Tuesday, 31 July 2012

നല്ല ഒരു കമ്മ്യൂണിസ്റ്റ് !

 
"ഈ വാസു ചേട്ടന്റെ വീടെതാ ?"
" ഏതു വാസുവാ .. അരീക്കര ഒരു പാട് വാസു ഉണ്ട് , കല്ല്‌ വെട്ടുകാരന്‍ വാസു , തടി അറപ്പുകാരന്‍ വാസു , പോസ്റ്റ്‌ മാന്‍ വാസുക്കുട്ടി , നക്സല്‍ വാസു ..."
" ആ അത് തന്നെ ... നക്സല്‍ വാസു "
" ആ അങ്ങിനെ പറ , അയാള്‍ അരീക്കരക്കാരന്‍ അല്ല , കുട്ടനാടുകാരന്‍ താറാവ് വാസു ആയിരുന്നു , താറാവ് എല്ലാം ചത്ത്‌ ഒടുങ്ങി അവിടുന്ന് എല്ലാം വിറ്റു പെറക്കി അരീക്കര ഭാര്യ വീട്ടില്‍ വന്നു കൂടിയതാ , പിന്നെ നക്സലായി , ദാ ഇവിടുന്നു താഴെ റോഡിലേക്കിറങ്ങി കൊച്ചു കളീക്കലെ വീട് വരെ പോവണ്ട , അതിനു നേരെ എതിരെ റോഡിനു മേലവശത്ത് കാണുന്ന വെട്ടു കല്ല്‌ കൊണ്ടുള്ള വീടാ വാസൂന്റെ "

നക്സല്‍ വാസു എന്ന് അരീക്കര മുഴുവന്‍ അറിയപ്പെടുന്ന വാസു ചേട്ടനെ ഞാന്‍ അറിയുന്നത് കൊച്ചു ചെറുക്കന്‍ സ്വാമിയുടെ മരുമോനായിട്ടാ , തമ്മില്‍ എന്ന് വഴക്കാണെങ്കിലും രണ്ടു പേരും വീട്ടില്‍ വരും . പെരപണി തുടങ്ങിയപ്പോള്‍ ആശാരിമാര്‍ക്ക് പണിയാന്‍ ഒരു ഷെഡ്‌ കെട്ടി അതിലിരുന്നു പണിയുമ്പോള്‍ ഞാനും സ്കൂള്‍ കഴിഞ്ഞു വന്നാലുടന്‍ അവിടെ ക്കൂടും . ഒരു ഉളിയെടുത്ത് ചെറിയ ഒരു തടി കഷണം എടുത്തു പണി തുടങ്ങും , സദാശിവന്‍ ആശാരി എനിക്ക് അധികം മൂര്ച്ചയില്ലത്ത ഒരു ഉളി തരും . കൈയ്യോ കാലോ മുറിഞ്ഞാലോ എന്ന് പേടിച്ചു പേടിച്ചാണ് തരുന്നത് . ആശാരിയുടെ കണ്ണ് തപ്പിയാല്‍ ചിന്തേര് എടുത്തു പെരുമാറുന്നതും പതിവായിരുന്നു . വാസു ചേട്ടന്‍ എന്നും ശേട്ടില്‍ വന്നിരുന്നു അശാരിമാരോട് വിപ്ലവ കഥകളും വീര കഥകളും ഒക്കെ പറയും , അങ്ങിനെയാണ് വാസു ചേട്ടന്‍ എനിക്കിഷ്ടപ്പെട്ട ഒരു കഥാപാത്രം ആയി മാറുന്നത് .

