കൊച്ചു ചെറുക്കന്‍ സ്വാമി
അരീക്കരയില്‍
ഒട്ടു മിക്ക കിണറുകളും കുഴിച്ചത് കൊച്ചു ചെറുക്കന്‍ സ്വാമിയും
സംഘവും ആയിരിക്കണം , എന്റെ ഓര്മ വെച്ച നാള് മുതല്‍ കൊച്ചു ചെറുക്കന്‍
സ്വാമി എന്റെ വീട്ടിലെ പ്രധാനപ്പെട്ട ഒരു കാര്യസ്ഥനെപ്പോലെ ആണ് .
കിണര്‍ വെട്ടു ആണ് ഏറ്റവും പ്രധാനപ്പെട്ട സ്പെഷിയാലിറ്റി എങ്കിലും
അദ്ദേഹം എല്ലാത്തരം കൃഷിപ്പണികളും ചെയ്യും . വിത്ത് വിതക്കുക , നിലം
ഒരുക്കുക , ചേന മുറിച്ചു ചാണകത്തില്‍ മുക്കി വിത്തിനു വെക്കുക ,
കാച്ചില്‍ നടുക , ഇഞ്ചി നടുക , വെറ്റക്കൊടി പാകുക , പാവല്‍ , പടവലം
കൃഷി എന്ന് വേണ്ട ഒരു മൂത്ത കര്‍ഷകന്‍ ആകാനുള്ള എല്ലാ അറിവും
പ്രായവും അദ്ദേഹത്തിനുണ്ട് . എന്റെ വീട്ടില്‍ ഉള്ള രണ്ടു കിണറുകളും
അദ്ദേഹമാണ് വെട്ടിയത് , മലമ്പ്രദേശം ആയതിനാല്‍ വേനല്‍ കാലത്ത് വെള്ളം
വറ്റാന്‍ തുടങ്ങിയപ്പോള്‍ അമ്മ അച്ഛനോട് വഴക്കുണ്ടാക്കിയാണ്
രണ്ടാമത്തെ കിണര്‍ താഴെ വെട്ടിയത് . അതിനു സ്ഥാനം കണ്ടിട്ട്
കിട്ടപ്പണിക്കന്‍ ഒരു അലക് കുറ്റി നാട്ടിയിട്ടു പോയതിന്റെ പിറ്റേ
ആഴ്ച നല്ല സമയം നോക്കി വെട്ടു തുടങ്ങും എന്നറിഞ്ഞതോടെ എനിക്ക് സന്തോഷം
അടക്കാന്‍ ആയില്ല . സ്വാമി പറഞ്ഞ സാധനങ്ങള്‍ അച്ഛന്‍ അന്ന് വൈകിട്ട്
തന്നെ വാങ്ങി വന്നു , അവല്, മലര് , കല്‍ക്കണ്ടം , കരുപ്പെട്ടി ,
കര്‍പ്പൂരം , ചന്ദനത്തിരി അങ്ങിനെ കുറെ സാധനങ്ങള്‍ , പൂവന്‍ പഴം
വീട്ടില്‍ തന്നെ ഉണ്ട് . അങ്ങിനെ ഒരു തിങ്കളാഴ്ച രാവിലെ കൊച്ചു
ചെറുക്കന്‍ സ്വാമിയും സഹായത്തിനു മീശ അയ്യപ്പനും എത്തി , സ്വാമി ഒരു
ഇല മുറിച്ചു നാഴിയില്‍ നെല്ലും അവലും തെറ്റിപ്പൂവും മലരും തേങ്ങാ
പൂളും പൂവന്‍ പഴവും വെറ്റിലയും പാക്കും കല്‍ക്കണ്ടവും കരുപ്പെട്ടിയും
ഒക്കെ നിരത്തി വെച്ച് കിണ്ടിയില്‍ വെള്ളം നിറച്ചു , വാഴത്തട മുറിച്ചു
അതില്‍ അഞ്ചെട്ടു ചന്ദന തിരി കത്തിച്ചു വെച്ച് പൂജ തുടങ്ങി ,
കര്‍പ്പൂരം കത്തിച്ചു ഞങ്ങള്‍ എല്ലാവരും തോഴുതതിനു ശേഷം മധ്യത്തില്‍
ഉള്ള അലക് കുറ്റിയില്‍ ഒരു ഇഴക്കയര് വേറൊരു അലക് ചെത്തി
കുറ്റിയാക്കി ഒരു നല്ല വൃത്തം വരച്ചു . സകല ദൈവങ്ങളെയും ഉറക്കെ
വിളിച്ചു കൊച്ചു ചെറുക്കന്‍ സ്വാമി കൊണ്ട് വന്ന ആ കൊച്ചു കൂന്താലി
കൊണ്ട് മധ്യത്തില്‍ ഒരു കൊത്ത് കൊത്തി . " മതി ഇന്നിത്രേ ഉള്ളൂ ,
നാളെ മുതല്‍ വെട്ടു തുടങ്ങാം " സ്വാമി തന്നെ അവലും മലരും
കരുപ്പെട്ടിയും( ചക്കര ) കല്‍ക്കണ്ടവും പഴവും എല്ലാം മുറിച്ചു ഇലയില്‍
തന്നെ അത് പ്രസാദമാക്കി ഞങ്ങള്‍ക്ക് വിളമ്പി .
