ബെസ്റ്റ് ആക്ടര്‍
കമലാസണ്ണന്‍
! കമലാസനന്‍ അണ്ണന്‍ എന്ന് മുഴുവന്‍ വിളിക്കാന്‍ കഴിയാത്തതിന് ഞങ്ങള്‍
കുട്ടികള്‍ വിളിച്ചു വിളിച്ചു അങ്ങിനെ ആക്കിയതാണ് .പാരമ്പര്യമായി
കല്‍പ്പണി തൊഴിലാക്കിയ ആളൊന്നുമല്ല കമലാസണ്ണന്‍ , ഉപജീവനമാര്‍ഗം
കല്‍പ്പണി പഠിച്ചു ആ രംഗത്തിരങ്ങിയതാണ്. ആദ്യം വെട്ടു കല്ല് ചെത്താന്‍
പോവുമായിരുന്നു , പിന്നെ വെട്ടു കല്ല് വെച്ച് തറ കെട്ടാനും ഭിത്തി
പണിയാനും ഭിത്തി തേക്കാനും ഒക്കെ പഠിച്ചു . അരീക്കരയിലെ പ്രസിദ്ധരായ
കിട്ടപ്പണിക്കനോടോ വാസു പണിക്കനോടോ ഒന്നും മത്സരിക്കാന്‍ കമലാസണ്ണന്‍
ആളല്ലായിരുന്നു, അതിനാല്‍ അവരെ കിട്ടാതെ വരുമ്പോള്‍ ആണ് കമലാസണ്ണനെ
പണിക്കു വിളിക്കുന്നത് . കോഴിക്കൂട് പണിയാനോ കുമ്മായം അടര്‍ന്നു പോയടം
തേക്കാനോ ഒക്കെ കമലാസണ്ണനെ വിളിക്കും . കമലാസണ്ണന്‍ ആദ്യമായി വീട്ടില്‍
പണിക്കു വന്നത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു , വന്ന പാടെ അമ്മയോട് "
ഞാന്‍ മുളക്കുഴ പഠിച്ചതാ സാറേ , സാര്‍ എന്നെ എട്ടിലും ഒന്‍പതിലും
പഠിപ്പിച്ചതാ " എന്ന് പറഞ്ഞു പൊട്ടി ചിരിച്ച കമലാസണ്ണനെ എനിക്ക്
നന്നായി പിടിച്ചു . അദ്ദേഹം അങ്ങിനെയാണ് , ഒന്ന് പറഞ്ഞു രണ്ടാമതെതിനു
ഉറക്കെ ഒരു ചിരിയാണ് , സദാ സന്തോഷമുള്ള ഒരു മുഖം , എനിക്ക് അദ്ദേഹത്തെ
ഇത്ര ഇഷ്ടപെടാന്‍ ഒരു കാരണം കൂടി ഉണ്ടായിരുന്നു , അദ്ദേഹത്തിന് ആയിടെ
സിനിമാ മാസികയില്‍ വന്ന ഗായകന്‍ ബ്രഹ്മാനന്ദന്റെ ഒരു ഫോട്ടോയുമായി
നല്ല സാമ്യമുണ്ടായിരുന്നു . , മധ്യഭാഗം അല്‍പ്പം ഉയര്‍ന്ന ചുരുണ്ട മുടി,
വീതിയുള്ള കൃതാവു , ചതുര വടിവുള്ള മീശ , എന്റെ ഈ കണ്ടു പിടുത്തം
അമ്മക്ക് തീരെ പിടിച്ചില്ല " പോ ചെറുക്ക , ഒരു കണ്ടുപിടുത്തം കൊണ്ട്
വന്നിരിക്കുന്നു , പണിക്കാരുടെ കീഴില്‍ നിന്നും മാറി വല്ലതും പോയിരുന്നു
പടിക്ക് ചെറുക്കാ .."
