ഞാന്‍ എന്തോ തെറ്റ് ചെയ്തു?
അരീക്കരയിലെ ബാല്യകാലം ഓര്‍ക്കുമ്പോള്‍ സങ്കടപ്പെടാന്‍ മാത്രം ഉള്ള കഥകള്‍ അല്ല എനിക്കുള്ളത് , ഓര്‍ത്താല്‍ ചിരിക്കുന്ന ചില ശുദ്ധാത്മാക്കളെയും പരിചയപ്പെടുത്താന്‍ അരീക്കരയില്‍ ഉണ്ട് . വണ്ടിക്കാരന്‍ നാരായണന്‍ ചേട്ടന്‍, ഞങ്ങളുടെ വീടും കഴിഞ്ഞു ഒരു അര കിലോമീറ്റര്‍ കൂടി പോവണം അദ്ദേഹത്തിന്റെ വീടെത്താന്‍ .
ഞാന്‍ സ്കൂളില്‍ നിന്നും മടങ്ങി വരുന്ന വഴി നാരായണന്‍ ചേട്ടനെ കണ്ടാലുടന്‍ ഒരു ലിഫ്റ്റ് ചോദിക്കും , അങ്ങിനെ പുറകില്‍ വലിഞ്ഞു കയറി വീട് വരെ ഒരു സുഖ സവാരിയാണ് . അത് കൂടാതെ ചിലപ്പോള്‍ സാധനങ്ങള്‍ പിന്നില്‍ ഉണ്ടെങ്കില്‍ മുന്നില്‍ തന്നെ കയറ്റും , ചിലപ്പോള്‍ ഒക്കെ ചാട്ട വാങ്ങി ഒരു ഒരു വീശോക്കെ വീശി സംതൃപ്തി അടയുകയും ചെയ്യും . ചിലപ്പോള്‍ കയറ്റം കയറാന്‍ നേരത്ത് ഭാരം അഡ്ജസ്റ്റ് ചെയ്യാന്‍ കയറാനോ ഇറങ്ങാനോ ഒക്കെ പറയും .
ഞങ്ങളുടെ വീട്ടിലേക്കു തിരിയുന്ന ചെറിയ റോഡ് മുളനില്‍ക്കുന്നതില്‍ എന്നാണ് അറിയപ്പെടുന്നത് . ഈ മുക്കിനു ഒരു ചെറിയ ഉപഷാപ്പു ഉണ്ടായിരുന്നു . അരീക്കരയില്‍ സ്ഥിരം കുടിക്കുന്ന ഒരുപാട് പേരുടെ ആശ്രയം ആണ് ഈ ഉപഷാപ്പ് . നാരയാണന്‍ ചേട്ടന്‍ ഞങ്ങളുടെ നാട്ടില്‍ ആദ്യം കാള വണ്ടി ഉണ്ടായിരുന്നവരില്‍ ഒരാളാണ് . ചന്ത ദിവസം ആയ ബുധനും ശനിയും വെളുപ്പിന് നാല് മണിക്ക് വിവിധ വീടുകളില്‍ നിന്ന് കാര്‍ഷിക വിഭവങ്ങള്‍ ശേഖരിച്ചു ചെങ്ങന്നൂര്‍ക്ക് യാത്രയാകും . മിക്കപ്പോഴും എന്റെ വീട്ടില്‍ നിന്നും വാഴക്കുലകള്‍ കാണും . അത് മുറ്റത്ത് വെറുതെ വെച്ചിരുന്നാല്‍ മതി , നാരായണന്‍ ചേട്ടന്‍ വന്നു അത് എടുത്തു വണ്ടിയില്‍ വെച്ചിട്ട് പോകും . അച്ഛന്‍ പിന്നെ ഒരു ഏഴു മണിയോടെ സൈക്കിളില്‍ പുറകെ പോയാല്‍ മതി . ചിലപ്പോള്‍ അവിടെ ചെല്ലുമ്പോഴേക്കും കുലകള്‍ വിറ്റു നാരായണന്‍ ചേട്ടന്‍ പൈസ അച്ഛനെ ഏല്‍പ്പിക്കും . അതിനുള്ള സ്വാതന്ത്ര്യവും അവകാശവും നാരായണ ചേട്ടന് ഉണ്ടായിരുന്നു . ചന്ത കഴിഞ്ഞു മിക്ക ദിവസവും നാരായണന്‍ ചേട്ടന്‍ ചെങ്ങന്നൂരില്‍ നിന്നും അരീക്കരയിലേക്ക് പലവിധ സാധങ്ങള്‍ , ചിലപ്പോള്‍ ചാരമോ , സിമന്റോ , അരിയൊ ഒക്കെ ആയിരിക്കും അതൊക്കെ ഓരോ സ്ഥലത്ത് കൊണ്ടിറക്കി