ഉണിച്ചി
അരീക്കര പാറപ്പാട്ട് മുക്ക് കഴിഞ്ഞാല്‍ പിന്നെ ഒരു ചെറിയ കയറ്റം ആണ്, അന്ന് സൈക്കിള്‍ ഉണ്ടായിരുന്ന കാലത്ത് അവിടെ ഇറങ്ങാതെ ചവിട്ടി കയറ്റുന്നവരെ മഹാശക്തിമാന്മാരായി ഞങ്ങള്‍ അംഗീകരിച്ചിരുന്നു . കയറ്റത്തിന്റെ പകുതി ചെല്ലുമ്പോള്‍ ഇടതു വശത്ത് ഒരു ചെറിയ ഓടിട്ട കെട്ടിടം ഉണ്ട് , അത് ആദ്യം ഒരു പീടികയായിരുന്നു , പിനീട് കള്ളു ഷാപ്പ് ആക്കിയതാണ് . ഞങ്ങള്‍ സ്കൂള്‍ കുട്ടികള്‍ അവിടെ വരുമ്പോള്‍ ആര്‍പ്പു വിളികളും കൂകലും ബഹളവുമൊക്കെ നിര്‍ത്തി മര്യാദരാമന്മാരായി ആ സ്ഥലം കഴിയുന്നത് വരെ നടന്നു പോവും , കാരണം ആ ഷാപ്പ് നടത്തുന്നത് ഒരു സ്ത്രീയാണ് , ഉണിച്ചി ! അങ്ങനെയാണ് അവരെ എല്ലാവരും വിളിച്ചിരുന്നത് . അവരുടെ ശരിക്കുള്ള പേര് അത് തന്നെയാണോ എന്ന് ഇന്നും എനിക്കറിഞ്ഞു കൂടാ . ഞാന്‍ അവരെ കണ്ടു തുടങ്ങിയ കാലം മുതലേ അവര്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് മാത്രമാല്ല ആ നാട്ടിലെ വലിയവര്‍ക്കും ഒരു പേടി സ്വപ്നം ആയിരുന്നു , ആ വേഷം , അത് ശരിക്കും സിനിമയില്‍ പോലും ഞാന്‍ കണ്ടിട്ടില്ല , ഒരു കൈലി മടക്കിക്കുത്തി , മുറുക്കി ചുവപ്പിച്ചു , ചോര കണ്ണുകളും തോളിലോ തലയിലോ കേട്ടിയിരിക്കുണ്ണ്‍ ഒരു തോര്‍ത്തും , അരയില്‍ ഒരു കറാരയും തിരുകി ആ ഷാപ്പിന്റെ സിമന്റ് ചാര് ബഞ്ചില്‍ ചാരി ഇരുന്നു ബീഡി വലിക്കുന്ന ഒരു മധ്യ വയസ്കയാണ് അവര്‍ . " എടാ കഴുവേറി .." എന്ന് തുടങ്ങുന്ന ആ ആക്രോശം ഞങ്ങള്‍ സ്കൂള്‍ കുട്ടികള്‍ക്ക് നിത്യ പരിചയം ആയിരുന്നു . അത് വഴി പോകുമ്പോഴെല്ലാം കള്ളു കുടിച്ചിട്ട് കാശ് കൊടുക്കാതെയോ കടം പറഞ്ഞിട്ട് തരാതെ പോയവരെയോ പിടിച്ചു നിര്‍ത്തി പുരുഷന്മാര്‍ പോലും പറയാന്‍ മടിക്കുന്ന ചീത്തകള്‍ വിളിക്കുന്നതും കഴുത്തിനു പിടിച്ചു തള്ളുന്നതും ഞാന്‍ പലതവണ കണ്ടിട്ടുണ്ട് . പുരുഷന്മാരെ അടിച്ചു വീഴ്ത്തുന്ന ഒരു അസാമാന്യ സ്ത്രീ അതാണ് ഉണിച്ചി ! സന്ധ്യ ആയാല്‍ അവര്‍ അഞ്ചു ബാറ്ററിയുടെ ഒരു വലിയെ ടോര്‍ച്ചുമായി മുണ്ടും മടക്കി കുത്തി മുറുക്കി തുപ്പി നടന്നു പോവുന്നത് ഭീതിയോടെ ഞങ്ങള്‍ കുട്ടികള്‍ നോക്കി നിന്നിട്ടുണ്ട് . അത്ര തന്റെടിയും ചട്ടമ്പിയും ആയിരുന്നു അവര്‍ .
