Wednesday, 28 March 2012

കള്ളന്‍ ശിവരാജന്‍

എല്ലാ ഗ്രാമങ്ങളിലെപ്പോലെയും അരീക്കരയും ചില കള്ളന്മാരും കള്ളുകുടിയന്മാരും ഒക്കെയുണ്ട് . പക്ഷെ മോഷണം എന്ന് പറയുമ്പോള്‍ വീട്ടിനു പുറത്തു വെച്ചിരിക്കുന്ന ചരുവമോ ഉരുളിയോ ചെമ്പുകലമോ ഒക്കെ അടിച്ചു കൊണ്ട് പോവുക, മരചീനിയോ തെങ്ങും തൈയ്യോ ഒക്കെ പിഴുതു കൊണ്ട് പോവുക , തേങ്ങ ഇട്ടുകൊണ്ട്‌ പോവുക തുടങ്ങിയ മോഷണങ്ങളെ അരീക്കര അക്കാലത്ത് ഉണ്ടായിരുന്നുള്ളൂ ,ഓടിളക്കി വീട്ടില്‍ കയറിയോ പശുവിനെ മോഷ്ടിച്ചുകൊണ്ടുപോവുക തുടങ്ങിയ വലിയ മോഷണങ്ങള്‍ കേട്ടിട്ടേ ഇല്ല . അരീക്കര മുഴുവന്‍ അറിയപ്പെടുന്ന ഒരു കള്ളനുണ്ടായിരുന്നു , " കള്ളന്‍ ശിവരാജന്‍ " , കാര്‍ഷിക വിഭവങ്ങള്‍ ആണ് ഈ പാവം മോഷ്ടാവായ കള്ളന്റെ ഇഷ്ടവിഷയം . പത്ത് മൂട് കപ്പയോ ചേനയോ പാകി കിളിച്ചു വരുന്ന തെങ്ങും തൈയ്യോ ഒക്കെ മോഷണം പോയാല്‍ അത് ശിവരാജന്‍ കൈവെച്ചതാനെന്നു ഏറെക്കുറെ തീര്‍ച്ചയായിരുന്നു . പകലെങ്ങും ശിവരാജനെ കാണാറേ ഇല്ല . ഒരിക്കല്‍ പെരിങ്ങാട്ടാ മൂപ്പീന്നിന്റെ കടയില്‍ വെച്ചാണ് കള്ളന്‍ ശിവരാജനെ ഞാന്‍ ആദ്യം കാണുന്നത് . മുളക്കുഴ സ്കൂളില്‍ അഞ്ചില്‍ എത്തിയതും ക്ലാസില്‍ അരീക്കര നിന്നും വരുന്ന കുട്ടികളില്‍ ഒരാളെ വന്ന ദിവസം തന്നെ കൂടെയുള്ളവര്‍ പരിചയപ്പെടുത്തി , പ്രകാശന്‍ , കള്ളന്‍ ശിവരാജന്റെ മകന്‍ ! ക്ലാസ്സില്‍ സാറ് പ്രകാശിനെ പരിചയപ്പെടുത്തിയത് തന്നെ " നീയാ കള്ളന്‍ ശിവരാജന്റെ മോനല്ലേടാ ? ...." പാവം പ്രകാശന്‍ ചൂളിപ്പോയി . ദിവസങ്ങള്‍ക്കകം എനിക്ക് ഒരു കാര്യം മനസ്സിലായി , പ്രകാശന്‍ വെറും ഒരു പാവം , മറ്റുള്ളവരുടെ കളിയാക്കല്‍ കേട്ട് ഒന്ന് തിരിച്ചു പറയാന്‍ പോലും അറിയാത്ത കുട്ടി ! ഞങ്ങള്‍ വളരെ വേഗം നല്ല കൂട്ടുകാരായി , " എന്റെ അച്ഛന്‍ മോട്ടിക്കാന്‍ രാത്രി ഇറങ്ങും , ഞാന്‍ ഉറങ്ങിക്കഴിഞ്ഞാ ഇറക്കാം , ഞാന്‍ എന്ത് ചെയ്യാനാ ... " പ്രകാശന്റെ ദൈന്യത ഞാന്‍ മനസ്സിലാക്കുംതോറും അവനോടുള്ള അടുപ്പവും കൂടി .

