പ്രിയംവദ സാര്‍
സുന്ദരനും
സല്‍സ്വഭാവിയും പഠനത്തില്‍ സമര്‍ത്ഥനും ആയ ഒരു ജ്യേഷ്ടന്റെ കാണാന്‍
കൊളളാത്തവനും പറഞ്ഞാല്‍ കേള്‍ക്കാത്തവനും പഠിക്കാന്‍ തീരെ മണ്ടനും ആയ
ഒരു അനിയനായി ആണ് ഞാന്‍ എന്റെ സ്കൂള്‍ കാലഘട്ടം കഴിച്ചു കൂട്ടിയത് .
അരീക്കര വട്ടമോടി സ്കൂള്‍ വിട്ടു മുളക്കുഴ ഗവ ഹൈ സ്കൂളില്‍ അഞ്ചാം
ക്ലാസില്‍ എത്തിയപ്പോഴേ എല്ലാവരുടെയും നോട്ടപ്പുള്ളി ആകാന്‍ അധിക സമയം
വേണ്ടി വന്നില്ല . അതിനു പ്രധാന ഒരു കാരണം അവിടെ കണക്കു അധ്യാപികയായ
എന്റെ സ്വന്തം അമ്മ തങ്കമ്മ സാര്‍ എന്നെ പരിചയപ്പെടുത്തുന്നത് തന്നെ "
ദാണ്ടെ നിക്കുന്നു , എന്റെയും മൂത്തവന്റെയും പേര് കളയിക്കാന്‍ വന്ന
അസുര വിത്ത് , ഒരക്ഷരം പഠിക്കില്ല " എപ്പോഴും മിടുക്കനായ എന്റെ ചേട്ടനെ
താരതമ്യം ചെയ്തു ശകാരിക്കുന്ന അമ്മയെ ഞാന്‍ സത്യമായും വെറുത്തു , ഈ
അമ്മയെ ഒന്ന് മാറ്റിയെടുക്കാന്‍ എന്താ ഒരു വഴി എന്നായിരുന്നു അന്നത്തെ
എന്റെ ആലോചന മുഴുവന്‍ . " സാരമില്ല മോനെ , നീ ഒരിക്കല്‍ മിടുക്കനാവും "
എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ച ഒരു കാലം .
പക്ഷെ കാലക്കേടുകള്‍ എന്നെ നിരന്തരം വേട്ടയാടി കൊണ്ടിരുന്നു . എത്ര
ശ്രമിച്ചിട്ടും ചേട്ടനെ പ്പോലെ ക്ലാസ്സില്‍ ഒന്നാമാനാകാന്‍ കഴിഞ്ഞില്ല .
എന്നും എന്തെങ്കിലും വികൃതികള്‍ കാട്ടി അമ്മയുടെ പേര് കൂടെക്കൂടെ
ചീത്തയാക്കി കൊണ്ടിരുന്നു . സ്കൂള്‍ വിട്ടു വരുന്നത് അമ്മയുടെയും
ചേട്ടന്റെയും സാറാമ്മ സാറിന്റെയും പ്രിയംവദ സാറിന്റെയും കൂടെയാണ് .
അമ്മയും ചേട്ടനും ഇംഗ്ലീഷ് പഠിപ്പിക്കുന്ന സാറാമ്മ സാറും മുന്നില്‍ ,
ഞാനും മലയാളം പഠിപ്പിക്കുന്ന പ്രിയംവദ സാറും പിന്നില്‍ , അമ്മ ചേട്ടനോട്
പാഠഭാഗങ്ങള്‍ ചോദിക്കും , ചേട്ടന്റെ മണി മണിയായി കിട്ടുന്ന ഉത്തരം
കേട്ട് തിരിഞ്ഞു നോക്കി " ഡാ ചെറുക്ക , നീ ഇന്നാ ഇത് കണ്ടു പടിക്ക് ,
ഇനി എന്നാ നീ വിജയനെപ്പോലെ ആകുന്നതു , നിനക്ക് എന്തിന്റെയെങ്കിലും
കുറവുണ്ടോ ? ആദ്യം പറഞ്ഞാല്‍ കേള്‍ക്കണം , പിന്നെ വിജയനെപ്പോലെ തല
മുടി ചീകണം , ഡാ കണ്ടില്ലേ ഒരു പടുതി ..അസത്ത് .." അമ്മയുടെ സങ്കടങ്ങളും
ശകാരങ്ങളും മുഴുവന്‍ എന്നെ നോക്കിയാണ് . പ്രിയംവദ സാറു മാത്രം
എന്നോട് വിശേഷങ്ങള്‍ ചോദിച്ചും തമാശുകള്‍ പറഞ്ഞും എനിക്ക് ഒരു
സ്വാന്തനമായി കൂടെ ഉണ്ടാകും . പറപ്പാട്ടു മുക്കില്‍ നിന്നും പ്രിയംവദ
സാറും സാറാമ്മ സാറും പിന്നെ താഴേക്കു തിരിഞ്ഞു പെരിങ്ങാല റോഡ് ലേക്ക്
പോവുന്നത് വരെ എനിക്ക് ഒരു ആശ്വാസം ആണ്. അത് കഴിഞ്ഞാല്‍ അമ്മയുടെ
ശകാരം പിന്നെയും പഴയ പടി , അത് വീട്ടിലെത്തിയാലും തുടരും .