ഞാന്‍ സ്കൂള്‍ വിട്ടു വന്നാലും
കമലാസണ്ണന്‍ വെട്ടു കല്ല് ചെത്തിക്കൊണ്ടേയിരിക്കും , അന്നൊക്കെ ഇരുട്ട്
വീഴുന്നത് വരെ പണി ചെയ്യും , നിക്കറു കാണുന്ന രീതിയില്‍
മടക്കിക്കുത്തിയ ഒരു കാവി മുണ്ടും , വെളുത്ത കയ്യുള്ള ബനിയനും ചെവിയില്‍
ഒരു ഓലക്കാലും , അതില്‍ ഒന്ന് രണ്ടു വെട്ടുകള്‍ കാണും , കല്ലിന്റെ
അളവുകള്‍ ആണ് , ആ ചെറിയ മഴു കൊണ്ട് കല്ലിന്റെ വശങ്ങളും ചെത്തി
ഇടയ്ക്കിടെ അളവ് നോക്കുന്നത് ഞാന്‍ നോക്കി നില്‍ക്കും . മുളക്കഴ
പഠിപ്പിക്കുന്ന ചില സാറന്മാരുടെ കാര്യം എന്നോട് ചോദിച്ചു ഉറക്കെ
പൊട്ടിച്ചിരിക്കും " ആ പൂടയാന്‍ ഇപ്പോഴും ഉണ്ടോ അനിയാ .." " റൌഡി
മത്തായി സാറ് എനിക്ക് ഇപ്പോഴും പേടിയാ അനിയാ ,, എത്ര വീക്കാ
കിട്ടിയത് .." അങ്ങിനെ ഓരോ വിശേഷങ്ങള്‍ പറഞ്ഞു പൊട്ടി ചിരിക്കും .
കമലാസണ്ണന്‍ അങ്ങിനെ എനിക്ക് പ്രിയപ്പെട്ട ആളായി . ഞാന്‍ ചിലപ്പോള്‍
അണ്ണനെ കാണുമ്പോള്‍ ബ്രഹ്മാനന്ദന്റെ ഏതെങ്കിലും ഒരു പഴയ പാട്ടിന്റെ
ആദ്യ വരി പാടി കളിയാക്കും " താരക രൂപിണി .... " " ഒന്ന് പോ അനിയാ "
എന്ന് പറഞ്ഞു കമലാസണ്ണന്‍ കല്ല് ചെത്ത് തുടരും .
പല
വിശേഷങ്ങള്‍ പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ ആണ് കമലാസണ്ണന്‍ നല്ല ഒരു നടന്‍
ആയിരുന്നു എന്ന് അറിയുന്നത് . മുളക്കുഴ സ്കൂളില്‍ സ്ഥിരം യൂത്ത്
ഫെസ്റിവലില്‍ നാടകത്തില്‍ നായകന്‍ ആയിരുന്നു , പറയിര്കാല ദേവീ
ക്ഷേത്രത്തിലെ ഉത്സവത്തിനും ക്ലബ്ബിന്റെ വാര്‍ഷികത്തിനും ഒക്കെ നാടകം
നടത്തി അതില്‍ നായക വേഷം ആയിരുന്നു . കമലാസണ്ണന്‍ കാണാന്‍ അത്ര യോഗ്യനും
ആണ് , നാടകത്തില്‍ മേക്കപ്പിട്ടു വന്നാല്‍ ഒരു സിനിമാ നടനെപ്പോലെ
ഉണ്ട് . ഇപ്പൊ കല്യാണം കഴിച്ചു രണ്ടു കുട്ടികള്‍ ആയിട്ടും അരീക്കര
എവിടെയെങ്കിലും നാടകം ഉണ്ടെങ്കില്‍ അതില്‍ കാമുക വേഷം കമലാസണ്ണന്‍
ആയിരിക്കും . " അണ്ണാ, ഈ സംഭാഷണം മുഴുവന്‍ കാണാതെ പഠിക്കാന്‍
പ്രയാസമാണോ ? " " ഓ അതൊന്നും സാരമില്ല അനിയാ .. രണ്ടു മൂന്നു തവണ
വായിച്ചാല്‍ മതി , പിന്നെ പുറകില്‍ നിന്ന് പറഞ്ഞു തരാനും ആളുണ്ട് "
അന്ന് ഞങ്ങളുടെ വലിയ വീട് പണിതിട്ടില്ല , പഴയ വീട്ടിന്റെ മുന്‍പില്‍
