Wednesday, 28 March 2012

കുട്ടപ്പന് ലോട്ടറി അടിച്ചു

 
"കുട്ടപ്പന് ലോട്ടറി അടിച്ചു , ഏഴു ലക്ഷം !"
അരീക്കരയില്‍ കാട്ടുതീ പോലെയാണ് ആ വാര്‍ത്ത പരന്നത്, അരീക്കര ആകെ രണ്ടു കുട്ടപ്പന്മാരെ ഉള്ളൂ , ഒരാള്‍ വെടിക്കെട്ട്‌ കുട്ടപ്പന്‍, മറ്റയാള്‍ കല്ലുവെട്ടുകാരന്‍ കുട്ടപ്പന്‍ , കല്ലുവെട്ടുകാരന്‍ കുട്ടപ്പന്റെ വീട് ഞങ്ങളുടെ പറമ്പിന്റെ അറ്റത്തു പാലനില്‍ക്കുന്നതില്‍ ആണ് . ഒരു കുടില്‍ എന്ന് തന്നെ ആ വീടിനെ വിളിക്കണം , ചാണകം മെഴുകിയ തറയും ഓല കൊണ്ട് മറച്ച ഭിത്തികളും ഒക്കെ ഉള്ള വീട്ടില്‍ പലതവണ ഞാന്‍ പോയിട്ടുണ്ട് . അരീക്കര ആദ്യമൊക്കെ വീട് വെക്കുന്നതിനു മുന്‍പ് അത് നില്‍ക്കുന്ന പറമ്പില്‍ നിന്ന് തന്നെ ആവശ്യമുള്ള വെട്ടുകല്ല് വെട്ടിയെടുക്കും , അന്ന് മിക്ക വീടുകള്‍ക്കും ഇങ്ങനെ വെട്ടു കല്ല്‌ കുഴിയും കാണും . അങ്ങിനെ വെട്ടു കല്ല്‌ ചെത്തി എടുക്കുന്ന പണിയാണ് കുട്ടപ്പന് . കുട്ടപ്പന്റെ ഭാര്യ ദേവകി , അല്ല ദേവകി അമ്മ ! പിന്നെ അഞ്ചു പെണ്മക്കളും , അവസാനം ഒരു ആണ്‍ കുട്ടിയും ജനിച്ചു . കുട്ടപ്പന്റെ ഭാര്യക്ക് പ്രസവിക്കാനെ നേരമുള്ളൂ എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു . മൂത്ത മകള്‍ കല്യാണം കഴിഞ്ഞു ഒരു കുട്ടിയായിട്ടും ദേവകി അമ്മ പ്രസവിച്ചു കൊണ്ടേയിരുന്നു. അവരെ ദേവകി അമ്മ എന്ന് ഞാന്‍ മനപ്പൂര്‍വം വിളിച്ചതാണ് . അമ്മ എന്നെ പലപ്പോഴും കണ്ണില്‍ ഒഴിക്കാന്‍ മുലപ്പാല്‍ വാങ്ങി കൊണ്ടുവരാന്‍ ദേവകി അമ്മയുടെ വീട്ടിലേക്കു പറഞ്ഞയക്കുമായിരുന്നു , ഒരു ചെറിയ സ്റ്റീല്‍ ഗ്ലാസ്സുമായി ഞാന്‍ ഒരോട്ടമാണ് , മിക്കപ്പോഴും മുറ്റത്തു തന്നെ കുഞ്ഞിനേയും ഒക്കത്ത് വെച്ചുകൊണ്ട് നില്‍പ്പുണ്ടാവും , " എന്താ അനിയന്‍ മോനെ " എന്ന് ചോദിക്കുന്നതിനു മുന്‍പ് തന്നെ " അമ്മ പറഞ്ഞു കുറച്ചു മുലപ്പാല്‍ വേണമെന്ന് " അങ്ങോട്ട്‌ പറയും . അവര്‍ ഗ്ലാസും വാങ്ങി ആ കുടില്‍ പോലെയുള്ള വീട്ടിനുള്ളിലേക്ക് പോയി ഒരു കാല്‍ ഗ്ലാസ്സ് പാല്‍ കൊണ്ട് വന്നു തരും . അങ്ങിനെ ഒരു ദിവസം ആ പാല്‍ ഒന്ന് രുചിച്ചു നോക്കിയാലോ എന്ന് എങ്ങിനെയോ എനിക്ക് തോന്നി , അങ്ങിനെ ഒരു ശകലം അകത്താക്കി , ഒന്നുമറിയാത്തത് പോലെ അമ്മക്ക് കൊടുത്തു , അമ്മ ആ ബാക്കി പാല്‍ വാങ്ങി കണ്ണില്‍ ഒഴിക്കുകയും ചെയ്തു . അപ്പോള്‍ അവര്‍ തീര്‍ച്ചയായും എനിക്ക് ദേവകി അമ്മ തന്നെ .

