Thursday, 26 April 2012
ബെസ്റ്റ് ആക്ടര്‍
കമലാസണ്ണന്‍
! കമലാസനന്‍ അണ്ണന്‍ എന്ന് മുഴുവന്‍ വിളിക്കാന്‍ കഴിയാത്തതിന് ഞങ്ങള്‍
കുട്ടികള്‍ വിളിച്ചു വിളിച്ചു അങ്ങിനെ ആക്കിയതാണ് .പാരമ്പര്യമായി
കല്‍പ്പണി തൊഴിലാക്കിയ ആളൊന്നുമല്ല കമലാസണ്ണന്‍ , ഉപജീവനമാര്‍ഗം
കല്‍പ്പണി പഠിച്ചു ആ രംഗത്തിരങ്ങിയതാണ്. ആദ്യം വെട്ടു കല്ല് ചെത്താന്‍
പോവുമായിരുന്നു , പിന്നെ വെട്ടു കല്ല് വെച്ച് തറ കെട്ടാനും ഭിത്തി
പണിയാനും ഭിത്തി തേക്കാനും ഒക്കെ പഠിച്ചു . അരീക്കരയിലെ പ്രസിദ്ധരായ
കിട്ടപ്പണിക്കനോടോ വാസു പണിക്കനോടോ ഒന്നും മത്സരിക്കാന്‍ കമലാസണ്ണന്‍
ആളല്ലായിരുന്നു, അതിനാല്‍ അവരെ കിട്ടാതെ വരുമ്പോള്‍ ആണ് കമലാസണ്ണനെ
പണിക്കു വിളിക്കുന്നത് . കോഴിക്കൂട് പണിയാനോ കുമ്മായം അടര്‍ന്നു പോയടം
തേക്കാനോ ഒക്കെ കമലാസണ്ണനെ വിളിക്കും . കമലാസണ്ണന്‍ ആദ്യമായി വീട്ടില്‍
പണിക്കു വന്നത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു , വന്ന പാടെ അമ്മയോട് "
ഞാന്‍ മുളക്കുഴ പഠിച്ചതാ സാറേ , സാര്‍ എന്നെ എട്ടിലും ഒന്‍പതിലും
പഠിപ്പിച്ചതാ " എന്ന് പറഞ്ഞു പൊട്ടി ചിരിച്ച കമലാസണ്ണനെ എനിക്ക്
നന്നായി പിടിച്ചു . അദ്ദേഹം അങ്ങിനെയാണ് , ഒന്ന് പറഞ്ഞു രണ്ടാമതെതിനു
ഉറക്കെ ഒരു ചിരിയാണ് , സദാ സന്തോഷമുള്ള ഒരു മുഖം , എനിക്ക് അദ്ദേഹത്തെ
ഇത്ര ഇഷ്ടപെടാന്‍ ഒരു കാരണം കൂടി ഉണ്ടായിരുന്നു , അദ്ദേഹത്തിന് ആയിടെ
സിനിമാ മാസികയില്‍ വന്ന ഗായകന്‍ ബ്രഹ്മാനന്ദന്റെ ഒരു ഫോട്ടോയുമായി
നല്ല സാമ്യമുണ്ടായിരുന്നു . , മധ്യഭാഗം അല്‍പ്പം ഉയര്‍ന്ന ചുരുണ്ട മുടി,
വീതിയുള്ള കൃതാവു , ചതുര വടിവുള്ള മീശ , എന്റെ ഈ കണ്ടു പിടുത്തം
അമ്മക്ക് തീരെ പിടിച്ചില്ല " പോ ചെറുക്ക , ഒരു കണ്ടുപിടുത്തം കൊണ്ട്
വന്നിരിക്കുന്നു , പണിക്കാരുടെ കീഴില്‍ നിന്നും മാറി വല്ലതും പോയിരുന്നു
പടിക്ക് ചെറുക്കാ .."
ഞാന്‍ സ്കൂള്‍ വിട്ടു വന്നാലും
കമലാസണ്ണന്‍ വെട്ടു കല്ല് ചെത്തിക്കൊണ്ടേയിരിക്കും , അന്നൊക്കെ ഇരുട്ട്
വീഴുന്നത് വരെ പണി ചെയ്യും , നിക്കറു കാണുന്ന രീതിയില്‍
മടക്കിക്കുത്തിയ ഒരു കാവി മുണ്ടും , വെളുത്ത കയ്യുള്ള ബനിയനും ചെവിയില്‍
ഒരു ഓലക്കാലും , അതില്‍ ഒന്ന് രണ്ടു വെട്ടുകള്‍ കാണും , കല്ലിന്റെ
അളവുകള്‍ ആണ് , ആ ചെറിയ മഴു കൊണ്ട് കല്ലിന്റെ വശങ്ങളും ചെത്തി
ഇടയ്ക്കിടെ അളവ് നോക്കുന്നത് ഞാന്‍ നോക്കി നില്‍ക്കും . മുളക്കഴ
പഠിപ്പിക്കുന്ന ചില സാറന്മാരുടെ കാര്യം എന്നോട് ചോദിച്ചു ഉറക്കെ
പൊട്ടിച്ചിരിക്കും " ആ പൂടയാന്‍ ഇപ്പോഴും ഉണ്ടോ അനിയാ .." " റൌഡി
മത്തായി സാറ് എനിക്ക് ഇപ്പോഴും പേടിയാ അനിയാ ,, എത്ര വീക്കാ
കിട്ടിയത് .." അങ്ങിനെ ഓരോ വിശേഷങ്ങള്‍ പറഞ്ഞു പൊട്ടി ചിരിക്കും .
കമലാസണ്ണന്‍ അങ്ങിനെ എനിക്ക് പ്രിയപ്പെട്ട ആളായി . ഞാന്‍ ചിലപ്പോള്‍
അണ്ണനെ കാണുമ്പോള്‍ ബ്രഹ്മാനന്ദന്റെ ഏതെങ്കിലും ഒരു പഴയ പാട്ടിന്റെ
ആദ്യ വരി പാടി കളിയാക്കും " താരക രൂപിണി .... " " ഒന്ന് പോ അനിയാ "
എന്ന് പറഞ്ഞു കമലാസണ്ണന്‍ കല്ല് ചെത്ത് തുടരും .
പല
വിശേഷങ്ങള്‍ പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ ആണ് കമലാസണ്ണന്‍ നല്ല ഒരു നടന്‍
ആയിരുന്നു എന്ന് അറിയുന്നത് . മുളക്കുഴ സ്കൂളില്‍ സ്ഥിരം യൂത്ത്
ഫെസ്റിവലില്‍ നാടകത്തില്‍ നായകന്‍ ആയിരുന്നു , പറയിര്കാല ദേവീ
ക്ഷേത്രത്തിലെ ഉത്സവത്തിനും ക്ലബ്ബിന്റെ വാര്‍ഷികത്തിനും ഒക്കെ നാടകം
നടത്തി അതില്‍ നായക വേഷം ആയിരുന്നു . കമലാസണ്ണന്‍ കാണാന്‍ അത്ര യോഗ്യനും
ആണ് , നാടകത്തില്‍ മേക്കപ്പിട്ടു വന്നാല്‍ ഒരു സിനിമാ നടനെപ്പോലെ
ഉണ്ട് . ഇപ്പൊ കല്യാണം കഴിച്ചു രണ്ടു കുട്ടികള്‍ ആയിട്ടും അരീക്കര
എവിടെയെങ്കിലും നാടകം ഉണ്ടെങ്കില്‍ അതില്‍ കാമുക വേഷം കമലാസണ്ണന്‍
ആയിരിക്കും . " അണ്ണാ, ഈ സംഭാഷണം മുഴുവന്‍ കാണാതെ പഠിക്കാന്‍
പ്രയാസമാണോ ? " " ഓ അതൊന്നും സാരമില്ല അനിയാ .. രണ്ടു മൂന്നു തവണ
വായിച്ചാല്‍ മതി , പിന്നെ പുറകില്‍ നിന്ന് പറഞ്ഞു തരാനും ആളുണ്ട് "
അന്ന് ഞങ്ങളുടെ വലിയ വീട് പണിതിട്ടില്ല , പഴയ വീട്ടിന്റെ മുന്‍പില്‍
തറ കെട്ടിയിട്ടു വര്‍ഷങ്ങള്‍ ആയി , അച്ഛന്‍ പട്ടാളത്തില്‍ നിന്നും
പിരിഞ്ഞു വന്നപ്പോള്‍ മുതല്‍ അമ്മ വീട് പണിയാന്‍ നിര്‍ബന്ധിക്കുന്നുണ്ട്
. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അത് നീണ്ടു നീണ്ടു പോവുകയാണ് . ആ
വലിയ വീട് പണിതു കാണാന്‍ ഞങ്ങള്‍ കുട്ടികള്‍ക്കും വലിയ ആഗ്രഹമായിരുന്നു ,
കാരണം അതില്‍ ഞങ്ങള്‍ മൂന്നു പേര്‍ക്കും അതില്‍ പ്രത്യേകം പ്രത്യേകം
മുറികള്‍ ഉണ്ട് , അന്നത്തെ നിലയില്‍ നാല് കിടപ്പ് മുറികള്‍ ഉള്ള ആ
വലിയ വീട് ഒരു വലിയ സ്വപ്നം തന്നെ ആയിരുന്നു . കമലാസണ്ണന്‍ ആയിരുന്നു ഈ
വീട് പണി ഏറ്റവും അധികം സ്വപ്നം കണ്ട ആള്‍ , തനിക്കു പൂര്‍ണമായി
കോണ്ട്രാക്റ്റ് കിട്ടുന്ന ആദ്യത്തെ പണിയായി അദ്ദേഹം അത് എപ്പോഴും
അച്ഛനോട് പറയുമായിരുന്നു " അണ്ണാ .. ഈ വീട് ഞാന്‍ പണിയും , അണ്ണന്‍ ഇത്
മറ്റാര്‍ക്കും കൊടുക്കരുത് ." അച്ഛന്‍ അന്നെങ്കില്‍ " അതിനു നീ ഇതിനു
മുന്‍പ് സ്വന്തമായി ഇങ്ങനെ ഒരു പണി ചെയ്തിട്ടുണ്ടോ .. ആ അന്നേരം
നോക്കട്ടെ .. ലോണ്‍ ഒക്കെ ശരിയായി വരട്ടെ .." എന്നൊരു ഒഴുക്കന്‍
മറുപടി പറയും .
അങ്ങിനെ അച്ഛന്‍ സര്‍വീസില്‍ നിന്ന് കിട്ടിയ
തുകയും ഹൌസിംഗ് ബോര്‍ഡില്‍ നിന്ന് ലോണ്‍ ഉം ഒക്കെ ചേര്‍ത്ത്
വീടിന്റെ പണി തുടങ്ങാന്‍ തീരുമാനിച്ചു . പ്ലാന്‍ വരച്ച എഞ്ചിനീയര്‍
അച്ഛനോട് നല്ല പണിക്കാരന്‍ വേണമെന്ന് പറയുകയും ചെയ്തു . അച്ഛന്‍
കിട്ടപ്പണിക്കനെ വീട് പണി എല്പ്പിക്കുനതാണ് നല്ലത് എന്ന തീരുമാനത്തില്‍
എത്തി . കാരണം വാര്‍ക്കലും കമ്പി കെട്ടലും മോസൈക്കും ഒക്കെ ചേര്‍ന്ന
പത്ത് മുറികള്‍ ഉള്ള വീട് ഉണ്ടാക്കാന്‍ കിട്ടപ്പണി ക്കനെ അന്ന്
അന്നാട്ടില്‍ പരിചയമുള്ളൂ , കമലാസണ്ണന്‍ എന്നും വൈകിട്ട് ഒരു
ടോര്‍ച്ചും അടിച്ചു വീട്ടില്‍ വരും , ആ കെട്ടിയിട്ടിരിക്കുന്ന തറയുടെ
മുകളില്‍ നിന്ന് അച്ഛനോട് " അണ്ണാ എന്നാ അണ്ണാ ലോണ്‍ കിട്ടുന്നത് ..
പണി എനിക്ക് തന്നെ തരണേ അണ്ണാ .. പിന്നെ എന്നെ നോക്കി ടോര്‍ച് ആ
തറയിലേക്കു അടിക്കും " അനിയന്റെ മുറി ഞാന്‍ ഏറ്റവും നന്നായി പണിയും
, ഭിത്തി അലമാരി ഞാന്‍ ഇവിടെ പണിയും പണിയും , ബുക്കും പോസ്തകോം ഒക്കെ
വെക്കാന്‍ . പഠിക്കാനുള്ള മേശ ഇവിടെ ഇടും ."