തറ കെട്ടിയിട്ടു വര്‍ഷങ്ങള്‍ ആയി , അച്ഛന്‍ പട്ടാളത്തില്‍ നിന്നും
പിരിഞ്ഞു വന്നപ്പോള്‍ മുതല്‍ അമ്മ വീട് പണിയാന്‍ നിര്‍ബന്ധിക്കുന്നുണ്ട്
. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അത് നീണ്ടു നീണ്ടു പോവുകയാണ് . ആ
വലിയ വീട് പണിതു കാണാന്‍ ഞങ്ങള്‍ കുട്ടികള്‍ക്കും വലിയ ആഗ്രഹമായിരുന്നു ,
കാരണം അതില്‍ ഞങ്ങള്‍ മൂന്നു പേര്‍ക്കും അതില്‍ പ്രത്യേകം പ്രത്യേകം
മുറികള്‍ ഉണ്ട് , അന്നത്തെ നിലയില്‍ നാല് കിടപ്പ് മുറികള്‍ ഉള്ള ആ
വലിയ വീട് ഒരു വലിയ സ്വപ്നം തന്നെ ആയിരുന്നു . കമലാസണ്ണന്‍ ആയിരുന്നു ഈ
വീട് പണി ഏറ്റവും അധികം സ്വപ്നം കണ്ട ആള്‍ , തനിക്കു പൂര്‍ണമായി
കോണ്ട്രാക്റ്റ് കിട്ടുന്ന ആദ്യത്തെ പണിയായി അദ്ദേഹം അത് എപ്പോഴും
അച്ഛനോട് പറയുമായിരുന്നു " അണ്ണാ .. ഈ വീട് ഞാന്‍ പണിയും , അണ്ണന്‍ ഇത്
മറ്റാര്‍ക്കും കൊടുക്കരുത് ." അച്ഛന്‍ അന്നെങ്കില്‍ " അതിനു നീ ഇതിനു
മുന്‍പ് സ്വന്തമായി ഇങ്ങനെ ഒരു പണി ചെയ്തിട്ടുണ്ടോ .. ആ അന്നേരം
നോക്കട്ടെ .. ലോണ്‍ ഒക്കെ ശരിയായി വരട്ടെ .." എന്നൊരു ഒഴുക്കന്‍
മറുപടി പറയും .
അങ്ങിനെ അച്ഛന്‍ സര്‍വീസില്‍ നിന്ന് കിട്ടിയ
തുകയും ഹൌസിംഗ് ബോര്‍ഡില്‍ നിന്ന് ലോണ്‍ ഉം ഒക്കെ ചേര്‍ത്ത്
വീടിന്റെ പണി തുടങ്ങാന്‍ തീരുമാനിച്ചു . പ്ലാന്‍ വരച്ച എഞ്ചിനീയര്‍
അച്ഛനോട് നല്ല പണിക്കാരന്‍ വേണമെന്ന് പറയുകയും ചെയ്തു . അച്ഛന്‍
കിട്ടപ്പണിക്കനെ വീട് പണി എല്പ്പിക്കുനതാണ് നല്ലത് എന്ന തീരുമാനത്തില്‍
എത്തി . കാരണം വാര്‍ക്കലും കമ്പി കെട്ടലും മോസൈക്കും ഒക്കെ ചേര്‍ന്ന
പത്ത് മുറികള്‍ ഉള്ള വീട് ഉണ്ടാക്കാന്‍ കിട്ടപ്പണി ക്കനെ അന്ന്
അന്നാട്ടില്‍ പരിചയമുള്ളൂ , കമലാസണ്ണന്‍ എന്നും വൈകിട്ട് ഒരു
ടോര്‍ച്ചും അടിച്ചു വീട്ടില്‍ വരും , ആ കെട്ടിയിട്ടിരിക്കുന്ന തറയുടെ
മുകളില്‍ നിന്ന് അച്ഛനോട് " അണ്ണാ എന്നാ അണ്ണാ ലോണ്‍ കിട്ടുന്നത് ..
പണി എനിക്ക് തന്നെ തരണേ അണ്ണാ .. പിന്നെ എന്നെ നോക്കി ടോര്‍ച് ആ
തറയിലേക്കു അടിക്കും " അനിയന്റെ മുറി ഞാന്‍ ഏറ്റവും നന്നായി പണിയും
, ഭിത്തി അലമാരി ഞാന്‍ ഇവിടെ പണിയും പണിയും , ബുക്കും പോസ്തകോം ഒക്കെ
വെക്കാന്‍ . പഠിക്കാനുള്ള മേശ ഇവിടെ ഇടും ."
