മറ്റാരോടും പറയണ്ട!
മുംബൈയില്‍ ഒരു വിദ്യാര്‍ഥിയായി എത്തിയ കാലം മുതല്‍ കണ്ടു തുടങ്ങിയ കൌതുകകരമായ ഒരു കാഴ്ചയാണ് വഴിവക്കില്‍ ആളുകളെ വെറുതെ ഇരുത്തി മുടി വെട്ടുന്നതു . കയ്യില്‍ ഒരു കണ്ണാടി പിടിപ്പിച്ചു തന്നിട്ട് മുടി വെട്ടുകയോ ഷേവിംഗ് നടത്തുകയോ ഒക്കെ ചെയ്യുന്നത് രസകരമായ ഒരു കാഴ്ച തന്നെയാണ് . എത്ര പെട്ടന്നാണ് നടപ്പാതയിലും പാതവക്കത്തും ഈ തത്ക്കാല്‍ മുടിവെട്ട് കേന്ദ്രം തട്ടിക്കൂട്ടുന്നത് ? . മുംബൈ പോലൊരു നഗരത്തില്‍ രണ്ടു രൂപക്കും രണ്ടായിരം രൂപക്കും മുടി വെട്ടി കൊടുക്കുന്ന കേന്ദ്രങ്ങള്‍ ഉണ്ടെന്നത് ഒരു വസ്തുതയാണ് .
ഈ നഗരത്തിലെ പലതരം മുടി വെട്ടു കേന്ദ്രങ്ങള്‍ കാണുമ്പോഴൊക്കെ എന്റെ ഗ്രാമത്തിലെ മുടി വെട്ടു ഉപജീവനം ആക്കിയ മൂന്നു പേരെ ഓര്‍ത്തു പോവും ,
ഇവരിലെ ആദ്യത്തെ ആളായ കൃഷ്ണന്‍ കുട്ടി എന്ന മുതിര്‍ന്ന ആളെ പ്പറ്റി ചില നേരിയ ഓര്‍മകളെ ഉള്ളൂ , അദ്ദേഹം കാഴ്ച്ചയില്‍ യശശ്ശരീരനായ തിക്കുറുശ്ശി സുകുമാരന്‍ നായരെ പോലെ വളരെ ഐശ്വര്യം ഉള്ള ഒരു മുഖവും വ്യക്തിത്വവും ഉള്ള ആളായിരുന്നു . സാദാ കുളിച്ചു കുറിയിട്ട് രോമങ്ങള്‍ എഴുന്നു നില്‍ക്കുന്ന ചെവിയില്‍ ഒരു തുളസി കതിരുമൊക്കെ വെച്ച് നടന്നുപോവുന്ന അദ്ദേഹം ചില വീടുകളില്‍ മാത്രമേ പോയി മുടി വെട്ടി കൊടുത്തിരുന്നുള്ളൂ , മരണാന്തര ചടങ്ങുകളില്‍ മുഖ്യ കര്‍മിയുടെ സ്ഥാനം ആ ഗ്രാമത്തില്‍ ഏറെക്കുറെ അദ്ദേഹത്തിനായിരുന്നു . അദ്ദേഹത്തിന് സാഹിത്യം , കവിത , സംസ്കൃതം ഒക്കെ നന്നായി വഴങ്ങിയിരുന്നു . പ്രായം കൊണ്ട് മൂത്തത് ആയിരുന്നതിനാല്‍ അദ്ദേഹത്തെ മിക്കവാറും ആ നാട്ടുകാരൊക്കെ കൃഷ്ണകുട്ടി ചേട്ടന്‍ എന്നുതന്നെ വിളിച്ചിരുന്നു . അദ്ദേഹം ഒരു ബാര്‍ബര്‍ ആണെന്ന് കാഴ്ചയിലോ സംസാരത്തിലോ വിശ്വസിക്കുക പ്രയാസം ആയിരുന്നു . ചെയ്യുന്ന തൊഴിലില്‍ അദ്ദേഹം കാട്ടിയിരുന്ന ശ്രദ്ധയും സത്യസന്ധതയും ആ ഗ്രാമവാസികള്‍കൊക്കെ അറിയുകയം ചെയ്യുമായിരുന്നു .
