Thursday, 7 June 2012

പെരുംകള്ളന്‍

 
" കള്ളാ .. കള്ളാ ..പുസ്തക കള്ളാ ...
തങ്കമ്മ സാറിന്റെ മോനാണെ...
കേള്‍ക്കാന്‍ നല്ല ചേലാണെ ...
തായോ ,, തായോ ..പെരും കള്ളനെ ഞങ്ങള്‍ക്ക് വിട്ടു തായോ ..."

മുളക്കുഴ ഗവ സ്കൂള്‍ ലെ കുട്ടികള്‍ ഒന്നടങ്കം ആര്‍ത്തിരമ്പി വിളിച്ച ആ മുദ്രാവാക്യങ്ങള്‍ കേട്ട് പരമസ്വാതികയായ ആ അമ്മയുടെ ഹൃദയം തകര്‍ന്നു പോയി , അവര്‍ ടീച്ചേഴ്സ് റൂമിലെ മേശയില്‍ മുഖം അമര്‍ത്തി കരഞ്ഞു . കൂടെ കമലാക്ഷി അമ്മ സാറും മറ്റു രണ്ടു മൂന്നു സാറന്മാരും .

സ്കൂളില്‍ എല്ലാവര്ക്കും മാതൃക ആവേണ്ട ആറാം ക്ലാസ്സുകാരന്‍ സ്വന്തം മകന്‍ സഹപാഠികളുടെ പുസ്തകം മോഷ്ടിച്ച് ഏഴിലെ ഒരു കൂട്ടുകാരന് ഐസ് തിന്ന കടം വീട്ടാനായി കൊടുത്തു . അവന്‍ തോണ്ടി സഹിതം പിടിക്കപ്പെട്ടപ്പോള്‍ കൂട്ട് പ്രതിയെ കാണിച്ചു കൊടുത്തു . ഒന്നും രണ്ടും ഒന്നും അല്ല , ആറു പുസ്തകങ്ങള്‍ ആണ് മോഷ്ടിച്ച് വിറ്റത്.

" സാര്‍ , എനിക്കിങ്ങനെ ഒരു മകന്‍ ഇല്ല , സാര്‍ ഇവന് നിര്‍ബന്ധിത ടീ സീ കൊടുക്കണം , ഞാനും മറ്റൊരു സ്കൂളിലേക്ക് മാറി പൊക്കോളാം, എനിക്കിനി ഈ നാട്ടില്‍ ജീവിക്കാന്‍ വയ്യ "

ഹെഡ് മാസ്റ്റര്‍ ജോര്‍ജ് ഫിലിപ്പ് സാര്‍ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി ,
കുട്ടികളുടെ ഇരമ്പല്‍ ഏറെക്കുറെ അവസാനിച്ചപ്പോള്‍ കമലാക്ഷി അമ്മ തങ്കമ്മ സാറിനെ പുറത്ത് തടവി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു .
" അവനൊരു കുഞ്ഞല്ലേ , അവന്റെ സ്വന്തം അമ്മ ക്ഷമിച്ചില്ലെങ്കില്‍ പിന്നെ ആരു ക്ഷമിക്കും , ചെയ്തത് തെറ്റാണെന്ന് അവനു മനസ്സിലായില്ലേ , അത് മതി .. തങ്കമ്മ എഴുനെല്‍ക്കൂ .. അവനെയും കൊണ്ട് വീട്ടില്‍ പോകൂ .."

പ്യൂണ്‍ നാരായണന്‍ ചേട്ടന്‍ താക്കോല്‍ കൂട്ടവുമായി നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി , സ്കൂള്‍ മറ്റെല്ലാ ഭാഗവും പൂട്ടി , തങ്കമ്മ സാര്‍ ഇറങ്ങിയിട്ട് വേണം ടീച്ചേര്‍സ് റൂം പൂട്ടി വീട്ടില്‍ പോവാന്‍ ...