വീട്ടില്‍ ഇടയ്ക്കിടെ കപ്പ പത്തും ഇരുപതും മൂട് വീതം മോഷണം പോകുമായിരുന്നു . ഈ കള്ളനെ എങ്ങിനെയെങ്കിലും പാത്തിരുന്നു പിടിക്കണം എന്ന് മുന്‍ പട്ടാളക്കാരനായ എന്റെ അച്ഛന്‍ തീരുമാനിച്ചു . ഇതിനിടെ കൊല്ലത്തുനിന്നും എന്റെ വല്യച്ചന്‍ കുറച്ചു ദിവസം മകളുടെ കൂടെ താമസിക്കാന്‍ ഞങ്ങളുടെ വീട്ടില്‍ എത്തി . വന്ന പാടെ അമ്മ ആയിടെ രൂക്ഷം ആയി വന്ന കപ്പ മോഷണം അവതരിപ്പിച്ചു , വല്യ്യച്ചനു " മുറം കറക്കു വിദ്യ " വശം ഉണ്ടായിരുന്നു , ആ വിദ്യയിലൂടെ കപ്പ മോഷ്ടിക്കുന്നത് ആരാണന്നു കണ്ടുപിടിക്കാന്‍ കഴിയും എന്ന് വല്യച്ചന്‍ ഉറപ്പിച്ചു പറഞ്ഞു , അങ്ങിനെ ആ ദിവസം വൈകിട്ട് നാമം ചോല്ലോക്കെ കഴിഞ്ഞു വല്യച്ചന്‍ മുറം കറക്കു വിദ്യ തുടങ്ങി , ഒരു വലിയ കത്രിക മുറത്തിന്റെ കോണിലൂടെ കുത്തിയിറക്കി അത് ചൂണ്ടു വിരലില്‍ തൂക്കിയിടുന്നു . നിശ്ചലമായി തൂങ്ങിക്കിടക്കുന്ന മുറത്തില്‍ നോക്കി പല വിധ പേരുകള്‍ പറയും , കട്ട ആളുടെ പേര് പറഞ്ഞാല്‍ മുറം താനേ കറങ്ങും ! നമ്മള്‍ സംശയിക്കുന്ന പേര് ആദ്യമൊന്നും പറയാന്‍ പാടില്ല " കപ്പ കട്ടത്‌ ചെല്ലപ്പനാണ് ... കപ്പ കട്ടത്‌ ഗോപിയാണ് .... കപ്പ കട്ടത്‌ അയ്യപ്പനാണ് ... അങ്ങിനെ പലവിധ പേരുകളും പറഞ്ഞു , മുറം അനങ്ങിയില്ല ! .. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു " കപ്പ കട്ടത്‌ കള്ളന്‍ ശിവരാജനാണ് !.... " അമ്മ പറഞ്ഞതും മുറം കറങ്ങും എന്ന് വിചാരിച്ച ഞങ്ങളെയെല്ലാം നിരാശപ്പെടുത്തി അത് അനങ്ങിയാതെ ഇല്ല . ഒടുവില്‍ വല്യച്ചന്‍ കുറച്ചു സംശയം ഉള്ള പേരുകള്‍ കൂടി പറയാന്‍ പറഞ്ഞു . മുറം കറക്കില്‍ വല്ല്യ വിശ്വാസം ഒന്നും ഇല്ലാഞ്ഞിട്ടും വല്യച്ചന്‍ നിര്‍ബന്ധിച്ചപ്പോള്‍ അച്ഛനാണ് ഇത്തവണ ചില പേരുകള്‍ പറഞ്ഞത്‌ , ഒന്ന് രണ്ടു പേരുകള്‍ കൂടി കഴിഞ്ഞു , " കപ്പ കട്ടത്‌ കുട്ടപ്പനാണ് " എന്ന് പറയുകയും മുറം കറങ്ങുകയും ഒരുമിച്ചായിരുന്നു ! ഞങ്ങള്‍ കുട്ടികളുടെ കണ്ണ് തള്ളി പ്പോയി , " പാവം പോലെ എന്നും റോഡേ പോവുന്ന കല്ല്‌ വെട്ടുകാരന്‍ കുട്ടപ്പന്‍ ! , അയാള്‍ക്കിത്രയും ധൈര്യം ഉണ്ടോ ?" വല്യ്യച്ചന്‍ മുറം കറക്കു വിദ്യയുടെ ചരിത്രവും അത് വഴി തെളിയിച്ച ചില കേസുകളും ഒക്കെ ഞങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞു തന്നു . എന്നാലും അപാരം തന്നെ . ഈശ്വരാ , ഞാന്‍ വീട്ടില്‍ നടത്തിയ ചില ചെറുകിട മോഷണങ്ങള്‍ വല്ലതും ഇനി അമ്മ വല്ല്യച്ചനെക്കൊണ്ട് മുറം കറക്കി കണ്ടു പിടിക്കുമോ ആവോ ?