പ്രിയംവദ സാര്‍ അങ്ങിനെ എനിക്ക് പ്രിയപ്പെട്ട സാറായി ,
സാറിന്റെ(ഞങ്ങളുടെ നാട്ടില്‍ ടീച്ചര്‍മാരെ സാര്‍ എന്ന് തന്നെയാണ്
വിളിക്കുന്നത് ) കഥകളും തമാശുകളും എല്ലാം എനിക്ക് നന്നായി പിടിച്ചു .
അമ്മ വഴക്ക് പറയുമ്പോഴെല്ലാം പ്രിയംവദ സാറാണ് എന്റെ രക്ഷക്ക്
എത്തുന്നത് . " തങ്കമ്മേ , അവനെ ഇങ്ങനെ വഴക്ക് പറയാതെ , അവന്‍ മാറും ,
പഠിക്കും , വലുതാവുമ്പോള്‍ മിടുക്കനാകും .. അവന്റെ ചേട്ടന്‍ സുന്ദരന്‍
ആയതും ക്ലാസില്‍ ഒന്നാമാനായതും അവന്റെ കുറ്റമാണോ ?, മക്കള്‍ എല്ലാവരും
ഒരുപോലെ ആണോ ? " അങ്ങിനെ എന്നെ രക്ഷിക്കാന്‍ പ്രിയംവദ സാര്‍ പല
വാദങ്ങള്‍ നിരത്തി ജയിച്ചു കയറും . അമ്മ പാറപ്പാട്ട് മുക്ക് വരെ
മിണ്ടാതെ ഇരിക്കും , അതിനു ശേഷം എല്ലാം പഴയ പോലെ .
അങ്ങിനെയിരുന്നപ്പോള്‍ ബാലജന സഖ്യത്തിന്റെ ജൂനിയര്‍ പ്രസംഗ മത്സരത്തിനു
ക്ലാസ് ടീച്ചര്‍ എന്റെ പേര് കൊടുത്തു , എന്നെ പ്രസംഗം എഴുതി തന്നു
പരിശീലിപ്പിക്കാന്‍ പ്രിയം വദ സാറിനെ പറഞ്ഞു ഏര്‍പ്പാട് ചെയ്തു .
അങ്ങിനെ പ്രസംഗം പഠിക്കാന്‍ സാറിന്റെ വീട്ടില്‍ ചെല്ലാന്‍ പറഞ്ഞു ,
എനിക്ക് ഇതില്‍ പരം ഒരു സന്തോഷം ഇല്ലായിരുന്നു , വീട്ടില്‍ നിന്നും
പുറത്തു ചാടാനുള്ള എല്ലാ അവസരങ്ങളും എനിക്ക് ഒരു തരം ആവേശമാണ് .
പ്രിയംവദ സാറിന്റെ വീട് പെരിങ്ങാലയാണ് , സാറിന്റെ വീട് അന്ന് റോഡില്‍
താഴെ ഓല മേഞ്ഞ ഒരു ചെറിയ വീടാണ് , പട്ടാളക്കാരനായ ഭര്‍ത്താവിന്റെ കുടുംബ
വീടാണ് അത് . വീട് തപ്പി പിടിച്ചു ചെന്നപ്പോഴേ സാറിന്റെ സന്തോഷം ആ
വിടര്‍ന്ന ചിരിയില്‍ കാണാമായിരുന്നു . സാറിന്റെ ആ ചെറിയ വീടിന്റെ ഉള്ളില്‍
ഒരു ചെറിയ മേശക്കരികെ എന്നെ ഇരുത്തി അവിടുത്തെ ഏക ആഡംബര വസ്തുവായ
ടേബിള്‍ ഫാന്‍ ഇട്ടു , അന്ന് എന്റെ വീട്ടില്‍ കരന്റില്ലായിരുന്നതിനാല്‍
അത് എനിക്ക് വലിയ ഒരു കൌതുകം ആയിരുന്നു . സാര്‍ കുറെ വിഷയങ്ങള്‍ പറഞ്ഞു
അവ ഓരോന്നും ഓരോ പാരഗ്രാഫു തിരിച്ചു എഴുതി , " സോമരാജ , നീ ഇത് ഒരു തവണ
വായിക്കു " ഞാന്‍ അടുക്കളയില്‍ പോയി നിനക്ക് എന്തെങ്കിലും ഒന്ന്
ഉണ്ടാക്കി തരാം . പ്രസംഗം വായിക്കുമ്പോഴും അടുക്കളയില്‍ നിന്നും വരുന്ന
പലഹാരത്തിന്റെ മണം കാരണം ഒരക്ഷരം മനസ്സില്‍ നില്‍ക്കുന്നില്ല . സാര്‍
ഉണ്ടാക്കിയ അടയും ചായയും സാറിന്റെ നര്‍മ്മം തുളുമ്പുന്ന
സംഭാഷണങ്ങളും ഒക്കെ എങ്ങിനെയാണ് ഞാന്‍ മറക്കുക .
