Thursday, 3 May 2012

പേരുദോഷം

 
"ഒരു പേരില്‍ എന്തിരിക്കുന്നു ?"
എന്ന് ഷേക്സ്പിയര്‍ മനോഹരമായി പറഞ്ഞു വെച്ചിട്ടും അതൊന്നും കേള്‍ക്കാനോ മനസ്സിലാക്കാനോ കഴിവില്ലാത്ത ഒരു പ്രായത്തില്‍ അച്ഛനും അമ്മയും എനിക്കിട്ട പേര് മഹാ മോശമായ ഒന്നാണെന്ന് ഞാന്‍ ധരിച്ചു വെച്ചിരുന്നു . സ്കൂള്‍ കാലയളവില്‍ സ്വന്തം പേരിനേക്കാള്‍ ഇരട്ട പേരുകള്‍ ആയിരുന്നു കുപ്രസിദ്ധം. മിക്ക ചങ്ങാതിമാര്‍ക്കും ഒരു ഇരട്ടപ്പേര്‍ കണ്ടു പിടിക്കുന്നതിലും ആ പേരുകള്‍ എങ്ങിനെയും സ്കൂള്‍ മുഴുവന്‍ പ്രസിദ്ധമാക്കുന്നതിലും ആയിരുന്നു എന്റെ വിരുതു മുഴുവന്‍ . " വൃകോദരന്‍ , ചകോരന്‍ , ഹനുമാന്‍ , ബിംബിസാരന്‍ , ഘടോല്‍കച്ചന്‍ , ചുട്ടി, വെട്ടു പോത്ത് എന്ന് വേണ്ട വെറൈറ്റി ഉള്ള ഒരു പാട് പേരുകള്‍ സ്കൂള്‍ ജിവിതത്തില്‍ ഇപ്പോഴും ഓര്‍മിക്കുന്നുണ്ട് . എനിക്ക് വേറെ ഇരട്ട പ്പേരുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും എന്റെ അതെ പേരുള്ള ഒരു തെങ്ങ് കയറ്റക്കാരന്‍ അരീക്കര ഉണ്ടായിരുന്നത് ആണ് വിന ആയതു , മുളക്കുഴ സ്കൂള്‍ വിടാന്‍ നാല് മണിക്കുള്ള ബെല്ലടിക്കുന്നതും സ്കൂള്‍ വിട്ടു ഓടുന്നതിന് മുന്‍പ് " ഡാ സോമരജാ , നാളെ തേങ്ങാ വെട്ടാന്‍ വരണേ .." എന്ന് പറഞ്ഞു കുറെ എണ്ണം തലയ്ക്കു ഞോടിയിട്ട് ഒരോട്ടമാണ് . ' നീ പോടാ വൃകോദരാ " എന്ന് നീട്ടി തിരിച്ചു വിളിക്കുന്നത്‌ ചിലപ്പോള്‍ എശുകയും ഇല്ല . അങ്ങിനെ " സോമരാജന്‍ ' എന്ന അറുബോറന്‍ പേര് ഉണ്ടാക്കുന്ന നാണം മറക്കാന്‍ കുറെ പാടുപെട്ട ഒരു കാലം കടന്നു മുംബയില്‍ എത്തിയതോടെയാണ് എന്റെ പേര് സര്‍ നെയിം വെച്ച് തുടങ്ങണം എന്ന നിബന്ധന അവിടുത്തെ എഞ്ചിനീയറിംഗ് കോളേജ് മുതല്‍ തുടങ്ങി വെച്ചത് . അങ്ങിനെ വെറും സോമരാജന്‍ എസ് എന്ന പേര് നീട്ടി സോമരാജന്‍ പണിക്കര്‍ എന്നായി . അതില്‍ പുതിയ ഒരു രക്ഷ ഞാന്‍ കണ്ടു പിടിച്ചു , മുംബയിലെ മറാത്തി പേരുകളില്‍ ഒരുപാട് " കര്‍" ഉണ്ട് , പട്കര്‍ , പട്നിക്കര്‍, തെണ്ടുല്‍കര്‍ , കേല്‍ക്കര്‍ , അങ്ങിനെ പണിക്കര്‍ ഒരു സുഖമുള്ള പേരാണെന്നും സുഹുത്തുക്കള്‍ സോമരാജന്‍ എന്നത് ചുരുക്കി സോം എന്ന് മാത്രം വിളിക്കാന്‍ തുടങ്ങിയതും എന്റെ പേരിന്റെ " സുഖക്കേട്" കുറെയൊക്കെ പരിഹരിച്ചു .

