"പാകിസ്ഥാന്റെ റാവല്‍ പിണ്ടി ,
ഇന്ത്യാക്കാരുടെ വാഴപ്പിണ്ടി
യാഹ്യാഖാനെ കൊലയാളീ
നിന്നെ ഞങ്ങളെടുത്തോളാം"
ഇത്രയും ഉറക്കെ ഞാന്‍ ഒരു മുദ്രാവാക്യം ഞാന്‍ അന്ന് വരെ വിളിച്ചിട്ടില്ല .
ഇന്ത്യ ബംഗ്ലാദേശ് യുദ്ധം നടക്കുന്ന സമയത്ത് ഞാന്‍ അരീക്കര വട്ടമോടി
പ്രൈമറി സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുകയാണ് . നമ്മുടെ രാജ്യത്തിനും
പട്ടാളക്കാര്‍ക്കും ഇന്ദിരാ ഗാന്ധിക്കും ഒക്കെ പിന്തുണ പ്രഖ്യാപിച്ചു
അരീക്കരയിലെയും മുളക്കുഴയിളെയും പിന്നെ വേറെ കുറെ സ്കൂളുകളിലെയും എല്ലാം
കുട്ടികള്‍ ജാഥ ആയി പോയി അവസാനം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍
എത്തി , എന്തൊരു ആവേശമായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക് എന്തെല്ലാം
കാഴ്ചകള്‍ ആണ് ഞാന്‍ അന്ന് ജീവിതത്തില്‍ ആദ്യമായി കണ്ടത് . നാലുപാടും
ഉള്ള സ്കൂളുകളില്‍ നിന്നും ചെങ്ങന്നൂര് കോളേജില്‍ എത്തിയ കുട്ടികള്‍
അവിടെ നടന്ന പ്രസംഗങ്ങളും ദേശ ഭക്തി ഗാനങ്ങളും ഒക്കെ കേട്ട് അവസാനം
യാഹ്യാഖാന്റെ പട്ടാളവേഷം അണിഞ്ഞ വാഴകച്ചി കൊണ്ട് ഉണ്ടാക്കിയ വലിയ ഒരു കോലം
കത്തിച്ചു . നിറയെ പടക്കങ്ങള്‍ കുത്തിനിറച്ചിരുന്ന ആ കോലം പടാ പടാ
ശബ്ദത്തോടെ പോട്ടിതെരിക്കുന്നത് കെട്ടും കണ്ടും ഞങ്ങള്‍ ആര്‍ത്തു
ചിരിച്ചു കൈയ്യടിച്ചു .
ആ സംഭവത്തോടെ പട്ടാളക്കാരെന്റെ മകനായ
എന്റെ മനസ്സില്‍ ശത്രു എന്നാല്‍ പാകിസ്താന്‍ ആയി . ഒരു പാകിസ്ഥാനിയെ
എവിടെ കണ്ടാലും കൊന്നു കളയണം എന്ന ഒരു ചിന്ത എങ്ങിനെയോ എന്നില്‍ സ്ഥാനം
പിടിച്ചു. ഭാവനയില്‍ പാകിസ്താന്‍ പട്ടാളക്കാരന്‍ ആണെന്ന് വിചാരിച്ചു
വീട്ടില്‍ മുറ്റത്ത് നിന്നിരുന്ന കുറെ വാഴകള്‍ വെട്ടി വീഴ്ത്തി . ഉണങ്ങിയ
വാഴക്കൈകള്‍ക്ക് തീവെച്ചു , അമ്മയുടെ കൈയ്യില്‍ നിന്നും പൊതിരെ അടി
കിട്ടിയിട്ടും പാകിസ്ഥാനി വാഴകളെ തരം കിട്ടിയാല്‍ വെട്ടി അരിഞ്ഞോ
തീവെച്ചോ നശിപ്പിച്ചിരുന്നു. പിന്നെ അതിനു അടിയും
