കൂടെനില്‍ക്കുന്നതിലേ അമ്മ
ഒരിക്കാലും മറക്കാന്‍ പാടില്ലാത്ത ഒരു അമ്മയുടെ കഥ കൂടെ പറയാം , എന്റെ സ്വന്തം അമ്മ കൊട്ടാരക്കരയിലെ സ്കൂളില്‍ നിന്നും മുളക്കുഴ ക്ക് മാറ്റം വാങ്ങി ആദ്യം ഒന്ന് രണ്ടു വീട്ടില്‍ വാടകയ്ക്ക് താമസിച്ചു , കൂടെ ചിരട്ടയിലും കുടുക്കയിലും അടക്കാവുന്ന ഞങ്ങള്‍ മൂന്നു ആണ്‍ കുട്ടികളും. അരീക്കര, അച്ഛന്‍ വീട് പണിയാന്‍ തറ കെട്ടിയിട്ടാതെ ഉള്ളൂ , പലതരം ബുദ്ധി മുട്ടുകള്‍ കാരണം അത് നീണ്ടു നീണ്ടു പോയി , അങ്ങിനെ അരീക്കര തന്നെ കൂടെനില്‍ക്കുന്നതില്‍ വീട്ടിലെ ഒരു രണ്ടു മുറി കടയില്‍ താമസം തുടങ്ങി , അതെ കടയാണ് ഞാന്‍ ഒരിക്കല്‍ പറഞ്ഞ ഉണിച്ചി കല്ല് ഷാപ്പ് നടത്തിയത് . എന്റെ അണ്ണന്‍ ഒന്നിലോ രണ്ടിലോ ആയിക്കാണും , പിന്നെ ഞാനും ഇളയ കുട്ടി ഏതാനും മാസങ്ങള്‍ മാത്രം പ്രായം . സഹായത്തിനു ഒരു സ്ത്രീ ഉണ്ടായിരുന്നു , അമ്മ രാവിലെ ഏഴു മണിക്ക് ജോലികള്‍ ഒതുക്കി സ്കൂളിലേക്ക് പായും , കൂടെ നില്‍ക്കുന്നതിലെ അമ്മ യാണ് പിന്നെ ഞങ്ങളെ രണ്ടു പേരെയും നോക്കുന്നത് . ഇളയ ആള്‍ എപ്പൊഴും ഉറക്കം , അതിനാല്‍ നോക്കാന്‍ പ്രതേകിച്ചു വിഷമം ഒന്നും ഇല്ല , പ്രശ്നക്കാരന്‍ ഞാന്‍ തന്നെ , കണ്ണ് തപ്പിയാല്‍ റോഡിലാണ് , ആദ്യം കാണുന്നവരുടെ കൂടെ ഓടി പോവും, ഈ അമ്മക്ക് എന്റെ പുറകെ ഓടാനും പിടിച്ചു കൊണ്ടുവരാനും മാത്രമേ നേരമുള്ളൂ , മൂന്നു വയസ്സായിട്ടും സംസാരിക്കുന്ന ലക്ഷണം ഒന്നും ഇല്ല , "പൊട്ടന്‍ " ആണോ എന്ന് പലരും സംശയിച്ചു . കൂടെ നില്‍ക്കുന്നതിലെ അമ്മ തോളില്‍ വെച്ചും അടുക്കളയിലെ പാതകത്തില്‍ ഇരുത്തിയും സദാസമയവും കൊണ്ട് നടക്കും . ഈ അമ്മക്ക് രണ്ടു മക്കള്‍ , മോഹനന്‍ അണ്ണനും പോടിയമ്മ ചേച്ചിയും , അവര്‍ക്കും എന്നെ കളിപ്പിക്കാന്‍ ആണ് ഇഷ്ടം . അമ്മ കൊണ്ട് നടന്നു " വണ്ട് ", "ഉമ്മാമ്മ ", "കോഴി " "പൂവ് " എന്ന് വേണ്ട വീട്ടിനു അകത്തും പുറത്തും കാണുന്ന സകല വസ്തുക്കളും ചൂണ്ടിക്കാണിച്ചു പറഞ്ഞുതരും , ഞാന്‍ ഒരു ദിവസം എന്തെകിലും കേട്ട് പറയും എന്ന് ആ അമ്മ പ്രതീക്ഷ കൈവിടാതെ കൊണ്ട് നടന്നു . ഈ ചെറുക്കന്‍ സംസാരിക്കാന്‍ കഴിവില്ലാതവനാനെന്നു എന്റെ സ്വന്തം അമ്മ ഭയപ്പെടുംപോഴേക്കും കൂടെനില്‍ക്കുന്നതിലെ അമ്മയാണ് ആശ്വസിപ്പിക്കുന്നത് . " അനിയന്‍ മോന്‍ സംസാരിക്കും"