മുംബയില്‍ വര്ളി എന്ന സ്ഥലത്തെ മനോഹരമായ ഒരു കടല്‍ത്തീരത്ത് ആയിരുന്നു ഞാന്‍ പഠിച്ച വാട്ടുമുല്‍ എഞ്ചിനീയറിംഗ് കോളേജ് , ഞങ്ങള്‍ക്ക് മെക്കാനിക്സ് പഠിപ്പിക്കാന്‍ ഒരു ഡോ. ചാര്‍ എന്നൊരു പ്രൊഫസര്‍ ഉണ്ടായിരുന്നു . അദ്ദേഹം അമേരിക്കയില്‍ പഠിച്ചു അവിടെ വളരെക്കാലം പ്രൊഫസര്‍ ആയിരുന്നു , പിന്നീട് മുംബയില്‍ ഞങ്ങളുടെ കോളേജില്‍ എത്തിയതാണ് . ആദ്യ ദിവസം തന്നെ ഹാജര്‍ വിളിച്ചപ്പോള്‍ അദ്ദേഹം എന്റെ പേര് കേട്ടതും " ഐ കാന്‍ നെവെര്‍ ഫോര്‍ഗെറ്റ്‌ യുവര്‍ നെയിം പണിക്കര്‍ , " എന്ന് പറഞ്ഞത് സത്യത്തില്‍ എന്നെ വല്ലാതെ സന്തോഷിപ്പിച്ചു . എന്റെ കുഗ്രാമത്തില്‍ നിന്നും പലതരം അപഹര്‍ഷതാ ബോധവുമായി ഇവിടെയെത്തിയ എനിക്ക് ഡോ . ചാര്‍ ന്റെ വാക്കുകള്‍ അമൃത് ചൊരിയുന്ന അനുഭവം ആയി .

എന്തിനു പറയുന്നു നാട്ടിലെ സ്കൂളില്‍ നിന്നും " തേങ്ങാ വെട്ടുകാരന്റെ " ഓര്മ നിറയുന്ന എന്റെ പേര് ഡോ . ചാര്‍ ഓരോ ദിവസം കഴിയും തോറും എന്തെങ്കിലും ഒരു പ്രശംസാ വചനം കൊണ്ട് പ്രസിദ്ധമാക്കി തന്നു . " യുവര്‍ ഗ്രേറ്റ് ഫാമിലി ഫ്രം സൌത്ത് " എന്നൊക്കെ ഡോ . ചാര്‍ ഉറക്കെ ക്ലാസ്സില്‍ പറയുമ്പോള്‍ അദ്ദേഹത്തിനു ഈ പണിക്കര്‍ ഇത്ര പ്രിയപ്പെട്ടതാവാന്‍ എന്താണ് കാരണം എന്നുള്ള ഇന്റെ ജിജ്ഞാസ നാള്‍ക്കു നാള്‍ വര്‍ധിച്ചു കൊണ്ടേയിരുന്നു . ഒരു ദിവസം ഹാജര്‍ വിളിച്ചു തീര്‍ന്ന ഉടന്‍ അദ്ദേഹം പണിക്കര്‍ പ്രേമത്തിന്റെ രഹസ്യം ക്ലാസ്സില്‍ എല്ലാവരോടുമായി പങ്കു വെച്ചു. പണിക്കര്‍ അദ്ദേഹം ഉപരി പഠനത്തിനു അമേരിക്കയില്‍ എത്തിയ കാലത്തേ വീട്ടുടമസ്ഥന്‍ ആയിരുന്നു . ഈ പണിക്കരുടെ വീട്ടില്‍ അദ്ദേഹം അഞ്ചു കൊല്ലത്തോളം വാടകയ്ക്ക് താമസിച്ചു . അദ്ദേഹത്തിനെ ഒരു മകനെപ്പോലെ ഈ പണിക്കര്‍ സംരക്ഷിച്ചു , മിക്ക ദിവസവും ഭക്ഷണം പണിക്കരുടെ വീട്ടില്‍ നിന്ന് , പഴയ ഒരു കാര്‍ സൌജന്യമായി നല്‍കി , അങ്ങിനെ യുവാവായ ഡോ .ചാറിന് മറക്കാന്‍ പണിക്കര്‍ ആവാത്ത ഒരു വ്യക്തിയായി. അദ്ദേഹം ആ നഗരം വിട്ടു മറ്റൊരു നഗരത്തിലേക്ക് മാറിയിട്ടും ആ ബന്ധം ഇട മുറിയാതെ തുടര്‍ന്നു.

ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഒരു നല്ല മനുഷ്യന്‍ എന്റെ ജീവിതത്തില്‍ എങ്ങിനെയാണ് പ്രകാശം പരത്തുന്നത് എന്ന് ഞാന്‍ സ്വയം അറിഞ്ഞു തുടങ്ങി . ഡോ . ചാര്‍ ആ പേരുള്ള എല്ലാവരും നല്ലവരാണെന്നു വിശ്വസിക്കുന്നു , അങ്ങിനെ പ്രചരിപ്പിക്കുന്നു . എന്റെ പേരില്‍ നിന്നും ആളുകള്‍ നല്ല കാര്യങ്ങള്‍ മാത്രം പ്രതീക്ഷിക്കുന്നു എന്ന തോന്നല്‍ തന്നെ എന്നെ നല്ലവന്‍ ആക്കാന്‍ ഉപകരിക്കും എന്ന് എനിക്ക് തോന്നി .
ഞാന്‍ വാട്ടുമല്‍ വിടുന്നത് വരെ ഡോ .ചാര്‍ എനിക്ക് ഹൃദയാലുവും വഴികാട്ടിയും ആയ ഒരു നല്ല ഗുരുനാഥന്‍ ആയി . ഓരോ തവണ കാണുമ്പോഴും ഏതെങ്കിലും ഒരു അമേരിക്കയിലെ പണിക്കര്‍ കഥ അദ്ദേഹം എന്നോട് പറയും . അത്ര വലിയ ആരാധന ആയിരുന്നു ഡോ. ചാറിന് ആ പണിക്കരോട് . അതിന്റെ ഫലം അനുഭവിക്കുന്നതോ അരീക്കരയില്‍ നിന്നും വന്ന ഈ പണിക്കരും.

കോളേജില്‍ നിന്നും കോഴ്സ് തീരാറായ സമയം , ഞങ്ങളുടെ യാത്ര അയപ്പ് ദിവസം എത്തി , ഡോ ചാര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ് , ഞാന്‍ ചെറിയ കുശലം പറഞ്ഞു അടുത്ത് കൂടി
" സര്‍ , സാറിന്റെ ഈ പഴയ വീട്ടുടമസ്ഥന്‍ പണിക്കരുടെ മുഴുവന്‍ പേര് എന്തായിരുന്നു ?"
" ഡിയര്‍ പണിക്കര്‍ , അദ്ദേഹം നിങ്ങളെ പ്പോലെ ഒരു ക്രിസ്ത്യന്‍ ആയിരുന്നു , തോമസ്‌ പണിക്കര്‍ "
" സര്‍ , പക്ഷെ ഞാന്‍ ക്രിസ്ത്യന്‍ അല്ല , ഹിന്ദു ആണ് "
" ഓ , പക്ഷെ സോം പണിക്കര്‍ ഒരു ക്രിസ്ത്യന്‍ പേര് അല്ലെ ?"
" അല്ല സര്‍, എന്റെ പേര് ചുരുക്കി അങ്ങിനെ ആക്കിയതാ , സര്‍ ഹാജര്‍ വിളിക്കുമ്പോള്‍ കണ്ടു കാണുമല്ലോ സോമരാജന്‍ എന്നത് സോം ആക്കിയന്നെ ഉള്ളൂ '
ഡോ . ചാര്‍ താന്‍ കണ്ട ഏറ്റവും മികച്ച സുഹൃത്തും മനുഷ്യസ്നേഹിയും വീട്ടുടമസ്ഥനും ഒക്കെ ആയ തോമസ്‌ പണിക്കരുടെ കഥകള്‍ വീണ്ടും പറഞ്ഞു കൊണ്ടേയിരുന്നു .

