Wednesday, 18 April 2012

കരുണാകരന്‍ ചേട്ടന്‍

 
" അണ്ണാ ..... " ആ നീട്ടിയുള്ള വിളി കേള്‍ക്കുമ്പോഴേ അറിയാം അത് കരുണാകരന്‍ ചേട്ടന്‍ അച്ഛനെ വിളിക്കുന്നതാണെന്ന് . റോഡില്‍ സൈക്കിള്‍ സ്റ്റാന്‍ഡില്‍ വെച്ചിട്ട് താഴേക്ക്‌ നടന്നു വരുമ്പോഴേ ഒന്ന് രണ്ടു തവണ ഇങ്ങനെ നീട്ടി വിളിക്കും . മിക്കപ്പോഴും ഞങ്ങള്‍ കുട്ടികള്‍ ആയിരിക്കും വിളി കേട്ട് ഓടി വരുന്നത് , " അനിയോ ... അണ്ണന്‍ എന്തിയേ ... ' എന്ന് ചോദിക്കുമ്പോഴേക്കും ഞാന്‍ അകത്തോട്ട് ഓടും , ചിലപ്പോള്‍ അച്ഛന്‍ പറമ്പില്‍ എവിടെയെങ്കിലും ആയിരിക്കും . " ദാണ്ടാച്ചാ .. കരുണാകരന്‍ ചേട്ടന്‍ വന്നു .. "
കരുണാകരന്‍ ചേട്ടന്‍ സിറ്റ് ഔട്ട്‌ ലെ മൊസൈക് കൈവരിയില്‍ ഇരുന്നു വിശേഷങ്ങള്‍ പറയുമ്പോഴേക്കും ചിലപ്പോള്‍ അമ്മ ഒരു ചായ കൊണ്ട് വന്നു കൊടുക്കും , അമ്മയെ സാര്‍ എന്ന് തന്നെയാണ് വിളിക്കുക . കരുണാകരന്‍ ചേട്ടന്‍ അച്ഛന് രണ്ടു മൂന്നു വയസ്സ് ഇളപ്പമാണ്, അച്ഛന്റെ കൂടെ വട്ടമോടി സ്കൂളില്‍ പോയ കാലം തൊട്ടേ ഈ അണ്ണന്‍ വിളിയുണ്ട് . അച്ചനാനെകില്‍ " എടാ " എന്ന് ചെര്‍ത്തെ വിളിക്കൂ . ചിലപ്പോള്‍ കണക്കിന് ശകാരിക്കുന്നതും കാണാം .

" അണ്ണാ ... ഓല ആര്‍ക്കും കൊടുക്കരുതേ അണ്ണാ .. എനിക്ക് വേണം "
" നിനക്ക് ഞാന്‍ ഇനി ഓല തരില്ല .. കഴിഞ്ഞ തവണ തന്നതിന്റെ കാശ് എന്തിയെ ? '
" അണ്ണാ അങ്ങിനെ പറയരുതേ അണ്ണാ , അത് കൂടി ചേര്‍ത്ത് ഇപ്പൊ അങ്ങ് തരാം "
മടിയില്‍ നിന്നും കാശെടുക്കാന്‍ തുടങ്ങുമ്പോഴേക്കും അച്ഛന്‍ പറയും " ആ വെച്ചോ , ഓല കൊണ്ട് പോവുമ്പോ ഇങ്ങു തന്നാ മതി , .. പിന്നെ ഓല പെറുക്കി ക്കൂട്ടാന്‍ തേങ്ങാ വെട്ടുംമ്പോ ഇങ്ങു വന്നേക്കണം "
എല്ലാ തവണയും ഏറക്കുറെ കരുണാകരന്‍ ചേട്ടന്‍ ഓല വാങ്ങുന്നത് ഇങ്ങനെ തന്നെ . അത് അച്ഛനും അറിയാം . സ്കൂളില്‍ തുടങ്ങിയ ചങ്ങാത്തമാണ്. സ്നേഹം ഒരു അവകാശമാകുന്ന ഒരു അനുഭവം ആണത് .

എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ തേങ്ങാ വെട്ടു എന്തൊരു രസമുള്ള അനുഭവമാണ് . പന്തളം കുട്ടി ചേട്ടനോ പറപ്പാട്ടെ കുട്ടി ചേട്ടനോ ആയിരിക്കും തേങ്ങാ വെട്ടാന്‍ വരുന്നത് , പെറുക്കി കൂട്ടാന്‍ അയ്യപ്പനോ ഭാസ്കരനോ കാണും , ഞാനും എന്റെ അനിയന്‍ ( അവനെ കൊച്ച് എന്നാ വിളിക്കുക ) കൂടെ കാണും . അച്ഛന്‍ പരീക്ഷക്ക്‌ കോപ്പിയടി പിടിക്കാന്‍ നടക്കുന്നത് പോലെ എപ്പോഴും പിറകെ കാണും . ഓല വാങ്ങാന്‍ നേരത്തെ പറഞ്ഞു വെച്ചവര്‍ വന്നു അത് പെറുക്കി കൂട്ടിയിടാന്‍ സഹായിക്കും . അച്ഛന്റെ കണ്ണ് തപ്പിയാല്‍ ഞാന്‍ കുട്ടി ചേട്ടനോട് കരിക്കിടാന്‍ പറയും , അങ്ങിനെ അച്ഛന്‍ ചായ കുടിക്കാന്‍ പോവുന്ന നേരം കൊണ്ട് കരിക്കും കുടിച്ചു അതിലെ കാമ്പ് പൂളി തിന്നു തൊണ്ട് ദൂരേക്ക്‌ വലിച്ചെറിയും . അതിനിടെ ചൂട്ടും കൊതുമ്പും ഒക്കെ ചോദിച്ചു വാങ്ങാന്‍ വരുന്നവരും ഉണ്ടാകും . ഒന്നോ രണ്ടോ കുരുട് തേങ്ങയും ചിലപ്പോള്‍ അവര്‍ പെറുക്കും, അച്ഛന്‍ കണ്ടാല്‍ ചിലപ്പോള്‍ എന്നെയും കുട്ടി ചേട്ടനെയും വഴക്ക് പറയും ,
കരുണാകരന്‍ ചേട്ടന്‍ പിറ്റേ ദിവസം തന്നെ ഈ പെറുക്കി കൂട്ടിയ ഓല മുഴുവന്‍ കീറി അത് ഭംഗിയുള്ള ഉരുളന്‍ കെട്ടുകള്‍ ആയി കെട്ടിവെച്ചു തെങ്ങില്‍ ചാരി വെക്കും , ചിലപ്പോള്‍ സഹായിക്കാന്‍ ഒന്നോ രണ്ടോ പേരും ഉണ്ടാവും , ഈ ഓല ക്കെട്ടുകള്‍ പിന്നീട് താഴെ തോട്ടിലോ കുളത്തിലോ തഴ്ത്തിയിടും , അത് നല്ലവണ്ണം പാകമായീടു വേണം ഓല മടയാന്‍ . അതിനു അഴകി ചെട്ടത്തിയോ വെളുമ്പി ചെട്ടത്തിയോ വരും . അവരെ ആക്കാലത്ത് അവരുടെ ജാതിപ്പേര് ചേര്‍ത്ത് വേണം ഞങ്ങള്‍ കുട്ടികള്‍ വിളിക്കാന്‍ , അവര്‍ അത് നിലത്തിരുന്നു മടയുന്നത് വളരെ ഭംഗിയുള്ള ഒരു കാഴ്ചയാണ് . അത് തണലില്‍ ഉണക്കി കെട്ടി വെക്കും . കരുണാകരന്‍ ചേട്ടന്‍ വൈകിട്ട് ജോലി കഴിഞ്ഞു അതെല്ലാം കെട്ടിച്ച്ചുമ്മി വീട്ടില്‍ എത്തിക്കും .