യുദ്ധം
ഒക്കെ തീര്‍ന്നു അച്ഛന്‍ ലീവിന് സ്ഥലത്ത് എത്തിയതോടെ എനിക്ക്
അച്ഛനോട് അതിര്‍ത്തിയിലെ യുദ്ധ കഥകള്‍ കേള്‍ക്കാന്‍ വല്ലാത്ത ഒരു
ആവേശമായിരുന്നു . " അച്ഛന്‍ എത്ര പാകിസ്ഥാനികളെ വെടിവെച്ചു
കൊന്നിട്ടുണ്ട് " ഞാന്‍ ആരെയും കൊന്നിട്ടില്ല എന്ന അച്ഛന്റെ മറുപടി
കേള്‍ക്കാന്‍ എനിക്ക് തീരെ താല്‍പ്പര്യം ഇല്ലായിരുന്നു . " ആട്ടെ,
പാകിസ്ഥാനികള്‍ മരിച്ചു കിടക്കുന്നത് കണ്ടിട്ടുണ്ടോ " അങ്ങിനെ ഒരു
ശത്രുവിനെ എങ്ങിനെ ഭാവനയില്‍ കൊല്ലാമോ അങ്ങിനെയെല്ലാം കൊല്ലാം
എന്നായിരുന്നു എന്റെ ധാരണ. ആയുധപ്പുരയുടെ വിഭാഗത്തില്‍ ജോലി
ചെയ്തിരുന്ന അച്ഛന്റെ ജോലി ഒരിക്കലും നേരിട്ട് യുദ്ധം ചെയ്യുക
ആയിരുന്നില്ല . അത് കൊണ്ട് തന്നെ അച്ഛനോട് എനിക്ക് അല്‍പ്പം നീരസവും
ഉണ്ടായിരുന്നു .
കാലമേറെ ചെന്നപ്പോള്‍ ഉദ്യോഗാര്‍ത്ഥം ഞാന്‍
സൗദി റിയാദ് വിമാനം ഇറങ്ങുമ്പോഴാണ് വേഷവിധാനം കൊണ്ട് തിരിച്ചറിയാവുന്ന
പാകിസ്ഥാനികളെയും അഫ്ഗാനികളെയും കാണുന്നത് . കുട്ടിക്കാലത്തെ പക ഒന്നും
ഇല്ലെങ്കിലും പാകിസ്ഥാനികളെ കാണുമ്പോഴും ഉള്ളില്‍ അവരോടു അറിയാതെ "
ഇയാള്‍ എന്റെ ശത്രു " എന്ന ഒരു ചെറിയ ചിന്ത കടന്നു കൂടും . അവരോടു
ഇടപെടുന്ന സന്ദര്‍ഭങ്ങള്‍ എന്നെ സംബധിച്ച് വളരെ കുറവായിരുന്നു താനും .
ടാക്സി പിടിക്കുമ്പോഴോ സാധനം വാങ്ങുമ്പോഴോ ഒക്കെ പാകിസ്ഥാനിയെ അറിയാതെ
ഒഴിവാക്കി പോകും .
അങ്ങനെ റിയാദില്‍ നിന്നും ഒരു മുന്നൂറു കി
മി ദൂരെ യുനൈസ എന്ന ഒരു സ്ഥലത്ത് അവിടുത്തെ എം ഓ എച്ച് ആശുപത്രിയില്‍
ഫിലിപ്സ് ഇന്റെ സീ ടീ സ്കാനര്‍ സ്ഥാപിക്കുന്ന ജോലിക്ക് പോവേണ്ടി വന്നു .
അവിടെ ഒരു ഇര്‍ഷാദ് എന്ന ഒരു റേഡിയോലജിസ്റ്റ് പാകിസ്താന്‍ കാരന്‍ ,
ഇംഗ്ലണ്ട് നിന്നും ഉയര്‍ന്ന ഡിഗ്രി എടുത്ത ഈ ഡോക്ടര്‍ വന്ന ദിവസം തന്നെ
എനിക്ക് ഇഷ്ടപ്പെട്ടു . അതുവരെ മനസ്സില്‍ വെച്ചിരുന്ന പുച്ഛവും പകയും
ഡോ. ഇര്‍ഷാദ് നോട് സംസാരിച്ചപ്പോള്‍ മാറിയത് പെട്ടന്നായിരുന്നു .