" തങ്കമ്മ എന്ത് വിഡ്ഢിത്തരം ആണീ പറയുന്നത് , അവനെ ഇവിടെ കളഞ്ഞിട്ടു പോയാല്‍ അവന്‍ എങ്ങോട്ട് പോവും , അവനെ ആരെങ്കിലും പിടിച്ചു കൊണ്ട് പോയാല്‍ ആരു സമാധാനം പറയും ? "

" വേണ്ട സാറേ , അവനെ എനിക്ക് വേണ്ട .. എവിടെങ്കിലും പോയി തെണ്ടാട്ടെ ,,, എനിക്കിനി രണ്ടു മക്കളെ ഉള്ളന്നു വിചാരിച്ചോളാം.. എനിക്ക് വേണ്ടാ ഈ അസത്തിനെ .. ഈശ്വര... ഇങ്ങനെ ഒരുത്തന്‍ എന്റെ വയറ്റില്‍ വന്നു പിറന്നല്ലോ." അമ്മ ഏങ്ങലടിച്ചു കരഞ്ഞു .

ആദ്യം അനുനയം പരീക്ഷിച്ച കമലാക്ഷി അമ്മ സാറിനു ക്ഷമ കുറഞ്ഞു വന്നു , എന്തെല്ലാം പറഞ്ഞിട്ടും അമ്മ വഴങ്ങുന്നില്ല .


" എങ്കില്‍ തങ്കമ്മ കേട്ടോ , എനിക്ക് സ്വന്തം മക്കളില്ല , ഞാന്‍ അവനെ എന്റെ വീട്ടില്‍ കൊണ്ട് പോവാ .. അവനെ ഞാന്‍ വളര്‍ത്തി മിടുക്കന്‍ ആക്കും .. അന്ന് തിരികെ ചോദിച്ചാല്‍ ഞാന്‍ തരില്ല .. സമ്മതിച്ചോ "


പറയുക മാത്രമല്ല ആ മകന്റെ കൈ പിടിച്ചു ആ മക്കളില്ലാത്ത കമലാക്ഷി അമ്മ സാര്‍ പുറത്തേക്ക് നടന്നു .


" തങ്കമ്മ സാറേ .. പോയി മോനെ വിളിക്കൂ ..കഴിഞ്ഞതെല്ലാം കഴിഞ്ഞു " ഏലിയാമ്മ സാറിന്റെ സ്വരം ഏറെക്കുറെ ഒരു ആജ്ഞയുടെ രൂപത്തില്‍ ആയിരുന്നു . കമലാക്ഷി അമ്മ സാറിന്റെ കയ്യില്‍ പിടിച്ചു സ്വന്തം അമ്മയെ നോക്കി ' അമ്മേ എന്നെ കളഞ്ഞിട്ടു പോവല്ലേ " വലിയ വായില്‍ കരഞ്ഞ ആ വലിയ കുറ്റവാളിയായ മകനെ അവസാനം എല്ലാവരും കൂടി സ്വന്തം അമ്മയുടെ കൂടെ ഒരു വിധം പറഞ്ഞയച്ചു . നാരായണ ചേട്ടനും അന്ന് സ്കൂള്‍ പൂട്ടി വീടിലെത്താന്‍ വല്ലാതെ വൈകി .


എന്നും സ്കൂള്‍ കവാടത്തില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന കുന്നിന്റെ മുകളിലുള്ള മുളക്കുഴ ഗന്ധര്‍വ മുറ്റം ഭഗവതി ക്ഷേത്രനടക്കു നോക്കി ഉള്ളുരുകി പ്രാര്‍ത്ഥന നടത്തി സ്കൂളില്‍ എത്തുന്ന ആ അമ്മക്ക് രണ്ടാമത്തെ മകന്‍ ഉണ്ടാക്കി വെച്ച പേര് ദോഷം എളുപ്പം മറക്കാനോ പൊറുക്കാണോ ആവുന്നതായിരുന്നില്ല . അമ്മ നീണ്ട അവധി എടുത്തു , പട്ടാളത്തില്‍ ആയിരുന്ന അച്ഛനെ വിളിച്ചു വരുത്തി , സ്കൂളില്‍ ഒന്നാമാന്നയിരുന്ന മൂത്ത മകന്റെ കഥകള്‍ പറയാന്‍ ആ അമ്മക്ക് പഴയത് പോലെ കഴിയുമായിരുന്നില്ല , അത്ര വലിയ ചീത്ത പേരാണ് രണ്ടാമത്തെ മകന്‍ ആ അമ്മക്ക് സംമ്മാനിച്ചത് .


