ആക്കനാട്ട് പ്രാന്തി
"അമ്മെ , അമ്മക്ക് ആക്കനാട്ടു പ്രാന്തിയെ അറിയുമോ ?"
" ഡാ ചെറുക്കാ, എന്റെ കൈയ്യില്‍ തവിക്കണയാ ഇരിക്കുന്നെ , ഒരെണ്ണം വച്ച് തന്നാലുണ്ടല്ലോ , ആക്കനാട്ടു പ്രാന്തിയരാടാ നിന്റെ അപ്പച്ചിയോ ?'
അരീക്കര വട്ടമോടി സ്കൂളില്‍ ചേര്‍ന്ന കാലം മുതല്‍ കണ്ടു പരിചയിച്ചതാണ് അക്കനാട്ടു പ്രാന്തിയെ , സ്കൂളില്‍ ക്ലാസ്സ് നടന്നു കൊണ്ടിരിക്കുമ്പോള്‍ താഴെ റോഡിലൂടെ ഉച്ചത്തില്‍ ബഹളം വെച്ച് കൊണ്ട് പോവുന്ന അവരുടെ ഒച്ച കേള്‍ക്കാം . ചിലപ്പോള്‍ അവര് നടന്നു നീങ്ങി ഒച്ച കുറയുന്നത് വരെ ക്ലാസ്സ് നിര്‍ത്തി വെക്കും , ഉച്ചത്തില്‍ കല പില സംസാരിക്കുന്ന ഞങ്ങള്‍ കുട്ടികള്‍ അവര്‍ പറഞ്ഞു കൊണ്ട് പോവുന്നത് എന്താണെന്ന് കേള്‍ക്കാന്‍ ചിലപ്പോള്‍ ചെവി വട്ടം പിടിക്കും . അവര്‍ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങി സ്കൂളിന്റെ താഴെക്കൂടെയുള്ള റോഡില്‍ കൂടി ബഹളം വെച്ച് മൂലപ്പിലാവ് മുക്ക് വരെ നടക്കും , കൂട്ടത്തില്‍ ഒന്ന് രണ്ടു വലിയ കുടുംബക്കാരായിരുന്ന കളീക്കലും പടിഞ്ഞാരെച്ചരുവിലും ഒക്കെ പടിക്കല്‍ തെങ്ങിന്റെ ചുവട്ടിലോ മറ്റോ വന്നു ഇരിക്കും . പറയുന്നത് മുഴുവന്‍ പഴയ കുടുംബ കാര്യങ്ങള്‍ ആണ് . അവിടെനിന്നും ചിലപ്പോള്‍ വെള്ളമോ കഞ്ഞിയോ ഒക്കെ വാങ്ങി കുടിക്കും . ആരെയും ഉപദ്രവിക്കില്ല , ഉച്ചത്തില്‍ ഉള്ള സംസാരം മാത്രമേ ഉള്ളൂ , ഞങ്ങള്‍ കുട്ടികള്‍ ഉച്ചക്ക് സ്കൂള്‍ വിടുമ്പോള്‍ അവിടുത്തെ പൊടി( ഉപ്പു മാവ് ) ചിലപ്പോള്‍ ഒരു വട്ടയിലയിലോ തെക്കിലയിലോ പൊതിഞ്ഞു കൊണ്ട് വന്നു കൊടുക്കും , അത് വലിയ ഇഷ്ടമാണ് , ഞാനും വീട്ടിലറിയാതെ ഈ പൊടി വാങ്ങി തിന്നാറുണ്ട് , അത് കഴിച്ചാല്‍ അമ്മ എന്തിനാണ് ഇങ്ങനെ ശകാരിക്കുന്നത് എന്ന് എനിക്ക് ഒട്ടും മനസ്സില്യായിട്ടുമില്ല .