കുട്ടനാട്ടില്‍ പുഞ്ചകൃഷിയും വലിയ താറാവ് കൃഷിയും ഒക്കെ ഉണ്ടായിരുന്ന കാലത്താണ് അരീക്കര കൊച്ചു ചെറുക്കന്‍ സ്വാമിയുടെ ഏക മകള്‍ ഗൌരി ചേട്ടത്തിയെ കല്യാണം കഴിക്കുന്നത്‌ . അന്ന് അവിടെ കൊയ്ത്തു കഴിഞ്ഞു കാളവണ്ടിയില്‍ നിറയെ നെല്ലുമായി വരുന്ന വാസു ചേട്ടനെ ഞാനും ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട് . നല്ല വെളുത്തു സുന്ദരനായിരുന്നു വാസു ചേട്ടന്‍ . വെള്ളം കയറിയും താറാവുകള്‍ കൂട്ടത്തോടെ അസുഖം വന്നു ചത്തൊടുങ്ങി , കടം വീട്ടാന്‍ പുഞ്ച ഒക്കെ വിറ്റു , വീടും വള്ളവും ഒക്കെ വിറ്റു പെറുക്കി അവസാനം അരീക്കര വന്നു കൂടി . അക്കാലത്ത് വാസു ചേട്ടന്‍ നക്സല്‍ പ്രസ്ഥാനവുമായി അടുത്തു, രഹസ്യ യോഗങ്ങളും ക്ലാസ്സുകളും ഒക്കെ ആയി ഒരുതരം അജ്ഞാത വാസം . ചുരുക്കമായേ വീട്ടില്‍ കാണൂ . എപ്പോ വരും എപ്പോ പോവും എന്നൊന്നും ആര്‍ക്കും അറിയില്ല . കേരളത്തില്‍ ചില നക്സല്‍ ആക്രമണം നടന്നതോടെ വാസു ചേട്ടന്‍ ഒളിവില്‍ പോയി , പോലീസിന്റെ നോട്ട പുള്ളി ആയി , അവസാനം ഒരു ഒളി സങ്കേതത്തില്‍ നിന്ന് പിടി കൂടി .ലോകകപ്പില്‍ അതി ഭീകരമായ മര്‍ദ്ദന മുറകള്‍ക്ക്‌ വിധേയമായി . അങ്ങിനെ ലോകകപ്പും ജയില്‍ ഉം ഒക്കെ കഴിഞ്ഞ കാലത്താണ് ഞാന്‍ ആദ്യം കാണുന്നത് .

ആശാരിമാരുടെ ഷെഡ്‌ ല്‍ ഇരുന്നു താന്‍ അനുഭവിച്ച പോലീസ് പീഡനങ്ങളും ഒളിവില്‍ പോയ കാലവും ഒക്കെ സദാശിവന്‍ ആശാരിയോടു വിവരിക്കുന്നത് ഞാനും കുറേശ്ശെ കേട്ട് തുടങ്ങി . ആദ്യം തോന്നിയ പേടി മാറി വാസുചെട്ടന്റെ പുതിയ കഥകള്‍ കേള്‍ക്കാന്‍ തുടക്കമായി ഞാന്‍ സ്കൂള്‍ വിട്ട് വന്നാല്‍ ഷെഡ്‌ നോക്കി ഓടും .

" സഖാവേ ... അനിയന്‍ സഖാവേ ... " കണ്ടാലുടന്‍ വാസുചെട്ടന്‍ വിളിക്കും , അങ്ങിനെ വാസു ചേട്ടനില്‍ നിന്നാണ് ഞാന്‍ ചില കമ്മ്യൂണിസ്റ്റ് പദങ്ങള്‍ ജീവിതത്തില്‍ ആദ്യമായി കേട്ട് പഠിച്ചത് , " സഖാവ് , ബൂര്‍ഷ്വാ , പിന്തിരിപ്പന്‍ , ഫാസിസം , സാമ്രാജത്വ ശക്തികള്‍ " അങ്ങിനെ പല പല പുതിയ വാക്കുകള്‍ .

വാസു ചേട്ടന്റെ ഒരു മകന്‍ ചങ്കരന്‍ ( മധു ) എന്നെക്കാള്‍ ഒരു വയസ്സ് ഇളപ്പമായതിനാല്‍ എന്റെ കൂട്ടുകാരന്‍ കൂടി ആയിരുന്നു , മരം കേറാനും മാടത്തയെ പിടിക്കാനും ഒക്കെ ബഹു വിരുതന്‍ . ആഞ്ഞില്ക്ക പറിക്കാനും കണ്ണി മാങ്ങ എറിഞ്ഞു വീഴ്ത്താനും ഒക്കെ എനിക്ക് ചങ്കരന്‍ ആണ് കൂട്ട് .

വാസു ചേട്ടന്‍ അനുഭവിച്ച പീഡന മുറകള്‍ ആരെയും നോമ്പരപ്പെടുത്തുന്നതായിരുന്നു . തല കീഴായി കെട്ടി തൂക്കി അടിക്കുക , ഐസ് കട്ടയുടെ പുറത്ത് നിര്‍ത്തുക , റൂള്‍ തടി കൊണ്ട് ഉരുട്ടുക , സിഗരട്ട് കൊണ്ട് പൊള്ളിക്കുക , അങ്ങിനെ ഞാന്‍ അതുവരെ കേള്‍ക്കാത്ത ക്രൂരമായ പീഡന മുറകള്‍ .