പക്ഷെ അച്ഛന്‍
അവസാനം പരിചയ സമ്പന്നനായ കിട്ടപ്പണിക്കന് തന്നെ വീട് പണി
കോണ്ട്രാക്റ്റ് കൊടുത്തു . അന്ന് വൈകിട്ട് ടോര്‍ച്ചും അടിച്ചു വീട്ടില്‍
എത്തിയ കമലാസണ്ണന്‍ വിവരം അറിഞ്ഞു " എന്നാലും അണ്ണന്‍ ഇത് എന്നോട്
ഇങ്ങനെ ചെയ്തല്ലോ അണ്ണാ .. " എന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു . എപ്പോഴും
പൊട്ടിച്ചിരിച്ചു മാത്രം ഞാന്‍ കണ്ടിട്ടുള്ള കമലാസണ്ണന്‍ അങ്ങിനെ
കരയുന്നത് കണ്ടു ഞാനും വല്ലാതെ സങ്കടപ്പെട്ടു , നല്ല നടനായിരുന്ന
കമലാസന്‍ അണ്ണന്റെ ആ കരച്ചില്‍ അഭിനയം അല്ലായിരുന്നു എന്ന് എനിക്ക്
നല്ല ബോധ്യം ഉണ്ടായിരുന്നു . ജീവിതത്തിലെ ഒരു സ്വപ്നം തകര്‍ന്നു പോയത്
അറിഞ്ഞു ഉള്ളു നൊന്തു കരഞ്ഞാതാണ് . പാവം !
അന്ന് വീട്ടില്‍
നിന്നും ഇറങ്ങി പോയ കമലാസണ്ണന്‍ പിന്നെ വര്‍ഷങ്ങള്‍ ഓളം വീട്ടില്‍
കയറിയില്ല , അച്ഛനെ കണ്ടാല്‍ മിണ്ടില്ല , എന്നെ വഴിയില്‍ വെച്ച് കണ്ടാല്‍
ഒന്ന് രണ്ടു വാക്ക് പറയുമെങ്കിലും ആ വിഷമം മുഖത്ത് മറയ്ക്കാന്‍ പാട്
പെടും .
താമസിയാതെ കമലാസണ്ണന്‍ ഗള്‍ഫിന് പോയി , വര്‍ഷങ്ങളോളം
പിന്നെ കണ്ടിട്ടില്ല , ഒരു മകള്‍ കരിങ്ങാടിലെ രാജന്‍ അണ്ണന്‍ കല്യാണം
കഴിക്കാന്‍ ഒക്കെ തീരുമാനിച്ചതായിട്ടും അവസാന നിമിഷം വേറൊരു ഗള്‍ഫ്
കാരന് കല്യാണം കഴിച്ചു കൊടുത്തു . അങ്ങിനെ ഞാന്‍ മുംബൈയില്‍
പഠിക്കാന്‍ പോയതിനു ശേഷം ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ വഴിയില്‍
വെച്ച് കണ്ടു , കൊഴിഞ്ഞ മുടി മറയ്ക്കാന്‍ വിഗ് വെച്ചിരിക്കുന്നു ,
ബ്രൂട്ട് പൂശിയതിന്റെ മണം, അന്നത്തെ ബ്രഹ്മാനന്ദന്‍ ലുക്ക് ഒക്കെ
മാറിയിരിക്കുന്നു " അനിയോ എത്ര നാളായി കണ്ടിട്ട് .. ഞാന്‍ വൈകിട്ട്
അങ്ങോട്ട് വരുന്നുണ്ട് .. ഗള്‍ഫ് ഒക്കെ മടുത്തു അനിയാ , ഇനി പോന്നില്ല '
. അങ്ങിനെ വര്‍ഷങ്ങള്‍ക്കു ശേഷം കമലാസണ്ണന്‍ ഞങ്ങളുടെ പുതിയ വീട്ടില്‍
കാലു കുത്തി , വീട് ഒക്കെ കയറി കണ്ടു , പഴയ സൗഹൃദം , പഴയ പൊട്ടി
ചിരി , സൌദിയിലെ ചൂടിനെപ്പറ്റിയും കഫീലിന്റെ ദ്രോഹങ്ങളെപ്പറ്റിയും
ഒക്കെ വാ തോരാതെ സംസാരിച്ചു .
കമലാസണ്ണന്‍ നാട്ടില്‍ ചെറിയ
കൃഷിയും പശുവിനെ വളര്‍ത്തലും പാല് വില്‍പ്പനയും ഒക്കെ ആയി ജീവിതം
മുന്നോട്ടു നീക്കി , വീട്ടില്‍ കഷ്ടപ്പാടുകള്‍ പലവിധം , മകന് ജോലി
ഒന്നും ആയില്ല , മരുമകന്‍ ഗള്‍ഫു വിട്ടു നാട്ടില്‍ കള്ള് കുടിയും സദാ
വഴക്കുമായി കഴിയുന്നു . എനിക്ക് മുംബൈയില്‍ ജോലി ആയതേ ഉള്ളൂ , മകന്‍
ലവന് മുംബയില്‍ എന്തെങ്കിലും ജോലിയും താമസവും ഒക്കെ ശരിയാക്കനെമെന്നു
പറഞ്ഞു എനിക്ക് കത്തെഴുതിയതിന് പിന്നാലെ മകനുമായി മുംബയ്ക്ക് തിരിച്ചു .
അന്ന് വളരെ പ്രയാസപ്പെട്ടു ഞാന്‍ മകന് ഒരു തമാശ സൌകര്യം അന്ധേരിയില്‍
ശരിയാക്കി കൊടുത്തു , മകന് ചെറിയ ഒരു പണി കിട്ടി , പിന്നെ അയാള്‍
ഡല്‍ഹിയില്‍ ഒരു നേഴ്സ് നെ കല്യാണം കഴിച്ചു എങ്ങോട്ട് മാറി .
ഞാന്‍ ഗള്‍ഫില്‍ പോയി അവധിക്കു വന്നപ്പോഴേക്കും കമലാസണ്ണന്‍ വീണ്ടും
വീട്ടിലെ നിത്യ സന്ദര്‍ശകന്‍ ആയിക്കഴിഞ്ഞിരുന്നു, അച്ഛനുമായി ചേര്‍ന്ന്
താഴെ ചില കൂട്ട് കൃഷികള്‍ നടത്തുന്നു , വേദനയുള്ള ഒരു കാലിന്നു
വാതമാന്നെനു പറഞ്ഞു മുറക്ക് ചികിത്സ നടത്തുന്നു . വീട്ടിലെ സാമ്പത്തിക
പരാധീനതകള്‍ കാരണം അദ്ദേഹം ഒരു വൃദ്ധനായി മാറിക്കഴിഞ്ഞിരുന്നു . പക്ഷെ
സദാ അദ്ധ്വാനി!
എന്നോട് വളരെ മടിച്ചു മടിച്ചു സ്വന്തം
കടങ്ങളെപ്പറ്റി പറഞ്ഞു , കൊച്ചു മകന്‍ ഒരു ബസ് അപകടത്തില്‍ പെട്ട്
സീരിയസ് ആയി ചികിത്സയില്‍ , മരുമകന്‍ ശരിയല്ല , മകന്‍ ഡല്‍ഹിയില്‍ , പക്ഷെ
ഒരു സഹായവും ചെയ്യില്ല , ഞാന്‍ അനിയനോട് ഒരു സഹായം ചോദിച്ചാല്‍ ഒന്നും
വിചാരിക്കരുത് , വേറെ ഒരു നിവര്‍ത്തിയും ഇല്ലാഞ്ഞിട്ടാ " ഞാന്‍
പാലാരിവട്ടത്ത് വീടും മറ്റും വാങ്ങിയ സമയം ആണ് , എടുപിടി എന്ന്
ചോദിച്ചാല്‍ എടുത്തു കൊടുക്കാവുന്ന സമയം ആയിരുന്നില്ല അത് , പക്ഷെ
ഒരിക്കല്‍ അച്ഛന്‍ നിരാശപ്പെടുത്തി അയച്ച കമലാസണ്ണന്റെ മുഖം എനിക്ക്
ഓര്മ വന്നു . ഞാന്‍ അന്ന് ആരും അറിയാതെ ചോദിച്ച തുക കമലാസന്‍ അണ്ണന്റെ
കയ്യില്‍ പിറ്റേന്ന് തന്നെ ഏല്‍പ്പിച്ചു , " അനിയാ കൊക്കിനു
ജീവനുണ്ടെങ്കില്‍ ഇത് ഞാന്‍ തിരിച്ചു തരും ", അനിയന്‍ പാലാരിവട്ടത്ത്
വീട് വാങ്ങാന്‍ ലോണ്‍ ഒക്കെ എടുത്തു നിക്കുവാന്നു എന്ന് അണ്ണന്‍ പറഞ്ഞു "
പിന്നെ ഞാന്‍ വരുമ്പോള്‍ കമലാസണ്ണന്‍ കിടപ്പായിക്കഴിഞ്ഞു ,
അച്ഛന്നാണ് പറഞ്ഞത് " ബോണ്‍ ക്യാന്‍സര്‍ ആണ് , ശരീരം മുഴുവന്‍ വ്യാപിച്ചു
കഴിഞ്ഞിരുന്നു . ഞാന്‍ ചെല്ലുമ്പോള്‍ മൂത്രം ട്യൂബ് ഒക്കെ ഇട്ടു
കിടക്കുകയാണ് . അസ്ഥി മാത്രം ഉള്ള ആ രൂപത്തെ നോക്കാന്‍ തന്നെ എനിക്ക്
പ്രയാസമായിരുന്നു . ഭിത്തിയില്‍ തൂക്കിയിരിക്കുന്ന ആ പഴയ "
ബ്രഹ്മാനന്ദന്‍ ലുക്ക് " ഉള്ള ഫോട്ടോ കണ്ടാല്‍ ആരും പറയില്ല ആ രൂപമാണ്
ഇതെന്ന് . ഓരോ തവണ ഞാന്‍ വന്നു പോകുമ്പോഴും പോകാന്‍ നേരത്ത് എന്റെ കൈ
പിടിച്ചു " അനിയാ ഞാന്‍ ആ പൈസ അങ്ങ് തരാം ...അനിയന് അറിയാമോ അന്ന് ആ
പൈസ കിട്ടിയില്ലായിരുന്നെങ്കില്‍ ഞാന്‍ വിഷം കുടിച്ചു മരിച്ചേനെ ,
അവളോട് പറഞ്ഞിട്ടുണ്ട് ". ഇത് പല തവണ ആയപ്പോള്‍ എനിക്ക് സങ്കടം
സഹിക്കാന്‍ സാധിച്ചില്ല " കമലാസണ്ണാ... ഞാന്‍ അണ്ണന്റെ മകനാണെങ്കില്‍
എന്നോട് എങ്ങിനെ പറയുമോ ? ഞാന്‍ തന്നത് കടമായിട്ടല്ല , മകനായിട്ടാ
എന്ന് വിചാരിച്ചാ മതി ... ഇത് ഇനി എന്നോടെന്നല്ല ആരോടും പറയരുത് "
അവിടുത്തെ ഭിത്തി അലമാരയില്‍ ഒരു ക്ലാവ് പിടിച്ച ചെറിയ ട്രോഫിയിലേക്ക്
ഞാന്‍ നോക്കി , അതില്‍ താഴെ " ബെസ്റ്റ് ആക്ടര്‍ " എന്ന് എഴുതിയത്
അപ്പോഴും വായിക്കാം !
ആ വീടിന്റെ റോഡിലേക്കുള്ള പടികള്‍
താഴേക്കു ഇറങ്ങി വന്നപ്പോഴേക്കും അണ്ണന്റെ ഭാര്യ എന്നോട് പറഞ്ഞു '
അനിയാ എത്രയും പെട്ടന്ന് അണ്ണന്‍ മരിക്കണേ എന്നാണു ഞാന്‍
പ്രാര്‍ഥിക്കുന്നെ .. എന്തിനാ ഇങ്ങനെ ജീവിക്കുന്നെ ...?"
കമലാസണ്ണന്‍ ഇന്ന് ജീവിച്ചിരിപ്പില്ല . പക്ഷെ ജീവിതത്തില്‍ അഭിനയം മറന്നു
പോയ ആ മുഖത്തിന് എന്റെ ഓര്‍മകളില്‍ ഒരിക്കലും മരണമില്ല !
Wednesday, 18 April 2012
കരുണാകരന്‍ ചേട്ടന്‍
"
അണ്ണാ ..... " ആ നീട്ടിയുള്ള വിളി കേള്‍ക്കുമ്പോഴേ അറിയാം അത്
കരുണാകരന്‍ ചേട്ടന്‍ അച്ഛനെ വിളിക്കുന്നതാണെന്ന് . റോഡില്‍ സൈക്കിള്‍
സ്റ്റാന്‍ഡില്‍ വെച്ചിട്ട് താഴേക്ക് നടന്നു വരുമ്പോഴേ ഒന്ന് രണ്ടു
തവണ ഇങ്ങനെ നീട്ടി വിളിക്കും . മിക്കപ്പോഴും ഞങ്ങള്‍ കുട്ടികള്‍
ആയിരിക്കും വിളി കേട്ട് ഓടി വരുന്നത് , " അനിയോ ... അണ്ണന്‍ എന്തിയേ
... ' എന്ന് ചോദിക്കുമ്പോഴേക്കും ഞാന്‍ അകത്തോട്ട് ഓടും , ചിലപ്പോള്‍
അച്ഛന്‍ പറമ്പില്‍ എവിടെയെങ്കിലും ആയിരിക്കും . " ദാണ്ടാച്ചാ ..