ഞാന്‍ ഉച്ചക്ക് ചോറ് എന്നും കൊണ്ട് വരികയാണ് , അത് കരിഞ്ഞാട്ടിലെ വീട്ടില്‍ കൊണ്ട് വെച്ച് കഴിക്കും, അവിടുത്തെ വല്യമ്മച്ചി എനിക്ക് മോരോ ചമ്മതിയോ ഒക്കെ കൂട്ടാന്‍ തരും .എനിക്ക് സ്കൂളില്‍ നിന്ന് പൊടി കഴിക്കാന്‍ വിലക്കാണ്, അറിഞ്ഞാല്‍ അടി ഉറപ്പാണ് . ആക്കനാട്ടു പ്രാന്തിക്ക് കൊടുക്കാന്‍ പൊടി വാങ്ങുന്ന കൂട്ടത്തില്‍ എനിക്കും ഒരു പൊടി ഞാന്‍ കരുതി വെക്കും , അത് വഴിയില്‍ വെച്ച് ആരും കാണാതെ അകത്താക്കും . അതിലെ മൂപ്പിച്ച ഉള്ളിയും ചുവന്ന മുളകും ഒക്കെ എന്റെ ദൌബല്യം ആണെന്ന് അമ്മക്ക് അറിയില്ലല്ലോ .
ആക്കനാടു , അരീക്കരയിലെ ഏറ്റവും പുരാതനമായ തറവാടുകളില്‍ ഒന്നായിരുന്നു എന്ന് അച്ഛന്‍ ആണ് പറഞ്ഞു തന്നത് . അറയും പുരയും ഒക്കെ ചേര്‍ന്ന ഒരു വലിയ വീടായിരുന്നു അത് , അരീക്കര ആനയുണ്ടായിരുന്ന ചുരുക്കം ചില വീടുകളില്‍ ഒന്നായിരുന്നു അത് . നൂറുക്കണക്കിനു ഏക്കര്‍ പുരയിടവും പുഞ്ചയും നെല്‍കൃഷിയും ഒക്കെ ഉണ്ടായിരുന്ന ഒരു ജന്മി കുടുംബം ആയിരുന്നു അത് . അച്ഛന്റെ ചെറുപ്പത്തില്‍ അവിടെ നൂറു പേര്‍ ദിവസവും കൃഷിപ്പണിക്കും നെല്ലുകുത്തും ഒക്കെ ആയി ഉച്ചക്ക് ഊണ് കഴിക്കാന്‍ ഉണ്ടാവുമായിരുന്നത്രേ . അത്ര പ്രതാപികള്‍ ആയിരുന്നത്രെ ആ വീട്ടുകാര്‍ , നാട്ടില്‍ പണിയാന്‍ വരുന്ന കുടികിടപ്പുകാര്‍ക്കു പിടിച്ചു കെട്ടി അടിയോ അതുപോലെയുള്ള ശിക്ഷകളും ഒക്കെ വിധിക്കുമായിരുന്നത്രേ , ഒരു മുത്തശ്ശി കഥ കേള്‍ക്കുന്നത് പോലെ അത്തരം അവിശ്വസനീയമായ കഥകള്‍ എന്നോട് പലരും പറഞ്ഞു തന്നിട്ടുണ്ട് .