പാറപ്പാട്ട് മന്ദിരത്തില്‍ ഉത്സവം നടക്കുന്ന സമയം , അന്ന് അഞ്ചു മണിക്ക് ഒരു ഓട്ടന്‍ തുള്ളല്‍ , ഏഴു മണിക്ക് ഒരു ചെണ്ട മേളം , അത് കഴിഞ്ഞു സ്ഥലത്തെ ക്ലബ്ബു വക ഒരു നാടകം , പിന്നെ പുറത്തുനിന്നും വരുന്ന ഒരു ട്രൂപിന്റെ ബാലെ , അത് കഴിഞ്ഞാല്‍ വെടിക്കെട്ട് , തീര്‍ന്നു ,
പതിവ് പോലെ നാടകം കഴിഞ്ഞു ബാലെ തുടങ്ങാന്‍ കുറച്ചു സമയം കൂടി ഉണ്ട് , ആ സമയം എന്റെ കുബുദ്ധികള്‍ ആയ ഒന്ന് രണ്ടു കൂട്ടുക്കാര്‍ സംഘാടകരോട് ചെന്ന് " അനിയന്‍ നല്ലത് പോലെ മിമിക്രി കാണിക്കും" എന്ന് തട്ടിവിട്ടു . കേട്ടപ്പാടെ മൈക്കില്‍ അറിയിപ്പ് വന്നു , ഞാന്‍ ആകെയൊന്നു പരുങ്ങി , അങ്ങിനെ ചില പൊടിക്കൈകള്‍ കൈയ്യില്‍ ഉണ്ടെങ്കിലും ഒരു സ്ടെജില്‍ കയറി അത് അവതരിപ്പിക്കാനുള്ള ധൈര്യം ഒന്നും ആയിട്ടില്ല , ഏതായാലും ആളുകള്‍ കയറ്റി വിട്ടതോടെ എന്തെങ്കിലും പറഞ്ഞെ പറ്റൂ എന്ന സ്ഥിതിയായി , നസീറിനെയും ഉമ്മരിനെയും ഒക്കെ പ്രതീക്ഷിച്ചവര്‍ക്ക് മുന്‍പില്‍ പക്ഷെ ഞാന്‍ അവതരിപ്പിച്ചത് എനിക്ക് പരിചയമുള്ള ആ നാട്ടിലെ തന്നെ പലതരം ആളുകള്‍ ആയിരുന്നു , ചായക്കടകാരന്‍ , ആശാരി , ഭാനു സാര്‍ , പലചരക്ക് കടകാരന്‍ മൂപ്പില്‍ , ജനത്തിന് ആകെ രസിച്ചുവെന്നു ഗംഭീര കൈയ്യടിയും ബഹളത്തില്‍ നിന്നും മനസ്സിലായി , സംഗതി ഏറ്റതോടെ ഞാനും ആവേശം കൊണ്ട് " അടുത്തായി ഉണിച്ചി ! ... എന്ന് പറഞ്ഞതും ആകെ നിശബ്ദമായി , " എടാ കഴുവേറി .... " എന്ന് തുടങ്ങുന്ന ആ ഡയലോഗും മുറുക്കി തുപ്പും ഒക്കെ ഞാന്‍ ഭാവനയില്‍ മായം ചേര്‍ത്ത് അവതരിപ്പിച്ചു . എന്തിനു പറയുന്നു , ഒരു രാതി കൊണ്ട് താരമായി എന്ന തോന്നലോടെയാണ് ഞാന്‍ സ്റെജില്‍ നിന്നും ഇറങ്ങിയത് .
രണ്ടു ദിവസം കഴിഞ്ഞു കാണും , ഞാന്‍ കൂട്ടുകാരുടെ കൂടെ കയറ്റം കയറി വരികയാണ് , ഈശ്വര ! ഉണിച്ചി ! ദാ ഷാപ്പിന്റെ വരാന്തയിലെ ചാര് ബഞ്ചില്‍ ഇരിക്കുന്നു . ഞങ്ങളെ കണ്ടതും അവര്‍ എഴുന്നേറ്റു അകത്തേക്ക് പോയി . ഓ രക്ഷപെട്ടു ! എന്ന് വിചാരിച്ചു ഞാന്‍ നടപ്പിനു വേഗം കൂട്ടി , " അവിടെ നിക്കടാ കഴുവേറി .." ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ അവര്‍ പിറകില്‍ , " നീയാണോട ഉത്സവത്തിന് സ്റെജില്‍ കയറി പോക്രിത്തരം പറഞ്ഞത് .... നീയാണോട കുനിയന്‍ ? " ഞാന്‍ നോക്കുമ്പോള്‍ കൂടെയുള്ള കൂട്ടുകാര്‍ ആരും ഇല്ല , അവരുടെ നോട്ടത്തില്‍ നിക്കറില്‍ മൂത്രം ഒഴിക്കുമെന്ന സ്ഥിതിയായി .. ഈശ്വര ! വീട്ടില്‍ അറിഞ്ഞാല്‍ ഉള്ള സ്ഥിതി എന്തായിരിക്കും ? അവര്‍ കൈയ്യു രണ്ടും പിറകില്‍ കെട്ടി നില്‍ക്കുകയാണ് , ഇനി അഞ്ചു ബാറ്ററിയുടെ ടോര്‍ച് ! എന്റെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി , അവര്‍ പെട്ടന്ന് " പൊക്കോഡാ .. ദാ ഇത് വെച്ചോ ... " ഞാന്‍ അത് വാങ്ങി ഓടിയതെ ഓര്‍മയുള്ളൂ , വീട്ടില്‍ ചെന്നാണ് ശ്വാസം നേരെ വീണത് .. ആരും അറിയാതെ വീടിന്റെ പുറകിലേക്ക് ഓടി ... പൊതി തുറന്നു നോക്കി ... ഇലയില്‍ പൊതിഞ്ഞ കുറച്ചു കപ്പയും ഒരു വറുത്ത മീനും .... വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു അവര്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടോ ആവോ .. പക്ഷെ എനിക്ക് ജീവിതത്തില്‍ ഇത്ര വിലയുള്ള ഒരു സമ്മാനം ഇനിയും . ലഭിച്ചിട്ടില്ല .
നന്നായിരിക്കുന്നു സോമരാജന്‍. ഈ ഉനിച്ചിയെയും, ഭാനു സാറിനെയും ഒക്കെ ഞാനും അറിയം. ഭാനു സാറിന് ഒരിക്കല്‍ വെടികൊണ്ടാതല്ലേയ്. കൊച്ചുകളീക്കല്‍ സുഗതന്‍ എന്ന ആളില്‍ നിന്ന്.
ReplyDelete