കരുണാകരന്‍ ചേട്ടന്‍ വന്നു .. "
കരുണാകരന്‍ ചേട്ടന്‍ സിറ്റ് ഔട്ട്
ലെ മൊസൈക് കൈവരിയില്‍ ഇരുന്നു വിശേഷങ്ങള്‍ പറയുമ്പോഴേക്കും
ചിലപ്പോള്‍ അമ്മ ഒരു ചായ കൊണ്ട് വന്നു കൊടുക്കും , അമ്മയെ സാര്‍ എന്ന്
തന്നെയാണ് വിളിക്കുക . കരുണാകരന്‍ ചേട്ടന്‍ അച്ഛന് രണ്ടു മൂന്നു
വയസ്സ് ഇളപ്പമാണ്, അച്ഛന്റെ കൂടെ വട്ടമോടി സ്കൂളില്‍ പോയ കാലം
തൊട്ടേ ഈ അണ്ണന്‍ വിളിയുണ്ട് . അച്ചനാനെകില്‍ " എടാ " എന്ന് ചെര്‍ത്തെ
വിളിക്കൂ . ചിലപ്പോള്‍ കണക്കിന് ശകാരിക്കുന്നതും കാണാം .
" അണ്ണാ ... ഓല ആര്‍ക്കും കൊടുക്കരുതേ അണ്ണാ .. എനിക്ക് വേണം "
" നിനക്ക് ഞാന്‍ ഇനി ഓല തരില്ല .. കഴിഞ്ഞ തവണ തന്നതിന്റെ കാശ് എന്തിയെ ? '
" അണ്ണാ അങ്ങിനെ പറയരുതേ അണ്ണാ , അത് കൂടി ചേര്‍ത്ത് ഇപ്പൊ അങ്ങ് തരാം "
മടിയില്‍ നിന്നും കാശെടുക്കാന്‍ തുടങ്ങുമ്പോഴേക്കും അച്ഛന്‍ പറയും " ആ
വെച്ചോ , ഓല കൊണ്ട് പോവുമ്പോ ഇങ്ങു തന്നാ മതി , .. പിന്നെ ഓല പെറുക്കി
ക്കൂട്ടാന്‍ തേങ്ങാ വെട്ടുംമ്പോ ഇങ്ങു വന്നേക്കണം "
എല്ലാ തവണയും
ഏറക്കുറെ കരുണാകരന്‍ ചേട്ടന്‍ ഓല വാങ്ങുന്നത് ഇങ്ങനെ തന്നെ . അത്
അച്ഛനും അറിയാം . സ്കൂളില്‍ തുടങ്ങിയ ചങ്ങാത്തമാണ്. സ്നേഹം ഒരു
അവകാശമാകുന്ന ഒരു അനുഭവം ആണത് .
എന്റെ കുട്ടിക്കാലത്ത്
ഞങ്ങളുടെ തേങ്ങാ വെട്ടു എന്തൊരു രസമുള്ള അനുഭവമാണ് . പന്തളം കുട്ടി
ചേട്ടനോ പറപ്പാട്ടെ കുട്ടി ചേട്ടനോ ആയിരിക്കും തേങ്ങാ വെട്ടാന്‍
വരുന്നത് , പെറുക്കി കൂട്ടാന്‍ അയ്യപ്പനോ ഭാസ്കരനോ കാണും , ഞാനും
എന്റെ അനിയന്‍ ( അവനെ കൊച്ച് എന്നാ വിളിക്കുക ) കൂടെ കാണും . അച്ഛന്‍
പരീക്ഷക്ക് കോപ്പിയടി പിടിക്കാന്‍ നടക്കുന്നത് പോലെ എപ്പോഴും പിറകെ
കാണും . ഓല വാങ്ങാന്‍ നേരത്തെ പറഞ്ഞു വെച്ചവര്‍ വന്നു അത് പെറുക്കി
കൂട്ടിയിടാന്‍ സഹായിക്കും . അച്ഛന്റെ കണ്ണ് തപ്പിയാല്‍ ഞാന്‍ കുട്ടി
ചേട്ടനോട് കരിക്കിടാന്‍ പറയും , അങ്ങിനെ അച്ഛന്‍ ചായ കുടിക്കാന്‍
പോവുന്ന നേരം കൊണ്ട് കരിക്കും കുടിച്ചു അതിലെ കാമ്പ് പൂളി തിന്നു
തൊണ്ട് ദൂരേക്ക് വലിച്ചെറിയും . അതിനിടെ ചൂട്ടും കൊതുമ്പും ഒക്കെ
ചോദിച്ചു വാങ്ങാന്‍ വരുന്നവരും ഉണ്ടാകും . ഒന്നോ രണ്ടോ കുരുട് തേങ്ങയും
ചിലപ്പോള്‍ അവര്‍ പെറുക്കും, അച്ഛന്‍ കണ്ടാല്‍ ചിലപ്പോള്‍ എന്നെയും
കുട്ടി ചേട്ടനെയും വഴക്ക് പറയും ,
കരുണാകരന്‍ ചേട്ടന്‍ പിറ്റേ
ദിവസം തന്നെ ഈ പെറുക്കി കൂട്ടിയ ഓല മുഴുവന്‍ കീറി അത് ഭംഗിയുള്ള
ഉരുളന്‍ കെട്ടുകള്‍ ആയി കെട്ടിവെച്ചു തെങ്ങില്‍ ചാരി വെക്കും ,
ചിലപ്പോള്‍ സഹായിക്കാന്‍ ഒന്നോ രണ്ടോ പേരും ഉണ്ടാവും , ഈ ഓല
ക്കെട്ടുകള്‍ പിന്നീട് താഴെ തോട്ടിലോ കുളത്തിലോ തഴ്ത്തിയിടും , അത്
നല്ലവണ്ണം പാകമായീടു വേണം ഓല മടയാന്‍ . അതിനു അഴകി ചെട്ടത്തിയോ
വെളുമ്പി ചെട്ടത്തിയോ വരും . അവരെ ആക്കാലത്ത് അവരുടെ ജാതിപ്പേര്
ചേര്‍ത്ത് വേണം ഞങ്ങള്‍ കുട്ടികള്‍ വിളിക്കാന്‍ , അവര്‍ അത്
നിലത്തിരുന്നു മടയുന്നത് വളരെ ഭംഗിയുള്ള ഒരു കാഴ്ചയാണ് . അത് തണലില്‍
ഉണക്കി കെട്ടി വെക്കും . കരുണാകരന്‍ ചേട്ടന്‍ വൈകിട്ട് ജോലി കഴിഞ്ഞു
അതെല്ലാം കെട്ടിച്ച്ചുമ്മി വീട്ടില്‍ എത്തിക്കും .
പുരകെട്ടു
എന്ന് വിളിക്കുന്ന പുരയുടെ പഴയ ഓല മാറ്റി പുതിയ ഓല മേയുന്ന ദിവസം
അരീക്കര ഓരോ വീട്ടിലും ഒരു ആഘോഷമാണ് . കരുണാകരന്‍ ചേട്ടന്‍ തലേദിവസമേ
വീട്ടില്‍ നിന്ന് വിളിക്കും " അണ്ണാ .. നാളെ പെരകെട്ടാ... അനിയനെ
അങ്ങോട്ട് വിടണേ .. വീട്ടില്‍ എല്ലാവരെയും ക്ഷണിക്കുമെങ്കിലും ഞാന്‍
മാത്രമേ പോവൂ .. സ്കൂള്‍ ഇല്ലാത്ത ഞായറാഴ്ച ആയിരിക്കും മിക്ക
പെരകെട്ടും . അതിനാല്‍ രാവിലെ മുതല്‍ ഞാന്‍ സ്ഥലത്ത് ഹാജരാവും , പഴയ ഓല
അഴിച്ചു മാറ്റുമ്പോള്‍ അതുവരെ ഇരുട്ടായിരുന്ന കുടുസ്സു മുറികള്‍
വെയിലത്ത് പ്രകാശം നിറഞ്ഞു നില്ല്കുന്നത് ഒരു പ്രത്യേക കാഴ്ച ആണ് .
പുതിയ ഓല പട്ടികയില്‍ ചേര്‍ത്ത് കെട്ടാന്‍ പച്ച ഓലക്കാലുകള്‍ തീയില്‍
വാട്ടിയെടുത്ത് കേട്ട് കെട്ടാക്കി വെക്കും , പത്തിരുപതു പേരെങ്കിലും
ഒരു പെരകെട്ടിനു ഉണ്ടാവും , പുതിയ ഓലകള്‍ പട്ടികയില്‍ ഓലക്കാല്‍ കൊണ്ട്
കെട്ടി വെച്ചു മുന്നേറുന്നത് ഭംഗിയുള്ള ഒരു കാഴ്ച ആണ് . ഈ സമയമെല്ലാം പല
അടുപ്പുകളില്‍ ആയി പുറത്ത് തുറസ്സായ സ്ഥലത്ത് കപ്പയും കഞ്ഞിയും
മുളകരച്ച ചമ്മന്തിയും ഒക്കെ തയ്യാറായി വരുന്നുണ്ടാവും . പത്ത് മണിക്ക്
കപ്പയും മുളകും കഞ്ഞിയും , ഉച്ചക്ക് ചക്ക വേവിച്ചതും ചോറും സാമ്പാറും
ചിലപ്പോള്‍ മീന്‍ കറിയും അങ്ങിനെയായിരിക്കും മെനു .
കരുണാകരന്‍
ചേട്ടന്‍ ഓല കെട്ടാനൊന്നും പുരപ്പുറത്ത് കയറില്ല , താഴെന്നിന്നു ഓല
പെറുക്കി കൊടുക്കുക , കപ്പ തൊലി ചിരണ്ടി കൊടുക്കുക , തേങ്ങ ചുരണ്ടി
കൊടുക്കുക , കഞ്ഞി വെള്ളമോ ജീരാക് വെള്ളമോ വിതരണം ചെയ്യുക എങ്ങിനെ നൂറു
കൂടം പണികളുമായി കറങ്ങി നടക്കും . ഇടയ്ക്കിടെ " അനിയോ ..." എന്ന്
വിളിച്ചു എന്റെ കാര്യങ്ങള്‍ തിരക്കി കൊണ്ടിരിക്കും . ഓല പെറുക്കി
മാറുമ്പോള്‍ ചിലപ്പോള്‍ ചേരയോ വില്ലൂന്നിയോ പോലെയുള്ള പാമ്പുകളെ കാണും .
അവയെ ഒക്കെ വെറുതെ ഇഴഞ്ഞു പോവാന്‍ അനുവദിക്കും , ആരും അവയെ ഉപദ്രവിക്കാന്‍
പുറകെ പോവില്ല . മണി പതിനോന്നാവുമോഴേക്കും കപ്പയും കഞ്ഞിയും അടങ്ങിയ
പ്രാതല്‍ റെഡി ആവും , വാഴ ഇലയില്‍ ആയിരിക്കും വിളമ്പുക , അതെല്ലാവരും
കൂടി ഇരുന്നു കഴിക്കും , ചിലപ്പോള്‍ കഴിഞ്ഞ കൊല്ലം പേര കെട്ടിയ സമയത്തെ
വിശേഷങ്ങള്‍ പറഞ്ഞു പൊട്ടി ചിരിക്കും . കഞ്ഞി കുടി കഴിഞ്ഞു കൈ കഴുകി
വീണ്ടും പുരയുടെ മുകളിലേക്ക് ഓല വീശി എറിയുന്നതും അത് പിടിച്ചെടുത്തു
പട പടാന്ന് മേയുന്നതും ഒരു കലതന്നെയാണ് . കെട്ടിയ ഓല കാറ്റിലോ മഴയിലോ
പറന്നു പോവാതിരിക്കാനായി അവസാനം ചീകിയ അലകിന്റെ ചെറു പട്ടികകള്‍ വെച്ച്
ഇഴ കയറുകൊണ്ട് കേട്ടുന്നതോടെ പെരകെട്ടു തീരും . അത് തീരുമ്പോഴേക്കും
മൂന്നു മണിയെങ്കിലും ആവും . പിന്നെ അതുവരെ പുരയുടെ മുകളില്‍
ആയിരുന്നവര്‍ താഴെ ഇറങ്ങി കൈ കഴുകി ഉണ്ണാന്‍ ഇരിക്കുന്നു . ചോറും ചക്ക
വേവിച്ചതും മത്തി പറ്റിച്ചതും കരിയാപ്പിലയും പച്ച മുളകും ഇട്ട പച്ച
മോരും ഒക്കെ കൂട്ടിയുള്ള ആ പെരകെട്ടു സ്പെഷ്യല്‍ ഊണ് എത്ര തവണയാണ്
എന്റെ കുട്ടിക്കാലത്ത് ഞാന്‍ പല വീടുകളില്‍ നിന്നായി കഴിച്ചിട്ടുള്ളത് .
