അത് കോശി ആയിരുനെങ്കില്‍ !
അരീക്കര ആകെ നാലോ അഞ്ചോ ക്രിസ്ത്യാനി കുടുംബങ്ങളെ ഉള്ളൂ , അതിനാല്‍ അന്നൊക്കെ ഞങ്ങള്‍ കുട്ടികള്‍ മാപ്പിളമാരുടെ വീടെന്നു പറഞ്ഞാല്‍ മാത്രം മതി . ഉണിച്ചിയുടെ കള്ളുഷാപ്പിനു നേരെ എതിരെ കാണുന്നതാണ് മറിയാമ്മ സാറിന്റെ വീട് . എന്നെ വട്ടമോടി ഗവ എല്‍ പീ സ്കൂളില്‍ കണക്കും സയന്‍സും ആണ് മറിയാമ സാര്‍ പഠിപ്പിച്ചിരുന്നത് , മറിയാമ്മ സാറിനു അഞ്ചു മക്കള്‍ , മൂന്നു ആണും രണ്ടു പെണ്ണും .ആണ്‍ മക്കളില്‍ മൂത്തയാള്‍ ബാബു ചേട്ടന്‍ , പിന്നെ എന്നെക്കാള്‍ ഒരു വയസ്സ് കൂടുതല്‍ ഉള്ള കോശി , പിന്നെ ജോച്ചു . ഇവര്‍ മൂന്നു പേരും ഓരോ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ , ബാബു ചേട്ടന്‍ ആണെങ്കില്‍ ഏതു വാച്ചും നന്നാക്കുന്ന ഒന്നാംതരം വാച്ച് റിപ്പയരാര്‍ , അടുത്തയാള്‍ കോശി , കോശിക്ക് ചെറുപ്പം മുതലേ സൈക്കിളുകള്‍ ആണ് ആവേശം , ഞാന്‍ സൈക്കിള്‍ ചവിട്ടാന്‍ പഠിക്കണമെന്ന് മോഹിച്ച കാലത്ത് കോശി സ്വന്തം സൈക്കിള്‍ കൊണ്ട് നടക്കാന്‍ തുടങ്ങിയിരുന്നു . അത്തരം സൈക്കിളുകള്‍ അന്ന് ആ നാട്ടില്‍ ആര്‍ക്കും തന്നെ ഉണ്ടായിരുന്നില്ല . എന്റെ അച്ഛന്‍ ഉപയോഗിച്ചിരുന്ന റാലി സൈക്കിള്‍ അന്ന് കിര്‍ കിര്‍ എന്ന് ബല്ലടിക്കുംപ്പോള്‍ കോശിയുടെ സൈക്കിളിന്റെ മൃദുവായ ണിം.. ണിം എന്ന് കേള്‍ക്കുന്നത് തന്നെ ഒരു സുഖമായിരുന്നു . ചെറിയ വീലുകള്‍ , വളഞ്ഞ ഹാന്ടിലുകള്‍, ബാറ്ററി കൊണ്ടുള്ള ഹോണ്‍ , സൈഡ് ബോക്സ് , കേബിള്‍ ഉള്ള ബ്രേക്ക് എന്ന് വേണ്ട സകല വിധ ഫിറ്റിങ്ങുകളും ഞാന്‍ ആദ്യമായി കാണുന്നത് കോശിയുടെ സൈക്കിളില്‍ ആണ് . സ്കൂളില്‍ പോവുമ്പോള്‍ ഇപ്പൊ കോശി പിറകെ വരണെ, ആ സൈക്കിള്‍ ഒന്ന് ചവിട്ടാന്‍ തരണേ എന്ന് പ്രാര്‍ഥിച്ചു കൊണ്ടാണ് ഇറങ്ങുക . അത് പോലെ തന്നെ ണിം ..ണിം എന്നുള്ള ആ മൃദുവായ ബെല്‍ അടിച്ചു " അനിയോ ... കേറുന്നോ ? എന്ന് ചോദിക്കേണ്ട താമസം , ഇടക്കൊന്നു ചവിട്ടാന്‍ തന്നാല്‍ അതും ആയി . സൈക്കിളിന്റെ കാര്യത്തില്‍ മാത്രമല്ല കോശി എന്റെ ഹീറോ ആയതു , ഇട്ടു കൊണ്ട് നടക്കുന്ന പാന്റ് , ഷര്‍ട്ട് ന്റെ കോളര്‍ , സ്റ്റീല്‍ ബട്ടണുകള്‍ , അങ്ങിനെ എല്ലാ ഫാഷനിലും കോശി ജെയിംസ് ബോണ്ടും ജയനും ഒരേ സമയം ആയിരുന്നു . പത്തില്‍ എത്തിയപ്പോഴേക്കും കോശി സ്വന്തം സൈക്കിളില്‍ ഒരു മോട്ടോര്‍ സൈക്കിളിന്റെ ഹാന്‍ഡില്‍ സംഘടിപിച്ചു അരീക്കര മാത്രമല്ല മുളക്കുഴ ആകമാനം പ്രസിദ്ധന്‍ ആയിക്കഴിഞ്ഞിരുന്നു , ഇതൊക്കെ തന്നെ ഫിറ്റ് ചെയ്യുന്നതാണ് . കോശിയെ ആരും ഒന്നും പഠിപ്പിച്ചതും അല്ല .