അടുത്തയാള്‍ ദിനേശന്‍ , അദ്ദേഹം മൂലപ്ലാവ് ജങ്ങ്ഷനില്‍ ഒറ്റയ്ക്ക് നില്ല്കുന്ന സമചതുരത്തില്‍ ഉള്ള ഒരു പലകകള്‍ കൊണ്ട് ഭിത്തികള്‍ തീര്‍ത്ത ഒരു ഷോപ്പ് നടത്തിയിരുന്നു . വെളുത്ത ചായം പൂശിയ ഓല മേഞ്ഞ ആ ചെറു കെട്ടിടം ആയിരുന്നു വളരെക്കാലം അരീക്കരയിലെ ഏക ഷോപ്പ് ഞങ്ങള്‍ ചെട്ടനുജന്മാര്‍ മൂന്നു പേരും വരി വരിയായി അവിടുത്തെ തടി ബഞ്ചില്‍ ഊഴം കാത്തു ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന വര്‍ണ കലണ്ടറുകള്‍ നോക്കിയിരിക്കുമായിരുന്നു . ദിനേശന്‍ ഞങ്ങള്‍ കുട്ടികളോട് മയമില്ലാതെ സംസാരിക്കുമെങ്കിലും മുതിര്‍ന്നവരോട് നയ ചാതുര്യത്തോടെ സംസാരിക്കുമായിരുന്നു . ഞങള്‍ കുട്ടികളെ പിടിച്ചിരുത്തി നിര്‍ദ്ദയം ആ കിടു-കിടു എന്ന് വിളിച്ചിരുന്ന ഒരു മഷീന്‍ വെച്ച് കഴുത്ത് മുതല്‍ ഉച്ചി വരെ ഒരു വെടിപ്പാക്കല്‍ ആയിരുന്നു ഏറ്റവും അസഹനീയം . ഞങ്ങളെ വിരൂപര്‍ ആക്കുന്നതില്‍ ദിനേശനെ കുറച്ചൊന്നുമല്ല ഞങ്ങള്‍ മനസ്സില്‍ ശപിചിട്ടുള്ളത് . അവിടെ വരുത്തിയിരുന്ന തനിനിറം പത്രം ചിലപ്പോഴെങ്കിലും വായിക്കാന്‍ ശ്രമിക്കുമ്പോഴേക്കും അയാള്‍ ഓടി വന്നു അതൊന്നും കുട്ടികള്‍ക്ക് വായിക്കാനുള്ളതല്ല എന്ന് പറഞ്ഞു മടക്കി കണ്ണാടിയുടെ പുറകില്‍ തിരുകി വെക്കുമായിരുന്നു . എങ്കിലും അയാളുടെ സംഭാഷണത്തില്‍ നിന്നും വീണു കിട്ടുന്ന രാഷ്ടീയവും സാഹിത്യവും ഒക്കെ ഞങ്ങള്‍ക്ക് പുതിയ അറിവുകള്‍ ആയിരുന്നു . വീട്ടിലെ അടിയന്താരാവസ്ഥയില്‍ നിന്നും ഏതാനം മണിക്കൂറുകളുടെ മോചനവും .