പുരകെട്ടു എന്ന് വിളിക്കുന്ന പുരയുടെ പഴയ ഓല മാറ്റി പുതിയ ഓല മേയുന്ന ദിവസം അരീക്കര ഓരോ വീട്ടിലും ഒരു ആഘോഷമാണ് . കരുണാകരന്‍ ചേട്ടന്‍ തലേദിവസമേ വീട്ടില്‍ നിന്ന് വിളിക്കും " അണ്ണാ .. നാളെ പെരകെട്ടാ... അനിയനെ അങ്ങോട്ട്‌ വിടണേ .. വീട്ടില്‍ എല്ലാവരെയും ക്ഷണിക്കുമെങ്കിലും ഞാന്‍ മാത്രമേ പോവൂ .. സ്കൂള്‍ ഇല്ലാത്ത ഞായറാഴ്ച ആയിരിക്കും മിക്ക പെരകെട്ടും . അതിനാല്‍ രാവിലെ മുതല്‍ ഞാന്‍ സ്ഥലത്ത് ഹാജരാവും , പഴയ ഓല അഴിച്ചു മാറ്റുമ്പോള്‍ അതുവരെ ഇരുട്ടായിരുന്ന കുടുസ്സു മുറികള്‍ വെയിലത്ത് പ്രകാശം നിറഞ്ഞു നില്ല്കുന്നത് ഒരു പ്രത്യേക കാഴ്ച ആണ് . പുതിയ ഓല പട്ടികയില്‍ ചേര്‍ത്ത് കെട്ടാന്‍ പച്ച ഓലക്കാലുകള്‍ തീയില്‍ വാട്ടിയെടുത്ത് കേട്ട് കെട്ടാക്കി വെക്കും , പത്തിരുപതു പേരെങ്കിലും ഒരു പെരകെട്ടിനു ഉണ്ടാവും , പുതിയ ഓലകള്‍ പട്ടികയില്‍ ഓലക്കാല്‍ കൊണ്ട് കെട്ടി വെച്ചു മുന്നേറുന്നത് ഭംഗിയുള്ള ഒരു കാഴ്ച ആണ് . ഈ സമയമെല്ലാം പല അടുപ്പുകളില്‍ ആയി പുറത്ത് തുറസ്സായ സ്ഥലത്ത് കപ്പയും കഞ്ഞിയും മുളകരച്ച ചമ്മന്തിയും ഒക്കെ തയ്യാറായി വരുന്നുണ്ടാവും . പത്ത് മണിക്ക് കപ്പയും മുളകും കഞ്ഞിയും , ഉച്ചക്ക് ചക്ക വേവിച്ചതും ചോറും സാമ്പാറും ചിലപ്പോള്‍ മീന്‍ കറിയും അങ്ങിനെയായിരിക്കും മെനു .

കരുണാകരന്‍ ചേട്ടന്‍ ഓല കെട്ടാനൊന്നും പുരപ്പുറത്ത് കയറില്ല , താഴെന്നിന്നു ഓല പെറുക്കി കൊടുക്കുക , കപ്പ തൊലി ചിരണ്ടി കൊടുക്കുക , തേങ്ങ ചുരണ്ടി കൊടുക്കുക , കഞ്ഞി വെള്ളമോ ജീരാക് വെള്ളമോ വിതരണം ചെയ്യുക എങ്ങിനെ നൂറു കൂടം പണികളുമായി കറങ്ങി നടക്കും . ഇടയ്ക്കിടെ " അനിയോ ..." എന്ന് വിളിച്ചു എന്റെ കാര്യങ്ങള്‍ തിരക്കി കൊണ്ടിരിക്കും . ഓല പെറുക്കി മാറുമ്പോള്‍ ചിലപ്പോള്‍ ചേരയോ വില്ലൂന്നിയോ പോലെയുള്ള പാമ്പുകളെ കാണും . അവയെ ഒക്കെ വെറുതെ ഇഴഞ്ഞു പോവാന്‍ അനുവദിക്കും , ആരും അവയെ ഉപദ്രവിക്കാന്‍ പുറകെ പോവില്ല . മണി പതിനോന്നാവുമോഴേക്കും കപ്പയും കഞ്ഞിയും അടങ്ങിയ പ്രാതല്‍ റെഡി ആവും , വാഴ ഇലയില്‍ ആയിരിക്കും വിളമ്പുക , അതെല്ലാവരും കൂടി ഇരുന്നു കഴിക്കും , ചിലപ്പോള്‍ കഴിഞ്ഞ കൊല്ലം പേര കെട്ടിയ സമയത്തെ വിശേഷങ്ങള്‍ പറഞ്ഞു പൊട്ടി ചിരിക്കും . കഞ്ഞി കുടി കഴിഞ്ഞു കൈ കഴുകി വീണ്ടും പുരയുടെ മുകളിലേക്ക് ഓല വീശി എറിയുന്നതും അത് പിടിച്ചെടുത്തു പട പടാന്ന് മേയുന്നതും ഒരു കലതന്നെയാണ് . കെട്ടിയ ഓല കാറ്റിലോ മഴയിലോ പറന്നു പോവാതിരിക്കാനായി അവസാനം ചീകിയ അലകിന്റെ ചെറു പട്ടികകള്‍ വെച്ച് ഇഴ കയറുകൊണ്ട് കേട്ടുന്നതോടെ പെരകെട്ടു തീരും . അത് തീരുമ്പോഴേക്കും മൂന്നു മണിയെങ്കിലും ആവും . പിന്നെ അതുവരെ പുരയുടെ മുകളില്‍ ആയിരുന്നവര്‍ താഴെ ഇറങ്ങി കൈ കഴുകി ഉണ്ണാന്‍ ഇരിക്കുന്നു . ചോറും ചക്ക വേവിച്ചതും മത്തി പറ്റിച്ചതും കരിയാപ്പിലയും പച്ച മുളകും ഇട്ട പച്ച മോരും ഒക്കെ കൂട്ടിയുള്ള ആ പെരകെട്ടു സ്പെഷ്യല്‍ ഊണ് എത്ര തവണയാണ് എന്റെ കുട്ടിക്കാലത്ത് ഞാന്‍ പല വീടുകളില്‍ നിന്നായി കഴിച്ചിട്ടുള്ളത്‌ .