കരുണാകരന്‍ ചേട്ടന്‍ പീ ഡബ്ലിയൂ ഡീ യിലെ റോഡ് പണികളില്‍
സഹായിക്കുന്ന ഒരു സ്ഥിരം ജീവനക്കാരന്‍ ആണ് . കാക്കി ഉടുപ്പ് , കാക്കി
നിക്കര്‍ , റാലി സൈക്കിള്‍ , അതില്‍ താഴെ ക്രോസ് ബാറില്‍ ഒരു പിച്ചള
കൊണ്ടുള്ള ഹാന്‍ഡ് പമ്പ് എപ്പോഴും ഫിറ്റു ചെയ്തിരിക്കും . മുന്നില്‍
ഹാന്‍ഡില്‍ബാറില്‍ തൂക്കിയിട്ടിരിക്കുന്ന അകം ഈയം പൂശിയ പിച്ചള
ചോറ്റു പാത്രം , അങ്ങിനെ എന്നും ജോലിക്ക് പോവുന്ന കരുണാകരന്‍ ചേട്ടനെ
ആണ് എന്റെ ബാല്യ കാലത്ത് പരിചയം . മിക്ക ദിവസവും വൈകിട്ട് ജോലി കഴിഞ്ഞു
ഒരു ഏഴു മണിയോടെ ടോര്‍ച്ചടിച്ചു വീട്ടിലേക്കു
" അനിയോ ..."
എന്ന് ദൂരെ നിന്ന് തന്നെ വിളിച്ചു കൊണ്ട് ഒരു വരവുണ്ട് . ഞങ്ങള്‍
കുട്ടികള്‍ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ കിട്ടുന്ന ഒരു ബ്രേക്ക് ആണിത്
. വന്ന പാടെ അന്ന് സംഭവിച്ച കാര്യങ്ങള്‍ ഞങ്ങളോട് പൊടിപ്പും തൊങ്ങലും
വെച്ച് വിവരിക്കും . ചട്ടമ്പികളായ കുട്ടികളെ ചാടിച്ചത് , കൂടെയുള്ളവരെ
ശകാരിച്ചത് , സൂപ്പര്‍ വൈസരെ ഉപദേശിച്ചത് അങ്ങിനെ ഞങ്ങള്‍ മൂപ്പരുടെ
വീരഗാഥകള്‍ കേട്ടിരിക്കും , അച്ഛന്‍ വന്നു ഒന്നോ രണ്ടോ വിശേഷങ്ങള്‍
ചോദിക്കുകയോ " പോയിന്‍ പിള്ളാരെ ... എന്തോ കഥ കേള്‍ക്കാന്‍ വന്നിരിക്കുകാ
... " എന്ന് പറയുന്നത് വരെ ഞങ്ങള്‍ അവിടെ ചുറ്റി ത്തിരിഞ്ഞു
നില്ല്ക്കും .
രാഷ്ട്രീയ സംഘര്‍ഷം നിറഞ്ഞു നില്ല്ക്കുന്ന
കാലങ്ങളില്‍ കമ്മ്യൂണിസ്റ്റു അനുഭാവിയായ കരുണാകരനെ ചേട്ടന്‍ വരുന്ന
വഴിക്ക് എതിര്‍ പാര്‍ടിയിലെ ചട്ടമ്പികളെ കണ്ട കാര്യങ്ങള്‍ ആണ്
ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ ഏറ്റവും ഇഷ്ടം .
" ഇമന്‍( ഇവന്‍ ) എന്നോട്
ഒന്നും രണ്ടും പറഞ്ഞു , ഞാന്‍ മൂക്കടങ്കം ഒന്ന് കൊടുത്തു , അമന്‍ (
അവന്‍ ) കയ്യാലയില്‍ നിന്ന് താഴേക്കു ഉച്ചീം കുത്തി താഴോട്ടു വീണു ,
അടി തട പഠിച്ച എന്നോടാ അവന്റെ കുഞ്ഞു കളി ?"
വീര ഗാഥകള്‍ പറയുമ്പോള്‍ അച്ഛന്‍ എങ്ങാനം അകത്തു നിന്ന് വന്നാല്‍ പെട്ടന്ന് കരുണാകരന്‍ ചേട്ടന്‍ സ്വരം താഴ്ത്തും ,
" നീ ആരെ അടിച്ചെന്നാ ഈ പറയുന്നത് ... "
" അല്ല , ഇല്ല ലവന്‍ .... അണ്ണാ .."
" ഇതു ലവന്‍ ? "
" അല്ലണ്ണാ.. ഇല്ല തല്ലുകൊള്ളി രവി .. അവനെ ഇന്ന് ഞാന്‍ ഒന്ന് ...."
" നീ അവനെ എന്തോ ചെയ്തെന്നാ ... .."
" അല്ലണ്ണാ ...അവന്‍ എന്റെ നേരെ വന്നു ചീത്ത വിളിച്ചു .. അടിക്കാന്‍ ഞാന്‍ കൈ ഒങ്ങിയതാ.. "
" എന്നിട്ട് .?"
" അല്ലണ്ണാ ... അവന്റെ പിള്ളാരെ ഓര്‍ത്തു ഞാന്‍ വിട്ടതാ .. ഇനി കളിക്കാന്‍ വന്നാല്‍ ഞാന്‍ ഒന്ന് പൊട്ടിക്കും "
" നീ പോടാ .. ഡീക്കടിക്കാതെ .. പോയിന്‍ പിള്ളാരെ വല്ലതും നാലക്ഷരം പഠിക്കാന്‍ നോക്ക് "
പാവം , ഒരു ഈച്ചയെ പ്പോലും ഉപദ്രവിക്കാന്‍ കരുണാകരന്‍ ചേട്ടന്
പറ്റില്ലാന്നു ഞങ്ങള്‍ക്കറിയാം , എന്നാലും ആ രസ ചരട് പൊട്ടിച്ചു
കളഞ്ഞത്തില്‍ അച്ഛനോട് ഞങ്ങള്‍ക്ക് ഒരു നീരസം തോന്നി .
മഹാ തല്ല്ലുകൊള്ളിയും താന്തോന്നിയുമായ രവിക്ക് കരുണാകരന്‍ ചേട്ടന്‍ കരണത്ത് ഒന്ന് പൊട്ടിച്ചാല്‍ അച്ഛന് എന്താ നഷ്ടം ?
" അനിയോ .... " നിഷ്കളങ്കന്‍ ആയ കരുണാകരന്‍ ചേട്ടന്റെ ആ വിളിയിലെ
സ്നേഹവും മധുരവും ആ കണ്ണുകളിലെ തിളക്കവും എനിക്ക് മറക്കാന്‍ പറ്റുമോ ,
മറന്നാല്‍ ഈശ്വരന് എന്നോട് പൊറുക്കാന്‍ പറ്റുമോ ?
Saturday, 14 April 2012
കൊച്ചു ചെറുക്കന്‍ സ്വാമി
അരീക്കരയില്‍
ഒട്ടു മിക്ക കിണറുകളും കുഴിച്ചത് കൊച്ചു ചെറുക്കന്‍ സ്വാമിയും
സംഘവും ആയിരിക്കണം , എന്റെ ഓര്മ വെച്ച നാള് മുതല്‍ കൊച്ചു ചെറുക്കന്‍
സ്വാമി എന്റെ വീട്ടിലെ പ്രധാനപ്പെട്ട ഒരു കാര്യസ്ഥനെപ്പോലെ ആണ് .
കിണര്‍ വെട്ടു ആണ് ഏറ്റവും പ്രധാനപ്പെട്ട സ്പെഷിയാലിറ്റി എങ്കിലും
അദ്ദേഹം എല്ലാത്തരം കൃഷിപ്പണികളും ചെയ്യും . വിത്ത് വിതക്കുക , നിലം
ഒരുക്കുക , ചേന മുറിച്ചു ചാണകത്തില്‍ മുക്കി വിത്തിനു വെക്കുക ,
കാച്ചില്‍ നടുക , ഇഞ്ചി നടുക , വെറ്റക്കൊടി പാകുക , പാവല്‍ , പടവലം
കൃഷി എന്ന് വേണ്ട ഒരു മൂത്ത കര്‍ഷകന്‍ ആകാനുള്ള എല്ലാ അറിവും
പ്രായവും അദ്ദേഹത്തിനുണ്ട് . എന്റെ വീട്ടില്‍ ഉള്ള രണ്ടു കിണറുകളും
അദ്ദേഹമാണ് വെട്ടിയത് , മലമ്പ്രദേശം ആയതിനാല്‍ വേനല്‍ കാലത്ത് വെള്ളം
വറ്റാന്‍ തുടങ്ങിയപ്പോള്‍ അമ്മ അച്ഛനോട് വഴക്കുണ്ടാക്കിയാണ്
രണ്ടാമത്തെ കിണര്‍ താഴെ വെട്ടിയത് . അതിനു സ്ഥാനം കണ്ടിട്ട്
കിട്ടപ്പണിക്കന്‍ ഒരു അലക് കുറ്റി നാട്ടിയിട്ടു പോയതിന്റെ പിറ്റേ
ആഴ്ച നല്ല സമയം നോക്കി വെട്ടു തുടങ്ങും എന്നറിഞ്ഞതോടെ എനിക്ക് സന്തോഷം
അടക്കാന്‍ ആയില്ല . സ്വാമി പറഞ്ഞ സാധനങ്ങള്‍ അച്ഛന്‍ അന്ന് വൈകിട്ട്
തന്നെ വാങ്ങി വന്നു , അവല്, മലര് , കല്‍ക്കണ്ടം , കരുപ്പെട്ടി ,
കര്‍പ്പൂരം , ചന്ദനത്തിരി അങ്ങിനെ കുറെ സാധനങ്ങള്‍ , പൂവന്‍ പഴം
വീട്ടില്‍ തന്നെ ഉണ്ട് . അങ്ങിനെ ഒരു തിങ്കളാഴ്ച രാവിലെ കൊച്ചു
ചെറുക്കന്‍ സ്വാമിയും സഹായത്തിനു മീശ അയ്യപ്പനും എത്തി , സ്വാമി ഒരു
ഇല മുറിച്ചു നാഴിയില്‍ നെല്ലും അവലും തെറ്റിപ്പൂവും മലരും തേങ്ങാ
പൂളും പൂവന്‍ പഴവും വെറ്റിലയും പാക്കും കല്‍ക്കണ്ടവും കരുപ്പെട്ടിയും
ഒക്കെ നിരത്തി വെച്ച് കിണ്ടിയില്‍ വെള്ളം നിറച്ചു , വാഴത്തട മുറിച്ചു
അതില്‍ അഞ്ചെട്ടു ചന്ദന തിരി കത്തിച്ചു വെച്ച് പൂജ തുടങ്ങി ,
കര്‍പ്പൂരം കത്തിച്ചു ഞങ്ങള്‍ എല്ലാവരും തോഴുതതിനു ശേഷം മധ്യത്തില്‍
ഉള്ള അലക് കുറ്റിയില്‍ ഒരു ഇഴക്കയര് വേറൊരു അലക് ചെത്തി
കുറ്റിയാക്കി ഒരു നല്ല വൃത്തം വരച്ചു . സകല ദൈവങ്ങളെയും ഉറക്കെ
വിളിച്ചു കൊച്ചു ചെറുക്കന്‍ സ്വാമി കൊണ്ട് വന്ന ആ കൊച്ചു കൂന്താലി
കൊണ്ട് മധ്യത്തില്‍ ഒരു കൊത്ത് കൊത്തി . " മതി ഇന്നിത്രേ ഉള്ളൂ ,
നാളെ മുതല്‍ വെട്ടു തുടങ്ങാം " സ്വാമി തന്നെ അവലും മലരും
കരുപ്പെട്ടിയും( ചക്കര ) കല്‍ക്കണ്ടവും പഴവും എല്ലാം മുറിച്ചു ഇലയില്‍
തന്നെ അത് പ്രസാദമാക്കി ഞങ്ങള്‍ക്ക് വിളമ്പി .
കൊച്ചു
ചെറുക്കന്‍ സ്വാമി, സ്വാമി ആകാനുള്ള കാരണം അദേഹം ഒരു നാല്‍പ്പതു
വര്‍ഷമായെങ്കിലും ശബരിമലക്ക് പോവുന്നുണ്ട് , അരീക്കരയിലെ എല്ലാ കെട്ടു
മുറുക്കിനും വലിയ സ്വാമി ആണ് . ഒരുവിധം നാമ ജപങ്ങളും പൂജയും ഒക്കെ
അറിയാം . വലിയ അദ്ധ്വാനി, ഞാന്‍ കണ്ടു തുടങ്ങിയ കാലത്ത് തന്നെ ഒരു
അറുപതു വയസ്സെങ്കിലും കാണും , കയ്യാല കെട്ടുക , കിണറു വെട്ടുക എന്ന്
വേണ്ട പ്രയാസം പിടിച്ച പണികള്‍ ആണ് സ്വാമിയെ പ്രസിദ്ധന്‍ ആക്കിയത് .