കുട്ടപ്പനെ കണ്ടു പിടിച്ച കഥ രഹസ്യമായി സൂക്ഷിക്കണം എന്ന് വല്യച്ചനും അച്ഛനും ഒക്കെ അമ്മയോടും ഞങ്ങള്‍ കുട്ടികളോടും ഒക്കെ പറഞ്ഞു എങ്കിലും അമ്മക്ക് അത്തരം രഹസ്യങ്ങള്‍ സൂക്ഷിക്കാനോ , സംസാരത്തില്‍ നിപുണതയോ ഒന്നും ഇല്ലായിരുന്നു , ഒരു ദിവസം പാവം കുട്ടപ്പനെ കണ്ടപാടെ " കുട്ടപ്പാ , ഒന്നോ രണ്ടോ മൂട് കപ്പ വേണെമെങ്കില്‍ ഞാന്‍ തരമായിരുന്നല്ലോ , മൊട്ടീക്കണോ ? " എന്ന് അമ്മ ചോദിച്ചത് കേട്ട് കുട്ടപ്പന്‍ വിയര്‍ത്തു " എന്റെ പോന്നു സാറെ, പരയിരുകാലാ ഭഗവതിയാണേ ഞാന്‍ ഒരു മൂട് കപ്പ പിഴുതില്ലേ .." ഞാന്‍ ഈ കഥ പ്രകാശന്‍ ഉള്‍പ്പടെ ഉള്ള ക്ലാസ്സില്‍ വിളമ്പുകയും ചെയ്തു , പ്രകാശന് ഒരു ആശ്വാസം ആകട്ടെ എന്ന് കരുതി പറഞ്ഞതാണ് .