ഞങ്ങള്‍ പരസ്പരം വീട്ടു വിശെഷങ്ങള്‍ പങ്കു വെച്ചു. എന്തിനു പറയുന്നു
ഞങ്ങള്‍ പെട്ടന്ന് നല്ല സുഹൃത്തുക്കള്‍ ആയി . പറഞ്ഞു വന്നപ്പോള്‍
ഡോക്ടറുടെ മുത്തച്ഛന്‍ ഇന്ത്യയിലെ പഞ്ചാബില്‍ നിന്നും റാവല്‍ പിണ്ടിയില്‍
വിഭജനക്കാലത്ത് എത്തിച്ചേര്‍ന്ന ആളാണ് . ഡോക്ടറുടെ അച്ഛന്‍ പാക്
പട്ടാളത്തില്‍ ആയിരുന്നു , അമ്മ പ്രൈമറി സ്കൂള്‍ ടീച്ചര്‍ . രണ്ടു പേരും
റിട്ടയര്‍ ചെയ്തു റാവല്‍പിണ്ടിയില്‍ .
ദൈവമേ , എന്റെ അച്ഛന്‍
ഇന്ത്യന്‍ പട്ടാളക്കാരന്‍ , ഡോക്ടറുടെ അച്ഛന്‍ പാക് പട്ടാളക്കാരന്‍,
രണ്ടുപേരും ഈ രണ്ടു യുദ്ധം വീതം കണ്ടവര്‍ . പക്ഷെ ഡോക്ടറുടെ വിവരവും
വിനയവും ആ പരസ്പര ശത്രുത അലിയിച്ചു കളഞ്ഞു . അങ്ങിനെ എന്ന് യുനൈസ യില്‍
പോയാലും ഡോക്ടറുമായി സമയം ചിലവിടുക , അദ്ദേഹത്തിന്റെ അപാര്‍ത്മെന്റില്‍
പോവുക , അന്ന് അദ്ദേഹം ബാച്ച്ലെര്‍ ആയിരുന്നു എങ്കിലും വളരെ നല്ല
അപാര്‍ത്മെന്റ്റ് ഉണ്ടായിരുന്നു . പലപ്പോഴും എന്റെ ഹോട്ടലില്‍ വന്നു
ഭക്ഷണം കഴിക്കുക , ചെറിയ ഡ്രൈവിംഗ് നു പോവുക അങ്ങിനെ എന്റെ യുനൈസ
യാത്രകള്‍ എപ്പൊഴും ഡോക്ടറുടെ സൗഹൃദം കൊണ്ട് ഹൃദ്യമായി .
അങ്ങിനെയിരുന്നപ്പോള്‍ ഒരു ദിവസം ഡോക്ടര്‍ എനിക്ക് ഫോണ്‍ ചെയ്തു
റിയാദില്‍ വരുന്നു എന്നും സ്വന്തം മാതാപിതാക്കള്‍ ഒരുമാസത്തേക്ക്
സൗദിയില്‍ വരുന്നു എന്നും അറിയിച്ചു . എയര്‍പോര്‍ട്ടില്‍ വരാമോ എന്ന്
ചോദിച്ചപ്പോള്‍ എനിക്ക് " അതിനെന്താ " എന്ന് പറയാന്‍ തോന്നിയുള്ളൂ .
ഫോണ്‍ താഴെ വെച്ചു കഴിഞ്ഞാണ് ഡോക്ടുടെ അച്ഛന്‍ ഒരു പാക്
പട്ടാളക്കാരന്‍ ആയിരുന്നല്ലോ എന്നോര്‍ത്തത് . ഇന്ത്യയുടെ ഒരു ആജന്മ
ശത്രു !
അവര്‍ വരുന്ന ദിവസം ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തി
ആദ്യം ഡോക്ടര്‍ നെ സ്വീകരിച്ചു . ഞങ്ങള്‍ രണ്ടു പേരും കൂടി
ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ കാത്തു നിന്ന് . പര്‍ദ്ദ അണിഞ്ഞ ആ അമ്മയും
പരമ്പരാഗത പാകിസ്താന്‍ വേഷം ധരിച്ചു എത്തിയ ഡോക്ടറുടെ അച്ഛനും ,
മകനെ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും സ്വീകരിക്കുന്നത് കണ്ടപ്പോള്‍
നമ്മുടെ സംസ്കാരത്തില്‍ നിന്നും എന്താണ് വ്യത്യാസം എന്ന് ഞാന്‍
ആലോചിച്ചു . ഡോ ഇര്‍ഷാദ് നു " ഒരു ഹിന്ദുസ്ഥാനി " സുഹൃത്ത്
ഉണ്ടെന്നു അവര്‍ക്ക് അറിയാമായിരുന്നു , അതിനാല്‍ അദ്ദേഹം " ആവ്വോ ,
മേരാ ബെട്ട , ഗലേ മിലാദോ
( വരൂ മകനെ , എന്നെ ആലിംഗനം ചെയൂ " എന്ന് പറഞ്ഞപ്പോള്‍ ആദ്യം ചെറിയൊരു നീരസം ഉള്ളില്‍ ഉണ്ടായോ ?