ഷേക്ക്‌സ്പിയര്‍ പറഞ്ഞത് എത്ര സത്യമാണ് , നമ്മുടെ അമ്മയോ അച്ഛനോ നമ്മുക്ക് ഇട്ട പേര് നല്ലതാക്കെണ്ടതും ആ സല്‍പ്പേര് കളയാതെ സൂക്ഷിക്കേണ്ടതും നമ്മുടെ മാത്രം ജോലിയാണ് . നല്ല വാക്കും ചിന്തയും പ്രവൃത്തിയും കൊണ്ട് തോമസ്‌ പണിക്കരും ഡോ ചാറും നമ്മുടെ ജീവിതം എത്ര മനോഹരമാക്കി .

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ ട്രെയിന്‍ കാത്തു നില്‍ക്കുകയാണ് . ദാ നില്‍ക്കുന്നു 'വൃകോദരന്‍ " , കൂടെ ഭാര്യയും മക്കളും ഉണ്ട് , അയാളുടെ സ്കൂളിലെ ശരിയായ പേര് എത്ര ആലോചിച്ചിട്ടും നാക്കില്‍ വരുന്നില്ല
" താന്‍ വൃകോദരന്‍ അല്ലെ ... മുളക്കുഴ പഠിച്ച ..."
" മുളക്കുഴ പഠിച്ചത് തന്നെ . പക്ഷെ ഞാന്‍ വൃകോദരന്‍ അല്ല ... അല്ല നിങ്ങളെ മനസ്സിലായില്ല്ല ..'
" എടൊ ഞാന്‍ പഴയ തെങ്ങാവെട്ടു സോമരാജന്‍ ..."
" എടാ തേങ്ങാ വെട്ടേ ... നീ വൃകോദരന്‍ മറന്നില്ല അല്ലെ ... "

പേര് എന്തുമാകട്ടെ , നമ്മള്‍ പേരുദോഷം വരുത്താതിരിക്കട്ടെ !

2 comments:

  1. എന്റെ രണ്ടാമത്തെ മകള്‍ മഹാ കാ‍ന്താരി അല്‍ക്കാ പണിക്കര്‍ ഒരിക്കല്‍ എന്റെ അച്ഛനോട് പറഞ്ഞു " എന്നാലും എന്റെ അപ്പൂപ്പാ , എന്റെ ഡാഡി ക്ക് കുറേക്കൂടി നല്ല ഒരു പേര് ഇടാമായിരുന്നു"
    " എന്നാ മോള്ക്കിഷ്ടപ്പെട്ട ഒരു പേര് പറ "
    " ഹൃതിക്ക് രോഷനോ സല്‍മാന്‍ ഖാനോ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മറ്റോ മതിയാരുന്നു അപ്പൂപ്പാ .." .

    ReplyDelete
  2. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു മലയാളിയും അദ്ദേഹത്തിന്റെ പേര് വേലായുധ കൈമള്‍ എന്നായിരുന്നെങ്കിലും യേശുദാസിന്റെ പേര് ലംബോധര കുറുപ്പ് എന്നായിരുന്നെങ്കിലും അവര്‍ അത്ര തന്നെ പെരെടുക്കുകയും അവരെ നമ്മള്‍ അത്ര തന്നെ സ്നേഹിക്കുകയും ചെയ്യുമായിരുന്നില്ലേ ?

    ReplyDelete