ബൂര്‍ഷ്വാ എന്ന വാക്ക് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു ,

" വാസു ചേട്ടാ , എന്റെ അച്ഛന്‍ ഒരു ബൂര്‍ഷ്വായാണോ എന്ന് എനിക്ക് നല്ല സംശയം ഉണ്ട് , എന്നെ കൊണ്ട് എന്തെല്ലാം കഠിന ജോലികള്‍ ആണ് അച്ഛന്‍ എന്നെക്കൊണ്ട് ചെയ്യിക്കുന്നത് , അഞ്ചു പൈസ തരില്ല , ചോദിച്ചാല്‍ അതി ഭീകരമായ മര്‍ദന മുറകള്‍ , ഭൂമിയും തെങ്ങും തോപ്പും ഒക്കെ ഉണ്ട് താനും "

" ഹ ഹ .. അതൊക്കെ സഖാവ് വളരുമ്പോള്‍ മനസ്സിലാകും , വലുതാവുമ്പോള്‍ നല്ല ഒരു കമ്മ്യൂണിസ്റ്റ് ആകണം കേട്ടോ , പാവങ്ങളോട് ദയ വേണം , അവര്‍ക്കെ നല്ല കമ്മ്യൂണിസ്റ്റ് ആക്കാന്‍ പറ്റൂ "

അതിഭീകരമായ പോലീസ് മര്‍ദനം കൊണ്ട് വാസു ചേട്ടന്റെ ആരോഗ്യം തകര്‍ന്നിരുന്നു , യാതൊരു പണിയും ചെയ്യാന്‍ അനാരോഗ്യം അനുവദിച്ചിരുന്നില്ല , അതിനാല്‍ കഷ്ടപ്പാടിനു കുറവൊന്നും ഉണ്ടായിരുന്നില്ല . ചിലപ്പോള്‍ ഞാന്‍ വീട്ടില്‍ തേങ്ങാ വെട്ടുമ്പോള്‍ വീട്ടില്‍ അറിയാതെ നാലഞ്ചു തേങ്ങാ ചങ്കരന്‍ വഴി കൊടുത്തു വിടും . അത് കൂടി കൂടി ഒരു ദിവസം അച്ഛന്‍ തോണ്ടി സഹിതം പിടി കൂടി . എനിക്ക് അടി കണ്ടമാനം കിട്ടി , വാസു ചേട്ടന് കുറെ വഴക്കും കിട്ടി . പിന്നെ കുറെ നാളത്തേക്ക് വീട്ടില്‍ കയറില്ലായിരുന്നു. എന്നാലും വഴിയില്‍ കണ്ടാലുടന്‍ " സഖാവേ .." എന്ന വിളിക്ക് ഒരു കുറവും ഇല്ലായിരുന്നു .

അരീക്കര ശക്തമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒക്കെ ഉണ്ടായിട്ടും വാസു ചേട്ടന്‍ ഒരു ഒറ്റയാനെ പോലെ ഒന്നിലും ചേരാതെ തന്റെ പഴയ തത്വ ശാസ്ത്രവുമായി നടക്കും . ദേശാഭിമാനി വായിച്ചു സകല പാര്‍ട്ടികളെയും വിമര്‍ശിക്കും .

വാസു ചേട്ടന്റെ ആദര്‍ശമല്ല എന്നെ ആകര്‍ഷിച്ചത് , ഏതു കൊണ്ടോ ശരി എന്ന് വിശ്വസിച്ചു ഇറങ്ങി പുറപ്പെട്ട ഒരു പ്രസ്ഥാനത്തിന് വേണ്ടി ഏറ്റു വാങ്ങിയ പീഡനങ്ങളും നശിച്ചു പോയ ആ ജീവിതവും ആണ് . അതിനാല്‍ എപ്പോ കണ്ടാലും ഞാന്‍ ഓരോ കഥകള്‍ ചോദിച്ചറിയും . അത് വാസു ചേട്ടനും വലിയ ഇഷ്ടമായിരുന്നു .

" വാസു ചേട്ടാ , ഈ വര്‍ഗ്ഗ ശത്രുക്കളെ കൊന്നൊടുക്കാന്‍ എപ്പോഴെങ്കിലും പോയോ ? "

" ഇല്ലനിയാ .. എനിക്ക് അതിനൊന്നും സന്ദര്‍ഭം കിട്ടിയില്ല , അതിനു മുന്‍പേ പോലീസ് പിടിച്ചു "

ഞാന്‍ കോളേജില്‍ മാഗസിന്‍ എഡിറ്റര്‍ സ്ഥാനാര്‍ഥി ആയപ്പോഴും ഒക്കെ വാസു ചേട്ടന്‍ രഹസ്യമായി സന്തോഷിച്ചിരുന്നു , ഞാന്‍ വീട്ടില്‍ നിന്നും മോഷ്ടിച്ചോ മിച്ചം പിടിച്ചോ ഒക്കെ ഉണ്ടാക്കുന്ന ചെറു തുകകള്‍ വാസു ചേട്ടന് കൊടുക്കും .