കൊച്ചു
ചെറുക്കന്‍ സ്വാമി, സ്വാമി ആകാനുള്ള കാരണം അദേഹം ഒരു നാല്‍പ്പതു
വര്‍ഷമായെങ്കിലും ശബരിമലക്ക് പോവുന്നുണ്ട് , അരീക്കരയിലെ എല്ലാ കെട്ടു
മുറുക്കിനും വലിയ സ്വാമി ആണ് . ഒരുവിധം നാമ ജപങ്ങളും പൂജയും ഒക്കെ
അറിയാം . വലിയ അദ്ധ്വാനി, ഞാന്‍ കണ്ടു തുടങ്ങിയ കാലത്ത് തന്നെ ഒരു
അറുപതു വയസ്സെങ്കിലും കാണും , കയ്യാല കെട്ടുക , കിണറു വെട്ടുക എന്ന്
വേണ്ട പ്രയാസം പിടിച്ച പണികള്‍ ആണ് സ്വാമിയെ പ്രസിദ്ധന്‍ ആക്കിയത് .
എന്റെ വീട്ടില്‍ പണിക്കു വന്നാല്‍ മറ്റു പണിക്കാരെ ശാസിക്കുന്നതും
അവരെ പണി പഠിപ്പിക്കുന്നതും കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത് , അമ്മക്ക്
വിശ്വസ്തന്‍ , അങ്ങിനെ പറഞ്ഞാല്‍ തീരാത്ത യോഗ്യതകള്‍ ആണ് . അമ്മ തന്നെ
ഓപ്പറേഷന്‍ ആയി തിരുവല്ല സായിപ്പിന്റെ ആശുപത്രിയില്‍ കിടന്നപ്പോള്‍
വീട് നോക്കാന്‍ ഏല്‍പ്പിച്ചത് സ്വാമിയേ ആയിരുന്നു . ഒരു ദിവസം ഞങ്ങളെ
മൂന്നു പേരെയും അമ്മയുടെ അടുത്തു ബസ്സില്‍ കൊണ്ട് പോയത് ഇന്നും ഒരു
നേരിയ ഓര്മ എനിക്കുണ്ട് . ഒരിയ്ക്കലും ഷര്‍ട്ട് ഇട്ടു കണ്ടിട്ടില്ലാത്ത
സ്വാമിയേ അന്നാണ് ഞാന്‍ ആദ്യമായി ഒരു വെളുത്ത ജൂബ ഇട്ടു കാണുന്നത് .
ഞാന്‍ കണ്ട കാലം മുതല്‍ കൊച്ചു ചെറുക്കന്‍ സ്വാമിക്ക് ഒരേ വേഷം ആണ് ,
തവിട്ടു നിറമുള്ള ഒരു വലിയ തോര്‍ത്ത് മുണ്ട് , തലയില്‍ ഒരു
തൊപ്പിപ്പാള, അതിനകത്ത് ഒരു പ്ലാസ്റ്റിക് കൂടില്‍ മുറുക്കാന്‍ , ഒരു
മടക്കുന്ന കൊച്ചു പിച്ചാത്തി , പാക്ക് അരിയാന്‍ ആണ് , ഒരു സിഗരറ്റിന്റെ
ഫോയില്‍ പേപ്പറില്‍ കുറച്ചു ചുണ്ണാമ്പും , വൈകിട്ട് പണി കഴിഞ്ഞു
കുളിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു കാവി മുണ്ട് , ഷര്‍ട്ട് ഇടാരെ ഇല്ല .
കല്യാണ സൌഗധികം തുള്ളല്‍ ഏറെക്കുറെ മുഴുവന്‍ ആയി അറിയാം . പലവിധ പുരാണ
കഥകളും എനിക്ക് പറഞ്ഞു തന്നിട്ടുണ്ട് .
ആ കിണറു വെട്ടു
കാലത്താണ് എനിക്ക് കൊച്ചു ചെറുക്കന്‍ സ്വാമി ആരാധ്യപുരുഷന്‍ ആയതു ,
ആദ്യത്തെ അയഞ്ഞ മണ്ണ് നീക്കി മൂന്നടി ചെന്നപ്പോഴേക്കും ഉറച്ച വെട്ടു
കല്ല് കണ്ടു തുടങ്ങി , മീശ അയ്യപ്പന്‍ ആ കല്ല് അറഞ്ഞു ഏകദേശം
വട്ടത്തില്‍ കുഴിക്കും , സ്വാമി അത് തന്റെ കൊച്ചു കൂന്താലി കൊണ്ട്
പൂര്‍ണ വൃത്തത്തില്‍ ചെത്തി ചെത്തി അരഞ്ഞാണമാക്കും . അത് ആരും നോക്കി
നിന്ന് പോവും അത്ര പൂര്‍ണ വൃത്തം ആണ് , അങ്ങിനെ ആദ്യത്തെ അരഞ്ഞാണം
ആയപ്പോള്‍ ആണ് കിണര്‍ എങ്ങിനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന്
എനിക്ക് പിടി കിട്ടുന്നത് . എന്നും സ്കൂളില്‍ നിന്നും വരുമ്പോഴേക്കും
പുതിയ ഒരു അരഞ്ഞാണം ആയി കഴിയും , അതില്‍ ഇറങ്ങാന്‍ ആണ് എന്റെ
പിന്നത്തെ ശ്രമം . " മറഞ്ഞു വീന്നു അയ്യോ പൊത്തോ വിളിച്ചാല്‍ ഒന്നും
ഞാന്‍ അനങ്ങത്തില്ല കേട്ടോ അനിയാ " എന്ന് പറഞ്ഞു സ്വാമി ഉറക്കെ
പൊട്ടി ചിരിക്കും . ഒരു അരഞ്ഞാണത്തില്‍ ചവുട്ടി കയ്യ് രണ്ടും
വശങ്ങളിലേക്ക് നീട്ടി മുകളിലത്തെ അരഞ്ഞാണത്തില്‍ ബലം കൊടുത്തു ഓരോ
കാലായി താഴെ അരഞ്ഞാണത്തിലേക്ക് ഇറങ്ങുന്നു , അങ്ങിനെ താഴെ
അരഞ്ഞാണത്തിലേക്ക് നമ്മള്‍ നീങ്ങുന്നു , ഇങ്ങനെ കിണറ്റില്‍ ഇറങ്ങാന്‍
പഠിപ്പിച്ചതു കൊച്ചു ചെറുക്കാന്‍ സ്വാമി ആണ് , സ്കൂള്‍ വിട്ടു വന്നാല്‍
ഉടന്‍ കിണറ്റില്‍ ഇറങ്ങുക പ്രധാന പരിപാടി ആയി , ആഴം കൂടുന്നതിന്
അനുസരിച്ചു പേടിയും കൂടിയിരുന്നു, എങ്കിലും ഇത് ഒരു രസമുള്ള പരിപാടി
ആയി മാറാനും പരിശീലനത്തിന് കൊച്ചു ചെറുക്കാന്‍ സ്വാമി കൂടെക്കൂടിയതും
എനിക്കു ആവേശമായി , അവസാനം ഇരുപത്തി ഒന്നാം അരഞ്ഞാണം വെട്ടി
തീര്‍ന്നപ്പോഴേക്കും ഉറവ പൊടിഞ്ഞു വെള്ളം കണ്ടു തുടങ്ങിയത് എത്ര
സന്തോഷകരമായ ഒരു അനുഭവം ആയിരുന്നു . വെള്ളം കണ്ടിട്ടും പിന്നേയും രണ്ടു
അരഞ്ഞാണം കൂടി സ്വാമി വെട്ടി തീര്‍ത്തു , അങ്ങിനെ കിണറ്റില്‍
ഇറങ്ങാന്‍ എന്നെ പഠിപ്പിച്ച കൊച്ചു ചെറുക്കന്‍ സ്വാമി എനിക്കു ഗുരു
സ്ഥാനീയന്‍ ആയി . പിന്നെ അങ്ങേതിലെ ശശി ചിറ്റപ്പന്റെ വീട്ടില്‍ കിണര്‍
വെട്ടിയപ്പോഴും ഈ കിണറ്റില്‍ ഇറക്കം വിജയകരമായി ഒന്ന് കൂടി നടത്തി
നോക്കി . ' ആഹാ ഇതാണോ വലിയ ആനക്കാര്യം ? " എന്ന് പറഞ്ഞു ഞാന്‍
കിണറ്റില്‍ ഇറങ്ങും .
മണ്ഡല കാലം തുടങ്ങിയാലും കൊച്ചു
ചെറുക്കന്‍ സ്വാമി കൃഷിപണികളോ ജോലിക്ക് പോകലോ ഒന്നും വേണ്ടെന്നു
വെക്കില്ല , പണി കഴിഞ്ഞു കുളിയൊക്കെ കഴിഞ്ഞു പിന്നെ കെട്ടുമുറുക്കോ
ശരണം വിളിയോ ഉള്ള വീടുകളിലേക്ക് യാത്ര ആകും , ചിലപ്പോള്‍ അവിടെ
പന്തല്‍ ഒരുക്കുന്ന പണിയില്‍ സഹായിക്കും , കുരുത്തോലകള്‍ കൊണ്ടുള്ള
തോരണം , തത്ത , പാമ്പുകള്‍ , പന്തുകള്‍ , വളയങ്ങള്‍, വാഴപ്പോള
കൊണ്ടുള്ള അലങ്കാര പണികള്‍ അങ്ങിനെ എന്തെല്ലാം വസ്തുക്കള്‍ ആണ് സ്വാമി
ഉണ്ടാക്കുന്നത് , അവ ഓലയും കവുങ്ങും കൊണ്ട് തീര്‍ത്ത പന്തലിനെ എത്ര
മനോഹരം ആക്കുമെന്നോ !, അടുത്ത വീടുകളില്‍ ഒക്കെ ഞാനും പ്രസാദവും
പായസവും ഓര്‍ത്തു പോവും , തിരികെ വരുമ്പോള്‍ ചിലപ്പോള്‍ അമ്മയുടെ
വഴക്കോ വീക്കോ മുറക്ക് കിട്ടുമെന്ന് മാത്രം . എവിടെ ചെന്നാലും ഞാന്‍
സ്വാമിയുടെ കൈയാളായി കൂടും , കല്‍ക്കണ്ടം ഒക്കെ കണ്ണ് തപ്പിയാല്‍ വാരി
വായിലിടും . സ്വാമി ശരണം വിളി തുടങ്ങി കഴിഞ്ഞാല്‍ പിന്നെ വര്തമാനമോ
അശ്രദ്ധയോ പാടില്ല , ചെറിയ സ്വാമിമാരെ കണക്കിന് വഴക്ക് പറയാനും
മടിക്കില്ല . കെട്ടു മുറുക്കുന്നതും അത് തലയില്‍ വെച്ച് കൊടുക്കുന്നതും
ഒക്കെ കണ്ടു എത്ര തവണയാ ഞാന്‍ ശരണം വിളിച്ചിട്ടുള്ളത് .
കൊച്ചു ചെറുക്കന്‍ സ്വാമിക്ക് കിണറു വെട്ടാന്‍ മാത്രം അല്ല അറിയുന്നത് ,
നല്ല മണ്ണ് കുഴച്ചു തടി കൊണ്ടുള്ള അച്ചില്‍ വലിയ കട്ടകള്‍ ആക്കി
മാറ്റിയെടുക്കുന്ന വിദ്യയും അറിയാം , വെട്ടുകല്ല് വാങ്ങാന്‍
പാങ്ങില്ലാത്തവര്‍ എല്ലാം ഇത്തരം തവിട്ടു നിറമുള്ള കല്ലുകള്‍ കൊണ്ടാണ്
വീട് പണിയുക , അത് പിന്നീട് കുമ്മായമോ മറ്റോ തേക്കുകയും ചെയ്യും .
സ്വാമിയുടെ വീട് ഇങ്ങനെ പണിതതാണ് , ഓല മേഞ്ഞ ആവീട് സ്വാമിയുടെ
അദ്ധ്വാന ശീലം എന്താണെന്ന് നമ്മെ പഠിപ്പിച്ചു തരും .
ഞാന്‍
ഒരിക്കല്‍ വീട്ടിലെ അടി സഹിക്കാന്‍ വയ്യാതെ എങ്ങോട്ടെങ്കിലും ഇറങ്ങി
പ്പോവാന്‍ തീരുമാനിച്ചു , അമ്മ എന്നെ കാണാതെ വരുമ്പോള്‍ ഒന്ന്
വിഷമിക്കട്ടെ എന്ന് വിചാരിച്ചു , അത്രേ ഉള്ളൂ , അന്ന് സന്ധ്യ വരെ താഴെ
പറങ്കിമാവിന്‍ തോട്ടത്തില്‍ ഒളിച്ചിരുന്നു , പിന്നെ പത്തായം ഇരിക്കുന്ന
എരുത്തിലിനോട് ചേര്‍ന്നുള്ള മുറിയുടെ മച്ചില്‍ കയറി ഒളിച്ചിരുന്നു,
പത്തായത്തില്‍ പഴുക്കാന്‍ വെച്ചിരുന്ന കുല പഴുത്ത നല്ല മണം,
വിശപ്പ് സഹിക്കാന്‍ വയ്യാതായപ്പോള്‍ നാലഞ്ചു എണ്ണം ഇരിഞ്ഞു കഴിച്ചു ,
എന്നെ കാണാതായപ്പോള്‍ അമ്മ ശരിക്കും വിഷമിച്ചു , കൊച്ചു ചെറുക്കന്‍
സ്വാമി എന്നെ തിരക്കി ഇറങ്ങി , അവസാനം ഒരനക്കം കെട്ടു
പത്തായപ്പുരയില്‍ കയറി , പഴത്തൊലി കണ്ടപ്പോഴേ സ്വാമിക്ക് പിടി കിട്ടി "
കൊച്ചു കഴുവര്ട മോനെ ഇങ്ങു ഇറങ്ങി വാടാ .."
കൊച്ചു
ചെറുക്കന്‍ സ്വാമിക്ക് ഒരു മകളും രണ്ടു ആണ്‍ മക്കളും , ഒരാള്‍ അങ്ങ്
കിഴക്ക് റാന്നിയില്‍ എവിടെയോ , പിന്നെ മകള്‍ ഗൌരി ചേട്ടത്തി ,
ഭര്‍ത്താവ് നക്സല്‍ വാസു എന്ന് വിളിക്കുന്ന നക്സല്‍ അനുഭാവി ,
പോലീസുകാര്‍ പലതവണ പിടിച്ചു കൊണ്ട് പോയിട്ടുണ്ട് , അവര്‍ മക്കളുമായി
സ്വാമിയുടെ വീടിനു എതിര്‍വശത്ത് മുകളില്‍ വേറെ താമസം . പിന്നെയുള്ള
മകന്‍ സദാശിവന്‍, അയാളും അടുത്ത് തന്നെയുണ്ട് . പക്ഷെ ഇവര്‍ ആരും
തമ്മില്‍ അത്ര ചേര്‍ച്ച ഇല്ല . അങ്ങിനെ കൊച്ചു ചെറുക്കന്‍ സ്വാമി
സ്വന്തം സ്ഥലവും വീടും മലയിലുള്ള മാപ്പിളമാര്‍ക്ക് വിറ്റു
കൊന്നിയിലുള്ള മകന്റെ കൂടെ താമസിക്കാന്‍ തീരുമാനിച്ചു , മൂന്നാല്
കൊല്ലം കഴിഞ്ഞപ്പോള്‍ ആ മകന് ലോട്ടറി അടിച്ചു , വലിയ വീടൊക്കെ വാങ്ങി
അതോടെ സ്വാമിയും ഭാര്യ നാരായണി ചേട്ടത്തിയും അവര്‍ക്ക് ഭാരം ആയി ,
അങ്ങിനെ വീണ്ടും സ്വാമിയും ഭാര്യയും അരീക്കര തിരികെ എത്തി സദാശിവന്റെ
വീടിനു താഴെ ചെറിയ ഒരു കുടില്‍ കെട്ടി താമസം തുടങ്ങി . അപ്പോഴേക്കും
സ്വാമിയെ പലവിധ രോഗങ്ങളും പിടി കൂടി , അരക്ക് താഴേക്ക് തളര്‍ന്നു
തുടങ്ങി , ജീവിതം മുഴുവന്‍ മക്കള്‍ക്ക് വേണ്ടി ജീവിച്ച പരമ സ്വാതികനായ
ആ മനുഷ്യനെ അവസാന കാലത്ത് മക്കള്‍ ആരും തിരിഞ്ഞു നോക്കിയില്ല . ജീവിതം
മുഴുവല്‍ സ്വന്തമായി അദ്ധ്വാനിച്ചു ജീവിച്ച കൊച്ചു ചെറുക്കന്‍
സ്വാമിയുടെ അവസാനകാലം അത്യന്തം ദുരിത പൂര്‍ണം ആയിരുന്നു
ഗള്‍ഫില്‍ പോയി ആദ്യം എത്തിയ ഒരു അവധിക്കു തന്നെ വിവരം അറിഞ്ഞു ഞാന്‍ ആ
കുടിലില്‍ സ്വാമിയെ കാണാന്‍ ചെന്നു, എനിക്ക് വിശ്വസിക്കാന്‍ ആകാത്ത
വിധം ആ മനുഷ്യനെ രോഗം തളര്‍ത്തിക്കളഞ്ഞു , മൂത്രത്തിന്റെയും
മലത്തിന്റെ യും അസഹനീയ ഗന്ധം , മരുന്നിനോ ഭക്ഷണത്തിനോ
നിവര്‍ത്തിയില്ലെന്ന് പറഞ്ഞ നാരായണി ചേട്ടത്തിക്ക് എന്നാലാവുന്ന സഹായം
എല്ലാം ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു , തീ കത്തിക്കാന്‍ ഓല ,
അരക്കാന്‍ തേങ്ങ , എല്ലാം എന്റെ വീട്ടില്‍ നിന്ന് ഞാന്‍ തന്നെ
ഏര്‍പ്പാട് ചെയ്തു . രണ്ടു കൊല്ലക്കാലം അദ്ദേഹം മരിക്കുന്നത് വരെ ഞാന്‍
മരുന്നിനും ഭക്ഷണത്തിനും വേണ്ട പണം വീട്ടില്‍ ഏല്പിച്ചു . ഓരോ
അവധിക്കു വരുമ്പോഴും അദേഹത്തിന്റെ നില കൂടുതല്‍ കൂടുതല്‍ മോശം ആയി
കൊണ്ടിരുന്നു , അവസാനം കാണുമ്പോള്‍ സംസാരം തന്നെ ഇല്ല , ഒരു അസ്ഥി പന്ജരം
മാത്രം !!
അന്ന് തിരികെ കാറില്‍ വന്നു കയറുമ്പോള്‍ ചെറിയ മകള്‍ എന്റെ കണ്ണിലേക്കു നോക്കി
" ഡാഡി കരഞ്ഞോ ?"
" ഏയ് , പോടാ ഞാന്‍ ആ ടൈപ്പ് ഒന്നും അല്ല "
No comments:
Post a Comment