എട്ടാം
ക്ലാസില്‍ എത്തിയപ്പോള്‍ മലയാളം പഠിപ്പിക്കാന്‍ പ്രിയംവദ സാര്‍ എത്തി ,
പുരാണ കഥകള്‍ നര്‍മം കലര്‍ത്തി പറയാന്‍ സാറിന്റെ കഴിവ് അപാരമാണ് . "
ശ്രീകൃഷ്ണന്‍ വാച്ചില്‍ നോക്കി , ഉയ്യ്യ്യോ മണി നാലായോ, ഇപ്പൊ ഗോപ
സ്ത്രീകള്‍ കുളിക്കാന്‍ വരുന്ന സമയം ആണല്ലോ ഈശ്വര , പിന്നെ ബിനോക്കുലരും
എടുത്തു ഒരു ഓട്ടമാണ് " , " കുചേലന്‍ ആകെ നടന്നു ക്ഷീണിച്ചു , ഒരു
മാടക്കട പോലും ഇവിടെയെങ്ങും ഇല്ല , അല്ലെങ്കില്‍ ഒരു സോഡാ നാരങ്ങാ വെള്ളം
എങ്കിലും വാങ്ങി കുടിക്കാമായിരുന്നു " അങ്ങിനെ എന്തെല്ലാം
നര്‍മങ്ങള്‍!.ഒരിക്കലും മറക്കാന്‍ ആവാത്ത എത്ര പാഠങ്ങള്‍ !.
മലയാളം എത്ര സുന്ദരമാണെന്നു മനസ്സിലാക്കി തന്നത് പ്രിയം വദ സാര്‍ ആണ് .
പ്രസംഗിക്കാനും ഉപന്യാസം എഴുതാനും എന്നെ പഠിപ്പിച്ചത് പ്രിയം വദ സാര്‍
ആണ് . സാറിന്റെ വീട്ടില്‍ ഇരുന്നു എത്ര എത്ര പ്രസംഗങ്ങള്‍ ആണ് ഞാന്‍
കാണാതെ പഠിച്ചത് . പ്രിയംവദ സാറിന്റെ സ്നേഹവും കാരുണ്യവും എനിക്ക്
നന്നാവാന്‍ ദൈവം കൊണ്ട് തന്ന അവസരം ആണ് . സാര്‍ അന്ന് എനിക്ക് വേണ്ടി
അമ്മയോട് വാദിച്ചില്ലായിരുനില്ലെങ്കില്‍ എനിക്ക് ഇന്ന് സാറിനെ പറ്റി
ഇങ്ങനെ എഴുതാന്‍ കഴിയുമായിരുന്നോ ? മലയാളത്തില്‍ എന്തെങ്കിലും ഒക്കെ
എഴുതുവാന്‍ കഴിയുമായിരുന്നോ ?
ഞാന്‍ കഴിഞ്ഞ ദിവസം പ്രിയംവദ
സാറിനെ ഒന്ന് വിളിച്ചു , മുളക്കുഴ സ്കൂള്‍ വിട്ടു പിന്നെ ഞാന്‍
വളര്‍ന്നു വന്ന വഴികളെ പറ്റി ഒക്കെ പറഞ്ഞു , എന്റെ എഴുത്തിനെ പറ്റി പറഞ്ഞു ,
സാറിന്റെ സന്തോഷം എനിക്ക് നേരില്‍ കാണാന്‍ സാധീച്ചിട്ടില്ലായിരുന്നു
എങ്കിലും എനിക്കത് ഊഹിക്കാന്‍ കഴിയും ." ഞാന്‍ പറഞില്ലേ തങ്കമ്മേ , അവന്‍
നന്നാവും എന്ന് " സാറിനു ഫേസ് ബുക്കും കമ്പ്യൂട്ടറും ഒന്നും ഇല്ല ,
അല്ലെങ്കില്‍ " ഇങ്ങനെയാണോടാ മലയാളം എഴുതുന്നത് ?" എന്ന് പറയുമായിരുന്നു
.