കാലം പിന്നെയും എത്ര കടന്നു പോയി , കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് മുംബയില്‍ ജോലി ചെയ്യുന്ന " ബ്ലൂ സ്റാര്‍ " കമ്പനി അവരുടെ ആ വര്‍ഷത്തെ " ബെസ്റ്റ് കസ്റ്റമര്‍ സപ്പോര്‍ട്ട് മാനേജര്‍ " അവാര്‍ഡ് കമ്പനി ചെയര്‍മാന്‍ അശോക്‌ അദ്വാനിയില്‍ നിന്നും വാങ്ങാന്‍ സ്റ്റേജ് ല്‍ കയറിയപ്പോള്‍ അത് വാങ്ങുന്നത് കാണാന്‍ എന്റെ അമ്മ സദസ്സില്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോയി . എന്റെ മനസ്സ് മുഴുവന്‍ ടീച്ചേര്‍സ് റൂമില്‍ ഇരുന്നു ഏങ്ങലടിച്ചു കരഞ്ഞ എന്നെ ഇനി വേണ്ടെന്നു പറഞ്ഞ എന്റെ അമ്മയുടെ മുഖം ആയിരുന്നു . എന്നെ വളര്‍ത്താന്‍ മോഹിച്ച കമലാക്ഷി അമ്മ സാറിന്റെ മുഖവും .


കമലാക്ഷി അമ്മ സാറിനു റിട്ടയര്‍ ചെയ്തിട്ട് എന്ത് സംഭവിച്ചു എന്ന് അറിയാന്‍ എനിക്കാഗ്രഹം ഉണ്ടായിരുന്നു , സാധിക്കുമെങ്കില്‍ ഒന്ന് അന്വേഷിച്ചു കണ്ടു പിടിച്ചു വീട്ടില്‍ പോവാനും . പല ശ്രമങ്ങളും നടത്തിയിട്ടും ആര്‍ക്കും ഒരു വിവരവും ഇല്ല . അങ്ങിനെയിരിക്കെ അവിചാരിതമായി കോന്നിയില്‍ ഉള്ള ഒരു സുഹൃത്തിനെ പരിചയപ്പെട്ടു . മുളക്കുഴ സ്കൂള്‍ സംഭാഷണ മധ്യേ കമലാക്ഷി അമ്മ സാറിനെ പറ്റിയും പറഞ്ഞു

" ആ സാറിനെ എനിക്കറിയാം , സാറ് എന്റെ വീടിനടുത്ത് അനിയത്തിയുടെ മകളുടെ കൂടെയാണ് താമസം "
അന്ന് തന്നെ ഞാന്‍ ആ നല്ല സുഹൃത്തിനെ നന്നായി ബുദ്ധി മുട്ടിച്ചു സാറിന്റെ ടെലിഫോണ്‍ സംഘടിപ്പിച്ചു .

അങ്ങേത്തലക്കല്‍ ഒരു പതിഞ്ഞ സ്വരം .. അതെ അത് കമലാക്ഷി സാറ് തന്നെ ആയിരുന്നു ഫോണ്‍ എടുത്തത് .


" സാര്‍ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല ... ഞാന്‍ തങ്കമ്മ സാറിന്റെ ...." എന്ന് വരെ പറഞ്ഞതെ ഉള്ളൂ


" സോമരാജന്‍ അല്ലെ ... മോനെ നിനക്ക് എന്റെ നമ്പര്‍ എങ്ങിനെ കിട്ടി ... തങ്കമ്മ എങ്ങിനെ .."