ഇതിനിടെ പത്ത് മൂട് കപ്പ കൂടി മോഷണം പോയി , ഇത്തവണ അച്ഛനിലെ പട്ടാള രക്ത്തം തിളക്കുക തന്നെ ചെയ്തു , അച്ഛന്‍ എങ്ങിനെയും ഈ കള്ളനെ പിടിക്കണം എന്ന് ഉറച്ചു , എന്നും രാത്രി പത്ത് മണിയോടെ ഒരു തൊപ്പിയും ബൂട്ടും നീളന്‍ കമ്പിളി കുപ്പായവും ഒക്കെ അണിഞ്ഞു പറമ്പില്‍ ഒരു കയ്യാലയുടെ മുകളില്‍ ചെടികള്‍ക്ക് മറഞ്ഞു പാത്തിരിക്കാന്‍ പുറപ്പെടും , അന്നാണ് പട്ടാളക്കാരെല്ലാം ധൈര്യശാലികള്‍ ആണെന്നും എന്റെ അച്ഛന്‍ അത്തരം ഒരു ധൈര്യം ഉള്ള പട്ടാളക്കാരന്‍ ആണെന്നും ഒക്കെ തോന്നിത്തുടങ്ങിയത് . ഒരു നാലഞ്ചു മണിയോടെ അച്ഛന്‍ തിരികെ വരും . അങ്ങിനെ ഒരു മാസം കാവല്‍ തുടര്‍ന്ന് കാണും , ഒരു ദിവസം വെളുപ്പിനെ അച്ഛന്റെ ഉച്ചത്തിലുള്ള വര്‍ത്തമാനം കേട്ടാണ് ഞങ്ങള്‍ ഉണര്‍ന്നത് , അമ്മയോട് എന്തെക്കെയോ വിവരിക്കുകയാണ് , അന്ന് കാവലിരുന്ന അച്ഛന്റെ മുന്‍പില്‍ കള്ളന്‍ എത്തി, കപ്പയോക്കെ പിഴുതു ഒരു ചാക്കില്‍ ആക്കി , തലയില്‍ വെച്ച് നടക്കാന്‍ തുടങ്ങിയ കള്ളനെ കയ്യലയുടെ മുകളില്‍ നിന്നും വീശി അടിക്കാന്‍ ശ്രമിച്ച അച്ഛന്റെ കൈയ്യില്‍ നിന്നും വടി തെറിച്ചു പോയി , ടോര്‍ച്ചടിച്ചു കള്ളന്റെ മുഖത്തേക്ക് നോക്കിയ അച്ഛന് കള്ളനെ ശരിക്ക് മനസ്സിലായി, കള്ളന്‍ ശിവരാജന്‍ ! അയാള്‍ തന്റെ മുഖം കണ്ടു പിടിക്കപ്പെട്ടതോടെ അച്ഛന്റെ നേരെ നടക്കുവാന്‍ തുടങ്ങി, അച്ഛന്‍ ഒരു ചെറിയ കയ്യാലയുടെ മുകളില്‍ , ശിവരാജന്റെ കൈയ്യില്‍ അലക് കൊണ്ടുള്ള ഒരു പാരയും , അച്ഛന് എന്തോ അപകടം മണത്തു, ചെറിയ ഒരു ബുദ്ധി തോന്നി " എടാ മോഹനാ , ശശി , എഴുനെല്‍ക്കാടാ , കള്ളന്‍ ശിവരാജന്‍ വരുന്നടാ , വലിയ വടിയെടുക്കാടാ ..." എന്നൊക്കെ ഉറക്കെ വിളിച്ചു പറഞ്ഞു , ശിവരാജന്‍ അച്ഛന്റെ കൂടെ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നു വിചാരിച്ചു പിന്തിരിഞ്ഞു താഴേക്കു ഓടി മറഞ്ഞു , അങ്ങിനെ ഒറ്റക്കായിരുന്ന അച്ഛന്‍ കേവലം ഭാഗ്യം കൊണ്ട് രക്ഷപെട്ടു . പിറ്റേ ദിവസം സംഭവസ്ഥലത്ത് നിന്നും ചെറിയൊരു കൊച്ചു പിച്ചാത്തിയും പാരയും ഒക്കെ കണ്ടു കിട്ടി , ഒരു നടുക്കത്തോടെ ആണ് ഞങ്ങള്‍ കുട്ടികള്‍ ആ സംഭവം കേട്ടിരുന്നത് .

പിറ്റേ ദിവസം അച്ഛന്‍ കപ്പ മോഷ്ടാവായ കള്ളന്‍ ശിവരാജനെ നേരിട്ട കഥ നാട്ടില്‍ മുഴുവന്‍ പാട്ടായി , അച്ഛന്റെ ധീര കൃത്യങ്ങള്‍ ക്ലാസ്സ് മുഴുവന്‍ അറിയിക്കണമെന്ന് വിചാരിച്ചു സ്കൂളില്‍ എത്തിയ എനിക്ക് പ്രകാശന്റെ ദൈന്യമായ മുഖം കണ്ടു ഒരക്ഷരം പറയാന്‍ തോന്നിയില്ല . ഞാന്‍ ഒന്നും അറിയാത്ത പോലെ ക്ലാസ്സില്‍ ഇരുന്നു . അന്ന് ക്ലാസ് വിട്ടപ്പോള്‍ പ്രകാശന്‍ എന്നോട് പറഞ്ഞു " അച്ഛന്‍ ഇനി മോട്ടിക്കാന്‍ പോവുന്നില്ല എന്ന് പറയുന്നു , നിന്റെ അച്ഛന്‍ ആണ് കാരണം "
കള്ളന്‍ ശിവരാജന്‍ മോഷണം നിര്‍ത്തി , കുറച്ചു കാലം കഴിഞ്ഞു പ്രകാശന്‍ പഠിപ്പും നിര്‍ത്തി ,

ഇന്ന് പ്രകാശന്‍ എവിടെയാണ് എന്ന് എനിക്കറിഞ്ഞുകൂടാ , അന്യനാട്ടില്‍ എവിടെയോ ആണെന്ന് പറയുന്നു , ശിവരാജന്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയി, കള്ളനായിരുന്ന ശിവരാജന്റെ കള്ളന്‍ അല്ലാത്ത മകന്‍ പ്രകാശന്‍ ഇന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു .

No comments:

Post a Comment