കാലത്തിന്റെ കുത്തൊഴുക്കില്‍ അക്കനാട്ട് തറവാട് ക്ഷയിച്ചു , സ്വത്തുക്കള്‍ അന്യാധീനപ്പെട്ടും ഭാഗം വെച്ചും വിറ്റു തുലച്ചും ഒക്കെ ഒന്നൊന്നായി നഷ്ടപ്പെട്ടു , അവസാന കണ്ണിയായി അക്കനാട്ടു പ്രാന്തിയും സഹോദരനും മാത്രം ആ ഇടിഞ്ഞു പൊളിഞ്ഞ തറവാടില്‍ അവശേഷിച്ചു . അക്കനാട്ടു പ്രാന്തി അതി സുന്ദരിയായ ഒരു സ്ത്രീയായിരുന്നു എന്നും അച്ഛന്‍ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട് . പക്ഷെ ഞങ്ങള്‍ കുട്ടികള്‍ കാണുമ്പോള്‍ അവര്‍ അറുപതിനു മേല്‍ പ്രായം ഉള്ള മുടി മുഴുവന്‍ നരച്ച ഒരു വൃദ്ധ ആയിരുന്നു , ഒരു വെളുത്ത റൌക്കയും വെളുത്ത മുണ്ടും തോളില്‍ ഒരു തോര്‍ത്തും ഒക്കെ ആകെ വൃത്തിയുള്ള ഒരു പ്രാന്തിയായിരുന്നു , ചിലപ്പോള്‍ ഞങ്ങളുടെ പേര് എടുത്തു വിളിക്കും , " നീ തങ്കപ്പന്റെ മോനല്ലേ , നിന്റെ അച്ഛനെ ഞാന്‍ എടുത്തു കൊണ്ട് നടന്നിട്ടുണ്ട്, മഹാ കുറുംപനായിരുന്നു" എന്നൊക്കെ എന്നോട് പറയും . ഞങ്ങള്‍ നല്‍കുന്ന പൊടി വാങ്ങി കഴിച്ചിട്ട് " പോട്ടെ മക്കളെ , ഞാന്‍ ചെന്നിട്ടു വേണം ആനക്ക് പനംപട്ട കൊടുക്കാന്‍ .." എന്ന് പറഞ്ഞു കൊണ്ട് പോകുന്ന ആ പ്രാന്തിയെ ഞങ്ങള്‍ നോക്കി നില്‍ക്കും , കണ്‍ വെട്ടത്ത് നിന്നും മറയുന്നത് വരെ . അവര്‍ പിന്നെ പെരിങ്ങാട്ട മൂപ്പീനിന്റെ കടയില്‍ കയറും, പോയിലയോ ചുണ്ണാമ്പ് ഒക്കെ മൂപ്പീന്ന് കൊടുക്കും , അത് വാങ്ങി മുറുക്കി ഉച്ചത്തില്‍ സംസാരിച്ചു കൊണ്ട് പിന്നെയും അലയും , സന്ധ്യയാകും അവസാനം ആക്കനാട്ട് തറവാട്ടില്‍ എത്താന്‍, ഈ .പ്രാന്തികള്‍ക്ക് വിശപ്പും ദാഹവും ഒന്നും ഇല്ലേ ? , ഒരിക്കല്‍ ആനയുണ്ടായിരുന്ന അക്കന്നാട്ടു തറവാട്ടിലെ ഇന്ന് അലഞ്ഞു തിരിഞ്ഞു നടന്നു നടക്കുന്ന അവര്‍ക്ക് ആള്‍ക്കാര്‍ എന്തെങ്കിലും കൊടുക്കുന്നത് വേണ്ടേ അവര്‍ കഴിക്കാന്‍ . എന്തൊരു ശപിക്കപ്പെട്ട ജന്മം !
അവര്‍ ഉച്ചത്തില്‍ പറഞ്ഞു കൊണ്ട് പോവുന്നത് മുഴുവനും അവരുടെ സ്വത്തുക്കള്‍ തട്ടിയെടുത്തതിനെപ്പറ്റി യും നഷ്ടപ്പെട്ട പ്രതാപകാലത്തെയും ആണ് . അവരുടെ കുടുംബവും ആയി ബന്ധം ഉള്ള ചില വീടുകളുടെ മുന്‍പില്‍ എത്തുമ്പോഴേക്കും ഈ ഉച്ചത്തില്‍ ഉള്ള ശകാരം ഇരട്ടിക്കും , ആരെയെക്കെയോ ചീത്ത പറഞ്ഞു ആ പകല്‍ മുഴുവന്‍ അങ്ങിനെ അലയും .