ഏഴാം ക്ലാസില്‍ എത്തിയതോടെ ദിനേശനെ എങ്ങിനെയും ബഹിഷ്കരിക്കണം എന്നൊരു തോന്നല്‍ വന്നു ചേര്‍ന്നു, കാരണം അയാളുടെ കിടു-കിടു പ്രയോഗം എന്റെ സകല വിധ ആത്മ വിശ്വാസവും തകര്‍ത്തുകൊണ്ടേയിരുന്നു . അങ്ങിനെയാണ് ശിവാനന്ദന്‍ എന്ന ഒരു പുതിയ ബാര്‍ബര്‍ പാറപ്പാട്ട് മുക്കിനു കടയിട്ടു എന്ന് കേള്‍ക്കുന്നത് . അതൊരു ഒരു വലിയ ആശ്വാസം തന്നെയായിരുന്നു , ശിവാനന്ദന്‍ ആകെ ഒരു വ്യത്യസ്തന്‍ തന്നെ ആയിരുന്നു , ലോകത്തിലെ സകല വിധ വിഷയങ്ങളും സ്പര്‍ശിച്ചു ആണ് അയാളുടെ മുടി വെട്ട്, ആദ്യ സിറ്റിങ്ങില്‍ തന്നെ എനിക്ക് നന്നായി പിടിച്ചു , ആശാന്‍ , ഉള്ളൂര്‍ , വള്ളത്തോള്‍ മുതല്‍ സാംബശിവന്‍ വരെയുള്ള സാഹിത്യവും റഷ്യന്‍ വിപ്ലവവും ചന്ദ്രനില്‍ ചാരാചരങ്ങള്‍ ഇല്ലാത്തതും ഒക്കെയായി നൂറുക്കണക്കിനു വിഷയങ്ങള്‍ ! മുടി വെട്ടാന്‍ ഇരിക്കുന്നവരുടെ വീട്ടു വിശേഷങ്ങള്‍ , ജോലിക്കാര്യങ്ങള്‍ , പോയ സ്ഥലങ്ങള്‍, നാട്ടിലെ ഗോസിപ്പുകള്‍ , അങ്ങിനെ സദാ സമയവും ആളുകളുടെ നിറവും തരവും അനുസരിച്ച് സംഭാഷങ്ങള്‍ നടത്തുന്നതില്‍ ശിവാനന്ദന്‍ അതി നിപുണന്‍ ആയിരുന്നു . കോളേജില്‍ എത്തിയിട്ടും ചെങ്ങന്നൂരില്‍ പലവിധ സ്റ്റൈലന്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയിട്ടും അദ്ദേഹം ഒരു അവകാശം പോലെ എന്റെ മുടി വെട്ട് തുടര്‍ന്ന് കൊണ്ടേയിരുന്നു . ഞാന്‍ മുംബൈക്ക് പോകുന്നത് അറിഞ്ഞു അയാള്‍ ശരിക്കും വിഷമിച്ചിരുന്നു എന്ന് അയാളുടെ യാത്ര അയപ്പ് മുടി വെട്ടില്‍ നിന്നും തന്നെ എനിക്ക് മനസ്സിലായിരുന്നു . നന്നായി പറ്റെ വെട്ടിയിട്ട് ഇനി ഉടനെയൊന്നും വെട്ടണ്ട എന്ന ഉപദേശവും തന്നു. ഞാന്‍ അവധിക്കു വരുംപോഴെക്കെ അയാളുടെ കടയില്‍ ഒന്ന് കയറും , എന്റെ മുടി വെട്ടുമ്പോള്‍ മുംബയിലെ വിശേഷങ്ങള്‍ അയാള്‍ നിരന്തരം ചോദിച്ചു കൊണ്ടേയിരുന്നു . ഓരോ പുതിയ കാര്യം പറയുമ്പോഴും " ഇത് ഞാനും അനിയനും മാത്രം അറിഞ്ഞാല്‍ മതി , മറ്റാരോടും പറയണ്ട " എന്ന അയാളുടെ സ്ഥിരം വാചകവും ഉണ്ടാകും . നമ്മളില്‍ നിന്ന് അറിയുന്ന കാര്യങ്ങള്‍ ആണ് അയാള്‍ മറ്റൊരാളോട് പിന്നീട് പറയുന്നത് .