കരുണാകരന്‍ ചേട്ടന്‍ പീ ഡബ്ലിയൂ ഡീ യിലെ റോഡ്‌ പണികളില്‍ സഹായിക്കുന്ന ഒരു സ്ഥിരം ജീവനക്കാരന്‍ ആണ് . കാക്കി ഉടുപ്പ് , കാക്കി നിക്കര്‍ , റാലി സൈക്കിള്‍ , അതില്‍ താഴെ ക്രോസ് ബാറില്‍ ഒരു പിച്ചള കൊണ്ടുള്ള ഹാന്‍ഡ്‌ പമ്പ്‌ എപ്പോഴും ഫിറ്റു ചെയ്തിരിക്കും . മുന്നില്‍ ഹാന്‍ഡില്‍ബാറില്‍ തൂക്കിയിട്ടിരിക്കുന്ന അകം ഈയം പൂശിയ പിച്ചള ചോറ്റു പാത്രം , അങ്ങിനെ എന്നും ജോലിക്ക് പോവുന്ന കരുണാകരന്‍ ചേട്ടനെ ആണ് എന്റെ ബാല്യ കാലത്ത് പരിചയം . മിക്ക ദിവസവും വൈകിട്ട് ജോലി കഴിഞ്ഞു ഒരു ഏഴു മണിയോടെ ടോര്‍ച്ചടിച്ചു വീട്ടിലേക്കു
" അനിയോ ..." എന്ന് ദൂരെ നിന്ന് തന്നെ വിളിച്ചു കൊണ്ട് ഒരു വരവുണ്ട് . ഞങ്ങള്‍ കുട്ടികള്‍ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ കിട്ടുന്ന ഒരു ബ്രേക്ക്‌ ആണിത് . വന്ന പാടെ അന്ന് സംഭവിച്ച കാര്യങ്ങള്‍ ഞങ്ങളോട് പൊടിപ്പും തൊങ്ങലും വെച്ച് വിവരിക്കും . ചട്ടമ്പികളായ കുട്ടികളെ ചാടിച്ചത് , കൂടെയുള്ളവരെ ശകാരിച്ചത്‌ , സൂപ്പര്‍ വൈസരെ ഉപദേശിച്ചത് അങ്ങിനെ ഞങ്ങള്‍ മൂപ്പരുടെ വീരഗാഥകള്‍ കേട്ടിരിക്കും , അച്ഛന്‍ വന്നു ഒന്നോ രണ്ടോ വിശേഷങ്ങള്‍ ചോദിക്കുകയോ " പോയിന്‍ പിള്ളാരെ ... എന്തോ കഥ കേള്‍ക്കാന്‍ വന്നിരിക്കുകാ ... " എന്ന് പറയുന്നത് വരെ ഞങ്ങള്‍ അവിടെ ചുറ്റി ത്തിരിഞ്ഞു നില്ല്ക്കും .