എന്റെ വീട്ടില്‍ പണിക്കു വന്നാല്‍ മറ്റു പണിക്കാരെ ശാസിക്കുന്നതും
അവരെ പണി പഠിപ്പിക്കുന്നതും കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത് , അമ്മക്ക്
വിശ്വസ്തന്‍ , അങ്ങിനെ പറഞ്ഞാല്‍ തീരാത്ത യോഗ്യതകള്‍ ആണ് . അമ്മ തന്നെ
ഓപ്പറേഷന്‍ ആയി തിരുവല്ല സായിപ്പിന്റെ ആശുപത്രിയില്‍ കിടന്നപ്പോള്‍
വീട് നോക്കാന്‍ ഏല്‍പ്പിച്ചത് സ്വാമിയേ ആയിരുന്നു . ഒരു ദിവസം ഞങ്ങളെ
മൂന്നു പേരെയും അമ്മയുടെ അടുത്തു ബസ്സില്‍ കൊണ്ട് പോയത് ഇന്നും ഒരു
നേരിയ ഓര്മ എനിക്കുണ്ട് . ഒരിയ്ക്കലും ഷര്‍ട്ട് ഇട്ടു കണ്ടിട്ടില്ലാത്ത
സ്വാമിയേ അന്നാണ് ഞാന്‍ ആദ്യമായി ഒരു വെളുത്ത ജൂബ ഇട്ടു കാണുന്നത് .
ഞാന്‍ കണ്ട കാലം മുതല്‍ കൊച്ചു ചെറുക്കന്‍ സ്വാമിക്ക് ഒരേ വേഷം ആണ് ,
തവിട്ടു നിറമുള്ള ഒരു വലിയ തോര്‍ത്ത് മുണ്ട് , തലയില്‍ ഒരു
തൊപ്പിപ്പാള, അതിനകത്ത് ഒരു പ്ലാസ്റ്റിക് കൂടില്‍ മുറുക്കാന്‍ , ഒരു
മടക്കുന്ന കൊച്ചു പിച്ചാത്തി , പാക്ക് അരിയാന്‍ ആണ് , ഒരു സിഗരറ്റിന്റെ
ഫോയില്‍ പേപ്പറില്‍ കുറച്ചു ചുണ്ണാമ്പും , വൈകിട്ട് പണി കഴിഞ്ഞു
കുളിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു കാവി മുണ്ട് , ഷര്‍ട്ട് ഇടാരെ ഇല്ല .
കല്യാണ സൌഗധികം തുള്ളല്‍ ഏറെക്കുറെ മുഴുവന്‍ ആയി അറിയാം . പലവിധ പുരാണ
കഥകളും എനിക്ക് പറഞ്ഞു തന്നിട്ടുണ്ട് .
ആ കിണറു വെട്ടു
കാലത്താണ് എനിക്ക് കൊച്ചു ചെറുക്കന്‍ സ്വാമി ആരാധ്യപുരുഷന്‍ ആയതു ,
ആദ്യത്തെ അയഞ്ഞ മണ്ണ് നീക്കി മൂന്നടി ചെന്നപ്പോഴേക്കും ഉറച്ച വെട്ടു
കല്ല് കണ്ടു തുടങ്ങി , മീശ അയ്യപ്പന്‍ ആ കല്ല് അറഞ്ഞു ഏകദേശം
വട്ടത്തില്‍ കുഴിക്കും , സ്വാമി അത് തന്റെ കൊച്ചു കൂന്താലി കൊണ്ട്
പൂര്‍ണ വൃത്തത്തില്‍ ചെത്തി ചെത്തി അരഞ്ഞാണമാക്കും . അത് ആരും നോക്കി
നിന്ന് പോവും അത്ര പൂര്‍ണ വൃത്തം ആണ് , അങ്ങിനെ ആദ്യത്തെ അരഞ്ഞാണം
ആയപ്പോള്‍ ആണ് കിണര്‍ എങ്ങിനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന്
എനിക്ക് പിടി കിട്ടുന്നത് . എന്നും സ്കൂളില്‍ നിന്നും വരുമ്പോഴേക്കും
പുതിയ ഒരു അരഞ്ഞാണം ആയി കഴിയും , അതില്‍ ഇറങ്ങാന്‍ ആണ് എന്റെ
പിന്നത്തെ ശ്രമം . " മറഞ്ഞു വീന്നു അയ്യോ പൊത്തോ വിളിച്ചാല്‍ ഒന്നും
ഞാന്‍ അനങ്ങത്തില്ല കേട്ടോ അനിയാ " എന്ന് പറഞ്ഞു സ്വാമി ഉറക്കെ
പൊട്ടി ചിരിക്കും . ഒരു അരഞ്ഞാണത്തില്‍ ചവുട്ടി കയ്യ് രണ്ടും
വശങ്ങളിലേക്ക് നീട്ടി മുകളിലത്തെ അരഞ്ഞാണത്തില്‍ ബലം കൊടുത്തു ഓരോ
കാലായി താഴെ അരഞ്ഞാണത്തിലേക്ക് ഇറങ്ങുന്നു , അങ്ങിനെ താഴെ
അരഞ്ഞാണത്തിലേക്ക് നമ്മള്‍ നീങ്ങുന്നു , ഇങ്ങനെ കിണറ്റില്‍ ഇറങ്ങാന്‍
പഠിപ്പിച്ചതു കൊച്ചു ചെറുക്കാന്‍ സ്വാമി ആണ് , സ്കൂള്‍ വിട്ടു വന്നാല്‍
ഉടന്‍ കിണറ്റില്‍ ഇറങ്ങുക പ്രധാന പരിപാടി ആയി , ആഴം കൂടുന്നതിന്
അനുസരിച്ചു പേടിയും കൂടിയിരുന്നു, എങ്കിലും ഇത് ഒരു രസമുള്ള പരിപാടി
ആയി മാറാനും പരിശീലനത്തിന് കൊച്ചു ചെറുക്കാന്‍ സ്വാമി കൂടെക്കൂടിയതും
എനിക്കു ആവേശമായി , അവസാനം ഇരുപത്തി ഒന്നാം അരഞ്ഞാണം വെട്ടി
തീര്‍ന്നപ്പോഴേക്കും ഉറവ പൊടിഞ്ഞു വെള്ളം കണ്ടു തുടങ്ങിയത് എത്ര
സന്തോഷകരമായ ഒരു അനുഭവം ആയിരുന്നു . വെള്ളം കണ്ടിട്ടും പിന്നേയും രണ്ടു
അരഞ്ഞാണം കൂടി സ്വാമി വെട്ടി തീര്‍ത്തു , അങ്ങിനെ കിണറ്റില്‍
ഇറങ്ങാന്‍ എന്നെ പഠിപ്പിച്ച കൊച്ചു ചെറുക്കന്‍ സ്വാമി എനിക്കു ഗുരു
സ്ഥാനീയന്‍ ആയി . പിന്നെ അങ്ങേതിലെ ശശി ചിറ്റപ്പന്റെ വീട്ടില്‍ കിണര്‍
വെട്ടിയപ്പോഴും ഈ കിണറ്റില്‍ ഇറക്കം വിജയകരമായി ഒന്ന് കൂടി നടത്തി
നോക്കി . ' ആഹാ ഇതാണോ വലിയ ആനക്കാര്യം ? " എന്ന് പറഞ്ഞു ഞാന്‍
കിണറ്റില്‍ ഇറങ്ങും .
മണ്ഡല കാലം തുടങ്ങിയാലും കൊച്ചു
ചെറുക്കന്‍ സ്വാമി കൃഷിപണികളോ ജോലിക്ക് പോകലോ ഒന്നും വേണ്ടെന്നു
വെക്കില്ല , പണി കഴിഞ്ഞു കുളിയൊക്കെ കഴിഞ്ഞു പിന്നെ കെട്ടുമുറുക്കോ
ശരണം വിളിയോ ഉള്ള വീടുകളിലേക്ക് യാത്ര ആകും , ചിലപ്പോള്‍ അവിടെ
പന്തല്‍ ഒരുക്കുന്ന പണിയില്‍ സഹായിക്കും , കുരുത്തോലകള്‍ കൊണ്ടുള്ള
തോരണം , തത്ത , പാമ്പുകള്‍ , പന്തുകള്‍ , വളയങ്ങള്‍, വാഴപ്പോള
കൊണ്ടുള്ള അലങ്കാര പണികള്‍ അങ്ങിനെ എന്തെല്ലാം വസ്തുക്കള്‍ ആണ് സ്വാമി
ഉണ്ടാക്കുന്നത് , അവ ഓലയും കവുങ്ങും കൊണ്ട് തീര്‍ത്ത പന്തലിനെ എത്ര
മനോഹരം ആക്കുമെന്നോ !, അടുത്ത വീടുകളില്‍ ഒക്കെ ഞാനും പ്രസാദവും
പായസവും ഓര്‍ത്തു പോവും , തിരികെ വരുമ്പോള്‍ ചിലപ്പോള്‍ അമ്മയുടെ
വഴക്കോ വീക്കോ മുറക്ക് കിട്ടുമെന്ന് മാത്രം . എവിടെ ചെന്നാലും ഞാന്‍
സ്വാമിയുടെ കൈയാളായി കൂടും , കല്‍ക്കണ്ടം ഒക്കെ കണ്ണ് തപ്പിയാല്‍ വാരി
വായിലിടും . സ്വാമി ശരണം വിളി തുടങ്ങി കഴിഞ്ഞാല്‍ പിന്നെ വര്തമാനമോ
അശ്രദ്ധയോ പാടില്ല , ചെറിയ സ്വാമിമാരെ കണക്കിന് വഴക്ക് പറയാനും
മടിക്കില്ല . കെട്ടു മുറുക്കുന്നതും അത് തലയില്‍ വെച്ച് കൊടുക്കുന്നതും
ഒക്കെ കണ്ടു എത്ര തവണയാ ഞാന്‍ ശരണം വിളിച്ചിട്ടുള്ളത് .
കൊച്ചു ചെറുക്കന്‍ സ്വാമിക്ക് കിണറു വെട്ടാന്‍ മാത്രം അല്ല അറിയുന്നത് ,
നല്ല മണ്ണ് കുഴച്ചു തടി കൊണ്ടുള്ള അച്ചില്‍ വലിയ കട്ടകള്‍ ആക്കി
മാറ്റിയെടുക്കുന്ന വിദ്യയും അറിയാം , വെട്ടുകല്ല് വാങ്ങാന്‍
പാങ്ങില്ലാത്തവര്‍ എല്ലാം ഇത്തരം തവിട്ടു നിറമുള്ള കല്ലുകള്‍ കൊണ്ടാണ്
വീട് പണിയുക , അത് പിന്നീട് കുമ്മായമോ മറ്റോ തേക്കുകയും ചെയ്യും .
സ്വാമിയുടെ വീട് ഇങ്ങനെ പണിതതാണ് , ഓല മേഞ്ഞ ആവീട് സ്വാമിയുടെ
അദ്ധ്വാന ശീലം എന്താണെന്ന് നമ്മെ പഠിപ്പിച്ചു തരും .
ഞാന്‍
ഒരിക്കല്‍ വീട്ടിലെ അടി സഹിക്കാന്‍ വയ്യാതെ എങ്ങോട്ടെങ്കിലും ഇറങ്ങി
പ്പോവാന്‍ തീരുമാനിച്ചു , അമ്മ എന്നെ കാണാതെ വരുമ്പോള്‍ ഒന്ന്
വിഷമിക്കട്ടെ എന്ന് വിചാരിച്ചു , അത്രേ ഉള്ളൂ , അന്ന് സന്ധ്യ വരെ താഴെ
പറങ്കിമാവിന്‍ തോട്ടത്തില്‍ ഒളിച്ചിരുന്നു , പിന്നെ പത്തായം ഇരിക്കുന്ന
എരുത്തിലിനോട് ചേര്‍ന്നുള്ള മുറിയുടെ മച്ചില്‍ കയറി ഒളിച്ചിരുന്നു,
പത്തായത്തില്‍ പഴുക്കാന്‍ വെച്ചിരുന്ന കുല പഴുത്ത നല്ല മണം,
വിശപ്പ് സഹിക്കാന്‍ വയ്യാതായപ്പോള്‍ നാലഞ്ചു എണ്ണം ഇരിഞ്ഞു കഴിച്ചു ,
എന്നെ കാണാതായപ്പോള്‍ അമ്മ ശരിക്കും വിഷമിച്ചു , കൊച്ചു ചെറുക്കന്‍
സ്വാമി എന്നെ തിരക്കി ഇറങ്ങി , അവസാനം ഒരനക്കം കെട്ടു
പത്തായപ്പുരയില്‍ കയറി , പഴത്തൊലി കണ്ടപ്പോഴേ സ്വാമിക്ക് പിടി കിട്ടി "
കൊച്ചു കഴുവര്ട മോനെ ഇങ്ങു ഇറങ്ങി വാടാ .."