ഞാന്‍ പത്തില്‍ എത്തിയപ്പോഴേക്കും കോശി ഒരു പഴയ മോപ്പെട് പോലുള്ള സ്കൂട്ടര്‍ സംഘടിപ്പിച്ചു കഴിഞ്ഞിരുന്നു . അതില്‍ കുറെ ഫിറ്റിംഗ് ഒക്കെ ചെയ്തു സ്വയം പെയിന്റ് അടിച്ചു കുട്ടപ്പന്‍ ആക്കി ചെത്തുന്നത് കണ്ടപ്പോള്‍ എങ്ങനെയും അതൊന്നു പഠിക്കണം എന്ന് ഞാന്‍ കൊശിയോട് പറഞ്ഞു " അനിയാ കാര്യം ഒക്കെ ശരി , ഒന്ന് ഇരുപതു രൂപ ചിലവുണ്ട് , രണ്ടു എനിക്ക് പഠിപ്പിക്കുംപ്പോള്‍ ചിലപ്പോള്‍ ഒന്ന് രണ്ടു വീക്ക് തന്നെന്നിരിക്കും , പരാതി പറയാന്‍ പാടില്ല " ആവേശം കൊണ്ട് ഞാന്‍ എല്ലാം സമ്മതിച്ചു , പാഠം ഒന്ന് .. ബാലന്‍സിംഗ് .. അങ്ങിനെ തുടങ്ങി രണ്ടാം ദിവസം ആണെന്ന് തോന്നുന്നു , ഞാന്‍ ഒരുവിധം മുക്കിയും ഞരക്കിയും ഓടിക്കുകയാണ് " അനിയാ .. ഒന്ന് നിര്ത്തിക്കെ... സൈഡിലോട്ടു ബ്രക്കിട്ടു കാല്‍ കുത്തിയതും പടക്കം പൊട്ടുന്നത് പോലെ എന്റെ പിടലിക്ക് ഒരടി .... കണ്ണില്‍ നിന്നും പൊന്നീച്ച പറന്നു ... " അപ്പൊ അനിയാ ആര് ഗിയര്‍ മാറ്റും ? ..." ഞാന്‍ പിടലിയും തടവി അന്നത്തെ പാഠം പഠിച്ചു .