പക്ഷെ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ആയിരുന്ന ആ അമ്മയുടെ ഉര്‍ദു
ചിലവാക്കുകള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എങ്കിലും
സ്നേഹത്തിനോ വാത്സല്യത്തിനോ ഭാഷയോ രാജ്യമോ പ്രശ്നമല്ലെന്ന് എനിക്ക്
മനസ്സിലായി . അവരെ യാത്രയാക്കി തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ പഴയ
പകയും ശത്രുതയും ഒക്കെ വേഗം മാഞ്ഞു പോയ പോലെ തോന്നി .
യുനൈസയില്‍
തൊട്ടടുത്ത ആഴ്ച ഞാന്‍ പോയപ്പോള്‍ ഡോക്ടറുടെ വീട്ടിലാണ് ഉച്ച ഭക്ഷണം
എന്ന് പറഞ്ഞിരുന്നു . വീട്ടിലെത്തിയ എനിക്ക് അവര്‍ നല്‍കിയ സ്നേഹവും
വാത്സല്യവും സത്യമായും ഒരു അത്ഭുതം ആയിരുന്നു . ബിരിയാണി വിളമ്പി
അടുത്ത് നിന്ന് വിളമ്പി തന്ന ആ അമ്മ ഒരു പാകിസ്ഥാനി ആണെന്ന് ഞാന്‍
മറന്നു പോയി . ഡോക്ടറുടെ അച്ഛന്‍ ആകട്ടെ എന്റെ നാടിനെപ്പറ്റി യും
വീടിനെപ്പറ്റിയും താജ്മഹലിനെ പറ്റിയും മുഹമ്മദു റാഫി യെപ്പറ്റി യും ലതാ
മങ്ങേഷ്ക്കരിനെ പറ്റിയും ഒക്കെ വാതോരാതെ സംസാരിച്ചിരുന്നു .
പട്ടാളക്കാരനായ എന്റെ അച്ഛനെപറ്റി ഞാന്‍ പറഞ്ഞപ്പോള്‍ " യുദ്ധം ഒരു
പട്ടാളക്കാരന്റെ ആഗ്രഹം അല്ലല്ലോ, ഞാനും ഒരിക്കല്‍ ഹിന്ദുസ്ഥാനി
ആയിരുന്നില്ലേ " എന്ന് പറഞ്ഞത് എനിക്ക് ഹൃദയത്തില്‍ തട്ടി .
അവര്‍ അവിടെ കഴിഞ്ഞ ഒരു മാസത്തില്‍ പല തവണ എനിക്ക് യുനൈസ യില്‍ പോകേണ്ടി
വന്നിട്ടുണ്ട് , അപ്പോഴെല്ലാം അവിടെ ഉച്ച ഭക്ഷണം , അല്ലെങ്കില്‍
വൈകിട്ട് ഊണ് . എന്റെ ഓഫീസിലും ഈ "ശത്രുക്കളുടെ" ചങ്ങാത്തം സംസാര വിഷയം
ആയി . ഡോക്ടര്‍ ഒന്ന് രണ്ടു തവണ എന്റെ വീട്ടില്‍ വരികയും ചെയ്തു .
ആ വര്‍ഷത്തെ റംസാന്‍ നോയമ്പ് കാലത്ത് എനിക്ക് യുനൈസ യില്‍ പോവേണ്ടി
വന്നു . റംസാന്‍ നോയമ്പ് കാലത്ത് പകല്‍ ഭക്ഷണം കഴിക്കുകയോ ഹോട്ടെലുകള്‍
പകല്‍ തുറക്കുകയോ ഇല്ല , അതിനാല്‍ യാത്ര ചെയ്യുന്ന എനിക്ക് ഉച്ച ഭക്ഷണം
കഴിക്കാന്‍ ബുദ്ധിമുട്ട് വരരുത് എന്ന് വിചാരിച്ചു ഡോക്ടര്‍ എനിക്ക്
വീട്ടില്‍ ഭക്ഷണം തയ്യാറാക്കാം എന്ന് പറഞ്ഞിരുന്നു . യാത്ര
ചെയ്യുന്നവര്‍ക്ക് നോയമ്പ് കാലത്തും ഭക്ഷണം കഴിക്കാം . പരസ്യം ആവരുതെന്നു
മാത്രം .