അവസാനം യൊരു അഞ്ചാറു മണിയോടെ മുളനില്‍ക്കുന്നതില്‍ ഉപ ഷാപ്പിന്റെ മുന്‍പില്‍ എത്തി നില്‍ക്കും . ഇനിയാണ് കൌതുകം , നാരായണന്‍ ചേട്ടന്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയാലുടന്‍ ചാട്ട കൊണ്ട് ചെറുതായൊന്നു വീശി " ട്രെയ്, ട്രെയ് " എന്നൊരു ശബ്ദം വെച്ചാല്‍ മതി കാളകള്‍ പൈലട്ടില്ലാ വിമാനം പോലെ മുന്നോട്ട് പോവും , അത് സാമാന്യം നല്ല ഒരു കയറ്റവും രണ്ടു മൂന്നു ഇറക്കങ്ങളും ഉള്ള ആ ദൂരമത്രയും താണ്ടി സ്വന്തം വീട്ടിന്റെ മുന്‍പില്‍ എത്തി തന്നെ നില്‍ക്കും . നാരായണന്‍ ചേട്ടന്റെ ഭാര്യയോ മക്കളോ ആരെങ്കിലും കാളകളെ അഴിച്ചു മാറ്റി വണ്ടി നിലത്തു കുത്തി പാര്‍ക്ക് ചെയ്യും . എല്ലാ ചന്ത ദിവസവും ഉള്ള ഒരു പതിവ് ആയതിനാല്‍ ആദ്യം ഒക്കെ ഞങ്ങള്‍ക്കുണ്ടായിരുന്ന കൌതുകം ഒക്കെ പോയി അതൊരു സാധാരണ കാര്യം ആയി മാറി .
ചെത്തുകാരന്‍ മണിയണ്ണന്റെ ഉപഷാപ്പില്‍ കയറി നാരായണന്‍ ചേട്ടന്‍ നന്നായി ഒന്ന് മിനുങ്ങും . പിന്നെ ആടിയാടി വീട്ടിലേക്കു ഒരു പോക്കാണ് , ഒരക്ഷരം മിണ്ടില്ല , സന്ധ്യ കഴിഞ്ഞാല്‍ ഒരു ചൂട്ടും കാണും . അതൊക്കെ വീശി എല്ലാ ചന്ത ദിവസവും പോകുന്നത് ഒരു സ്ഥിരം കാഴ്ചയാണ് . വീട്ടില്‍ എത്തിയാല്‍ ചിലപ്പോള്‍ വീട്ടുകാരത്തിയെ ഒന്നും രണ്ടു പറഞ്ഞു ഇടി കൊടുക്കുകയും ചെയ്യും . ആ സാധു സ്ത്രീക്കും ഇത് പതിവ് വഴിപാടു പോലെ ശീലം ആയി . അല്ലാതെ നാരായണന്‍ ചേട്ടന്‍ കുടിച്ചു വഴിയില്‍ കിടക്കുകയോ വഴക്കുണ്ടാക്കുകയോ ഒന്നും ഇല്ല . എന്റെ അച്ഛനെയോ അമ്മയെയോ കാണുമ്പോള്‍ ഉയര്‍ത്തി മടക്കിക്കുത്തിയിരിക്കുന്ന ആ കളം കളം മുണ്ട് ഒന്ന് താഴ്ത്തി മര്യാദ രാമനെ പ്പോലെ പോവും . ഞങ്ങളെ കണ്ടാല്‍ വെറുതെ കണ്ണിറുക്കി ഒരു ചിരിയും ചിരിച്ചു പോവും . " ഡാ മക്കളെ .. " എന്നൊരു വിളിയും
അന്ന് ഞങ്ങളുടെ ടാര്‍ ഇടാത്ത ആ ചെമ്മണ്‍ പാതയിലൂടെ കാറുകള്‍ വളരെ അപൂര്‍വമായേ പോവൂ , ആരെങ്കിലും പട്ടാളക്കാര്‍ അവധിക്കു വരുമ്പോഴോ ദൂരെ നാട്ടില്‍ നിന്നും വരുന്ന ബന്ധുക്കളോ ഒക്കെ മാത്രമേ കാറില്‍ വരാറുള്ളൂ , ഞങ്ങള്‍ കുറെ നേരം ആ കാറുകളുടെ പിറകെ ഓടുകയും ചെയ്യും . ചില സിനിമകളുടെ പരസ്യവും നോട്ടീസ് വിതരണവും ഒക്കെ ഇങ്ങനെ കാറില്‍ ആവാറുണ്ട് .