പക്ഷെ അച്ഛന്‍
അവസാനം പരിചയ സമ്പന്നനായ കിട്ടപ്പണിക്കന് തന്നെ വീട് പണി
കോണ്ട്രാക്റ്റ് കൊടുത്തു . അന്ന് വൈകിട്ട് ടോര്‍ച്ചും അടിച്ചു വീട്ടില്‍
എത്തിയ കമലാസണ്ണന്‍ വിവരം അറിഞ്ഞു " എന്നാലും അണ്ണന്‍ ഇത് എന്നോട്
ഇങ്ങനെ ചെയ്തല്ലോ അണ്ണാ .. " എന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു . എപ്പോഴും
പൊട്ടിച്ചിരിച്ചു മാത്രം ഞാന്‍ കണ്ടിട്ടുള്ള കമലാസണ്ണന്‍ അങ്ങിനെ
കരയുന്നത് കണ്ടു ഞാനും വല്ലാതെ സങ്കടപ്പെട്ടു , നല്ല നടനായിരുന്ന
കമലാസന്‍ അണ്ണന്റെ ആ കരച്ചില്‍ അഭിനയം അല്ലായിരുന്നു എന്ന് എനിക്ക്
നല്ല ബോധ്യം ഉണ്ടായിരുന്നു . ജീവിതത്തിലെ ഒരു സ്വപ്നം തകര്‍ന്നു പോയത്
അറിഞ്ഞു ഉള്ളു നൊന്തു കരഞ്ഞാതാണ് . പാവം !
അന്ന് വീട്ടില്‍
നിന്നും ഇറങ്ങി പോയ കമലാസണ്ണന്‍ പിന്നെ വര്‍ഷങ്ങള്‍ ഓളം വീട്ടില്‍
കയറിയില്ല , അച്ഛനെ കണ്ടാല്‍ മിണ്ടില്ല , എന്നെ വഴിയില്‍ വെച്ച് കണ്ടാല്‍
ഒന്ന് രണ്ടു വാക്ക് പറയുമെങ്കിലും ആ വിഷമം മുഖത്ത് മറയ്ക്കാന്‍ പാട്
പെടും .
താമസിയാതെ കമലാസണ്ണന്‍ ഗള്‍ഫിന് പോയി , വര്‍ഷങ്ങളോളം
പിന്നെ കണ്ടിട്ടില്ല , ഒരു മകള്‍ കരിങ്ങാടിലെ രാജന്‍ അണ്ണന്‍ കല്യാണം
കഴിക്കാന്‍ ഒക്കെ തീരുമാനിച്ചതായിട്ടും അവസാന നിമിഷം വേറൊരു ഗള്‍ഫ്
കാരന് കല്യാണം കഴിച്ചു കൊടുത്തു . അങ്ങിനെ ഞാന്‍ മുംബൈയില്‍
പഠിക്കാന്‍ പോയതിനു ശേഷം ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ വഴിയില്‍
വെച്ച് കണ്ടു , കൊഴിഞ്ഞ മുടി മറയ്ക്കാന്‍ വിഗ് വെച്ചിരിക്കുന്നു ,
ബ്രൂട്ട് പൂശിയതിന്റെ മണം, അന്നത്തെ ബ്രഹ്മാനന്ദന്‍ ലുക്ക് ഒക്കെ
മാറിയിരിക്കുന്നു " അനിയോ എത്ര നാളായി കണ്ടിട്ട് .. ഞാന്‍ വൈകിട്ട്
അങ്ങോട്ട് വരുന്നുണ്ട് .. ഗള്‍ഫ് ഒക്കെ മടുത്തു അനിയാ , ഇനി പോന്നില്ല '
. അങ്ങിനെ വര്‍ഷങ്ങള്‍ക്കു ശേഷം കമലാസണ്ണന്‍ ഞങ്ങളുടെ പുതിയ വീട്ടില്‍
കാലു കുത്തി , വീട് ഒക്കെ കയറി കണ്ടു , പഴയ സൗഹൃദം , പഴയ പൊട്ടി
ചിരി , സൌദിയിലെ ചൂടിനെപ്പറ്റിയും കഫീലിന്റെ ദ്രോഹങ്ങളെപ്പറ്റിയും
ഒക്കെ വാ തോരാതെ സംസാരിച്ചു .