ഞാന്‍ ഗള്‍ഫില്‍ എത്തിയതോടെ അയാളുമായി ഉണ്ടായിരുന്ന സൗഹൃദം മുറിഞ്ഞു , എല്ലാ വര്‍ഷവും കിട്ടുന്ന മുപ്പതു അവധി ദിവസങ്ങള്‍ ഒന്നിന്നും തികയാറില്ല , പക്ഷെ ഞാന്‍ വന്ന വിവരം അയാള്‍ എങ്ങിനെയെങ്കിലും അറിയും വീട്ടിലെത്തും , കണ്ടാലുടനെ " അനിയന്‍ മുടി ഒന്ന് വെട്ടണം , ആകെ ഒരു ലക്ഷണംകേട്, അവിടെയൊന്നും വെട്ടിയാല്‍ ശരിയാവില്ല , അനിയനെ അത്ര നാളായി ഞാന്‍ കാണുന്നതാ .. " അത് കേള്‍ക്കുമ്പോഴേ ഞാന്‍ തോല്‍വി സമ്മതിച്ചു " എന്നാല്‍ ഞായറാഴ്ച വാ " ഒരു കൈലി , ഒരു ബനിയന്‍ , പെര്ഫൂം , ചെറിയൊരു കൈമടക്കു , അങ്ങിനെ എന്തെങ്കിലും ഒക്കെ കൊടുത്തു യാത്രയാക്കും ,
മുടി വെട്ടാന്‍ ഇരുന്നപ്പോള്‍ സൌദിയെപ്പറ്റിയും റിയാദിനെ പറ്റിയും ഞാന്‍ ആയിടെ പോയ ഹോളണ്ടിനെപ്പറ്റിയും ഫ്രാന്‍സ് നെപ്പറ്റിയും ഒക്കെ അയാള്‍ ചോദിച്ചു മനസ്സിലാക്കി , തലയില്‍ എത്ര വെട്ടാന്‍ ഇല്ലെങ്കിലും അയാള്‍ മിക്ക വാര്‍ഷിക അവധിക്കും വീട്ടില്‍ വന്നു വിശേഷങ്ങള്‍ പറഞ്ഞു മുടി വെട്ടിയിട്ട് പോകുമായിരുന്നു . കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി പ്രായാധിക്യം മൂലം എല്ലാം നിര്‍ത്തി വീട്ടില്‍ തന്നെ , മക്കള്‍ ഒക്കെ പലവിധ ജോലികളും ആയി .
നമുക്ക് വേണ്ടി ജോലി ചെയ്യുന്ന പലരുമായും അത് നിങ്ങളുടെ ഡ്രൈവര്‍ ആവട്ടെ , തയ്യല്‍ക്കാരന്‍ ആവട്ടെ , ആശാരി ആവട്ടെ , ബാര്‍ബര്‍ ആവട്ടെ അവരുമായി നിങ്ങള്‍ക്ക് ഒരു ആത്മ ബന്ധം ഉണ്ടായിപ്പോവുന്നത് സ്വാഭാവികമാണ് , അവര്‍ ചെറിയ ആളുകള്‍ ആണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം , പക്ഷെ അവര്‍ ചെയ്യുന്ന ജോലികള്‍ ഒന്നും ചെറുതല്ല , അവരുടെ ഹൃദയവും !
എനിക്ക് ഇപ്പോഴും ഓര്‍ത്തു വെക്കാന്‍ ശിവാനന്ദന്റെ ആ വാചകം മതി
" ഇത് ഞാനും അനിയനും മാത്രം അറിഞ്ഞാല്‍ മതി , മറ്റാരോടും പറയണ്ട "
ശിവാനന്ദന്റെ സന്തോഷം , അത് പണം കൊടുത്താല്‍ കിട്ടില്ല !
നഷ്ടപെട്ട നാളുകള്‍
ReplyDeleteമനോഹരം വരികള്‍
നമുക്ക് വേണ്ടി ജോലി ചെയ്യുന്ന പലരുമായും അത് നിങ്ങളുടെ ഡ്രൈവര്‍ ആവട്ടെ , തയ്യല്‍ക്കാരന്‍ ആവട്ടെ , ആശാരി ആവട്ടെ , ബാര്‍ബര്‍ ആവട്ടെ അവരുമായി നിങ്ങള്‍ക്ക് ഒരു ആത്മ ബന്ധം ഉണ്ടായിപ്പോവുന്നത് സ്വാഭാവികമാണ് , അവര്‍ ചെറിയ ആളുകള്‍ ആണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം , പക്ഷെ അവര്‍ ചെയ്യുന്ന ജോലികള്‍ ഒന്നും ചെറുതല്ല , അവരുടെ ഹൃദയവും !
ReplyDeleteThis comment has been removed by the author.
ReplyDelete