കൊച്ചു
ചെറുക്കന്‍ സ്വാമിക്ക് ഒരു മകളും രണ്ടു ആണ്‍ മക്കളും , ഒരാള്‍ അങ്ങ്
കിഴക്ക് റാന്നിയില്‍ എവിടെയോ , പിന്നെ മകള്‍ ഗൌരി ചേട്ടത്തി ,
ഭര്‍ത്താവ് നക്സല്‍ വാസു എന്ന് വിളിക്കുന്ന നക്സല്‍ അനുഭാവി ,
പോലീസുകാര്‍ പലതവണ പിടിച്ചു കൊണ്ട് പോയിട്ടുണ്ട് , അവര്‍ മക്കളുമായി
സ്വാമിയുടെ വീടിനു എതിര്‍വശത്ത് മുകളില്‍ വേറെ താമസം . പിന്നെയുള്ള
മകന്‍ സദാശിവന്‍, അയാളും അടുത്ത് തന്നെയുണ്ട് . പക്ഷെ ഇവര്‍ ആരും
തമ്മില്‍ അത്ര ചേര്‍ച്ച ഇല്ല . അങ്ങിനെ കൊച്ചു ചെറുക്കന്‍ സ്വാമി
സ്വന്തം സ്ഥലവും വീടും മലയിലുള്ള മാപ്പിളമാര്‍ക്ക് വിറ്റു
കൊന്നിയിലുള്ള മകന്റെ കൂടെ താമസിക്കാന്‍ തീരുമാനിച്ചു , മൂന്നാല്
കൊല്ലം കഴിഞ്ഞപ്പോള്‍ ആ മകന് ലോട്ടറി അടിച്ചു , വലിയ വീടൊക്കെ വാങ്ങി
അതോടെ സ്വാമിയും ഭാര്യ നാരായണി ചേട്ടത്തിയും അവര്‍ക്ക് ഭാരം ആയി ,
അങ്ങിനെ വീണ്ടും സ്വാമിയും ഭാര്യയും അരീക്കര തിരികെ എത്തി സദാശിവന്റെ
വീടിനു താഴെ ചെറിയ ഒരു കുടില്‍ കെട്ടി താമസം തുടങ്ങി . അപ്പോഴേക്കും
സ്വാമിയെ പലവിധ രോഗങ്ങളും പിടി കൂടി , അരക്ക് താഴേക്ക് തളര്‍ന്നു
തുടങ്ങി , ജീവിതം മുഴുവന്‍ മക്കള്‍ക്ക് വേണ്ടി ജീവിച്ച പരമ സ്വാതികനായ
ആ മനുഷ്യനെ അവസാന കാലത്ത് മക്കള്‍ ആരും തിരിഞ്ഞു നോക്കിയില്ല . ജീവിതം
മുഴുവല്‍ സ്വന്തമായി അദ്ധ്വാനിച്ചു ജീവിച്ച കൊച്ചു ചെറുക്കന്‍
സ്വാമിയുടെ അവസാനകാലം അത്യന്തം ദുരിത പൂര്‍ണം ആയിരുന്നു
ഗള്‍ഫില്‍ പോയി ആദ്യം എത്തിയ ഒരു അവധിക്കു തന്നെ വിവരം അറിഞ്ഞു ഞാന്‍ ആ
കുടിലില്‍ സ്വാമിയെ കാണാന്‍ ചെന്നു, എനിക്ക് വിശ്വസിക്കാന്‍ ആകാത്ത
വിധം ആ മനുഷ്യനെ രോഗം തളര്‍ത്തിക്കളഞ്ഞു , മൂത്രത്തിന്റെയും
മലത്തിന്റെ യും അസഹനീയ ഗന്ധം , മരുന്നിനോ ഭക്ഷണത്തിനോ
നിവര്‍ത്തിയില്ലെന്ന് പറഞ്ഞ നാരായണി ചേട്ടത്തിക്ക് എന്നാലാവുന്ന സഹായം
എല്ലാം ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു , തീ കത്തിക്കാന്‍ ഓല ,
അരക്കാന്‍ തേങ്ങ , എല്ലാം എന്റെ വീട്ടില്‍ നിന്ന് ഞാന്‍ തന്നെ
ഏര്‍പ്പാട് ചെയ്തു . രണ്ടു കൊല്ലക്കാലം അദ്ദേഹം മരിക്കുന്നത് വരെ ഞാന്‍
മരുന്നിനും ഭക്ഷണത്തിനും വേണ്ട പണം വീട്ടില്‍ ഏല്പിച്ചു . ഓരോ
അവധിക്കു വരുമ്പോഴും അദേഹത്തിന്റെ നില കൂടുതല്‍ കൂടുതല്‍ മോശം ആയി
കൊണ്ടിരുന്നു , അവസാനം കാണുമ്പോള്‍ സംസാരം തന്നെ ഇല്ല , ഒരു അസ്ഥി പന്ജരം
മാത്രം !!
അന്ന് തിരികെ കാറില്‍ വന്നു കയറുമ്പോള്‍ ചെറിയ മകള്‍ എന്റെ കണ്ണിലേക്കു നോക്കി
" ഡാഡി കരഞ്ഞോ ?"
" ഏയ് , പോടാ ഞാന്‍ ആ ടൈപ്പ് ഒന്നും അല്ല "
Sunday, 8 April 2012
കരിങ്ങാട്ടിലെ വീട്
എന്റെ
വീടിനു തൊട്ടു താഴെ ഉള്ള കരിങ്ങാട്ടിലെ വീട് വളരെ പേരുകേട്ടതാണ് ,
അതിനാല്‍ ഞങ്ങളുടെ വീടിനു കരിങ്ങാട്ടില്‍ തെക്കേതില്‍ എന്നും പേരുണ്ട് .
കരിങ്ങാട്ടിലെ മൂപ്പീന്ന് എന്ന് അരീക്കരക്കാര്‍ മുഴുവന്‍ വിളിക്കുന്ന
ഉഗ്ര പ്രതാപിയായ അവിടുത്തെ വല്ല്യച്ചനെ ഞങ്ങള്‍ കുട്ടികള്‍ ഒരേസമയം
ബഹുമാനത്തോടെയും ഭയത്തോടെയും ആണ് കണ്ടിരുന്നത് . ചന്ദനത്തിന്റെ
നിറമുള്ള ശരീരവും തൂവെള്ള മുണ്ടും മേല്‍മുണ്ടും വെളുത്ത തലയില്‍
കെട്ടും സ്വര്‍ണ ഫ്രെയിം ഉള്ള കണ്ണാടിയും പിച്ചള ചുറ്റിട്ട ആ വലിയ
മുളവടിയും മെതിയടിയും ഒക്കെ എന്റെ മനസ്സില്‍ മായാതെ ഇന്നും
നില്‍ക്കുന്നു . ഒരുപാട് പാടവും തെങ്ങും തോപ്പും പറങ്കിമാവിന്‍ തോട്ടവും
റബറും പുളിയും ഒക്കെ സ്വന്തമായുള്ള കരിങ്ങാട്ടിലെ മൂപ്പീന്ന്
അരീക്കരയിലെ ഒരു ചെറു ജന്മി തന്നെയായിരുന്നു . എല്ലാ ദിവസവും പത്തും
പന്ത്രണ്ടും പണിക്കാര്‍ വീതം പറമ്പിലും പാടത്തുമായി കാണും . ഞങ്ങള്‍
കുട്ടികള്‍ ആരും കേള്‍ക്കാതെ മാത്രമേ "മൂപ്പീന്ന് " എന്ന് പറയുകയുള്ളൂ ,
അദ്ദേഹത്തിനു ആണും പെണ്ണുമായി ഒറ്റ മകള്‍ , വത്സമ്മ അപ്പച്ചി
അന്നത്തെ കാലത്ത് മറുനാട്ടില്‍ പോയി പഠിച്ചു കൊല്ലത്ത് കോളേജില്‍
ലക്ചറര്‍ ആയി, ഭര്‍ത്താവ് ആര്‍ എസ പീ നേതാവ് കിളങ്ങര രാജേന്ദ്രന്‍ .
കരിങ്ങാട്ടിലെ (വല്യച്ചന്‍ ) മൂപ്പീന്ന് ഉഗ്രപ്രതാപിയും ക്ഷിപ്ര
കോപിയും ഒക്കെ ആണെങ്കിലും അവിടുത്തെ വല്യമ്മച്ചി സ്നേഹത്തിന്റെ ഒരു
മൂര്‍ത്തിമല്‍ ഭാവം ആണ് . തെക്കേതിലെ കുട്ടികള്‍ ഞങ്ങളെ മൂന്നു
പേരെയും വലിയ കാര്യം. ഞാന്‍ വട്ടമോടി സ്കൂളില്‍ പഠിക്കുമ്പോള്‍
ഉച്ചക്ക് സ്കൂള്‍ വിട്ടു വന്നാല്‍ അമ്മ കൊടുത്തയക്കുന്ന
ചോറ്റുപാത്രത്തില്‍ പച്ച ചോറ് മാത്രമേ കാണൂ , ബാക്കി കറികള്‍ ഒക്കെ
കരിങ്ങാട്ടില്‍ നിന്നാണ് . അമ്മക്ക് മുളക്കുഴ സ്കൂളില്‍ പോവുന്ന
തിരക്കില്‍ ഞങ്ങള്‍ക്ക് അത് മാത്രമേ ചെയ്തു തരാന്‍ ആവൂ , കരിങ്ങാട്ടില്‍
വല്യച്ചനും വല്യമ്മച്ചിയും കൂടാതെ രണ്ടു പേര്‍കൂടി ഉണ്ട് . "പവാനി "
എന്ന് എല്ലാവരും വിളിക്കുന്ന ഭവാനി ചേച്ചിയും മകന്‍ രാജന്‍ ചേട്ടനും .
അമ്മ അവരെ ഭവാനി ചേച്ചി എന്ന് വിളിച്ചു ഞങ്ങളും അങ്ങിനെ വിളിച്ചു
ശീലിച്ചു . കരിങ്ങാട്ടിലെ ജോലികള്‍ മുഴുവന്‍ ചെയ്യുന്നത് ഭവാനി
ചേച്ചിയാണ് . അഞ്ചു മണിക്ക് തുടങ്ങുന്ന ജോലിയാണ് , പശുവിനെ കറക്കണം ,
മുറ്റം തൂക്കണം ,വെള്ളം കോരണം, തുണി അലക്കണം, പറമ്പിലോ പാടത്തോ
പണിയെടുക്കുന്ന ജോലിക്കാര്‍ക്ക് ഭക്ഷണം ഉണ്ടാക്കണം , പശുക്കളെ
കുളിപ്പിക്കണം . അമ്മ പറഞ്ഞ അറിവാണ് , ഭവാനി ചേച്ചി കരിങ്ങാട്ടില്‍
വരുമ്പോള്‍ രാജന്‍ ചേട്ടന്‍ കൈക്കുഞ്ഞായിരുന്നു , ഭര്‍ത്താവ്
ഉപേക്ഷിച്ചു പോയി , കരിങ്ങാട്ടില്‍ ഇത്രയെല്ലാം ജോലികള്‍
ചെയ്യുമെങ്കിലും വല്യമ്മച്ചി ഭവാനി ചേച്ചിയെ അവിടുത്തെ വേലക്കാരിയായി
ഒരിക്കലും കണ്ടിട്ടില്ല , ഒരിക്കലും അവരെ വഴക്ക് പറയുന്നതും ഞാന്‍
കണ്ടിട്ടില്ല . ഭവാനി ചേച്ചി ഈ ജോലികളെല്ലാം ആരെങ്കിലും പറഞ്ഞു
ചെയ്യുന്നതും അല്ല , തന്നെ എല്ലാം സ്വന്തം ആവശ്യം എന്ന മട്ടിലാണ് അവര്‍
ചെയ്യുന്നത് , രാജന്‍ ചേട്ടനും ഭവാനി ചേച്ചിയുടെ കൂടെ ജോലികളില്‍
സഹായിക്കും , .