" സഖാവ് അനിയന്‍ ഒരു നല്ല കമ്മ്യൂണിസ്റ്റ്‌ ആവണം , പാവങ്ങളോട് കരുണ വേണം "

ഒരു ദിവസം പെപ്പെര്‍ വായിച്ചിരുന്ന അച്ഛനോട് ഞാന്‍ ചോദിച്ചു
" അച്ഛാ , നമ്മള്‍ ശരിക്കും ജന്മികളാണോ? "
" എന്ത് വിവരക്കേടാ നീ ഈ പറയുന്നത് , നമ്മള്‍ ജന്മിക്കരം കൊടുത്തിരുന്ന കുടികിടപ്പുകാര്‍ ആയിരുന്നു , എന്റെ കുഞ്ഞില്‍ നാള്‍ വരെ ചെങ്ങന്നൂര്‍ നമ്പീ മഠത്തില്‍ നിന്നും കരം പിരിക്കാന്‍ ആള് വരുമായിരുന്നു . പടിക്കല്‍ പൈസ കൊണ്ട് ചെന്ന് വെച്ചിരിക്കണം , അവര്‍ വന്നു കൊണ്ട് പോവും , അകത്തു കയറില്ല , അരീക്കരയും ചെങ്ങന്നൂരിന്റെ ഹൃദയഭാഗവും ഒക്കെ മുഴുവന്‍ ഒരു കാലത്ത് അവരുടെ ആയിരുന്നു . നമ്മള്‍ അവരുടെ പാട്ടക്കാര്‍ ആയിരുന്നു "

ധീരനായ ആ കമ്മ്യൂണിസ്റ്റ് ഒരു കൈ ഉയര്‍ത്തി പൊട്ടിക്കരയുന്നത്‌ സ്വന്തം അമ്മ മരിച്ചപ്പോള്‍ ഞാന്‍ കണ്ടു , അതുപോലെ പിന്നൊരിക്കല്‍ മൂത്ത മകള്‍ ദുരൂഹ സാഹചര്യത്തില്‍ ഡല്‍ഹി യില്‍ വെച്ചു മരിച്ചു , ശവ ശരീരം പോലും കാണാന്‍ കഴിഞ്ഞില്ല . വിവരം അറിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ " പോയി സഖാവേ ... എന്റെ മോള് പോയി സഖാവേ " എന്ന് പറഞ്ഞു കെട്ടിപ്പിടിച്ചു കരഞ്ഞ സഖാവ് എന്റെ കണ്ണ് നിറച്ചു .

ഞാന്‍ മുംബയിലും പിന്നീട് ഗള്‍ഫിലും ഒക്കെ ആയി പഴയ സൗഹൃദം മുറിഞ്ഞു . എങ്കിലും നാട്ടില്‍ വരുമ്പോള്‍ ഒക്കെ വാസു ചേട്ടനെ കാണാനും ചില ചില്ലറ സഹായങ്ങള്‍ ചെയ്യാനും ഒക്കെ ശ്രമിക്കുമായിരുന്നു .

" വാസു ചേട്ടാ , എന്റെ അച്ഛന്‍ അല്ല ബൂര്‍ഷ്വാ, ഇപ്പൊ ഞാനാ ബൂര്‍ഷ്വാ, ഗള്‍ഫ്‌ കാരന്‍ അല്ലെ "

" സഖാവ് എന്നും സഖാവ് ആണ് അനിയാ , ഒരു നല്ല കമ്മ്യൂണിസ്റ്റ് ആയി ജീവിക്കണം , പാവങ്ങളോട് കരുണ വേണം "