ഞാന്‍ എന്നെ ഒരിക്കല്‍ വളര്‍ത്താന്‍ മോഹിച്ച മക്കളില്ലാത്ത ആ അമ്മയുടെ ശബ്ദം മതി വരുവോളം കേട്ടു.. എന്റെ കണ്ണ് നിറയുന്നത് വരെ .


അടുത്ത കാലത്ത് ഞാന്‍ എനിക്ക് കിട്ടിയ വെള്ളിയില്‍ തീര്‍ത്ത ആ അവാര്‍ഡ്‌ എന്റെ അമ്മയെ കാണിച്ചു . വിഷാദരോഗം കൊണ്ട് നന്നേ ബുദ്ധി മുട്ടുന്ന എന്റെ അമ്മ ആ തളിക തിരിച്ചും മറിച്ചും നോക്കി , കണ്ണാടി പോലെ തിളങ്ങുന്ന അതില്‍ അമ്മയുടെ മുഖം എനിക്ക് നന്നായി കാണാം .


" അനിയാ ,, ഇത് അവര്‍ തന്നത് തന്നെ ആണേ ...കാണാതെ എടുത്തത് ഒന്നും അല്ലല്ലോ ..."


" എന്തോ കാലില്‍ വീണു നനഞ്ഞത്‌ പോലെ ..എന്താണെന്ന് നീ ഒന്ന് നോക്കിക്കേ "


ഞാന്‍ നോക്കാന്‍ പോയില്ല , എനിക്കറിയാം , അത് എന്റെ കണ്ണില്‍ നിന്നും വീണതാണെന്നു .

8 comments:

  1. ഓഹ്... വളരെ നന്ന്...
    മാതാപിതാക്കൾ ഇത്തരം അവസ്ഥയിൽ കൈകാര്യം ചെയ്യുന്നതിനനുസരിച്ചിരിക്കും കുട്ടികളുടെ ഭാവി. കുട്ടിക്കാലത്ത് ഇതുപോലൊരനുഭവം എനിക്കും ഉണ്ട്, പിന്നീട് പോസ്റ്റിടാൻ വച്ചിരിക്കുവാ...

    ReplyDelete
  2. പങ്കു വെച്ച മനസ്സിലെ വേദനകള്‍ ഇന്നും നേരുന്നു അല്ലെ..

    ReplyDelete
  3. ചെറിയ തെറ്റുകള്‍ക്കുള്ള വലിയ കുറ്റപ്പെടുത്തലുകള്‍ കുഞ്ഞു മനസ്സുകളില്‍ അപമാനത്തിന്റെ വലിയ പോറലുകള്‍ ഏല്പിക്കും. ഒരിക്കലും മറക്കാത്ത, ഓര്‍ക്കുമ്പോള്‍ നീറ്റലുണ്ടാകുന്ന വലിയ വേദനകള്‍. ചിലപ്പോള്‍ വാശി മൂലം വലിയ തെറ്റുകളിലേക്ക് നീങ്ങാനും അത് കാരണമാകും. മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണത്.

    ഇവിടെ അങ്ങിനെ സംഭവിച്ചില്ല. മകന്‍ വലിയവനായി. അത് ആ സത്യസന്ധയായ അമ്മയുടെ ജന്മ സുകൃതം കൊണ്ടാവാം. ചിന്തിപ്പിക്കുന്ന വിഷയത്തിന്റെ നല്ല അവതരണം.

