക്കളില്‍ എനിക്ക് അവനെയാ കൂടുതല്‍ ഇഷ്ടം... പത്ത് വര്ഷമായിട്ടു ആ കുഞ്ഞിന്റെ കരച്ചില് കേട്ടാ സാറെ ഞാന്‍ എന്നും ഇത് വഴി പോന്നേ... എന്നാ കേട്ടോ ഒരിക്കല്‍ അവന്‍ സാറിന്റെ ഈ വലിയ വീടിന്റെ മുറ്റത്തു വന്നു " ഇറങ്ങി വാ അമ്മേ .. അമ്മയുടെ മോന്‍ മിടുക്കനായി വന്നു അമ്മേ .. . എന്ന് പറയും . ഇത് ഞാനാ പറയുന്നേ ...." ഇത്രയും പറഞ്ഞു അയാള്‍ എന്റെ നേരെ നോക്കി ... " ഡാ മോനെ നീ കൂടി കേക്കാനാ ഞാന്‍ ഈ പറഞ്ഞത് ... നീ എനിക്ക് മോനാടാ ...... എന്നിട്ട് സ്പീഡില്‍ ഒരു നടപ്പ് .

അയാള്‍ പറഞ്ഞത് മദ്യത്തിന്റെ പുറത്തായിരുന്നു എങ്കിലും എന്നെ അത് വല്ലാതെ സ്പര്‍ശിച്ചു . പിന്നെയും കാലം എത്ര കടന്നു പോയി . അയാള്‍ പറഞ്ഞത് പോലെ അമ്മയുടെ മുന്‍പില്‍ അഭിമാനത്തോടെ നില്‍ക്കുന്ന ഒരു നിമിഷം ഞാനും പതിയെ സ്വപ്നം കണ്ടു തുടങ്ങി . അങ്ങിനെയൊരു അഭിമാന നിമിഷം അടുത്ത് എത്താറായപ്പോഴേക്കും അമ്മ മറവി രോഗവും ( dementia ) വിഷാദരോഗവും ( depression ) കൊണ്ട് കഷ്ടപ്പെട്ട് തുടങ്ങിയിരുന്നു .

ചിക്കഗോവില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ പ്രസംഗിക്കുന്ന എന്റെ ഫോട്ടോ അമ്മയെ കാണിക്കാമെന്നു കരുതി അരീക്കരക്ക് പുറപ്പെട്ട ദിവസം തന്നെ ക്ലാര്‍ക്ക് രാമചന്ദ്രന്‍ മരിച്ച വിവരം ഞാന്‍ അറിഞ്ഞു " സാറ് നോക്കിക്കോ .. സാറിനു വളര്‍ത്താന്‍ വയ്യെന്ന് പറഞ്ഞ ഈ മകന്‍ ഒരു ദിവസം വരും .." അയാള്‍ അന്ന് പറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ കൂടി എന്റെ കാതുകളില്‍ മുഴങ്ങുന്നത് പോലെ തോന്നി . അന്ന് അയാളുടെ മൃതശരീരം കണ്ടു ഞാന്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ വിതുമ്പി .

" അമ്മെ ഇതു ചിക്കാഗോ .. ഇത് അമേരിക്ക .. ഇത് ഞാന്‍ "
" ഈ ചിക്കാഗോ എവിടാ .. ബോംബയില്‍ ആണോ ?... ഇത് നീ അല്ലല്ലോ ... വിജയന്‍ അല്ലെ ?"
" SSLC യുടെ ബുക്ക്‌ കിട്ടിയോ ? അതെന്താ നീ ഇതുവരെ എന്നെ കാണിക്കാത്തെ?.."
അമ്മക്ക് കൊച്ചിയും ചിക്കാഗോവും മുംബൈയും എല്ലാം ഇപ്പൊ ഒരുപോലെ ,
ഞങ്ങള്‍ മൂന്നു മക്കളെ പോലെ !
എന്റെ പ്രിയപ്പെട്ട അമ്മ !

1 comment:

  1. എന്‍റെ പ്രിയപ്പെട്ട അമ്മ...

    ReplyDelete