അമ്മായി അച്ഛനായ കൊച്ചു ചെറുക്കന്‍ സ്വാമിയോട് ജീവിതം മുഴുവന്‍ വഴക്ക് പിടിക്കാനേ വാസു ചേട്ടന് സമയം ഉള്ളൂ , എന്നും ഏതെങ്കിലും കുടുംബ പ്രശ്നം കാണും , ഞങ്ങളുടെ കാര്യസ്ഥനായിരുന്ന കൊച്ചു ചെറുക്കന്‍ സ്വാമിയുടെ അവസാനകാലം വളരെ ദുരിത പൂര്‍ണം ആയിരുന്നതിനാല്‍ ഞാന്‍ ഒരിക്കല്‍ വാസു ചേട്ടനോട് അല്‍പ്പം നീരസത്തോടെ തന്നെ സംസാരിച്ചു .
" വാസു ചേട്ടാ , അമ്മായി അച്ഛനെ നോക്കരുതെന്ന് കംമ്യൂനസിത്തില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ "
" അനിയാ .. അത് അങ്ങേരുടെ പ്രവര്‍ത്തി ദോഷം ആണ് .. അനുഭവിക്കട്ടെ "
" വാസു ചേട്ടന്‍ ഇപ്പൊ പറഞ്ഞത് കമ്മ്യൂണിസം അല്ല , ഭഗവത് ഗീത അല്ലെ "

വാസു ചേട്ടന്‍ ഒരു ഒറ്റയാന്‍ കമ്മ്യൂണിസ്റ്റ് ആയി ജീവിതം ജീവിച്ചു തീര്‍ത്തു .
വാസു ചേട്ടന്‍ പറഞ്ഞു തന്നു ജീവിതത്തില്‍ ആദ്യമായി കേട്ട മാവോയും റെഡ് ആര്‍മി യും സാംസ്കാരിക വിപ്ലവവും ഒക്കെ മനസ്സില്‍ കൊണ്ട് നടന്ന ഞാന്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ എന്റെ ജോലിയുടെ ഭാഗം ആയി ചൈനയിലെ ബീജിങ്ങില്‍ എത്തി . എസ് കെ പൊറ്റക്കാടും വാസു ചേട്ടനും ഒക്കെ കാണിച്ചു തന്ന ചൈന കാണാന്‍ ഞാന്‍ ആവേശത്തോടെ ആ സ്വപ്ന നഗരം ചുറ്റി നടന്നു . ലോകത്തെ ഏതു മികച്ച നഗരത്തോടും കിടപിടിക്കുന്ന ഒരു മനോഹര നഗരം . റോഡില്‍ നിരനിരയായി ഒഴുകുന്ന ആഡംബര വാഹനങ്ങള്‍ , നിയോണ്‍ പ്രകാശങ്ങള്‍ .

ചൈന മുഴുവന്‍ കറങ്ങി ഞാന്‍ കണ്‍ കുളിര്‍ക്കെ കാഴ്ചകള്‍ കണ്ടു , ഒന്ന് മാത്രം എനിക്ക് കാണാന്‍ കഴിഞ്ഞില്ല .. കമ്മ്യൂണിസം !

എന്റെ ചൈനീസ് പ്രിന്‍സിപ്പല്‍ കമ്പനിയുടെ ഡയറക്ടര്‍ ഡോ. ലീയുടെ അച്ഛന്‍ മാവോയുടെ കാലത്ത് വലിയ സ്ഥാനം വഹിച്ചിരുന്ന ഒരു പാര്‍ടി ഭാരവാഹി ആയിരുന്നു , പിന്നെ പാര്‍ട്ടിക്ക് അപ്രിയനായി , പിന്നെ ദുരൂഹമായി കൊല ചെയ്യപ്പെട്ടു . പാര്‍ടി ഇന്നു കുറെ അഴിമതിക്കാരുടെ സംഘം ആയി മാറി എന്നാണു ഡോ ലീ പറയുന്നത് .

ലോകത്തെ ഏറ്റവും വലിയ നടു മുറ്റങ്ങളില്‍ ഒന്നായ ടിനമെയിന്‍ സ്കൊയര്‍ ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നു . പഴയ വിലക്കപ്പെട്ട നഗരത്തിന്റെ കവാടത്തില്‍ മാവോയുടെ വലിയ ചിത്രം . കൊടും തണുപ്പിലും മാവോയുടെ മൃത ശരീരം കാണാന്‍ നീണ്ട ക്യൂ . അവിടെ വലിയ ഒരു ചെങ്കൊടിയുടെ കീഴില്‍ ഞാന്‍ ആ പഴയ ചുവന്ന കൊട്ടാരം നോക്കി നിന്നു. കമ്മ്യൂണിസം എന്ന് ജീവിതത്തില്‍ ആദ്യംഎന്നോട് പറഞ്ഞ വാസു ചേട്ടനെ ഞാന്‍ ഓര്‍മിച്ചു .

" സഖാവ് അനിയന്‍ വലുതാവുമ്പോള്‍ നല്ല ഒരു കമ്മ്യൂണിസ്റ്റ് ആകണം , പാവങ്ങളോട് കരുണ വേണം "

No comments:

Post a Comment