കമലാസണ്ണന്‍ നാട്ടില്‍ ചെറിയ
കൃഷിയും പശുവിനെ വളര്‍ത്തലും പാല് വില്‍പ്പനയും ഒക്കെ ആയി ജീവിതം
മുന്നോട്ടു നീക്കി , വീട്ടില്‍ കഷ്ടപ്പാടുകള്‍ പലവിധം , മകന് ജോലി
ഒന്നും ആയില്ല , മരുമകന്‍ ഗള്‍ഫു വിട്ടു നാട്ടില്‍ കള്ള് കുടിയും സദാ
വഴക്കുമായി കഴിയുന്നു . എനിക്ക് മുംബൈയില്‍ ജോലി ആയതേ ഉള്ളൂ , മകന്‍
ലവന് മുംബയില്‍ എന്തെങ്കിലും ജോലിയും താമസവും ഒക്കെ ശരിയാക്കനെമെന്നു
പറഞ്ഞു എനിക്ക് കത്തെഴുതിയതിന് പിന്നാലെ മകനുമായി മുംബയ്ക്ക് തിരിച്ചു .
അന്ന് വളരെ പ്രയാസപ്പെട്ടു ഞാന്‍ മകന് ഒരു തമാശ സൌകര്യം അന്ധേരിയില്‍
ശരിയാക്കി കൊടുത്തു , മകന് ചെറിയ ഒരു പണി കിട്ടി , പിന്നെ അയാള്‍
ഡല്‍ഹിയില്‍ ഒരു നേഴ്സ് നെ കല്യാണം കഴിച്ചു എങ്ങോട്ട് മാറി .
ഞാന്‍ ഗള്‍ഫില്‍ പോയി അവധിക്കു വന്നപ്പോഴേക്കും കമലാസണ്ണന്‍ വീണ്ടും
വീട്ടിലെ നിത്യ സന്ദര്‍ശകന്‍ ആയിക്കഴിഞ്ഞിരുന്നു, അച്ഛനുമായി ചേര്‍ന്ന്
താഴെ ചില കൂട്ട് കൃഷികള്‍ നടത്തുന്നു , വേദനയുള്ള ഒരു കാലിന്നു
വാതമാന്നെനു പറഞ്ഞു മുറക്ക് ചികിത്സ നടത്തുന്നു . വീട്ടിലെ സാമ്പത്തിക
പരാധീനതകള്‍ കാരണം അദ്ദേഹം ഒരു വൃദ്ധനായി മാറിക്കഴിഞ്ഞിരുന്നു . പക്ഷെ
സദാ അദ്ധ്വാനി!
എന്നോട് വളരെ മടിച്ചു മടിച്ചു സ്വന്തം
കടങ്ങളെപ്പറ്റി പറഞ്ഞു , കൊച്ചു മകന്‍ ഒരു ബസ് അപകടത്തില്‍ പെട്ട്
സീരിയസ് ആയി ചികിത്സയില്‍ , മരുമകന്‍ ശരിയല്ല , മകന്‍ ഡല്‍ഹിയില്‍ , പക്ഷെ
ഒരു സഹായവും ചെയ്യില്ല , ഞാന്‍ അനിയനോട് ഒരു സഹായം ചോദിച്ചാല്‍ ഒന്നും
വിചാരിക്കരുത് , വേറെ ഒരു നിവര്‍ത്തിയും ഇല്ലാഞ്ഞിട്ടാ " ഞാന്‍
പാലാരിവട്ടത്ത് വീടും മറ്റും വാങ്ങിയ സമയം ആണ് , എടുപിടി എന്ന്
ചോദിച്ചാല്‍ എടുത്തു കൊടുക്കാവുന്ന സമയം ആയിരുന്നില്ല അത് , പക്ഷെ
ഒരിക്കല്‍ അച്ഛന്‍ നിരാശപ്പെടുത്തി അയച്ച കമലാസണ്ണന്റെ മുഖം എനിക്ക്
ഓര്മ വന്നു . ഞാന്‍ അന്ന് ആരും അറിയാതെ ചോദിച്ച തുക കമലാസന്‍ അണ്ണന്റെ