കുട്ടപ്പന് ദാരിദ്ര്യം മാത്രമല്ല , ദുരന്തങ്ങളും പ്രാരാബ്ധങ്ങളും കൂടെ പിറപ്പുകള്‍ ആയിരുന്നു . അളിയന്‍ സുകുമാരന്‍ വണ്ടിപ്പെരിയാറില്‍ എവിടെയോ പഞ്ചായത്ത് പ്രസിഡണ്ട്‌ വരെ ആയ നല്ല സ്ഥിതിയുള്ള ആളാണ്‌ , അയാളുടെ വീതം കിട്ടിയ സ്ഥലത്ത് കുട്ടപ്പന്‍ അയാളുടെ ഔദാര്യം കൊണ്ടാണ് വീട് കെട്ടി താമസിക്കുന്നത് . മൂത്ത മകള്‍ ഭര്‍ത്താവ് രാമക്രിഷനും ഒരുമിച്ചു തൊട്ടടുത്ത്‌ തന്നെ ഉണ്ട് . രണ്ടാമത്തെ മകള്‍ രാജമ്മ ചേച്ചി പത്തില്‍ തോറ്റു നില്‍ക്കുന്നു , പിന്നെ അതിനു താഴെ നാല് കുട്ടികള്‍ , ഏറ്റവും ഇളയത് മാത്രം ആണ്‍ കുഞ്ഞു. കുട്ടപ്പന്‍ കല്ല്‌ വെട്ടി കിട്ടുന്ന വരുമാനം കൊണ്ട് വേണം ആ ചെറ്റപ്പുരയില്‍ കഴിയുന്ന വലിയ കുടുംബം പോറ്റാന്‍. ആക്കാലം അത്ര ബുദ്ധി മുട്ട് നിറഞ്ഞതായിരുന്നു . വീട്ടില്‍ നിന്നും മിക്കപ്പോഴും ചക്കയോ തേങ്ങയോ ഒക്കെ വാങ്ങിക്കൊണ്ടുപോവും , വൈകിട്ട് പണി കഴിഞ്ഞു പോവുന്ന കുട്ടപ്പന്‍ ഞങ്ങളുടെ ബാല്യകാലത്തെ നിത്യകാഴ്ചയാണ്‌ . അതിനിടെ രണ്ടാമത്തെ അവിവാഹിതയായ മകള്‍ രാജമ്മ ചേച്ചി ഗര്‍ഭിണി ആയതു . അന്ന് അരീക്കര അത്ര സംഭവങ്ങള്‍ ഒക്കെ വലിയ വാര്‍ത്തയോ അവരെ അത് പറഞ്ഞു അധിക്ഷേപിക്കുകയോ ചെയ്യാറില്ലായിരുന്നു . കുട്ടപ്പന്‍ വീട്ടില്‍ വന്നു " എന്റെ സാറേ ദൈവം അങ്ങിനെയാണ് വിധിച്ച്ചിരിക്കുന്നതെങ്കില്‍ ഞാന്‍ ആ കുഞ്ഞിനെ വളര്‍ത്തും " എന്ന് പറഞ്ഞത് ഇന്നും ഞാന്‍ ഓര്‍ക്കുന്നുണ്ട് .