കോശി പ്രീ ഡിഗ്രി ഒരു വിധം മുഴുമിപ്പിച്ചു , പക്ഷെ അതിനകം കൈ വെക്കാത്ത ബൈക്കുകള്‍ ഇല്ലാന്ന് തന്നെ പറയാം , ജാവ , രാജ് ദൂത് , യെസ്ഡി, ബുള്ളറ്റ് അങ്ങിനെ എല്ലാ വിധ ബൈക്കുകളും കോശി കൊണ്ട് നടക്കുന്നത് കാണാം. അധികം താമസിയാതെ ചെങ്ങന്നൂരിലെ ഒരു ആശാന്റെ വര്‍ക്ക് ഷോപ്പ് ല്‍ കയറിക്കൂടി . ഞാന്‍ മുംബൈക്ക് പോകുന്നത് വരെ എവിടെ കണ്ടാലും പിടലിക്ക് അടി കൊടുത്തു പഠിപ്പിച്ച പഴയ ശിഷ്യനെ പുറകില്‍ കയറ്റിയെ പോകൂ . ബൈക്കില്‍ പലവിധ അഭ്യാസങ്ങളും കാണിക്കുന്നതിനാല്‍ എനിക്ക് സാമാന്യം നല്ല പേടിയും ഉണ്ടായിരുന്നു . ചെങ്ങന്നൂരെ ഏറ്റവും നല്ല ബൈക്ക് മെക്കാനിക് ആവാന്‍ കോശിക്ക് കുറച്ചു നാളുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ . ഞാന്‍ മുംബൈക്ക് പോയതോടെ കോശിയുമായുള്ള ചങ്ങാത്തം മുറിഞ്ഞു .
ഇതിനിടെ കോശി ഒരു ഹിന്ദു പെണ്‍കുട്ടിയെ ഒരു വീട്ടുകാരുടെയും എതിര്‍പ്പുകള്‍ നേരിട്ട് കല്യാണം കഴിച്ചതായി കേട്ടു. സ്വന്തം വീട്ടില്‍ നിന്നും പുറത്താക്കിയ കോശി ഒരു വാടക വീട്ടില്‍ താമസം തുടങ്ങി , ചെങ്ങന്നൂരിലെ ബൈക്കുകള്‍ നന്നാക്കുന്ന പണി പച്ച പിടിച്ചതോടെ ഒരു വിധം കാര്യങ്ങള്‍ നന്നായി മുന്നോട്ടു പോയി . രണ്ടു പെണ്‍കുട്ടികള്‍ ആയി അങ്ങനെ സകല വിധ വെല്ലുവിളികളെയും നേരിട്ട് കോശി ബൈക്കില്‍ സകുടുംബം യാത്ര ചെയ്യുന്ന കാഴ്ച ഒരവധിക്ക് ഞാന്‍ കണ്ടു . പഴയ ണിം .. ണിം എന്ന മൃദുവായ ബെല്‍ ശബ്ദത്തിനു പകരം പട പട എന്ന ബുള്ളറ്റ് ആണെന്ന് മാത്രം .
ഗള്‍ഫില്‍ നിന്നും സാധാരണ പോലെ ഒരു വെള്ളിയാഴ്ച ഞാന്‍ വീട്ടില്‍ വിളിച്ചപ്പോള്‍ അച്ഛനാണ് പറഞ്ഞത് " നീ അറിഞ്ഞോ .. നമ്മുടെ കോശി ബൈക്കും സൂപ്പര്‍ ഫാസ്റ്റ് ബസും വടക്കിനെത്ത് വളവില്‍ വെച്ച് കൂട്ടിയിടിച്ചു മരിച്ചു പോയി " എനിക്ക് കുറെ നേരം ഒന്നും തിരിച്ചു പറയാന്‍ സാധിച്ചില്ല .
പൂത്തിരി കത്തിച്ചത് പോലെ ചുറ്റും വര്‍ണങ്ങള്‍ വിതറി നിലത്തു വീണു ചിതറി അണഞ്ഞു പോയ ഒരു ജീവിതം !
വര്‍ഷങ്ങള്‍ പത്തിരുപതു കഴിഞ്ഞിരിക്കുന്നു . ഇപ്പോഴും അവധിക്കാലത്ത് അരീക്കരയിലെ റോഡ് ലൂടെ നടന്നു പോവുമ്പോള്‍ വല്ലപ്പോഴും ഒരു ണിം... ണിം... ബെല്ലിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ പെട്ടന്ന് തിരിഞ്ഞു നോക്കും
അത് കോശി ആയിരുനെങ്കില്‍ !
very touching narrative.
ReplyDelete-- Manoj White John
ആ കാലം ഇനി ഒരിക്കലും തിരിച്ചു വരില്ല......
ReplyDelete