Wednesday, 28 March 2012

പുരുഷ പാചകം

 
പാചകം ഒരു കലയാണ്‌ , അതില്‍ സ്ത്രീകളെക്കാള്‍ നന്നായി ശോഭിക്കാന്‍ പുരുഷന്മാര്‍ക്ക് സാധിക്കും . നളപാചകം എന്ന് കേട്ടിട്ടില്ലേ , ഏതു ചടങ്ങിനു സദ്യ വിളമ്പിയാലും ആദ്യം തിരക്കുന്നത് പാചകക്കാരനെ ആയിരിക്കും, സദ്യ കൊള്ളില്ലെങ്കില്‍ പഴി കേള്‍ക്കുന്നതും പാചകക്കാരന് ആയിരിക്കും . മലയാളിയുടെ കാര്യം പറഞ്ഞാല്‍ നല്ലൊരു ശതമാനം കേരളത്തിനു പുറത്ത് ജോലി ചെയ്യുന്നവരും ജോലി തുടങ്ങിയ കാലത്തെങ്കിലും ബാച്ചലര്‍ ആയി കഴിഞ്ഞവരും പാചകം പരീക്ഷിച്ചവരും ആയിരിക്കും . നല്ല കൈപുണ്യം ഉള്ള പല "നളന്മാരെയും " എന്റെ പ്രവാസ ജീവിതത്തില്‍ ഞാന്‍ കണ്ടു മുട്ടിയിട്ടുണ്ട് . ചിലര്‍ ആണെങ്കില്‍ " ഞാന്‍ പാത്രം കഴുകാം , താന്‍ പാചകം ചെയ്തോ " എന്ന് പറഞ്ഞു ഒഴിയാറും ഉണ്ട് . തന്നെ പാചകം ചെയ്യുന്നവര്‍ മുതല്‍ സംഘമായി പാചകം ചെയ്യുന്നവര്‍ വരെ ധാരാളം കാണാം . ചിലര്‍ വെക്കുക മാത്രമല്ല , നന്നായി വിളമ്പാനും മറുള്ളവരെ നന്നായി കഴിപ്പിക്കാനും അറിയാവുന്നവരാണ് . " ദാ ഒരു തവി കൂടെ , " " അതൊന്തോ കഴിപ്പാ, ഇനി കുറച്ചു പായസം കുടിക്കാം " " ഹ ! ഇത്ര പെട്ടന്ന് നിര്‍ത്തിയോ " " കഴിക്കാതെ ഞാന്‍ വിടില്ല " എന്നൊക്കെ പറഞ്ഞു മറ്റുള്ളവരെ കഴിപ്പിക്കുന്നത് ഞാന്‍ ആസ്വദിച്ചത് എത്ര എത്ര തവണയാണ് , അവരാണ് ശരിക്കുള്ള നളന്മാര്‍ ! ഒരു നേരത്തെ അത്താഴത്തിനു ബുദ്ധി മുട്ടുന്നവര്‍ മറ്റൊരാളെ വിളിച്ചു ഭക്ഷണം കൊടുക്കുന്നതിനേക്കാള്‍ പുണ്യം എന്താണ് ഈ ലോകത്ത് ?