സ്വയം നോയമ്പ് ആചരിച്ചു ഡോക്ടറുടെ കുടുംബം എനിക്ക് ഭക്ഷണം
ഒരുക്കിയത് എനിക്ക് മറക്കാന്‍ ആവാത്ത അനുഭവം ആണ് . ആ അമ്മയുടെ
കൈപ്പുണ്യവും
ഡോക്ടറുടെ അമ്മയും അച്ഛനും തിരികെ റിയാദ്
എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങുമ്പോള്‍ യാത്ര അയക്കാന്‍ ഞാനും പോയി ,
പിരിയാന്‍ നേരത്ത് മകനെ കെട്ടി പിടിച്ചു കരയുന്ന ആ അമ്മയെ എനിക്ക്
ഹിന്ദുസ്ഥാനി എന്നോ പാകിസ്ഥാനി എന്നോ വിളിക്കാന്‍ മനസ്സ് വന്നില്ല ,
അമ്മ എന്നും എവിടെയും അമ്മ തന്നെ . ഡോക്ടറുടെ അച്ഛന്‍ എന്നെ
കെട്ടിപ്പിടിച്ചു " ബേട്ടാ , ഞാന്‍ ഒരിക്കല്‍ തജ്മഹല്‍ കാണാന്‍ വരും ,
നമുക്ക് ഒരുമിച്ചു പോകണം "
അത്തവണ ആ അമ്മയുടെ പര്‍ദ്ദയില്‍
മൂടിയിട്ടും പുറത്ത് കാണാവുന്ന വെളുത്തു മെലിഞ്ഞ ആ പാദങ്ങളില്‍ ഞാനും
ഒന്ന് തൊട്ടു തൊഴുതു . ആ പാകിസ്താനി അമ്മ നിറകണ്ണുകളുമായി കൈ വീശി
നടന്നു നീങ്ങുമ്പോള്‍ ഞാന്‍ എന്റെ സ്വന്തം ഹിന്ദുസ്ഥാനി അമ്മയെ ഓര്‍ത്തു .
ഭാരത മാതാ !
ഭാരത് മാതാ കീ ജയ് !
ഓരോ രാജ്യത്തിന്റെയും അതിർത്തികളിൽ കാണുന്ന ഇരുമ്പ് വേലികൾ ഏഴാനാകാശത്തുനിന്ന് നോക്കിയാൽ കാണില്ല, അതുപോലെയാണു സ്നേഹത്തിന്റെ ഭാഷയും..
ReplyDeleteകറ തീർന്ന സ്നേഹത്തിൻ മുൻപിൽ സ്നേഹം കൊണ്ട് അടിയറ വെച്ച എഴുത്തുകാരനു അഭിനന്ദനങ്ങൾ .
ഓരോ രാജ്യത്തിന്റെയും അതിർത്തികളിൽ കാണുന്ന ഇരുമ്പ് വേലികൾ ഏഴാനാകാശത്തുനിന്ന് നോക്കിയാൽ കാണില്ല, അതുപോലെയാണു സ്നേഹത്തിന്റെ ഭാഷയും..
ReplyDeleteകറ തീർന്ന സ്നേഹത്തിൻ മുൻപിൽ സ്നേഹം കൊണ്ട് അടിയറ വെച്ച എഴുത്തുകാരനു അഭിനന്ദനങ്ങൾ .
ജാതി മത ദേശ വേഷ ഭാഷ കൽക്കെല്ലാം മീതെയുള്ള വികാരമാണ് സ്നേഹം ...
ReplyDeleteസ്നേഹം തന്നെയാകട്ടെ റംസാനിന്റെ സന്ദേശവും ....
സ്നേഹം
നന്മകൾ നേരുന്നു
ReplyDeleteഇന്ന് വീണ്ടും വായിച്ചു.. നേരത്തെ തന്നെ നല്ല വായനാനുഭവം ലഭിച്ച ഒരു കുറിപ്പാണിത്.. നന്മകള്‍...
ReplyDelete