വട്ടമോടി സ്കൂള്‍ വിട്ടതോടെ അക്കനാട്ടു പ്രാന്തിയെ കാണുന്നതും നിലച്ചു , പിന്നെ വല്ലപ്പോഴും വഴിയില്‍ വെച്ച് കാണും " തങ്കപ്പന്റെ മോനെ , അവിടെ നിന്നെ ,, നിന്റെ അച്ഛനെ എനിക്കൊന്നു കാണണം , .. അവനെന്താ ഇപ്പൊ ആക്കനാട്ടു വരാത്തെ ..." അങ്ങിനെ എന്തെങ്കിലും പറഞ്ഞു എന്റെ കവിളില്‍ തലോടി വീണ്ടും നടക്കും .
പത്താം ക്ലാസ്സില്‍ എത്തിയപ്പോള്‍ സുധി സാറിന്റെ വീട്ടില്‍ ട്യൂഷന് പോവുന്നത് ആക്കാനാട്ടെ വീടിന്റെ മുന്നിലൂടെയായിരുന്നു , എന്നും ആ പഴയ തടിയും വെട്ടുകൊല്ലും കൊണ്ട് പണിത ദ്രവിച്ചു വീഴാറായ ആ വീട്ടിന്റെ പടിക്കലേക്കു നോക്കും , എവിടെയായിരിക്കും ആനയെ അന്ന് തളചിരുന്നത് ? , എവിടെയായിരിക്കും പനം പട്ട കൂട്ടിയിട്ടിരുന്നത് ? ഒരിക്കല്‍ അക്കനാട്ടു പ്രാന്തി അവിടെ നിന്നും ഇറങ്ങി വരുന്നത് കണ്ടു . " തങ്കപ്പനെ മോനേ , അവിടെ നിന്നെ, .... " അവര്‍ വന്നു എന്റെ തോളില്‍ തട്ടി , " തങ്കപ്പന്‍ എന്താ വരാഞ്ഞത് ? അവന്‍ നെല്ല് കൊണ്ട് പോവാന്‍ വരമന്നു പറഞ്ഞതല്ലേ .. " " ഞാന്‍ അച്ഛനോട് പറയാം " എന്ന് പറഞ്ഞു ഞാന്‍ നടപ്പ് തുടര്‍ന്നു.
ഞാന്‍ പ്രീ ഡിഗ്രി ക്ക് പഠിക്കുന്ന കാലം , ഉച്ചത്തില്‍ ഉള്ള സംസാരം കേട്ടാണ് ഞാന്‍ മുറിയില്‍ നിന്നും പുറത്ത് വന്നത് , ആക്കനാട്ടു പ്രാന്തി എന്റെ വീടിന്റെ മുറ്റത്ത്, അച്ഛനോട് കയര്‍ക്കുകയാണ് " എടാ നിന്നെ ഞാന്‍ എങ്ങിനെ വളര്തിയതാ , നീ എന്താ എന്നെ അനെഷിക്കാത്തെ ? ഈ കണ്ട സ്വത്തു ഒക്കെ പിന്നെ ആര് നോക്കും ?" അന്തവും കുന്തവും ഇല്ലാതെ അവര്‍ വര്‍ത്തമാനം പറഞ്ഞു കൊണ്ടേ ഇരുന്നു . ഇതിനിടെ കഞ്ഞി വെള്ളവും കഞ്ഞിയും ഒക്കെ യായി കുറച്ചു ഭക്ഷണവും വാങ്ങി കഴിച്ചു . പോകാന്‍ നേരത്ത് അച്ഛന്‍ ഒരു പത്ത് രൂപ അവരുടെ കൈവെള്ളയില്‍ വെച്ച് കൊടുത്തു , അവര്‍ " തങ്കപ്പ നീ അങ്ങോട്ടൊന്നു വാ , ആ കൃഷിയൊക്കെ പിന്നെ ആര് നോക്കും " എന്ന് പറഞ്ഞു വീണ്ടും ഉച്ചത്തില്‍ സംസാരിച്ചു നടന്നു മറഞ്ഞു , അന്ന് വൈകിട്ട് മുറ്റം തൂത്തു കൊണ്ടിരുന്ന അമ്മയാണ് അവിടെ കിടന്ന പത്ത് രൂപ കണ്ടു പിടിച്ചത് . പണത്തിന്റെ വില പ്രാന്തിക്കറിയുമോ ?