കേരള സമൂഹം നെഞ്ചിലേറ്റിയ എത്രയെത്ര അധ്യാപകാരന്
നമുക്കുള്ളത് , ഓ എന്‍ വീ സാറിന്റെയോ സുകുമാര്‍ അഴീക്കോട് സാറിന്റെയോ
മധുസൂദനന്‍ നായര്‍ സാറിന്റെയോ ക്ലാസ്സില്‍ ഇരിക്കാനുള്ള ഭാഗ്യം
എനിക്കില്ലായിരുന്നു , പക്ഷെ പ്രിയംവദ സാറിന്റെ ക്ലാസില്‍ ഇരിക്കാന്‍
കഴിഞ്ഞ ഞാന്‍ ഒട്ടും നിരാശനല്ല . പ്രായം കൊണ്ട് ചുക്കി ചുളിഞ്ഞ ആ
പാദങ്ങള്‍ ഞാന്‍ ഒന്ന് തൊട്ടു നമസ്കരിച്ചോട്ടെ !
Lovely ,Touched !!
ReplyDeleteപഴയ അദ്ധ്യാപകരെ ഓര്‍ക്കുന്നത് തന്നെ വലിയ കാര്യമാണ്.
ReplyDeleteeee priyamvadha teachernte oru photo kittumo.enne angadical south schoolil nalla vazhikku nayicha aaa teacher thanneyano eee teacher ennariyana
ReplyDeletesure, I got one old photo from her daughter who happened to read this post and I will send you the same . Also I am planning to change the photo in this post by her original photo soon. Thank you .
ReplyDeleteതാങ്ങള്‍ ഒരു പാഠപുസ്തകം തന്നെ.... Once again lovely presentation...
ReplyDeleteതാങ്കളിലെ നന്മയാണ് എന്നെ എപ്പോഴും താങ്കളുടെ പോസ്റ്റുകളില്‍ വരാന്‍ പ്രേരിപ്പിക്കുന്ന സംഗതി.ഇന്നത്തെ കാലത്ത് ഇത്രയും നന്മ മനസ്സില്‍ ഉള്ളവര്‍ വളരെ കുറവാണ് ..പ്രേതെകിച്ചും പുറത്തൊക്കെ പോയിട്ട് വരുന്നവരും മറ്റും..ഇന്നും ആ പഴയ അരീക്കരയും പഴമയും മറ്റുള്ളവരെയും അതെ നല്ല മനസ്സോടെ കാണുന്ന താങ്കളിലെ നന്മക്ക് പകരം വെക്കാന്‍ ഒന്നുമില്ല ....എന്നും നന്മ ഉണ്ടാകട്ടെ മാഷെ ...അഭിനന്ദനങള്‍
ReplyDeleteഎനിക്കും എഴുതണം ഇത് പോലെ ഒന്ന്... പക്ഷെ ഏതു സാറിനെ കഥാപാത്രമാക്കും?
ReplyDeleteഎല്ലാവരും ഒന്നിനൊന്നു മെച്ചം ആയിരുന്നില്ലേ
എനിക്കും ഇങ്ങിനെ ഒരു സാര്‍ ഉണ്ടായിരുന്നു മിഡില്‍ സ്കൂളില്‍ (ഇപ്പോഴത്തെ u p s )ഇംഗ്ലീഷ് പഠി പ്പിച്ച സരോജം സാര്‍ .നല്ല രചന
ReplyDeleteപ്രിയംവദ ടീച്ചർ മനോഹരമായി കവിത ചൊല്ലി ക്ലാസിൽ പഠിപ്പിക്കുന്നത് (ചേട്ടന്മാരെ) വരാന്തയിൽ നിന്ന് ഞാൻ കേട്ടിട്ടുണ്ട്. പ്രസംഗവേദികളിൽ കത്തിക്കയറുന്നത് കണ്ടിട്ടുണ്ട്. ഒരു കുന്നുകയറി ടീച്ചർ പോകുന്നതും വരുന്നതും ബസിലിരുന്ന് കണ്ടിട്ടുണ്ട്. കരുത്തും കരുണയും കൊണ്ട് ഈടുറ്റ സ്തീകൾ ഇങ്ങനെയുമുണ്ട്. അറിയാതെ ആദരിച്ചുപോകും.
ReplyDeletetouching one...
ReplyDeletelike itt
ReplyDelete