രാഷ്ട്രീയ സംഘര്‍ഷം നിറഞ്ഞു നില്ല്ക്കുന്ന കാലങ്ങളില്‍ കമ്മ്യൂണിസ്റ്റു അനുഭാവിയായ കരുണാകരനെ ചേട്ടന്‍ വരുന്ന വഴിക്ക് എതിര്‍ പാര്‍ടിയിലെ ചട്ടമ്പികളെ കണ്ട കാര്യങ്ങള്‍ ആണ് ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ ഏറ്റവും ഇഷ്ടം .
" ഇമന്‍( ഇവന്‍ ) എന്നോട് ഒന്നും രണ്ടും പറഞ്ഞു , ഞാന്‍ മൂക്കടങ്കം ഒന്ന് കൊടുത്തു , അമന്‍ ( അവന്‍ ) കയ്യാലയില്‍ നിന്ന് താഴേക്കു ഉച്ചീം കുത്തി താഴോട്ടു വീണു , അടി തട പഠിച്ച എന്നോടാ അവന്റെ കുഞ്ഞു കളി ?"

വീര ഗാഥകള്‍ പറയുമ്പോള്‍ അച്ഛന്‍ എങ്ങാനം അകത്തു നിന്ന് വന്നാല്‍ പെട്ടന്ന് കരുണാകരന്‍ ചേട്ടന്‍ സ്വരം താഴ്ത്തും ,

" നീ ആരെ അടിച്ചെന്നാ ഈ പറയുന്നത് ... "
" അല്ല , ഇല്ല ലവന്‍ .... അണ്ണാ .."
" ഇതു ലവന്‍ ? "
" അല്ലണ്ണാ.. ഇല്ല തല്ലുകൊള്ളി രവി .. അവനെ ഇന്ന് ഞാന്‍ ഒന്ന് ...."
" നീ അവനെ എന്തോ ചെയ്തെന്നാ ... .."
" അല്ലണ്ണാ ...അവന്‍ എന്റെ നേരെ വന്നു ചീത്ത വിളിച്ചു .. അടിക്കാന്‍ ഞാന്‍ കൈ ഒങ്ങിയതാ.. "
" എന്നിട്ട് .?"
" അല്ലണ്ണാ ... അവന്റെ പിള്ളാരെ ഓര്‍ത്തു ഞാന്‍ വിട്ടതാ .. ഇനി കളിക്കാന്‍ വന്നാല്‍ ഞാന്‍ ഒന്ന് പൊട്ടിക്കും "
" നീ പോടാ .. ഡീക്കടിക്കാതെ .. പോയിന്‍ പിള്ളാരെ വല്ലതും നാലക്ഷരം പഠിക്കാന്‍ നോക്ക് "
പാവം , ഒരു ഈച്ചയെ പ്പോലും ഉപദ്രവിക്കാന്‍ കരുണാകരന്‍ ചേട്ടന് പറ്റില്ലാന്നു ഞങ്ങള്‍ക്കറിയാം , എന്നാലും ആ രസ ചരട് പൊട്ടിച്ചു കളഞ്ഞത്തില്‍ അച്ഛനോട് ഞങ്ങള്‍ക്ക് ഒരു നീരസം തോന്നി .

മഹാ തല്ല്ലുകൊള്ളിയും താന്തോന്നിയുമായ രവിക്ക് കരുണാകരന്‍ ചേട്ടന്‍ കരണത്ത് ഒന്ന് പൊട്ടിച്ചാല്‍ അച്ഛന് എന്താ നഷ്ടം ?

" അനിയോ .... " നിഷ്കളങ്കന്‍ ആയ കരുണാകരന്‍ ചേട്ടന്റെ ആ വിളിയിലെ സ്നേഹവും മധുരവും ആ കണ്ണുകളിലെ തിളക്കവും എനിക്ക് മറക്കാന്‍ പറ്റുമോ , മറന്നാല്‍ ഈശ്വരന് എന്നോട് പൊറുക്കാന്‍ പറ്റുമോ ?

No comments:

Post a Comment