ആക്കനാട്ടു പ്രാന്തി മരിച്ചിട്ട് വര്‍ഷങ്ങള്‍ ഒരുപാടായി , അവരുടെ " തങ്കപ്പന്റെ മോനേ ...." എന്നാ വിളി ഇന്നും മനസ്സില്‍ തങ്ങി നില്കുന്നു .
ഈ ലോകത്ത് ഏറ്റവും കരുണയും ദയയും വേണ്ടത് മാനസിക അസ്വാസ്ഥ്യം ഉള്ളവരാണ് . സ്വന്തം അസുഖം എന്താണെന്ന് മനസ്സിലാക്കാന്‍ അറിയാത്തവര്‍ .
നമ്മുടെ മനസ്സിന്റെ ഒരു കോണില്‍ അവര്‍ക്ക് വേണ്ടി അല്‍പ്പം കരുണ കരുതി വെച്ചാല്‍ " ആരാന്റെ അമ്മക്ക് പ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസം " എന്ന് ഒരിക്കലും പിന്നെ പറയില്ല .
മുഴുവനും വായിച്ചപ്പോള്‍ കണ്ണ് നനഞ്ഞു പോയി. ഇതേ മാതിരി ഞങ്ങളുടെ നാട്ടിലും - തിരുവില്വാമല - ഒരാള്‍ ഉണ്ടായിരുന്നു. പ്രാന്തന്‍ രാമന്‍. മേലാസകലം പഴകിയതും കീറിയതുമായ ഭാണ്ടക്കെട്ടുമായി, തല മുഴുവന്‍ ജടയും, കയ്യില്‍ വിരലുകളില്‍ ആറു ഇഞ്ചോളം നീളത്തില്‍ നഖവുമായി മിക്കവാറും നഗ്നനായി നടക്കുന്ന, ഒരുകാലത്ത് സമര്‍ത്ഥനായിരുന്ന സ്വര്‍ണപ്പണിക്കാരന്‍. ആലിന്റെ ചുവട്ടില്‍ക്കൂടി നടക്കുമ്പോള്‍ എന്തോ കണ്ടു ഭയന്നതാണെന്നാണ് സംസാരം. വീട്ടില്‍ വരുമായിരുന്നു. വന്നാല്‍ കൈവശമുള്ള ഒരു ചളുങ്ങിയ അലൂമിനിയം പ്ലേറ്റ് മിറ്റത്തു വക്കും. രണ്ടോ മൂന്നോ ഇഡലി പതിവായിരുന്നു. യാതൊരു മിണ്ടാട്ടവും കൂടാതെ എടുത്തു ഭക്ഷിക്കും. ഒരു ദിവസം കാവിന്റെ അടുത്തുള്ള ഒരു പാറയില്‍ മരിച്ചു കിടക്കുന്നത് കേട്ടു. അന്നൊന്നും മനസ്സില്‍ തട്ടിയിരുന്നില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍, നമ്മളെ പോലെ ജീവിക്കെണ്ടിയിരുന്ന അവരുടെ എല്ലാം വിധി ഓര്‍ത്തു മനസ്സ് വിങ്ങുന്നു. താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. " ആരാന്റെ അമ്മക്ക് പ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസം " എന്ന മനോഭാവം ജനങ്ങളില്‍ കൂടുന്നതല്ലാതെ കുറയുന്നില്ല. അല്ല, സ്വന്തം അമ്മക്ക് പ്രാന്ത് വന്നാലും വല്ല തൊഴുത്തിലും ഭ്രാന്താലയത്തിലും തട്ടി കൈ കഴുകുന്ന കാലമാണ്. എന്ത് പറയാന്‍.
ReplyDeleteVery Touching reply , thanks !
ReplyDeleteReally touching...
ReplyDelete