ഞാന്‍ സ്കൂള്‍ വിട്ടു വന്നാല്‍ പിന്നെ ഭവാനി
ചേച്ചിയുടെ കൂടെ നടക്കും , പശുവിനെ കുളിപ്പിക്കാനും തൊഴുത്ത്
വൃത്തിയാക്കുന്നതും പശുവിനു കാടി കൊടുക്കുമ്പോള്‍ അതിന്റെ അടിയില്‍
നിന്നും പിണ്ണാക്ക് വാരി പശുവിനു തിന്നാന്‍ കൊടുക്കുന്നതും ഒക്കെ
എനിക്ക് കാണിച്ചു തരുമായിരുന്നു, ഭവാനി ചേച്ചിയെ കണ്ടാല്‍ മതി ,
പശുക്കള്‍ക്കറിയാം, അവര്‍ക്ക് ഇപ്പൊ കാടി കിട്ടുമെന്ന് . അഞ്ചു മണിക്ക്
എന്റെ അമ്മ ഉറക്കെ വിളിക്കുന്നത് വരെ ഞാന്‍ ഭവാനി ചേച്ചിയുടെ കൂടെ
പണികള്‍ കണ്ടും കഥകള്‍ കെട്ടും നടക്കും . ഉച്ചക്ക് ഉണ്ണാന്‍ എന്റെ
ചോറ്റുപാത്രം തുറന്നാല്‍ എന്റെ അടുത്തിരുന്നു മോരും ചക്കക്കുരു തോരനും
ഒക്കെ ഇടയ്ക്കിടെ പാത്രത്തിലേക്ക് ഇട്ടു കൊണ്ടിരിക്കും . അനിയന് ആ
കറി കൊടുത്തോ , ഈ കറി കൊടുത്തോ എന്നൊക്കെ വല്യമ്മച്ചി ഭവാനി
ചേച്ചിയോട് മുറക്ക് ചോദിച്ചു കൊണ്ടിരിക്കും .
ഭവാനി ചേച്ചി
അടുപ്പില്‍ പാചകം ചെയ്യുമ്പോഴോ പായസം വെക്കുംപോഴോ എണ്ണ കാച്ചുംപോഴോ
ഒക്കെ കൂടെ അത് കണ്ടു കൊണ്ട് നില്‍ക്കുന്നതാണ് എനിക്ക് ഏറ്റവും
ഇഷ്ടമുള്ള കാര്യം . ഒരിക്കല്‍ അടുപ്പില്‍ ഇന്നും ഇറക്കി വെച്ചിരുന്ന ഒരു
ചൂടുള്ള ഒരു ഉരുളിയില്‍ എന്റെ കാല്‍ മുട്ടി പൊള്ളി കുടുന്നു പോയി .
അന്ന് ഭവാനി ചേച്ചി കരഞ്ഞു കൊണ്ട് എന്നെ എടുത്തു കൊണ്ട് കിണറ്റു
കരയിലേക്ക് ഓടി തണുത്ത വെള്ളം തൊട്ടിയില്‍ നിന്നും ഒഴിച്ച് ധാര
കോരിയത് എനിക്കിന്നും ഓര്‍മയുണ്ട് .
ഒരു ദിവസം അരീക്കരയെ മുഴുവന്‍
ഞെട്ടിച്ച ഒരു സംഭവം ഉണ്ടായി , കരിങ്ങാട്ടിലെ മൂപ്പീന്ന് സ്ഥലത്ത്
ഇല്ലായിരുന്നു . ഭവാനി ചേച്ചി പുറത്തു കടയില്‍ എവിടെയോ
പോയിരിക്കുകയായിരുന്നു . ഒരു ഉച്ച കഴിഞ്ഞ സമയം . വല്യമച്ചി മുന്‍വശത്ത്
വരാന്തയില്‍ മയങ്ങുന്നു . അവിടെ നെല്ല് തിളപ്പിച്ച അടുപ്പില്‍ നിന്നും
ചൂട് ചാരം ഒരു വേലക്കാരി വീടിന്റെ പുറകില്‍ ഉള്ള ഒരു ചായ്പ്പില്‍
കൊണ്ടിട്ടു , അതില്‍ ഉണ്ടായിരുന്ന ചെറു തീയില്‍ നിന്നും സമീപത്തു
സൂക്ഷിച്ചിരുന്ന കച്ചിത്തിരികള്‍ക്ക് തീപിടിച്ചു അത് അരയും പുരയും
അടങ്ങുന്ന ആ വലിയ വീടിന്റെ പിന്‍ ഭാഗത്തെ കഴുക്കൊലുകളിലേക്ക് പടരുകയും
ചെയ്തു . ഉച്ച സമയം ആയതിനാല്‍ വീടിന്റെ പിന്‍ ഭാഗത്ത് പടര്‍ന്നു കയറിയ
തീ ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല , തീയും പുകയും പടരുന്നത് കണ്ടു
ആളുകള്‍ ഓടിക്കൂടി വന്നപ്പോഴേക്കും വീടിന്റെ വലിയൊരു ഭാഗവും അഗ്നി
ഗോളങ്ങള്‍ വിഴുങ്ങി കഴിഞ്ഞിരുന്നു . ആളുകള്‍ വരിവരിയായി നിന്നും ഓടിയും
ഒക്കെ കുടങ്ങളിലും കലങ്ങളിലും ഒക്കെയായി വെള്ളം ഒഴിച്ച് തീ കെടുത്താന്‍
ശ്രമിച്ചപ്പോഴേക്കും അടുക്കാന്‍ വയ്യാത്ത ചൂടും കാറ്റും കാരണം
കരിങ്ങാട്ടിലെ ആ വലിയ അറയും പുരയും ഒക്കെ ഉള്ള വീട് കത്തിയമരുന്നത്
നിസ്സഹായരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു . അരീക്കര മുഴുവന്‍
വേദനിച്ച ഒരു ദുര്‍ദിനമായിരുന്നു അത് . ദൂരെ യാത്ര കഴിഞ്ഞു വന്ന
കരിങ്ങാട്ടിലെ വല്യച്ചന്‍ കരി കൊണ്ടുള്ള ഒരു അസ്ഥിപഞ്ജരം പോലെ
തോന്നിപ്പിച്ച തന്റെ വീട് കണ്ടു ആ പടികളില്‍ തളര്‍ന്നു വീണ കാഴ്ച
എനിക്ക് ഇന്നും മറക്കാന്‍ ആവില്ല . ഭവാനി ചേച്ചിയുടെ കരച്ചില്‍ ഇന്നും
എന്റെ കാതില്‍ ഉണ്ട്
അങ്ങിനെ താമസയോഗ്യം അല്ലാത്ത ആ വീട്ടില്‍
നിന്നും വല്യച്ചനും വല്യമ്മച്ചിയും കൊല്ലത്തേക്ക് മാറി , ഭവാനി
ചേച്ചിക്ക് കരിങ്ങാട്ടില്‍ നിന്നും കുറച്ചു ഭൂമിയും വീട് വെക്കാന്‍
പണവും ഒക്കെ കൊടുത്തു , രാജന്‍ ചേട്ടന്‍ ഇതിനിടെ ഗള്‍ഫില്‍ പോയി ,
ഭവാനി ചേച്ചി ചെറിയ ഒരു വീട് വെച്ച് താമസം മാറി . രാജന്‍ ചേട്ടന്‍
കല്യാണം ഒക്കെ കഴിഞ്ഞു രണ്ടു ആണ്‍ കുട്ടികള്‍ ആയി , കാലം മുന്നോട്ടു
പോയി .
ഞാന്‍ പഠനത്തിനും ജോലിക്കും ഒക്കെ നാട് വിട്ടപ്പോഴും
ഭവാനി ചേച്ചി ഇടയ്ക്കിടെ വീട്ടില്‍ വന്നു " എന്നാ ഇനി എന്റെ അനിയന്‍
മോനെ ഒന്ന് കാണുന്നത് " എന്ന് അമ്മയോട് പറയുമായിരുന്നു . ഗള്‍ഫില്‍
എത്തിയതിനു ശേഷം ആദ്യമായി ഞാന്‍ നാട്ടിലെത്തിയപ്പോള്‍ ഞാന്‍ ഭവാനി
ചേച്ചിയെ കാണാന്‍ ചെറുതെങ്കിലും ഭംഗിയുള്ള ആ വീട്ടില്‍ പോയി ,
കൈയ്യില്‍ ഒരു ചെറിയ സമ്മാനപ്പോതിയുമായി , ഭവാനി ചേച്ചി എന്നെ
കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് തന്നെ കുറെ നേരം വാതില്‍ക്കല്‍ തന്നെ
നിന്നു. പിന്നെ രാജന്‍ ചേട്ടന്റെ കൊച്ചു കുട്ടികളോട് " ഇതാ മക്കളെ
അമ്മൂമ്മ എപ്പോഴും പറയുന്ന എന്റെ അനിയന്‍ മോന്‍, ഞാന്‍ വളര്‍ത്തിയ
എന്റെ മോന്‍ "
ഒരിക്കല്‍ വത്സമ്മ അപ്പച്ചി എന്നോട് ഭവാനി
ചേച്ചി യെപ്പറ്റി അവിശ്വസനീയമായ ഒരു രഹസ്യം പറഞ്ഞു . പത്തു നാല്‍പ്പതു
വയസ്സുള്ളപ്പോള്‍ വിട്ടു മാറാത്ത അസുഖങ്ങള്‍ കാരണം ഭവാനി ചേച്ചിയെ
ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ തിരുനന്തപുരം മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍ ചില ടെസ്റ്റ് കള്‍ നടത്താന്‍ പറഞ്ഞു. അങ്ങിനെ അവിടെ
പരിശോധിച്ചപ്പോള്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ ആണെന്നും ഏറിയാല്‍ ഇനി
ആറു മാസം ജീവിച്ചെക്കാം എന്നും പറഞ്ഞു. വല്യച്ചനും വല്യമ്മച്ചിയും ഇത്
ആരോടും പറയാതെ തിരികെ കൊണ്ട് പോന്നു , പാവം സമാധാനമായി മരിച്ചോട്ടെ
എന്ന് കരുതി . ഭവാനി ചേച്ചിയോട് ഒരിക്കലും ഇത് പറഞ്ഞതും ഇല്ല , ആ ഭവാനി
ചേച്ചി ഒന്നുമറിയാതെ കരിങ്ങാട്ടിലെ ജോലികള്‍ എല്ലാം ചെയ്തു പിന്നെയും
പത്തിരുപതു വര്‍ഷം കഴിഞ്ഞു .
കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഭവാനി ചേച്ച് മരിച്ചു , ജീവിതം മുഴുവന്‍ കരിങ്ങാട്ടിലെ വീട്ടു ജോലികള്‍
ചെയ്ത ഭവാനി ചേച്ചി ഇപ്പൊ ഉയരങ്ങളില്‍ എവിടെയോ ഇരുന്നു രാജന്‍
ചേട്ടന്റെ മക്കള്‍ എം ബീ എ ക്കാരും ഒക്കെ ആയതു
കാണുന്നുണ്ടായിരിക്കും , ചിലപ്പോള്‍ അനിയന്‍ മോന്‍ എഴുതിയ ഈ
ഓര്‍മക്കുറിപ്പും,
Sunday, 1 April 2012
പ്രിയംവദ സാര്‍
സുന്ദരനും
സല്‍സ്വഭാവിയും പഠനത്തില്‍ സമര്‍ത്ഥനും ആയ ഒരു ജ്യേഷ്ടന്റെ കാണാന്‍
കൊളളാത്തവനും പറഞ്ഞാല്‍ കേള്‍ക്കാത്തവനും പഠിക്കാന്‍ തീരെ മണ്ടനും ആയ
ഒരു അനിയനായി ആണ് ഞാന്‍ എന്റെ സ്കൂള്‍ കാലഘട്ടം കഴിച്ചു കൂട്ടിയത് .
അരീക്കര വട്ടമോടി സ്കൂള്‍ വിട്ടു മുളക്കുഴ ഗവ ഹൈ സ്കൂളില്‍ അഞ്ചാം
ക്ലാസില്‍ എത്തിയപ്പോഴേ എല്ലാവരുടെയും നോട്ടപ്പുള്ളി ആകാന്‍ അധിക സമയം
വേണ്ടി വന്നില്ല . അതിനു പ്രധാന ഒരു കാരണം അവിടെ കണക്കു അധ്യാപികയായ
എന്റെ സ്വന്തം അമ്മ തങ്കമ്മ സാര്‍ എന്നെ പരിചയപ്പെടുത്തുന്നത് തന്നെ "
ദാണ്ടെ നിക്കുന്നു , എന്റെയും മൂത്തവന്റെയും പേര് കളയിക്കാന്‍ വന്ന
അസുര വിത്ത് , ഒരക്ഷരം പഠിക്കില്ല " എപ്പോഴും മിടുക്കനായ എന്റെ ചേട്ടനെ
താരതമ്യം ചെയ്തു ശകാരിക്കുന്ന അമ്മയെ ഞാന്‍ സത്യമായും വെറുത്തു , ഈ
അമ്മയെ ഒന്ന് മാറ്റിയെടുക്കാന്‍ എന്താ ഒരു വഴി എന്നായിരുന്നു അന്നത്തെ
എന്റെ ആലോചന മുഴുവന്‍ . " സാരമില്ല മോനെ , നീ ഒരിക്കല്‍ മിടുക്കനാവും "
എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ച ഒരു കാലം .