കൂടെനില്‍ക്കുന്നതിലെ അമ്മയുടെ ഭര്‍ത്താവിനെ ഞങ്ങള്‍ പില്‍ക്കാലത്ത് അച്ചാച്ചന്‍ എന്നാണു വിളിച്ചിരുന്നത് , പശുവിനെ തീറ്റാന്‍ കൊണ്ടുപോവുംപോഴും കുളിപ്പിക്കാന്‍ കൊണ്ടുപോവുംപോഴും ഒക്കെ ഞാന്‍ കൂടെ ഉണ്ടാവും . ഉച്ചക്ക് ഊണ് ആവുമ്പോള്‍ കൂടെനില്‍ക്കുന്നതിലെ അമ്മ വന്നു കൊണ്ട് പോവും . എനിക്ക് ആണ് ആദ്യം ചോറ് തരുന്നത് , ഒരു വെളുത്ത പിഞ്ഞാണത്തില്‍ ചോറും മീന്‍ കറിയും മത്തി പീര വെച്ചതും , അത് ഓരോ ഉരുള ഉരുട്ടി മീന്‍ മുള്ളില്ലാതെ മത്തി അതില്‍ തിരുകി വെച്ച് അത് ചുവന്ന മുളകരച്ച മീന്‍ ചാറില്‍ മുക്കി എന്റെ വായില്‍ വെച്ച് തരും . ഞാന്‍ വലുതായപ്പോള്‍ എത്രയോ തവണ ഈ അമ്മ തന്നെ പറഞ്ഞ വിവരണമാണ് . എനിക്ക് വേണ്ടി എന്നും എരി കുറച്ചു ആ അമ്മ രണ്ടു തരം മീന്‍ കറി വെക്കുമായിരുന്നു . ഒരു ദിവസം ആ അമ്മയുടെ തോളില്‍ ഇരുന്നു എന്റെ വായില്‍ നിന്നും ആദ്യമായി വന്ന വാക്ക് കേട്ട് ആ അമ്മ അത്ഭുതപ്പെട്ടു " തീപാക്കി " , അതായിരുന്നു അതുവരെ പൊട്ടന്‍ ആയിരിക്കും എന്ന് എല്ലാവരും വിചാരിച്ച ആ കുട്ടി ആദ്യം പറഞ്ഞ വാക്ക് . അതിന്റെ അര്‍ഥം ആ അമ്മക്ക് മാത്രമല്ല സ്വന്തം അമ്മക്കും ഒരിക്കലും മനസ്സിലായില്ല , " തീ പാക്കി " അത് തീയല്ല , പക്കിയും( ശലഭം ) അല്ല , ഈ കുഞ്ഞു എന്താ ഉദ്ദേശിക്കുന്നത് എന്നറിയാന്‍ കൂടെനില്‍ക്കുന്നതിലെ അമ്മ പഠിച്ച പണി പതിനെട്ടും നോക്കി , ഏതു വസ്തു ചൂണ്ടിക്കാണിച്ചാലും "തീ പാക്കി " ഒരു ആറു മാസം കൂടി ഈ "തീ പാക്കി" അല്ലാതെ ഒറ്റ വാക്കും പുറത്ത് വന്നില്ല , കൂടെനില്‍ക്കുന്നതിലെ അമ്മ തോളിലേറ്റി കൊണ്ട് നടന്നു
കൂടെനിക്കുന്നതിലെ അമ്മയുടെ പ്രതീക്ഷ തെറ്റിയില്ല , പതിയെ പതിയെ പല അവ്യക്തമായ വാക്കുകളും പുറത്തുവരാന്‍ തുടങ്ങി " മ്മ , ച്ച , ഈയ്യാം പാറ്റ", "തത്ത" , നത്ത് , മാടത്ത , ചോറ് ,ഉമ്മാമ്മ , ഇച്ചീച്ചി , അങ്ങിനെ പല പല പുതിയ വാക്കുകളും ആ അമ്മ പഠിപ്പിച്ചു പഠിപ്പിച്ചു വ്യക്തത വരുത്തി , അവിടെ നിന്നും താമസം മാറ്റുന്നത് ആ അമ്മക്ക് സഹിക്കാന്‍ പറ്റിയില്ല , "അനിയന്‍ മോന്‍ ഇവിടെ തന്നെ നിന്നോട്ടെ" എന്നൊക്കെ അമ്മയോടെ പറഞ്ഞു നോക്കി , ഞാന്‍ പിന്നെയും എത്രയോ കാലം ആ അമ്മയുടെ മത്തി കഷണം തിരുകിയ ഉരുള വാങ്ങി തിന്നാന്‍ ആ വീട്ടിലെത്തിയിരുന്നു , പോയാല്‍ തിരികെ വീട്ടില്‍ നിന്നും അമ്മയോ അണ്ണനോ തിരക്കി വരുന്നത് വരെ ആ അമ്മയുടെ മുണ്ടില്‍ പിടിച്ചു അവിടെയാകെ നടക്കും . ചിലപ്പോള്‍ അമ്മ വന്ന പാടെ രണ്ടു അടി തരും , അമ്മ വലിച്ചിഴച്ചു കൊണ്ട് പോവുമ്പോള്‍ കൂടെനില്‍ക്കുന്നതിലെ അമ്മ എന്നും പുറകെ വന്നു " ഇനി നാളെ വാ, ഞാന്‍ മീനുണ്ടാക്കി വെച്ചേക്കാം " എന്ന് പറഞ്ഞു ആശ്വസിപ്പിക്കും . ആ അര കതകില്‍ കൈ കുത്തി ആ അമ്മ അങ്ങിനെ നോക്കി നില്‍ക്കും , ഞാന്‍ മറയുന്നത് വരെ , കണ്ണീരോടെ തിരിഞ്ഞു നോക്കി ഞാനും നടക്കും