ഞാന്‍ പാചകം ചെയ്യാന്‍ പഠിച്ചതിനു എന്റെ അമ്മയോട് കടപ്പെട്ടിരിക്കുന്നു , ഞങ്ങള്‍ മൂന്ന് ആണ്‍ മക്കളെ വളര്‍ത്താന്‍ അമ്മ നന്നായി കഷ്ടപ്പെട്ടിരുന്നു . പട്ടണത്തില്‍ ഒറ്റ മകളുടെ ലാളനം ഏറ്റുവാങ്ങി യാതൊരു അടുക്കള ജോലിയും ശീലിച്ചിട്ടില്ലാത്ത എന്റെ അമ്മ വൈദ്യുതിയോ പൈപ്പ് വെള്ളമോ ഇല്ലാത്ത ഞങ്ങളുടെ കുഗ്രാമത്തില്‍ വന്നതോടെ ശരിക്കും കഷ്ടപ്പെട്ടു, ഹൈസ്കൂള്‍ അധ്യപകയായ അമ്മ രാവിലെ കുറച്ചു അരി അടുപ്പത്തിട്ടു പെട്ടന്ന് കിട്ടുന്ന പാലോ പഴമോ കഴിച്ചു സ്കൂളിലേക്ക് ഒരു ഓട്ടമാണ് . " വെന്താല്‍ കഴിക്കാം , അരി ഊറ്റിയാല്‍ ചോറാകും , അല്ലെങ്കില്‍ കഞ്ഞി കുടിക്കാം " അങ്ങിനെ ഞങ്ങള്‍ , ഞാനും എന്റെ മൂത്ത സഹോദരനും അടുക്കളയില്‍ കയറി പലവിധ അടുക്കള പണികളും ശീലിച്ചു .ഇളയ ആള്‍ തീരെ കുഞ്ഞായതിനാല്‍ ഒഴിവാക്കി . " പാചകം ചെയ്തില്ലെങ്കില്‍ പട്ടിണി " എന്നതായിരുന്നു അന്നത്തെ സ്ഥിതി . അങ്ങനെ ചെറു പ്രായത്തിലെ പാത്രം കഴുകാന്‍ പഠിച്ചു , അരി വാര്‍ക്കാന്‍ പഠിച്ചു , കറിക്ക് അറിയാന്‍ പഠിച്ചു , മീന്‍ വെട്ടാന്‍ പഠിച്ചു , കൂര്‍ക്ക ചിരണ്ടാന്‍ പഠിച്ചു, സാമ്പാര്‍ വെക്കാന്‍ പഠിച്ചു , അവിയല്‍ വെക്കാന്‍ പഠിച്ചു , പിന്നെ പായസം വെക്കാന്‍ പഠിച്ചു . എന്തിനു പറയുന്നു പത്താം ക്ലാസ്സിലെത്തിയതോടെ അടുക്കള വെറും ഒരു നിസ്സാര സബ്ജക്റ്റ് ആയി . അമ്മ എന്ത് വിളമ്പിയാലും രുചിയായി കഴിക്കണം , അല്ലെങ്കില്‍ " വേണമെങ്കില്‍ കഴിക്കൂ , എന്നെ ക്കൊണ്ട് ഇത്രയൊക്കെ രുചിയെ പറ്റൂ " അങ്ങിനെ ഭക്ഷണം കിട്ടുന്നത് സന്തോഷത്തോടെ കഴിക്കാന്‍ ശീലിച്ചു . ഞങ്ങളെ പാചകത്തിന്റെ ആവശ്യവും രുചിയും പഠിപ്പിച്ച എന്റെ അമ്മക്ക് കഴിഞ്ഞ പത്ത് പതിഞ്ചു വര്‍ഷമായി ഞാനോ ഞങ്ങള്‍ മൂന്നു ആണ്മക്കള്‍ ഒരുമിച്ചോ ഓണസദ്യ എല്ലാ വിഭവങ്ങളോടെയും പാചകം ചെയ്തു ഉണ്ടാക്കും, അടുക്കളയില്‍ ഞങ്ങള്‍ ആണുങ്ങള്‍ മാത്രം പരീക്ഷണം നടത്തുന്ന ഒരു സന്തോഷ ദിവസം, . അതിലും വലിയ ഒരു ഗുരു ദക്ഷിണ അമ്മക്ക് എങ്ങിനെ നല്‍കാനാണ് ?

രുചി നാക്ക് കൊണ്ടാണ് അറിയന്നതെങ്കിലും അത് മനസ്സിലാണ് രൂപപ്പെടുന്നത് , അത് കൊണ്ടാണ് ഭക്ഷണം വിളമ്പുന്നവരും അത് കഴിക്കുന്നവരും നിറഞ്ഞ മനസ്സോടെ, സന്തോഷത്തോടെ അത് ചെയ്യണം എന്ന് പറയുന്നത് .
നമ്മള്‍ പുരുഷന്മാര്‍ പാചകം അറിയാവുന്നവര്‍ എന്ന് പറയുന്നത് ഒരു അഭിമാനമായി കരുതാം , അമ്മയോടോ ഭാര്യയോടോ " ദാ അങ്ങോട്ടൊന്നു മാറിക്കെ, ഇന്ന് ഞാന്‍ അടുക്കളയില്‍ കയറാം " എന്ന് പറയുന്നതിന് എന്തിനു മടിക്കണം .
നമ്മുക്ക് ജീവിതത്തില്‍ പല തെറ്റുകളും പറ്റാം, പക്ഷെ സന്തോഷമായി നമുക്ക് ഭക്ഷണം ഒരാള്‍ വിളമ്പി തരുമ്പോള്‍ , അത് അമ്മയാവട്ടെ , ഭാര്യയാവട്ടെ , സുഹൃത്താവട്ടെ അത് കഴിച്ചിട്ടു " വളരെ നന്നായിരിക്കുന്നു കേട്ടോ, നല്ല രുചി " എന്ന് പറയാതെ ഒരിക്കലും ആ തീന്‍മേശയില്‍ ഇന്നും എഴുനേറ്റു പോവരുത് . അത് വലിയ ഒരു തെറ്റായിരിക്കും . ഒരു നേരമെങ്കിലും നിങ്ങള്ക്ക് ഭക്ഷണം തന്നവരെ മറക്കാതിരിക്കുക , മറന്നാലും നിന്ദിക്കാതിരിക്കുക . ഈശ്വരന്‍ നിങ്ങളുടെ കൂടെ ആയിരിക്കും .

1 comment: