Wednesday, 28 March 2012
പുരുഷ പാചകം
പാചകം ഒരു കലയാണ് , അതില്‍ സ്ത്രീകളെക്കാള്‍ നന്നായി ശോഭിക്കാന്‍ പുരുഷന്മാര്‍ക്ക് സാധിക്കും . നളപാചകം എന്ന് കേട്ടിട്ടില്ലേ , ഏതു ചടങ്ങിനു സദ്യ വിളമ്പിയാലും ആദ്യം തിരക്കുന്നത് പാചകക്കാരനെ ആയിരിക്കും, സദ്യ കൊള്ളില്ലെങ്കില്‍ പഴി കേള്‍ക്കുന്നതും പാചകക്കാരന് ആയിരിക്കും . മലയാളിയുടെ കാര്യം പറഞ്ഞാല്‍ നല്ലൊരു ശതമാനം കേരളത്തിനു പുറത്ത് ജോലി ചെയ്യുന്നവരും ജോലി തുടങ്ങിയ കാലത്തെങ്കിലും ബാച്ചലര്‍ ആയി കഴിഞ്ഞവരും പാചകം പരീക്ഷിച്ചവരും ആയിരിക്കും . നല്ല കൈപുണ്യം ഉള്ള പല "നളന്മാരെയും " എന്റെ പ്രവാസ ജീവിതത്തില്‍ ഞാന്‍ കണ്ടു മുട്ടിയിട്ടുണ്ട് . ചിലര്‍ ആണെങ്കില്‍ " ഞാന്‍ പാത്രം കഴുകാം , താന്‍ പാചകം ചെയ്തോ " എന്ന് പറഞ്ഞു ഒഴിയാറും ഉണ്ട് . തന്നെ പാചകം ചെയ്യുന്നവര്‍ മുതല്‍ സംഘമായി പാചകം ചെയ്യുന്നവര്‍ വരെ ധാരാളം കാണാം . ചിലര്‍ വെക്കുക മാത്രമല്ല , നന്നായി വിളമ്പാനും മറുള്ളവരെ നന്നായി കഴിപ്പിക്കാനും അറിയാവുന്നവരാണ് . " ദാ ഒരു തവി കൂടെ , " " അതൊന്തോ കഴിപ്പാ, ഇനി കുറച്ചു പായസം കുടിക്കാം " " ഹ ! ഇത്ര പെട്ടന്ന് നിര്‍ത്തിയോ " " കഴിക്കാതെ ഞാന്‍ വിടില്ല " എന്നൊക്കെ പറഞ്ഞു മറ്റുള്ളവരെ കഴിപ്പിക്കുന്നത് ഞാന്‍ ആസ്വദിച്ചത് എത്ര എത്ര തവണയാണ് , അവരാണ് ശരിക്കുള്ള നളന്മാര്‍ ! ഒരു നേരത്തെ അത്താഴത്തിനു ബുദ്ധി മുട്ടുന്നവര്‍ മറ്റൊരാളെ വിളിച്ചു ഭക്ഷണം കൊടുക്കുന്നതിനേക്കാള്‍ പുണ്യം എന്താണ് ഈ ലോകത്ത് ?
ഞാന്‍ പാചകം ചെയ്യാന്‍ പഠിച്ചതിനു എന്റെ അമ്മയോട് കടപ്പെട്ടിരിക്കുന്നു , ഞങ്ങള്‍ മൂന്ന് ആണ്‍ മക്കളെ വളര്‍ത്താന്‍ അമ്മ നന്നായി കഷ്ടപ്പെട്ടിരുന്നു . പട്ടണത്തില്‍ ഒറ്റ മകളുടെ ലാളനം ഏറ്റുവാങ്ങി യാതൊരു അടുക്കള ജോലിയും ശീലിച്ചിട്ടില്ലാത്ത എന്റെ അമ്മ വൈദ്യുതിയോ പൈപ്പ് വെള്ളമോ ഇല്ലാത്ത ഞങ്ങളുടെ കുഗ്രാമത്തില്‍ വന്നതോടെ ശരിക്കും കഷ്ടപ്പെട്ടു, ഹൈസ്കൂള്‍ അധ്യപകയായ അമ്മ രാവിലെ കുറച്ചു അരി അടുപ്പത്തിട്ടു പെട്ടന്ന് കിട്ടുന്ന പാലോ പഴമോ കഴിച്ചു സ്കൂളിലേക്ക് ഒരു ഓട്ടമാണ് . " വെന്താല്‍ കഴിക്കാം , അരി ഊറ്റിയാല്‍ ചോറാകും , അല്ലെങ്കില്‍ കഞ്ഞി കുടിക്കാം " അങ്ങിനെ ഞങ്ങള്‍ , ഞാനും എന്റെ മൂത്ത സഹോദരനും അടുക്കളയില്‍ കയറി പലവിധ അടുക്കള പണികളും ശീലിച്ചു .ഇളയ ആള്‍ തീരെ കുഞ്ഞായതിനാല്‍ ഒഴിവാക്കി . " പാചകം ചെയ്തില്ലെങ്കില്‍ പട്ടിണി " എന്നതായിരുന്നു അന്നത്തെ സ്ഥിതി . അങ്ങനെ ചെറു പ്രായത്തിലെ പാത്രം കഴുകാന്‍ പഠിച്ചു , അരി വാര്‍ക്കാന്‍ പഠിച്ചു , കറിക്ക് അറിയാന്‍ പഠിച്ചു , മീന്‍ വെട്ടാന്‍ പഠിച്ചു , കൂര്‍ക്ക ചിരണ്ടാന്‍ പഠിച്ചു, സാമ്പാര്‍ വെക്കാന്‍ പഠിച്ചു , അവിയല്‍ വെക്കാന്‍ പഠിച്ചു , പിന്നെ പായസം വെക്കാന്‍ പഠിച്ചു . എന്തിനു പറയുന്നു പത്താം ക്ലാസ്സിലെത്തിയതോടെ അടുക്കള വെറും ഒരു നിസ്സാര സബ്ജക്റ്റ് ആയി . അമ്മ എന്ത് വിളമ്പിയാലും രുചിയായി കഴിക്കണം , അല്ലെങ്കില്‍ " വേണമെങ്കില്‍ കഴിക്കൂ , എന്നെ ക്കൊണ്ട് ഇത്രയൊക്കെ രുചിയെ പറ്റൂ " അങ്ങിനെ ഭക്ഷണം കിട്ടുന്നത് സന്തോഷത്തോടെ കഴിക്കാന്‍ ശീലിച്ചു . ഞങ്ങളെ പാചകത്തിന്റെ ആവശ്യവും രുചിയും പഠിപ്പിച്ച എന്റെ അമ്മക്ക് കഴിഞ്ഞ പത്ത് പതിഞ്ചു വര്‍ഷമായി ഞാനോ ഞങ്ങള്‍ മൂന്നു ആണ്മക്കള്‍ ഒരുമിച്ചോ ഓണസദ്യ എല്ലാ വിഭവങ്ങളോടെയും പാചകം ചെയ്തു ഉണ്ടാക്കും, അടുക്കളയില്‍ ഞങ്ങള്‍ ആണുങ്ങള്‍ മാത്രം പരീക്ഷണം നടത്തുന്ന ഒരു സന്തോഷ ദിവസം, . അതിലും വലിയ ഒരു ഗുരു ദക്ഷിണ അമ്മക്ക് എങ്ങിനെ നല്‍കാനാണ് ?
രുചി നാക്ക് കൊണ്ടാണ് അറിയന്നതെങ്കിലും അത് മനസ്സിലാണ് രൂപപ്പെടുന്നത് , അത് കൊണ്ടാണ് ഭക്ഷണം വിളമ്പുന്നവരും അത് കഴിക്കുന്നവരും നിറഞ്ഞ മനസ്സോടെ, സന്തോഷത്തോടെ അത് ചെയ്യണം എന്ന് പറയുന്നത് .
നമ്മള്‍ പുരുഷന്മാര്‍ പാചകം അറിയാവുന്നവര്‍ എന്ന് പറയുന്നത് ഒരു അഭിമാനമായി കരുതാം , അമ്മയോടോ ഭാര്യയോടോ " ദാ അങ്ങോട്ടൊന്നു മാറിക്കെ, ഇന്ന് ഞാന്‍ അടുക്കളയില്‍ കയറാം " എന്ന് പറയുന്നതിന് എന്തിനു മടിക്കണം .
നമ്മുക്ക് ജീവിതത്തില്‍ പല തെറ്റുകളും പറ്റാം, പക്ഷെ സന്തോഷമായി നമുക്ക് ഭക്ഷണം ഒരാള്‍ വിളമ്പി തരുമ്പോള്‍ , അത് അമ്മയാവട്ടെ , ഭാര്യയാവട്ടെ , സുഹൃത്താവട്ടെ അത് കഴിച്ചിട്ടു " വളരെ നന്നായിരിക്കുന്നു കേട്ടോ, നല്ല രുചി " എന്ന് പറയാതെ ഒരിക്കലും ആ തീന്‍മേശയില്‍ ഇന്നും എഴുനേറ്റു പോവരുത് . അത് വലിയ ഒരു തെറ്റായിരിക്കും . ഒരു നേരമെങ്കിലും നിങ്ങള്ക്ക് ഭക്ഷണം തന്നവരെ മറക്കാതിരിക്കുക , മറന്നാലും നിന്ദിക്കാതിരിക്കുക . ഈശ്വരന്‍ നിങ്ങളുടെ കൂടെ ആയിരിക്കും .
യഥാര്‍ത്ഥ മലയാളികള്‍
ഓ എന്‍ വീ കുറുപ്പ് സര്‍ ഒരിക്കല്‍ പറഞ്ഞു , സ്വന്തം മാതൃ ഭാഷ സംസാരിക്കുന്നത് നാണക്കേടാണ് എന്ന് വിചാരിക്കുന്ന ലോകത്തിലെ ഒരേ ഒരു സമൂഹം മലയാളികള്‍ ആണെന്ന് . ഞാന്‍ മലയാളിയാണെന്ന് പറയാന്‍ മടിക്കുന്നവരെയും എനിക്ക് മലയാളം സംസാരിക്കാന്‍ അറിയില്ലാന്നു ഇംഗ്ലീഷില്‍ പറയുന്ന ഒരു പാട് മലയാളികെ ഞാന്‍ നാട്ടിലും വിദേശത്തും വെച്ച് കണ്ടു മുട്ടിയിട്ടുണ്ട് . ആദ്യം കാണുമ്പോള്‍ വലിയ ജാടക്കാരന്‍ ആണെന്ന് തോന്നുകയും അടുത്തറിഞ്ഞപ്പോള്‍ കുട്ടികളുടെ മനസ്സും ഉള്ള ഒരു ശുദ്ധ ഹൃദയനായ മലയാളിയെ പറ്റിയാണ് എന്റെ ഇന്നത്തെ കുറിപ്പ് .
എന്റെ വിവാഹം കഴിഞ്ഞപ്പോള്‍ മുംബൈയില്‍ താമസിക്കാന്‍ ഒരു ഫ്ലാറ്റ് കിട്ടാന്‍ ഞാന്‍ നന്നേ കഷ്ടപ്പെട്ടു. അതുവരെ ബാച്ചലര്‍ ആയി താമസിച്ചിരുന്ന ബാന്ദ്രയില്‍ നിന്നും വളരെ ദൂരെ ഉള്ള വസ്സായി എന്നൊരു സ്ഥലത്ത് , എന്റെ മുംബയിലെ സഹപാറി ആയിരുന്ന ഉഷ മേനോന്‍ എന്നൊരു മുംബൈ മലയാളിയുടെ വക ഒരു പുതിയ ഫ്ലാറ്റ് വെറുതെ കിടക്കുന്നു , അതിന്നാല്‍ അത് വേണമെങ്കില്‍ തരാം , എന്ന് ഉഷയുടെ അച്ഛന്‍ പറഞ്ഞിരുന്നു , വാടക ചെറിയ ഒരു തുക മതി , പകിടി ഒന്നും വേണ്ട എന്ന് കേട്ടപ്പോള്‍ ദൂരം ആയാലും വേണ്ടില്ല , അത് മതി എന്ന് തീരുമാനിച്ചു . അങ്ങിനെ ഞങ്ങള്‍ വസ്സായിലെ ഫ്ലാറ്റില്‍ താമസം ആയി . തൊട്ടടുത്ത ഫ്ലാറ്റില്‍ ഒരു നായര്‍ സര്‍ ആണ് , പാലക്കാടു നിന്നും പത്ത് നാല്‍പ്പതു വര്‍ഷം മുന്‍പ് മുംബൈയില്‍ എത്തി പല വിധ കമ്പനികളില്‍ അക്കൗണ്ട് മാനേജര്‍ ആയി ജോലി നോക്കി അവസാനം വസ്സായില്‍ ഫ്ലാറ്റ് ഒക്കെ വാങ്ങി , മുത്ത മകളുടെ വിവാഹം കഴിഞ്ഞു , ഇനി ഒരു പെണ്‍കുട്ടിയും ഒരു ചെറിയ പയ്യനും , രണ്ടുപേരും പഠിക്കുന്നു . ഉഷയുടെ അച്ഛന്‍ വിവരങ്ങള്‍ ഒക്കെ മുന്‍കൂട്ടി പറഞ്ഞു , ആള്‍ വലിയ ഗൌരവക്കരനാണ് , മലയാളികളെ അത്ര പിടിത്തം അല്ല എന്ന് ആദ്യം കണ്ടപ്പോഴേ മനസ്സിലായി . ഒരക്ഷരം മലയാളത്തില്‍ സംസാരിക്കില്ല ! എന്നെ അദ്ദ്യം കണ്ടപ്പോഴേ പറഞ്ഞു , " മി . പണിക്കര്‍ , നേരെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് , എനിക്ക് ഒരു മലയാളി നൈബര്‍ വേണ്ടെന്നു ഞാന്‍ മേനോന്‍ സാറിനോട് പ്രത്യേകം പറഞ്ഞിരുന്നു , പിന്നെ നിങ്ങള്‍ മേനോന്‍ സാറിന്റെ മകളുടെ ക്ലാസ്സ് മേറ്റ് ആയതു കൊണ്ടും നിങ്ങള്‍ ഒരു ഡോക്ടര്‍നെ ആണ് കല്യാണം കഴിച്ചിരിക്കുന്നത് കൊണ്ടും ഞാന്‍ സമ്മതിച്ചതാണ് , അല്ലെങ്കില്‍ ഈ സൊസൈറ്റി യില്‍ ഞാന്‍ മലയാളി വാടകക്കാരനെ സമ്മതിക്കില്ലായിരുന്നു " എന്റെ ഭാര്യ , അത് കേട്ടതും എന്നോട് പറഞ്ഞു " ദേ, നിങ്ങള്‍ ഒരു പാട് മലയാളി കളിയ്ക്കാന്‍ ഒന്നും നിക്കണ്ട , അയാളോട് മലയാളത്തില്‍ വര്‍ത്തമാനം പറഞ്ഞത് അയാള്‍ക്ക് തീരെ പിടിച്ചു കാണില്ല" എന്തായാലും അങ്ങിനെ നായര്‍ സര്‍ വല്ലപ്പോഴും ഒക്കെ ഒരു ഗുഡ് മോര്‍നിങ്ങിലും ഗുഡ് ഈവെനിംഗ് ലും ഒതുക്കി ഞങ്ങള്‍ അവിടെ കഴിയുകയാണ് . നായര്‍ സര്‍ , എന്നോടുള്ള സംസാരം ഇന്ഗ്ലിഷില്‍ മാത്രം ! നായര്‍ സാറിന്റെ ഭാര്യ വളരെ നല്ല ഒരു സ്ത്രീയാണ് , അവര്‍ ചിലപ്പോള്‍ വീട്ടില്‍ വരും , ചില കറികള്‍ ഒക്കെ ഉണ്ടാക്കി കൊണ്ട് വരും , അപ്പോഴാണ് നായര്‍ സാറിനെ പറ്റി ഞാന്‍ കൂടുതല്‍ മനസിലാക്കുന്നത് , സാര്‍ വലിയ ഒരു കമ്പനിയില്‍ വലിയ ഒരു പദവിയില്‍ ആയിരുന്നു , അവിടെ ഒരു മലയാളി കണക്കപിള്ള സാറിനെ പാറ പണിതു പുറത്ത് ചാടിക്കുക ആയിരുന്നു , അങ്ങിനെ പണി നഷ്ടപെട്ട നായര്‍ സാര്‍ കുറെ നാള്‍ കഷ്ടപ്പെട്ടു പിന്നെ കിട്ടിയ പണിയുമായി വസ്സായില്‍ ഒതുങ്ങി കൂടിയതാണ് . ഏതായാലും എനിക്ക് ആദ്യം അയാളോട് തോന്നിയ നീരസം ഒക്കെ പതിയെ മാറി , പാവം , എന്റെ അച്ഛന്റെ പ്രായം ഉണ്ട് . അദ്ദേഹത്തിനു ഉണ്ടായ കുറെ ദുരനുഭവങ്ങള്‍ ആയിരിക്കും മലയാളികള്‍ എല്ലാം മോശക്കാര്‍ ആണെന്ന് വിചാരിക്കാന്‍ കാരണം .
ഒരു ദിവസം ഞാന്‍ ബാന്ദ്ര ഓഫീസില്‍ ഇരിക്കുകയാണ് , അന്ന് ഇന്നത്തെപ്പോലെ മൊബൈല്‍ ഒന്നും ഇല്ല , എന്റെ ഫ്ലാറ്റില്‍ ഫോണും ഇല്ല . എനിക്കൊരു ഫോണ്‍ വന്നു , എന്റെ ഭാര്യ ആണ് . " നമ്മുടെ നായര്‍ സര്‍ അന്ധേരിയില്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ കാലു തെറ്റി ഒന്ന് വീണു , അവിടെ ഒരു ചെറിയ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു , സ്കാന്‍ ചെയ്യണമെന്നു പറയുന്നു , ഭാര്യയും മോളും അങ്ങോട്ട് പോയിട്ടുണ്ട് , നിങ്ങള്‍ക്കൊന്നു പോയി തിരക്കാമോ "
ഞാന്‍ കേട്ട പാതി , എന്റെ ബോസ്സ് നോട് പറഞ്ഞു , പെട്ടന്ന് അന്ധേരിയിലെ ക്ലിനിക് ഇല്‍ എത്തി , വലിയ പരിക്കൊന്നും ഇല്ല , വണ്ടി നിര്‍ത്തുന്നതിനു മുന്‍പ് ചാടി ഇറങ്ങിയതാണ് , അവിടവിടെ അല്‍പ്പം തൊലി പോയിട്ടുണ്ട്, തലയടിച്ചു വീണതിനാല്‍ ഒരു ചെറിയ മുറിവ് തലയില്‍ ഉണ്ട് , അകത്തു ക്ലോട്ടിംഗ് ഉണ്ടോ എന്നറിയാന്‍ ഒരു സീ ടീ സ്കാന്‍ എടുക്കേണ്ടി വരും " ഡോക്ടര്‍ കൊടുത്ത ചീട്ടു നായര്‍ സാറിന്റെ ഭാര്യ എന്നെ കാണിച്ചു . അന്ന് എന്റെ കമ്പനി രണ്ടു സീ ടീ സ്കാന്നര്‍ അടുത്തിടെ മുംബൈയില്‍ സ്ഥാപിച്ചിരുന്നു , ഞാന്‍ എന്റെ ബോസ്സിനെ വിളിച്ചു , " സര്‍ അനിക്ക് ഒരു സൌജന്യം വേണം , എന്റെ നൈബര്‍ നായര്‍ സാറിനു ഒരു സീ ടീ സ്കാന്‍ വേണം , സര്‍ പറഞ്ഞാല്‍ എന്തെങ്കിലും ഡിസ്കൌന്റ്റ് കിട്ടും , " അന്നത്തെ കാലത്ത് 1200 രൂപയോളം ചാര്‍ജ് ആവും, ഒരു ഡിസ്കൌന്റ്റ് ആയാല്‍ അത്രയും ആയല്ലോ , " എന്റെ ബോസ്സ് ഒരു നല്ല മനുഷ്യനാണ് , അദ്ദേഹം ഉടന്‍ തന്നെ ഈ സ്കാന്‍ നടത്തുന്ന സ്ഥാപനത്തിന്റെ മാനേജരെ വിളിച്ചു ഒരു സ്കാന്‍ സൌജന്യ നിരക്കില്‍ ചെയ്യണം , എന്റെ CT എഞ്ചിനീയര്‍ ടെ ബന്ധു ആണെന്ന് പറഞ്ഞു . പുറകെ ഞാനും വിളിച്ചു , " ഓ അതിനെന്താ , നിങ്ങളുടെ ആരാണ് രോഗി ?' , പെട്ടന്ന് എന്റെ വായില്‍ വന്നത് " എന്റെ അച്ചന്റെ സഹോദരന്‍ " എന്നാണ് . " എന്നാ പിന്നെ പെട്ടന്ന് കൊണ്ടുവന്നോളൂ , ഒന്നും വേണ്ട, തനിക്കു തന്നില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഫ്രീ ആക്കുക " അങ്ങനെ നായര്‍ സാറിനു ഫ്രീ ആയി സ്കാന്‍ ഒക്കെ ചെയ്തു , ഒരു കുഴപ്പവും ഇല്ല , വൈകിട്ട് ഡിസ്ചാര്‍ജ് ചെയ്തു വീട്ടില്‍ എത്തി , ഒന്ന് രണ്ടടി ദിവസം വിശ്രമിക്കാന്‍ പറഞ്ഞു .
സര്‍ അപ്പോഴും ഇംഗ്ലീഷ് വിട്ടിട്ടില്ല , " മി പണിക്കര്‍ നിങ്ങള്‍ ആള്‍ കൊള്ളാമല്ലോ , സ്കാന്‍ ഫ്രീ ആക്കി തന്നല്ലോ " "സര്‍ അതൊന്നും സാരമില്ല , സാര്‍ എന്റെ ബന്ധുവാണെന്നു പറഞ്ഞപ്പോള്‍ അവര്‍ ചെയ്തു തന്നതാണ് " നായര്‍ ഒരക്ഷരം മിണ്ടാതെ അകത്തേക്ക് പോയി , മുഖം കഴുകി തിരിച്ചു വന്നു , ഞാന്‍ പറഞ്ഞത് നായര്‍ സാറിന്റെ ഹൃദയത്തില്‍ തട്ടി എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു .
സര്‍ എന്നോട് ശുദ്ധ മലയാളത്തില്‍ ബാക്കി പറഞ്ഞു . "വാസായില്‍ നിന്നും സ്ഥിരം കയറുന്ന കുറെ മലയാളികള്‍ എന്റെ കൂടെ എന്നും ഉണ്ട് , പക്ഷെ ഞാന്‍ അവരോടൊന്നും മിണ്ടാറില്ല , ഞാന്‍ അവരെ നോക്കാരും കൂടി ഇല്ല പക്ഷെ ഞാന്‍ വീണപ്പോള്‍ അവരാണ് എന്നെ ആശുപത്രിയില്‍ ആക്കിയത് . ദാ ഇപ്പൊ നിങ്ങളും ,. ഞാന്‍ എന്തുതരം മനുഷ്യനാ ?"
അവരല്ലേ സര്‍ യഥാര്‍ത്ഥ മലയാളികള്‍ ?
കുട്ടപ്പന് ലോട്ടറി അടിച്ചു
"കുട്ടപ്പന് ലോട്ടറി അടിച്ചു , ഏഴു ലക്ഷം !"
അരീക്കരയില്‍ കാട്ടുതീ പോലെയാണ് ആ വാര്‍ത്ത പരന്നത്, അരീക്കര ആകെ രണ്ടു കുട്ടപ്പന്മാരെ ഉള്ളൂ , ഒരാള്‍ വെടിക്കെട്ട് കുട്ടപ്പന്‍, മറ്റയാള്‍ കല്ലുവെട്ടുകാരന്‍ കുട്ടപ്പന്‍ , കല്ലുവെട്ടുകാരന്‍ കുട്ടപ്പന്റെ വീട് ഞങ്ങളുടെ പറമ്പിന്റെ അറ്റത്തു പാലനില്‍ക്കുന്നതില്‍ ആണ് . ഒരു കുടില്‍ എന്ന് തന്നെ ആ വീടിനെ വിളിക്കണം , ചാണകം മെഴുകിയ തറയും ഓല കൊണ്ട് മറച്ച ഭിത്തികളും ഒക്കെ ഉള്ള വീട്ടില്‍ പലതവണ ഞാന്‍ പോയിട്ടുണ്ട് . അരീക്കര ആദ്യമൊക്കെ വീട് വെക്കുന്നതിനു മുന്‍പ് അത് നില്‍ക്കുന്ന പറമ്പില്‍ നിന്ന് തന്നെ ആവശ്യമുള്ള വെട്ടുകല്ല് വെട്ടിയെടുക്കും , അന്ന് മിക്ക വീടുകള്‍ക്കും ഇങ്ങനെ വെട്ടു കല്ല് കുഴിയും കാണും . അങ്ങിനെ വെട്ടു കല്ല് ചെത്തി എടുക്കുന്ന പണിയാണ് കുട്ടപ്പന് . കുട്ടപ്പന്റെ ഭാര്യ ദേവകി , അല്ല ദേവകി അമ്മ ! പിന്നെ അഞ്ചു പെണ്മക്കളും , അവസാനം ഒരു ആണ്‍ കുട്ടിയും ജനിച്ചു . കുട്ടപ്പന്റെ ഭാര്യക്ക് പ്രസവിക്കാനെ നേരമുള്ളൂ എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു . മൂത്ത മകള്‍ കല്യാണം കഴിഞ്ഞു ഒരു കുട്ടിയായിട്ടും ദേവകി അമ്മ പ്രസവിച്ചു കൊണ്ടേയിരുന്നു. അവരെ ദേവകി അമ്മ എന്ന് ഞാന്‍ മനപ്പൂര്‍വം വിളിച്ചതാണ് . അമ്മ എന്നെ പലപ്പോഴും കണ്ണില്‍ ഒഴിക്കാന്‍ മുലപ്പാല്‍ വാങ്ങി കൊണ്ടുവരാന്‍ ദേവകി അമ്മയുടെ വീട്ടിലേക്കു പറഞ്ഞയക്കുമായിരുന്നു , ഒരു ചെറിയ സ്റ്റീല്‍ ഗ്ലാസ്സുമായി ഞാന്‍ ഒരോട്ടമാണ് , മിക്കപ്പോഴും മുറ്റത്തു തന്നെ കുഞ്ഞിനേയും ഒക്കത്ത് വെച്ചുകൊണ്ട് നില്‍പ്പുണ്ടാവും , " എന്താ അനിയന്‍ മോനെ " എന്ന് ചോദിക്കുന്നതിനു മുന്‍പ് തന്നെ " അമ്മ പറഞ്ഞു കുറച്ചു മുലപ്പാല്‍ വേണമെന്ന് " അങ്ങോട്ട് പറയും . അവര്‍ ഗ്ലാസും വാങ്ങി ആ കുടില്‍ പോലെയുള്ള വീട്ടിനുള്ളിലേക്ക് പോയി ഒരു കാല്‍ ഗ്ലാസ്സ് പാല്‍ കൊണ്ട് വന്നു തരും . അങ്ങിനെ ഒരു ദിവസം ആ പാല്‍ ഒന്ന് രുചിച്ചു നോക്കിയാലോ എന്ന് എങ്ങിനെയോ എനിക്ക് തോന്നി , അങ്ങിനെ ഒരു ശകലം അകത്താക്കി , ഒന്നുമറിയാത്തത് പോലെ അമ്മക്ക് കൊടുത്തു , അമ്മ ആ ബാക്കി പാല്‍ വാങ്ങി കണ്ണില്‍ ഒഴിക്കുകയും ചെയ്തു . അപ്പോള്‍ അവര്‍ തീര്‍ച്ചയായും എനിക്ക് ദേവകി അമ്മ തന്നെ .
കുട്ടപ്പന് ദാരിദ്ര്യം മാത്രമല്ല , ദുരന്തങ്ങളും പ്രാരാബ്ധങ്ങളും കൂടെ പിറപ്പുകള്‍ ആയിരുന്നു . അളിയന്‍ സുകുമാരന്‍ വണ്ടിപ്പെരിയാറില്‍ എവിടെയോ പഞ്ചായത്ത് പ്രസിഡണ്ട് വരെ ആയ നല്ല സ്ഥിതിയുള്ള ആളാണ് , അയാളുടെ വീതം കിട്ടിയ സ്ഥലത്ത് കുട്ടപ്പന്‍ അയാളുടെ ഔദാര്യം കൊണ്ടാണ് വീട് കെട്ടി താമസിക്കുന്നത് . മൂത്ത മകള്‍ ഭര്‍ത്താവ് രാമക്രിഷനും ഒരുമിച്ചു തൊട്ടടുത്ത് തന്നെ ഉണ്ട് . രണ്ടാമത്തെ മകള്‍ രാജമ്മ ചേച്ചി പത്തില്‍ തോറ്റു നില്‍ക്കുന്നു , പിന്നെ അതിനു താഴെ നാല് കുട്ടികള്‍ , ഏറ്റവും ഇളയത് മാത്രം ആണ്‍ കുഞ്ഞു. കുട്ടപ്പന്‍ കല്ല് വെട്ടി കിട്ടുന്ന വരുമാനം കൊണ്ട് വേണം ആ ചെറ്റപ്പുരയില്‍ കഴിയുന്ന വലിയ കുടുംബം പോറ്റാന്‍. ആക്കാലം അത്ര ബുദ്ധി മുട്ട് നിറഞ്ഞതായിരുന്നു . വീട്ടില്‍ നിന്നും മിക്കപ്പോഴും ചക്കയോ തേങ്ങയോ ഒക്കെ വാങ്ങിക്കൊണ്ടുപോവും , വൈകിട്ട് പണി കഴിഞ്ഞു പോവുന്ന കുട്ടപ്പന്‍ ഞങ്ങളുടെ ബാല്യകാലത്തെ നിത്യകാഴ്ചയാണ് . അതിനിടെ രണ്ടാമത്തെ അവിവാഹിതയായ മകള്‍ രാജമ്മ ചേച്ചി ഗര്‍ഭിണി ആയതു . അന്ന് അരീക്കര അത്ര സംഭവങ്ങള്‍ ഒക്കെ വലിയ വാര്‍ത്തയോ അവരെ അത് പറഞ്ഞു അധിക്ഷേപിക്കുകയോ ചെയ്യാറില്ലായിരുന്നു . കുട്ടപ്പന്‍ വീട്ടില്‍ വന്നു " എന്റെ സാറേ ദൈവം അങ്ങിനെയാണ് വിധിച്ച്ചിരിക്കുന്നതെങ്കില്‍ ഞാന്‍ ആ കുഞ്ഞിനെ വളര്‍ത്തും " എന്ന് പറഞ്ഞത് ഇന്നും ഞാന്‍ ഓര്‍ക്കുന്നുണ്ട് .
അങ്ങിനെ പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന ഒരു കാലത്താണ് കുട്ടപ്പന് കേരള ലോട്ടറി അടിക്കുന്നത് , ഏഴു ലക്ഷത്തിന്റെ ബംപര്‍ സമ്മാനം ! കുഗ്രാമമായ അരീക്കരയില്‍ നിരവധി ബാങ്ക് മാനേജര്‍മാര്‍ കാറില്‍ കുട്ടപ്പനെ തിരക്കി നെട്ടോട്ടം ഓടിയ ദിവസങ്ങള്‍ ആയിരുന്നു . കുട്ടപ്പനെ തിരഞ്ഞു എത്ര പേരാണ് ആ കുഗ്രാമത്തില്‍ വന്നിറങ്ങിയത് . എല്ലാവരും കുട്ടപ്പന്റെ ഭാഗ്യമായും അവസാനത്തെ ആണ്‍ കുട്ടിയുടെ ഭാഗ്യമായും രാജമ്മ ചേച്ചിയുടെ അച്ചനറിയാത്ത ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ഭാഗ്യമായും ഒക്കെ ആയി വാഴ്ത്തി . കുട്ടപ്പന്‍ ഇതിനിടെ സഹകരണ ബാങ്കില്‍ ടിക്കറ്റ് ഏല്‍പ്പിച്ചു രംഗത്ത് പ്രത്യക്ഷപ്പെട്ടു .
ലോട്ടറിയടിച്ചതോടെ കുട്ടപ്പന്‍ അരീക്കരയുടെ താരം ആയി , ഇതിനിടെ സംഭവം അറിഞ്ഞു മുന്‍പ് തിരിഞ്ഞു നോക്കാതിരുന്ന സ്വന്തം അളിയന്‍ പഞ്ചായത്ത് പ്രസിഡണ്ട് സുകുമാരന്‍ കക്ഷത്തില്‍ ബാഗും കാലന്‍കുടയും ഒക്കെ ആയി സ്ഥലത്ത് എത്തി . താമസിക്കുന്ന പുരയിടം ഒഴിഞ്ഞു തരണം എന്നും അല്ലെങ്കില്‍ അമ്പതിനായിരം രൂപ വേണമെന്നും ഒറ്റ കട്ടായം പറച്ചിലായിരുന്നു . അവസാനം കുട്ടപ്പന്‍ അത് കൊടുക്കാമെന്നു ഏറ്റതിനെ ശേഷമാണ് പ്രസിഡണ്ട് സ്ഥലം കാലിയാക്കിയത്. രാജമ്മ ചേച്ചിയെ പിഴപ്പിച്ചു എന്ന് കരുതുന്ന ഒരു ചേട്ടായി മകളെ കല്യാണം കഴിക്കാമെന്നു പറഞ്ഞു വീട്ടില്‍ ചെന്നു.
കുട്ടപ്പന്‍ പെരിങ്ങാലയില്‍ ഒരേക്കര്‍ സ്ഥലവും ഒരു വീടും ഒക്കെ വാങ്ങി അരീക്കര വിട്ടു , പിന്നെ കുട്ടപ്പനെപറ്റി പലവിധ കഥകള്‍ കേള്‍ക്കാന്‍ തുടങ്ങി . ലോട്ടറി അടിക്കുന്നതിനു മുന്‍പ് കഷ്ടപ്പാട് ആയിരുന്നു എങ്കിലും വീട്ടില്‍ സമാധാനം ഉണ്ടായിരുന്നു . പുതിയ വീട്ടിലെ സമാധാന കുറവും പ്രശ്നങ്ങളും കാരണം ഒരിക്കല്‍ കുട്ടപ്പന്‍ വിഷം കഴിച്ചു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു .
കുട്ടപ്പന്‍ കുറെ വര്‍ഷങ്ങള്‍ മുന്‍പ് മരിച്ചു പോയി , മക്കളും ഭാര്യയും ഒക്കെ ഇപ്പോള്‍ എവിടെ ആണോ എന്തോ ,
" അടിച്ചു അനിയന്‍ മോനെ " എന്ന് പറഞ്ഞു അന്ന് എന്റെ വീട്ടില്‍ വന്ന കുട്ടപ്പനെ ഞാന്‍ പലപ്പോഴും ഓര്‍ക്കും , കിലുക്കത്തിലെ ഇന്നസെന്റിനെയും !
കൊച്ചുകളീക്കല്‍
ഞാന്‍ ബാല്യകാലം ചിലവഴിച്ച അരീക്കര എന്ന കുഗ്രാമത്തിലെ എന്റെ വീടിന്റെ പുതിയ പേര് അവിടുത്തെ പോസ്റ്റ് മാന് മാത്രമേ അറിയൂ , ശരിക്കും അറിയപ്പെടുന്ന വീട്ടു പേര് " കൊച്ചുകളീക്കല്‍ തെക്കേതില്‍ " എന്നാണ്, ആ പേരിനു കാരണമായ "കൊച്ചുകളീക്കല്‍" എന്ന ഒരു പുരാതനമായ തറവാടിനെ പറ്റിയാണ് ഇന്നത്തെ എന്റെ കുറിപ്പ് . ആവീടിനോടും അവിടുത്തെ ഓരോ കുടുംബാംഗങ്ങളോടും ഞാനും എന്റെ കുടുംബവും എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് പറയാന്‍ കൂടിയാണ് ഇതെഴുതുന്നത് . അവിടെ ഇന്ന് കാണുന്ന ഇരുനില വീട് ഒരു നൂറ്റന്‍പതു വര്‍ഷമെങ്കിലും പഴക്കം കാണും , തടിയും വെട്ടുകല്ലും കൊണ്ട് നിര്‍മിച്ച അതിമനോഹരമായ ആ മണി മാളിക അന്നും ഇന്നും എനിക്കും എന്നെ പോലെ അവിടം കണ്ടിട്ടുള്ള എല്ലാവര്‍ക്കും ഒരു അത്ഭുതം തന്നെ യാണ് . തടിയും വെട്ടുകല്ലും കൊണ്ട് നിര്‍മ്മിച്ചത് കൊണ്ട് മാത്രമല്ല ആയ വീട് അത്ര പ്രസിദ്ധമായത് , അവര്‍ തലമുറകള്‍ ആയി ചെയ്ത സല്‍പ്രവര്‍ത്തികളും ഔദാര്യങ്ങളും ആണ് ആ വീടിനെ അത്ര പ്രസിദ്ധമാക്കിയത് . ഞാന്‍ പറഞ്ഞു കേട്ട കഥകള്‍ മുഴുവന്‍ എന്റെ അച്ഛനില്‍ നിന്നും ആണ് . അച്ഛന്റെ കുട്ടിക്കാലത്ത് അവിടെ ആന ഉണ്ടായിരുന്നു അന്നും , ചെങ്ങന്നൂരിന്റെ ഹൃദയ ഭാഗങ്ങള്‍ അടക്കം നൂറു കണക്കിന് ഏക്കര്‍ ഭൂമി ഉണ്ടായിരുന്നു എന്നും പില്‍കാലത്ത് കൂട്ടുകുടുംബങ്ങള്‍ ഭാഗം പിരിഞ്ഞപ്പോള്‍ അവയൊക്കെ വിഭജിച്ചു പോയെന്നും പിന്നീട് കുടുംബത്തിന്റെ സാമ്പത്തികനില മോശമായി പലവിധ മാറ്റങ്ങള്‍ക്കും പാത്രീഭാവിക്കുകയും ചെയ്തു .സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ തുടങ്ങിയ കാലത്ത് പോലും അവര്‍ കൈവിടാതിരുന്ന ദാനശീലവും ദയയും തൊട്ടടുത്ത വീടായ എന്റെ വീടിനോട് കാണിച്ച ഹൃദയ വിശാലതയും ആണ് ഞാന്‍ പറയാന്‍ പോവുന്നത് .
അവിടുത്തെ പൂമുഖത്ത് ഭിത്തിയില്‍ വെച്ചിരിക്കുന്ന എണ്ണച്ചായാ ചിത്രങ്ങള്‍ പലതും നശിച്ചു തുടങ്ങിയിരിക്കുന്നു , അവയില്‍ പലതും നൂറു വര്‍ഷമെങ്കിലും പഴക്കം ഉള്ളവയാണ് . അവയില്‍ പ്രാതാപിയായിരുന്നത് പുരുഷോത്തമന്‍ വക്കീല്‍ എന്ന ശ്രീമൂലം പ്രജാസഭാ മെമ്പര്‍ ആണ് , മരുമക്കത്തായം അവസാനിപ്പിച്ചു മക്കത്തായം തുടങ്ങി വെക്കാന്‍ ഉള്ള ബില്ലുകള്‍ അവതരിപ്പിക്കാന്‍ മുന്‍ കൈയ് എടുത്തുവെന്നു പറയപ്പെടുന്നു . അദ്ദേഹത്തിന്റെ മരുമകള്‍ ആയ
കാര്‍ത്തിയായിനി എന്ന ഒരു വല്യമ്മച്ചി മുതല്‍പേരെയെ ഞാന്‍ കണ്ടിട്ടുള്ളൂ , ഈ വല്യമ്മച്ചി കായംകുളത്തെ പ്രസിദ്ധമായ ആലുംമൂട്ടില്‍ തറവാട്ടില്‍ നിന്നും വന്നതാണ് .പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് അവര്‍ മരിച്ചു പോയി അവര്‍ക്ക് മൂന്നു ആണ്‍ മക്കള്‍ , വിജയന്‍, സുഗതന്‍ , വിനയന്‍ , അവരില്‍ വിജയന്‍ സാറും സുഗതന്‍ സാറും മരിച്ചു പോയി , സുഗതന്‍ സാറിന്റെ മക്കളാണ് എന്റെ തലമുറക്ക് സമപ്രായക്കാര്‍ , അതില്‍ അനില്‍ ആണ് ഇപ്പോഴത്തെ കുടുംബ നാഥന്‍ , കാര്‍ത്തിയായിനി വല്യമ്മച്ചിയും സുഗതന്‍ സാറും അദ്ദേഹത്തിന്റെ ഭാര്യ യശോധര അമ്മയും ആണ് എന്റെ കുടുംബത്തിനു മുഴുവന്‍ കടപ്പെട്ടിരിക്കുന്ന അംഗങ്ങള്‍ ,
എന്റെ അച്ഛന്‍ എന്റെ അമ്മയെ കല്യാണം കഴിച്ചു കൊണ്ട് വരുമ്പോള്‍ അരീക്കര ശരിക്കും അമ്മക്ക് ഒരു പട്ടിക്കാട് ആയി ആണ് തോന്നിയത് , പൈപ്പില്ല , കറണ്ടില്ല , അടുക്കള ജോലികള്‍ ഒന്നും വശമില്ല , അച്ഛന്‍ ആണെങ്കില്‍ ഇതെല്ലം എത്ര നിസ്സാരം എന്ന് കരുതുന്ന ഒരു പട്ടാളക്കാരനും , ഞങ്ങള്‍ മൂന്നു ആണ്‍ കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ആ ഹൈസ്കൂള്‍ അധ്യാപിക നന്നേ കഷ്ടപ്പെട്ടു, ആ കഷ്ടപ്പാടുകളില്‍ എല്ലാം തുണയായി നിന്നത് ഈ വീട്ടുകാര്‍ , അന്ന് ഒരുപാട് അയല്പക്കങ്ങളോ ജനങ്ങളോ ഒന്നും ആ കുഗ്രാമത്തില്‍ ഇല്ല . അമ്മക്ക് എല്ലാത്തിനും പറ സഹായം വേണം , സങ്കടങ്ങള്‍ പറയാന്‍ ഒരു അമ്മയും ഒരു കൂട്ടുകാരിയും , അതായിരുന്നു ആ വലിയ മനസ്സിന്റെ ഉടമയായ വല്യമ്മച്ചിയും മരുമകള്‍ യെശോധാര അമ്മയും . അവര്‍ സദാ സമയവും എന്തെങ്കിലും സഹായങ്ങളുമായി എന്റെ വീട്ടില്‍ കയറിയിറങ്ങും , കുട്ടികളെ കുളിപ്പിച്ചോ , സമയത്ത് ആഹാരം കഴിച്ചോ , സ്കൂളില്‍ പോവാന്‍ നേരമായോ എന്ന് അന്വേഷിച്ചു നടക്കുന്ന ആ അമ്മമാരെ കണ്ടാണ് ഞാന്‍ വളര്‍ന്നത് , ദൂരെ നിന്നും വരുന്ന എന്റെ ബന്ധുക്കള്‍ ഒക്കെ കൊച്ചുകളീക്കല്‍ ഒന്ന് കേറാതെ പോവില്ല എന്ന സ്ഥിതിയായി , അന്ന് ഞങ്ങളുടെ വീട്ടിലേക്കു വരാന്‍ ഒരു വലിയ കയറ്റം ഉണ്ടായിരുന്നതിനാല്‍ കാറില്‍ വരുന്ന അമ്മാവന്മാരൊക്കെ കാര്‍ കൊച്ചുകളീക്കല്‍ വീട്ടു മുറ്റത്ത് ഇട്ടിട്ടു തെക്കേതിലെ വീടായ ഞങ്ങളുടെ ചെറിയ വീട്ടിലേക്കു നടക്കുകയാണ് പതിവ് , പലപ്പോഴും അവര്‍ക്ക് കാപ്പിയോ ഉച്ചയൂണോ ഒക്കെ കൊച്ചുകളീക്കല്‍ തന്നെ ആയിരിക്കും , സല്കാരങ്ങള്‍ ഒന്നും വശമില്ലാത്ത എന്റെ അമ്മക്ക് എത്ര എത്ര തവണയാണ് അവിടെ നിന്നും എന്റെ ബന്ധുക്കള്‍ക്ക് സദ്യ കൊടുത്തിരിക്കുന്നത് , കൊച്ചുകളീക്കല്‍ വീട്ടിലെ അടുക്കള ആണ് എനിയ്ക്ക് ഒരിക്കലും മറക്കാന്‍ ആവാത്തത് , അവിടെ അക്ഷയ പാത്രങ്ങളെ ഉള്ളൂ , ഏതു സമയത്ത് ചെന്നാലും അവിടെ ഊണ് ഉണ്ട് , പത്തും മുപ്പതും കര്‍ഷക തൊഴിലാളികള്‍ക്ക് നിരത്തിയിരുത്തി പ്രാതലും പകലെത്തെതും വിളമ്പുന്നത് കണ്ടു ഞാന്‍ കൊതി പിടിച്ചു നിന്നിട്ടുണ്ട് . എന്റെ അമ്മയുടെ അച്ഛന്‍ , അതായത് വല്ല്യച്ച്ചന്‍ ആ വീട്ടില്‍ ചെന്നാല്‍ രാജകീയ സ്വീകരണം ആണ് , വല്ല്യച്ഛന്റെ ഇഷ്ടങ്ങള്‍ അറിഞ്ഞു കഞ്ഞിയും പയറും പപ്പടവും അച്ചാറുമൊക്കെ വിളമ്പി കൊടുക്കുന്നത് യശോധര അമ്മ സ്വന്തം അച്ഛന് വിളമ്പുന്നത് പോലെയാണ് , ആ വല്ല്യച്ച്ചന്‍ കൊല്ലത്ത് വെച്ച് മുപ്പതു വര്ഷം മുന്‍പ് മരിച്ചപ്പോള്‍ അരീക്കര മകളുടെ വീട്ടു വളപ്പില്‍ അടക്കണം എന്ന ആഗ്രഹ പ്രകാരം ഇവിടെ കൊണ്ട് വന്നപ്പോള്‍ പല നാടുകളില്‍ നിന്നായി നിരവധി ബന്ധുക്കള്‍ എത്തി , ആരും ആവശ്യപ്പെടാതെ ഉച്ചക്ക് ഏകദേശം 80 പേര്‍ക്ക് ഉച്ചക്ക് ഊണ് കൊടുത്തു , ദൂരെ ദേശങ്ങളില്‍ നിന്നും എത്തിയ അവര്‍ക്ക് അവിടെ ഒരു ചായക്കട പോലും ഇല്ലായിരുന്ന കാലമാണ് അതെന്നു ഓര്‍ക്കണം , ആരും അവിടുത്തെ അമ്മയോട് ഒന്നും പറഞ്ഞതല്ല , എല്ലാം കണ്ടറിഞ്ഞു ചെയ്തിരിക്കുന്നു . ഇന്ന് ആര്‍ക്കെങ്കിലും അങ്ങിനെ ചെയ്യാന്‍ മനസ്സോ സമയമോ ഉണ്ടാവുമോ ? അങ്ങിനെ എന്തെല്ലാം അനുഭവങ്ങള്‍ ?
പണത്തിനു ബുദ്ധിമുട്ട് ഉണ്ടായിരുന്ന സമയങ്ങളില്‍ എത്രയോ തവണയാണ് എനിക്ക് എവിടെയെങ്കിലും യാത്ര പോവുമ്പോള്‍ അമ്മയോ അച്ഛനോ കാണാതെ എന്റെ ഉള്ളം കൈയില്‍ പത്തു രൂപയോ ഇരുപതു രൂപയോ ഒക്കെ വെച്ച് തന്നിട്ടുള്ളത് , സ്വന്തം മകളെ നോക്കുന്നത് പോലെയാണ് ആ വല്യമ്മച്ചി എന്റെ അമ്മയെ നോക്കിയിരുന്നത് , യശോധര അമ്മക്ക് ഞാന്‍ മകനും , എന്നെ പറ്റി" തെക്കേതിലെ അനിയന്‍ " എന്ന് എത്രയോ ആണ് അവര്‍ അഭിമാനത്തോടെ പരിചയപ്പെടുത്തിയിരുന്നത് , ഞങ്ങളുടെ മിക്ക ബന്ധുക്കളും അവര്‍ക്കും അടുത്ത ബന്ധുക്കള്‍ തന്നെ .
അവരെ വേണമെങ്കില്‍ ജന്മി കുടുംബമെന്നോ ഭൂഉടമകള്‍ എന്നോ ഒക്കെ വിളിക്കാന്‍ ന്യായങ്ങള്‍ കണ്ടെത്താം , പക്ഷെ അവര്‍ ചെയ്തു വന്ന നല്ല പ്രവര്‍ത്തികളുടെ ഫലം അനുഭവിച്ചു വളര്‍ന്ന എത്രയെത്ര കുടുംബങ്ങളാണ് അരീക്കരയില്‍ ഉള്ളത് , എന്നെ പ്പോലെ അവരൊക്കെ അത് ഫേസ് ബുക്കില്‍ എഴുതുനില്ല എന്ന് മാത്രം , അവര്‍ അവരുടെ ഹൃദയത്തില്‍ അത് എഴുതുന്നുണ്ടായിരിക്കും .
കഴിഞ്ഞ ആഴ്ച യശോധര അമ്മയും മരിച്ചു , എന്നെ സ്നേഹിച്ചവരും ഞാന്‍ സ്നേഹിച്ചവരും ഒക്കെ ഓരോരുത്തരായി മറഞ്ഞു പോകുന്നത് നോക്കിനില്‍ക്കാനാണ് എന്റെ വിധി , എത്രയോ ആളുകളെ സ്നേഹിച്ച ഒരു തലമുറ കൂടെ അപ്രത്യക്ഷ്യമായി , ഞാന്‍ കുറേക്കൂടി അനാഥനായി !
മറ്റാരോടും പറയണ്ട!
മുംബൈയില്‍ ഒരു വിദ്യാര്‍ഥിയായി എത്തിയ കാലം മുതല്‍ കണ്ടു തുടങ്ങിയ കൌതുകകരമായ ഒരു കാഴ്ചയാണ് വഴിവക്കില്‍ ആളുകളെ വെറുതെ ഇരുത്തി മുടി വെട്ടുന്നതു . കയ്യില്‍ ഒരു കണ്ണാടി പിടിപ്പിച്ചു തന്നിട്ട് മുടി വെട്ടുകയോ ഷേവിംഗ് നടത്തുകയോ ഒക്കെ ചെയ്യുന്നത് രസകരമായ ഒരു കാഴ്ച തന്നെയാണ് . എത്ര പെട്ടന്നാണ് നടപ്പാതയിലും പാതവക്കത്തും ഈ തത്ക്കാല്‍ മുടിവെട്ട് കേന്ദ്രം തട്ടിക്കൂട്ടുന്നത് ? . മുംബൈ പോലൊരു നഗരത്തില്‍ രണ്ടു രൂപക്കും രണ്ടായിരം രൂപക്കും മുടി വെട്ടി കൊടുക്കുന്ന കേന്ദ്രങ്ങള്‍ ഉണ്ടെന്നത് ഒരു വസ്തുതയാണ് .
ഈ നഗരത്തിലെ പലതരം മുടി വെട്ടു കേന്ദ്രങ്ങള്‍ കാണുമ്പോഴൊക്കെ എന്റെ ഗ്രാമത്തിലെ മുടി വെട്ടു ഉപജീവനം ആക്കിയ മൂന്നു പേരെ ഓര്‍ത്തു പോവും ,
ഇവരിലെ ആദ്യത്തെ ആളായ കൃഷ്ണന്‍ കുട്ടി എന്ന മുതിര്‍ന്ന ആളെ പ്പറ്റി ചില നേരിയ ഓര്‍മകളെ ഉള്ളൂ , അദ്ദേഹം കാഴ്ച്ചയില്‍ യശശ്ശരീരനായ തിക്കുറുശ്ശി സുകുമാരന്‍ നായരെ പോലെ വളരെ ഐശ്വര്യം ഉള്ള ഒരു മുഖവും വ്യക്തിത്വവും ഉള്ള ആളായിരുന്നു . സാദാ കുളിച്ചു കുറിയിട്ട് രോമങ്ങള്‍ എഴുന്നു നില്‍ക്കുന്ന ചെവിയില്‍ ഒരു തുളസി കതിരുമൊക്കെ വെച്ച് നടന്നുപോവുന്ന അദ്ദേഹം ചില വീടുകളില്‍ മാത്രമേ പോയി മുടി വെട്ടി കൊടുത്തിരുന്നുള്ളൂ , മരണാന്തര ചടങ്ങുകളില്‍ മുഖ്യ കര്‍മിയുടെ സ്ഥാനം ആ ഗ്രാമത്തില്‍ ഏറെക്കുറെ അദ്ദേഹത്തിനായിരുന്നു . അദ്ദേഹത്തിന് സാഹിത്യം , കവിത , സംസ്കൃതം ഒക്കെ നന്നായി വഴങ്ങിയിരുന്നു . പ്രായം കൊണ്ട് മൂത്തത് ആയിരുന്നതിനാല്‍ അദ്ദേഹത്തെ മിക്കവാറും ആ നാട്ടുകാരൊക്കെ കൃഷ്ണകുട്ടി ചേട്ടന്‍ എന്നുതന്നെ വിളിച്ചിരുന്നു . അദ്ദേഹം ഒരു ബാര്‍ബര്‍ ആണെന്ന് കാഴ്ചയിലോ സംസാരത്തിലോ വിശ്വസിക്കുക പ്രയാസം ആയിരുന്നു . ചെയ്യുന്ന തൊഴിലില്‍ അദ്ദേഹം കാട്ടിയിരുന്ന ശ്രദ്ധയും സത്യസന്ധതയും ആ ഗ്രാമവാസികള്‍കൊക്കെ അറിയുകയം ചെയ്യുമായിരുന്നു .
അടുത്തയാള്‍ ദിനേശന്‍ , അദ്ദേഹം മൂലപ്ലാവ് ജങ്ങ്ഷനില്‍ ഒറ്റയ്ക്ക് നില്ല്കുന്ന സമചതുരത്തില്‍ ഉള്ള ഒരു പലകകള്‍ കൊണ്ട് ഭിത്തികള്‍ തീര്‍ത്ത ഒരു ഷോപ്പ് നടത്തിയിരുന്നു . വെളുത്ത ചായം പൂശിയ ഓല മേഞ്ഞ ആ ചെറു കെട്ടിടം ആയിരുന്നു വളരെക്കാലം അരീക്കരയിലെ ഏക ഷോപ്പ് ഞങ്ങള്‍ ചെട്ടനുജന്മാര്‍ മൂന്നു പേരും വരി വരിയായി അവിടുത്തെ തടി ബഞ്ചില്‍ ഊഴം കാത്തു ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന വര്‍ണ കലണ്ടറുകള്‍ നോക്കിയിരിക്കുമായിരുന്നു . ദിനേശന്‍ ഞങ്ങള്‍ കുട്ടികളോട് മയമില്ലാതെ സംസാരിക്കുമെങ്കിലും മുതിര്‍ന്നവരോട് നയ ചാതുര്യത്തോടെ സംസാരിക്കുമായിരുന്നു . ഞങള്‍ കുട്ടികളെ പിടിച്ചിരുത്തി നിര്‍ദ്ദയം ആ കിടു-കിടു എന്ന് വിളിച്ചിരുന്ന ഒരു മഷീന്‍ വെച്ച് കഴുത്ത് മുതല്‍ ഉച്ചി വരെ ഒരു വെടിപ്പാക്കല്‍ ആയിരുന്നു ഏറ്റവും അസഹനീയം . ഞങ്ങളെ വിരൂപര്‍ ആക്കുന്നതില്‍ ദിനേശനെ കുറച്ചൊന്നുമല്ല ഞങ്ങള്‍ മനസ്സില്‍ ശപിചിട്ടുള്ളത് . അവിടെ വരുത്തിയിരുന്ന തനിനിറം പത്രം ചിലപ്പോഴെങ്കിലും വായിക്കാന്‍ ശ്രമിക്കുമ്പോഴേക്കും അയാള്‍ ഓടി വന്നു അതൊന്നും കുട്ടികള്‍ക്ക് വായിക്കാനുള്ളതല്ല എന്ന് പറഞ്ഞു മടക്കി കണ്ണാടിയുടെ പുറകില്‍ തിരുകി വെക്കുമായിരുന്നു . എങ്കിലും അയാളുടെ സംഭാഷണത്തില്‍ നിന്നും വീണു കിട്ടുന്ന രാഷ്ടീയവും സാഹിത്യവും ഒക്കെ ഞങ്ങള്‍ക്ക് പുതിയ അറിവുകള്‍ ആയിരുന്നു . വീട്ടിലെ അടിയന്താരാവസ്ഥയില്‍ നിന്നും ഏതാനം മണിക്കൂറുകളുടെ മോചനവും .
ഏഴാം ക്ലാസില്‍ എത്തിയതോടെ ദിനേശനെ എങ്ങിനെയും ബഹിഷ്കരിക്കണം എന്നൊരു തോന്നല്‍ വന്നു ചേര്‍ന്നു, കാരണം അയാളുടെ കിടു-കിടു പ്രയോഗം എന്റെ സകല വിധ ആത്മ വിശ്വാസവും തകര്‍ത്തുകൊണ്ടേയിരുന്നു . അങ്ങിനെയാണ് ശിവാനന്ദന്‍ എന്ന ഒരു പുതിയ ബാര്‍ബര്‍ പാറപ്പാട്ട് മുക്കിനു കടയിട്ടു എന്ന് കേള്‍ക്കുന്നത് . അതൊരു ഒരു വലിയ ആശ്വാസം തന്നെയായിരുന്നു , ശിവാനന്ദന്‍ ആകെ ഒരു വ്യത്യസ്തന്‍ തന്നെ ആയിരുന്നു , ലോകത്തിലെ സകല വിധ വിഷയങ്ങളും സ്പര്‍ശിച്ചു ആണ് അയാളുടെ മുടി വെട്ട്, ആദ്യ സിറ്റിങ്ങില്‍ തന്നെ എനിക്ക് നന്നായി പിടിച്ചു , ആശാന്‍ , ഉള്ളൂര്‍ , വള്ളത്തോള്‍ മുതല്‍ സാംബശിവന്‍ വരെയുള്ള സാഹിത്യവും റഷ്യന്‍ വിപ്ലവവും ചന്ദ്രനില്‍ ചാരാചരങ്ങള്‍ ഇല്ലാത്തതും ഒക്കെയായി നൂറുക്കണക്കിനു വിഷയങ്ങള്‍ ! മുടി വെട്ടാന്‍ ഇരിക്കുന്നവരുടെ വീട്ടു വിശേഷങ്ങള്‍ , ജോലിക്കാര്യങ്ങള്‍ , പോയ സ്ഥലങ്ങള്‍, നാട്ടിലെ ഗോസിപ്പുകള്‍ , അങ്ങിനെ സദാ സമയവും ആളുകളുടെ നിറവും തരവും അനുസരിച്ച് സംഭാഷങ്ങള്‍ നടത്തുന്നതില്‍ ശിവാനന്ദന്‍ അതി നിപുണന്‍ ആയിരുന്നു . കോളേജില്‍ എത്തിയിട്ടും ചെങ്ങന്നൂരില്‍ പലവിധ സ്റ്റൈലന്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയിട്ടും അദ്ദേഹം ഒരു അവകാശം പോലെ എന്റെ മുടി വെട്ട് തുടര്‍ന്ന് കൊണ്ടേയിരുന്നു . ഞാന്‍ മുംബൈക്ക് പോകുന്നത് അറിഞ്ഞു അയാള്‍ ശരിക്കും വിഷമിച്ചിരുന്നു എന്ന് അയാളുടെ യാത്ര അയപ്പ് മുടി വെട്ടില്‍ നിന്നും തന്നെ എനിക്ക് മനസ്സിലായിരുന്നു . നന്നായി പറ്റെ വെട്ടിയിട്ട് ഇനി ഉടനെയൊന്നും വെട്ടണ്ട എന്ന ഉപദേശവും തന്നു. ഞാന്‍ അവധിക്കു വരുംപോഴെക്കെ അയാളുടെ കടയില്‍ ഒന്ന് കയറും , എന്റെ മുടി വെട്ടുമ്പോള്‍ മുംബയിലെ വിശേഷങ്ങള്‍ അയാള്‍ നിരന്തരം ചോദിച്ചു കൊണ്ടേയിരുന്നു . ഓരോ പുതിയ കാര്യം പറയുമ്പോഴും " ഇത് ഞാനും അനിയനും മാത്രം അറിഞ്ഞാല്‍ മതി , മറ്റാരോടും പറയണ്ട " എന്ന അയാളുടെ സ്ഥിരം വാചകവും ഉണ്ടാകും . നമ്മളില്‍ നിന്ന് അറിയുന്ന കാര്യങ്ങള്‍ ആണ് അയാള്‍ മറ്റൊരാളോട് പിന്നീട് പറയുന്നത് .
ഞാന്‍ ഗള്‍ഫില്‍ എത്തിയതോടെ അയാളുമായി ഉണ്ടായിരുന്ന സൗഹൃദം മുറിഞ്ഞു , എല്ലാ വര്‍ഷവും കിട്ടുന്ന മുപ്പതു അവധി ദിവസങ്ങള്‍ ഒന്നിന്നും തികയാറില്ല , പക്ഷെ ഞാന്‍ വന്ന വിവരം അയാള്‍ എങ്ങിനെയെങ്കിലും അറിയും വീട്ടിലെത്തും , കണ്ടാലുടനെ " അനിയന്‍ മുടി ഒന്ന് വെട്ടണം , ആകെ ഒരു ലക്ഷണംകേട്, അവിടെയൊന്നും വെട്ടിയാല്‍ ശരിയാവില്ല , അനിയനെ അത്ര നാളായി ഞാന്‍ കാണുന്നതാ .. " അത് കേള്‍ക്കുമ്പോഴേ ഞാന്‍ തോല്‍വി സമ്മതിച്ചു " എന്നാല്‍ ഞായറാഴ്ച വാ " ഒരു കൈലി , ഒരു ബനിയന്‍ , പെര്ഫൂം , ചെറിയൊരു കൈമടക്കു , അങ്ങിനെ എന്തെങ്കിലും ഒക്കെ കൊടുത്തു യാത്രയാക്കും ,
മുടി വെട്ടാന്‍ ഇരുന്നപ്പോള്‍ സൌദിയെപ്പറ്റിയും റിയാദിനെ പറ്റിയും ഞാന്‍ ആയിടെ പോയ ഹോളണ്ടിനെപ്പറ്റിയും ഫ്രാന്‍സ് നെപ്പറ്റിയും ഒക്കെ അയാള്‍ ചോദിച്ചു മനസ്സിലാക്കി , തലയില്‍ എത്ര വെട്ടാന്‍ ഇല്ലെങ്കിലും അയാള്‍ മിക്ക വാര്‍ഷിക അവധിക്കും വീട്ടില്‍ വന്നു വിശേഷങ്ങള്‍ പറഞ്ഞു മുടി വെട്ടിയിട്ട് പോകുമായിരുന്നു . കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി പ്രായാധിക്യം മൂലം എല്ലാം നിര്‍ത്തി വീട്ടില്‍ തന്നെ , മക്കള്‍ ഒക്കെ പലവിധ ജോലികളും ആയി .
നമുക്ക് വേണ്ടി ജോലി ചെയ്യുന്ന പലരുമായും അത് നിങ്ങളുടെ ഡ്രൈവര്‍ ആവട്ടെ , തയ്യല്‍ക്കാരന്‍ ആവട്ടെ , ആശാരി ആവട്ടെ , ബാര്‍ബര്‍ ആവട്ടെ അവരുമായി നിങ്ങള്‍ക്ക് ഒരു ആത്മ ബന്ധം ഉണ്ടായിപ്പോവുന്നത് സ്വാഭാവികമാണ് , അവര്‍ ചെറിയ ആളുകള്‍ ആണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം , പക്ഷെ അവര്‍ ചെയ്യുന്ന ജോലികള്‍ ഒന്നും ചെറുതല്ല , അവരുടെ ഹൃദയവും !
എനിക്ക് ഇപ്പോഴും ഓര്‍ത്തു വെക്കാന്‍ ശിവാനന്ദന്റെ ആ വാചകം മതി
" ഇത് ഞാനും അനിയനും മാത്രം അറിഞ്ഞാല്‍ മതി , മറ്റാരോടും പറയണ്ട "
ശിവാനന്ദന്റെ സന്തോഷം , അത് പണം കൊടുത്താല്‍ കിട്ടില്ല !
Subscribe to:
Posts (Atom)