ഞാന്‍ മുളക്കുഴ സ്കൂളില്‍ എത്തിയതോടെ എന്നും അവിടെ കയറി ചോറ് ഉണ്ടിട്ടെ തിരികെ വീട്ടില്‍ വരൂ , എന്നെ നോക്കി ആ അരകതകില്‍ വഴിയിലേക്ക് എന്നെ നോക്കി നില്‍ക്കുന്ന കൂടെനില്‍ക്കുന്നതിലെ അമ്മയെ കാണുന്നതോടെ എനിക്ക് എന്തൊരു ആശ്വാസം ആണ് , പിന്നെ ചോറുരുള , മത്തിപ്പീര അങ്ങിനെ അപൂര്‍വ രുചിയുടെ സുവര്‍ണ നിമിഷങ്ങള്‍ .
കൂടെനില്‍ക്കുന്നതിലെ അമ്മയോടെ ഞാന്‍ വലുതായപ്പോള്‍ ഒരിക്കലും ക്ഷമിക്കാന്‍ ആവാത്ത ഒരു തെറ്റ് ചെയ്തു . എന്റെ സ്വന്തം വിവാഹത്തിനു ക്ഷണിക്കാന്‍ വിട്ടു പോയതാണ് അത് . സത്യത്തില്‍ വിവാഹത്തിനു മൂന്നു ദിവസം മുന്‍പാണ് ഞാന്‍ നാട്ടില്‍ എത്തിയത് , അച്ഛന്‍ വിളിച്ചു കാണും എന്ന് വിചാരിച്ചു , തിരക്കിനിടയില്‍ ഞാന്‍ ഈ അമ്മയെ വിളിച്ചോ എന്ന് അന്വേഷിക്കാന്‍ വിട്ടുപോയി , വിവാഹം കഴിഞ്ഞു അനുഗ്രഹം വാങ്ങാന്‍ ഞങ്ങള്‍ കൂടെനിക്കുന്നതില്‍ വീട്ടില്‍ എത്തിയപ്പോള്‍ ആണ് ആ അമ്മ കണ്ണീരോടെ " മോന്‍ എന്നെ വന്നു വിളിക്കും എന്ന് വിചാരിച്ചു " എന്ന് പറഞ്ഞത് , കുറ്റ ബോധം കൊണ്ട് ഞാന്‍ ലജ്ജിച്ചു തല താഴ്ത്തി നിന്നു, എനിക്കിങ്ങനെ ഒരു മാതൃ നിന്ദ സംഭവിച്ചല്ലോ എന്ന് വളരെക്കാലം വിഷമിച്ചിരുന്നു . ഗള്‍ഫില്‍ എത്തിയതിനു ശേഷം എല്ലാ അവധിക്കും അവിടെ പോവും , സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അമ്മ വളരെ വിഷമിച്ചിരുന്ന കാലത്ത് ആ കൈകളില്‍ സഹായം വെച്ച് കൊടുക്കുമ്പഴും ആ കുറ്റബോധം വിട്ടു മാറിയില്ല . അമ്മയുടെ മകള്‍ പോടിയമ്മ ചേച്ചി പന്തളത്ത് ഒരു സ്കൂളില്‍ ജോലിയായി , അമ്മ അവിടേക്ക് താമസം മാറ്റി, ഏക മകന്‍ മോഹന അണ്ണന്‍ പലവിധ പ്രശ്നങ്ങളിലും പെട്ട് കഷ്ടപ്പെട്ട് , ഒടുവില്‍ പന്തളത്ത് "അയ്യപ്പ ഫാര്‍മസി " നടത്തി പേരെടുത്തു .അമ്മ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് മകളുടെ വീട്ടില്‍ വെച്ച് മരിച്ചു . ഒരിക്കലും മറക്കാന്‍ കഴിയാത്ത "തീപാക്കി" എന്റെ മനസ്സില്‍ ബാക്കി വെച്ച് , മത്തി കഷണം തിരുകിയ ചുവന്ന മീന്‍ ചാറില്‍ മുക്കിയ ആ ഉരുളയും
No comments:
Post a Comment