പതിവ് പോലെ നാരായണന്‍ ചേട്ടന്‍ ഉപ ഷാപ്പില്‍ ഇറങ്ങി കാളകളെ " ട്രെയ്, ട്രെയ് " എന്ന് പറഞ്ഞു ചാട്ട വീശി യാത്ര അയച്ചു . കാളകള്‍ ഉത്സാഹത്തോടെ മുന്നോട്ടു കുതിക്കുകയും ചെയ്തു . ഒരു ചെറിയ ഇറക്കം ആണെന്ന് തോന്നുന്നു , എതിരെ ഒരു കാറ് വന്നു , അന്ന് ഇന്നത്തെ പോലെ അത്ര വീതിയുള്ള റോഡ് ഒന്നും അല്ല , പക്ഷെ കാളകള്‍ക്ക് ഒരു വിധം സൈഡ് കൊടുക്കാന്‍ ഒക്കെ അറിയാം , അവ നന്നായി ഒതുങ്ങി കാറ് പൊക്കോട്ടെ എന്നാ മട്ടില്‍ നിന്നു.ആ പുതിയ അംബാസടര്‍ കാര്‍ ചെങ്ങന്നൂര്‍ കാരുടെ ആരുടെയോ ആണെന്ന് തോന്നുന്നു . സമാന്യം സ്പീഡില്‍ തന്നെ കാര്‍ കടന്നു പോയി . ഡ്രൈവര്‍ ഒരു കര്‍ കര്‍ ശബ്ദം കേട്ട് അല്‍പ്പം മുന്നോട്ടു ചെന്ന് നിര്‍ത്തി പുറത്തിറങ്ങി നോക്കിയപ്പോള്‍ അയാളുടെ ചങ്ക് എരിഞ്ഞു പോയി , കാറിന്റെ വലതു വശത്തില്‍ മുഴു നീളത്തില്‍ ആഴത്തില്‍ ഒരു വര , വെള്ള പെയിന്റു അടക്കം കാളവണ്ടിയുടെ ചക്രത്തിന്റെ ആക്സില്‍ന്റെ അഗ്രഭാഗം കൊണ്ട് ഉരഞ്ഞതാണ് ! ഡ്രൈവര്‍ വിളിച്ചു കൂവിക്കൊണ്ട് കാളവണ്ടിയുടെ പിറകെയോടി , മുന്നില്‍ ചെന്ന് നോക്കിയപ്പോള്‍ ആരും ഇല്ല , അവസാനം നാരായണന്‍ ചേട്ടന്റെ വീടെത്തി വണ്ടി നിന്നു , ഡ്രൈവര്‍ ബഹളമായി , അങ്ങിനെ തര്‍ക്കം നടക്കുന്നെങ്കിലും നാരായണന്‍ ചേട്ടന്‍ വരാന്‍ വൈകി , അവസാനം ആള്‍ ആടിയാടി എത്തി , ഒരക്ഷരം മിണ്ടുന്നില്ല , നാട്ടുക്കാരും മധ്യസ്തരും ഒക്കെ എത്തി , കാറുക്കാരന്‍ നിന്നു തിളക്കുകയാണ് , " പുതിയ മുഴുവന്‍ പെയിന്റ് അടിക്കാനുള്ള കാശ് ഇപ്പൊ വെക്കണം , അല്ലെങ്കില്‍ വിവരം അറിയും ഞാന്‍ ആള് പിശകാ ...." മധ്യസ്തരും മടുത്തു , " നാരായണാ എന്തെങ്കിലും ഒന്ന് പറ .."
നാരായണന്‍ ചേട്ടന്‍ ആടിയാടി മുണ്ട് ഇതിനിടെ ഒന്ന് രണ്ടു തവണ അഴിഞ്ഞു പോയത് വീണ്ടും എടുത്തു ഉടുത്തു , അവസാനം കാറിന്റെ ഡ്രൈവര്‍ കുത്തിനു പിടിക്കുമെന്ന സ്ഥിതിയായി , എന്ത് പറയും എന്ന ആകാംക്ഷ എല്ലാവര്ക്കും
" ഞാന്‍ എന്തോ തെറ്റ് ചെയ്തു ? ... തെറ്റ് ചെയ്തവര്‍ ആണ്ടെ നില്‍ക്കുന്നു , " കാളകളെ ചൂണ്ടി നരായണന്‍ ചേട്ടന്‍ പറഞ്ഞതും ഡ്രൈവര്‍ പടോ എന്നൊന്ന് കൊടുത്തതും ഒരുമിച്ചു കഴിഞ്ഞു .
No comments:
Post a Comment