അങ്ങിനെ പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന ഒരു കാലത്താണ് കുട്ടപ്പന് കേരള ലോട്ടറി അടിക്കുന്നത് , ഏഴു ലക്ഷത്തിന്റെ ബംപര്‍ സമ്മാനം ! കുഗ്രാമമായ അരീക്കരയില്‍ നിരവധി ബാങ്ക് മാനേജര്‍മാര്‍ കാറില്‍ കുട്ടപ്പനെ തിരക്കി നെട്ടോട്ടം ഓടിയ ദിവസങ്ങള്‍ ആയിരുന്നു . കുട്ടപ്പനെ തിരഞ്ഞു എത്ര പേരാണ് ആ കുഗ്രാമത്തില്‍ വന്നിറങ്ങിയത് . എല്ലാവരും കുട്ടപ്പന്റെ ഭാഗ്യമായും അവസാനത്തെ ആണ്‍ കുട്ടിയുടെ ഭാഗ്യമായും രാജമ്മ ചേച്ചിയുടെ അച്ചനറിയാത്ത ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ഭാഗ്യമായും ഒക്കെ ആയി വാഴ്ത്തി . കുട്ടപ്പന്‍ ഇതിനിടെ സഹകരണ ബാങ്കില്‍ ടിക്കറ്റ് ഏല്‍പ്പിച്ചു രംഗത്ത് പ്രത്യക്ഷപ്പെട്ടു .

ലോട്ടറിയടിച്ചതോടെ കുട്ടപ്പന്‍ അരീക്കരയുടെ താരം ആയി , ഇതിനിടെ സംഭവം അറിഞ്ഞു മുന്‍പ് തിരിഞ്ഞു നോക്കാതിരുന്ന സ്വന്തം അളിയന്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ സുകുമാരന്‍ കക്ഷത്തില്‍ ബാഗും കാലന്‍കുടയും ഒക്കെ ആയി സ്ഥലത്ത് എത്തി . താമസിക്കുന്ന പുരയിടം ഒഴിഞ്ഞു തരണം എന്നും അല്ലെങ്കില്‍ അമ്പതിനായിരം രൂപ വേണമെന്നും ഒറ്റ കട്ടായം പറച്ചിലായിരുന്നു . അവസാനം കുട്ടപ്പന്‍ അത് കൊടുക്കാമെന്നു ഏറ്റതിനെ ശേഷമാണ് പ്രസിഡണ്ട്‌ സ്ഥലം കാലിയാക്കിയത്‌. രാജമ്മ ചേച്ചിയെ പിഴപ്പിച്ചു എന്ന് കരുതുന്ന ഒരു ചേട്ടായി മകളെ കല്യാണം കഴിക്കാമെന്നു പറഞ്ഞു വീട്ടില്‍ ചെന്നു.

കുട്ടപ്പന്‍ പെരിങ്ങാലയില്‍ ഒരേക്കര്‍ സ്ഥലവും ഒരു വീടും ഒക്കെ വാങ്ങി അരീക്കര വിട്ടു , പിന്നെ കുട്ടപ്പനെപറ്റി പലവിധ കഥകള്‍ കേള്‍ക്കാന്‍ തുടങ്ങി . ലോട്ടറി അടിക്കുന്നതിനു മുന്‍പ് കഷ്ടപ്പാട് ആയിരുന്നു എങ്കിലും വീട്ടില്‍ സമാധാനം ഉണ്ടായിരുന്നു . പുതിയ വീട്ടിലെ സമാധാന കുറവും പ്രശ്നങ്ങളും കാരണം ഒരിക്കല്‍ കുട്ടപ്പന്‍ വിഷം കഴിച്ചു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു .

കുട്ടപ്പന്‍ കുറെ വര്‍ഷങ്ങള്‍ മുന്‍പ് മരിച്ചു പോയി , മക്കളും ഭാര്യയും ഒക്കെ ഇപ്പോള്‍ എവിടെ ആണോ എന്തോ ,
" അടിച്ചു അനിയന്‍ മോനെ " എന്ന് പറഞ്ഞു അന്ന് എന്റെ വീട്ടില്‍ വന്ന കുട്ടപ്പനെ ഞാന്‍ പലപ്പോഴും ഓര്‍ക്കും , കിലുക്കത്തിലെ ഇന്നസെന്റിനെയും !

No comments:

Post a Comment