കയ്യില്‍ പിറ്റേന്ന് തന്നെ ഏല്‍പ്പിച്ചു , " അനിയാ കൊക്കിനു
ജീവനുണ്ടെങ്കില്‍ ഇത് ഞാന്‍ തിരിച്ചു തരും ", അനിയന്‍ പാലാരിവട്ടത്ത്
വീട് വാങ്ങാന്‍ ലോണ്‍ ഒക്കെ എടുത്തു നിക്കുവാന്നു എന്ന് അണ്ണന്‍ പറഞ്ഞു "
പിന്നെ ഞാന്‍ വരുമ്പോള്‍ കമലാസണ്ണന്‍ കിടപ്പായിക്കഴിഞ്ഞു ,
അച്ഛന്നാണ് പറഞ്ഞത് " ബോണ്‍ ക്യാന്‍സര്‍ ആണ് , ശരീരം മുഴുവന്‍ വ്യാപിച്ചു
കഴിഞ്ഞിരുന്നു . ഞാന്‍ ചെല്ലുമ്പോള്‍ മൂത്രം ട്യൂബ് ഒക്കെ ഇട്ടു
കിടക്കുകയാണ് . അസ്ഥി മാത്രം ഉള്ള ആ രൂപത്തെ നോക്കാന്‍ തന്നെ എനിക്ക്
പ്രയാസമായിരുന്നു . ഭിത്തിയില്‍ തൂക്കിയിരിക്കുന്ന ആ പഴയ "
ബ്രഹ്മാനന്ദന്‍ ലുക്ക് " ഉള്ള ഫോട്ടോ കണ്ടാല്‍ ആരും പറയില്ല ആ രൂപമാണ്
ഇതെന്ന് . ഓരോ തവണ ഞാന്‍ വന്നു പോകുമ്പോഴും പോകാന്‍ നേരത്ത് എന്റെ കൈ
പിടിച്ചു " അനിയാ ഞാന്‍ ആ പൈസ അങ്ങ് തരാം ...അനിയന് അറിയാമോ അന്ന് ആ
പൈസ കിട്ടിയില്ലായിരുന്നെങ്കില്‍ ഞാന്‍ വിഷം കുടിച്ചു മരിച്ചേനെ ,
അവളോട് പറഞ്ഞിട്ടുണ്ട് ". ഇത് പല തവണ ആയപ്പോള്‍ എനിക്ക് സങ്കടം
സഹിക്കാന്‍ സാധിച്ചില്ല " കമലാസണ്ണാ... ഞാന്‍ അണ്ണന്റെ മകനാണെങ്കില്‍
എന്നോട് എങ്ങിനെ പറയുമോ ? ഞാന്‍ തന്നത് കടമായിട്ടല്ല , മകനായിട്ടാ
എന്ന് വിചാരിച്ചാ മതി ... ഇത് ഇനി എന്നോടെന്നല്ല ആരോടും പറയരുത് "
അവിടുത്തെ ഭിത്തി അലമാരയില്‍ ഒരു ക്ലാവ് പിടിച്ച ചെറിയ ട്രോഫിയിലേക്ക്
ഞാന്‍ നോക്കി , അതില്‍ താഴെ " ബെസ്റ്റ് ആക്ടര്‍ " എന്ന് എഴുതിയത്
അപ്പോഴും വായിക്കാം !
ആ വീടിന്റെ റോഡിലേക്കുള്ള പടികള്‍
താഴേക്കു ഇറങ്ങി വന്നപ്പോഴേക്കും അണ്ണന്റെ ഭാര്യ എന്നോട് പറഞ്ഞു '
അനിയാ എത്രയും പെട്ടന്ന് അണ്ണന്‍ മരിക്കണേ എന്നാണു ഞാന്‍
പ്രാര്‍ഥിക്കുന്നെ .. എന്തിനാ ഇങ്ങനെ ജീവിക്കുന്നെ ...?"
കമലാസണ്ണന്‍ ഇന്ന് ജീവിച്ചിരിപ്പില്ല . പക്ഷെ ജീവിതത്തില്‍ അഭിനയം മറന്നു
പോയ ആ മുഖത്തിന് എന്റെ ഓര്‍മകളില്‍ ഒരിക്കലും മരണമില്ല !
No comments:
Post a Comment