പക്ഷെ കാലക്കേടുകള്‍ എന്നെ നിരന്തരം വേട്ടയാടി കൊണ്ടിരുന്നു . എത്ര
ശ്രമിച്ചിട്ടും ചേട്ടനെ പ്പോലെ ക്ലാസ്സില്‍ ഒന്നാമാനാകാന്‍ കഴിഞ്ഞില്ല .
എന്നും എന്തെങ്കിലും വികൃതികള്‍ കാട്ടി അമ്മയുടെ പേര് കൂടെക്കൂടെ
ചീത്തയാക്കി കൊണ്ടിരുന്നു . സ്കൂള്‍ വിട്ടു വരുന്നത് അമ്മയുടെയും
ചേട്ടന്റെയും സാറാമ്മ സാറിന്റെയും പ്രിയംവദ സാറിന്റെയും കൂടെയാണ് .
അമ്മയും ചേട്ടനും ഇംഗ്ലീഷ് പഠിപ്പിക്കുന്ന സാറാമ്മ സാറും മുന്നില്‍ ,
ഞാനും മലയാളം പഠിപ്പിക്കുന്ന പ്രിയംവദ സാറും പിന്നില്‍ , അമ്മ ചേട്ടനോട്
പാഠഭാഗങ്ങള്‍ ചോദിക്കും , ചേട്ടന്റെ മണി മണിയായി കിട്ടുന്ന ഉത്തരം
കേട്ട് തിരിഞ്ഞു നോക്കി " ഡാ ചെറുക്ക , നീ ഇന്നാ ഇത് കണ്ടു പടിക്ക് ,
ഇനി എന്നാ നീ വിജയനെപ്പോലെ ആകുന്നതു , നിനക്ക് എന്തിന്റെയെങ്കിലും
കുറവുണ്ടോ ? ആദ്യം പറഞ്ഞാല്‍ കേള്‍ക്കണം , പിന്നെ വിജയനെപ്പോലെ തല
മുടി ചീകണം , ഡാ കണ്ടില്ലേ ഒരു പടുതി ..അസത്ത് .." അമ്മയുടെ സങ്കടങ്ങളും
ശകാരങ്ങളും മുഴുവന്‍ എന്നെ നോക്കിയാണ് . പ്രിയംവദ സാറു മാത്രം
എന്നോട് വിശേഷങ്ങള്‍ ചോദിച്ചും തമാശുകള്‍ പറഞ്ഞും എനിക്ക് ഒരു
സ്വാന്തനമായി കൂടെ ഉണ്ടാകും . പറപ്പാട്ടു മുക്കില്‍ നിന്നും പ്രിയംവദ
സാറും സാറാമ്മ സാറും പിന്നെ താഴേക്കു തിരിഞ്ഞു പെരിങ്ങാല റോഡ് ലേക്ക്
പോവുന്നത് വരെ എനിക്ക് ഒരു ആശ്വാസം ആണ്. അത് കഴിഞ്ഞാല്‍ അമ്മയുടെ
ശകാരം പിന്നെയും പഴയ പടി , അത് വീട്ടിലെത്തിയാലും തുടരും .
പ്രിയംവദ സാര്‍ അങ്ങിനെ എനിക്ക് പ്രിയപ്പെട്ട സാറായി ,
സാറിന്റെ(ഞങ്ങളുടെ നാട്ടില്‍ ടീച്ചര്‍മാരെ സാര്‍ എന്ന് തന്നെയാണ്
വിളിക്കുന്നത് ) കഥകളും തമാശുകളും എല്ലാം എനിക്ക് നന്നായി പിടിച്ചു .
അമ്മ വഴക്ക് പറയുമ്പോഴെല്ലാം പ്രിയംവദ സാറാണ് എന്റെ രക്ഷക്ക്
എത്തുന്നത് . " തങ്കമ്മേ , അവനെ ഇങ്ങനെ വഴക്ക് പറയാതെ , അവന്‍ മാറും ,
പഠിക്കും , വലുതാവുമ്പോള്‍ മിടുക്കനാകും .. അവന്റെ ചേട്ടന്‍ സുന്ദരന്‍
ആയതും ക്ലാസില്‍ ഒന്നാമാനായതും അവന്റെ കുറ്റമാണോ ?, മക്കള്‍ എല്ലാവരും
ഒരുപോലെ ആണോ ? " അങ്ങിനെ എന്നെ രക്ഷിക്കാന്‍ പ്രിയംവദ സാര്‍ പല
വാദങ്ങള്‍ നിരത്തി ജയിച്ചു കയറും . അമ്മ പാറപ്പാട്ട് മുക്ക് വരെ
മിണ്ടാതെ ഇരിക്കും , അതിനു ശേഷം എല്ലാം പഴയ പോലെ .
അങ്ങിനെയിരുന്നപ്പോള്‍ ബാലജന സഖ്യത്തിന്റെ ജൂനിയര്‍ പ്രസംഗ മത്സരത്തിനു
ക്ലാസ് ടീച്ചര്‍ എന്റെ പേര് കൊടുത്തു , എന്നെ പ്രസംഗം എഴുതി തന്നു
പരിശീലിപ്പിക്കാന്‍ പ്രിയം വദ സാറിനെ പറഞ്ഞു ഏര്‍പ്പാട് ചെയ്തു .
അങ്ങിനെ പ്രസംഗം പഠിക്കാന്‍ സാറിന്റെ വീട്ടില്‍ ചെല്ലാന്‍ പറഞ്ഞു ,
എനിക്ക് ഇതില്‍ പരം ഒരു സന്തോഷം ഇല്ലായിരുന്നു , വീട്ടില്‍ നിന്നും
പുറത്തു ചാടാനുള്ള എല്ലാ അവസരങ്ങളും എനിക്ക് ഒരു തരം ആവേശമാണ് .
പ്രിയംവദ സാറിന്റെ വീട് പെരിങ്ങാലയാണ് , സാറിന്റെ വീട് അന്ന് റോഡില്‍
താഴെ ഓല മേഞ്ഞ ഒരു ചെറിയ വീടാണ് , പട്ടാളക്കാരനായ ഭര്‍ത്താവിന്റെ കുടുംബ
വീടാണ് അത് . വീട് തപ്പി പിടിച്ചു ചെന്നപ്പോഴേ സാറിന്റെ സന്തോഷം ആ
വിടര്‍ന്ന ചിരിയില്‍ കാണാമായിരുന്നു . സാറിന്റെ ആ ചെറിയ വീടിന്റെ ഉള്ളില്‍
ഒരു ചെറിയ മേശക്കരികെ എന്നെ ഇരുത്തി അവിടുത്തെ ഏക ആഡംബര വസ്തുവായ
ടേബിള്‍ ഫാന്‍ ഇട്ടു , അന്ന് എന്റെ വീട്ടില്‍ കരന്റില്ലായിരുന്നതിനാല്‍
അത് എനിക്ക് വലിയ ഒരു കൌതുകം ആയിരുന്നു . സാര്‍ കുറെ വിഷയങ്ങള്‍ പറഞ്ഞു
അവ ഓരോന്നും ഓരോ പാരഗ്രാഫു തിരിച്ചു എഴുതി , " സോമരാജ , നീ ഇത് ഒരു തവണ
വായിക്കു " ഞാന്‍ അടുക്കളയില്‍ പോയി നിനക്ക് എന്തെങ്കിലും ഒന്ന്
ഉണ്ടാക്കി തരാം . പ്രസംഗം വായിക്കുമ്പോഴും അടുക്കളയില്‍ നിന്നും വരുന്ന
പലഹാരത്തിന്റെ മണം കാരണം ഒരക്ഷരം മനസ്സില്‍ നില്‍ക്കുന്നില്ല . സാര്‍
ഉണ്ടാക്കിയ അടയും ചായയും സാറിന്റെ നര്‍മ്മം തുളുമ്പുന്ന
സംഭാഷണങ്ങളും ഒക്കെ എങ്ങിനെയാണ് ഞാന്‍ മറക്കുക .
എട്ടാം
ക്ലാസില്‍ എത്തിയപ്പോള്‍ മലയാളം പഠിപ്പിക്കാന്‍ പ്രിയംവദ സാര്‍ എത്തി ,
പുരാണ കഥകള്‍ നര്‍മം കലര്‍ത്തി പറയാന്‍ സാറിന്റെ കഴിവ് അപാരമാണ് . "
ശ്രീകൃഷ്ണന്‍ വാച്ചില്‍ നോക്കി , ഉയ്യ്യ്യോ മണി നാലായോ, ഇപ്പൊ ഗോപ
സ്ത്രീകള്‍ കുളിക്കാന്‍ വരുന്ന സമയം ആണല്ലോ ഈശ്വര , പിന്നെ ബിനോക്കുലരും
എടുത്തു ഒരു ഓട്ടമാണ് " , " കുചേലന്‍ ആകെ നടന്നു ക്ഷീണിച്ചു , ഒരു
മാടക്കട പോലും ഇവിടെയെങ്ങും ഇല്ല , അല്ലെങ്കില്‍ ഒരു സോഡാ നാരങ്ങാ വെള്ളം
എങ്കിലും വാങ്ങി കുടിക്കാമായിരുന്നു " അങ്ങിനെ എന്തെല്ലാം
നര്‍മങ്ങള്‍!.ഒരിക്കലും മറക്കാന്‍ ആവാത്ത എത്ര പാഠങ്ങള്‍ !.
മലയാളം എത്ര സുന്ദരമാണെന്നു മനസ്സിലാക്കി തന്നത് പ്രിയം വദ സാര്‍ ആണ് .
പ്രസംഗിക്കാനും ഉപന്യാസം എഴുതാനും എന്നെ പഠിപ്പിച്ചത് പ്രിയം വദ സാര്‍
ആണ് . സാറിന്റെ വീട്ടില്‍ ഇരുന്നു എത്ര എത്ര പ്രസംഗങ്ങള്‍ ആണ് ഞാന്‍
കാണാതെ പഠിച്ചത് . പ്രിയംവദ സാറിന്റെ സ്നേഹവും കാരുണ്യവും എനിക്ക്
നന്നാവാന്‍ ദൈവം കൊണ്ട് തന്ന അവസരം ആണ് . സാര്‍ അന്ന് എനിക്ക് വേണ്ടി
അമ്മയോട് വാദിച്ചില്ലായിരുനില്ലെങ്കില്‍ എനിക്ക് ഇന്ന് സാറിനെ പറ്റി
ഇങ്ങനെ എഴുതാന്‍ കഴിയുമായിരുന്നോ ? മലയാളത്തില്‍ എന്തെങ്കിലും ഒക്കെ
എഴുതുവാന്‍ കഴിയുമായിരുന്നോ ?
ഞാന്‍ കഴിഞ്ഞ ദിവസം പ്രിയംവദ
സാറിനെ ഒന്ന് വിളിച്ചു , മുളക്കുഴ സ്കൂള്‍ വിട്ടു പിന്നെ ഞാന്‍
വളര്‍ന്നു വന്ന വഴികളെ പറ്റി ഒക്കെ പറഞ്ഞു , എന്റെ എഴുത്തിനെ പറ്റി പറഞ്ഞു ,
സാറിന്റെ സന്തോഷം എനിക്ക് നേരില്‍ കാണാന്‍ സാധീച്ചിട്ടില്ലായിരുന്നു
എങ്കിലും എനിക്കത് ഊഹിക്കാന്‍ കഴിയും ." ഞാന്‍ പറഞില്ലേ തങ്കമ്മേ , അവന്‍
നന്നാവും എന്ന് " സാറിനു ഫേസ് ബുക്കും കമ്പ്യൂട്ടറും ഒന്നും ഇല്ല ,
അല്ലെങ്കില്‍ " ഇങ്ങനെയാണോടാ മലയാളം എഴുതുന്നത് ?" എന്ന് പറയുമായിരുന്നു
.
കേരള സമൂഹം നെഞ്ചിലേറ്റിയ എത്രയെത്ര അധ്യാപകാരന്
നമുക്കുള്ളത് , ഓ എന്‍ വീ സാറിന്റെയോ സുകുമാര്‍ അഴീക്കോട് സാറിന്റെയോ
മധുസൂദനന്‍ നായര്‍ സാറിന്റെയോ ക്ലാസ്സില്‍ ഇരിക്കാനുള്ള ഭാഗ്യം
എനിക്കില്ലായിരുന്നു , പക്ഷെ പ്രിയംവദ സാറിന്റെ ക്ലാസില്‍ ഇരിക്കാന്‍
കഴിഞ്ഞ ഞാന്‍ ഒട്ടും നിരാശനല്ല . പ്രായം കൊണ്ട് ചുക്കി ചുളിഞ്ഞ ആ
പാദങ്ങള്‍ ഞാന്‍ ഒന്ന് തൊട്ടു നമസ്കരിച്ചോട്ടെ !
Subscribe to:
Posts (Atom)