    ReplyDelete
  4. ഇരിപ്പിടം ഗ്രൂപ്പില്‍ ഈ അനുഭവം കുറിച്ചപ്പോള്‍ തന്നെ വായിച്ചിരുന്നു ..മനസ്സില്‍ കൊണ്ട് എഴുതി ..ചെറുപ്പത്തില്‍ മഹാ വികൃതികള്‍ ആയി മാതാപിതാക്കളുടെ സ്വസ്ഥത കെടുത്തുന്ന മക്കള്‍ വലുതാകുമ്പോള്‍ അവര്‍ക്ക് വലിയ അഭിമാനം കൊണ്ടുവരുന്നത്‌ കണ്ടിട്ടുണ്ട് ..അത് പോലെ നല്ല പേര് കേള്പ്പിച്ചവര്‍ ഒടുവില്‍ കണ്ണീരില്‍ ആഴ്ത്തിയിട്ടുമുണ്ട് ..സ്കൂളില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്നവര്‍ വലുതാകുമ്പോള്‍ എങ്ങനെയൊക്കെയോ തല തിരിഞ്ഞു തെണ്ടി നടക്കുന്നതും ക്ലാസില്‍ ചീത്തപ്പേര് കേള്പ്പിച്ചവര്‍ ജീവിതത്തില്‍ വലിയ നിലയില്‍ വിജയം നേടുന്നതും ചിലപ്പോള്‍ നമുക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള ഒരു യാഥാര്‍ത്ഥ്യം ആണ് ..

    ReplyDelete
  5. കുട്ടികളില്‍ മോഷണവാസന സര്‍വ്വസാധാരണമാണ്. സോമരാജന്‍ സാറ് ചെയ്തത് തെറ്റാണു. തങ്കമ്മ ടീച്ചര്‍(സാറ്) ശരിയുമാണ്. കമലാഷിയമ്മ ടീച്ചറും ശരിയാണ്. ഈ കഥയില്‍ ഏറ്റവും ശരി ഏലിയാമ്മ ടീച്ചര്‍ ആണ്. കാരണം ഏലിയാമ്മ ടീച്ചറിന്‍റെ ആജ്ഞ തങ്കമ്മ ടീച്ചര്‍ അനുസരിച്ചതുകൊണ്ട് സോമരാജന്‍ സാറിന് ഇന്ന് രണ്ട് അമ്മമാര്‍ ഉണ്ട്. മറിച്ചായിരുന്നുവെങ്കില്‍ സോമരാജന്‍ സാറ് ഈ നിലയിലെത്തുകയില്ലായിരുന്നു. കമലാഷിയമ്മ ടീച്ചറിന്‍റെ ലാളനയില്‍, ഒരു പക്ഷെ, ഈ രണ്ടമ്മമാരും പരോഷമായി നഷ്ടപ്പെടുമായിരുന്നു.

    " അനിയാ ,, ഇത് അവര്‍ തന്നത് തന്നെ ആണേ ...കാണാതെ എടുത്തത് ഒന്നും അല്ലല്ലോ ..."

    കഥാമര്‍മ്മം ഒത്തിരി ഇഷ്ടമായി

    ReplyDelete
  6. നല്ല തുടക്കം .....ഒരു മുളക്കുഴ , കോട്ട നിവാസിയായ എനിക്ക് പരിചിതമായ പല വഴികളും ഈ കുറിപ്പുകളില്‍ ഉണ്ട്. തന്നെയുമല്ല എല്ലാം തുറന്നു പറയുന്ന രീതിയും ഈ എഴുത്തുകള്‍ക്ക് ജീവന്‍ പകരുന്നുണ്ട് .

    ആശംസകള്‍
    മനോജ്‌
    കോട്ട....( ബഹറിന്‍)

    ReplyDelete
  7. വളരെ നന്നായിട്ടുണ്ട്...

    ReplyDelete
  8. ഒരുപാട് ഹൃദയസ്പര്‍ശിയായ കഥ , കഥ എന്ന് തോന്നുന്നില്ല ഒരു അനുഭവക്കുറിപ്പ് എഴുതിയപോലെ എന്ന് വായിക്കുന്നവര്‍ക്ക് തോന്നാം .
    എന്തോ കാലില്‍ വീണു നനഞ്ഞത് പോലെ .. കമലാക്ഷി സാറിനെ ഫോണില്‍ വിളിച്ചപ്പോള്‍ അതായിരുന്നു എനിക്കും ഉണ്ടായത് .. എല്ലാ ആശംസകളും ..

    രാജേഷ്‌ ..

    ReplyDelete